Wednesday, August 22, 2012

ഈഗിൾ ഹാസ് ലാന്റഡ് – 51


ഹാർബറിന്റെ അതിർത്തിയിൽ നിന്ന് പുറത്ത് കടന്നതോടെ കപ്പലിന് വേഗതയാർജ്ജിച്ചു. റാഡ്‌ൽ ആ നാവികരെ സസൂക്ഷ്മം വീക്ഷിക്കുകയായിരുന്നു. സംഘത്തിൽ പകുതിപേരും താടി വളർത്തിയിരിക്കുന്നു. മത്സ്യബന്ധന തൊഴിലാളികളുടെ വേഷമാണ് എല്ലാവർക്കും. നാവിക ഉദ്യോഗസ്ഥർ ആണെന്നതിന്റെയോ, എന്തിന് അതൊരു നേവൽ ഷിപ്പ് ആണെന്നതിന്റെയോ പോലും യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. ഇതുവരെ കണ്ടിട്ടുള്ള E-ബോട്ടുകളിലൊന്നും ദർശിച്ചിട്ടില്ലാത്ത തരം ആന്റിനകളും ആ കപ്പലിൽ ഘടിപ്പിച്ചിരിക്കുന്നത് അദ്ദേഹം ശ്രദ്ധിക്കാതിരുന്നില്ല.

അദ്ദേഹം ബ്രിഡ്ജിലേക്ക് നടന്നു. ചാർട്ട് ടേബിളിലെ മാപ്പിൽ മുഴുകിയിരിക്കുകയാണ് കീനിഗ്ഗ്. വീൽ നിയന്ത്രിക്കുന്നത് താടി വച്ച ആജാനുബാഹുവായ ഒരു മനുഷ്യനാണ്. അയാൾ ധരിച്ചിരിക്കുന്ന നിറം മങ്ങിയ റീഫർ ജാക്കറ്റിൽ ചീഫ് പെറ്റി ഓഫീസർ റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജുകൾ കാണാം.  ചുണ്ടിൽ എരിയുന്ന സിഗരറ്റ്. എങ്കിലും അവിടെങ്ങും ഒരു നേവൽ സ്പർശം കാണുവാൻ റാഡ്‌ലിന് ആയില്ല എന്നതാണ് സത്യം.

അദ്ദേഹത്തെ കണ്ടതും കീനിഗ്ഗ് ആചാരമര്യാദയോടെ സല്യൂട്ട് ചെയ്തു.  “ഓ, താങ്കളോ എല്ലാം ഓ.കെ അല്ലേ ഹെർ ഓബർസ്റ്റ്?”

“എന്ന് തോന്നുന്നു ഇവിടെ നിന്ന് എത്ര ദൂരമുണ്ട്?”  ചാർട്ട് ടേബിളിൽ നോക്കി റാഡ്‌ൽ ആരാഞ്ഞു.

“ഏകദേശം അമ്പത് മൈൽ

“സമയത്ത് തന്നെ അവിടെ എത്തുമോ?”

കീനിഗ്ഗ് തന്റെ വാച്ചിലേക്ക് കണ്ണോടിച്ചു. പത്ത് മണിയോടെ സെന്റ് ഹെലിയറിൽ എത്തുമെന്നാണ് എന്റെ കണക്കുകൂട്ടൽ, ഹെർ ഓബർസ്റ്റ്  റോയൽ നേവി കുറുകെ വന്നില്ലെങ്കിൽ

റാഡ്‌ൽ ഡെക്കിലേക്ക് നോക്കി. “ലെഫ്റ്റനന്റ് നിങ്ങളുടെ സംഘാംഗങ്ങൾ എല്ലാവരും ഇതു പോലെ മുക്കുവരുടെ വേഷമാണോ എപ്പോഴും ധരിക്കുന്നത്? ഞാനറിഞ്ഞിടത്തോളം E-ബോട്ടുകൾ എന്നത് ജർമ്മൻ നേവിയുടെ പ്രൌഢി്യായിട്ടാണ് കണക്കാക്കപ്പെടുന്നത്

കീനിഗ്ഗ് മന്ദഹസിച്ചു. “അതിന് ഇതൊരു E-ബോട്ട് അല്ലല്ലോ ഹെർ ഓബർസ്റ്റ് ആ ഗണത്തിൽ പെടുത്തിയിരിക്കുന്നുവെന്ന് മാത്രം

“പിന്നെ എന്ത് സാധനമാണ് ഇത്?” ആശ്ചര്യത്തോടെ റാഡ്‌ൽ ചോദിച്ചു.

“സത്യം പറഞ്ഞാൽ ഞങ്ങൾക്കുമറിയില്ല അല്ലേ മുള്ളർ?” 

പെറ്റി ഓഫീസർ മുള്ളർ അത് കേട്ട് പുഞ്ചിരിച്ചു.

“ഇതൊരു മോട്ടോർ ഗൺ ബോട്ടാണ് ഹെർ ഓബർസ്റ്റ് തുർക്കികൾക്ക് വേണ്ടി ബ്രിട്ടനിൽ നിർമ്മിച്ച് റോയൽ നേവിയ്ക്ക് കൈമാറിയത്

“എന്താണതിന്റെ കഥ?”  റാഡ്‌ൽ കൌതുകത്തോടെ ചോദിച്ചു.

ബ്രിട്ടനിയിലെ മോർലെയ്ക്സിന് സമീപം വേലിയിറക്ക സമയത്ത് ഒരു മണൽത്തിട്ടയിൽ ഉറച്ചുപോയി. കിണഞ്ഞ് പരിശ്രമിച്ചിട്ടും ഇതിന്റെ ക്യാപ്റ്റന് കപ്പൽ വെള്ളത്തിലേക്കിറക്കാനായില്ല അവസാനം കപ്പൽ തകർക്കുവാനുള്ള ബോംബ് ഡിറ്റണേറ്റ് ചെയ്തിട്ട് കപ്പൽ ഉപേക്ഷിക്കുന്നതായി അയാൾ മെസ്സേജ് കൊടുത്തു

“എന്നിട്ട്?”

