Friday, November 25, 2011

ഈഗിൾ ഹാസ് ലാന്റഡ് – 21


അദ്ധ്യായം മൂന്ന്

അന്നൊരു ചൊവ്വാഴ്ചയായിരുന്നു. ജോവന്ന ഗ്രേയുടെ റിപ്പോർട്ട്, ടിർപിറ്റ്സ് യൂഫറിൽ എത്തിയതേയുള്ളൂ. ഒരു ചുവന്ന അടയാളം പതിച്ച് കാൾ ഹോഫർ പെട്ടെന്ന് തന്നെ അത് കേണൽ റാഡ്‌ലിന്റെ മുന്നിൽ എത്തിച്ചു.

നോർഫോക്ക് തീരത്തെ ചതുപ്പ് നിലങ്ങളുടെയും ഹോബ്സ് എൻഡ് എന്ന ചിറയുടെയും വിശാലമായ ബീച്ചിന്റെയും ഒക്കെ ചിത്രങ്ങൾ ആ റിപ്പോർട്ടിനൊപ്പം ഉണ്ടായിരുന്നു. ഓരോന്നിന്റെയും സ്ഥാനം കോഡ് ഭാഷയിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്നു. എല്ലാം ഒന്ന് ഓടിച്ച് നോക്കിയിട്ട് അദ്ദേഹം അത് ഹോഫറിനെ തിരിച്ചേൽപ്പിച്ചു.

“ടോപ് പ്രിയോറിറ്റി ഇത് ഡീ കോഡ് ചെയ്യാൻ ഏൽപ്പിക്കൂ പെട്ടെന്ന്” റാഡ്‌ൽ പറഞ്ഞു.

അടുത്തിടെയാണ് അബ്‌ഫെർ സോൺലാർ കോഡിങ്ങ് യൂണിറ്റ് ഉപയോഗിച്ച് തുടങ്ങിയത്. സന്ദേശങ്ങൾ ഡീ കോഡ് ചെയ്യുവാൻ മുൻ‌കാലങ്ങളിൽ മണിക്കൂറുകളോളം വേണ്ടി വന്നിരുന്നു. എന്നാൽ പുതിയ യൂണിറ്റ് വന്നതിന് ശേഷം മിനിറ്റുകൾക്കകം ഡീ കോഡിങ്ങ് പൂർത്തിയാവുന്നു. ഒരു സാധാരണ ടൈപ്പ് റൈറ്ററിന്റേത് പോലുള്ള കീബോർഡിലൂടെ കോഡ് ഭാഷയിലുള്ള സന്ദേശം ഓപ്പറേറ്റർ ടൈപ്പ് ചെയ്യുന്നു. ഡീ കോഡ് ചെയ്യപ്പെട്ട സന്ദേശം ഒരു പേപ്പർ ചുരുളിലൂടെ സ്വയം സീൽ ചെയ്ത് പുറത്തേക്ക് വരുന്നു. സന്ദേശത്തിന്റെ ഉള്ളടക്കം അത് ടൈപ്പ് ചെയ്യുന്ന ഓപ്പറേറ്റർക്ക് പോലും കാണുവാൻ കഴിയില്ല എന്നതാണ് ആ സംവിധാനത്തിന്റെ പ്രത്യേകത.

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഡീ കോഡ് ചെയ്ത റിപ്പോർട്ടുമായി ഹോഫർ ഓഫീസിൽ തിരിച്ചെത്തി. കേണൽ റാഡ്‌ൽ അത് വായിച്ചുകൊണ്ടിരിക്കെ ഹോഫർ ക്ഷമാപൂർവം കാത്തുനിന്നു. മന്ദഹാസത്തോടെ കേണൽ റാഡ്‌ൽ തലയുയർത്തി ആ റിപ്പോർട്ട് ഹോഫറിന് നേർക്ക് നീട്ടി.

“വായിച്ച് നോക്കൂ കാൾ ഒന്ന് വായിച്ച് നോക്കൂ എക്‌സലന്റ് റിയലി എക്‌സലന്റ് വാട്ട് എ വുമൺ

റാഡ്‌ൽ ഒരു സിഗരറ്റിന് തീ കൊളുത്തി ഹോഫർ വായിച്ച് കഴിയുന്നത് വരെ കാത്തിരുന്നു.

കാൾ ഹോഫർ റിപ്പോർട്ടിൽ നിന്ന് മുഖം ഉയർത്തി.   “പ്രതീക്ഷയ്ക്ക് വകയുള്ള റിപ്പോർട്ട്

“അത്ര മാത്രമേ നിങ്ങൾക്ക് പറയാനുള്ളോ? ഗുഡ് ഗോഡ്!! ഇറ്റ് ഈസ് എ ഡെഫെനിറ്റ് പോസിബിലിറ്റി എ വെരി റിയൽ പോസിബിലിറ്റി

അദ്ദേഹം എന്നത്തേക്കാളുമേറെ ആവേശം കൊണ്ടു. ഒരു ഹൃദ്രോഗിയായ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് പെട്ടെന്നുള്ള  വികാര വിക്ഷോഭങ്ങൾ അത്ര നല്ലതായിരുന്നില്ല. കറുത്ത പാച്ചിനടിയിലെ ഒഴിഞ്ഞ് കിടക്കുന്ന കൺ‌തടം തുടിച്ചു. അലുമിനിയം കൊണ്ടുള്ള കൃത്രിമ കൈ ജീവൻ വയ്ക്കുന്നത് പോലെ തോന്നി. ശ്വാസമെടുക്കുവാൻ വിഷമിച്ച് അദ്ദേഹം കസേരയിലേക്ക് ചാഞ്ഞിരുന്നു.

