Wednesday, March 28, 2012

ഈഗിൾ ഹാസ് ലാന്റഡ് – 36


തടവറയുടെ ഭീകരത ദർശിച്ച് തിരികെയെത്തിയപ്പോൾ തിരക്കിട്ട് എന്തോ എഴുതിക്കൊണ്ടിരിക്കുന്ന ഹിംലറെയാണ് റാഡ്‌ൽ കണ്ടത്.

തലയുയർത്തി നോക്കിയിട്ട് അദ്ദേഹം പറഞ്ഞു.  “ചെയ്ത് തീർക്കുവാനായി കുറച്ചൊന്നുമല്ല ജോലികൾ അതെന്നെ അലോസരപ്പെടുത്തുന്നു എങ്കിലും അതിലൊന്ന് പോലും ഒഴിവാക്കാനാവില്ല എന്ത് ചെയ്യാം ആത്മാർത്ഥത എന്റെ ഒരു ശാപമായിപ്പോയി, ഹെർ ഓബർസ്റ്റ് പുതുജീവിതം കെട്ടിപ്പടുക്കണമെങ്കിൽ നിരവധി മൃതശരീരങ്ങളെ ചവിട്ടി മുന്നോട്ട് പോയേ തീരൂ

“ഞാൻ എന്ത് ചെയ്യണമെന്നാണ് താങ്കൾ പറയുന്നത്, ഹെർ റെയ്ഫ്യൂറർ?”

ഹിംലര്‍ ഒന്ന് മന്ദഹസിച്ചു. എങ്കിലും അടുത്ത നിമിഷം അദ്ദേഹത്തിന്റെ മുഖത്ത് കൌശലം നിറയുന്നത് റാഡ്‌‌ൽ ശ്രദ്ധിച്ചു.

“വളരെ ലളിതം നമ്മുടെ ചർച്ചിലിന്റെ കാര്യം അത് നടപ്പായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു

“പക്ഷേ, അഡ്മിറൽ കാനറീസ് അതാഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം

“നിങ്ങളുടെ പ്രവർത്തന മേഖല ഒരു പരിധി വരെ സ്വതന്ത്രമാണല്ലോ സ്വന്തമായ ഓഫീസ് നിരന്തര യാത്രകൾ കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ മ്യൂണിക്ക്, പാരിസ്, ആന്റ്‌വെർപ്പ് എന്നിവിടങ്ങളിലൊക്കെ സന്ദർശനം  അഡ്മിറൽ കാനറീസിനെ ഒഴിവാക്കി ഈ പ്രോജക്റ്റുമായി മുന്നോട്ട് പോകാൻ യാതൊരു ബുദ്ധിമുട്ടും ഞാൻ കാണുന്നില്ല  മറ്റ് കാര്യങ്ങൾ നിർവ്വഹിക്കുന്നതിനൊപ്പം അദ്ദേഹം അറിയാതെ ഇതും കൂടി സാധിച്ചെടുക്കുക അതാണ് വേണ്ടത്

“പക്ഷേ, എന്തുകൊണ്ട് ഹെർ റെയ്ഫ്യൂറർ അദ്ദേഹത്തെ ഒഴിവാക്കിക്കൊണ്ട് ഈ ദൌത്യം നിർവഹിക്കണമെന്ന് എന്താണിത്ര നിർബന്ധം?”  റാഡ്‌ൽ ആരാഞ്ഞു.

“ കാരണം ഇക്കാര്യത്തിൽ അഡ്‌മിറലിന്റെ നിലപാട് തെറ്റാണെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു വേണ്ട രീതിയിൽ എല്ലാം നടക്കുകയാണെങ്കിൽ നിങ്ങളുടെ ഈ പദ്ധതി നൂറ് ശതമാനവും വിജയം കൈവരിക്കുമെന്ന് ഉറപ്പാണ് സ്കോർസെനി, ഗ്രാന്റ് സാസോയിൽ നടത്തിയത് പോലെ വിജയം കൈവരിച്ചാൽ അതായത് ചർച്ചിലിനെ ജീവനോടെയോ അല്ലാതെയോ പിടികൂടിയാൽ വ്യക്തിപരമായി പറഞ്ഞാൽ അദ്ദേഹം കൊല്ലപ്പെട്ട് കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത് അതൊരു വേൾഡ് സെൻസേഷൻ ആയിരിക്കും അവിശ്വസനീയമായ ഒരു ജർമ്മൻ മിഷൻ

“ശരിയാണ് അഡ്മിറൽ അദ്ദേഹത്തിന്റെ രീതിയിൽ കൈകാര്യം ചെയ്താൽ ഒരിക്കലും വിജയം കൈവരിക്കാൻ സാദ്ധ്യതയില്ലാത്ത ദൌത്യം എനിക്ക് മനസ്സിലാവുന്നു അദ്ദേഹത്തിന്റെ ശവപ്പെട്ടിയിൽ ഒരു ആണി കൂടി”  റാഡ്‌ൽ പറഞ്ഞു.

“അങ്ങനെയല്ലെന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ?”

“ഞാനിപ്പോൾ എന്താ പറയുക…?

