Thursday, October 27, 2011

ഈഗിൾ ഹാസ് ലാന്റഡ് – 18


ഹാൻസ് മെയർ, ജോവന്നയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പറഞ്ഞ് കഴിഞ്ഞതും കേണൽ റാഡ്‌ൽ പേന താഴെ വച്ചു.

“എ ഫാസിനേറ്റിങ്ങ് ലേഡി പറയാതിരിക്കാൻ കഴിയില്ല റ്റെൽ മി സംതിങ്ങ് അവർക്ക് എന്ത് മാത്രം ട്രെയിനിങ്ങ് ലഭിച്ചിട്ടുണ്ട്?” കേണൽ ചോദിച്ചു.

“ആവശ്യത്തിനും മാത്രം ഹേർ ഓബർസ്റ്റ്” മെയർ പറഞ്ഞു. “1936 ലും 1937 ലും അവധിക്കാലം ചെലവഴിക്കുവാനായി അവർ ജർമ്മനിയിൽ എത്തിയിരുന്നു അപ്പോഴെല്ലാം വിവിധ രംഗങ്ങളിൽ അവർക്ക് പരിശീലനം നൽകിയിട്ടുണ്ട് കോഡുകൾ, വയർലെസ് ആന്റ് റേഡിയോ ഓപ്പറേഷൻ, ക്യാമറയുടെ വിവിധ സാദ്ധ്യതകൾ, അട്ടിമറിയെക്കുറിച്ചുള്ള അടിസ്ഥാന ടെൿനിക്കുകൾ ഇവയിലെല്ലാം അതീവ നിപുണയാണെന്ന് പറയാൻ സാധിക്കില്ലെങ്കിലും ഒരു കാര്യം സമ്മതിച്ചേ തീരൂ മോഴ്സ് കോഡ് ഉപയോഗിക്കാൻ അതിസമർത്ഥയാണവർ അല്ലെങ്കിലും കായികക്ഷമത ആവശ്യമുള്ള ജോലികൾ സാധാരണ അവരെ ഏൽപ്പിക്കാറില്ല

“അതെനിക്കറിയാം ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ അവരുടെ പ്രാവീണ്യം എങ്ങനെയാണ്?”

“പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല ദക്ഷിണാഫ്രിക്കയിലെ പുൽമേടുകളിലാണ് അവർ വളർന്നു വന്നത്. പത്ത് വയസ്സായപ്പോഴേക്കും ഉന്നം തെറ്റാതെ മൃഗങ്ങളെ വെടി വച്ചിടാനുള്ള പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്നു അവർ

റാഡ്‌ൽ തല കുലുക്കി.

“അവരുടെ കാര്യത്തിൽ എന്തെങ്കിലും പ്രത്യേകിച്ച്? എന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടോ ഇക്കാര്യത്തിൽ ഹേർ ഓബർസ്റ്റ്?” മെയറിന് ജിജ്ഞാസ അടക്കാൻ കഴിഞ്ഞില്ല.

“ഇപ്പോഴില്ല പക്ഷേ, അധികം വൈകാതെ തന്നെ ആവശ്യം വന്നേക്കും ഐ വിൽ ലെറ്റ് യു നോ തൽക്കാലം അവരെക്കുറിച്ചുള്ള എല്ലാ ഫയലുകളും ഇവിടെയെത്തിക്കുക ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ അവരുമായി റേഡിയോ സമ്പർക്കം പാടില്ല

മെയറിന് പരിഭ്രാന്തി ഒളിപ്പിച്ച് വയ്ക്കാനായില്ല. “പ്ലീസ് ഹേർ ഓബർസ്റ്റ് ജോവന്നയുടെ ജീവൻ അപകടത്തിലാണോ?”

“ഒരിക്കലുമല്ല” റാഡ്‌ൽ പറഞ്ഞു. “താങ്കളുടെ ആകാംക്ഷ എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ, സുരക്ഷാ കാരണങ്ങളാൽ ഇക്കാര്യത്തിൽ ഇതിൽ കൂടുതലൊന്നും എനിക്കിപ്പോൾ വെളിപ്പെടുത്താനാകില്ല മെയർപക്ഷേ, അവർക്ക് യാതൊരു അപകട ഭീഷണിയുമില്ല താങ്കൾക്കെന്നെ വിശ്വസിക്കാം

മെയർ സാധാരണ നിലയിലേക്കെത്തി. “ക്ഷമിക്കൂ ഹേർ ഓബർസ്റ്റ് അവരുടെ ഒരു പഴയ സുഹൃത്തെന്ന നിലയിൽ ഞാൻ അല്പം ഉത്കണ്ഠാകുലനായിപ്പോയിഎന്നാൽ ഞാൻ ഇറങ്ങട്ടെ

അദ്ദേഹം പുറത്തിറങ്ങി അൽപ്പസമയത്തിന് ശേഷം കാൾ ഹോഫർ മുറിയിൽ പ്രവേശിച്ചു. അദ്ദേഹത്തിന്റെ കൈവശം കുറേ ഫയലുകളും ഒന്നു രണ്ട് ഭൂപടങ്ങളുമുണ്ടായിരുന്നു.