പെട്ടെന്ന് തന്നെ ഹോഫർ തന്റെ മേശയുടെ വലിപ്പ് തുറന്ന് മദ്യക്കുപ്പിയെടുത്ത് ഒരു ഗ്ലാസിൽ പകുതി പകർന്ന് അദ്ദേഹത്തിന്റെ ചുണ്ടോട് ചേർത്ത് കൊടുത്തു. ഒറ്റ നിമിഷം കൊണ്ട് തന്നെ ഏതാണ്ട് മുഴുവനും അകത്താക്കിയതിന്റെ പരാക്രമത്തിൽ അദ്ദേഹം ഉച്ചത്തിൽ ചുമച്ചു.  പിന്നെ സാവധാനം സാധാരണ നിലയിലേക്ക് തിരിച്ച് വന്നു.

“ഞാൻ ഇങ്ങനെ ഇടക്കിടെ ആവേശം കൊള്ളാൻ പാടില്ല അല്ലേ കാൾ?“  അദ്ദേഹം പുഞ്ചിരിച്ചു. “ഇനി വെറും രണ്ട് കുപ്പി കൂടിയേ ബാക്കിയുള്ളൂ സ്വർണ്ണം പോലെ അമൂല്യമാണത്

“അതേ ഹെർ ഓബർസ്റ്റ് ഇങ്ങനെ ആവേശം കൊണ്ടാൽ അപകടമാണ് ചിലപ്പോൾ താങ്ങാൻ കഴിഞ്ഞെന്ന് വരില്ല” ഹോഫർ പറഞ്ഞു.

റാഡ്‌ൽ അൽപ്പം കൂടി ബ്രാൻഡി അകത്താക്കി.

“അറിയാം കാൾ എനിക്കതറിയാം പക്ഷേ, ഒന്നോർത്ത് നോക്കൂ ഇറ്റ് വാസ് എ ജോക്ക് ബിഫോർ ക്രൂദ്ധനായ ഫ്യൂറർ ഒരു ബുധനാഴ്ച മുൻ‌ പിൻ നോക്കാതെ ആവശ്യപ്പെട്ട ഒരു സംഗതി മിക്കവാറും വെള്ളിയാഴ്ചയായപ്പോഴേക്കും അത് മറന്നും കാണും അദ്ദേഹം ഒരു സാദ്ധ്യതാ പഠനം അതാണ് ഹിം‌ലർ ആവശ്യപ്പെട്ടത് അത് തന്നെ ആ അ‌ഡ്മിറൽ കാനറീസിന് ഒരു പണി കൊടുക്കാൻ വേണ്ടി അഡ്‌മിറൽ എന്നോട് ആവശ്യപ്പെട്ടത് എന്തെങ്കിലും ഒരു  റിപ്പോർട്ട് തട്ടിക്കൂട്ടുവാനാണ് നാം അക്കാര്യത്തിൽ നിസ്സംഗത കാണിക്കുന്നില്ല എന്ന് ബോദ്ധ്യപ്പെടുത്തുവാൻ വേണ്ടി മാത്രം...”

അദ്ദേഹം എഴുന്നേറ്റ് ജാലകത്തിന് നേർക്ക് നടന്നു.  “എന്നാൽ ഇപ്പോൾ ചിത്രം ആകെ മാറിയിരിക്കുന്നു കാൾ ഇറ്റ് ഈസിന്റ് എ ജോക്ക് എനി ലോംങ്ങർ ഈ ദൌത്യം തീർച്ചയായും സാദ്ധ്യമാണ്

പ്രത്യേകിച്ചൊരു വികാരവും പ്രകടിപ്പിക്കാതെ ഹോഫർ മേശയുടെ മറുവശത്ത് നിന്നു.  “യെസ് ഹെർ ഓബർസ്റ്റ് ശരിയാണെന്ന് തോന്നുന്നു

“എന്നിട്ട് ഇതുമായി മുന്നോട്ട് പോകണമെന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്?” റാഡ്‌ൽ വീണ്ടും ആവേശം കൊണ്ടു. “ഇത് എന്നെ ത്രസിപ്പിക്കുന്നു ആ അഡ്‌മിറാലിറ്റി ചാർട്ടുകളും ഓർഡ്‌നൻസ് മാപ്പും കൊണ്ടു വരൂ

ഹോഫർ അവ മേശമേൽ നിവർത്തിയിട്ടു. ഹോബ്സ് എൻഡിന്റെ സ്ഥാനം കണ്ടു പിടിച്ചിട്ട് ജോവന്ന അയച്ചു കൊടുത്ത ചിത്രങ്ങളുമായി കേണൽ റാഡ്‌ൽ ഒത്തുനോക്കി.

