Friday, July 29, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 6

എന്നാല്‍ അതിനൊരു പോംവഴി മുന്നില്‍ തെളിഞ്ഞ്‌ വന്നത്‌ പെട്ടെന്നായിരുന്നു. കോട്ടേജുകള്‍ക്കിടയിലെ ഇടവഴിയിലൂടെ എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട ലെയ്‌ക്കര്‍ ആംസ്ബിയുടെ രൂപത്തില്‍. സെമിത്തേരിയില്‍ വച്ച്‌ കണ്ട അതേ കുഴിവെട്ടുകാരന്‍. അയാളുടെ ദേഹത്ത്‌ അപ്പോഴും മണ്ണ്‌ പുരണ്ടിരുന്നു. ചുമലിലുണ്ടായിരുന്ന കീറച്ചാക്ക്‌ ഇപ്പോഴും അവിടെത്തന്നെയുണ്ട്‌. റോഡിന്‌ കുറുകെ കടന്ന് അയാള്‍ സ്റ്റഡ്‌ലി ആംസ്‌ എന്ന ആ സത്രത്തിലേക്ക്‌ കയറി. കാറില്‍ നിന്ന് പുറത്തിറങ്ങി ഞാന്‍ അയാളെ അനുഗമിച്ചു.

സത്രത്തിന്റെ ഗേറ്റിലെ ബോര്‍ഡില്‍ നിന്നും അതിന്റെ ഉടമ ജോര്‍ജ്ജ്‌ ഹെന്‍ട്രി വൈല്‍ഡ്‌ എന്ന വ്യക്തിയാണെന്ന് മനസ്സിലായി. കതക്‌ തുറന്ന് ഞാന്‍ ഉള്ളിലേക്ക്‌ പ്രവേശിച്ചു. പ്ലാസ്റ്റര്‍ ചെയ്യാത്ത ചുമരുകളുള്ള ഒരു ഇടനാഴിയിലേക്കാണ്‌ ഞാന്‍ എത്തിയത്‌. ഇടത്‌ ഭാഗത്തുള്ള വാതില്‍ പാതി തുറന്നിരുന്നു. ഉള്ളില്‍ നിന്നും അധികം ഉച്ചത്തിലല്ലാത്ത സംഭാഷണവും പിന്നെ ആരോ പൊട്ടിച്ചിരിക്കുന്നതും കേട്ടു.

അതൊരു ബാര്‍ ആയിരുന്നില്ല. വിശാലമായ ഒരു ഹാള്‍. ഒരറ്റത്തായി നെരിപ്പോടില്‍ തീ എരിയുന്നു. ഉയരം കൂടിയ ചാരുകളുള്ള കുറേ ബെഞ്ചുകളും കുറച്ച്‌ മേശകളും ക്രമീകരിച്ചിരിക്കുന്നു. അവിടെയുള്ള ആറോ എഴോ പേരില്‍ ആരും തന്നെ ചെറുപ്പക്കാരില്ല. അവരുടെ ശരാശരി പ്രായം ഒരു അറുപതെങ്കിലും ആയിരിക്കുമെന്ന് പറഞ്ഞാല്‍ ഒട്ടും തെറ്റുണ്ടാവില്ല. ഇതുപോലുള്ള നാട്ടിന്‍പുറങ്ങളില്‍ ഈ പ്രായത്തിലുള്ളവരെയേ ഇക്കാലത്ത്‌ കാണാന്‍ കഴിയൂ എന്നത്‌ ഒരു ദുഃഖസത്യമാണ്‌.