“ഇനി അദ്ദേഹത്തെ ഇതിൽ ഉൾപ്പെടുത്തിക്കൊണ്ട് നിങ്ങൾ ഈ ദൌത്യം വിജയിപ്പിച്ചു എന്ന് കരുതുക ഇതിന്റെ മുഴുവൻ ക്രെഡിറ്റും ആരാണ് കൊണ്ടുപോകുക? അതാണോ കൂറുള്ള ഒരു ജർമ്മൻ ഓഫീസറായ നിങ്ങൾക്ക് വേണ്ടത് റാഡ്‌ൽ?“

 “പക്ഷേ, ഹെർ റെയ്ഫ്യൂറർ, ഒരു കാര്യം ഓർക്കണം എത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയിലാണ് താങ്കൾ എന്ന് കൊണ്ടെത്തിച്ചിരിക്കുന്നതെന്ന് അഡ്മിറലുമായുള്ള എന്റെ ബന്ധം നാളിത് വരെ നല്ല നിലയിലാണ് പൊയ്ക്കൊണ്ടിരിക്കുന്നത്”  റാഡ്‌ൽ പറഞ്ഞു.  എന്നാൽ അത് പറഞ്ഞുകഴിഞ്ഞപ്പോഴാണ് വേണ്ടായിരുന്നുവെന്ന് അദ്ദേഹത്തിന്‌ തോന്നിയത്. പെട്ടെന്ന് തന്നെ അദ്ദേഹം കൂട്ടിച്ചേർത്തു.   “ഞാൻ പറഞ്ഞ് വരുന്നത്, എന്റെ വ്യക്തിപരമായ കൂറ് രാഷ്ട്രത്തിനോട് തന്നെയാണെന്നുള്ളതിൽ യാതൊരു സംശയവുമില്ല പക്ഷേ, ഇത്തരമൊരു ദൌത്യം ഏറ്റെടുത്ത് നടത്തുവാൻ എന്ത് അധികാരമാണ് എനിക്കുള്ളത്?”

ഹിംലര്‍ തന്റെ മേശവലിപ്പ് തുറന്ന് കനം കൂടിയ ഒരു എൻ‌വലപ്പ് പുറത്തെടുത്തു. പിന്നെ ഒന്നും ഉരിയാടാതെ അത് തുറന്ന് അതിനുള്ളിലെ കത്ത് അദ്ദേഹം റാഡ്‌ലിന് നേർക്ക് നീട്ടി. ജർമ്മൻ ഈഗിളും സുവർണ്ണ കുരിശും അടയാളമേന്തിയ ലെറ്റർ ഹെഡ് ആയിരുന്നു അത്.

                  
                        FROM THE LEADER AND CHANCELLOR OF THE STATE
                                   
                                                    MOST SECRET

Colonel Radl is acting under my direct and personal orders in a matter of the utmost importance to the Reich. He is answerable only to me. All personnel, military and civil, without distinction of rank, will assist him in any way he sees fit.

                                                                                                          ADOLF HITLER

റാഡ്‌ലിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. സ്തബ്ധനായി ഇരുന്നുപോയി അദ്ദേഹം. തന്റെ കൈവശം ഇതുവരെ വന്ന് ചേർന്ന രേഖകളിൽ ഏറ്റവും അവിശ്വസനീയമായത് ഈ ഒരു താക്കോലുമായി ജർമ്മൻ മണ്ണിൽ തുറക്കാൻ സാധിക്കാത്ത വാതിലുകൾ ഇല്ല തന്നെ. ‘നോ’ എന്ന വാക്ക് പറയുവാൻ ഒരാളും തന്നെ ധൈര്യപ്പെടില്ല. തന്റെ ദേഹത്ത് കൂടി അവാച്യമായ ഒരു ആവേശം വ്യാപിക്കുന്നത് അദ്ദേഹം തിരിച്ചറിഞ്ഞു.

(തുടരും)

Friday, March 16, 2012

ഈഗിൾ ഹാസ് ലാന്റഡ് – 35


ഗ്രൌണ്ട് ഫ്ലോറിലെ ഇടനാഴിയിലൂടെ അവർ നടന്നെത്തിയത് ആ കെട്ടിടത്തിന്റെ പിൻഭാഗത്തേക്കാണ്. സ്റ്റീൽ ഹെൽമറ്റ് ധരിച്ച് മെഷീൻ ഗണ്ണുകളുമായി രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ കാവൽ നിൽക്കുന്ന ഒരു ഇരുമ്പ് വാതിലിന് മുന്നിലാണ് ആ ഇടനാഴി അവസാനിച്ചത്.  

“ഇതെന്താ, ഇവിടെ വല്ല യുദ്ധവും നടക്കാൻ പോകുന്നുണ്ടോ?” റാഡ്‌ൽ ആരാഞ്ഞു.

“ഇവിടെയെത്തുന്ന കസ്റ്റമേഴ്സിന് അല്പം മതിപ്പുളവാകാൻ വേണ്ടിയാണെന്ന് പറയാം”   റോസ്മാൻ ഗൂഢാർത്ഥത്തിൽ പുഞ്ചിരിച്ചു.

തുറക്കപ്പെട്ട കവാടത്തിലൂടെ പടികളിറങ്ങി റോസ്മാൻ അദ്ദേഹത്തെ താഴോട്ട് നയിച്ചു.  ഇരുവശങ്ങളിലും മുറികളുള്ള ആ ഇടനാഴി വൈദ്യുതവിളക്കുകളെക്കൊണ്ട് ആവശ്യത്തിലധികം പ്രകാശമാനമായിരുന്നു. ഭംഗിയായി വെള്ളപൂശിയ ചുമരുകൾ. ഒരു കാര്യം അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല. ഭയം ജനിപ്പിക്കും വിധം അവിടെങ്ങും നിറഞ്ഞ് നിൽക്കുന്ന നിശ്ശബ്ദത.