“ഇതിൽ കൂടുതൽ എന്താണിനി നമുക്ക് വേണ്ടത്? ട്രൂപ്പിനെ പാരച്യൂട്ടിൽ ഇറക്കുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലം. നമ്മുടെ ട്രൂപ്പ് അവിടെ ഇറങ്ങിയതിന്റെ എല്ലാ അടയാളങ്ങളും  പുലർച്ചെയുള്ള വേലിയേറ്റത്തിൽ അപ്രത്യക്ഷമാകും

“പക്ഷേ, ചെറുതാണെങ്കിലും ഒരു സംഘത്തെ അവിടെയെത്തിക്കണമെങ്കിൽ ഒരു യാത്രാവിമാനമോ അല്ലെങ്കിൽ ഒരു യുദ്ധവിമാനമോ വേണ്ടി വരും” ഹോഫർ അഭിപ്രായപ്പെട്ടു. “നോർഫോക്കിന്റെ തീരദേശത്ത് ഒരു ഡോർണിയറോ ജം‌ഗേഴ്സോ അധികനേരം വട്ടമിട്ട് പറന്നുകൊണ്ടിരിക്കുന്നത് ഊഹിക്കാൻ കഴിയുമോ താങ്കൾക്ക്? ആ പ്രദേശത്ത് നിരവധി ബോംബർ സ്റ്റേഷനുകൾ ഉള്ളതാണ്. രാത്രി കാലങ്ങളിൽ പതിവായി അവരുടെ യുദ്ധവിമാനങ്ങൾ ജാഗ്രതയോടെ നിരീക്ഷണ പറക്കൽ നടത്തുന്ന കാര്യം മറക്കരുത്” 

ഡോർണിയർ വിമാനം

ജംഗേഴ്സ് യുദ്ധവിമാനം

“അതൊരു പ്രശ്നം തന്നെയാണ്” റാഡ്‌ൽ പറഞ്ഞു. “പക്ഷേ, മറികടക്കാൻ സാധിക്കാത്ത അത്ര പ്രശ്നമല്ല നമ്മുടെ ലുഫ്ത്‌വെയ്ഫ് ടാർഗറ്റ് ചാർട്ടുകൾ പ്രകാരം ആ തീരപ്രദേശത്ത് ലോ ലെവൽ റഡാർ കവറേജ് ഇല്ല. എന്ന് വച്ചാൽ 600 അടി ഉയരത്തിന് താഴെ പറക്കുകയാണെങ്കിൽ റഡാർ ദൃഷ്ടിയിൽ പെടുകയില്ല എന്നർത്ഥം...  അതിനേക്കുറിച്ച് നമുക്ക് പിന്നീടാലോചിക്കാം ഒരു ഫീസിബിലിറ്റി സ്റ്റഡി അതാണ് ഈ അവസരത്തിൽ നമുക്കാവശ്യം ഒരു റെയ്ഡിങ്ങ് പാർട്ടിയെ ആ ബീച്ചിൽ ഡ്രോപ്പ് ചെയ്യുന്നതിനോട് തത്വത്തിൽ നിങ്ങൾ യോജിക്കുന്നുണ്ടോ കാൾ?”

“ഈ ആശയത്തോട് ഞാൻ യോജിക്കുന്നു പക്ഷേ, ദൌത്യത്തിന് ശേഷം അവരെ എങ്ങനെ തിരിച്ചു കൊണ്ടു വരും? സബ്മറൈൻ മാർഗ്ഗം?” ഹോഫർ ചോദിച്ചു.

(തുടരും)

Friday, November 18, 2011

ഈഗിൾ ഹാസ് ലാന്റഡ് – 20


ലോക്കൽ ഹോം ഗാർഡിന്റെ കമാൻഡർ എന്ന നിലയിൽ ആ തീര പ്രദേശത്തിന്റെ സുരക്ഷാകാര്യങ്ങളുടെ ചുമതല സർ ഹെൻ‌ട്രിക്കായിരുന്നു. ബീച്ചിന്റെ ഏതൊക്കെ ഭാഗങ്ങളിലാണ് മൈനുകൾ വിന്യസിച്ചിരിക്കുന്നത് എന്ന് വളരെ കൃത്യമായി ഗ്രാഹ്യമുള്ള ആളായതിനാൽ ഒരു ദിവസം അദ്ദേഹത്തോടൊപ്പം ചെലവഴിച്ച് ഒരു മാപ്പ് തയ്യാറാക്കിച്ചിരുന്നു. പലയിടങ്ങളിലും മുന്നറിയിപ്പുള്ള ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയിൽ പലതും അതിക്രമിച്ച് കടക്കുന്നവരെ ചിന്താക്കുഴപ്പത്തിലാക്കുവാനുള്ളതാണെന്ന് അദ്ദേഹം പറഞ്ഞപ്പോഴാണ് അവർ അറിയുന്നത്. പക്ഷി നിരീക്ഷണത്തിനിടയിൽ എവിടെയൊക്കെ പോകാം അല്ലെങ്കിൽ പോകാൻ പാടില്ല എന്നൊക്കെ അതിനാൽ അവർക്ക് വ്യക്തമായ അറിവ് ലഭിച്ചു.

“യുദ്ധം നടക്കുന്ന സമയമാണല്ലോ സ്ഥിതിഗതികൾ എപ്പോൾ വേണമെങ്കിലും മാറാം. ബുദ്ധിമുട്ടാവില്ലെങ്കിൽ വൈകുന്നേരം കോട്ടേജിൽ ഒന്ന് വരാൻ സാധിക്കുമോ? ബീച്ചിൽ മൈൻ വിതറിയിരിക്കുന്ന ഭാഗങ്ങളെക്കുറിച്ചുള്ള താങ്കളുടെ മാപ്പ് എനിക്ക് ഒന്നു കൂടി ശ്രദ്ധിച്ച് പഠിക്കണമെന്നുണ്ട്. സൂക്ഷിക്കുന്നത് നല്ലതാണല്ലോ”   അവർ പറഞ്ഞു.