“നിർഭാഗ്യത്തിന് ബോംബ് പൊട്ടിയില്ല അതെന്തുകൊണ്ടാണെന്ന് നോക്കാനായി തിരികെയെത്തിയ അയാളെയും സംഘത്തെയും നമ്മുടെ ഒരു E-ബോട്ട് വളഞ്ഞ് പിടിച്ചു

“കഷ്ടം അയാളെയോർത്ത് ഞാൻ ദുഃഖിക്കുന്നു” റാഡ്‌ൽ പറഞ്ഞു.

“പക്ഷേ, ഇനിയാണ് രസകരമായ കാര്യം വരുന്നത് ഹെർ ഓബർസ്റ്റ് താൻ കപ്പൽ ഉപേക്ഷിക്കുകയാണെന്നും തകർക്കുവാനുള്ള ബോംബ് ഡിറ്റണേറ്റ് ചെയ്തിട്ടുണ്ടെന്നുമായിരുന്നു അയാളുടെ അവസാനത്തെ സന്ദേശം സ്വാഭാവികമായും അത് ശ്രവിച്ച ബ്രിട്ടീഷ് അധികൃതർ  വിചാരിച്ചത് കപ്പൽ തകർന്നു കാണുമെന്നായിരുന്നു” കീനിഗ്ഗ് പറഞ്ഞു.

“അത് ശരി അതുകൊണ്ട് നിങ്ങൾക്ക് ഈ പ്രദേശത്ത് നിർഭയം ഈ ബ്രിട്ടീഷ് കപ്പലുമായി യാത്ര ചെയ്യാൻ കഴിയുന്നു റോയൽ നേവിയുടേതെന്ന വ്യാജേന

“എക്സാറ്റ്ലി എനിക്കുറപ്പുണ്ട്, കൊടിമരത്തിൽ ചുരുട്ടി കെട്ടിയിരിക്കുന്ന വെള്ള പതാക കണ്ടിട്ട് താങ്കൾക്ക് ആശയക്കുഴപ്പം ഉണ്ടായിക്കാണുമെന്ന്

“ഈ വെള്ള പതാക നിങ്ങളെ എപ്പോഴെങ്കിലും രക്ഷിച്ചിട്ടുണ്ടോ?”

“പല തവണ റോയൽ നേവി എതിരെ വരുമ്പോൾ ഞങ്ങൾ ഈ പതാക ഉയർത്തി അഭിവാദ്യം ചെയ്ത് യാത്ര തുടരും ഇത് വരെ ഒരു ശല്യവും ഉണ്ടായിട്ടില്ല

തന്റെ ഉള്ളിൽ ആവേശം നുരഞ്ഞ് പൊങ്ങുന്നത് റാഡ്‌ൽ അറിഞ്ഞു.

“ഈ കപ്പലിനെക്കുറിച്ച് കൂടുതൽ പറയൂ എത്രയാണ് ഇതിന്റെ കൂടിയ വേഗത?”

“യഥാർത്ഥത്തിൽ ഇരുപത്തിയഞ്ച് നോട്ട്സ് ആയിരുന്നു ഇതിന്റെ ഉയർന്ന വേഗത എന്നാൽ ബ്രെസ്റ്റിലുള്ള നമ്മുടെ നേവി യാർഡിലെ എൻ‌ജിനീയർമാർ അത് മുപ്പത് ആക്കി ഉയർത്തി. ഒരു E-ബോട്ടിന്റെ അത്ര പോരെങ്കിലും തരക്കേടില്ല എന്ന് പറയാം നൂറ്റിപ്പതിനേഴ് അടി നീളം ആയുധങ്ങളാണെങ്കിൽ ഒരു സിക്സ് പൌണ്ടർ, ഒരു റ്റൂ പൌണ്ടർ, രണ്ട് ട്വിൻ പോയിന്റ് ഫൈവ് മെഷീൻ ഗണ്ണുകൾ, പിന്നെ ഒരു ട്വിൻ ട്വന്റി മില്ലിമീറ്റർ ആന്റി എയർക്രാഫ്റ്റ് കാനൺ ഇത്രയും സാധനങ്ങളുണ്ട്

“മോശമില്ലല്ലോ തീർച്ചയായും ഒരു ഗൺ ബോട്ട് തന്നെ ആട്ടെ, ഇതിന്റെ റെയ്ഞ്ച് എങ്ങനെ?” റാഡ്‌ൽ ആകാംക്ഷാഭരിതനായി.

“ഇരുപത്തിയൊന്ന് നോട്ട്സ് സ്പീഡിൽ ആയിരം മൈൽ ഒറ്റയടിക്ക് സഞ്ചരിക്കാം സൈലൻസറുകൾ ഓൺ ചെയ്തിട്ട് പിന്നെ ഒരു കാര്യം ഇന്ധനക്ഷമത തീരെ കുറവാണ്

“ആ കാണുന്നന്തെന്താണ്?”  കപ്പലിൽ ഘടിപ്പിച്ചിരിക്കുന്ന ആന്റിനകൾ ചൂണ്ടിക്കാണിച്ച് റാഡ്‌ൽ ചോദിച്ചു.

“ചിലതൊക്കെ നാവിഗേഷൻ ഉപകരണങ്ങളാണ് ബാക്കിയുള്ളവ എസ്-ഫോൺ ഏരിയലുകളാണ് എന്ന് വച്ചാൽ ഒരു തരം വയർലെസ് സംവിധാനം കരയിൽ നിൽക്കുന്ന ഏജന്റിനും കടലിൽ നീങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൽ ഉള്ളവർക്കും ഉപകരിക്കുന്ന റ്റൂ വേ കമ്മ്യൂണിക്കേഷൻ സിസ്റ്റം നമ്മുടെ കൈവശമുള്ള സാങ്കേതികതയേക്കാൾ വളരെ മികച്ചത് വളരെയേറെ ഉപയോഗപ്രദമാണ് ഞങ്ങൾക്കിത് ഇതിന്റെ ഗുണഗണങ്ങളെക്കുറിച്ച് ജെഴ്സിയിലുള്ള നേവൽ ഹെഡ്ക്വാർട്ടേഴ്സിൽ പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു ആരും ഒരു താല്പര്യവും കാണിക്കുന്നില്ല ഇക്കാര്യത്തിൽ വെറുതെയല്ല നമ്മൾ യുദ്ധത്തിൽ....”