“അപ്പോൾ നമുക്ക് ഇവിടെ തുടങ്ങാം”   അടുത്തു കണ്ട മുറിയുടെ വാതിൽ തുറന്ന് ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് റോസ്മാൻ പറഞ്ഞു.

മൂന്ന് വശങ്ങളിലും വെള്ളപൂശിയിരിക്കുന്ന ആ സെല്ലിന്റെ ഒരു വശത്തെ ചുമർ പക്ഷേ പരുക്കൻ കോൺക്രീറ്റ് കൊണ്ടുള്ളതായിരുന്നു. ആ ചുമരിലാകട്ടെ, എന്തൊക്കെയോ ഉരഞ്ഞ പാടുകൾ എമ്പാടും കാണാനുണ്ട്. ആ ചുവരിനോട് അടുത്തായി സീലിങ്ങിൽ ഒരു ബീം ഘടിപ്പിച്ചിരിക്കുന്നു. ബീമിൽ നിന്നും തൂങ്ങിക്കിടക്കുന്ന രണ്ട് ഇരുമ്പ് ചങ്ങലകൾ. ചങ്ങലയുടെ അറ്റത്ത് ഘടിപ്പിച്ചിരിക്കുന്ന കൊളുത്തുകളോടു കൂടിയ കോയിൽ സ്പ്രിങ്ങുകൾ.

“ഈ സംവിധാനം ഇവിടെ പ്രാവർത്തികമാക്കിയിട്ട് അധിക കാലമായിട്ടില്ല പക്ഷേ, ഇതിന്റെ മെച്ചം അത്ര ചെറുതല്ല എന്നാണവർ പറയുന്നത്...”    സിഗരറ്റ് പാക്കറ്റ് പുറത്തെടുത്ത് ഒരെണ്ണം റാഡ്‌ലിന് നീട്ടിയിട്ട് റോസ്മാൻ പറഞ്ഞു.  “കുറച്ച് കടുപ്പം തന്നെയാണ് ഈ ശിക്ഷാരീതി കുറ്റാരോപിതനായ വ്യക്തിയ്ക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കുന്നതിന് പകരം ക്രൂരമായി പീഡിപ്പിച്ച് ഭ്രാന്തനാക്കുന്ന രീതി

“എന്താണത്?”

“സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന വ്യക്തിയെ ഈ കൊളുത്തുകളിൽ തൂക്കിയിടുന്നു എന്നിട്ട് വൈദ്യുതി പ്രവഹിപ്പിക്കുന്നു പിന്നെ ആ കോൺക്രീറ്റ് ചുമരിൽ ബക്കറ്റ് കണക്കെ വെള്ളം കോരി ഒഴിക്കുന്നു വൈദ്യുതപ്രവാഹമേറ്റ് പിടയുന്ന ഇര ജീവന്മരണ പോരാട്ടത്തിൽ ആ ചുമരിൽ പിടിക്കാനൊരുങ്ങുമ്പോൾ വെള്ളത്തിന്റെ നനവ് ഇലക്ട്രിക്ക് ഷോക്കിന്റെ വീര്യം കൂട്ടുന്നു ചുവരിന്നടുത്ത് ചെന്ന് നോക്കിയാൽ താങ്കൾക്ക് അത് കാണാൻ കഴിയും

റാഡ്‌ൽ ആ കോൺക്രീറ്റ് ചുവരിന്നരികിലേക്ക് ചെന്നു. മരണവെപ്രാളത്തിൽ പിടയുന്ന ഇരകൾ മാന്തിപ്പറിച്ച അടയാളങ്ങളായിരുന്നു ആ പരുക്കൻ ചുമരിൽ എമ്പാടും.

“ഇത്രയും ക്രൂരമായ, മനുഷ്യത്വരഹിതമായ ചോദ്യം ചെയ്യലിൽ നിങ്ങൾ അഭിമാനം കൊള്ളുന്നുണ്ടാവും അല്ലേ?” 

“രോഷം കൊള്ളേണ്ട, ഹെർ ഓബർസ്റ്റ് ഇവിടെ അതൊന്നും വിലപ്പോവില്ല പല ജനറൽമാരെയും ഞാനിവിടെ കണ്ടിട്ടുണ്ട് മുട്ട് കുത്തി നിന്ന് തങ്ങളുടെ ജീവന് വേണ്ടി യാചിക്കുന്നത്” റോസ്മാൻ സഹതാപപൂർവം പുഞ്ചിരിച്ചു.

“ഇനി എന്താണ് താങ്കളെ ഞാൻ കാണിക്കേണ്ടത്…?”  വാതിലിന് നേർക്ക് തിരിഞ്ഞ് നടന്നുകൊണ്ട് റോസ്മാൻ ചോദിച്ചു.

“നത്തിങ്ങ് താങ്ക് യൂ”  റാഡ്‌ൽ പറഞ്ഞു. “നിങ്ങൾ നിങ്ങളുടെ നയം വ്യക്തമാക്കിയല്ലോ അതിനായിരുന്നല്ലോ എന്നെ ഇവിടെ കൊണ്ട് വന്ന് ഇതെല്ലാം കാണിച്ച് തന്നത്?  ധാരാളം വേറെ ഒന്നും ഇനി കാണണമെന്നില്ല നമുക്ക് തിരിച്ച് പോകാം

“താങ്കളുടെ ഇഷ്ടം പോലെ, ഹെർ ഓബർസ്റ്റ്”  റോസ്മാൻ ചുമലിളക്കി. പിന്നെ ലൈറ്റ് ഓഫ് ചെയ്ത് അദ്ദേഹത്തെ പുറത്തേക്ക് ആനയിച്ചു.

