Thursday, June 30, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 2


ആ നിമിഷത്തിലാണ്‌ ഞങ്ങളുടെ തൊട്ടരികിലെ മരത്തില്‍ നിന്ന് വലിയൊരു കാക്കക്കൂട്ടം എന്തോ കാരണത്താല്‍ മഴയത്തേക്ക്‌ തലങ്ങും വിലങ്ങും പറന്നുയര്‍ന്നത്‌. അവയുടെ കലപില ശബ്ദം അന്തരീക്ഷത്തിലെങ്ങും മുഖരിതമായി. അസ്വസ്ഥതയോടെ മുകളിലേക്ക്‌ നോക്കിയ ആ വൃദ്ധന്‍ തന്റെ കൈയിലിരുന്ന ആ വിരല്‍ അസ്ഥി മരച്ചില്ലയിലേക്ക്‌ വലിച്ചെറിഞ്ഞു. എന്നിട്ട്‌ ദ്വേഷ്യത്തോടെ പറഞ്ഞു.

"ശല്യങ്ങള്‍ ... സ്വൈര്യം തരില്ല... തിരിച്ചു പോ, ലെനിന്‍ഗ്രാഡിലേക്ക്‌..."

ഞാന്‍ അവിടെ നിന്നും പോകാനായി തിരിഞ്ഞതായിരുന്നു. പക്ഷേ, അത്‌ കേട്ടതും ഞാന്‍ നിന്നു.

"ലെനിന്‍ഗ്രാഡ്‌...? അതെന്താ നിങ്ങള്‍ അങ്ങനെ പറയാന്‍ കാരണം...?"

"അവിടെ നിന്നാണിവ വരുന്നത്‌... സ്റ്റാര്‍ലിംഗ്‌ പക്ഷികളെപ്പോലെ... ഒക്ടോബര്‍ ആകുമ്പോഴേക്കും എല്ലാം കൂടി ഇങ്ങോട്ടെത്തും... താങ്ങാന്‍ കഴിയാത്തത്ര കൊടും തണുപ്പായിരിക്കും ശീതകാലത്തവിടെ..."

"അങ്ങനെയാണോ...?" ഒരു പുതിയ അറിവെന്ന ഭാവേന ഞാന്‍ ചോദിച്ചു.

യാന്ത്രികമായെന്ന പോലെ ചെയ്തുകൊണ്ടിരുന്ന ജോലി അയാള്‍ ഒന്ന് നിര്‍ത്തി. പിന്നെ ചെവിയുടെ മടക്കില്‍ വച്ചിരുന്ന സിഗരറ്റ്‌ എടുത്ത്‌ ചുണ്ടത്ത്‌ വച്ചു.

"ലോഹത്തില്‍ തീര്‍ത്ത കുരങ്ങ്‌ പ്രതിമയുടെ വൃഷണങ്ങള്‍ പോലും ഉറഞ്ഞ്‌ പോകുന്ന ശൈത്യമാണവിടെ... നിങ്ങള്‍ക്കറിയുമോ, യുദ്ധകാലത്ത്‌ കുറേയധികം ജര്‍മ്മന്‍കാര്‍ അവിടെ വച്ച്‌ മരണമടഞ്ഞിട്ടുണ്ട്‌... വെടിയേറ്റിട്ടല്ല, തണുത്തുറഞ്ഞ്‌..."

അതു കൂടി കേട്ടതോടെ എന്റെ അതിശയത്തിന്‌ ചിറക്‌ മുളച്ചു.

"ഇതെല്ലാം നിങ്ങളോട്‌ ആരാണ്‌ പറഞ്ഞത്‌...?"

"എന്ത്‌... ? കാക്കകളെക്കുറിച്ചോ...?" പെട്ടെന്ന് അയാളുടെ മുഖഭാവം മാറി. അയാള്‍ വിഷയത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ശ്രമിക്കുന്നത്‌ പോലെ തോന്നി. "വെര്‍ണര്‍ ആണ്‌ എന്നോട്‌ പറഞ്ഞത്‌... അവന്‌ പക്ഷികളെക്കുറിച്ച്‌ നന്നായിട്ടറിയാമായിരുന്നു..."