“താങ്കൾ ആവശ്യപ്പെട്ട ഫയലുകൾ ഹേർ ഓബർസ്റ്റ് ആ തീരപ്രദേശത്തിന്റെ ബ്രിട്ടീഷ് അഡ്മിറാലിറ്റി ചാർട്ടുകളുമുണ്ട് നമ്പർ 108 ഉം നമ്പർ 106 ഉം…“

“ജോവന്നയെക്കുറിച്ചുള്ള സകല ഫയലുകളും ഇവിടെയെത്തിക്കാൻ ഞാൻ മെയറിനോട് പറഞ്ഞിട്ടുണ്ട് ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ റേഡിയോ ബന്ധം പാടില്ല എന്നും യൂ ടേക്ക് ഓവർ ഫ്രം നൌ ഓൺ

മുന്നോട്ടാഞ്ഞ് അദ്ദേഹം തന്റെ റഷ്യൻ സിഗരറ്റുകളിലൊന്നെടുത്ത് ചുണ്ടിൽ വച്ചു. ഹോഫർ അതിന് തീ കൊളുത്തിക്കൊടുത്തു.  “അപ്പോൾ നാം ഇതുമായി മുന്നോട്ട് നീങ്ങുകയാണോ ഹേർ ഓബർസ്റ്റ്?”

റാഡ്‌ൽ ഒരു കവിൾ പുക മുകളിലേക്ക് ഊതി വിട്ടു. മേഘ ശകലങ്ങൾ കണക്കെ അത് സീലിങ്ങിന് സമീപം വട്ടം ചുറ്റി.

കാൾ യുങ്ങിന്റെ തിയറികൾ പരിചയമുണ്ടോ നിങ്ങൾക്ക്?”

 “താങ്കൾക്കറിയാമല്ലോ ഹേർ ഓബർസ്റ്റ് എനിക്കിതിലൊന്നും വലിയ പിടിയില്ല എന്ന്

”പൊരുത്തങ്ങളും സമാനതകളും അതേക്കുറിച്ച് അദ്ദേഹം പറയുന്നുണ്ട് ചില സംഭവങ്ങളുടെ ആകസ്മികത അത് ഉളവാക്കുന്ന ഊർജ്ജം അത് നിസ്സാരമല്ല

“ഹേർ ഓബർസ്റ്റ്…?  ഒന്നും മനസിലാകാതെ ഹോഫർ അദ്ദേഹത്തെ നോക്കി.

“ഇക്കാര്യം തന്നെയെടുക്കൂ ഫ്യൂറർ ഏതോ ഒരു നിമിഷത്തിൽ അദ്ദേഹത്തിന്റെ മനസ്സിൽ തോന്നിയ ഒരു മണ്ടൻ ആശയം ഗ്രാൻ സാസോയിൽ നിന്ന്‌ സ്കോർസെനി, മുസ്സോളിനിയെ മോചിപ്പിച്ച് കൊണ്ടു വന്നപോലെ വിൻസ്റ്റൺ ചർച്ചിലിനെ തട്ടിക്കൊണ്ട് വരിക ജീവനോടെയോ അല്ലാതെയോ എന്ന് പറഞ്ഞിട്ടില്ല... അത് വേറെ കാര്യം തൊട്ട് പിന്നാലെ ഇവിടെ എത്തിയ അബ്ഫെറിന്റെ റിപ്പോർട്ട് വാരാന്ത്യം ചെലവഴിക്കാൻ ചർച്ചിൽ നോർഫോക്കിൽ എത്തുന്ന കാര്യം കടൽത്തീരത്ത് നിന്നും ഏഴോ എട്ടോ മൈൽ മാത്രം ദൂരെയുള്ള കുഗ്രാമത്തിൽ ഞാൻ പറഞ്ഞ് വരുന്നത് മനസ്സിലാകുന്നുണ്ടോ? വേറെ ഏത് അവസരത്തിലായിരുന്നാലും ജോവന്നയുടെ റിപ്പോർട്ടിന് ഒരു പ്രാധാന്യവും ഉണ്ടാകുമായിരുന്നില്ല

“അപ്പോൾ നാം ഇതുമായി മുന്നോട്ട് നീങ്ങുന്നു അല്ലേ ഹേർ ഓബർസ്റ്റ്?”

“അതേ വിധി അതിന് നമ്മളെ നിർബന്ധിതരാക്കിയിരിക്കുന്നു കാൾ മിസിസ് ഗ്രേയുടെ റിപ്പോർട്ടുകൾ സ്പാനിഷ് ഡിപ്ലോമാറ്റിക് ബാഗിൽ ഇവിടെയെത്താൻ എത്ര സമയമെടുക്കുമെന്നാണ് നിങ്ങൾ പറഞ്ഞത്?”

“അത് കളക്റ്റ് ചെയ്യുവാനായി ആരെങ്കിലും മാഡ്രിഡിൽ ചെന്നാൽ മൂന്ന് ദിവസംഅല്ലെങ്കിൽ ഏറി വന്നാൽ ഒരാഴ്ച്ച അതിലധികം എടുക്കില്ല ഹേർ ഓബർസ്റ്റ്

 “എപ്പോഴാണ് ഇനി അവരുമായുള്ള അടുത്ത റേഡിയോ ബന്ധം?”