(തുടരും)

Friday, March 9, 2012

ഈഗിൾ ഹാസ് ലാന്റഡ് – 34


സ്റ്റെയ്നറുടെ കോർട്ട്മാർഷൽ നടപടികളുടെ റിപ്പോർട്ടുകൾ മുഴുവനും വായിച്ചിട്ട് ഫയൽ മടിയിൽ തന്നെ വച്ച് കുറേയധിക നേരം കേണൽ റാഡ്‌ൽ ചിന്താമഗ്നനായി ഇരുന്നു. ഇത്ര ഗുരുതരമായ കുറ്റം ചെയ്തിട്ട് വധശിക്ഷയിൽ നിന്ന് രക്ഷപെട്ടത് തന്നെ മഹാഭാഗ്യം. ഒരു പക്ഷേ, അദ്ദേഹത്തിന്റെ പിതാവിന്റെ സ്വാധീനമായിരിക്കാം അതിൽ നിന്നും അദ്ദേഹത്തെ രക്ഷപെടുത്തിയത്. മാത്രമല്ല, അദ്ദേഹവും സംഘവും വാർ ഹീറോസും ആയിരുന്നു. Knight’s Cross with Oak Leaves ബഹുമതി നേടിയ ഒരു സൈനികനെ വധശിക്ഷക്ക് വിധേയമാക്കുക എന്നത് സൈന്യത്തിന്റെ ഒന്നടങ്കം മനോവീര്യം കെടുത്തുന്ന പ്രവൃത്തിയുമാണല്ലോ. എന്നാൽ ഓപ്പറേഷൻ സ്വോർഡ്‌ഫിഷ് എന്ന സൂയിസൈഡ് യൂണിറ്റ് രൂപീകരിച്ച് അതിന്റെ ചുമതലയേൽപ്പിക്കുകയെന്ന ശിക്ഷ മറ്റൊരർത്ഥത്തിൽ വധശിക്ഷ തന്നെയായിരുന്നു. ഇന്നല്ലെങ്കിൽ നാളെ മരണം സുനിശ്ചിതമായ ശിക്ഷ. ഏതോ ഉന്നതോദ്യോഗസ്ഥന്റെ തലച്ചോറിൽ ഉരുത്തിരിഞ്ഞ കുശാഗ്രബുദ്ധി.

റാഡ്‌ൽ എഴുന്നേറ്റ് തിരികെ മുറിയ്ക്കുള്ളിലേക്ക് പ്രവേശിച്ചു. കസേരയിൽ പിന്നോട്ടാഞ്ഞ് വിശ്രമിക്കുന്ന റോസ്മാനെ കണ്ടാൽ ഉറക്കമാണെന്നേ തോന്നൂ. ചരിഞ്ഞ ക്യാപ്പ് നെറ്റിയിലേക്കിറക്കി കണ്ണുകൾ മറച്ച് വച്ചിരിക്കുന്നു. എന്നാൽ റാഡ്‌ൽ കതക് തുറന്ന ശബ്ദം കേട്ടതും അയാൾ ചാടിയെഴുന്നേറ്റു. പിന്നെ നേരെ ഹിംലറുടെ റൂമിലേക്ക് ചെന്ന് നിമിഷങ്ങൾക്കകം തിരികെയെത്തി.

“താങ്കളോട് അകത്ത് ചെല്ലാൻ പറഞ്ഞു

ഹിംലര്‍ അപ്പോഴും തൽ‌സ്ഥാനത്ത് തന്നെയുണ്ടായിരുന്നു. മേശയിൽ വിരിച്ചിരിക്കുന്ന ഓർഡ്‌നൻസ് സർവ്വേ മാപ്പ് പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹം തലയുയർത്തി.

“വാഴ്സാ സംഭവത്തിൽ നിന്നും മുടിനാരിഴക്ക് ജീവൻ തിരിച്ച് കിട്ടിയ സ്റ്റെയ്നറുടെ കഥ വായിച്ചിട്ട് എന്ത് തോന്നുന്നു?”

“എ റിമാർക്കബിൾ സ്റ്റോറി”   അല്പം കരുതലോടെ റാഡ്‌ൽ പറഞ്ഞു.   “തികച്ചും ഒരു അസാധാരണ വ്യക്തിത്വം

“ഒരു പക്ഷേ, നിങ്ങൾ സന്ധിക്കാൻ പോകുന്ന ഏറ്റവും ധീരനായ വ്യക്തിയായിരിക്കും അയാൾ”   ഹിംലര്‍ പറഞ്ഞു.  “അസാമാന്യ ധിഷണാപാടവമുള്ളവൻ ധീരൻ ഏൽപ്പിച്ച ചുമതല ഭംഗിയായി ചെയ്ത് തീർക്കുന്ന ബ്രില്യന്റ് സോൾജിയർ ആന്റ് ആന്റ് എ റൊമാന്റിക്ക് ഫൂൾ അത് അയാൾ പാതി അമേരിക്കൻ ആയത് കൊണ്ടാണെന്ന് സമാധാനിച്ചാൽ മതി”   അദ്ദേഹം തലയാട്ടി. “Knight’s Cross with Oak Leaves ആ റഷ്യൻ വിജയഗാഥയെ തുടർന്ന് നേരിൽ കാണുവാൻ ഫ്യൂറർ തന്നെ അയാളെ ക്ഷണിക്കുകയുണ്ടായി എന്നിട്ടയാൾ ചെയ്തതോ? ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത ആ ജൂതപ്പെണ്ണിന് വേണ്ടി തന്റെ കരിയർ, ഭാവി എല്ലാം എല്ലാം നശിപ്പിച്ചു...”