"അപ്പോള്‍ ഈ വെര്‍ണര്‍ ആരായിരുന്നു...?"

"വെര്‍ണര്‍ ...?" അയാളുടെ കണ്ണുകള്‍ ചിമ്മിക്കൊണ്ടിരുന്നു. ആ മുഖത്ത്‌ വീണ്ടും നിര്‍വികാരത നിറയാന്‍ തുടങ്ങി. അയാളുടെ ആ ഭാവമാറ്റം യഥാര്‍ത്ഥമോ കൃത്രിമമോ എന്ന് വിലയിരുത്താന്‍ എനിക്കായില്ല.

"വെര്‍ണര്‍ ... നല്ലൊരു പയ്യനായിരുന്നു അവന്‍ ... അവര്‍ അവനോടത്‌ ചെയ്യാന്‍ പാടില്ലായിരുന്നു..."

അയാള്‍ കുനിഞ്ഞ്‌ വീണ്ടും ആഞ്ഞ്‌ വെട്ടുവാന്‍ തുടങ്ങി. ഒരു നിമിഷം കൂടി പ്രതീക്ഷയോടെ ഞാനവിടെ നിന്നു. കാരണം, നല്ലൊരു കഥയുടെ ബീജം അതില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എനിക്കുറപ്പായിരുന്നു. പക്ഷേ, എന്നെ പാടെ അവഗണിച്ചത്‌ പോലെയായിരുന്നു അയാളുടെ തുടര്‍ന്നുള്ള പ്രവൃത്തികള്‍. മനസ്സില്ലാ മനസ്സോടെ തിരിഞ്ഞ്‌ ഞാന്‍ കല്ലറകളുടെ ഇടയിലൂടെ പ്രധാന കവാടത്തിന്‌ നേര്‍ക്ക്‌ നടന്നു.

ദേവാലയത്തിന്റെ വാതിലിനരികില്‍ ഒരു നിമിഷം ഞാന്‍ നിന്നു. ഇരുണ്ട നിറമുള്ള പലകയാല്‍ നിര്‍മ്മിച്ച ഒരു ബോര്‍ഡ്‌ ചുമരില്‍ തറച്ചിരുന്നു. സ്വര്‍ണ്ണ നിറമുള്ള പെയിന്റ്‌ കൊണ്ട്‌ ആലേഖനം ചെയ്തിരുന്ന അക്ഷരങ്ങളുടെ നിറം മങ്ങി തുടങ്ങിയിരുന്നു. അത്‌ ഇപ്രകാരമായിരുന്നു.

ചര്‍ച്ച്‌ ഓഫ്‌ സെയ്ന്റ്‌ മേരി ആന്റ്‌ ള്‍ സെയ്ന്റ്‌സ്‌, സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍

അതിന്‌ തൊട്ട്‌ താഴെയായി കുര്‍ബാനയുടെയും കുമ്പസാരത്തിന്റെയും സമയ വിവരങ്ങള്‍. ഏറ്റവും അടിയില്‍ ഫാദര്‍ ഫിലിപ്പ്‌ വെറേക്കര്‍ എസ്‌.ജെ. എന്നും രേഖപ്പെടുത്തിയിരിക്കുന്നു.

നല്ല പഴക്കമുള്ള ഓക്ക്‌ തടിയില്‍ തീര്‍ത്തതായിരുന്നു ആ വാതില്‍. ഇരുമ്പ്‌ പട്ടയും ബോള്‍ട്ടും കൊണ്ട്‌ യോജിപ്പിച്ചിട്ടുള്ള ആ കതകിന്റെ പിടി ഒരു സിംഹത്തിന്റെ തലയുടെ രൂപത്തിലായിരുന്നു. കതക്‌ തുറക്കണമെങ്കില്‍ സിംഹത്തിന്റെ വായില്‍ ഘടിപ്പിച്ചിരിക്കുന്ന ഇരുമ്പുവളയം ഒരു വശത്തേക്ക്‌ തിരിക്കണമായിരുന്നു. ശ്രദ്ധാപൂര്‍വ്വം ഞാനത്‌ തിരിച്ച്‌ കതക്‌ തുറന്നപ്പോള്‍ പതിഞ്ഞതെങ്കിലും ഘര്‍ഷണശബ്ദം പുറത്തേക്ക്‌ വരാതിരുന്നില്ല.