“ഇന്ന് വൈകുന്നേരം ഹേർ ഓബർസ്റ്റ്

“ഗുഡ് സെന്റ് ഹെർ ദിസ് മെസ്സേജ്  റാഡ്‌ൽ മുറിയുടെ സീലിങ്ങിലേക്ക് നോക്കി. തന്റെ ചിന്തകളെ അദ്ദേഹം വിവിധ മണ്ഡലങ്ങളിലൂടെ സഞ്ചരിപ്പിക്കുന്നത് പോലെ തോന്നി. പിന്നെ തിരികെയെത്തി.

“നവംബർ ആറാം തീയതിയിലെ നിങ്ങളുടെ സന്ദർശകന്റെ കാര്യത്തിൽ ഞങ്ങൾക്ക് വളരെയേറെ താല്പര്യമുണ്ട് അദ്ദേഹത്തെ കാണുവാനായി ചില സുഹൃത്തുക്കളെ അവിടെ ഇറക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ഇങ്ങോട്ട് കൂട്ടിക്കൊണ്ടു വരുവാനാണ് അവരുടെ പദ്ധതി. ഇതേക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം എത്രയും പെട്ടെന്ന് അറിയുവാൻ ആഗ്രഹിക്കുന്നു. ബൈ നോർമൽ റൂട്ട് വിത്ത് ഓൾ റിലവന്റ് ഇൻഫർമേഷൻ

“ഇത്രയും മതിയോ ഹേർ ഓബർസ്റ്റ്?”

“ഐ തിങ്ക് സോ

(തുടരും)

Thursday, October 20, 2011

ഈഗിൾ ഹാസ് ലാന്റഡ് – 17

പിന്നീട് ഹാൻസ് മെയർ ജർമ്മനിയിലേക്ക് തിരിച്ച് പോയി. എന്നിട്ടും അവർ തമ്മിലുള്ള ബന്ധം കത്തിടപാടുകളിലൂടെ തുടർന്നു കൊണ്ടിരുന്നു. 1929 ലാണ് യൂറോപ്പിൽ ഒന്നാകെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിക്കുന്നത്. ലോകമൊന്നാകെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന സമയം. എന്നാൽ ജോവന്ന ഗ്രേയുടെ ജീവിതത്തിൽ ശുക്രദശയുടെ  ആരംഭവും പേറിക്കൊണ്ട് ഒരു കത്ത് വന്നത് ആ അവസരത്തിലായിരുന്നു.ബ്രിട്ടനിലെ നോർവിച്ചിൽ നിന്നായിരുന്നു ആ കത്ത്. ഒരു അഭിഭാഷകന്റെ. അവരുടെ ഭർത്താവ് ഡോക്ടർ ഗ്രേയുടെ ഒരു അമ്മായി മരണമടഞ്ഞിരിക്കുന്നു. അവരുടെ സമ്പാദ്യങ്ങളെല്ലാം ജോവന്നയുടെ പേരിൽ എഴുതി വച്ചിട്ടാണ് ഈ ലോകത്തോട് അവർ വിട പറഞ്ഞത്. വടക്കൻ നോർഫോക്കിലെ കുഗ്രാമമായ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ ഒരു കോട്ടേജും പിന്നെ വർഷത്തിൽ നാലായിരം പൌണ്ടിന് മുകളിൽ വരുമാനമുള്ള കുറച്ച് സ്ഥലവും.

ഇംഗ്ലണ്ടിൽ ജീവിക്കുക ! അതോർത്തപ്പോൾ തന്നെ അവരുടെയുള്ളിൽ വെറുപ്പ് നുരഞ്ഞ് പൊങ്ങി. പക്ഷേ, അതല്ലാതെ വേറെ എന്ത് മാർഗ്ഗമുണ്ടായിരുന്നു അവർക്ക് മുന്നിൽ..? ജീവിത സായാഹ്നത്തിൽ ഒരടിമയെപ്പോലെ ദാരിദ്ര്യം നിറഞ്ഞ ഈ ജീവിതം തുടരുകയോ? ലൈബ്രറിയിൽ നിന്നും അവർ നോർഫോക്കിനെക്കുറിച്ചുള്ള ഒരു പുസ്തകം തെരഞ്ഞെടുത്ത് ശ്രദ്ധയോടെ വായിച്ചു. പ്രത്യേകിച്ചും വടക്കൻ തീരപ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ.

 അവിടുത്തെ സ്ഥലനാമങ്ങൾ അവരെ അത്ഭുതപ്പെടുത്തി. സ്റ്റിഫ്‌കീ, മോർസ്റ്റൺ, ബ്ലാക്കെനീ, ക്ലേ പിന്നെ ഉപ്പ് നിറഞ്ഞ ചതുപ്പ് നിലങ്ങൾ, ചരലും മിനുസമുള്ള ചെറിയ ഉരുളൻ കല്ലുകളും നിറഞ്ഞ ബീച്ചുകൾ എങ്കിലും ഇവയൊന്നും തന്നെ അവരിൽ പ്രത്യേകിച്ച് ഒരു ചലനവും സൃഷ്ടിച്ചില്ല. എന്ത് തീരുമാനമെടുക്കണമെന്നതിനെക്കുറിച്ചുള്ള സന്ദേഹവുമായി അവർ ഹാൻസ് മെയറിന് കത്തെഴുതി. മറ്റൊന്നുമാലോചിക്കാൻ നിൽക്കാതെ ഇംഗ്ലണ്ടിലേക്ക് പോകുവാനായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം. ഉടൻ തന്നെ അവരെ സന്ദർശിക്കുവാൻ ഇംഗ്ലണ്ടിലേക്ക് വരുന്നുണ്ടെന്നും അദ്ദേഹം എഴുതി.

