Thursday, August 25, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 10

അദ്ധ്യായം - രണ്ട്‌

1943 സെപ്റ്റംബര്‍ 12 ഞായറാഴ്ച. ഒരര്‍ത്ഥത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും സമര്‍ത്ഥവും ധീരവുമായ കമാന്റോ ദൗത്യം ആയിരുന്നു അത്‌. അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ അകമഴിഞ്ഞ സംപ്രീതിയാണ്‌ ഓട്ടോ സ്കോര്‍സെനി അതിലൂടെ നേടിയെടുത്തത്‌. പതിവ്‌ പോലെ താന്‍ തന്നെയാണ്‌ ശരി എന്നും ആംഡ്‌ ഫോഴ്‌സ്‌ ഹൈക്കമാന്റിന്റെ ചിന്താഗതികള്‍ തെറ്റാണെന്നും അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു.

യുദ്ധാരംഭം മുതലേ വളരെ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്ന ബ്രിട്ടീഷ്‌ കമാന്റോ യൂണിറ്റുകളെ പോലെ ജര്‍മ്മന്‍ ആര്‍മിക്ക്‌ കമാന്റോ യൂണിറ്റുകള്‍ എന്താണില്ലാത്തതെന്ന് ഹിറ്റ്‌ലര്‍ ആരാഞ്ഞത്‌ പെട്ടെന്നായിരുന്നു. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുവാനായി ഹൈക്കമാന്റ്‌ ഉടന്‍ തന്നെ അത്തരമൊരു യൂണിറ്റ്‌ സംഘടിപ്പിച്ചു. ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണില്‍ നിന്നും അയോഗ്യത കല്‍പ്പിക്കപ്പെട്ട്‌ ബെര്‍ലിന്‍ തെരുവുകളിലൂടെ തൊഴിലൊന്നുമില്ലാതെ നടക്കുകയായിരുന്നു ലെഫ്റ്റനന്റ്‌ ഓട്ടോ സ്കോര്‍സെനി അപ്പോള്‍. അദ്ദേഹത്തെ തിരികെ വിളിച്ച്‌ ക്യാപ്റ്റന്‍ പദവിയും നല്‍കി അപ്പോള്‍ രൂപീകരിച്ച ജെര്‍മ്മന്‍ സ്പെഷല്‍ ഫോഴ്‌സസ്‌ എന്ന യൂണിറ്റിന്റെ ചീഫ്‌ ആയി ഹൈക്കമാന്റ്‌ നിയമിച്ചു. ഹിറ്റ്‌ലറുടെ അപ്രീതിയില്‍ നിന്ന് രക്ഷപെടുവാനുള്ള ഒരു ചെപ്പടി വിദ്യ. അതില്‍ കൂടുതലൊന്നും ഹൈക്കമാന്റ്‌ ഉദ്ദേശിച്ചിരുന്നുമില്ല ആ നിയമനത്തിലൂടെ.

എന്നാല്‍ അവരുടെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സ്കോര്‍സെനി, തനിക്ക്‌ ലഭിച്ച ദൗത്യം അനന്യമായ കഴിവിനാല്‍ നിറവേറ്റി താനൊരു സമര്‍ത്ഥനായ സൈനികനാണെന്ന് തെളിയിക്കുകയാണുണ്ടായത്‌. നടന്ന സംഭവങ്ങളെല്ലാം തന്നെ തന്റെ കഴിവ്‌ അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ ഉതകുന്നതായിരുന്നു.

1943 സെപ്റ്റംബര്‍ 3 നാണ്‌ ഇറ്റലി പരാജയം സമ്മതിച്ച്‌ കീഴടങ്ങുന്നത്‌. മുസ്സോളിനിയെ സ്ഥാനഭ്രഷ്ടനാക്കുകയും മാര്‍ഷല്‍ ബഡോഗ്ലിയോ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ അജ്ഞാത കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്തു. യുദ്ധത്തില്‍ തന്റെ പക്ഷത്തായിരുന്ന ഇറ്റാലിയന്‍ നേതാവിനെ സ്വതന്ത്രനായി കാണുവാന്‍ ഹിറ്റ്‌ലര്‍ ആഗ്രഹിച്ചു. പക്ഷേ, അത്‌ തീര്‍ത്തു അസാദ്ധ്യം എന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. പ്രഗല്‍ഭനായ ഇര്‍വിന്‍ റോമല്‍ പോലും അഭിപ്രായപ്പെട്ടത്‌ അചിന്തനീയവും ബുദ്ധിശൂന്യവുമായ ആശയം എന്നായിരുന്നു.

