Friday, July 29, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 6

എന്നാല്‍ അതിനൊരു പോംവഴി മുന്നില്‍ തെളിഞ്ഞ്‌ വന്നത്‌ പെട്ടെന്നായിരുന്നു. കോട്ടേജുകള്‍ക്കിടയിലെ ഇടവഴിയിലൂടെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ലെയ്‌ക്കര്‍ ആംസ്ബിയുടെ രൂപത്തില്‍. സെമിത്തേരിയില്‍ വച്ച്‌ കണ്ട അതേ കുഴിവെട്ടുകാരന്‍. അയാളുടെ ദേഹത്ത്‌ അപ്പോഴും മണ്ണ്‌ പുരണ്ടിരുന്നു. ചുമലിലുണ്ടായിരുന്ന കീറച്ചാക്ക്‌ ഇപ്പോഴും അവിടെത്തന്നെയുണ്ട്‌. റോഡിന്‌ കുറുകെ കടന്ന് അയാള്‍ സ്റ്റഡ്‌ലി ആംസ്‌ എന്ന ആ സത്രത്തിലേക്ക്‌ കയറി. കാറില്‍ നിന്ന് പുറത്തിറങ്ങി ഞാന്‍ അയാളെ അനുഗമിച്ചു.

സത്രത്തിന്റെ ഗേറ്റിലെ ബോര്‍ഡില്‍ നിന്നും അതിന്റെ ഉടമ ജോര്‍ജ്ജ്‌ ഹെന്‍ട്രി വൈല്‍ഡ്‌ എന്ന വ്യക്തിയാണെന്ന് മനസ്സിലായി. കതക്‌ തുറന്ന് ഞാന്‍ ഉള്ളിലേക്ക്‌ പ്രവേശിച്ചു. പ്ലാസ്റ്റര്‍ ചെയ്യാത്ത ചുമരുകളുള്ള ഒരു ഇടനാഴിയിലേക്കാണ്‌ ഞാന്‍ എത്തിയത്‌. ഇടത്‌ ഭാഗത്തുള്ള വാതില്‍ പാതി തുറന്നിരുന്നു. ഉള്ളില്‍ നിന്നും അധികം ഉച്ചത്തിലല്ലാത്ത സംഭാഷണവും പിന്നെ ആരോ പൊട്ടിച്ചിരിക്കുന്നതും കേട്ടു.

അതൊരു ബാര്‍ ആയിരുന്നില്ല. വിശാലമായ ഒരു ഹാള്‍. ഒരറ്റത്തായി നെരിപ്പോടില്‍ തീ എരിയുന്നു. ഉയരം കൂടിയ ചാരുകളുള്ള കുറേ ബെഞ്ചുകളും കുറച്ച്‌ മേശകളും ക്രമീകരിച്ചിരിക്കുന്നു. അവിടെയുള്ള ആറോ എഴോ പേരില്‍ ആരും തന്നെ ചെറുപ്പക്കാരില്ല. അവരുടെ ശരാശരി പ്രായം ഒരു അറുപതെങ്കിലും ആയിരിക്കുമെന്ന് പറഞ്ഞാല്‍ ഒട്ടും തെറ്റുണ്ടാവില്ല. ഇതുപോലുള്ള നാട്ടിന്‍പുറങ്ങളില്‍ ഈ പ്രായത്തിലുള്ളവരെയേ ഇക്കാലത്ത്‌ കാണാന്‍ കഴിയൂ എന്നത്‌ ഒരു ദുഃഖസത്യമാണ്‌.

തികച്ചും ഗ്രാമീണരായിരുന്നു അവര്‍. പ്രകൃതിയുമായി മല്ലിട്ട്‌ ജീവിക്കുന്നതിന്റെ പരുക്കന്‍ ഭാവം അവരുടെ മുഖങ്ങളില്‍ തെളിഞ്ഞ്‌ കാണാം. പരുപരുത്ത തുണികൊണ്ടുള്ള തൊപ്പിയും ഗം ബൂട്ടുകളും ധരിച്ചിരിക്കുന്നു അവര്‍. മൂന്ന് പേര്‍ പകിട കളിച്ചുകൊണ്ടിരിക്കുന്നു. മറ്റ്‌ രണ്ട്‌ പേര്‍ അത്‌ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. വേറൊരു വൃദ്ധന്‍ നെരിപ്പോടിനരികില്‍ ഇരുന്ന് പതിഞ്ഞ സ്വരത്തില്‍ ഒരു മൗത്ത്‌ ഓര്‍ഗന്‍ വായിക്കുന്നു. അയാള്‍ അയാളുടേത്‌ മാത്രമായ ലോകത്തിലാണെന്ന് തോന്നും ആ ഇരിപ്പ്‌ കണ്ടാല്‍. അവരുടെ കണ്ണുകളില്‍ നിന്നും സംശയത്തിന്റെ കൂരമ്പുകള്‍ നിറഞ്ഞ നോട്ടം എന്നിലേക്കായി. ഒരു അപരിചിതനെ കാണുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം.

"ശുഭ സായാഹ്നം..." ഞാന്‍ അവരെ അഭിവാദ്യം ചെയ്തു.

അവരില്‍ രണ്ടോ മൂന്നോ പേര്‍ സൗഹൃദഭാവത്തില്‍ തല കുലുക്കി. എന്നാല്‍ അവര്‍ക്കൊപ്പമുള്ള അവിടവിടെയായി നരച്ച്‌ തുടങ്ങിയ താടിയുള്ള ഒരു ആജാനുബാഹു എന്നോട്‌ അടുക്കുവാന്‍ കൂട്ടാക്കിയില്ല. വേറൊരു മേശയ്ക്ക്‌ സമീപം ഇരിക്കുന്ന ലെയ്‌ക്കര്‍ ആംസ്ബി ശ്രദ്ധാപൂര്‍വ്വം ഒരു ചുരുട്ട്‌ തെറുത്തുകൊണ്ടിരിക്കുന്നു. അയാളുടെ മുന്നില്‍ ഒരു ഗ്ലാസ്‌ ബിയര്‍ നുരയുന്നുണ്ട്‌. തെറുത്ത ചുരുട്ട്‌ ചുണ്ടിലേക്ക്‌ വച്ച അയാളുടെ അരികില്‍ ചെന്ന് ഞാന്‍ തീപ്പെട്ടി ഉരച്ച്‌ നീട്ടി.

"വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..." ഞാന്‍ പറഞ്ഞു.

നിര്‍ജ്ജീവമായ മിഴികളുയര്‍ത്തി അയാള്‍ എന്നെ നോക്കി. പിന്നെ മുഖം തെളിഞ്ഞു. "ഓ, നിങ്ങളോ...? ഫാദര്‍ വെറേക്കറെ കണ്ടിരുന്നോ...?"

ഞാന്‍ തല കുലുക്കി. പിന്നെ ചോദിച്ചു. "ഒരു ബിയര്‍ കൂടി പറയട്ടെ...?"

"വേണ്ട എന്ന് ഞാന്‍ പറയില്ല..." നിമിഷങ്ങള്‍ക്കം ഗ്ലാസ്‌ കാലിയാക്കിയിട്ട്‌ അയാള്‍ പറഞ്ഞു. "ഒരു പൈന്റ്‌ ബ്രൗണ്‍ ബിയര്‍ ആണെങ്കില്‍ നന്നായിരുന്നു... പെട്ടെന്ന് ഇറങ്ങിക്കോളും... ജോര്‍ജീ..." അയാള്‍ നീട്ടി വിളിച്ചു.

തിരിഞ്ഞ്‌ നോക്കിയ ഞാന്‍ കണ്ടത്‌ എന്റെ പിന്നില്‍ നില്‍ക്കുന്ന ഉയരം കുറഞ്ഞ മനുഷ്യനെയാണ്‌. അപ്പോള്‍ ഇതായിരിക്കണം ഇതിന്റെ ഉടമയായ ജോര്‍ജ്ജ്‌ വൈല്‍ഡ്‌. അവിടെ കണ്ട മറ്റുള്ളവരുടെ ഏതാണ്ട്‌ അതേ പ്രായം. സാമാന്യം തരക്കേടില്ലാത്ത രൂപം. എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത ഒരു പ്രത്യേകത അയാള്‍ക്കുണ്ടായിരുന്നു. ജീവിതത്തിലെപ്പോഴോ മുഖത്ത്‌ വെടിയേറ്റതിന്റെ അടയാളം. ഇത്തരത്തില്‍ പരിക്കേറ്റവരെ ധാരാളം കണ്ട പരിചയമുള്ളതിനാല്‍ അക്കാര്യം ഉറപ്പായിരുന്നു എനിക്ക്‌. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ വെടിയുണ്ട ഇടത്‌ ഭാഗത്തെ കവിളെല്ലിനോട്‌ ചേര്‍ന്നാണ്‌ കടന്ന് പോയിരിക്കുന്നത്‌. ഭാഗ്യം കൊണ്ട്‌ മാത്രമായിരിക്കും രക്ഷപെട്ടത്‌.

അയാള്‍ വെളുക്കെ പുഞ്ചിരിച്ചു. "താങ്കള്‍ക്കും എടുക്കട്ടെ സര്‍ ...?"

ഒരു ലാര്‍ജ്ജ്‌ വോഡ്‌ക്കയും ടോണിക്കും എടുക്കുവാന്‍ അയാളോട്‌ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന കര്‍ഷകരുടെ മുഖത്ത്‌ അത്ഭുതം വിടരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. പക്ഷേ, ഞാനത്‌ കാര്യമാക്കിയില്ല. കാരണം അല്‍പ്പമെങ്കിലും ആസ്വദിച്ച്‌ കഴിക്കുവാന്‍ എനിക്ക്‌ പറ്റിയ ഏക മദ്യം അതായിരുന്നു എന്നതാണ്‌ സത്യം. ലെയ്‌ക്കര്‍ ആംസ്ബി വലിച്ചിരുന്ന ചുരുട്ട്‌ അധികനേരം നീണ്ട്‌ നിന്നില്ല. ഞാന്‍ എന്റെ സിഗരറ്റ്‌ പാക്കറ്റ്‌ തുറന്ന് അയാള്‍ക്ക്‌ നേരെ നീട്ടി. ഒട്ടും മടികൂടാതെ അയാള്‍ അതിലൊന്ന് എടുത്തു. അപ്പോഴേക്കും നിറഞ്ഞ ഗ്ലാസുകള്‍ എത്തിക്കഴിഞ്ഞിരുന്നു. അയാള്‍ക്കുള്ളത്‌ ഞാന്‍ മുന്നോട്ട്‌ നീക്കിവച്ചു കൊടുത്തു.

"നിങ്ങള്‍ ഇവിടെ കുഴിവെട്ടുകാരനായിട്ട്‌ എത്ര കാലമായി എന്നാണ്‌ പറഞ്ഞത്‌...?"

"നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍..."

അയാള്‍ തന്റെ ഗ്ലാസ്‌ കാലിയാക്കി.

"ഒരു പൈന്റ്‌ കൂടി  ഓർഡർ ചെയ്യാം... പക്ഷേ, പറയൂ... ആരായിരുന്നു ഈ സ്റ്റെയ്‌നര്‍ ...?" ഞാന്‍ ചോദിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, July 21, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 5

തിരിഞ്ഞ്‌ നോക്കിയ ഞാന്‍ കണ്ടത്‌ സ്മാരകശിലകളുടെ ഇടയിലൂടെ മുടന്തിക്കൊണ്ട്‌ എന്റെ നേര്‍ക്ക്‌ ധൃതിയില്‍ വരുന്ന ഫാദര്‍ വെറേക്കറെയാണ്‌. ഒരു വലിയ കറുത്ത കുട ചൂടിയിട്ടുണ്ടായിരുന്നു അദ്ദേഹം.

"ഫാദര്‍, ഇത്‌ കണ്ടോ? തികച്ചും ആശ്ചര്യ ജനകമായിരിക്കുന്നു... ഞാന്‍ കണ്ടുപിടിച്ചത്‌ എന്താണെന്ന് നോക്കൂ..." ആവേശത്തോടെ ഞാന്‍ പറഞ്ഞു.