കൃത്യസമയത്ത് തന്നെ തന്റെ വാക്കുകൾ അയാൾ നിർത്തേണ്ടിടത്ത് നിർത്തി. റാഡ്‌ൽ തലയുയർത്തി അയാളെ നോക്കി. പിന്നെ സൌമ്യനായി ചോദിച്ചു. “ഈ വിശേഷപ്പെട്ട വയർലെസിന്റെ റേഞ്ച് എത്രത്തോളമുണ്ട്…?

“നല്ല കാലാവസ്ഥയാണെങ്കിൽ പതിനഞ്ച് മൈൽ വരെ എങ്കിലും വിശ്വാസ്യതയ്ക്ക് വേണ്ടി അതിന്റെ പകുതിയെങ്കിലും നമുക്ക് കണക്കാക്കാം ആ റേഞ്ചിൽ വളരെ നല്ല പ്രവർത്തനമാണ് ഇത് കാഴ്ച വയ്ക്കുന്നത് ടെലിഫോൺ സംഭാഷണം പോലെയുള്ള വ്യക്തത

റാഡ്‌ൽ അതേക്കുറിച്ച് ചിന്തിച്ചിട്ടെന്ന പോലെ രണ്ട് നിമിഷം അവിടെ നിന്നു. പിന്നെ എന്തോ ഉറപ്പിച്ച പോലെ തല കുലുക്കി.

“താങ്ക് യൂ കീനിഗ്ഗ്” അദ്ദേഹം പുറത്തേക്ക് നടന്നു.

കീനിഗ്ഗിന്റെ ക്യാബിനിൽ ഡെവ്‌ലിൻ ചാരിക്കിടക്കുകയാണ്. കണ്ണുകൾ അടഞ്ഞിരിക്കുന്നു. മടിയിലുള്ള ബുഷ്മിൽ ബോട്ട്‌ലിന് മേൽ അദ്ദേഹത്തിന്റെ കരങ്ങൾ രണ്ടും വിശ്രമിക്കുന്നു. അത് കണ്ട റാഡ്‌ലിന് ചിരിയും അസ്വസ്ഥതയും മനം പിരട്ടലും എല്ലാം ഒരുമിച്ച് വന്നു. പിന്നീടാണ് അദ്ദേഹം ശ്രദ്ധിച്ചത്, കുപ്പിയുടെ അടപ്പ് ഇതുവരെ തുറക്കപ്പെട്ടിട്ടില്ല എന്ന്.

“ഇറ്റ്സ് ഓൾ റൈറ്റ്, കേണൽ ഡിയർ  കണ്ണുകൾ തുറക്കാതെ ഡെവ്‌ലിൻ മൊഴിഞ്ഞു. “പിശാച് ഇത് വരെയും പിടി കൂടിയിട്ടില്ല എന്നെ

“നിങ്ങൾ എന്റെ ബ്രീഫ്‌കെയ്സ് കൊണ്ടുവന്നല്ലോ അല്ലേ?” റാഡ്‌ൽ ചോദിച്ചു.

“ഞാൻ എന്റെ ജീവനെക്കാൾ ഉപരി സൂക്ഷിച്ച് വച്ചിരിക്കുകയാണ് അതിനെ” കസേരയുടെ അടിയിൽ നിന്നും ബ്രീഫ്‌കെയ്സ് എടുത്തുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു.

“ഗുഡ്” റാഡ്‌ൽ വാതിലിനരികിലേക്ക് നടന്നു. “അവരുടെ കൈയിൽ ഒരു വയർലെസ് സിസ്റ്റം ഞാൻ കണ്ടു ഇറങ്ങുന്നതിന് മുമ്പ് നിങ്ങൾ അതൊന്ന് കണ്ടിരിക്കുന്നത് നല്ലതായിരിക്കും

“വയർലെസ്?”  ഡെവ്‌ലിൻ പുരികം ചുളിച്ചു.

“ഓ, അല്ലെങ്കിൽ വേണ്ട അതേക്കുറിച്ച് ഞാൻ പിന്നീട് പറഞ്ഞുതരാം” റാഡ്‌ൽ പറഞ്ഞു.

അദ്ദേഹം തിരികെ വീൽ‌‌ഹൌസിൽ ചെന്നപ്പോൾ ചാർട്ട് ടേബിളിനരികിലുള്ള റിവോൾവിങ്ങ് ചെയറിൽ ഇരുന്ന് കോഫി കുടിക്കുകയായിരുന്നു കീനിഗ്ഗ്. മുള്ളർ തന്നെയായിരുന്നു അപ്പോഴും വീൽ നിയന്ത്രിച്ചിരുന്നത്.

അപ്രതീക്ഷിതമായി തിരികെയെത്തിയ റാഡ്‌ലിനെ കണ്ട് ആശ്ചര്യത്തോടെ കീനിഗ്ഗ് എഴുന്നേറ്റു.

“ജെഴ്സിയിലുള്ള നേവൽ ഫോഴ്സസ് ഡിവിഷന്റെ കമാൻഡിങ്ങ് ഓഫീസറുണ്ടല്ലോ എന്താണദ്ദേഹത്തിന്റെ പേര്?” റാഡ്‌ൽ ചോദിച്ചു.

“ക്യാപ്റ്റൻ ഹാൻസ് ഓൾബ്രിച്ച്ട്ട്

“ഐ സീ  കണക്കാക്കിയതിലും അര മണിക്കൂർ മുമ്പേ നമുക്ക് സെന്റ് ഹെലിയറിൽ എത്തുവാൻ പറ്റുമോ?”

കീനിഗ്ഗ് സംശയത്തോടെ മുള്ളറുടെ നേർക്ക് കണ്ണോടിച്ചു. “ഉറപ്പ് പറയാൻ പറ്റില്ല ഹെർ ഓബർസ്റ്റ് ഞങ്ങൾ ശ്രമിക്കാം അത്ര അത്യാവശ്യമാണോ?”