പക്ഷേ, ഹിറ്റ്‌ലറുടെ പുസ്തകത്തില്‍ അത്‌ അസാദ്ധ്യമായ ഒന്നായിരുന്നില്ല. നേരിട്ട്‌ ചെന്ന് അദ്ദേഹം ആ ദൗത്യം സ്കോര്‍സെനിയെ ഏല്‍പ്പിച്ചു. സ്കോര്‍സെനിയാവട്ടെ, തന്റെ തനതായ ശൈലിയിലുള്ള അന്വേഷണങ്ങളിലൂടെ മുസ്സോളിനിയെ തടവിലിട്ടിരിക്കുന്ന സങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വായത്തമാക്കുക തന്നെ ചെയ്തു. ഇറ്റലിയിലെ ഗ്രാന്‍ സാസോ പര്‍വ്വതത്തിന്‌ മുകളിലെ സ്പോര്‍ട്‌സ്‌ ഹോട്ടലിലായിരുന്നു അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്നത്‌. പതിനായിരം അടി ഉയരം വരുന്ന പര്‍വ്വതത്തിന്‌ മുകളില്‍ ഏതാണ്ട്‌ ഇരുനൂറ്റിയമ്പതോളം ഭടന്മാരുടെ കാവലില്‍ .

അന്‍പത്‌ പാരാട്രൂപ്പേഴ്‌സ്‌ അടങ്ങുന്ന സംഘവുമായി ഗ്ലൈഡറുകളിലാണ്‌ സ്കോര്‍സെനി അവിടെയെത്തിയത്‌. അപ്രതീക്ഷിതമായി ഹോട്ടലില്‍ ആക്രമണം നടത്തിയ സ്കോര്‍സെനിയും സംഘവും മുസ്സോളിനിയെ അവിടെ നിന്നും മോചിപ്പിച്ചു. പിന്നീട്‌ ഒരു ചെറിയ സ്റ്റോര്‍ക്ക്‌ സ്പോട്ടര്‍ വിമാനത്തില്‍ അദ്ദേഹത്തെ റോമില്‍ എത്തിച്ചു. അവിടെ നിന്നും ഒരു ഡോര്‍ണിയര്‍ വിമാനത്തില്‍ റാസ്റ്റന്‍ബര്‍ഗിലെ ഹിറ്റ്‌ലറുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും. ഇരുളടഞ്ഞ വനമേഖലയായിരുന്നു റാസ്റ്റന്‍ബര്‍ഗ്‌.

ആ ദൗത്യം സ്കോര്‍സെനിയുടെ തൊപ്പിയില്‍ Knight's Cross ഉള്‍പ്പെടെ മെഡലുകളുടെ ഒരു ഘോഷയാത്ര തന്നെ തീര്‍ത്തു. അവിടെ നിന്നങ്ങോട്ട്‌ തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ജൈത്രയാത്ര. സമാനമായ പല ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച അദ്ദേഹം തന്റെ കാലഘട്ടത്തിലെ ധീരയോദ്ധാവായി മാറി. പക്ഷേ, ഇതിലൊന്നും ഹൈക്കമാന്റ്‌ സന്തുഷ്ടരായിരുന്നില്ല.

എന്നാല്‍ അതായിരുന്നില്ല ഹിറ്റ്‌ലറുടെ മാനസികാവസ്ഥ. അദ്ദേഹം ഏഴാം സ്വര്‍ഗ്ഗത്തിലായിരുന്നു. ജര്‍മനിയുടെ പാരീസ്‌ അധിനിവേശത്തിന്‌ ശേഷം അദ്ദേഹം ആഹ്ലാദ നൃത്തമാടുന്നത്‌ ഇപ്പോഴാണ്‌. വൈകുന്നേരം റാസ്റ്റന്‍ബര്‍ഗില്‍ മുസ്സോളിനി വന്നെത്തിയതിന്‌ ശേഷം നടത്താനിരിക്കുന്ന മീറ്റിങ്ങിനായി തയ്യാറെറെടുക്കുമ്പോഴും അദ്ദേഹം തന്റെ ആഹ്ലാദം മറച്ചുവച്ചില്ല. ഇറ്റലിയിലെ സംഭവവികാസങ്ങളും മുസ്സോളിനിയുടെ ഭാവി പരിപാടികളുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയമായി അദ്ദേഹം തീരുമാനിച്ചത്‌.

വളരെ പ്രസന്നമായ അന്തരീക്ഷമായിരുന്നു കോണ്‍ഫറന്‍സ്‌ റൂമില്‍. പൈന്‍ മരത്തിന്റെ പലകയാല്‍ പാനല്‍ ചെയ്ത ചുമരുകളും സീലിങ്ങും. ഹാളിന്റെ ഒരറ്റത്ത്‌ വൃത്താകൃതിയിലുള്ള മേശ. അതിനു ചുറ്റും പതിനൊന്ന് കസേരകള്‍. മേശയുടെ മദ്ധ്യഭാഗത്തയി ഒരു ഫ്ലവര്‍ വെയ്‌സ്‌. ഹാളിന്റെ മറുവശത്ത്‌ ഒരു മാപ്പ്‌ ടേബിള്‍ ഇട്ടിരിക്കുന്നു. അതിനു ചുറ്റും കൂടി നിന്ന് ഇറ്റലിയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവരില്‍ പ്രമുഖര്‍ ഇവരൊക്കെയാണ്‌. മുസ്സോളിനി,  പ്രതിരോധവകുപ്പ്‌ മന്ത്രി ജോസഫ്‌ ഗീബല്‍സ്‌, ജര്‍മ്മന്‍ രഹസ്യ പോലീസ്‌ മേധാവി ഹെന്‍ട്രിച്ച്‌ ഹിംലര്‍ , മിലിട്ടറി ഇന്റലിജന്‍സ്‌ വിഭാഗമായ അബ്ഫെറിന്റെ മേധാവി വില്‍ഹെം കാനറിസ്‌.