അദ്ദേഹം എന്റെ സമീപത്ത്‌ എത്തിയപ്പോഴാണ്‌ മനസ്സിലായത്‌ ഇതില്‍ എന്തോ പന്തികേട്‌ ഉണ്ടല്ലോ എന്നത്‌. ഗുരുതരമായ എന്തോ പ്രശ്നം... അദ്ദേഹത്തിന്റെ മുഖം ദ്വേഷ്യം കൊണ്ട്‌ ചുവന്നിരുന്നു.

"നിങ്ങള്‍ക്കെങ്ങനെ ധൈര്യം വന്നു ആ സ്ലാബ്‌ നീക്കുവാന്‍ ...? സുകൃതക്ഷയം... വേറൊരു വാക്കുമില്ല ഇതിനെ വിശേഷിപ്പിക്കാന്‍..." അദ്ദേഹം ദ്വേഷ്യത്താല്‍ വിറച്ചു.

"താങ്കളുടെ വികാരം എനിക്ക്‌ മനസ്സിലാകുന്നു ഫാദര്‍ ... എന്റെ പ്രവൃത്തിയില്‍ ഞാന്‍ ഖേദിക്കുന്നു... പക്ഷേ, നോക്കൂ, എന്താണ്‌ ആ സ്ലാബിനടിയില്‍ കണ്ടെത്തിയതെന്ന്..." അദ്ദേഹത്തെ തണുപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ ഞാന്‍ പറഞ്ഞു.

"എനിക്കതറിയാന്‍ യാതൊരു താല്‍പ്പര്യവുമില്ല... ആ സ്ലാബ്‌ യഥാസ്ഥാനത്തേക്ക്‌ നീക്കി വയ്ക്കൂ... ഉടന്‍ ..."

ഇത്രയും ആയപ്പോഴേക്കും എനിക്കും അല്‍പ്പം ദ്വേഷ്യം വന്നു തുടങ്ങി. "അത്ര നിസ്സാരമായി കാണരുത്‌ ഫാദര്‍ ഇതിനെ... എന്താണ്‌ ഇവിടെ എഴുതിയിരിക്കുന്നത്‌ താങ്കള്‍ക്കറിയാമോ...? ജര്‍മന്‍ ഭാഷ വായിക്കാന്‍ താങ്കള്‍ക്കറിയില്ലെങ്കില്‍ ഇതിന്റെ അര്‍ത്ഥം ഞാന്‍ പറഞ്ഞ്‌ തരാം... '1943 നവംബര്‍ ആറിന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ്‌ കേണല്‍ കുര്‍ട്ട്‌ സ്റ്റെയ്‌നറെയും പതിമൂന്ന് പാരട്രൂപ്പേഴ്‌സിനെയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു.' ഇനി പറയൂ... താങ്കള്‍ക്കിതില്‍ ഒരു പ്രത്യേകതയും തോന്നുന്നില്ലേ...?"

"ഇല്ല..."

"എന്ന് വച്ചാല്‍ താങ്കളിത്‌ മുമ്പ്‌ കണ്ടിട്ടുണ്ടെന്ന്..."

"ഇല്ല... തീര്‍ച്ചയായും ഇല്ല..." അദ്ദേഹം അസ്വസ്ഥനാകുന്നത്‌ പോലെ തോന്നി. "ദയവ്‌ ചെയ്ത്‌ നിങ്ങള്‍ ആ മുകളിലെ സ്ലാബ്‌ പൂര്‍വ്വസ്ഥാനത്ത്‌ വയ്ക്കുമോ...?"

അദ്ദേഹത്തിന്റെ വാക്കുകള്‍ അവിശ്വസനീയമായി തോന്നി എനിക്ക്‌. "ആരായിരുന്നു ഈ സ്റ്റെയ്‌നര്‍ ...? എന്തായിരുന്നു ഇതിന്റെയൊക്കെ പിന്നില്‍ ...?"

"ഞാന്‍ നിങ്ങളോട്‌ പറഞ്ഞു കഴിഞ്ഞു... എനിക്ക്‌ ഇതേക്കുറിച്ച്‌ യാതൊന്നുമറിയില്ല..." അദ്ദേഹം വിവശനാകുന്നത്‌ പോലെ തോന്നി.

അപ്പോഴാണ്‌ ഞാനത്‌ ഓര്‍ത്തത്‌. "1943 ല്‍ താങ്കള്‍ ഇവിടെ ഉണ്ടായിരുന്നു... ശരിയല്ലേ...? ആ വര്‍ഷമാണ്‌ താങ്കള്‍ ഈ ദേവാലയത്തിന്റെ ചുമതല ഏറ്റെടുത്തത്‌... അവിടെയുള്ള ബോര്‍ഡില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ അങ്ങനെയാണല്ലോ..."

അദ്ദേഹം സകല നിയന്ത്രണവും വിട്ട്‌ പൊട്ടിത്തെറിച്ചു. "അവസാനമായി ഞാന്‍ പറയുന്നു... നിങ്ങള്‍ ആ സ്ലാബ്‌ അത്‌ ഇരുന്നത്‌ പോലെ വയ്ക്കുന്നോ ഇല്ലയോ...?"

"ഇല്ല... പറ്റുമെന്ന് തോന്നുന്നില്ല..."

എന്റെ പ്രതീക്ഷയ്ക്ക്‌ വിപരീതമായി അദ്ദേഹം ശാന്തനാകാന്‍ ശ്രമിക്കുന്നത്‌ പോലെ തോന്നി. "എങ്കില്‍ ശരി... നിങ്ങള്‍ ഇപ്പോള്‍ തന്നെ ഇവിടം വിട്ട്‌ പോകണം... ഈ നിമിഷം..."

അദ്ദേഹത്തിന്റെ ആ മാനസികാവസ്ഥയില്‍ ഇനിയും അവിടെ നിന്ന് തര്‍ക്കിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് എനിക്ക്‌ മനസ്സിലായി.