അദ്ദേഹത്തിന്റെ കണ്ണുകൾ സന്തോഷത്താൽ തിളങ്ങി. “അതിനെന്താ തീർച്ചയായും ആ മാപ്പിനെക്കുറിച്ച് വിശദീകരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ

“ശരി ഉച്ച കഴിഞ്ഞ് ഞാൻ വീട്ടിൽ തന്നെയുണ്ടായിരിക്കും

“ഉച്ച ഭക്ഷണം കഴിഞ്ഞ് രണ്ട് മണിയോടെ ഞാനവിടെയെത്താം...” ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്ത് അദ്ദേഹം വാഹനം മുന്നോട്ടെടുത്ത് ഓടിച്ചു പോയി.

ജോവന്ന തന്റെ സൈക്കിളിൽ മെയിൻ റോഡിലേക്ക് നീങ്ങി. അവരുടെ വളർത്തുനായ ‘പാച്ച്’ തൊട്ടു പിന്നിൽ അവരെ പിന്തുടർന്നു.

പാവം ഹെൻ‌ട്രി അദ്ദേഹവുമായുള്ള സൌഹൃദം അവർ ശരിക്കും ആസ്വദിക്കുകയായിരുന്നു. എന്തെളുപ്പമാണ് അദ്ദേഹത്തെ കൈകാര്യം ചെയ്യാൻ  കൊച്ചു കുട്ടികളെപ്പോലെ

അര മണിക്കൂറിനകം ജോവന്ന ബീച്ച് റോഡിലെത്തി.  വിജനമായ ചതുപ്പ് നിലങ്ങളുടെ നടുവിലൂടെ പോകുന്ന ആ ചിറ, ഹോബ്സ് എന്റ് എന്നാണറിയപ്പെടുന്നത്. അത് വരെ കണ്ടതിൽ നിന്നും തികച്ചു വ്യത്യസ്ഥമായിരുന്നു അവിടം. ചിറയുടെ ഇരു വശങ്ങളിലും ഒരാൾ പൊക്കത്തിലും ഉയരെ വളർന്ന് നിൽക്കുന്ന ഈറ്റക്കാടുകൾ. കടൽ വെള്ളം കയറി വരുന്ന ചെറിയ തോടുകൾ കടൽ കൊക്കുകളും വിവിധയിനം കാട്ടു പക്ഷികളും ഒക്കെയാണ് ആ ആവാസവ്യവസ്ഥയിൽ ജീവിച്ച് പോരുന്നത്. സൈബീരിയയിൽ നിന്നും വരുന്ന ദേശാന്തര പക്ഷികൾ വരെ അവിടുത്തെ മൺ തിട്ടകളിൽ വസിക്കുന്നുണ്ട്.

ചിറയിലൂടെ പകുതി ദൂരം എത്തിയപ്പോൾ ഒരു വശത്തായി പഴക്കമേറിയ ഒരു കോട്ടേജ് കാണാറായി. കോട്ടേജ് എന്നതിനേക്കാൾ ഒരു സംഭരണശാല എന്നതായിരിക്കും പൈൻ മരങ്ങളുടെ തടി കൊണ്ട് നിർമ്മിതമായ ആ കെട്ടിടത്തിന് ചേരുന്ന പേര്. അതിന്റെ ജാലകങ്ങൾ അടഞ്ഞ് കിടക്കുന്നു. ആ ചതുപ്പ് നിലങ്ങളുടെ നോട്ടക്കാരനായിരുന്നു അവിടെ താമസിച്ച് പോന്നത്. എന്നാൽ 1940 ന് ശേഷം ആരും തന്നെ അവിടെ നോട്ടക്കാരനായി ജോലി ചെയ്യുന്നില്ല എന്നതാണ് വാസ്തവം.

പൈൻ മരങ്ങൾ നിരനിരയായി നിൽക്കുന്ന ചിറയിലൂടെ അവർ മുന്നോട്ട് നീങ്ങി. അല്പം കൂടി മുന്നോട്ട് ചെന്ന് സൈക്കിളിൽ നിന്ന് ഇറങ്ങി ഒരു മരത്തിൽ ചാരി നിന്ന് അവർ ബീച്ചിലേക്ക് കണ്ണോടിച്ചു. മണൽ കുന്നുകൾക്കപ്പുറം വിശാലമായി കിടക്കുന്ന മണൽ പരപ്പ്. അതിലൂടെ കാൽ മൈൽ എങ്കിലും നടന്നാലേ കടലിലേക്ക് എത്താൻ പറ്റൂ. അവിടെ നിന്നുകൊണ്ട് അവർ ദൂരെ കാണുന്ന അഴിമുഖം വീക്ഷിച്ചു. മണൽത്തിട്ടകളും ചാലുകളും നിറഞ്ഞ ആ അഴിമുഖം വേലിയേറ്റ സമയത്ത് നോർഫോക്കിലെ മറ്റെല്ലാ തീരപ്രദേശത്തെയും പോലെ തന്നെ അപകടകാരിയാണ്.

ആ പ്രദേശത്തിന്റെ വിവിധ ആംഗിളുകളിലുള്ള കുറേ ചിത്രങ്ങൾ അവർ ക്യാമറയിൽ പകർത്തി. അത് കഴിഞ്ഞപ്പോഴേക്കും ഒരു ചെറിയ പട്ടികക്കഷണവുമായി പാച്ച് ഓടിയെത്തി. അവരുടെ കാൽക്കൽ അത് വച്ചിട്ട് അവൻ കാത്ത് നിന്നു.