ഒരു മറുപടി പ്രതീക്ഷിച്ചെന്ന പോലെ ഹിംലര്‍ അദ്ദേഹത്തെ നോക്കി.

“എക്സ്ട്രാ ഓർഡിനറി, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ കരുതലോടെ പ്രതിവചിച്ചു.

ഹിംലര്‍ തലകുലുക്കി ശരിവച്ചു. പിന്നെ, ആ വിഷയത്തിൽ നിന്നും പൂർണ്ണമായും വ്യതിചലിക്കുന്ന ഭാവത്തിൽ കൈകൾ കൂട്ടിത്തിരുമ്മി മുന്നോട്ടാഞ്ഞ് മേശയിൽ കിടക്കുന്ന മാപ്പിലേക്ക് നോക്കി.

“മിസ്സിസ് ഗ്രേയുടെ റിപ്പോർട്ടുണ്ടല്ലോ ഇറ്റ്സ് ക്വയറ്റ് ബ്രില്യന്റ് റിയലി ആൻ ഔട്ട്സ്റ്റാൻഡിങ്ങ് ഏജന്റ്...”   അദ്ദേഹം കുറച്ച് കൂടി മുന്നോട്ടാഞ്ഞ് മാപ്പിലേക്ക് സൂക്ഷിച്ച് നോക്കി. “ഇത് പ്രാവർത്തികമാണോ?”

“എന്ന് തോന്നുന്നു” റാഡ്‌ൽ സംശയലേശമെന്യേ പറഞ്ഞു.

“ഇതിനെക്കുറിച്ച് അഡ്മിറലിന്റെ അഭിപ്രായമെന്തായിരുന്നു?”

എന്താണ് പറയേണ്ടതെന്നറിയാതെ, ഉചിതമായ ഒരു മറുപടി മെനയുവാനായി റാഡ്‌ൽ ഒരു നിമിഷം നിന്നു.

“ഉത്തരം പറയുവാൻ അൽപ്പം ബുദ്ധിമുട്ടുള്ള ചോദ്യമാണ്, ഹെർ റെയ്ഫ്യൂറർ

ഇരുകൈപ്പത്തികളും കൂട്ടിത്തിരുമ്മി ഹിംലര്‍ കസേരയിൽ പിന്നോട്ട് ചാഞ്ഞു. ഹാഫ് നിക്കറുമിട്ട് തന്റെ പഴയ സ്കൂൾ മാസ്റ്ററുടെ മുന്നിൽ ഭയന്ന് വിറച്ച് നിൽക്കുന്ന അവസ്ഥ ഒരു നിമിഷനേരത്തേക്കെങ്കിലും റാഡ്‌ലിന് അനുഭവപ്പെട്ടു.

“പറയാതെ തന്നെ എനിക്കത് മനസ്സിലാവുന്നു കേണൽ മേലുദ്യോഗസ്ഥനോടുള്ള വിധേയത്വത്തെ ഞാൻ അംഗീകരിക്കുന്നു പക്ഷേ, നിങ്ങൾ ഒന്നോർക്കണം ആരോടുള്ള വിധേയത്വത്തിനായിരിക്കണം മുൻ‌തൂക്കമെന്ന് ജർമ്മനിയോടുള്ള വിധേയത്വം ഫ്യൂറർ ഹിറ്റ്ലറോടുള്ള വിധേയത്വം അതിനായിരിക്കണം പ്രഥമസ്ഥാനം

“സ്വാഭാവികമായും, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ തിടുക്കത്തിൽ പറഞ്ഞു.

“എന്നാൽ ദൌർഭാഗ്യകരം എന്ന് പറയട്ടെ, അതിനോട് യോജിക്കാത്തവരും നമ്മുടെ ഇടയിലുണ്ട്ഹിംലര്‍ തുടർന്നു. നമ്മുടെ സമൂഹത്തിന്റെ ഏത് തട്ടിലും അത്തരം വിമതരെ കാണാം എന്തിന്‌ ഹൈക്കമാന്റിലുള്ള ജനറൽമാർക്കിടയിൽ വരെ എന്താ, അവിശ്വസനീയമായി തോന്നുന്നുണ്ടോ?”

“വിശ്വസിക്കാൻ പ്രയാസം, ഹെർ റെയ്ഫ്യൂറർ”  റാഡ്‌ൽ ശരിയ്ക്കും അത്ഭുതപ്പെട്ടു.