"ശരി ഫാദര്‍... അതാണ്‌ താങ്കളുടെ ആഗ്രഹമെങ്കില്‍ അങ്ങനെ..." ഞാന്‍ പറഞ്ഞു.

സെമിത്തേരിയുടെ കവാടത്തിന്‌ നേര്‍ക്ക്‌ നടക്കുമ്പോള്‍ അദ്ദേഹം പിന്നില്‍ നിന്ന് വിളിച്ചു. "ഇനിയും ഇങ്ങോട്ട്‌ തിരിച്ച്‌ വരുവാനുള്ള പരിപാടി വല്ലതും മനസ്സിലുണ്ടെങ്കില്‍ ഉപേക്ഷിച്ചേക്കൂ... വീണ്ടും ഇവിടെ കാല്‍ കുത്തിയാല്‍ എനിക്ക്‌ പോലീസിനെ വിളിക്കേണ്ടി വരും... പറഞ്ഞില്ലെന്ന് വേണ്ട..."

സെമിത്തേരിയില്‍ നിന്ന് പുറത്ത്‌ കടന്ന് ഞാന്‍ റോഡിലേക്കിറങ്ങി. കാര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്നോട്ടെടുത്തു. ഫാദര്‍ വെറേക്കറുടേ ഭീഷണി അല്‍പ്പം പോലും എന്നെ അലട്ടിയില്ല. അത്രയ്ക്കും ആവേശഭരിതനായിരുന്നു ഞാന്‍. അടക്കാനാവാത്ത ജിജ്ഞാസ. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ എന്ന ഈ സ്ഥലത്തെക്കുറിച്ചുള്ള സകലതിനും എന്തോ നിഗൂഢത പോലെ. നോര്‍ത്ത്‌ ഫോക്കില്‍ അല്ലാതെ മറ്റ്‌ എവിടെയും കാണാന്‍ കഴിയുമെന്ന് തോന്നുന്നില്ല ഇത്തരം ഒരു ഗ്രാമം. എപ്പോഴോ ഒരിക്കല്‍ യാദൃച്ഛികമായെന്ന പോലെ കണ്ടെത്തുന്ന ഒരു നാട്ടിന്‍പുറം. രണ്ടാമതൊരു വട്ടം കാണുമെന്നുറപ്പില്ലാത്ത നാട്ടിന്‍പുറം. ഇങ്ങനെയൊരു ഗ്രാമം ഇവിടെ ഉണ്ടായിരുന്നോ എന്ന് സംശയം തോന്നിപ്പോകുന്ന നാട്ടിന്‍പുറം.

പറയത്തക്കതായി അത്രയൊന്നുമില്ല ഈ ഗ്രാമത്തില്‍. ദേവാലയം, പൂച്ചെടികള്‍ കാവല്‍ നില്‍ക്കുന്ന മതിലിനപ്പുറത്തുള്ള പുരോഹിതന്റെ വാസസ്ഥലം, കുഞ്ഞരുവിയുടെ അരികിലായി ചിതറിക്കിടക്കുന്ന പതിനഞ്ചോ പതിനാറോ വിവിധ തരത്തിലുള്ള കോട്ടേജുകള്‍, അരുവിയില്‍ നിന്ന് ജലസേചനത്തിനുപയോഗിക്കുന്ന വലിയ പല്‍ച്ചക്രം, പിന്നെ എതിര്‍വശത്ത്‌ സ്റ്റഡ്‌ലി ആംസ്‌ എന്ന പേരിലുള്ള ഒരു സത്രം.

അരുവിയുടെ അരികില്‍ പാതയോരത്ത്‌ ഞാന്‍ കാര്‍ നിര്‍ത്തി. ഒരു സിഗരറ്റിന്‌ തീ കൊളുത്തി വീണ്ടും ആ സംഭവങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണം നടത്തി. ഫാദര്‍ വെറേക്കര്‍ പറഞ്ഞത്‌ നുണയാണെന്നത്‌ വളരെ വ്യക്തം. അദ്ദേഹം ആ സ്ലാബ്‌ ഇതിന്‌ മുമ്പ്‌ കണ്ടിട്ടുണ്ടെന്നും അതിന്റെ പിന്നിലെ രഹസ്യം അദ്ദേഹത്തിന്‌ അറിയാമെന്നുള്ളതിനും യാതൊരു സംശയവുമില്ല. ആലോചിച്ചു നോക്കിയാല്‍ ശരിക്കും വിരോധാഭാസം തന്നെ. ചാള്‍സ്‌ ഗാസ്കോയ്‌നെ അന്വേഷിച്ചുള്ള യാത്രയില്‍ യാദൃച്ഛികമായിട്ടാണ്‌ ഞാന്‍ ഇവിടെ എത്തിപ്പെട്ടത്‌. എന്നാല്‍ ഇപ്പോള്‍ കണ്ടുപിടിച്ചതോ, അതിനേക്കാള്‍ നിഗൂഢമായ മറ്റൊന്ന്‌. അക്ഷരാര്‍ത്ഥത്തില്‍ തന്നെ നിഗൂഢമായ എന്തോ ഒന്ന്. പക്ഷേ, ഇതിന്റെ ചുരുള്‍ അഴിക്കാന്‍ എന്താണൊരു മാര്‍ഗ്ഗം...?

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Thursday, July 14, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 4

സെമിത്തേരിയുടെ പടിഞ്ഞാറെ അറ്റത്ത്‌ നിന്ന് സാവധാനം ഞാന്‍ തെരച്ചില്‍ ആരംഭിച്ചു. അദ്ദേഹം പറഞ്ഞത്‌ ശരിയായിരുന്നു. വിവിധ തരങ്ങളിലുള്ള സ്മാരക ശിലകള്‍ . തികച്ചും ആകാംക്ഷ ഉളവാക്കുന്നവ. അസ്ഥികളുടെയും തലയോട്ടിയുടെയും രൂപങ്ങള്‍ കൊത്തി വച്ചിട്ടുണ്ടായിരുന്നു ചിലതില്‍ . മറ്റു ചിലതില്‍ മണല്‍ ഘടികാരങ്ങളുടെ രൂപം ആലേഖനം ചെയ്തിരിക്കുന്നു. എന്തായാലും ഇവയൊന്നും ചാള്‍സ്‌ ഗാസ്കോയ്‌ന്റെ കാലഘട്ടത്തിലേതല്ലെന്ന് തീര്‍ച്ച.