“യെസ് പാച്ച്” സൌമ്യമായി പറഞ്ഞിട്ട് അവർ അതിന്റെ തലയിൽ തലോടി. “ഇതേതായാലും നന്നായി അവർ പറയുന്നത് ശരിയാണോ എന്ന് നോക്കാം

മൈൻ വിന്യസിച്ചിരിക്കുന്ന ബീച്ചിലേക്ക് കടക്കാതിരിക്കാൻ കെട്ടിയിരിക്കുന്ന മുൾവേലിയ്ക്ക് മുകളിലൂടെ ആ പട്ടിക കഷണം അവർ വലിച്ചെറിഞ്ഞു.  “Beware of mines” എന്ന ബോർഡ് സ്ഥാപിച്ചിരിക്കുന്ന വേലിയുടെ മുകളിലൂടെ ചാടിക്കടന്ന് പാച്ച് അത് കടിച്ചെടുത്ത് കൊണ്ട് വന്നു. മുന്നറിയിപ്പുണ്ടെങ്കിലും ആ പ്രദേശത്ത് മൈൻ ഇല്ലെന്ന് ഹെൻ‌ട്രി പറഞ്ഞത് അക്ഷരം പ്രതി ശരിയാണെന്ന് അവർക്ക് ബോദ്ധ്യമായി.

അവരുടെ ഇടത് വശത്തായി ഒരു ചെറിയ കോൺക്രീറ്റ് ഷെഡ് കാണാമായിരുന്നു. അതിന് മുന്നിലായി ഒരു മെഷീൻ ഗൺ പോസ്റ്റും. രണ്ടും കാലപ്പഴക്കത്താൽ ദ്രവിച്ച് തുടങ്ങിയിരിക്കുന്നു. രണ്ട് പൈൻ മരങ്ങളുടെ മദ്ധ്യത്തിലായി സൈനിക ടാങ്കുകൾ പ്രവേശിക്കാതിരിക്കുവാൻ ഒരു കിടങ്ങ് തീർത്തിരിക്കുന്നു. മൂന്ന് വർഷം മുമ്പ് വരെ അവിടെ സൈനിക സാന്നിദ്ധ്യം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം വരെ ഹോം ഗാർഡും. എന്നാൽ ഇപ്പോഴാകട്ടെ ഒരു മനുഷ്യജീവി പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കുന്നില്ല.

1940 ജൂണിൽ വാഷ് മുതൽ റൈ വരെയുള്ള ഇരുപത് മൈൽ തീരദേശം ഡിഫൻസ് ഏരിയ ആയി പ്രഖ്യാപിച്ചിരുന്നു. ആ പ്രദേശത്തെ അന്തേവാസികൾക്ക് നിയന്ത്രണമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും പുറമേ നിന്നുള്ള സന്ദർശകർക്ക് അങ്ങോട്ടെത്താൻ മതിയായ കാരണങ്ങൾ ബോദ്ധ്യപ്പെടുത്തേണ്ടതുണ്ടായിരുന്നു.  എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി സ്ഥിതിഗതികൾ പാടെ മാറിയിരിക്കുന്നു. നിയന്ത്രിത മേഖല എന്ന നിലയിൽ ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ആരും തന്നെ ശ്രദ്ധിക്കാതായിരിക്കുന്നു ഇപ്പോൾ. ഇനിയും അതിന്റെ ആവശ്യകത ഉണ്ടെന്ന് ആർക്കും തന്നെ തോന്നിയില്ല എന്നതായിരുന്നു വാസ്തവം.

 ജോവന്ന  പാച്ചിന്റെ തലയിൽ വീണ്ടും തലോടി.  “നിനക്കൊരു കാര്യം മനസ്സിലായോ പാച്ച് ഇനി ഒരു അധിനിവേശത്തിനായി ആരെങ്കിലും ശ്രമിക്കുമെന്ന് ഈ ഇംഗ്ലീഷ്കാർ സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കുന്നില്ല

(തുടരും)

Thursday, November 3, 2011

ഈഗിൾ ഹാസ് ലാന്റഡ് – 19


അന്നൊരു ബുധനാഴ്ചയായിരുന്നു. ബെർലിൻ നഗരത്തിൽ മഴ കോരിച്ചൊരിയുന്നു.

എന്നാൽ അതിനടുത്ത ദിവസം ഇങ്ങ് ഇംഗ്ലണ്ടിലുള്ള സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ പ്രഭാതം വിരിഞ്ഞത് മനോഹരമായ കാലാവസ്ഥയുമായിട്ടാണ്. എല്ലാം കൊണ്ടും ആസ്വാദ്യകരമായ  ഒരു വസന്തകാല പുലരി. സെന്റ് മേരിസ് ആന്റ് ഓൾ സെയ്ന്റ്‌സ് ദേവാലയത്തിന്റെ കവാടത്തിലൂടെ മുടന്തിക്കൊണ്ട് ഫാദർ ഫിലിപ്പ് വെറേക്കർ പുറത്തേക്കിറങ്ങിയപ്പോൾ പൂർവ്വാംബരത്തിൽ സൂര്യൻ തിളങ്ങി നിൽക്കുന്നുണ്ടായിരുന്നു.

ഏകദേശം മുപ്പത് വയസ്സുണ്ട് ഫാദർ വെറേക്കറിന്. മെലിഞ്ഞ് ഉയരം കൂടിയ ശരീരപ്രകൃതി. കറുത്ത ളോഹ അദ്ദേഹത്തിന്റെ മെലിഞ്ഞ ശരീരപ്രകൃതി പ്രത്യേകം എടുത്തുകാണിക്കുന്നത് പോലെ തോന്നി. വാക്കിങ്ങ് സ്റ്റിക്കിന്റെ സഹായത്തോടെ അൽപ്പം മുന്നോട്ടാഞ്ഞ് മുടന്തി നടക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖം വേദന കൊണ്ട് വരിഞ്ഞ് മുറുകി. നാല് മാസങ്ങൾക്ക് മുമ്പാണ് മിലിട്ടറി ഹോസ്പിറ്റലിൽ നിന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തത്.