തന്റെ ജീവിതത്തിൽ അവരെടുത്ത ഏറ്റവും ശരിയായ തീരുമാനമായിരുന്നു അത്. കോമ്പൌണ്ട് വാളോടു കൂടിയ അര ഏക്കർ പുരയിടത്തിലായിരുന്നു അഞ്ച് ബെഡ്‌റൂമുകളുള്ള കമനീയമായ ആ വില്ല. നോർഫോക്ക് അക്കാലത്ത് വെറുമൊരു ഉൾനാടൻ പ്രദേശമായിരുന്നു. അവിടെയുള്ള സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്ന ആ കൊച്ചു ഗ്രാമത്തിൽ ഒരു ധനികയുടെ വേഷമാണ് നാട്ടുകാർ അവർക്ക് നൽകിയത്. ആ പ്രദേശത്തെ ഒരു പ്രധാന വ്യക്തിയായി നാട്ടുകാർ അവരെ അംഗീകരിച്ചു. ആ ചതുപ്പുനിലങ്ങളും ചരൽ നിറഞ്ഞ കടൽത്തീരങ്ങളും ജോവന്നയുടെ ഇഷ്ടപ്പെട്ട സ്ഥലങ്ങളായി മാറി. തന്റെ ജീവിതത്തിൽ ആദ്യമായി സന്തോഷമെന്തെന്ന് അവർ അറിയുവാൻ തുടങ്ങി.

ആ വസന്തകാലത്തിൽ ഹാൻസ് മെയർ ഇംഗ്ലണ്ട് സന്ദർശിക്കുവാനെത്തി. സായാഹ്നങ്ങളിൽ ഇരുവരും നടക്കുവാനിറങ്ങുമായിരുന്നു. നീണ്ട നടത്തം. അനന്തമായി നീണ്ട് കിടക്കുന്ന കടൽത്തീരം, ചതുപ്പ് നിലങ്ങൾ, ബ്ലാക്കെനിയിലെ മണൽക്കുന്നുകൾ എല്ലാമെല്ലാം അവർ അദ്ദേഹത്തിന് കാണിച്ച് കൊടുത്തു. കേപ് ടൌണിൽ ആയിരുന്നപ്പോൾ അവർ ചോർത്തിക്കൊടുത്തിരുന്ന രഹസ്യ വിവരങ്ങളെക്കുറിച്ചൊന്നും അദ്ദേഹം ഒരു വാക്ക് പോലും അപ്പോൾ പരാമർശിച്ചില്ല. അദ്ദേഹം ഇപ്പോൾ എന്ത് ചെയ്യുന്നുവെന്ന് ജോവന്നയും ചോദിച്ചില്ല.

അവരുടെ എഴുത്തുകുത്തുകൾ നിർബാധം തുടർന്നു. 1935 ൽ അവർ അദ്ദേഹത്തെ സന്ദർശിക്കുവാൻ ബെർലിനിൽ എത്തി. ദേശീയ സോഷ്യലിസം ജർമ്മനിയെ എങ്ങനെ മാറ്റിയിരിക്കുന്നുവെന്ന് അദ്ദേഹം അവർക്ക് കാണിച്ച് കൊടുത്തു. അവിടെ കണ്ടതെല്ലാം അവർക്ക് ഒരു ലഹരിയായി. കൂറ്റൻ റാലികൾ, എവിടെ നോക്കിയാലും യൂണിഫോം ധരിച്ച പട്ടാളക്കാർ, സുന്ദരന്മാരായ യുവാക്കൾ, ചിരിച്ച് കളിച്ച് ആഹ്ലാദത്തോടെ നടക്കുന്ന സ്ത്രീകളും കുട്ടികളും അടുക്കും ചിട്ടയും നിറഞ്ഞ പുതിയൊരു ലോകം ജീവിതം എന്ന് പറഞ്ഞാൽ ഇങ്ങനെയായിരിക്കണം

ഒരു സായാഹ്നത്തിൽ ഓപ്പറ കണ്ടതിന് ശേഷം അണ്ടർ ഡെൻ ലിൻഡൻ തെരുവിലൂടെ തിരിച്ച് വരികയായിരുന്നു ഇരുവരും. സദസ്യരുടെ ഇടയിൽ സാക്ഷാൽ അഡോൾഫ് ഹിറ്റ്‌ലറെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ജോവന്ന. താൻ ഇന്റലിജൻസ് വിഭാഗമായ അബ്‌ഫെറിലാണ് ജോലി ചെയ്യുന്നതെന്ന്  അപ്പോഴാണ് മെയർ വെളിപ്പെടുത്തിയത്. ജർമ്മൻ ഇന്റലിജൻസിന്റെ ബ്രിട്ടണിലെ ഏജന്റ് ആയി പ്രവർത്തിക്കാൻ താൽപ്പര്യമുണ്ടോ എന്ന് അദ്ദേഹം ആരാഞ്ഞപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല അവർക്ക്.