“തീർച്ചയായും ഓൾബ്രിച്ച്ട്ടിനെ കണ്ട് നിങ്ങളുടെ ട്രാൻസ്ഫർ പേപ്പറുകൾ ശരിയാക്കാനുള്ള സമയം എനിക്ക് വേണം

കീ‍നിഗ്ഗ് അവിശ്വസനീയതയോടെ റാഡ്‌ലിനെ നോക്കി. “എന്റെ ട്രാൻസ്ഫറോ ഹെർ ഓബർസ്റ്റ്? ആരുടെ കമാൻഡിന് കീഴിലേക്ക്?”

“എന്റെ കീഴിലേക്ക്” റാഡ്‌ൽ തന്റെ പോക്കറ്റിനുള്ളിൽ സൂക്ഷിച്ചിരുന്ന എൻ‌വലപ്പ് എടുത്ത് തുറന്ന് ഹിറ്റ്‌ലർ നൽകിയ അധികാ‍രപത്രം അയാൾക്ക് നീട്ടി.

“വായിച്ച് നോക്കൂ” റാഡ്‌ൽ തിരിഞ്ഞ് ഒരു സിഗരിറ്റിന് തീ കൊളുത്തി.

വീണ്ടും കീനിഗ്ഗിന് നേർക്ക് തിരിഞ്ഞപ്പോൾ അയാളുടെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നിരുന്നു.

“മൈ ഗോഡ് !...” അയാൾ മന്ത്രിച്ചു.

“അദ്ദേഹം എതിർപ്പ് പ്രകടിപ്പിക്കുമെന്ന് എനിക്ക് തോന്നുന്നില്ല  ആ കത്ത് തിരികെ വാങ്ങി കവറിനുള്ളിൽ നിക്ഷേപിച്ചുകൊണ്ട് റാഡ്‌ൽ പറഞ്ഞു. പിന്നെ മുള്ളറുടെ നേരെ നോക്കിയിട്ട് ചോദിച്ചു. “ആ കാളക്കൂറ്റനെ വിശ്വസിക്കാമോ?”

“അയാളുടെ ജീവന്റെ അവസാന കണിക വരെയും, ഹെർ ഓബർസ്റ്റ്

“ഗുഡ്ട്രാൻസ്ഫർ പേപ്പറുകൾ ശരിയാകുന്നതിനായി ഒന്നോ രണ്ടോ ദിവസങ്ങൾ നിങ്ങൾക്ക് ജെഴ്സിയിൽ തങ്ങേണ്ടി വന്നേക്കും പിന്നെ തീരത്തിനോട് ചേർന്ന് യാത്ര ചെയ്ത് കപ്പലുമായി ബൂലോൺ ഹാർബറിൽ എത്തണം അവിടെ എന്റെ നിർദ്ദേശങ്ങൾക്കായി കാത്ത് നിൽക്കുക എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ അതിന്?”

ഇല്ല എന്നയർത്ഥത്തിൽ കീനിഗ്ഗ് തലയാട്ടി. “യാതൊരു പ്രശ്നവും കാണുന്നില്ല ഹെർ ഓബർസ്റ്റ് ഇത്തരം കപ്പലിന് തീരത്തോടടുത്ത് സഞ്ചരിക്കുവാൻ യാതൊരു പ്രശ്നവുമില്ല” അയാൾ ഒന്ന് സംശയിച്ച് നിന്നിട്ട് ചോദിച്ചു. “പിന്നീട് എങ്ങോട്ടാണ് ഹെർ ഓബർസ്റ്റ്?”

“വടക്കൻ ഡച്ച് തീരത്തുള്ള ഡെൻ ഹെൽഡറിന് സമീപം എവിടെയെങ്കിലും അനുയോജ്യമായ ഒരു സ്ഥാനം കണ്ടെത്തിയിട്ടില്ല ഇതുവരെ നിങ്ങൾക്ക് പരിചിതമാണോ ആ പ്രദേശം?”

ആ ചോദ്യത്തിന് മറുപടി പറഞ്ഞത് മുള്ളർ ആയിരുന്നു. “ആ പ്രദേശം ഉള്ളംകൈ പോലെ എനിക്ക് മന:പാഠമാണ്, ഹെർ ഓബർസ്റ്റ്റോട്ടർഡാമിൽ നിന്നുമുള്ള ഒരു ഡച്ച് ടഗ്ഗിൽ ഫസ്റ്റ് മേറ്റ് ആയി ആ പ്രദേശത്ത് ജോലി ചെയ്തിട്ടുണ്ട് ഞാൻ

“എക്സലന്റ് എക്സലന്റ്

അവരെ അവിടെ വിട്ട് റാഡ്‌ൽ കപ്പലിന്റെ മുൻ‌ഭാഗത്തേക്ക് നടന്നു. സിക്സ് പൌണ്ടർ പീരങ്കിയുടെ അരികിൽ ചെന്ന് നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ആവേശം നുരഞ്ഞ് പൊങ്ങുകയായിരുന്നു. “എല്ലാം വിചാരിച്ചത് പോലെ തന്നെ മുന്നോട്ട് പോകുന്നു ഇത് വിജയിക്കാതിരിക്കുന്ന പ്രശ്നമില്ല” അദ്ദേഹം മന്ത്രിച്ചു.

(തുടരും)

Wednesday, August 15, 2012

ഈഗിൾ ഹാസ് ലാന്റഡ് – 50


മൂടൽ മഞ്ഞിന്റെ ആവരണത്തിൽ മയങ്ങിക്കിടക്കുകയായിരുന്നു പ്രഭാതം. ഉദയം കഴിഞ്ഞ ഉടൻ തന്നെ ന്യുഹോഫ് റാഡ്‌ലിനെ വിളിച്ചുണർത്തി കോഫിയോടൊപ്പം അത്ര ശുഭകരമല്ലാത്ത ആ വാർത്ത അറിയിച്ചു.

“ഇവിടെ ഇത് സാധാരണ ഉണ്ടാകാറുള്ളതാണ് കേണൽ കാലാവസ്ഥാ പ്രവചനം അത്ര നന്നല്ല വൈകുന്നേരത്തിന് മുമ്പ് വിമാനങ്ങൾക്ക് ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ല എന്നാണ് അത് വരെ വെയ്റ്റ് ചെയ്യാനൊക്കുമോ താങ്കൾക്ക്?”