ഹാർലീ സ്ട്രീറ്റിലെ ഒരു സർജന്റെ ഇളയ മകനായിട്ടായിരുന്നു ഫിലിപ്പിന്റെ ജനനം. കേംബ്രിഡ്ജ് സർവകലാശാലയിലെ സമർത്ഥനായി വിദ്യാർത്ഥിയായി മാറി ഫിലിപ്പ്. വളരെ ശോഭനമായ ഒരു ഭാവിയാണ് മാതാപിതാക്കളും അദ്ധ്യാപകരും അവനിൽ കണ്ടത്. എന്നാൽ മാതാപിതാക്കളുടെ പ്രതീക്ഷകളെ തകിടം മറിച്ചുകൊണ്ട് വൈദിക പഠനത്തിന് ചേരുവാനാണ് അയാൾ തീരുമാനിച്ചത്. അങ്ങനെ റോമിലുള്ള ഇംഗ്ലീഷ് കോളജിൽ വൈദിക പഠനത്തിന് പോകുകയും പിന്നീട്  സൊസൈറ്റി ഓഫ് ജീസസിൽ ചേരുകയും ചെയ്തു.

1940 ൽ ബ്രിട്ടീഷ് സൈന്യത്തിൽ ഒരു വൈദികനായി ഫിലിപ്പ് പ്രവേശിച്ചു. പക്ഷേ, അധിക കാലം കഴിയുന്നതിന് മുമ്പ് തന്നെ അദ്ദേഹം പാരച്യൂട്ട് റെജിമെന്റിലേക്ക് മാറ്റപ്പെട്ടു. 1942 ലാണ് അദ്ദേഹം ആദ്യവും അവസാനവുമായി യുദ്ധമുഖം കാണുന്നത്. ടുണീഷ്യയിലെ ഊദ്നാ എയർഫീൽഡ് പിടിച്ചടക്കുവാനുള്ള ഓർഡറുമായി പുറപ്പെട്ട ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിനൊപ്പം അദ്ദേഹവും താഴേക്ക് ചാടി. ടുണിസ് നഗരത്തിൽ നിന്നും പത്ത് മൈൽ അകലെയായിരുന്നുവത്. കനത്ത ചെറുത്തുനിൽപ്പായിരുന്നു അന്ന് ടൂണീഷ്യൻ സേനയിൽ നിന്നും അവർക്ക് നേരിടേണ്ടി വന്നത്.

റെജിമെന്റിലെ ഇരുനൂറ്റിയറുപത് പേർ കൊല്ലപ്പെട്ടു. രക്ഷപെട്ട നൂറ്റിയെൺപത് പേരിൽ ഫിലിപ്പ് വെറേക്കറും ഉണ്ടായിരുന്നെങ്കിലും ഇടത് കാൽ‌പാദത്തിലൂടെ കടന്നുപോയ വെടിയുണ്ട എല്ല് തകർത്ത് കളഞ്ഞിരുന്നു. ഫീൽഡ് ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അണുബാധ ഏറ്റുകഴിഞ്ഞിരുന്നതിനാൽ ഇടത് പാദം മുറിച്ച് മാറ്റുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല ഡോക്ടർ‌മാർക്ക്.

അംഗവൈകല്യം സംഭവിച്ച കാലുമായുള്ള ജീവിതം ദുഷ്കരമായി മാറിയിരിക്കുന്നു അദ്ദേഹത്തിനിപ്പോൾ. കെട്ടടങ്ങാത്ത വേദന. പാർക്ക് കോട്ടേജിനടുത്ത് എത്തിയപ്പോഴാണ് എതിരെ സൈക്കിൾ ഉന്തിക്കൊണ്ട് വരുന്ന ജോവന്നയെ കണ്ടുമുട്ടിയത്. അവരുടെ പ്രീയപ്പെട്ട വളർത്തുനായയും അവരോടൊപ്പം ഉണ്ടായിരുന്നു. തന്റെ കാലിലെ അസഹ്യമായ വേദന അവഗണിച്ചുകൊണ്ട് അദ്ദേഹം മുഖത്ത് പുഞ്ചിരി വരുത്തി.

“സുഖമാണോ ഫാദർ? കണ്ടിട്ട് കുറേ നാളായല്ലോ?

പരുപരുത്ത സ്കർട്ടും മഞ്ഞ ഓയിൽ‌സ്കിൻ കോട്ടും സ്വെറ്ററും ആയിരുന്നു ജോവന്ന ധരിച്ചിരുന്നത്. വെളുത്ത മുടികൾക്ക് മുകളിലൂടെ ധരിച്ച സിൽക്ക് സ്കാർഫ് ആ പ്രായത്തിലും അവരെ സുന്ദരിയാക്കി.

“ഓ ഐ ആം ഓൾ റൈറ്റ്” വെറേക്കർ പറഞ്ഞു. “പക്ഷേ, വിരസത ഇഞ്ചിഞ്ചായി അനുഭവിച്ച് കൊണ്ടിരിക്കുന്നു. പിന്നെ, ഒരു വർത്തമാനമുണ്ട് എന്റെ സഹോദരി പാമെലയെക്കുറിച്ച് ഞാൻ പറഞ്ഞിരുന്നില്ലേ? എന്നേക്കാളും പത്ത് വയസ്സ് കുറവാണവൾക്ക് WAAF ൽ (Women’s Auxillary Air Force)  കോർപ്പറൽ ആണവൾ

“അതേ ഓർക്കുന്നുണ്ട് എന്ത് പറ്റി അവൾക്ക്?” മിസിസ് ഗ്രേ ചോദിച്ചു.