ഇടുങ്ങിയ ഇരുണ്ട അന്തരീക്ഷമായിരുന്നു ഞാനവിടെ പ്രതീക്ഷിച്ചതെങ്കിലും എന്റെ ധാരണകള്‍ തകിടം മറിഞ്ഞു. മദ്ധ്യകാലഘട്ടത്തിലെ ഒരു കത്തീഡ്രലുമായി സാദൃശ്യമുണ്ടായിരുന്നു അതിന്‌. വിശാലവും പ്രകാശമാനവുമായ ഹാള്‍. മദ്ധ്യഭാഗത്തുള്ള കമാനം ചാരുതയാര്‍ന്നതായിരുന്നു. മേല്‍ക്കൂര വരെയെത്തുന്ന അഴകാര്‍ന്ന തൂണുകളില്‍ മനുഷ്യരുടെയും മൃഗങ്ങളുടെയുമൊക്കെയായി വിവിധ രൂപങ്ങള്‍ കൊത്തിവച്ചിട്ടുണ്ടായിരുന്നു. ഇരുഭാഗങ്ങളിലുമുള്ള ചുമരുകളിലെ കമാനാകൃതിയിലുള്ള വലിയ ജനാലകളായിരുന്നു ആ ഹാളില്‍ അത്രയധികം പ്രകാശം പരത്തിയിരുന്നത്‌.

ഒരു ജനാലക്കരികിലായി കൈക്കുഞ്ഞുങ്ങളെ പരിശുദ്ധസ്നാനം ചെയ്യിക്കുവാനായി കല്ലില്‍ തീര്‍ത്ത ഭംഗിയുള്ള ചെറിയ ജലസംഭരണി. അതിനടുത്തുള്ള ചുവരിലെ ബോര്‍ഡില്‍ വര്‍ഷാവര്‍ഷങ്ങളായി ആ ദേവാലയത്തില്‍ സേവനമനുഷ്ടിച്ചവരുടെ പേരുവിവരങ്ങള്‍. 1132 ല്‍ റെയ്‌ഫ്‌ ഡി കോര്‍സി മുതല്‍ 1943 ല്‍ ചുമതലയേറ്റെടുത്ത വെറേക്കറില്‍ അവസാനിക്കുന്ന ലിസ്റ്റ്‌.

അതിനുമപ്പുറമായിരുന്നു അരണ്ട വെളിച്ചത്തില്‍ കുളിച്ച്‌ നില്‍ക്കുന്ന ചാപ്പല്‍. മെഴുകുതിരികളുടെ നുറുങ്ങ്‌ വെട്ടത്തില്‍ കന്യാമറിയത്തിന്റെ ചിത്രത്തിന്‌ ജീവനുള്ളത്‌ പോലെ തോന്നി. അതിനരികിലൂടെ നടന്ന് ഞാന്‍ ഇരുവശത്തും ചാരുബെഞ്ചുകള്‍ ഇട്ടിരിക്കുന്ന നടുത്തളത്തില്‍ എത്തി. പരിശുദ്ധ ദീപത്തിന്റെ പ്രകാശത്തില്‍ അവിശ്വസനിയമാം വിധം ശാന്തമായിരുന്നു അവിടം. നീളമേറിയ കുരിശില്‍ കിടക്കുന്ന, പതിനഞ്ചാം നൂറ്റാണ്ടിലോ മറ്റോ തീര്‍ത്ത യേശുദേവന്റെ രൂപം അള്‍ത്താരയില്‍ ഉണ്ടായിരുന്നു. ഉയര്‍ന്ന ജാലകച്ചില്ലുകളില്‍ മഴയുടെ താളം മുറുകിക്കൊണ്ടിരുന്നു.

പെട്ടെന്നാണ്‌ എന്റെ പിന്നില്‍ ഒരു പാദപതനം കേള്‍ക്കാനായത്‌. ഒപ്പം ദൃഢമാര്‍ന്ന സ്വരവും.

"ഞാനെന്ത്‌ സഹായമാണ്‌ താങ്കള്‍ക്ക്‌ ചെയ്യേണ്ടത്‌...?"