റാഡ്‌ൽ നിഷേധാർത്ഥത്തിൽ തലയാട്ടി. “ഇന്ന് വൈകുന്നേരം എനിക്ക് പാരീസിൽ എത്തിയേ തീരൂ എങ്ങനെയും പതിനൊന്ന് മണിയോടെ ജെഴ്സിയിൽ എത്തിയെങ്കിൽ മാത്രമേ എനിക്ക് ബ്രിട്ടനിയിലേക്കുള്ള വണ്ടി പിടിക്കുവാൻ പറ്റൂ അവിടെ നിന്നാണ് പാരീസിലേക്കുള്ള കണക്ഷൻ എനിക്ക് എങ്ങനെയും പുറപ്പേട്ടേ തീരൂ വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ?”

“താങ്കൾ നിർബ്ബന്ധം പിടിക്കുകയാണെങ്കിൽ കടൽ മാർഗ്ഗം ശ്രമിക്കാംഒരു E-ബോട്ട് ഞാൻ അറേഞ്ച് ചെയ്യാംപക്ഷേ, ഒരു കാര്യം കുറച്ച് അപകടം പിടിച്ച യാത്രയായിരിക്കും അത് ഈ പ്രദേശത്ത് റോയൽ എയർഫോഴ്സിനേക്കാളും ഉപദ്രവകാരികൾ റോയൽ നേവിയാണ് എങ്കിലും രാവിലെ തന്നെ പോകണമെന്ന് നിർബ്ബന്ധമാണെങ്കിൽ ഇനി വൈകിക്കേണ്ട

“എക്സലന്റ് എന്നാൽ പിന്നെ പെട്ടെന്ന് തന്നെ എല്ലാം അറേഞ്ച് ചെയ്തോളൂ ഞാൻ ഡെവ്‌ലിനെ വിളിച്ചുണർത്തട്ടെ” റാഡ്‌ൽ പറഞ്ഞു.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഏഴുമണിയോടെ ന്യുഹോഫ് തന്റെ കാറിൽ അവരെ ഹാർബറിലേക്ക് കൂട്ടിക്കൊണ്ടു പോയി. അമിതമായി മദ്യപിച്ചതിന്റെ ക്ഷീണവുമായി ഡെവ്‌ലിൻ പിൻ‌സീറ്റിൽ വിവശനായി ഇരിക്കുകയാണ്.

ജെട്ടിയിൽ അവരെ കാത്ത് E-ബോട്ട് കിടപ്പുണ്ടായിരുന്നു.  കാറിൽ നിന്നിറങ്ങി ലോവർ ജെട്ടിയിലേക്ക് നടക്കുമ്പോഴാണ് ചെറുപ്പക്കാരനായ ഒരു നേവൽ ലെഫ്റ്റനന്റുമായി സംസാരിച്ച് നിൽക്കുന്ന സ്റ്റെയ്നറെ അവർ കണ്ടത്.

സ്റ്റെയ്നർ അവരെ അഭിവാദ്യം ചെയ്തു. “യാത്ര ചെയ്യാൻ പറ്റിയ കാലാവസ്ഥ യാത്ര ചെയ്യാൻ പോകുന്ന വിശിഷ്ട വ്യക്തികളെക്കുറിച്ച് ഞാൻ കീനിഗ്ഗിനോട് സംസാരിക്കുകയായിരുന്നു

ലെഫ്റ്റനന്റ് കീനിഗ്ഗ് അവരെ സല്യൂട്ട് ചെയ്തു.

ഉറക്കച്ചടവുള്ള കണ്ണുകളുമായി പോക്കറ്റിൽ കൈകൾ തിരുകി ഡെവിലിൻ നിർവികാരനായി നിന്നു.

“മിസ്റ്റർ ഡെവ്‌ലിൻ അത്ര സുഖമില്ലെന്ന് തോന്നുന്നു?”  സ്റ്റെയ്നർ ആരാഞ്ഞു.

“ഇന്നലെ അല്പം കൂടുതൽ കഴിച്ചു വയർ ആസകലം എരിയുന്നു...”  ഡെവ്‌ലിൻ ദീനസ്വരത്തിൽ പറഞ്ഞു.

“അത് ശരി എന്നാൽ ഇനി ഇതിന്റെ ആവശ്യം ഉണ്ടാകില്ലല്ലോ ബ്രാൺ‌ഡ്ട് പിന്നെയും ഒരു ബുഷ്മിൽ ബോട്ട്‌ൽ തപ്പിയെടുത്തിരുന്നു” തന്റെ കൈയിലെ കുപ്പി ഉയർത്തിക്കാണിച്ച് സ്റ്റെയ്നർ പറഞ്ഞു.

നൊടിയിടയിൽ ഡെവ്‌ലിൻ അത് കൈക്കലാക്കി. “കാര്യമെന്തൊക്കെയായാലും ഇവനെ വിട്ടുകളയുന്ന പ്രശ്നമില്ല ഈ സമ്മാനം ഞാനൊരിക്കലും മറക്കില്ല നിങ്ങൾ അവിടെ ഇംഗ്ലണ്ടിൽ എത്തുമ്പോൾ ഇതിന് പ്രത്യുപകാരം തീർച്ചയായും ഞാൻ ചെയ്തിരിക്കും” സ്റ്റെയ്നർക്ക് ഹസ്തദാനം നൽകിയിട്ട് ഡെവ്‌ലിൻ ബോട്ടിന്റെ റെയിലിന് മുകളിലൂടെ ഡെക്കിലേക്ക് കയറി പിൻഭാഗത്തായി ഇരിപ്പുറപ്പിച്ചു.