“ഇവിടെ അടുത്ത് പാങ്ങ്ബേണിലുള്ള ബോംബർ സ്റ്റേഷനിൽ അവൾക്ക് പോസ്റ്റിങ്ങ് ലഭിച്ചിരിക്കുന്നു. അങ്ങനെ അവളെ കാണുവാനുള്ള അവസരം ഒത്തുവന്നിരിക്കുന്നു. ഈ വാരാന്ത്യത്തിൽ അവൾ ഇവിടെ വരുന്നുണ്ട്. അപ്പോൾ ഞാൻ പരിചയപ്പെടുത്താം

“സന്തോഷമേയുള്ളൂ” ജോവന്ന സൈക്കിളിൽ കയറിക്കൊണ്ട് പറഞ്ഞു.

“ഇന്ന് രാത്രി അൽപ്പം ചെസ്സ് കളിക്കുന്നോ?” അദ്ദേഹം പ്രതീക്ഷയോടെ ആരാഞ്ഞു.

“പിന്നെന്താ? ഒരു എട്ട് മണിയോടെ വരൂ അത്താഴവും കഴിക്കാം എന്നാൽ ശരി പോയിട്ട് ഒരു അത്യാവശ്യ കാര്യമുണ്ട്

അരുവിയുടെ അരികിലൂടെയുള്ള പാതയിലൂടെ അവർ തന്റെ സൈക്കിളിൽ നീങ്ങി. വളർത്തു നായ ‘പാറ്റ്’ തൊട്ടു പിന്നിലും. അവരുടെ മുഖത്ത് ഗൌരവം നിറഞ്ഞിരുന്നു അപ്പോൾ. തലേ ദിവസം വൈകുന്നേരം ലഭിച്ച റേഡിയോ സന്ദേശം അത്ര വലിയ നടുക്കമാണ് അവർക്ക് സമ്മാനിച്ചത്. ചുരുങ്ങിയത് ഒരു മൂന്ന് തവണയെങ്കിലും അവർ അത് ഡീ‌-കോഡ് ചെയ്തു നോക്കിക്കാണും തനിക്ക് തെറ്റ് സംഭവിച്ചതല്ല എന്ന് ഉറപ്പ് വരുത്താനായി.

കഴിഞ്ഞ രാത്രി ഉറങ്ങിയിട്ടേയില്ല എന്ന് പറയാം. യൂറോപ്പിലേക്ക് യാത്ര തിരിക്കുന്ന കപ്പലുകളുടെ ഗർജ്ജനവും പിന്നീടെപ്പോഴോ അവ തിരിച്ച് വരുമ്പോഴുള്ള കോലാഹലങ്ങളും ശ്രദ്ധിച്ച് തിരിഞ്ഞും മറിഞ്ഞും കിടക്കുകയായിരുന്നു. പുലർച്ചെ എപ്പോഴോ ആണ് ഒന്ന് മയങ്ങുവാൻ സാധിച്ചത് തന്നെ. എങ്കിലും രാവിലെ ഏഴരയോടെ ഉറക്കമുണർന്നപ്പോൾ പതിവില്ലാത്ത ഉന്മേഷവും ഉത്സാഹവും അനുഭവപ്പെട്ടു അവർക്ക്.

ഒരു പ്രത്യേക അനുഭവമായിരുന്നു അത്. ജീവിതത്തിൽ ആദ്യമായി വളരെ പ്രധാനപ്പെട്ട ഒരു ദൌത്യം ഏറ്റെടുക്കുവാൻ പോകുന്നു. അവിശ്വസനീയം തന്നെ. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിനെ കിഡ്‌നാപ് ചെയ്യുക ! തന്റെ അംഗരക്ഷകരുടെ മൂക്കിന് താഴെ നിന്ന് അദ്ദേഹത്തെ തട്ടിക്കൊണ്ട് പോകുക !

അവർ അറിയാതെ പൊട്ടിച്ചിരിച്ചു പോയി. ഈ നശിച്ച ബ്രീട്ടീഷ്‌കാർ എങ്ങനെ ഇത് വിശ്വസിക്കും? എങ്ങനെ ഇത് സഹിക്കും? ലോകം ഒന്നടങ്കം അന്തം വിട്ട് നിന്ന് പോകും

കുന്നിൻ ചരുവിലൂടെ മെയിൻ റോഡിലേക്ക് സൈക്കിൾ വേഗതയാർജ്ജിച്ചപ്പോൾ പിന്നിൽ നിന്ന് ഒരു കാറിന്റെ ഹോൺ കേട്ടു. നിമിഷങ്ങൾക്കകം ഒരു ചെറിയ കാർ അവരുടെ സമീപം വന്ന് നിന്നു. വെളുത്ത് നരച്ച വലിയ മീശയുള്ള ഒരാളായിരുന്നു അതിൽ. വീങ്ങിയ മുഖം കണ്ടാലറിയാം ദിനവും ധാരാളം വിസ്കി അകത്താക്കുന്ന ആളാണെന്ന്. ഹോം ഗാർഡിൽ ജോലി ചെയ്യുന്ന ലെഫ്റ്റനന്റ് കേണലിന്റെ യൂണിഫോമാണ് അയാൾ ധരിച്ചിരിക്കുന്നത്.

“മോർണിങ്ങ് ജോവന്ന”  അയാൾ അഭിവാദ്യം ചെയ്തു.