ഹിറ്റ്‌ലര്‍ മുറിയില്‍ പ്രവേശിച്ചതും എല്ലാവരും അറ്റന്‍ഷനായി നിന്നു. അദ്ദേഹം അപ്പോഴും ആഹ്ലാദഭരിതനായിരുന്നു. തിളങ്ങുന്ന കണ്ണുകള്‍ . അപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു അപ്പോള്‍ . മുസ്സോളിനിയുടെ നേര്‍ക്ക്‌ ചെന്ന് ഇരുകരങ്ങളും കവര്‍ന്ന് ഊഷ്മളമായ ഹസ്തദാനം നല്‍കി അദ്ദേഹം പറഞ്ഞു.

"യൂ ലുക്ക്‌ ബെറ്റര്‍ റ്റുനൈറ്റ്‌ ... ഡിസൈഡഡ്‌ലി ബെറ്റര്‍ ..."


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, August 19, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 9


ജീവിതത്തില്‍ ചില കാര്യങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതം, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്ര വലുതായിരിക്കും. ഉദാഹരണത്തിന്‌ ഫോണിന്റെ അങ്ങേ തലയ്ക്കല്‍ നിന്ന് ഒരു അപരിചിത ശബ്ദം നമ്മുടെ പ്രീയപ്പെട്ട ആരെങ്കിലും മരണമടഞ്ഞു എന്നറിയിക്കുമ്പോഴുള്ള അവസ്ഥ... വാക്കുകള്‍ക്ക്‌ അര്‍ത്ഥം നഷ്ടമാകുന്ന അവസ്ഥ... ഒരു നിമിഷമെങ്കിലും ശ്വാസം നിലച്ച്‌ മറ്റേതോ ലോകത്തായത്‌ പോലുള്ള നിമിഷങ്ങള്‍ ... തിരികെ സ്വബോധം വീണ്ടെടുക്കാന്‍ കുറച്ച്‌ നേരമെങ്കിലും വേണ്ടി വരും.

ലെയ്‌ക്കര്‍ ആംസ്‌ബിയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലിന്‌ ശേഷം എന്റെ അവസ്ഥ അതായിരുന്നു. അവിശ്വസനീയം എന്നതിനുമപ്പുറം എന്തൊക്കെയോ ആയിരുന്നു അത്‌. ഇതുവരെയുള്ള ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച ഒരു കാര്യമുണ്ട്‌. നിങ്ങള്‍ എന്തെങ്കിലും ഒരു കാര്യം അസംഭവ്യം എന്ന് പറഞ്ഞാല്‍ ഒരു പക്ഷേ, അടുത്ത വാരം തന്നെ അത്‌ സംഭവിച്ചിരിക്കും. ആംസ്‌ബി പറഞ്ഞ കാര്യം സത്യമാണെങ്കില്‍ അതൊരു വലിയ ദൗത്യം തന്നെയായിരുന്നിരിക്കണം. എന്റെ മനസ്സിന്‌ തല്‍ക്കാലം ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അത്രയും നിഗൂഢതകള്‍ നിറഞ്ഞ ഒരു ദൗത്യം.

പക്ഷേ, അത്‌ വാസ്തവം തന്നെയാണ്‌. അതിന്റെ തെളിവുകള്‍ എന്റെ സ്വന്തം കണ്ണുകളിലൂടെ കണ്ടതാണ്‌. ഞാന്‍ ബ്ലാക്കെനി ഹോട്ടലിലേക്ക്‌ മടങ്ങി. സാധനങ്ങളെല്ലാം പായ്ക്ക്‌ ചെയ്ത്‌ ഹോട്ടല്‍ ബില്ലടച്ച്‌ വീട്ടിലേക്ക്‌ തിരിച്ചു. അതായിരിക്കും ആ വര്‍ഷം എനിക്ക്‌ ലഭിക്കുന്ന ഒരേയൊരു വിശ്രമവേള എന്നതിനെക്കുറിച്ച്‌ അപ്പോള്‍ ഞാന്‍ ബോധവാനായിരുന്നില്ല. നൂറ്‌ കണക്കിന്‌ ഫയലുകള്‍ ... ഡസനുകളോളം ഇന്റര്‍വ്യൂകള്‍ ... ലോകത്തിന്റെ പലയിടത്തേക്കുള്ള അന്വേഷണാത്മക യാത്രകള്‍ ... സാന്‍ ഫ്രാന്‍സിസ്കോ, സിംഗപ്പൂര്‍ , അര്‍ജന്റീന, ഹാംബര്‍ഗ്‌, ബെര്‍ലിന്‍ , വാഴ്‌സാ ... എന്തിനേറെ പറയുന്നു, ബെല്‍ഫാസ്റ്റിലെ ഫാള്‍സ്‌ റോഡില്‍ പോലും... ഈ സംഭവത്തെക്കുറിച്ച്‌ ഒരു കച്ചിത്തുരുമ്പെങ്കിലും ലഭിക്കുവാനായി... അതെത്ര നിസ്സാരമാണെങ്കില്‍ക്കൂടി, ഇതിന്റെ പിന്നിലെ സത്യാവസ്ഥ പുറത്ത്‌ കൊണ്ടുവരണമെന്ന വാശിയായിരുന്നു എനിക്ക്‌. പക്ഷേ, ഈ കുരുക്ക്‌ അഴിക്കുവാനായി എന്റെ പക്കല്‍ ലഭിച്ചിരിക്കുന്ന ഒരേ ഒരു നാമം അത്‌ മാത്രമായിരുന്നു... ഇതിന്റെയെല്ലാം കേന്ദ്രബിന്ദുവായ ആ വ്യക്തിയുടെ നാമം... കുര്‍ട്ട്‌ സ്റ്റെയ്‌നര്‍ ...