ജീവിതത്തിൽ ഇന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ഉന്മാദം ശരീരത്തിലൂടെ പാഞ്ഞ് പോകുന്നത് പോലെ തോന്നി അവർക്ക്. അങ്ങനെ തന്റെ അറുപതാ‍മത്തെ വയസ്സിൽ അവർ ഒരു സ്പൈ ആയി. തന്റെ ഗ്രാമത്തിൽ ആർക്കും ഒരു സംശയത്തിനിട നൽകാത്ത വിധമായിരുന്നു അവരുടെ ജീവിത രീതി. പൂർണ്ണമായും നര ബാധിച്ച മുടിയും സദാ പ്രസന്ന വദനവുമായി നാട്ടുപാതയിലൂടെ നടക്കാറുള്ള അവർ എല്ലാവരുടെയും സ്നേഹത്തിനും ബഹുമാനത്തിനും പാത്രമായി. തന്റെ ഓഫീസ് റൂമിന്റെ ചുവരിലെ പാനലിങ്ങിന്റെ പിറകിൽ ഒരു വയർലെസ് ട്രാൻസ്മിറ്ററും റിസീവറും ഒളിപ്പിച്ച് വച്ചിരിക്കുന്ന വസ്തുത ആർക്കുമറിയാത്ത രഹസ്യമാണ്. അവർക്ക് ലഭിക്കുന്ന രഹസ്യവിവരങ്ങളെല്ലാം സ്പാനിഷ് എംബസിയിലെ പരിചയക്കാരൻ മുഖേന മാഡ്രിഡിലേക്ക് ഡിപ്ലോമാറ്റിക്ക് ബാഗിൽ സുഗമമായി പോയ്ക്കൊണ്ടിരുന്നു. അവിടെ നിന്ന് സുരക്ഷിതമായി ജർമ്മൻ ഇന്റലിജൻസിലേക്കും.

അവരുടെ ചാരപ്രവർത്തനം യാതൊരു തടസവുമില്ലാതെ തുടർന്നുകൊണ്ടിരുന്നു. വിമൻസ് വളണ്ടറി സർവീസിലെ ഒരു അംഗമായിരുന്നതിനാൽ പല മിലിട്ടറി ഇൻസ്റ്റലേഷനുകളും സന്ദർശിക്കുവാനുള്ള അവസരങ്ങൾ അവർക്ക് ധാരാളമായി ലഭിച്ചു പോന്നു. നോർഫോക്കിൽ സ്ഥിതി ചെയ്യുന്ന റോയൽ എയർഫോഴ്സിന്റെ ബോംബർ സ്റ്റേഷനുകളെക്കുറിച്ചുള്ള അതീവ രഹസ്യ വിവരങ്ങൾ അവർ വഴി ജർമ്മനിയിലെത്തിക്കൊണ്ടിരുന്നു. 1943 ൽ റോയൽ എയർ ഫോഴ്സിന്റെ നൈറ്റ് ബോംബിങ്ങ് ടെൿനോളജിയെക്കുറിച്ച് ഏറ്റവും നിർണ്ണായകമായ ചില  രഹസ്യവിവരങ്ങൾ കൈമാറിയതോടെ ജർമ്മൻ ഇന്റലിജൻസിൽ അവരെക്കുറിച്ചുള്ള മതിപ്പ് കുത്തനെ വർദ്ധിച്ചു.

അവയിൽ ഏറ്റവും മുഖ്യം ‘ഓബോ ഇൻസ്റ്റലേഷൻ’ ആയിരുന്നു. ഇംഗ്ലണ്ടിലെ രണ്ട് ഗ്രൌണ്ട് സ്റ്റേഷനുകളെ പരസ്പരം ബന്ധിപ്പിച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഓപ്പറേഷനായിരുന്നുവത്. അവയിൽ ഒന്ന് ‘മൌസ്’ എന്ന കോഡ് നാമത്തിൽ ഡോവറിലും മറ്റൊന്ന് ‘ക്യാറ്റ്’ എന്ന നാമത്തിൽ  വടക്കൻ നോർഫോക്കിലെ ക്രോമറിലുമാണ് സ്ഥിതി ചെയ്തിരുന്നത്.

വിമൻസ് വളണ്ടറി സർവീസിലുള്ള മാന്യയായ ആ വനിതക്ക് എത്ര വിവരങ്ങൾ വേണമെങ്കിലും നൽകാൻ തയ്യാറായിരുന്നു റോയൽ എയർഫോഴ്സിലെ ഉദ്യോഗസ്ഥർ. അവരുടെ ഓരോ സന്ദർശനത്തിലും എയർഫോഴ്സ് ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങളും  ഒരു കപ്പ് ചായയും നൽകി അവർ ജോവന്നയെ സൽക്കരിച്ചു. ഒരു പ്രാവശ്യത്തെ സന്ദർശനത്തിനിടയിൽ തന്റെ കൈവശമുള്ള കൊച്ചു ക്യാമറയിൽ അവിടുത്തെ നിർണ്ണായകമായ ചില ഇൻസ്റ്റലേഷനുകളുടെ ചിത്രങ്ങളും പകർത്തുവാൻ അവർക്ക് കഴിഞ്ഞു. സ്പാനിഷ് എംബസിയിലെ ക്ലർക്കായ സെനർ ലോർക്ക ആയിരുന്നു അതെല്ലാം മാഡ്രിഡിൽ എത്തിക്കാൻ അവരെ സഹായിച്ചിരുന്നത്. ഒരു ദിവസത്തെ യാത്രയ്ക്കൊടുവിൽ ലണ്ടനിലെ ഗ്രീൻ പാർക്കിൽ വച്ച് അവർ തമ്മിൽ സന്ധിച്ച് ആ ചിത്രങ്ങൾ കൈമാറാൻ ഒരു ഫോൺ കോൾ മാത്രമേ വേണ്ടി വന്നുള്ളൂ.

ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ ഓബോ ഇൻസ്റ്റലേഷനെക്കുറിച്ചുള്ള സമ്പൂർണ്ണ വിവരങ്ങളും സ്പാനിഷ് ഡിപ്ലോമാറ്റിക്ക് ബാഗിൽ ഇംഗ്ലണ്ട് വിട്ടു കഴിഞ്ഞിരുന്നു. മുപ്പത്തിയാറ് മണിക്കൂർ ആയപ്പോഴേക്കും ആ രേഖകളെല്ലാം ടിർപിറ്റ്സ് യൂഫറിലുള്ള അഡ്‌മിറൽ കാനറീസിന്റെ മേശമേൽ നിരത്തുകയായിരുന്നു ഉന്മേഷഭരിതനായ ഹാൻസ് മെയർ.

(തുടരും)

Wednesday, October 12, 2011

ഈഗിൾ ഹാസ് ലാന്റഡ് – 16


ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണഭാഗത്തുള്ള ഒരു സ്വതന്ത്രരാഷ്ട്രമായിരുന്ന ഓറഞ്ച് ഫ്രീ സ്റ്റേറ്റിലെ ഒരു കർഷകന്റെ മകളായി 1875 മാർച്ച് മാ‍സത്തിലാണ് ജോവന്നാ വാൻ യൂസ്റ്റൺ ജനിച്ചത്. വിയർസ്കോപ്പ് എന്ന ചെറു പട്ടണത്തിലെ ദേവാലയത്തിൽ പാതിരിയും കൂടിയായിരുന്നു അവളുടെ പിതാവ്. 1836 മുതൽ 1838 വരെയുണ്ടായ ബ്രിട്ടീഷ് അധിനിവേശത്തെ തുടർന്ന് കേപ്പ് കോളനിയിൽ നിന്ന് പലായനം ചെയ്ത പതിനായിരത്തോളം വരുന്ന ബോവർ സ്വദേശികളായ കർഷകരിൽ ഒരുവനായിരുന്നു അദ്ദേഹവും.

 ഇരുപതാമത്തെ വയസ്സിലാണ് ജോവന്നയുടെ വിവാഹം കഴിഞ്ഞത്. ഡെർക്ക് ജെൻസൺ എന്നൊരു കർഷകനുമായി. 1898 ൽ അവർക്കൊരു പെൺകുഞ്ഞ് ജനിച്ചു. ബോവർ യുദ്ധം എന്ന് പിന്നീട് അറിയപ്പെട്ട  ബോവർ - ബ്രിട്ടീഷ് ഏറ്റുമുട്ടലുകൾ തുടങ്ങുന്നതിനും ഒരു വർഷം മുമ്പ്.

ബോവർ യുദ്ധത്തിൽ ഒരു കമാന്റോ ആയി  സ്വയം മാറി ജോവന്നയുടെ പിതാവ്. 1900 മെയ് മാസത്തിൽ ബ്ലോംഫൊണ്ടെയ്നിൽ വച്ചുണ്ടായ ഒരു ഏറ്റുമുട്ടലിൽ അദ്ദേഹം കൊല്ലപ്പെട്ടു.  ആ സംഭവത്തിന് ശേഷം താമസിയാതെ യുദ്ധം പ്രത്യക്ഷത്തിൽ അവസാനിച്ചുവെങ്കിലും അങ്ങിങ്ങായി ഗറില്ലാ പോരാട്ടങ്ങൾ പിന്നെയും തുടർന്നു കൊണ്ടിരുന്നു. ജോവന്നയുടെ ഭർത്താവ് ഡെർക്ക് ജെൻസണും അതിൽ പങ്കാളിയായിരുന്നു.

1901 ജൂൺ 11 ന്‌ ജെൻസണെ പിടികൂടുവാനായി ബ്രിട്ടീഷ് പട്ടാളം അവരുടെ വീട് സെർച്ച് ചെയ്തു. പക്ഷേ, പട്ടാളക്കാർക്കെന്ന പോലെ ജോവന്നയ്ക്കും അറിയില്ലായിരുന്നു മലനിരകളിലെ ഒളിത്താവളത്തിൽ വച്ച് രണ്ട് മാസങ്ങൾക്ക് മുമ്പ് പരിക്കേറ്റ് അദ്ദേഹം കൊല്ലപ്പെട്ടിരുന്ന വിവരം. ജോവന്നയും മകളും മാതാവും മാത്രമേ അപ്പോൾ അവിടെയുണ്ടായിരുന്നുള്ളൂ. സൈനികരുടെ ചോദ്യങ്ങൾക്ക് തൃപ്തികരമായ ഉത്തരങ്ങൾ കൊടുക്കുവാൻ അവൾ തയ്യാറായിരുന്നില്ല. അതിനേ തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി അവർ അവളെ അടുത്തുള്ള ക്യാമ്പിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് അവൾ രണ്ട് തവണ ക്രൂരമായ ബലാത്സംഗത്തിനിരയാക്കപ്പെട്ടു.