തികച്ചും ഗ്രാമീണരായിരുന്നു അവര്‍. പ്രകൃതിയുമായി മല്ലിട്ട്‌ ജീവിക്കുന്നതിന്റെ പരുക്കന്‍ ഭാവം അവരുടെ മുഖങ്ങളില്‍ തെളിഞ്ഞ്‌ കാണാം. പരുപരുത്ത തുണികൊണ്ടുള്ള തൊപ്പിയും ഗം ബൂട്ടുകളും ധരിച്ചിരിക്കുന്നു അവര്‍. മൂന്ന് പേര്‍ പകിട കളിച്ചുകൊണ്ടിരിക്കുന്നു. മറ്റ്‌ രണ്ട്‌ പേര്‍ അത്‌ വീക്ഷിച്ചുകൊണ്ടിരിക്കുന്നു. വേറൊരു വൃദ്ധന്‍ നെരിപ്പോടിനരികില്‍ ഇരുന്ന് പതിഞ്ഞ സ്വരത്തില്‍ ഒരു മൗത്ത്‌ ഓര്‍ഗന്‍ വായിക്കുന്നു. അയാള്‍ അയാളുടേത്‌ മാത്രമായ ലോകത്തിലാണെന്ന് തോന്നും ആ ഇരിപ്പ്‌ കണ്ടാല്‍. അവരുടെ കണ്ണുകളില്‍ നിന്നും സംശയത്തിന്റെ കൂരമ്പുകള്‍ നിറഞ്ഞ നോട്ടം എന്നിലേക്കായി. ഒരു അപരിചിതനെ കാണുമ്പോള്‍ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം.

"ശുഭ സായാഹ്നം..." ഞാന്‍ അവരെ അഭിവാദ്യം ചെയ്തു.

അവരില്‍ രണ്ടോ മൂന്നോ പേര്‍ സൗഹൃദഭാവത്തില്‍ തല കുലുക്കി. എന്നാല്‍ അവര്‍ക്കൊപ്പമുള്ള അവിടവിടെയായി നരച്ച്‌ തുടങ്ങിയ താടിയുള്ള ഒരു ആജാനുബാഹു എന്നോട്‌ അടുക്കുവാന്‍ കൂട്ടാക്കിയില്ല. വേറൊരു മേശയ്ക്ക്‌ സമീപം ഇരിക്കുന്ന ലെയ്‌ക്കര്‍ ആംസ്ബി ശ്രദ്ധാപൂര്‍വ്വം ഒരു ചുരുട്ട്‌ തെറുത്തുകൊണ്ടിരിക്കുന്നു. അയാളുടെ മുന്നില്‍ ഒരു ഗ്ലാസ്‌ ബിയര്‍ നുരയുന്നുണ്ട്‌. തെറുത്ത ചുരുട്ട്‌ ചുണ്ടിലേക്ക്‌ വച്ച അയാളുടെ അരികില്‍ ചെന്ന് ഞാന്‍ തീപ്പെട്ടി ഉരച്ച്‌ നീട്ടി.

"വീണ്ടും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം..." ഞാന്‍ പറഞ്ഞു.

നിര്‍ജ്ജീവമായ മിഴികളുയര്‍ത്തി അയാള്‍ എന്നെ നോക്കി. പിന്നെ മുഖം തെളിഞ്ഞു. "ഓ, നിങ്ങളോ...? ഫാദര്‍ വെറേക്കറെ കണ്ടിരുന്നോ...?"

ഞാന്‍ തല കുലുക്കി. പിന്നെ ചോദിച്ചു. "ഒരു ബിയര്‍ കൂടി പറയട്ടെ...?"

"വേണ്ട എന്ന് ഞാന്‍ പറയില്ല..." നിമിഷങ്ങള്‍ക്കം ഗ്ലാസ്‌ കാലിയാക്കിയിട്ട്‌ അയാള്‍ പറഞ്ഞു. "ഒരു പൈന്റ്‌ ബ്രൗണ്‍ ബിയര്‍ ആണെങ്കില്‍ നന്നായിരുന്നു... പെട്ടെന്ന് ഇറങ്ങിക്കോളും... ജോര്‍ജീ..." അയാള്‍ നീട്ടി വിളിച്ചു.