* * * * * * * * * * * * * * * * * * * * * * * * * * * *
(തുടരും)

Friday, August 12, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 8

ആ സമയത്താണ്‌ അരികിലെ വാതില്‍ തുറന്ന് ഫാദര്‍ വെറേക്കര്‍ പ്രത്യക്ഷപ്പെട്ടത്‌. അദ്ദേഹം എങ്ങനെ അവിടെയെത്തിയെന്ന് ദൈവത്തിന്‌ മാത്രമേ അറിയൂ. അദ്ദേഹത്തെ കണ്ടതും എനിക്ക്‌ അല്‍പ്പം ആശ്വാസം തോന്നി.

"ഹേയ്‌... എന്താണിവിടെ നടക്കുന്നത്‌...?" അദ്ദേഹം ആരാഞ്ഞു.

"ഇത്‌ ഞങ്ങള്‍ക്ക്‌ വിട്ടുതരൂ ഫാദര്‍ ‍... ഞങ്ങള്‍ കൈകാര്യം ചെയ്തോളം ഇത്‌..." താടിക്കാരന്‍ മുരണ്ടു.

"നിങ്ങള്‍ ഒരു മണ്ണാങ്കട്ടയും ചെയ്യാന്‍ പോകുന്നില്ല ആര്‍തര്‍ സെയ്‌മൂര്‍ ... അദ്ദേഹത്തിന്റെ കഴുത്തില്‍ നിന്ന് പിടി വിടൂ..." ഫാദര്‍ ആജ്ഞാപിച്ചു.

എന്റെ കോളറിലെ പിടുത്തം വിടാതെ സെയ്‌മൂര്‍ അദ്ദേഹത്തെ രൂക്ഷമായി നോക്കി. അയാളെ കീഴ്‌പ്പെടുത്താനുള്ള വഴികള്‍ എനിക്കറിയാഞ്ഞിട്ടല്ല. പക്ഷേ, ഈ അവസരത്തില്‍ അതിന്റെ ആവശ്യകതയുണ്ടെന്ന് തോന്നിയില്ല.

"സെയ്‌മൂര്‍ ...." ഫാദര്‍ വെറേക്കര്‍ ഇത്തവണ ശബ്ദമുയര്‍ത്തുക തന്നെ ചെയ്തു.

സെയ്‌മൂര്‍ സാവധാനം എന്റെ കോളറിലെ പിടി അഴച്ചു.

"വീണ്ടും ഈ വഴിക്ക്‌ ഇനി വരരുത്‌ മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌... ഇതിനകം താങ്കള്‍ക്കത്‌ മനസ്സിലായിക്കാണുമല്ലോ..." ഫാദര്‍ വെറേക്കര്‍ പറഞ്ഞു.

"ശരി ഫാദര്‍ ...'

അവിടെ ഒരു ഒച്ചപ്പാടും ബഹളവുമുണ്ടാക്കാന്‍ ഞാന്‍ ശ്രമിച്ചില്ല. എന്തായാലും ഇനി അവിടെ നില്‍ക്കുന്നത്‌ നല്ലതല്ല എന്ന് എനിക്ക്‌ മനസ്സിലായി. തിരിഞ്ഞ്‌ ഞാന്‍ പുറത്തേക്കിറങ്ങി. ഈ നിഗൂഢതയുടെ ചുരുളുകള്‍ അഴിക്കുന്നത്‌ പിന്നീടാകാം.

ചെമ്മണ്‍ പാതയിലെത്തിയ ഞാന്‍ കണ്ടത്‌ എന്റെ കാറിന്റെ ബോണറ്റിലിരുന്ന് ചുരുട്ട്‌ തെറുക്കുന്ന കുഴിവെട്ടുകാരന്‍ ലെയ്‌ക്കര്‍ ആംസ്‌ബിയെയാണ്‌. ഞാന്‍ കാറിന്റെ സമീപം എത്തിയതോടെ അയാള്‍ എഴുന്നേറ്റു.

"ഓ, നിങ്ങളെത്തിയോ... ? അവിടെ നിന്ന് രക്ഷപെട്ടുവല്ലേ...?" അയാള്‍ ചോദിച്ചു.