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, June 24, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 1


അദ്ധ്യായം ഒന്ന്

സെമിത്തേരിയുടെ കവാടത്തിലൂടെ ഞാന്‍ ഉള്ളിലേക്ക്‌ കടക്കുമ്പോള്‍ ഒരു മൂലയിലായി ആരോ ഒരാള്‍ കുഴി വെട്ടുന്നുണ്ടായിരുന്നു. വളരെ വ്യക്തമായി ഞാന്‍ അതോര്‍ക്കുന്നു. കാരണം, ആ രംഗം പിന്നീടുണ്ടായ സംഭവങ്ങളുമായി തികച്ചും ഇഴുകിച്ചേര്‍ന്നിരുന്നു.

മഴയേല്‍ക്കാതിരിക്കാനായി ട്രെഞ്ച്‌ കോട്ടിന്റെ കോളര്‍ ഉയര്‍ത്തി വച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. സ്മാരക ശിലകളുടെ ഇടയിലൂടെ അയാളുടെ നേര്‍ക്ക്‌ നടക്കുമ്പോള്‍ ദേവാലയത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തുള്ള ബീച്ച്‌ മരങ്ങളുടെ ചില്ലകളില്‍ നിന്നും അഞ്ചാറ്‌ കാക്കകള്‍ ദ്വേഷ്യത്തോടെ കലപില കൂട്ടിക്കൊണ്ട്‌ പറന്നുയര്‍ന്നു.

എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത അത്ര പതിഞ്ഞ സ്വരത്തില്‍ അയാള്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. കുഴിയില്‍ നിന്ന് പുറത്തേക്ക്‌ എടുത്തിട്ട പുതുമണ്ണിന്റെ സമീപത്ത്‌ ചെന്ന് ഞാന്‍ താഴോട്ട്‌ നോക്കി. "വല്ലാത്തൊരു പ്രഭാതം അല്ലേ ...?"

മണ്‍വെട്ടിയുടെ പിടിയില്‍ ഊന്നി നിന്ന് കൊണ്ട്‌ അയാള്‍ മുകളിലേക്ക്‌ നോക്കി. നന്നേ വയസ്സായിരുന്നു അയാള്‍ക്ക്‌. തുണികൊണ്ടുള്ള ഒരു തൊപ്പിയും പിഞ്ഞിത്തുടങ്ങിയ അഴുക്കു പുരണ്ട കോട്ടും ധരിച്ച അയാള്‍ തോളില്‍ ഒരു കീറച്ചാക്ക്‌ തൂക്കിയിട്ടിരുന്നു. ഒട്ടിയ കവിളും നരച്ച കുറ്റിരോമങ്ങളും അയാളുടെ മുഖത്തിന്‌ ദൈന്യതയേകി. ആ കണ്ണുകള്‍ ആര്‍ദ്രവും നിര്‍വികാരവുമായിരുന്നു.

"മഴയുടെ കാര്യമാണ്‌ ഞാന്‍ പറഞ്ഞത്‌..." അയാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു.

മൂടിക്കെട്ടിയ ആകാശത്തേക്ക്‌ നോക്കി അയാള്‍ താടി ചൊറിഞ്ഞു. "മഴ ശക്തി പ്രാപിക്കുന്നതിന്‌ മുമ്പ്‌ തീര്‍ക്കാന്‍ പറ്റുമോയെന്നാണ്‌ ഞാന്‍ നോക്കുന്നത്‌..."

"എങ്കിലും ഈ മഴയത്ത്‌ എളുപ്പമല്ല ഇത്‌..." ഞാന്‍ പറഞ്ഞു.

ഏതാണ്ട്‌ ആറിഞ്ചോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു ആ കുഴിയില്‍. മണ്‍വെട്ടി കൊണ്ട്‌ കുഴിമാടത്തിന്റെ ഒരു മൂലയില്‍ അയാള്‍ ആഞ്ഞ്‌ വെട്ടിയപ്പോള്‍ ഉണ്ടായ വിടവിലൂടെ കെട്ടിക്കിടന്ന വെള്ളമെല്ലാം താഴോട്ട്‌ ഇറങ്ങി.