സെമിത്തേരി മുഴുവന്‍ അരിച്ചു പെറുക്കിക്കഴിഞ്ഞപ്പോഴേക്കും ഏതാണ്‌ ഒന്നര മണിക്കൂര്‍ കഴിഞ്ഞിരുന്നു. പക്ഷേ, എന്റെ അന്വേഷണം വിഫലമായിരിക്കുന്നു എന്ന ദുഃഖസത്യം എന്നെ നിരാശനാക്കി. എങ്കിലും, ഒരു കാര്യം ഞാന്‍ ശ്രദ്ധിച്ചു. മറ്റ്‌ പല സെമിത്തേരികളിലും ദര്‍ശിക്കാത്ത ഒന്ന്. വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു എല്ലായിടവും. പുല്ലുകളും കുറ്റിച്ചെടികളും വെട്ടിയൊതുക്കി ഭംഗിയായി നിര്‍ത്തിയിരിക്കുന്നു.

അപ്പോള്‍ ചാള്‍സ്‌ ഗാസ്കോയ്‌ന്‍ ഇവിടെയില്ല. പരാജയം സമ്മതിക്കുമ്പോള്‍ പുതിയതായി വെട്ടിയ കുഴിയുടെ അരികില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. മഴവെള്ളം ഉള്ളിലേക്കിറങ്ങാതിരിക്കാനായി ഒരു ടാര്‍പ്പോളിന്‍ കൊണ്ട്‌ മൂടിയിട്ടിട്ടാണ്‌ കുഴിവെട്ടുകാരന്‍ പോയിരിക്കുന്നത്‌. എങ്കിലും അതിന്റെ ഒരറ്റം കുഴിയിലേക്ക്‌ വീണ്‌ കിടക്കുന്നുണ്ടായിരുന്നു. കുനിഞ്ഞ്‌ അത്‌ നേരെ പിടിച്ചിട്ടതിന്‌ ശേഷം പതുക്കെ എഴുന്നേറ്റപ്പോഴാണ്‌ ഞാനത്‌ കണ്ടത്‌.

ഒന്നോ രണ്ടോ വാര അകലെ ദേവാലയത്തിന്റെ മതിലിനോട്‌ ചേര്‍ന്നുള്ള പുല്‍മേട്ടിലെ കല്ലറ. പതിനെട്ടാം നൂറ്റാണ്ടിലെ കല്ലറകളുടെ രീതി. തലയോട്ടിയും അസ്ഥികളും കൊത്തിവച്ചിട്ടുള്ള സ്ലാബില്‍ ഏതോ ഒരു കമ്പിളി വ്യാപാരി ജെറെമിയ ഫുള്ളറുടെയും ഭാര്യയുടെയും രണ്ട്‌ മക്കളുടെയും നാമങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു. ആകാംക്ഷയോടെ അതിനരികില്‍ ചെന്നിരുന്നപ്പോഴാണ്‌ മറ്റൊരു കാര്യം എന്റെ ശ്രദ്ധയില്‍ പെട്ടത്‌. അതിനടിയില്‍ മറ്റൊരു സ്ലാബ്‌ കൂടിയുണ്ടെന്ന സത്യം.

എന്നിലെ ജിജ്ഞാസ സടകുടഞ്ഞെഴുന്നേറ്റത്‌ പെട്ടെന്നാണ്‌. അതിനരികില്‍ മുട്ട്‌ കുത്തിയിരുന്ന് ആ സ്ലാബ്‌ നീക്കുവാനായി ഒരു ശ്രമം നടത്തി. പക്ഷേ, എളുപ്പമായിരുന്നില്ല അത്‌. എങ്കിലും അല്‍പ്പനേരത്തെ പരിശ്രമത്തിനൊടുവില്‍ അല്‍പ്പാല്‍പ്പമായി സ്ലാബ്‌ നിരക്കി നീക്കുവാന്‍ എനിക്ക്‌ സാധിച്ചു.

"വരൂ ഗാസ്കോയ്‌ന്‍... നിങ്ങളെയൊന്ന് കണ്ടുപിടിച്ചോട്ടെ..." പതുക്കെ ഞാന്‍ പറഞ്ഞു.

സ്ലാബ്‌ ഒരു വശത്തേക്ക്‌ പൂര്‍ണ്ണമായും ഞാന്‍ നിരക്കി മാറ്റി. അടിയിലുള്ള സ്ലാബിലെ അക്ഷരങ്ങള്‍ തെളിഞ്ഞു. എനിക്ക്‌ തോന്നുന്നു, ഇതുപോലെ അത്ഭുതപ്പെട്ട നിമിഷങ്ങള്‍ പിന്നീട്‌ എന്റെ ജീവിതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല എന്ന്. വളരെ ലളിതമായ ഒരു സ്ലാബായിരുന്നുവത്‌. എല്ലാവരും അയേണ്‍ ക്രോസ്‌ എന്ന് വിളിക്കുന്ന ജര്‍മ്മന്‍ കുരിശ്‌ അതില്‍ കൊത്തിയിരിക്കുന്നു. അതിന്‌ താഴെയായി ആലേഖനം ചെയ്തിരിക്കുന്നത്‌ മുഴുവനും ജര്‍മ്മന്‍ ഭാഷയിലാണ്‌. ഇപ്രകാരമായിരുന്നു അത്‌.

Hier ruhen Oberstleutnant Kurt Steiner und 13 Deutsche Fallschirmjager geffalen am 6 November 1943

എന്റെ ജര്‍മ്മന്‍ പരിജ്ഞാനം അത്ര പറയത്തക്കതല്ലെങ്കിലും ആ സ്ലാബിലെ വാക്യങ്ങളുടെ അര്‍ത്ഥം മനസ്സിലാക്കാനും മാത്രം പര്യാപ്തമായിരുന്നു. "1943 നവംബര്‍ 6 ന്‌ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലെഫ്റ്റനന്റ്‌ കേണല്‍ കുര്‍ട്ട്‌ സ്റ്റെയ്‌നറെയും 13 ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിനെയും ഇവിടെ അടക്കം ചെയ്തിരിക്കുന്നു..."