മുമ്പ്‌ കണ്ട അതേ കൗശലഭാവമായിരുന്നു ഇപ്പോഴും അയാളുടെ മുഖത്ത്‌. ഞാന്‍ സിഗരറ്റ്‌ പാക്കറ്റ്‌ എടുത്ത്‌ തുറന്ന് ഒരെണ്ണം അയാള്‍ക്ക്‌ നേരെ നീട്ടി.

"നിങ്ങള്‍ക്കറിയുമോ എന്നറിയില്ല... " ഞാന്‍ തുടക്കമിട്ടു. "കാണുന്ന അത്ര നിസ്സാരനല്ല നിങ്ങള്‍ എന്നാണെനിക്ക്‌ തോന്നുന്നത്‌..."

അയാള്‍ വെളുക്കെ ചിരിച്ചു. രഹസ്യങ്ങള്‍ ഒളിഞ്ഞ്‌ കിടക്കുന്ന ചിരി. പിന്നെ സിഗരറ്റ്‌ ആഞ്ഞ്‌ വലിച്ച്‌ പുകച്ചുരുളുകള്‍ മഴയത്തേക്ക്‌ മേഘശകലങ്ങള്‍ കണക്കെ ഊതി വിട്ടു.

"എന്ത്‌ തരും...?"

അയാള്‍ എന്താണുദ്ദേശിച്ചതെന്ന് ആ നിമിഷം തന്നെ എനിക്ക്‌ പിടികിട്ടി. എന്നാല്‍ കുറച്ചു കൂടി അയാള്‍ മുന്നോട്ട്‌ പോകട്ടെ എന്ന് തീരുമാനിച്ചിട്ട്‌, മനസ്സിലാകാത്തവനെപ്പോലെ ഞാന്‍ നടിച്ചു.

"എന്ത്‌ തരുമെന്നോ...? നിങ്ങള്‍ എന്താണുദ്ദേശിക്കുന്നത്‌... മനസ്സിലായില്ല..."

"നിങ്ങള്‍ക്ക്‌ വിലപ്പെട്ട വിവരങ്ങള്‍ തന്നെ... സ്റ്റെയ്‌നറെക്കുറിച്ച്‌..."

കാറില്‍ ചാരി അയാള്‍ എന്നെത്തന്നെ നോക്കികൊണ്ട്‌ നിന്നു. ഞാന്‍ പതുക്കെ പേഴ്‌സ്‌ പുറത്തെടുത്ത്‌ തുറന്ന് ഒരു അഞ്ച്‌ പൗണ്ടിന്റെ നോട്ട്‌ എടുത്ത്‌ വിരലുകള്‍ക്കിടയില്‍ പിടിച്ചു. അയാളുടെ കണ്ണുകള്‍ തിളങ്ങി. പിന്നെ മുന്നോട്ടാഞ്ഞു. ഞാന്‍ എന്റെ കൈകള്‍ പിന്‍വലിച്ചു.

"നില്‍ക്ക്‌ നില്‍ക്ക്‌... ആദ്യം എന്റെ ചോദ്യങ്ങള്‍ക്ക്‌ ഉത്തരം പറയൂ..."

"ശരി... നിങ്ങള്‍ക്കെന്തൊക്കെയാണ്‌ അറിയേണ്ടത്‌ മിസ്റ്റര്‍ ...?"

"ഈ കുര്‍ട്ട്‌ സ്റ്റെയ്‌നര്‍ .... ആരായിരുന്നു അയാള്‍ ...?"

അയാള്‍ വീണ്ടും ചിരിച്ചു. കണ്ണുകളില്‍ അതേ ഗൂഢഭാവം... കൗശലക്കാരന്റെ അതേ ചിരി...

"അത്രയേയുള്ളോ...?" അയാള്‍ പറഞ്ഞു. "സ്റ്റെയ്‌നര്‍ ... അദ്ദേഹം ... ജര്‍മ്മനിയില്‍ നിന്നും തന്റെ സംഘാംഗങ്ങളോടൊപ്പം ഇവിടെ വന്ന ചെറുപ്പക്കാരന്‍ ... മിസ്റ്റര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ വധിക്കുവാന്‍ ..."

അയാളെ നോക്കി അന്തം വിട്ട്‌ നില്‍ക്കാനേ എനിക്ക്‌ കഴിഞ്ഞുള്ളൂ. എന്റെ വിരല്‍ത്തുമ്പിലിരുന്ന അഞ്ച്‌ പൗണ്ടിന്റെ നോട്ട്‌ തട്ടിയെടുത്ത്‌ ആ ചെമ്മണ്‍ പാതയിലൂടെ അയാള്‍ ശീഘ്രം നടന്നകന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, August 5, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 7

എന്റെ ചോദ്യം ഉയര്‍ന്നതും മൗത്ത്‌ ഓര്‍ഗനിലെ ഈണം പൊടുന്നനെ നിലച്ചു. ഒപ്പം അവരുടെ സംഭാഷണവും. കുഴിവെട്ടുകാരന്‍ തന്റെ മദ്യ ചഷകത്തിന്‌ മുകളിലൂടെ എന്നെ തുറിച്ച്‌ നോക്കി. ആ നോട്ടത്തില്‍ ഒരായിരം രഹസ്യങ്ങള്‍ അടങ്ങിയിരിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നി.