തിരിഞ്ഞ്‌ നോക്കിയ ഞാന്‍ കണ്ടത്‌ എന്റെ പിന്നില്‍ നില്‍ക്കുന്ന ഉയരം കുറഞ്ഞ മനുഷ്യനെയാണ്‌. അപ്പോള്‍ ഇതായിരിക്കണം ഇതിന്റെ ഉടമയായ ജോര്‍ജ്ജ്‌ വൈല്‍ഡ്‌. അവിടെ കണ്ട മറ്റുള്ളവരുടെ ഏതാണ്ട്‌ അതേ പ്രായം. സാമാന്യം തരക്കേടില്ലാത്ത രൂപം. എന്നാല്‍ മറ്റുള്ളവര്‍ക്കില്ലാത്ത ഒരു പ്രത്യേകത അയാള്‍ക്കുണ്ടായിരുന്നു. ജീവിതത്തിലെപ്പോഴോ മുഖത്ത്‌ വെടിയേറ്റതിന്റെ അടയാളം. ഇത്തരത്തില്‍ പരിക്കേറ്റവരെ ധാരാളം കണ്ട പരിചയമുള്ളതിനാല്‍ അക്കാര്യം ഉറപ്പായിരുന്നു എനിക്ക്‌. ഇദ്ദേഹത്തിന്റെ കാര്യത്തില്‍ വെടിയുണ്ട ഇടത്‌ ഭാഗത്തെ കവിളെല്ലിനോട്‌ ചേര്‍ന്നാണ്‌ കടന്ന് പോയിരിക്കുന്നത്‌. ഭാഗ്യം കൊണ്ട്‌ മാത്രമായിരിക്കും രക്ഷപെട്ടത്‌.

അയാള്‍ വെളുക്കെ പുഞ്ചിരിച്ചു. "താങ്കള്‍ക്കും എടുക്കട്ടെ സര്‍ ...?"

ഒരു ലാര്‍ജ്ജ്‌ വോഡ്‌ക്കയും ടോണിക്കും എടുക്കുവാന്‍ അയാളോട്‌ പറഞ്ഞപ്പോള്‍ അവിടെയുണ്ടായിരുന്ന കര്‍ഷകരുടെ മുഖത്ത്‌ അത്ഭുതം വിടരുന്നത്‌ ഞാന്‍ ശ്രദ്ധിച്ചു. പക്ഷേ, ഞാനത്‌ കാര്യമാക്കിയില്ല. കാരണം അല്‍പ്പമെങ്കിലും ആസ്വദിച്ച്‌ കഴിക്കുവാന്‍ എനിക്ക്‌ പറ്റിയ ഏക മദ്യം അതായിരുന്നു എന്നതാണ്‌ സത്യം. ലെയ്‌ക്കര്‍ ആംസ്ബി വലിച്ചിരുന്ന ചുരുട്ട്‌ അധികനേരം നീണ്ട്‌ നിന്നില്ല. ഞാന്‍ എന്റെ സിഗരറ്റ്‌ പാക്കറ്റ്‌ തുറന്ന് അയാള്‍ക്ക്‌ നേരെ നീട്ടി. ഒട്ടും മടികൂടാതെ അയാള്‍ അതിലൊന്ന് എടുത്തു. അപ്പോഴേക്കും നിറഞ്ഞ ഗ്ലാസുകള്‍ എത്തിക്കഴിഞ്ഞിരുന്നു. അയാള്‍ക്കുള്ളത്‌ ഞാന്‍ മുന്നോട്ട്‌ നീക്കിവച്ചു കൊടുത്തു.

"നിങ്ങള്‍ ഇവിടെ കുഴിവെട്ടുകാരനായിട്ട്‌ എത്ര കാലമായി എന്നാണ്‌ പറഞ്ഞത്‌...?"

"നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങള്‍..."

അയാള്‍ തന്റെ ഗ്ലാസ്‌ കാലിയാക്കി.

