Saturday, June 25, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 1


അദ്ധ്യായം ഒന്ന്

സെമിത്തേരിയുടെ കവാടത്തിലൂടെ ഞാന്‍ ഉള്ളിലേക്ക്‌ കടക്കുമ്പോള്‍ ഒരു മൂലയിലായി ആരോ ഒരാള്‍ കുഴി വെട്ടുന്നുണ്ടായിരുന്നു. വളരെ വ്യക്തമായി ഞാന്‍ അതോര്‍ക്കുന്നു. കാരണം, ആ രംഗം പിന്നീടുണ്ടായ സംഭവങ്ങളുമായി തികച്ചും ഇഴുകിച്ചേര്‍ന്നിരുന്നു.

മഴയേല്‍ക്കാതിരിക്കാനായി ട്രെഞ്ച്‌ കോട്ടിന്റെ കോളര്‍ ഉയര്‍ത്തി വച്ച്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. സ്മാരക ശിലകളുടെ ഇടയിലൂടെ അയാളുടെ നേര്‍ക്ക്‌ നടക്കുമ്പോള്‍ ദേവാലയത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തുള്ള ബീച്ച്‌ മരങ്ങളുടെ ചില്ലകളില്‍ നിന്നും അഞ്ചാറ്‌ കാക്കകള്‍ ദ്വേഷ്യത്തോടെ കലപില കൂട്ടിക്കൊണ്ട്‌ പറന്നുയര്‍ന്നു.

എനിക്ക്‌ മനസ്സിലാക്കാന്‍ കഴിയാത്ത അത്ര പതിഞ്ഞ സ്വരത്തില്‍ അയാള്‍ എന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു. കുഴിയില്‍ നിന്ന് പുറത്തേക്ക്‌ എടുത്തിട്ട പുതുമണ്ണിന്റെ സമീപത്ത്‌ ചെന്ന് ഞാന്‍ താഴോട്ട്‌ നോക്കി. "വല്ലാത്തൊരു പ്രഭാതം അല്ലേ ...?"

മണ്‍വെട്ടിയുടെ പിടിയില്‍ ഊന്നി നിന്ന് കൊണ്ട്‌ അയാള്‍ മുകളിലേക്ക്‌ നോക്കി. നന്നേ വയസ്സായിരുന്നു അയാള്‍ക്ക്‌. തുണികൊണ്ടുള്ള ഒരു തൊപ്പിയും പിഞ്ഞിത്തുടങ്ങിയ അഴുക്കു പുരണ്ട കോട്ടും ധരിച്ച അയാള്‍ തോളില്‍ ഒരു കീറച്ചാക്ക്‌ തൂക്കിയിട്ടിരുന്നു. ഒട്ടിയ കവിളും നരച്ച കുറ്റിരോമങ്ങളും അയാളുടെ മുഖത്തിന്‌ ദൈന്യതയേകി. ആ കണ്ണുകള്‍ ആര്‍ദ്രവും നിര്‍വികാരവുമായിരുന്നു.

"മഴയുടെ കാര്യമാണ്‌ ഞാന്‍ പറഞ്ഞത്‌..." അയാളുമായി സൗഹൃദം സ്ഥാപിക്കാന്‍ ഞാന്‍ ശ്രമിച്ചു.

മൂടിക്കെട്ടിയ ആകാശത്തേക്ക്‌ നോക്കി അയാള്‍ താടി ചൊറിഞ്ഞു. "മഴ ശക്തി പ്രാപിക്കുന്നതിന്‌ മുമ്പ്‌ തീര്‍ക്കാന്‍ പറ്റുമോയെന്നാണ്‌ ഞാന്‍ നോക്കുന്നത്‌..."

"എങ്കിലും ഈ മഴയത്ത്‌ എളുപ്പമല്ല ഇത്‌..." ഞാന്‍ പറഞ്ഞു.

ഏതാണ്ട്‌ ആറിഞ്ചോളം വെള്ളം കെട്ടിക്കിടക്കുന്നുണ്ടായിരുന്നു ആ കുഴിയില്‍. മണ്‍വെട്ടി കൊണ്ട്‌ കുഴിമാടത്തിന്റെ ഒരു മൂലയില്‍ അയാള്‍ ആഞ്ഞ്‌ വെട്ടിയപ്പോള്‍ ഉണ്ടായ വിടവിലൂടെ കെട്ടിക്കിടന്ന വെള്ളമെല്ലാം താഴോട്ട്‌ ഇറങ്ങി.

"ഒന്നും പറയണ്ട... എത്രയോ പേരെ അടക്കം ചെയ്തിരിക്കുന്നു വര്‍ഷങ്ങളായി ഈ ചെറിയ സെമിത്തേരിയില്‍ ... വന്ന് വന്ന് ഇപ്പോള്‍ മണ്ണിലല്ല അടക്കം ചെയ്യുന്നത്‌... മരിച്ചവരുടെ അവശിഷ്ടങ്ങളിലാണ്‌..."

പല്ലില്ലാത്ത മോണ കാട്ടി അയാള്‍ ചിരിച്ചു. പിന്നെ കുനിഞ്ഞ്‌ കാല്‍ച്ചുവട്ടില്‍ നിന്ന് എന്തോ എടുത്തു. മണ്ണടിഞ്ഞ ആരുടെയോ വിരല്‍ അസ്ഥി ആയിരുന്നു അത്‌.