"സ്റ്റെയ്‌നര്‍ ... സ്റ്റെയ്‌നര്‍ ആരായിരുന്നുവെന്ന് ചോദിച്ചാല്‍ ..."

പക്ഷേ, അയാളെ സംസാരിക്കാന്‍ സത്രത്തിന്റെ ഉടമ ജോര്‍ജ്ജ്‌ വൈല്‍ഡ്‌ സമ്മതിച്ചില്ല.

"സമയം കഴിഞ്ഞു... അടയ്ക്കാന്‍ പോകുകയാണ്‌..." പെട്ടെന്ന് വന്ന് ഒഴിഞ്ഞ ഗ്ലാസുകള്‍ എടുത്ത്‌ മേശ വൃത്തിയാക്കിട്ട്‌ അയാള്‍ പറഞ്ഞു.

ഞാന്‍ വാച്ചില്‍ നോക്കി. രണ്ടര ആകുന്നതേയുള്ളൂ.

"നിങ്ങള്‍ക്ക്‌ തെറ്റിയതാണെന്ന് തോന്നുന്നു... ഇനിയുമുണ്ടല്ലോ അര മണിക്കൂര്‍ കൂടി..." ഞാന്‍ പറഞ്ഞു.

വോഡ്‌കയുടെ പാതിയായ ഗ്ലാസ്‌ എടുത്ത്‌ എന്റെ കൈയില്‍ പിടിപ്പിച്ചിട്ട്‌ അയാള്‍ പറഞ്ഞു. "സര്‍ ... ഇതൊരു ഗ്രാമമാണ്‌... ഇവിടെ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടത്തിന്‌ തുറക്കും ... അടയ്ക്കും... അതില്‍ അതിഥികള്‍ ഇത്രമാത്രം ഉത്‌ക്കണ്ഠപ്പെടേണ്ട കാര്യമില്ല. ഇന്നെനിക്ക്‌ രണ്ടരയ്ക്ക്‌ അടക്കണമെന്ന് തോന്നിയാല്‍ രണ്ടരയ്ക്ക്‌ അടച്ചിരിക്കും... അത്രയേയുള്ളൂ..." അയാള്‍ പുഞ്ചിരിയില്‍ സൗഹൃദഭാവം വരുത്താന്‍ ശ്രമിച്ചു. "താങ്കളുടെ സ്ഥാനത്ത്‌ ഞാനായിരുന്നെങ്കില്‍ ആ ഗ്ലാസ്‌ ഇപ്പോള്‍ കാലിയാക്കിയേനെ..."

അത്ര സുഖകരമല്ലാത്ത രീതിയിലേക്കാണ്‌ കാര്യങ്ങള്‍ പോകുന്നതെന്ന് എനിക്ക്‌ തോന്നി. അവിടെ കൂടിയിരിക്കുന്നവരുടെ ശ്രദ്ധാകേന്ദ്രം ഞാനായി മാറിയിരിക്കുകയാണ്‌. താടിയുള്ള ആ ആജാനുബാഹു മുന്നോട്ടാഞ്ഞ്‌ മേശമേല്‍ കൈകുത്തി ഇരുന്ന് എന്നെ രൂക്ഷമായി നോക്കി.

"അദ്ദേഹം പറഞ്ഞത്‌ കേട്ടല്ലോ...?" അയാളുടെ സ്വരത്തിലെ ഭീഷണിയുടെ ഗന്ധം ഞാന്‍ തിരിച്ചറിഞ്ഞു. "ആ ഗ്ലാസ്‌ കാലിയാക്കിട്ട്‌ നല്ല കുട്ടിയായി പെട്ടെന്ന് സ്ഥലം വിടാന്‍ നോക്ക്‌..."

ഒരു തര്‍ക്കത്തിന്‌ ഞാന്‍ മുതിര്‍ന്നില്ല. സ്ഥിതിഗതി ഓരോ നിമിഷവും വഷളാകുന്നത്‌ ഞാന്‍ അറിഞ്ഞു. സമയം കളയാതെ വോഡ്കയും ടോണിക്കും ഞാന്‍ കൈയിലെടുത്തു. ഭയന്ന് സ്ഥലം വിടുകയല്ലെന്ന് അവരെ അറിയിക്കാനോ എന്തോ, അല്‍പ്പം സമയമെടുത്ത്‌ തന്നെ ഞാനത്‌ മുഴുവനും അകത്താക്കി. പിന്നെ പുറത്തിറങ്ങി.

വിഷമം തോന്നിയെങ്കിലും എന്റെ കൗതുകത്തിന്‌ അല്‍പ്പം പോലും മങ്ങലേറ്റില്ല. തല്‍ക്കാലം ഒന്നും ലഭിച്ചില്ലെങ്കിലും ഈ നിഗൂഢതയുടെ പിന്നിലെ രഹസ്യം കണ്ടുപിടിക്കുവാന്‍ വേറെന്തെങ്കിലും ഒരു വഴി കാണാതിരിക്കില്ല.