റാഡ്‌ൽ, ന്യുഹോഫിന് ഹസ്തദാനം നൽകിയിട്ട് സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ ഞാൻ അറിയിക്കാം പിന്നെ, നിങ്ങളുടെ പിതാവിന്റെ കാര്യം എന്നെക്കൊണ്ട് കഴിയുന്നതെല്ലാം ഞാൻ ചെയ്യുന്നതായിരിക്കും

സ്റ്റെയ്നർ ഒന്നും ഉരിയാടാതെ നിന്നു. കേണൽ റാ‌ഡ്‌ലിന് ഹസ്തദാനം നൽകുവാൻ പോലും അദ്ദേഹം ശ്രമിച്ചില്ല. ഒന്ന് സംശയിച്ച് നിന്നതിന് ശേഷം റാഡ്‌ൽ ഡെക്കിലേക്ക് കയറി. വീൽ‌ഹൌസിന്റെ തുറന്ന ജാലകത്തിലൂടെ തലയിട്ട് കീനിഗ്ഗ് തന്റെ സഹപ്രവർത്തകർക്ക് ആജ്ഞകൾ നൽകുവാനാരംഭിച്ചു. ജെട്ടിയുമായി ബന്ധിപ്പിച്ചിരുന്ന കയർ വിച്ഛേദിക്കപ്പെട്ടു. നിമിഷങ്ങൾക്കകം ആ ബോട്ട് ഹാർബറിൽ നിന്നും പുറത്തെ മൂടൽമഞ്ഞിനുള്ളിലേക്ക് നീങ്ങി അപ്രത്യക്ഷമായി.

(തുടരും)

Thursday, August 9, 2012

ഈഗിൾ ഹാസ് ലാന്റഡ് – 49


യുദ്ധകാലത്ത് പതിവുള്ള ‘ബ്ലാക്ക് ഔട്ട്’ ആയതിനാൽ ടെറസ്സിൽ ഇരുട്ടായിരുന്നു. എന്നാൽ ഡിന്നർ കഴിഞ്ഞിട്ട് റാഡ്‌ലും സ്റ്റെയ്നറും കൂടി അവിടെയെത്തിയത് സിഗരറ്റ് പുകയ്ക്കാനെന്നതിലുപരി സംഭാഷണത്തിന് സ്വകാര്യത ലഭിക്കുവാൻ കൂടിയായിരുന്നു.

അടുത്ത മുറിയുടെ ഫ്രഞ്ച് ജാലകം കനമുള്ള കർട്ടനാൽ മറച്ചിരുന്നുവെങ്കിലും ഡെ‌വ്‌ലിന്റെ സ്വരം അവിടെ നിന്നും പുറത്തേക്ക് വരുന്നത് കേൾക്കാമായിരുന്നു. ഒപ്പം, അദ്ദേഹം പറഞ്ഞ ഏതോ ഫലിതം കേട്ട് പൊട്ടിച്ചിരിക്കുന്ന ഇൽ‌സ് ന്യുഹോഫിന്റെയും അവളുടെ ഭർത്താവിന്റെയും ശബ്ദവും.

“ഡെവ്‌ലിന്റേത് ആരെയും ആകർഷിക്കുന്ന വ്യക്തിത്വം തന്നെ” സ്റ്റെയ്നർ പറഞ്ഞു.

റാഡ്‌ൽ തലകുലുക്കി ശരിവച്ചു. “അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ഇനിയും എത്രയോ പേർ ഞാൻ പോയ സമയത്ത് നിങ്ങൾ തമ്മിൽ കാര്യമായി സംസാരിച്ചു കാണുമെന്ന് കരുതുന്നു

“തീർച്ചയായും അന്യോന്യം അടുത്തറിയുവാനും മനസ്സിലാക്കുവാനും കഴിഞ്ഞു എന്ന് പറയുന്നതാണ് വാസ്തവം ഞങ്ങൾ രണ്ട് പേരും കൂടി ആ മാപ്പുകൾ വിശദമായി പഠിക്കുകയുണ്ടായി ഞങ്ങളുടെ ട്രൂപ്പ് അവിടെ ഇറങ്ങുന്നതിന് വളരെ മുമ്പ് തന്നെ അദ്ദേഹം അവിടെ എത്തുന്നത് എന്തുകൊണ്ടും നല്ല ആശയമാണ്” സ്റ്റെയ്നർ പറഞ്ഞു.

“ശരി വേറെന്തെങ്കിലും വിവരങ്ങൾ…?

“യെസ് വെർണർ ബ്രീഗൽ എന്നൊരു യുവാവുണ്ട് ഞങ്ങളുടെ സംഘത്തിൽ അവൻ ഈ പറയുന്ന സ്ഥലത്ത് പോയിട്ടുണ്ട് ഇതിന് മുമ്പ്

“ബ്രീഗൽ? ആരാ‍ണവൻ?”

“ലാൻസ് കോർപ്പറൽ വെറും ഇരുപത്തിയൊന്ന് വയസ്സ് മാത്രം മൂന്ന് വർഷമേ ആയിട്ടുള്ളു സർവീസിൽ കയറിയിട്ട് ബാൾട്ടിക്കിലെ ബാർത്ത് സ്വദേശിയാണ് അവരുടെ കടലോരവും നോർഫോക്ക് കടലോരവും തമ്മിൽ വളരെയേറെ സാദൃശ്യമുണ്ടെന്നാണ് അവൻ പറയുന്നത് വിജനമായ ബീച്ചുകളും മണൽത്തിട്ടകളും പക്ഷികളും

“പക്ഷികൾ?”  റാഡ്‌ൽ പുരികം ചുളിച്ചു.

സ്റ്റെയ്നറുടെ മന്ദഹാസം ആ ഇരുട്ടിൽ റാ‌ഡ്‌ലിന് കാണുവാനായില്ല. “പക്ഷികളെന്ന് പറഞ്ഞാൽ അവന് ജീവനാണ് ഒരിക്കൽ ലെനിൻ‌ഗ്രാഡിൽ വച്ച് ഞങ്ങൾ മരണത്തിൽ നിന്ന് രക്ഷപെട്ടത് തന്നെ പക്ഷികൾ മൂലമാണ് പതിയിരുന്ന റഷ്യൻ സൈനികരുടെ സാന്നിദ്ധ്യം കലപിലശബ്ദവുമായി ഞങ്ങളെ അറിയിച്ചത് ഒരു കൂട്ടം സ്റ്റാർലിങ്ങ് പക്ഷികളായിരുന്നു തുരുതുരാ ഉതിർന്ന വെടിയുണ്ടകളിൽ നിന്ന് രക്ഷ നേടാനായി ഞങ്ങൾ ചെളിയിൽ കമഴ്ന്നു കിടന്നു. അര മണിക്കൂറോളം നീണ്ട ആ കിടപ്പിൽ അവൻ ആ പക്ഷികളെക്കുറിച്ച് നീണ്ട ഒരു പാഠം തന്നെ എടുത്തു ശീതകാലത്ത് ദേശാടനത്തിനായി അവ റഷ്യയിൽ നിന്നും ഇംഗ്ലണ്ട് വരെ എത്താറുണ്ടത്രേ

“ആശ്ചര്യകരം...”  റാഡ്‌ൽ ചിരിച്ചു.