ലോക്കൽ ഏരിയ കമാൻഡർക്ക് അവൾ സമർപ്പിച്ച പരാതിയിൽ കാര്യമായ നടപടികളൊന്നുമുണ്ടായില്ല. വിപരീതമായി, ബ്രിട്ടീഷുകാർ അവരുടെ അധിനിവേശം തുടരുകയായിരുന്നു. ഗറില്ലകളെ ഉന്മൂലനം ചെയ്യുവാനായി അവർ കർഷകരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും മറ്റും അഗ്നിക്കിരയാക്കി. തടവുകാരാക്കിയവരെ മുഴുവനും കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലാക്കി.

വളരെ പരിതാപകരമായിരുന്നു ക്യാമ്പുകളിലെ സ്ഥിതി. മന:പൂർവ്വമല്ലെങ്കിലും കെടുകാര്യസ്ഥതയായിരുന്നു ആ ദുരവസ്ഥയ്ക്ക് കാരണം. പകർച്ച വ്യാധികൾ എങ്ങും പൊട്ടിപ്പുറപ്പെട്ടു. പതിനാല് മാസത്തിനുള്ളിൽ ഏതാണ്ട് ഇരുപതിനായിരത്തിലധികം പേർ മരണമടഞ്ഞു. ജോവന്നയുടെ മകളും മാതാവും അക്കൂട്ടത്തിലുണ്ടായിരുന്നു. ചാൾസ് ഗ്രേ എന്നൊരു ബ്രിട്ടീഷ് ഡോക്ടറുടെ ശ്രദ്ധാപുർവമുള്ള ചികിത്സയും പരിചരണവുമില്ലായിരുന്നുവെങ്കിൽ അവളും അവർക്കൊപ്പം അന്ന് ഈ ലോകത്തോട് വിട പറയേണ്ടതായിരുന്നു. ബോവർ കോൺസൻ‌ട്രേഷൻ ക്യാമ്പുകളിലെ യാതനകൾക്കെതിരെ അങ്ങ് ഇംഗ്ലണ്ടിൽ ജനരോഷമുയർന്നപ്പോൾ സ്ഥിതിഗതികൾ മെച്ചപ്പെടുത്തുവാനായി അയച്ചതായിരുന്നു ഡോക്ടർ ഗ്രേയെ.

ബ്രിട്ടീഷ്കാരോടുള്ള അവളുടെ വെറുപ്പ് അതിന്റെ മൂർദ്ധന്യത്തിലെത്തിയിരുന്നു. എങ്കിലും തന്റെ മുന്നിൽ വിവാഹാഭ്യർത്ഥനയുമായി വന്ന ഡോക്ടർ ഗ്രേയെ വിവാഹം കഴിയ്ക്കുവാൻ അവൾ തയ്യാറായി. വെറും ഇരുപത്തിയെട്ട് വയസ്സ് മാത്രമേയുണ്ടായിരുന്നു അന്നവൾക്ക്. ഭർത്താവും മകളും നഷ്ടപ്പെട്ട അവൾക്ക് ഒരു കൈത്താങ്ങിന് ആരും തന്നെയുണ്ടായിരുന്നില്ല. ഉറ്റവരോ ഉടയവരോ ആയി ആരും തന്നെ ഒരു ചില്ലിക്കാശ് പോലും അവളുടെ പേരിൽ ഉണ്ടായിരുന്നില്ല അന്ന്.

ഡോക്ടർ ഗ്രേ അവളെ ജീവന് തുല്യം സ്നേഹിച്ചുവെന്നതിൽ സംശയമേയുണ്ടായിരുന്നില്ല. അവളേക്കാൾ പതിനഞ്ച് വയസ്സ് അധികമുണ്ടായിരുന്നു അദ്ദേഹത്തിന്.  വർഷങ്ങൾ കടന്ന് പോയതോടെ അവൾക്കും അദ്ദേഹത്തോട് ഒരളവിൽ സ്നേഹവും ബഹുമാനവും തോന്നിത്തുടങ്ങിയിരുന്നു.

ലണ്ടൻ ബൈബിൾ സൊസൈറ്റിയുടെ കീഴിൽ ഒരു മെഡിക്കൽ മിഷണറി ആയി ജോലി നോക്കാൻ അദ്ദേഹം തീരുമാനിച്ചപ്പോൾ അവൾ എതിർത്തില്ല. അദ്ദേഹത്തോടൊപ്പം റൊഡേഷ്യയിലും കെനിയയിലും സുലുവിലും ഒക്കെ അവൾ സഞ്ചരിച്ചു. അദ്ദേഹത്തിന്റെ ജോലിയിൽ ഒരു സഹായിയായി അവൾ വർത്തിച്ചു.