കാറില്‍ കയറി പാലം കടന്ന് ഗ്രാമത്തിന്‌ വെളിയിലേക്കുള്ള പാതയിലൂടെ ഞാന്‍ നീങ്ങി. ദേവാലയവും പുരോഹിതന്റെ കോട്ടേജും കടന്ന് കുറച്ച്‌ വാര മുന്നോട്ടോടിയപ്പോള്‍ പാതയോരത്തെ മണ്ണിലേക്ക്‌ ഞാന്‍ വണ്ടി ഒതുക്കി. ബ്ലാക്കെനിയിലേക്കുള്ള പാതയാണിത്‌. വണ്ടി ഓഫ്‌ ചെയ്ത്‌ എന്റെ പെന്റാക്സ്‌ ക്യാമറയും എടുത്ത്‌ ഞാന്‍ പുറത്തിറങ്ങി. എന്നിട്ട്‌ പിറകോട്ട്‌ നടന്നു.

ഒട്ടും ഭയമുണ്ടായിരുന്നില്ല എനിക്ക്‌. ഇത്‌ പോലുള്ള എത്രയോ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്‌ ഇതിന്‌ മുമ്പ്‌. ഒരിക്കല്‍ ബെല്‍ഫാസ്റ്റിലെ യൂറോപ്പാ ഹോട്ടലില്‍ നിന്ന് ആയുധധാരികള്‍ തോക്കിന്‍ മുനയില്‍ എയര്‍പ്പോര്‍ട്ടില്‍ കൊണ്ട്‌ ചെന്ന് വിട്ടത്‌... ഇനി ആ ഭാഗത്തേക്ക്‌ കണ്ടുപോകരുത്‌ എന്ന വ്യവസ്ഥയിലായിരുന്നു അത്‌. പക്ഷേ, പിന്നീടെത്രയോ തവണ ഞാനവിടെ പോയിരിക്കുന്നു... എന്തിന്‌... അതേക്കുറിച്ച്‌ ഒരു നോവല്‍ വരെ ഞാന്‍ എഴുതിയിരിക്കുന്നു...

സെമിത്തേരിയില്‍ തിരിച്ചെത്തിയപ്പോള്‍ സ്റ്റെയ്‌നറുടെ കല്ലറയുടെ സ്ലാബ്‌ ഞാന്‍ അവിടെ നിന്ന് പോരുമ്പോഴുള്ള അതേ അവസ്ഥയില്‍ തന്നെയായിരുന്നു. അതില്‍ എഴുതിയിരിക്കുന്ന ജര്‍മ്മന്‍ ലിപികളിലൂടെ വീണ്ടും കണ്ണോടിച്ചു. ഞാന്‍ സ്വയം വിഡ്ഢിയാകുകയല്ല എന്നുറപ്പ്‌ വരുത്തുവാന്‍ വേണ്ടി മാത്രം. ആ സ്ലാബിന്റെ വിവിധ ആംഗിളുകളിലുള്ള കുറച്ച്‌ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയിട്ട്‌ പുറത്ത്‌ കടന്ന് ഞാന്‍ ദേവാലയത്തിലേക്ക്‌ കയറി.

ഗോപുരത്തിന്റെ അടിഭാഗത്തായി കൊളുത്തിയിരിക്കുന്ന കര്‍ട്ടന്റെ പിന്നിലേക്ക്‌ ഞാന്‍ കടന്നു. ക്വയര്‍ പാടുന്ന കുട്ടികളുടെ വസ്ത്രങ്ങള്‍ വളരെ ചിട്ടയോടെ അവിടെ കൊളുത്തിയിട്ടിരിക്കുന്നു. സമീപത്ത്‌ ഒരു ഇരുമ്പ്‌ പെട്ടി. ഗോപുരത്തിനുള്ളില്‍ നിന്നും താഴോട്ട്‌ നീണ്ട്‌ കിടക്കുന്ന കുറേ ചരടുകള്‍ . അവിടെയുള്ള ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്‌ ഞാന്‍ വായിച്ചു. 1936 ജൂലൈ 22ന്‌ അയ്യായിരിത്തി അമ്പത്തിയെട്ട്‌ പ്രാവശ്യം മണി മുഴക്കിയത്രേ. അന്ന് മണി മുഴക്കിയ ആറ്‌ പേരുടെ കൂട്ടത്തില്‍ നമ്മുടെ ലെയ്‌ക്കര്‍ ആംസ്‌ബിയും ഉള്‍പ്പെട്ടിരിക്കുന്നു.

ആ ബോര്‍ഡില്‍ കാണപ്പെട്ട ദ്വാരങ്ങളാണ്‌ ഞാന്‍ പെട്ടെന്ന് ശ്രദ്ധിച്ചത്‌. ഒരു മെഷീണ്‍ ഗണ്ണില്‍ നിന്ന് വെടിയുതിര്‍ന്നത്‌ പോലെ നിരനിരയായി രൂപം കൊണ്ട ദ്വാരങ്ങള്‍ . അവയില്‍ പലതും പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌ വച്ച്‌ അടച്ചിരിക്കുന്നു. ആ ദൃശ്യത്തില്‍ എനിക്ക്‌ തികച്ചും അസ്വാഭാവികത അനുഭവപ്പെട്ടു. നിഗൂഢത നിറഞ്ഞ എന്തോ ഒന്ന്.