തേടിയ വള്ളി കാലിൽ ചുറ്റിയിരിക്കുന്നു. വൈകുന്നേരം ഇയാളെ കാണണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു അവർ. ഇനിയിപ്പോൾ ആ യാത്ര ലാഭിക്കാം.

“ഗുഡ് മോർണിങ്ങ് ഹെൻ‌ട്രി” സൈക്കിളിൽ നിന്ന് ഇറങ്ങിക്കൊണ്ട് അവർ പറഞ്ഞു.

കാറിൽ നിന്ന് അയാളും ഇറങ്ങി. “ശനിയാഴ്ച രാത്രി കുറച്ചു പേർ വരുന്നുണ്ട് ബ്രിഡ്‌ജും ചെസ്സും ഒക്കെ ഉണ്ടാകും പിന്നെ അത്താഴം വേറെ പ്രത്യേകിച്ചൊന്നുമില്ല നിങ്ങളെയും കൂടി ക്ഷണിക്കുവാൻ ജീൻ പറഞ്ഞിരുന്നു

“അവരോട് എന്റെ അന്വേഷണവും നന്ദിയും പറയുക നല്ല ആവേശത്തിലായിരിക്കുമല്ലേ അവരിപ്പോൾ? വിശിഷ്ടാതിഥിയെ സ്വീകരിക്കുവാനുള്ള തയ്യാറെടുപ്പിൽ?”

സർ ഹെൻ‌ട്രി പെട്ടെന്ന് അസ്വസ്ഥനായത് പോലെ തോന്നി. പിന്നെ സ്വരം താഴ്ത്തി അവരോട് ചോദിച്ചു. “നോക്കൂ ആരോടും പറഞ്ഞിട്ടില്ലല്ലോ അല്ലേ ഇക്കാര്യം?”

താൻ അങ്ങനെ ചെയ്യുമോ എന്ന ഭാവം മുഖത്ത് കൊണ്ടുവരുന്നതിൽ അവർ വിജയിച്ചു. “തീർച്ചയായും ഇല്ല അങ്ങനെ ചെയ്യില്ല എന്ന പൂർണ്ണവിശ്വാസമുള്ളത് കൊണ്ടല്ലേ നിങ്ങൾ എന്നോട് ഇക്കാര്യം അന്ന് പറഞ്ഞത്? ഓർക്കുന്നില്ലേ?”

“സത്യം പറഞ്ഞാൽ ഞാനത് പറയാനേ പാടില്ലായിരുന്നു പക്ഷേ, നിങ്ങളെ വിശ്വസിക്കാമെന്ന് എനിക്കുറപ്പുണ്ട്” അയാൾ അവരുടെ അരക്കെട്ടിലൂടെ കൈ ചുറ്റി. “ഇക്കാര്യം ഇവിടെ ആരും അറിയാൻ പാടില്ല ഡാർലിങ്ങ് ആരുടെയെങ്കിലും ചെവിയിലെത്തിയാൽ പിന്നെ നാട് മുഴുവൻ പരക്കും

“തീർച്ചയായും നിങ്ങൾക്ക് വേണ്ടി ഞാൻ എന്തും തന്നെ ചെയ്യും”  അവർ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“എന്തും തന്നെ ജോവന്നാ?” അയാളുടെ സ്വരം ആർദ്രമായി. അയാളുടെ ശരീരം തന്റെ ശരീരത്തോട് കൂടുതൽ അടുക്കുന്നത് അവർ അറിഞ്ഞു. ചെറിയ വിറയലുണ്ടായിരുന്നു അയാളുടെ ശരീരത്തിന്. എന്നാൽ പെട്ടെന്ന് തന്നെ അയാൾ അകന്ന് മാറി. “എനിക്കൊരു സ്ഥലത്ത് പോകാനുണ്ട് ഹോൾട്ടിൽ ഒരു ഏരിയ കമാൻഡ് മീറ്റിങ്ങ് ഉണ്ട്

“പ്രധാനമന്ത്രി വരുന്നതിലുള്ള ആവേശവും ജിജ്ഞാസയുമാണ് നിങ്ങൾക്കല്ലേ?” അവർ ചോദിച്ചു.

“തീർച്ചയായും ഇതെനിക്കൊരു ബഹുമതി തന്നെയാണ്” സർ ഹെൻ‌ട്രി ഉത്സാഹഭരിതനായി.

“അതൊക്കെ പോട്ടെ എങ്ങോട്ടാണ് നിങ്ങളിപ്പോൾ പോകുന്നത്?” കാറിൽ കയറിക്കൊണ്ട് അയാൾ ചോദിച്ചു.

ഈ ചോദ്യം എപ്പോഴാണ് വരിക എന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അവർ.

“ഓ പതിവ് പോലെ  അല്പം പക്ഷി നിരീക്ഷണം ക്ലേ അല്ലെങ്കിൽ ആ ചതുപ്പ് നിലം വരെ കൃത്യമായി തീരുമാനിച്ചിട്ടില്ല ഇതുവരെ പുതിയ കുറച്ച് ദേശാന്തര പക്ഷികൾ വരാൻ സാദ്ധ്യതയുണ്ട്

“നിങ്ങളും നിങ്ങളുടെ പക്ഷികളും എന്നാൽ ശരി പോയി നിരീക്ഷിക്ക്” അദ്ദേഹത്തിന്റെ മുഖം ഗൌരവം കൊണ്ടു. “പിന്നെ ഞാൻ പറഞ്ഞ കാര്യം ഓർമ്മയിരിക്കട്ടെ

(തുടരും)