കോരിച്ചൊരിയുന്ന മഴയില്‍ ഞാന്‍ അവിടെയിരുന്ന്, എന്റെ പരിഭാഷ ശരി തന്നെയാണോ എന്ന് ശ്രദ്ധാപൂര്‍വ്വം നോക്കി. അതേ... അങ്ങനെ തന്നെയാണ്‌ എഴുതിയിരിക്കുന്നത്‌. പക്ഷേ, ഇതെങ്ങനെ സംഭവ്യമാകും...? എന്റെയറിവ്‌ ശരിയാണെങ്കില്‍ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളില്‍ ബ്രിട്ടനില്‍ വച്ച്‌ കൊല്ലപ്പെട്ട 4925 ജര്‍മ്മന്‍ ഭടന്മാരുടെയും ഭൗതികാവശിഷ്ടങ്ങള്‍ 1967 ല്‍ സ്റ്റാഫോര്‍ഡിലെ കാനോക്ക്‌ ചെയ്സില്‍ ഒരു ജര്‍മ്മന്‍ സെമിത്തേരി നിര്‍മ്മിച്ച്‌ അവിടെ അടക്കം ചെയ്തിരുന്നു.

ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു എന്നാണ്‌ പറയുന്നത്‌. ഛേ... അങ്ങനെ വരാന്‍ യാതൊരു വഴിയുമില്ല... ആരുടെയോ ഭാഗത്ത്‌ നിന്ന് സംഭവിച്ച ഗുരുതരമായ അബദ്ധം... അല്ലാതെയാവാന്‍ തരമില്ല...

ആരുടെയോ ദ്വേഷ്യത്തോടെയുള്ള അലര്‍ച്ച കേട്ട്‌ ഞാന്‍ സ്ഥലകാല ബോധം വീണ്ടെടുത്തു.

"നിങ്ങളെന്ത്‌ പണിയാണവിടെ ചെയ്യുന്നത്‌ മിസ്റ്റര്‍ ...?"

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, July 8, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 3

തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത്‌ ചാപ്പലിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു പുരോഹിതനെയാണ്‌. നരച്ച്‌ തുടങ്ങിയ കറുത്ത ളോഹ ധരിച്ച അദ്ദേഹത്തിന്റെ മുഖത്ത്‌ പരുക്കന്‍ ഭാവമായിരുന്നു. പറ്റെ ചേര്‍ത്ത്‌ വെട്ടിയ നരച്ച മുടി. കുഴിയിലാണ്ടിരിക്കുന്ന കണ്ണുകളില്‍ നിന്നും അദ്ദേഹം അടുത്ത കാലത്തായി രോഗാതുരനാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കവിളെല്ലുകളില്‍ വരിഞ്ഞ്‌ മുറുകിയ ചര്‍മ്മം. തികച്ചും ഒരു പ്രത്യേക മുഖമായിരുന്നു അദ്ദേഹത്തിന്റേത്‌. ഒരു സൈനികന്റെയോ വിദ്യാഭ്യാസ വിചക്ഷണന്റെയോ പോലുള്ള മുഖഭാവം. എന്തോ കഠിന വേദന സന്തത സഹചാരിയാണെന്ന് തോന്നും അദ്ദേഹത്തിന്റെ ഭാവത്തില്‍ നിന്നും. അദ്ദേഹം മുന്നോട്ട്‌ നടന്നപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. ഒരു കറുത്ത ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അദ്ദേഹത്തിന്റെ ഇടത്‌ കാലിന്‌ മുടന്തുണ്ട്‌.

"ഫാദര്‍ വെറേക്കര്‍ ...?"

"അതേ..."

"അവിടെ കുഴി വെട്ടുന്ന ആ വൃദ്ധനോട്‌ സംസാരിക്കുകയായിരുന്നു ഞാന്‍ ..."

"ഓ... അയാള്‍ ... ലെയ്‌ക്കര്‍ ആംസ്ബി..."

"ആയിരിക്കാം ... താങ്കള്‍ക്ക്‌ ചിലപ്പോള്‍ എന്നെ സഹായിക്കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു..." ഹസ്തദാനം നല്‍കുവാനായി ഞാന്‍ കൈ നീട്ടീ. "ഞാന്‍ ഹിഗ്ഗിന്‍സ്‌... ജാക്ക്‌ ഹിഗ്ഗിന്‍സ്‌... ഒരു എഴുത്തുകാരനാണ്‌..."

ഹസ്തദാനം നല്‍കുവാനായി അദ്ദേഹം ഒന്ന് സംശയിച്ചു. മറ്റൊന്നും കൊണ്ടായിരുന്നില്ല. വലത്‌ കൈയിലിരുന്ന ഊന്നുവടി ഇടത്‌ കൈയിലേക്ക്‌ മാറ്റുവാന്‍ വേണ്ടിയായിരുന്നുവത്‌. എങ്കിലും അദ്ദേഹം പരിചയപ്പെടുവാന്‍ വൈമുഖ്യം കാണിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നാതിരുന്നില്ല.

"ഞാന്‍ എന്ത്‌ സഹായമാണ്‌ ചെയ്യേണ്ടത്‌ മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌...?"

"ഒരു അമേരിക്കന്‍ മാഗസിന്‌ വേണ്ടി ലേഖന പരമ്പര എഴുതിക്കൊണ്ടിരിക്കുകയാണ്‌ ഞാന്‍ ... ചരിത്രവുമായി ബന്ധപ്പെട്ടതാണ്‌... ഇന്നലെ ഞാന്‍ ക്ലേയിലുള്ള സെന്റ്‌ മാര്‍ഗരറ്റ്‌ ദേവാലയം സന്ദര്‍ശിച്ചിരുന്നു..."