“എക്കാലവും ഫ്യൂറർ ഹിറ്റലറോട് കൂറ് പുലർത്തുന്നതായിരിക്കും എന്ന പ്രതിജ്ഞ എടുത്തിട്ടുള്ള അവർക്ക് എങ്ങനെ ഇത്ര നീചമായി പെരുമാറുവാൻ സാധിക്കുന്നു?”  അദ്ദേഹം വിഷാദത്തോടെ തലയാട്ടി.  “ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ നമ്മുടെ സൈന്യത്തിലെ ചില ഉന്നതോദ്യോഗസ്ഥർ ചേർന്ന് ഫ്യൂറർ യാത്ര ചെയ്ത വിമാനത്തിൽ ഒരു ബോംബ് ഘടിപ്പിച്ചിരുന്നതിന്റെ എല്ലാ തെളിവുകളും ലഭിച്ചു. സ്മോളെൻസ്കിൽ നിന്നും റാസ്റ്റൻബർഗിലേക്കുള്ള യാത്രയ്ക്കിടയിൽ സ്ഫോടനം നടക്കുന്നത് പോലെ ആയിരുന്നു അത് സെറ്റ് ചെയ്തിരുന്നത്

“മൈ ഗോഡ്”   റാഡ്‌ലിന് വിശ്വസിക്കാൻ കഴിഞ്ഞില്ല.

“ഭാഗ്യത്തിന് ആ ബോംബ് പൊട്ടിയില്ല റാസ്റ്റൻബർഗിലെത്തിയതിന് ശേഷമുള്ള പതിവ് പരിശോധനയിലാണ് ബോംബ് കണ്ടെടുത്തത് പക്ഷേ, അതിൽ നിന്നും ഒരു കാര്യം വ്യക്തമായി.. നമ്മെ ആർക്കും തോൽപ്പിക്കാൻ കഴിയില്ല എന്ന് അന്തിമവിജയം നമ്മുടേതായിരിക്കുമെന്ന് ഏതോ അദൃശ്യ ശക്തിയുടെ കരങ്ങളാണ് നമ്മുടെയെല്ലാം ഫ്യൂറർ ആയ ഹിറ്റ്ലറുടെ ജീവൻ രക്ഷിച്ചതെന്ന് അക്കാര്യത്തിൽ യാതൊരു സംശയവും എനിക്കില്ല  ഈ പ്രപഞ്ചത്തിന്റെ പിന്നിൽ ഒരു മഹാശക്തി മറഞ്ഞിരിക്കുന്നുവെന്ന് ഞാൻ എന്നും വിശ്വസിച്ചു പോരുന്നു യോജിക്കുന്നുണ്ടോ നിങ്ങൾ?”

“തീർച്ചയായും, ഹെർ റെയ്ഫ്യൂറർ

“അതേ അത് അംഗീകരിക്കാൻ നാം തയ്യാറല്ലെങ്കിൽ പിന്നെ നമ്മളും മാർക്സിസ്റ്റുകളും തമ്മിൽ എന്ത് വ്യത്യാസം? നമ്മുടെ സുരക്ഷാസേനയിലെ എല്ലാ അംഗങ്ങളും ദൈവ വിശ്വാസികളായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്”  മുഖത്ത് നിന്ന് കണ്ണട ഊരിമാറ്റി അദ്ദേഹം പതുക്കെ മൂക്ക് ചൊറിഞ്ഞു.   “ഞാൻ പറഞ്ഞു വന്നത് ദേശദ്രോഹികൾ എവിടെയുമുണ്ട് ആർമിയിൽ നേവിയിൽ എന്തിന് ഇവയുടെയെല്ലാം തലപ്പത്ത് വരെ

കണ്ണട തിരികെ വച്ച് അദ്ദേഹം റാഡ്‌ലിന് നേർക്ക് മുഖമുയർത്തി.   “റാഡ്‌ൽ എനിക്ക് നല്ല ഉറപ്പുണ്ട് നിങ്ങളുടെ ഈ പ്രോജക്റ്റ് റിപ്പോർട്ടിൽ അഡ്മിറൽ കാനറീസ് വീറ്റോ പ്രയോഗിച്ചു കാണുമെന്ന്

അവിശ്വസനീയതയോടെ റാഡ്‌ൽ അദ്ദേഹത്തെ തുറിച്ചുനോക്കി. തന്റെ രക്തം തണുത്തുറയുന്നത് പോലെ തോന്നി അദ്ദേഹത്തിന്. ഏത് ചെറിയ നീക്കം പോലും ഗെസ്റ്റപ്പോയുടെ തലപ്പത്ത് അപ്പോഴപ്പോൾ അറിയുന്നു!

“തീർച്ചയായും ആ നിലപാട് അദ്ദേഹത്തിന്റെ സ്ഥാനത്തിനും ലക്ഷ്യത്തിനും യോജിച്ചതല്ല ഈ യുദ്ധത്തിൽ ജർമ്മനിയുടെ അന്തിമവിജയം അല്ല അദ്ദേഹത്തിന്റെ ലക്ഷ്യം അക്കാര്യത്തിൽ എനിക്കുറപ്പുണ്ട്”    ഹിംലര്‍ പറഞ്ഞു.