"ഒരു പൈന്റ്‌ കൂടി  ഓർഡർ ചെയ്യാം... പക്ഷേ, പറയൂ... ആരായിരുന്നു ഈ സ്റ്റെയ്‌നര്‍ ...?" ഞാന്‍ ചോദിച്ചു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

16 comments:

 1. ആരായിരുന്നിരിക്കും ഈ സ്റ്റെയ്‌നര്‍ ...? കഥ തുടരുന്നു...

  ReplyDelete
 2. കാത്തിരിക്കുന്നു...

  ReplyDelete
 3. മൂന്നെണ്ണം ഒരുമിച്ച് വായിച്ചു.. ലിസ്റ്റിൽനിന്നു് എന്റെ പേര് വെട്ടല്ലേ.ഞാനും കൂടെയുണ്ട്.ഇത്തിരി പിന്നിലാണെങ്കിലും.

  ReplyDelete
 4. അങ്ങനെ നോവലിസ്റ്റ് രഹസ്യങ്ങളുടെ ചുരുളഴിക്കുന്നു.

  ReplyDelete
 5. അടുത്ത ലക്കം എപ്പോ വരും എന്ന് ചോദിയ്ക്കുന്ന രീതിയിലേയ്ക്ക് വായനക്കാരെ കൊണ്ടു പോവാൻ സാധിയ്ക്കുന്നുണ്ട് വിനുവേട്ടന്റെ വിവർത്തനത്തിന്....
  അഭിനന്ദനങ്ങൾ.

  ReplyDelete
 6. നല്ല വിവര്‍ത്തനം

  ReplyDelete
 7. ഈ കണക്കിന് പോയാൽ, കുഴിവെട്ടുകാരൻ കുറച്ചധികം പൈന്റ് ബീയറുകൾ അകത്താക്കുന്ന ലക്ഷണമുണ്ട്.. ഹിഗ്ഗിൻസിന്റെ തന്ത്രം കൊള്ളാം.. :)

  ReplyDelete
 8. സ്ഥല ത്തുണ്ടായിരുന്നില്ല.വന്നിട്ടും വായിക്കാന്‍ സമയം കിട്ടിയില്ല.
  എല്ലാം ഇന്ന് വായിച്ചു .നല്ല വിവര്‍ത്തനം.
  തുടരുക ഇനി വിടാതെ കൂടെയുണ്ട്.
  ആശംസകള്‍

  ReplyDelete
 9. വോഡ്ക്കയും ടോണിക് വാട്ടറും ...നോവറിയാത്ത ഡ്രിങ്ക്..!

  ReplyDelete
 10. ശോ ! വീണ്ടും സസ്പെന്‍സ്

  ReplyDelete
 11. എത്താന്‍ വൈകി.. ഈ സസ്പെന്‍സ് കൊള്ളാട്ടോവിനുവേട്ടാ.. :)

  ReplyDelete
 12. ഉവ്വ ഉവ്വേ...
  ഇപ്പ ടെക്നിക് പിടികിട്ടി..

  മാന്യവായനക്കാരേ അങ്ങനെ ചുമ്മാതൊന്നും വിനുവേട്ടന്‍ കഥ പറഞ്ഞു തരത്തില്ല...വേഗം അടുത്ത പൈന്റിനുള്ള ഷെയര്‍ ഇടോ.

  ReplyDelete
 13. ഞാന്‍ സാവധാനത്തിലാണ് വായിക്കുന്നത്. കാരണം, എനിക്ക് സമയം വളരെ കുറവാണ്. എങ്കിലും ഞാനിത് മുഴുവന്‍ വായിക്കും.

  ഇത് വായിക്കുമ്പോള്‍ പരിഭാഷയാണെന്ന് തോന്നുന്നെയില്ല! അത്രയ്ക്ക് നാന്നായിട്ടുണ്ട്.

  ReplyDelete
 14. വായിക്കുന്നു

  ReplyDelete
 15. കള്ളുകൊടുത്ത്‌ കാര്യം കാണുവാ???

  ReplyDelete
  Replies
  1. കാര്യം കാണണമല്ലോ... എങ്കിലല്ലേ കഥ മുന്നോട്ട് പോകൂ...

   Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...