"കണ്ടില്ലേ... ഞാന്‍ പറഞ്ഞതെങ്ങനെയുണ്ട്‌...?"

എനിക്ക്‌ മതിയായിരുന്നു. പലതും കണ്ടിട്ടുള്ള ഒരു പ്രൊഫഷണല്‍ എഴുത്തുകാരനായിട്ടും പിന്നെയവിടെ നില്‍ക്കാന്‍ എനിക്കായില്ല.

"ഇതൊരു കത്തോലിക്കാ ദേവാലയമല്ലേ...?"

"അതേ... എല്ലാ കത്തോലിക്കരും അവസാനം ഇവിടെയാണെത്തുന്നത്‌... പണ്ട്‌ മുതലേ..."

"എങ്കില്‍ ചിലപ്പോള്‍ നിങ്ങള്‍ക്കെന്നെ സഹായിക്കാന്‍ കഴിഞ്ഞേക്കും... ഞാനൊരാളുടെ ശവകുടീരം അന്വേഷിച്ച്‌ വന്നതാണ്‌... ഗാസ്കോയ്‌ന്‍... ചാള്‍സ്‌ ഗാസ്കോയ്‌ന്‍...  ഒരു കപ്പലിലെ ക്യാപ്റ്റനായിരുന്നു..."

"അങ്ങനെയൊരാളെക്കുറിച്ച്‌ കേട്ടിട്ടേയില്ലല്ലോ..." അയാള്‍ പറഞ്ഞു. "ഞാനിവിടെ കുഴിവെട്ടിയായിട്ട്‌ നാല്‍പ്പത്തിയൊന്ന് വര്‍ഷങ്ങളാകുന്നു. എന്നാണ്‌ അദ്ദേഹത്തെ അടക്കം ചെയ്തത്‌...?"

"ആയിരത്തിയറുനൂറ്റി എണ്‍പത്തിയഞ്ചിലാണെന്ന് തോന്നുന്നു..."

അയാളുടെ മുഖത്ത്‌ പ്രത്യേകിച്ചൊരു ഭാവമാറ്റവും കണ്ടില്ല. "അത്‌ ശരി... അപ്പോള്‍ ഞാന്‍ വരുന്നതിനും മുമ്പാണ്‌... എങ്കില്‍ ഇനി ഒരു വഴിയേയുള്ളൂ... ഫാദര്‍ വെറേക്കര്‍ ... അദ്ദേഹത്തിന്‌ ചിലപ്പോള്‍ അറിയാന്‍ കഴിയുമായിരിക്കും എന്തെങ്കിലും..."

"അദ്ദേഹം ഉള്ളിലുണ്ടാകുമോ...?"

"ദേവാലയത്തില്‍ ... അല്ലെങ്കില്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്ത്‌... ആ മരങ്ങളുടെ പിറകിലുള്ള മതിലിനപ്പുറത്ത്‌..."


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

Friday, June 17, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - മുഖവുര

1943 നവംബര്‍ 6 പുലര്‍ച്ചെ കൃത്യം ഒരു മണി ... ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണ്‍ മേധാവിയും സ്റ്റേറ്റ്‌ പോലീസ്‌ ചീഫുമായ ഹെന്‍ട്രിച്ച്‌ ഹിംലറിന്‌ ഒരു സന്ദേശം ലഭിച്ചു. "ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌..."

അതിന്റെ അര്‍ത്ഥം ഇതായിരുന്നു - ജര്‍മ്മന്‍ പാരാട്രൂപ്പേഴ്‌സിന്റെ ഒരു ചെറുസംഘം ആ സമയം സുരക്ഷിതമായി ഇംഗ്ലണ്ടില്‍ ഇറങ്ങിയിരിക്കുന്നു... നോര്‍ഫോക്ക്‌ ഗ്രാമത്തിലെ കോട്ടേജില്‍ വാരാന്ത്യം ചെലവഴിക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ റാഞ്ചിക്കൊണ്ടുപോയി ജര്‍മ്മനിയില്‍ അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ സമക്ഷം എത്തിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം.

ഉദ്വേഗഭരിതമായ ആ സന്ദര്‍ഭത്തെ ചുറ്റിപ്പറ്റിയുള്ള സംഭവങ്ങളെ പുനരാവിഷ്കരിക്കുവാനുള്ള ഒരു പരിശ്രമമാണ്‌ നോവലിസ്റ്റ്‌ ജാക്ക്‌ ഹിഗ്ഗിന്‍സ്‌ ഈ ഗ്രന്ഥത്തിലൂടെ നടത്തുന്നത്‌. ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളില്‍ പകുതിയും ചരിത്രം രേഖപ്പെടുത്തിയ വസ്തുതകളാണ്‌. അവശേഷിക്കുന്നവയില്‍ എത്രമാത്രം ഭാവനയും യാഥാര്‍ത്ഥ്യവും ഇടകലര്‍ന്നിരിക്കുന്നുവെന്ന് തീരുമാനിക്കേണ്ടത്‌ വായനക്കാരാണ്‌....