1925 ൽ ഹൃദയാഘാതത്തെ തുടർന്ന് ഡോക്ടർ ഗ്രേ മരണമടഞ്ഞു. ജോവന്നയ്ക്ക് അപ്പോൾ അമ്പത്തിയൊന്ന് വയസായിരുന്നു. ശിഷ്ടകാലത്തെ അവളുടെ ജീവിതത്തിനായി ഡോക്ടർ ഗ്രേയുടെ അക്കൌണ്ടിൽ വെറും നൂറ്റിയമ്പത് പൌണ്ട് മാത്രമാണ് അവശേഷിച്ചിരുന്നത്. ജീവിതത്തിൽ ഏൽക്കേണ്ടി വന്ന മറ്റൊരു കനത്ത പ്രഹരം കൂടി. പക്ഷേ, ജീവിതം മുന്നോട്ട് തന്നെ നീങ്ങി. കേപ് ടൌണിൽ സേവനമനുഷ്ഠിച്ച് കൊണ്ടിരുന്ന ഒരു ബ്രീട്ടീഷ് കുടുംബത്തിലെ കുട്ടികൾക്ക് ട്യൂഷൻ നൽകുന്ന ജോലി അവൾ സമ്പാദിച്ചു.

ഈ കാലയളവിലാണ് ബോവർ ദേശീയതയെ കുറിച്ച് അവൾ കൂടുതൽ പഠിക്കാൻ തുടങ്ങിയത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും ദക്ഷിണാഫ്രിക്കയെ മോചിപ്പിക്കുവാനുള്ള മുന്നേറ്റങ്ങൾ അന്നേ തുടങ്ങിക്കഴിഞ്ഞിരുന്നു. ആ സംഘടനകളുടെ യോഗങ്ങളിൽ അവൾ പങ്കെടുക്കുവാൻ തുടങ്ങി. അത്തരം ഒരു യോഗത്തിൽ വച്ചാണ് ജർമ്മൻ സിവിൽ എൻ‌ജിനീയറായ ഹാൻസ് മെയറെ അവൾ കണ്ടുമുട്ടുന്നത്.  തന്നേക്കാൾ പത്ത് വയസ്സ് കുറവായിരുന്നു അയാൾക്കെങ്കിലും ഒരു പ്രണയം പുഷ്പിക്കുവാൻ അതൊരു തടസ്സമായിരുന്നില്ല. തന്റെ ആദ്യവിവാഹത്തിന് ശേഷം ജീവിതത്തിൽ ഒരു പുരുഷനോട് ആത്മാർത്ഥമായ അടുപ്പം തോന്നിയത് അപ്പോഴായിരുന്നു.

യഥാർത്ഥത്തിൽ മെയർ, ജർമ്മൻ നേവൽ ഇന്റലിജൻസ് വിഭാഗത്തിന്റെ ഒരു ഏജന്റ് ആയിരുന്നു. ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണിൽ ബ്രിട്ടീഷ് നേവിയുടെ സന്നാഹങ്ങളെക്കുറിച്ചുള്ള കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ചുമതല. ഭാഗ്യവശാൽ ജോവന്ന ജോലി ചെയ്തിരുന്നത് ബ്രിട്ടീഷ് നേവിയിലെ ഉദ്യോഗസ്ഥന്റെ വസതിയിലായിരുന്നു. അതിനാൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ തന്നെ വിലപ്പെട്ട പല രേഖകളും അദ്ദേഹത്തിന്റെ വസതയിൽ നിന്നും ഹാൻസ് മെയറിന് കൈമാറാൻ അവൾക്ക് കഴിഞ്ഞു. അവയുടെ കോപ്പികൾ എടുത്തിട്ട് രേഖകളൊന്നു പോലും നഷ്ടപ്പെടാതെ  തിരിച്ചേൽപ്പിക്കുവാൻ മെയർ ശ്രദ്ധിച്ചിരുന്നു.

താൻ ചെയ്യുന്ന   പ്രവൃത്തിയിൽ അവൾ ആഹ്ലാദം കണ്ടെത്തി. കാരണം, അവൾ അദ്ദേഹത്തെ അത്ര മാത്രം ഇഷ്ടപ്പെട്ടിരുന്നു. എന്നാൽ അതിനേക്കാൾ ഉപരിയായി മറ്റൊരു കാരണവും കൂടിയുണ്ടായിരുന്നു. ജീവിതത്തിലാദ്യമായി അവൾ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായി എന്തെങ്കിലും ചെയ്യുകയായിരുന്നു. തന്റെ ജീവിതത്തിലെ സകല യാതനകൾക്കും കാരണമായ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായി  പ്രവർത്തിക്കുന്നതിൽ അവൾ അങ്ങേയറ്റം ആഹ്ലാദിച്ചു.

പിന്നീട് ഹാൻസ് മെയർ ജർമ്മനിയിലേക്ക് തിരിച്ച് പോയി. എന്നിട്ടും അവർ തമ്മിലുള്ള ബന്ധം കത്തിടപാടുകളിലൂടെ തുടർന്നു കൊണ്ടിരുന്നു. 1929 ലാണ് യൂറോപ്പിൽ ഒന്നാകെ സാമ്പത്തിക മാന്ദ്യത്തിന് തുടക്കം കുറിക്കുന്നത്. ലോകമൊന്നാകെ സാമ്പത്തിക പ്രശ്നങ്ങളിലേക്ക് കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന സമയം. എന്നാൽ ജോവന്ന ഗ്രേയുടെ ജീവിതത്തിൽ ശുക്രദശയുടെ  ആരംഭവും പേറിക്കൊണ്ട് ഒരു കത്ത് വന്നത് ആ അവസരത്തിലായിരുന്നു.

(തുടരും)