"ഒന്നും പറയണ്ട... എത്രയോ പേരെ അടക്കം ചെയ്തിരിക്കുന്നു വര്‍ഷങ്ങളായി ഈ ചെറിയ സെമിത്തേരിയില്‍ ... വന്ന് വന്ന് ഇപ്പോള്‍ മണ്ണിലല്ല അടക്കം ചെയ്യുന്നത്‌... മരിച്ചവരുടെ അവശിഷ്ടങ്ങളിലാണ്‌..."

പല്ലില്ലാത്ത മോണ കാട്ടി അയാള്‍ ചിരിച്ചു. പിന്നെ കുനിഞ്ഞ്‌ കാല്‍ച്ചുവട്ടില്‍ നിന്ന് എന്തോ എടുത്തു. മണ്ണടിഞ്ഞ ആരുടെയോ വിരല്‍ അസ്ഥി ആയിരുന്നു അത്‌.

"കണ്ടില്ലേ... ഞാന്‍ പറഞ്ഞതെങ്ങനെയുണ്ട്‌...?"

എനിക്ക്‌ മതിയായിരുന്നു. പലതും കണ്ടിട്ടുള്ള ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായിട്ടും പിന്നെയവിടെ നില്‍ക്കാന്‍ എനിക്കായില്ല.

"ഇതൊരു കത്തോലിക്കാ ദേവാലയമല്ലേ...?"

"അതേ... എല്ലാ കത്തോലിക്കരും അവസാനം ഇവിടെയാണെത്തുന്നത്‌... പണ്ട്‌ മുതലേ..."

"എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും... ഞാനൊരാളുടെ ശവകുടീരം അന്വേഷിച്ച്‌ വന്നതാണ്‌... ഗാസ്കോയ്‌ന്‍... ചാള്‍സ്‌ ഗാസ്കോയ്‌ന്‍...  ഒരു കപ്പലിലെ ക്യാപ്റ്റനായിരുന്നു..."

"അങ്ങനെയൊരാളെക്കുറിച്ച്‌ കേട്ടിട്ടേയില്ലല്ലോ..." അയാള്‍ പറഞ്ഞു. "ഞാനിവിടെ കുഴിവെട്ടിയായിട്ട്‌ നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങളാകുന്നു. എന്നാണ്‌ അദ്ദേഹത്തെ അടക്കം ചെയ്തത്‌...?"

"ആയിരത്തിയറുനൂറ്റി എണ്‍പത്തിയഞ്ചിലാണെന്ന് തോന്നുന്നു..."

അയാളുടെ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവമാറ്റവും കണ്ടില്ല. "അത്‌ ശരി... അപ്പോള്‍ ഞാന്‍ വരുന്നതിനും മുമ്പാണ്‌... എങ്കില്‍ ഇനി ഒരു വഴിയേയുള്ളൂ... ഫാദര്‍ വെറേക്കര്‍ ... അദ്ദേഹത്തിന്‌ ചിലപ്പോള്‍ അറിയാന്‍ കഴിയുമായിരിക്കും എന്തെങ്കിലും..."

"അദ്ദേഹം ഉള്ളിലുണ്ടാകുമോ...?"

"ദേവാലയത്തില്‍ ... അല്ലെങ്കില്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത്‌... ആ മരങ്ങളുടെ പിറകിലുള്ള മതിലിനപ്പുറത്ത്‌..."


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, June 16, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - മുഖവുര

1943 നവംബര്‍ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണ്‍ മേധാവിയും സ്റ്റേറ്റ്‌ പോലീസ്‌ ചീഫുമായ ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌..."

അതിന്റെ അര്‍ത്ഥം ഇതായിരുന്നു - ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടില്‍ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ റാഞ്ചിക്കൊണ്ടുപോയി ജര്‍മ്മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഉദ്വേഗഭരിതമായ ആ സന്ദര്‍ഭത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ പുനരാവിഷ്കരിക്കുവാനുള്ള ഒരു പരിശ്രമമാണ്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്‌. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളില്‍ പകുതിയും ചരിത്രം രേഖപ്പെടുത്തിയ വസ്തുതകളാണ്‌. അവശേഷിക്കുന്നവയില്‍ എത്രമാത്രം ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നിരിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത്‌ വായനക്കാരാണ്‌....