അബ്ഫെറിന്റെ മേധാവി രാഷ്ട്രത്തിനെതിരായി പ്രവർത്തിക്കുന്നുവെന്നോ? റാഡ്‌ലിന് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു അത്. പിന്നീടാണ് അദ്ദേഹം ചിന്തിച്ചത് അഡ്മിറൽ കാനറിസിന്റെ വാക്കുകൾ രാഷ്ട്രത്തിന്റെ ഉന്നതശ്രേണിയിലിരിക്കുന്നവരെക്കുറിച്ചുള്ള ആരോപണങ്ങൾ ഒരവസരത്തിൽ ഫ്യൂറർ ഹിറ്റലറെക്കുറിച്ച് പോലും അദ്ദേഹം മോശമായി സംസാരിച്ചത് ഓഫീസിൽ നിന്ന് ഇറങ്ങുന്നതിന് തൊട്ട് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകൾ നാം യുദ്ധത്തിൽ പരാജയപ്പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന പ്രസ്താവന അതും ജർമ്മൻ ഇന്റലിജൻസ് മേധാവിയുടെ നാവിൽ നിന്നും

ഹിംലര്‍ മേശപ്പുറത്തെ ബസർ അമർത്തി. റോസ്മാൻ ഓടിയെത്തി.

“എനിക്ക് അത്യാവശ്യമായി ഒന്ന് ഫോൺ ചെയ്യാനുണ്ട് ഹെർ ഓബർസ്റ്റിനെ ഇവിടെയെല്ലാം കൊണ്ടുനടന്ന് കാണിച്ചിട്ട് തിരികെ കൊണ്ടു വരൂ

അദ്ദേഹം റാഡ്‌ലിന് നേർക്ക് തിരിഞ്ഞു.  “ഇവിടെയുള്ള തടവറകൾ നിങ്ങൾ കണ്ടിട്ടില്ലല്ലോ?”

“ഇല്ല, ഹെർ റെയ്ഫ്യൂറർ

പ്രിൻസ് ആൽബ്രസ്ട്രെയ്സിലെ കുപ്രസിദ്ധമായ സെല്ലുകൾ ജീവിതത്തിൽ താൻ കാണുവാനാഗ്രഹിക്കുന്ന അവസാനത്തെ ഇടമായിരിക്കും എന്നു കൂടി പറയണമെന്ന് തോന്നിയതാണ് കേണൽ റാഡ്‌ലിന്. പക്ഷേ, കാണേണ്ട എന്ന് പറഞ്ഞാൽ പോലും അത് കാണാതിരിക്കാനാവില്ല എന്ന് അദ്ദേഹത്തിനറിയാമായിരുന്നു. റോസ്മാന്റെ മുഖത്ത് വിരിഞ്ഞ അർത്ഥഗർഭമായ മന്ദഹാസത്തിൽ നിന്നും എല്ലാം മുൻ‌കൂട്ടി നിശ്ചയിച്ച പ്രകാരമായിരുന്നുവെന്ന് അദ്ദേഹത്തിന് മനസ്സിലായിക്കഴിഞ്ഞിരുന്നു.

(തുടരും)

Friday, March 2, 2012

ഈഗിൾ ഹാസ് ലാന്റഡ് – 33


അടുത്ത നിമിഷം ആ പെൺകുട്ടി സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഗണുകളിലൊന്നിൽ ചാടിപ്പിടിച്ചു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവൾ അതിനുള്ളിലേക്ക് കയറി. ചൂളം വിളിച്ച് കൊണ്ട് ആ ഗുഡ്സ് ട്രെയിൻ സ്റ്റേഷൻ വിട്ട് അകലുന്നത് നോക്കി എല്ലാവരും നിശബ്ദരായി നിന്നു.

മേജർ ഫ്രാങ്ക് തന്നെയായിരുന്നു മൌനം ഭഞ്ജിച്ചത്.

“അടുത്ത സ്റ്റേഷനിൽ വച്ച് തന്നെ അവളെ ഞങ്ങൾ പൊക്കിയിരിക്കും അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട

അയാളെ തള്ളി മാറ്റിയിട്ട് സ്റ്റെയ്നർ തന്റെ പിസ്റ്റൾ പോക്കറ്റിലേക്ക് തിരുകി. അതോടെ മിലിട്ടറി പോലീസുകാരൻ അദ്ദേഹത്തിനടുത്തേക്ക് ചാടി വീണു.

“അദ്ദേഹത്തെ തൊട്ടുപോകരുത്   റിട്ടർ ന്യുമാൻ അലറി.

തിരിഞ്ഞ് നോക്കിയ സ്റ്റെയ്നർ കണ്ടത് പോലീസുകാരന്‌ നേർക്ക് ഉന്നം പിടിച്ച MP-40 മെഷീൻ ഗണ്ണുമായി നിൽക്കുന്ന ന്യുമാനെയാണ്. ഒപ്പം സായുധരായ തന്റെ സഹപ്രവർത്തകരെയും.

എന്തും തന്നെ സംഭവിക്കാവുന്ന നിമിഷങ്ങൾ പെട്ടെന്നാണ് മെയിൻ ഗെയ്റ്റിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞത്. സുരക്ഷാസേനയുടെ ഒരു സായുധ സംഘം പുറത്ത് നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇരച്ച് കയറി. അവർ തീർത്ത സുരക്ഷാവലയത്തിലൂടെ മേജർ ജനറൽ ഓഫ് പോലീസ് ബ്രിഗേഡ്‌ഫ്യൂറർ ജർഗൻ സ്ട്രൂപ്  പ്ലാറ്റ്ഫോമിൽ പ്രവേശിച്ചു. ഉന്നത റാങ്കിലുള്ള മൂന്നോ നാലോ ഓഫീസർമാരും പിസ്റ്റളുകളുമായി അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്നു. ഫീൽഡ് ക്യാപ്പും സർവീസ് യൂണിഫോമും ധരിച്ച അദ്ദേഹം അക്ഷോഭ്യനായി കാണപ്പെട്ടു.