എനിക്കാവശ്യമുള്ളത്‌ ദേവാലയത്തില്‍ സൂക്ഷിച്ചിരിക്കുന്ന മരണ രജിസ്റ്ററാണ്‌. പക്ഷേ, അതിന്റെ യാതൊരു അടയാളവുമില്ല എവിടെയും. കര്‍ട്ടന്റെ പിന്നിലൂടെ ഞാന്‍ മുന്നോട്ട്‌ നീങ്ങി. സ്നാനത്തൊട്ടിയുടെ വശത്തുള്ള ചുമരില്‍ ഒരു ചെറിയ വാതില്‍ ശ്രദ്ധയില്‍ പെട്ടത്‌ പെട്ടെന്നാണ്‌. അത്‌ തുറന്ന് ഉള്ളിലേക്ക്‌ പ്രവേശിച്ച ഞാന്‍ എത്തിയത്‌ പലക കൊണ്ട്‌ പാനല്‍ ചെയ്ത ചുവരുകളുള്ള ഒരു ചെറിയ മുറിയിലാണ്‌. അവിടെയുള്ള ഷെല്‍ഫില്‍ വൈദിക വസ്ത്രങ്ങളും മറ്റും അടുക്കി വച്ചിരിക്കുന്നു. ഷെല്‍ഫിനടുത്തായി ഒരു മേശയും അലമാരയും.

അലമാര തുറക്കുവാന്‍ ഒട്ടും വിഷമമുണ്ടായില്ല. കുറേയധികം രജിസ്റ്ററുകള്‍ വൃത്തിയായി അടുക്കി വച്ചിരിക്കുന്നു. വിവിധ തട്ടുകളിലായി വച്ചിരിക്കുന്ന അവയിലൊന്നില്‍ രണ്ടാമത്തേതായിരുന്നു 1943 ലേത്‌. ശ്രദ്ധാപൂര്‍വ്വം പേജുകള്‍ മറിച്ച്‌ അവസാനമെത്തിയപ്പോഴേക്കും നിരാശയായിരുന്നു ഫലം.

1943 നവംബറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്‌ രണ്ടേ രണ്ട്‌ മരണങ്ങളാണ്‌. അത്‌ രണ്ടുമാകട്ടെ സ്ത്രീകളുടേതും. രജിസ്റ്ററിന്റെ ആദ്യം മുതലുള്ള പേജുകള്‍ ഞാന്‍ ഒരു വട്ടം കൂടി മറിച്ചു നോക്കി. അവസാന പേജിലേക്കെത്താന്‍ അധിക സമയം വേണ്ടി വന്നില്ല. അങ്ങനെ ആ വഴിയും അടഞ്ഞിരിക്കുന്നു. രജിസ്റ്റര്‍ അടച്ച്‌ ഞാന്‍ അലമാരയില്‍ തിരികെ വച്ചു. സ്റ്റെയ്‌നര്‍ ആരായിരുന്നാലും ശരി, അദ്ദേഹത്തെ ഇവിടെയാണ്‌ അടക്കം ചെയ്തിരിക്കുന്നതെങ്കില്‍ രജിസ്റ്ററില്‍ കാണേണ്ടതാണ്‌. ബ്രിട്ടീഷ്‌ നിയമം കര്‍ശനമായി അത്‌ അനുശാസിക്കുന്നുണ്ട്‌. അപ്പോള്‍ പിന്നെ എന്താണിതിന്റെയൊക്കെ അര്‍ത്ഥം...?

പുറത്തിറങ്ങി ഞാന്‍ കതക്‌ ചേര്‍ത്തടച്ചു. സത്രത്തില്‍ കണ്ടുമുട്ടിയവരില്‍ രണ്ട്‌ പേര്‍ അവിടെ നില്‍പ്പുണ്ടായിരുന്നു. ജോര്‍ജ്ജ്‌ വൈല്‍ഡും പിന്നെ ആ താടിവച്ച ഭീമാകാരനും. താടിക്കാരന്റെ കൈയിലെ ഇരട്ടക്കുഴല്‍ റൈഫിള്‍ എന്നെ അല്‍പ്പം അസ്വസ്ഥാനാക്കാതിരുന്നില്ല.

"തിരികെ പോകാന്‍ താങ്കളോട്‌ ഞാന്‍ പറഞ്ഞിരുന്നു... എന്താ ശരിയല്ലേ...? പിന്നെന്താ താങ്കള്‍ അനുസരിക്കാതിരുന്നത്‌...?" ജോര്‍ജ്ജ്‌ വൈല്‍ഡ്‌ സൗമ്യതയോടെ ചോദിച്ചു.

"നമ്മള്‍ ആരെ നോക്കിയാണ്‌ നില്‍ക്കുന്നത്‌...? ഇയാള്‍ക്ക്‌ രണ്ട്‌ കൊടുത്തിട്ട്‌ തന്നെ കാര്യം..." അപ്രതീക്ഷിതമായിട്ടായിരുന്നു ആ താടിക്കാരന്‍ മുന്നോട്ട്‌ ചാടി വീണ്‌ എന്റെ ട്രെഞ്ച്‌ കോട്ടിന്റെ കോളറില്‍ പിടിച്ചത്‌.

* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)