"വളരെ മനോഹരമായ ഒരു ദേവാലയം ... " അടുത്തു കണ്ട ചാരുബെഞ്ചില്‍ അദ്ദേഹം ഇരുന്നു. "ക്ഷമിക്കണം ... കുറച്ച്‌ നാളുകളായി പെട്ടെന്ന് ക്ഷീണിതനാകുന്നു..."

"അവിടുത്തെ സെമിത്തേരിയില്‍ ഒരു കല്ലറ കണ്ടു..." ഞാന്‍ തുടര്‍ന്നു. "ചിലപ്പോള്‍ താങ്കള്‍ക്കറിയാമായിരിക്കും... ഒരു ജെയിംസ്‌ ഗ്രീവ്‌..."

അദ്ദേഹം എന്നെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. "1676 ജനുവരി 14 ന്‌ ബാര്‍ബറിയിലെ ട്രിപ്പൊളി തുറമുഖത്ത്‌ വച്ച്‌ കപ്പലുകള്‍ അഗ്നിക്കിരയാക്കിയ സര്‍ ക്ലൂഡ്‌സ്‌ലി ഷോവലിന്റെ അസിസ്റ്റന്റ്‌ ആയിരുന്നു..." തനിക്ക്‌ മന്ദഹസിക്കാനും അറിയാമെന്ന് അദ്ദേഹം തെളിയിച്ചു. "അങ്ങനെയല്ലേ അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌...?"

"എന്റെ ഗവേഷണങ്ങള്‍ പ്രകാരം ജെയിംസ്‌ ഗ്രീവ്‌, ഓറഞ്ച്‌ ട്രീ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത്‌ അദ്ദേഹത്തിന്‌ ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ചാള്‍സ്‌ ഗാസ്കോയ്‌ന്‍ ... പിന്നീടദ്ദേഹം നേവിയുടെ ക്യാപ്റ്റനായി. എന്തോ അസുഖം ബാധിച്ച്‌ 1683 ല്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ ജെയിംസ്‌ ഗ്രീവ്‌ അദ്ദേഹത്തെ ക്ലേയില്‍ കൊണ്ടു വന്ന് അടക്കം ചെയ്തു..."

"അത്‌ ശരി..." അദ്ദേഹം സൗമ്യനായി, എന്നാല്‍ യാതൊരു താല്‍പ്പര്യവും പ്രകടിപ്പിക്കാതെ മൊഴിഞ്ഞു. ഒപ്പം തികഞ്ഞ അക്ഷമയും പ്രകടമായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തില്‍ .

"ക്ലേ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ കല്ലറ കണ്ടെത്താനായില്ല എനിക്ക്‌... ദേവാലയത്തിലെ രേഖകളിലും ഒന്നുമുണ്ടായിരുന്നില്ല... വൈവ്‌ടണ്‍ , ഗ്ലാന്‍ഫോര്‍ഡ്‌, ബ്ലാന്‍കെനി എന്നീ ദേവാലയങ്ങളിലും ഞാന്‍ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം..." ഞാന്‍ പറഞ്ഞു.

"അപ്പോള്‍ അദ്ദേഹത്തിന്റെ കല്ലറ ഇവിടെയുണ്ടാകുമെന്നാണോ താങ്കള്‍ കരുതുന്നത്‌...?"

"എന്റെ കൈവശമുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ഒരു കത്തോലിക്കനായിരുന്നുവെന്ന് കണ്ടെത്താനായി. അപ്പോള്‍ അദ്ദേഹത്തിന്റെ സംസ്കാരം മതവിശ്വാസങ്ങള്‍ക്ക്‌ അനുസൃതമായിട്ടായിരിക്കണം നടത്തിയിട്ടുണ്ടാകുക... ബ്ലാന്‍കെനിയില്‍ ഞാന്‍ തങ്ങുന്ന ഹോട്ടലിലെ ബാര്‍മാനാണ്‌ പറഞ്ഞത്‌ ഇവിടെ സ്റ്റഡ്‌ലി കോണ്‍സ്റ്റബിളില്‍ ഒരു കത്തോലിക്കാ ദേവാലയമുണ്ടെന്ന്... ഇവിടം എന്റെ സന്ദര്‍ശന ലിസ്റ്റില്‍ ഉണ്ടായിരുന്നതല്ല. ഈ സ്ഥലം കണ്ടു പിടിക്കാന്‍ ഏതാണ്ട്‌ ഒരു മണിക്കൂറോളം വേണ്ടി വന്നു..."

"പക്ഷേ, വെറുതെയായിപ്പോയല്ലോ..." അദ്ദേഹം എഴുന്നേറ്റു. "കഴിഞ്ഞ ഇരുപത്തിയെട്ട്‌ വര്‍ഷമായി ഞാന്‍ ഈ ദേവാലയത്തിലാണ്‌... ഞാന്‍ ഉറപ്പിച്ചു പറയുന്നു... ചാള്‍സ്‌ ഗാസ്കോയ്‌ന്‍ എന്ന പേരിലൊരു കല്ലറ ഇവിടെ ഇല്ലേയില്ല..."

പ്രതീക്ഷയുടെ അവസാന കണ്ണിയും അറ്റു പോകുന്നതിലെ വിഷമം എന്റെ മുഖത്ത്‌ പ്രതിഫലിച്ചിട്ടുണ്ടാകണം. എങ്കിലും വിട്ടുകൊടുക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

"അത്ര ഉറപ്പ്‌ പറയാന്‍ പറ്റുമോ?... ആ കാലഘട്ടത്തിലെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ എന്തെങ്കിലും വിവരം ലഭിക്കാന്‍ സാദ്ധ്യതയില്ലേ..? മരണ രജിസ്റ്ററില്‍ ചിലപ്പോള്‍ കണ്ടെങ്കിലോ...?"