“എന്താണിവിടെ നടക്കുന്നത് ഫ്രാങ്ക്?” അദ്ദേഹം ആരാഞ്ഞു.

“ഇദ്ദേഹത്തോട് ചോദിക്കൂ, ഹെർ ബ്രിഗേഡ്‌ഫ്യൂറർ    അടക്കാനാവാത്ത രോഷത്തോടെ ഫ്രാങ്ക് പറഞ്ഞു.   “ഇയാൾ ജർമ്മൻ ആർമിയിലെ ഓഫീസർ അല്പം മുമ്പ് ഒരു ജൂത തീവ്രവാദിയെ രക്ഷപെടാൻ അനുവദിച്ചിരിക്കുന്നു !...”

സ്ട്രൂപ്, സ്റ്റെയ്നറെ ഒറ്റ നോട്ടത്തിൽ അവലോകനം ചെയ്തു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ബാഡ്ജുകൾ Knight’s Cross ഉം  Oak Leaves ഉം ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ നിസ്സാരനല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.

“ആരാണ് നിങ്ങൾ?”   അദ്ദേഹം ആരാഞ്ഞു.

“കുർട്ട് സ്റ്റെയ്നർ പാരച്യൂട്ട് റെജിമെന്റ്  സ്റ്റെയ്നർ പറഞ്ഞു.    “നിങ്ങളാരാണെന്ന് പറഞ്ഞില്ല?”

സമചിത്തത കൈവെടിയാതിരിക്കാൻ ജർഗൻ സ്ട്രൂപ് ശ്രമിച്ചു.  എന്നിട്ട് ശാന്ത സ്വരത്തിൽ പറഞ്ഞു.  “എന്നോട് ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല ഹെർ ഓബർസ്റ്റ് ഞാൻ മേജർ ജനറലാണ് അക്കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ?”

“എന്റെ പിതാവും ഒരു മേജർ ജനറലാണ്” സ്റ്റെയ്നർ പറഞ്ഞു.  “അതുകൊണ്ട് അക്കാര്യത്തിൽ പ്രത്യേകിച്ചൊരു പുതുമയും എനിക്ക് തോന്നുന്നില്ല  എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം ചോദിച്ചോട്ടെ താങ്കളാണോ ബ്രിഗേഡ്‌ഫ്യൂറർ സ്ട്രൂപ്? അവിടെ നടക്കുന്ന കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നയാൾ?”

“അതെ ഇവിടുത്തെ ഓപ്പറേഷന്റെ നേതൃത്വം എനിക്കാണ്

സ്റ്റെയ്നർ മൂക്ക് ചുളിച്ചു.  “എനിക്ക് തോന്നി താങ്കളെ കാണുമ്പോൾ എന്താണെനിക്ക് ഓർമ്മ വരുന്നതെന്ന് അറിയുമോ?”

“ഇല്ല, ഹെർ ഓബർസ്റ്റ് പറയൂ  സ്ട്രൂപ് പറഞ്ഞു.

“അറിയാതെ അഴുക്ക് ചാലിൽ ചവിട്ടുമ്പോൾ ഷൂവിൽ പറ്റിപ്പിടിക്കുന്ന വസ്തുവില്ലേ അസഹ്യമായ ദുർഗന്ധമുള്ള ആ വസ്തുഅത് തന്നെ

ജർഗൻ സ്ട്രൂപ് അക്ഷോഭ്യനായിത്തന്നെ നിന്നിട്ട് കൈകൾ നീട്ടി. ഒരു നെടുവീർപ്പിട്ട്, സ്റ്റെയ്നർ തന്റെ ല്യൂഗർ പിസ്റ്റൾ പോക്കറ്റിൽ നിന്നെടുത്ത് അദ്ദേഹത്തിന് കൈമാറി. എന്നിട്ട് തന്റെ സഹപ്രവർത്തകരോടായി ഇപ്രകാരം പറഞ്ഞു.

“ദാറ്റ്സ് ഇറ്റ് ബോയ്സ് നൌ സ്റ്റാൻഡ് അറ്റ് ഈസ്

വീണ്ടും സ്ട്രൂപ്പിന് നേർക്ക് തിരിഞ്ഞ് അദ്ദേഹം പറഞ്ഞു.  “എന്തോ, എനിക്ക് ഇത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ഇവർക്ക് ഞാനെന്ന് വച്ചാൽ ജീവനാണ് അതുകൊണ്ടാണ് ഏത് കാര്യത്തിനും ഒന്നും നോക്കാതെ ഇവർ എനിക്കൊപ്പം നിൽക്കുന്നത് ഇക്കാര്യത്തിൽ തെറ്റ് എന്റേത് മാത്രമാണ് ഇതിൽ നിന്ന് ഇവരെ ഒഴിവാക്കിക്കൂടേ?”

“അക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട” ജർഗൻ സ്ട്രൂപ് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു.

“ഞാൻ പ്രതീക്ഷിച്ചതും ഇത് തന്നെയായിരുന്നു ഞാൻ അഭിമാനിക്കുന്നു തന്തയില്ലായ്മ കാണിക്കുമ്പോൾ അയാളെ തന്തയില്ലാത്തവനേ എന്ന് വിളിക്കാനുള്ള എന്റെ ധൈര്യത്തെയോർത്ത്  സ്റ്റെയ്നർ പറഞ്ഞു.


(തുടരും)