“ഓ, താങ്കൾക്ക് ചിരിക്കാംപക്ഷേ, അന്ന് ആ കിടപ്പിൽ അവന്റെ പ്രഭാഷണവും ശ്രദ്ധിച്ച് അര മണിക്കൂർ കടന്ന് പോയത് അറിഞ്ഞതേയില്ല അവന്റെ ആ പക്ഷിഭ്രമമാണ് 1937ൽ അവനെയും അവന്റെ പിതാവിനെയും വടക്കൻ നോർഫോക്കിൽ എത്തിച്ചത്. സ്റ്റാർലിങ്ങ് പക്ഷികൾക്ക് പ്രസിദ്ധമാണ് നോർഫോക്ക് തീരം

“ശരി ശരി ഓരോരുത്തർക്കും അവരവരുടേതായ രുചിഭേദങ്ങൾ ആട്ടെ ആർക്കെല്ലാം ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും എന്നുള്ള കാര്യത്തിൽ എന്തെങ്കിലും തീരുമാനമാ‍യോ?”  റാഡ്‌ൽ ചോദിച്ചു.

“ലെഫ്റ്റനന്റ് ന്യുമാൻ, സെർജന്റ് ആൾട്ട്മാൻ, പിന്നെ നമ്മുടെ പയ്യൻ ബ്രീഗൽ ഇത്രയും പേർ ഇംഗ്ലീഷ് നന്നായി സംസാരിക്കും പക്ഷേ, അവരുടേതായ ശൈലിയിൽ ബാക്കിയുള്ളവരിൽ ബ്രാൺ‌ഡ്ടും  ക്ലൂഗലും മുറി ഇംഗ്ലീഷ് വച്ച് അഡ്ജസ്റ്റ് ചെയ്തോളും ഒരു കാര്യം കൂടി ബ്രാൺ‌ഡ്ട് പണ്ട് ഒരു ചരക്ക് കപ്പലിലെ ‘ഡെക്ക് ഹാൻഡ്’ ആയിരുന്നു  ഹാംബർഗ് – ഹൾ റൂട്ടിൽ

റാഡ്‌ൽ തല കുലുക്കി.  ഒന്ന് ചോദിച്ചോട്ടെ നമ്മുടെ കേണൽ ന്യുഹോഫ് എന്റെ സന്ദർശനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ഒന്നും തന്നെ ആരാഞ്ഞില്ലേ?”

“ഇല്ല പക്ഷേ, തീർച്ചയായും അദ്ദേഹം ആകാംക്ഷാഭരിതനാണ് ഇൽ‌സ് ആണെങ്കിൽ കാര്യം എന്താണെന്നറിയാതെ അങ്ങേയറ്റം വിഷമിച്ചിരിക്കുകയുമാണ് കാര്യം എന്താണെന്നറിയില്ലെങ്കിലും എന്നെ ഇതിൽ ഉൾപ്പെടുത്താതിരിക്കാനായി അവൾ ഉന്നതങ്ങളിൽ സ്വാധീനം ചെലുത്തുമോ എന്നാണ് എന്റെ ഭയംഅങ്ങനെ വരാതെ നോക്കണം  സ്റ്റെയ്നർ പറഞ്ഞു.

“ഗുഡ് എന്തായാലും ഇതേക്കുറിച്ചുള്ള ഒരു വിവരവും പുറത്ത് പോകാതെ നോക്കുക ഹോളണ്ടിൽ ഒരു താവളം തരപ്പെടുന്നത് വരെ കാത്തിരിക്കണം എട്ടോ പത്തോ ദിവസങ്ങൾക്കകം നിങ്ങൾക്കുള്ള മൂവ്മെന്റ് ഓർഡർ ലഭിച്ചിരിക്കും ഡെവ്‌ലിൻ ഒരാഴ്ച്ചയ്ക്കുള്ളിൽ തന്നെ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നതായിരിക്കും എന്നാൽ ശരി ഇന്നത്തെ പരിപാടി അവസാനിപ്പിച്ചാലോ?”

സ്റ്റെയ്നർ, റാഡ്‌ലിന്റെ ചുമലിൽ കൈ വച്ചു. “അപ്പോൾ എന്റെ പിതാവിന്റെ കാര്യം?”

“സ്റ്റെയ്നർ  അക്കാര്യത്തിൽ എനിക്കെന്തെങ്കിലും സ്വാധീനം ചെലുത്തുവാൻ കഴിയും എന്ന് ഉറപ്പു തരിക ഞാൻ നിങ്ങളോട് ചെയ്യുന്ന വഞ്ചനയായിരിക്കും പൂർണ്ണമായും ഹിമ്‌ലറുടെ കൈകളിലാണ് അദ്ദേഹത്തിന്റെ വിധി. ഈ ദൌത്യത്തിൽ നിങ്ങളുടെ പരിപൂർണ്ണ സഹകരണം അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തുക എന്നത് മാത്രമായിരിക്കും എനിക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം അത് ഞാൻ ചെയ്തിരിക്കും എന്ന് വാക്ക് തരുന്നു  റാഡ്‌ൽ പറഞ്ഞു.

“അത് മാത്രം മതിയാവുമെന്ന് താങ്കൾ വിശ്വസിക്കുന്നുവോ?”

“എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ…?  റാഡ്‌ൽ മറുചോദ്യം എയ്തു.