"ഈ പ്രദേശത്തിന്റെ ചരിത്രം എന്റെ ഇഷ്ട വിഷയമായിരുന്നു എന്നും..." അദ്ദേഹത്തിന്റെ സ്വരം പരുഷമായി. "ഈ ദേവാലയത്തിലെ ഓരോ റെക്കോര്‍ഡും എനിക്ക്‌ മന:പാഠമാണ്‌... അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌, ചാള്‍സ്‌ ഗാസ്കോയ്‌ന്‍ എന്ന നാമം ഇവിടുത്തെ ഒരു രേഖകളിലുമില്ല... വിരോധമില്ലെങ്കില്‍, ഞാന്‍ ഇറങ്ങട്ടെ, ഭക്ഷണത്തിനുള്ള സമയമായി..."

അദ്ദേഹം മുന്നോട്ട്‌ പോകാന്‍ ശ്രമിക്കുന്നതിനിടെ ഊന്നുവടി തെന്നി വീഴാന്‍ ഭാവിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച്‌ വീഴാതെ താങ്ങി നിര്‍ത്തി.

"അയാം സോറി... ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം... ഞാന്‍ കാരണമാണ്‌..." ഞാന്‍ പറഞ്ഞു.

അദ്ദേഹം രണ്ടാമതൊരു വട്ടം പുഞ്ചിരിച്ചത്‌ ഇപ്പോഴാണ്‌. "സാരമില്ല... ഇടക്കൊക്കെ ഈ വീഴ്ച പതിവുള്ളതാണ്‌..." ഊന്നുവടി കൊണ്ട്‌ അദ്ദേഹം മുടന്തുള്ള ഇടത്‌ കാലില്‍ പതുക്കെ തട്ടി. "ഈ കാലൊരു ശല്യം തന്നെ... പക്ഷേ, ഞാനതുമായി പൊരുത്തപ്പെട്ടിരിക്കുന്നു..."

ആ പരാമര്‍ശത്തിന്‌ പ്രത്യേകിച്ചൊരു മറുപടിയുടെ ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു മറുപടി പ്രതീക്ഷിച്ചിരുന്നുമില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ പതുക്കെ മുന്നോട്ട്‌ നടന്നു.

"മനോഹരമാണ്‌ ഈ ദേവാലയം ... പറയാതിരിക്കാന്‍ കഴിയില്ല..." ഞാന്‍ പറഞ്ഞു.

"അതെ... അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു... " അദ്ദേഹം പുറത്തേക്കുള്ള വാതില്‍ എനിക്കായി തുറന്നു തന്നു. "താങ്കളെ സഹായിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്‌..."

"സാരമില്ല ഫാദര്‍ ... ഞാന്‍ ആ സെമിത്തേരിയില്‍ കുറച്ച്‌ നേരം കൂടി ചെലവഴിക്കുന്നതില്‍ താങ്കള്‍ക്ക്‌ വിരോധമുണ്ടോ...?" ഞാന്‍ ചോദിച്ചു.

"താങ്കളെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌..." അദ്ദേഹം അസ്വസ്ഥനായെങ്കിലും പിന്നെ പറഞ്ഞതിങ്ങനെയായിരുന്നു. "പിന്നെന്താ...? ചില പ്രത്യേക തരം കല്ലറകളുണ്ടവിടെ... പടിഞ്ഞാറെ അറ്റത്ത്‌... പതിനെട്ടാം ശതകത്തിന്റെ ആദ്യഘട്ടങ്ങളില്‍ നിര്‍മ്മിച്ചത്‌... ക്ലേ സെമിത്തേരിയില്‍ കാണുന്ന അതേ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടവ..."

ഇത്തവണ ഹസ്തദാനത്തിനായി അദ്ദേഹമാണ്‌ കൈകള്‍ നീട്ടിയത്‌. "താങ്കളുടെ പേര്‍ പരിചിതമാണെന്ന് ഞാനിപ്പോഴാണ്‌ ഓര്‍ത്തത്‌... അള്‍സ്റ്റര്‍ പ്രക്ഷോഭത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം താങ്കള്‍ ഒരു പുസ്തകം എഴുതിയിട്ടില്ലേ...?"

"ശരിയാണ്‌... 'എ നാസ്റ്റി ബിസിനസ്‌' എന്ന പേരില്‍ ..." ഞാന്‍ പറഞ്ഞു.

"അതേ, മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌... യുദ്ധം എപ്പോഴും ഒരു ദുരിതം തന്നെ..." അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. "മനുഷ്യന്‍ അവന്റെ ക്രൂരതകള്‍ മുഴുവന്‍ പുറത്തെടുക്കുന്ന സമയം ... ങ്‌ഹ്‌ ... അതൊക്കെ പോട്ടെ... താങ്കള്‍ക്ക്‌ നല്ലൊരു ദിനം ആശംസിക്കുന്നു..."

അദ്ദേഹം കതക്‌ അടച്ചു. ഞാന്‍ പോര്‍ച്ചിലേക്കിറങ്ങി. പിന്നെ ഒരു സിഗരറ്റിന്‌ തീ കൊളുത്തി മഴയത്തേക്കിറങ്ങി നടന്നു. കുഴി വെട്ടിക്കൊണ്ടിരുന്നയാള്‍ പോയ്‌ക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഈ സെമിത്തേരിയില്‍ ഞാനും ആ കാക്കകളും മാത്രം. ലെനിന്‍ഗ്രാഡില്‍ നിന്നും വന്ന കാക്കകള്‍ ... അതേക്കുറിച്ചുള്ള അതിശയം വീണ്ടും എന്റെ മനസ്സിലേക്കോടിയെത്തി. പക്ഷേ, തല്‍ക്കാലം അത്‌ മറന്നേ പറ്റൂ. എന്റെ ജോലി ഇനിയും ബാക്കി കിടക്കുന്നു. ഫാദര്‍ വെറേക്കറുമായി സംസാരിച്ചതിന്‌ ശേഷം ചാള്‍സ്‌ ഗാസ്കോയ്‌ന്റെ ശവകുടീരം കണ്ടെത്താമെന്ന പ്രതീക്ഷ അല്‍പ്പം പോലുമില്ലാതായിരിക്കുന്നു. പക്ഷേ, വേറെ എവിടെയും ഇനി തിരയാന്‍ ബാക്കിയില്ല എന്നതാണ്‌ സത്യം. അത്‌ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)