സ്റ്റെയ്നർ പരിഹാസത്തോടെ ചിരിച്ചു. “പരസ്പര ബഹുമാനം, ആദരവ് ഇതൊക്കെ അങ്ങേർക്ക് അന്യമാണല്ലോ

അതൊരു പഴഞ്ചൻ പരാമർശമായിട്ടാണ് റാഡ്‌ലിന് തോന്നിയത്. എങ്കിലും അൽപ്പം ജിജ്ഞാസയോടെ അദ്ദേഹം ചോദിച്ചു. “ഇപ്പറഞ്ഞതൊക്കെ നിങ്ങൾക്കുണ്ടോ? എന്ത് തോന്നുന്നു?”

“ഒരു പക്ഷേ, ഇല്ലായിരിക്കാം എങ്കിലും ഒരു കാര്യം പറയാം പരസ്പരം ബഹുമാനിക്കുക എന്നത് മനോഹരമായ ഒരു സ്വഭാവ വിശേഷമാ‍ണ് ഒരു കാര്യത്തെക്കുറിച്ച് വാക്ക് കൊടുക്കുക അത് സഫലമാക്കുവാൻ ആദ്യന്തം പ്രവർത്തിക്കുക എന്തൊക്കെ പ്രയാസങ്ങൾ നേരിടേണ്ടി വന്നാലും അവസാനം വരെയും സുഹൃത്തുക്കളോടൊപ്പം നിൽക്കുക ഇവയുടെയൊക്കെ ആകെത്തുക ഇതൊക്കെ നോക്കിയല്ലേ മറ്റുള്ളവർ നമ്മെ വിലയിരുത്തേണ്ടത്?”

“എനിക്കറിയില്ല സുഹൃത്തേ പക്ഷേ, ഒരു കാര്യം എനിക്കുറപ്പുണ്ട് നിങ്ങളെപ്പോലൊരു വ്യക്തിത്വം അതാണ് ഇന്ന് ജർമ്മനിക്ക് വേണ്ടത് ബിലീവ് മി  റാഡ്‌ൽ, സ്റ്റെയ്നറുടെ ചുമലിൽ കൈ വച്ച് ചേർത്ത് പിടിച്ചു. “വരൂ ഇത്രയും മതി നമുക്ക് അങ്ങോട്ട് ചെല്ലാം

കേണൽ ന്യുഹോഫും ഇൽ‌സും ഡെവ്‌ലിനും നെരിപ്പോടിനരികിലുള്ള വട്ടമേശയ്ക്ക് ചുറ്റും ഇരിക്കുന്നുണ്ടായിരുന്നു. തന്റെ കൈയിലുള്ള ടാരറ്റ് പാക്കറ്റിലെ കാർഡുകളുമായി ഓരോരുത്തരുടെയും ഭാവി പ്രവചിക്കുവാൻ തയ്യാറെടുക്കുകയാണ്. .

“ശരി, പറയൂ എന്റെ ഭാവി എങ്ങനെയുണ്ടെന്ന് ഒന്ന് നോക്കട്ടെ.” ഡെവ്‌ലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

  “എന്ന് വച്ചാൽ നിങ്ങൾ ഒരു വിശ്വാസിയല്ല എന്ന്?” അവൾ അയാൾക്ക് നേരെ പുരികം ചുളിച്ചു.

“ഞാൻ വിശ്വാസിയല്ലെന്നോ…? ഇത്രയും മാന്യനായ ഒരു കത്തോലിക്കൻ വേറെ എവിടെയുണ്ട്…? ജെസ്യൂട്ട് സ്കൂളിലെ ഒരു ഉൽപ്പന്നമാണ് ഞാൻ അതറിയുമോ മിസ്സിസ് ന്യുഹോഫ്? ഇനി പറയൂ എന്ത് തോന്നുന്നു?” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“എന്നാൽ ഞാൻ പറയാം, ഡെവ്‌ലിൻനിങ്ങൾ ഒരു കടുത്ത അന്ധവിശ്വാസിയായിരിക്കാനാണ് സാദ്ധ്യത

അദ്ദേഹത്തിന്റെ പുഞ്ചിരി മാഞ്ഞു. പക്ഷേ, അവൾ നിർത്തിയില്ല്ല.

“നോക്കൂ ഡെവ്‌ലിൻ ഈ കാർഡുകൾക്കല്ല പ്രാധാന്യം ഇവ വെറും ഉപകരണങ്ങൾ മാത്രം

“ശരി ശരി ഭാവി പറയൂ

“ശരി നിങ്ങളുടെ ഭാവി ഇതിൽ ഒരു കാർഡിലുണ്ട്, മിസ്റ്റർ ഡെവ്‌ലിൻഞാൻ എടുക്കുവാൻ പോകുന്ന ഏഴാമത്തെ കാർഡിൽ

അവൾ കാർഡുകൾ ഓരോന്നായി എണ്ണി ഏഴാമത്തേത് എടുത്ത് മലർത്തിയിട്ടു. കൈയിൽ അരിവാളുമായി നിൽക്കുന്ന ഒരു അസ്ഥികൂടത്തിന്റെ ചിത്രമായിരുന്നു അതിൽ. പക്ഷേ, എതിർദിശയിലായിരുന്നു അത് അദ്ദേഹത്തിന്റെ മുന്നിൽ വീണത്.

“ആഹാഅവന്റെ മുഖത്തെ സന്തോഷം കണ്ടില്ലേ” തനിക്ക് ഇക്കാര്യത്തിൽ യാതൊരു താല്പര്യവുമില്ല എന്ന ഭാവം വരുത്താൻ ശ്രമിച്ചെങ്കിലും പരാജയമടഞ്ഞ് ഡെവ്‌ലിൻ പറഞ്ഞു.

“അതെ മരണം എങ്കിലും ഒരു കാര്യമുണ്ട് തലകീഴായിട്ടാണ് അതിന്റെ ദിശ നിങ്ങൾ ഉദ്ദേശിച്ചത് പോലെയല്ല അതിന്റെയർത്ഥം...”  ഒരു നിമിഷം അവൾ അതിലേക്ക് തുറിച്ച് നോക്കി ഇരുന്നു. പിന്നെ പൊടുന്നനെ പറഞ്ഞു. “ഡെവ്‌ലിൻ നിങ്ങൾക്ക് ദീർഘായുസ്സാണ് അധികം താമസമില്ലാതെ നിങ്ങളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവുണ്ടാകാൻ പോകുന്നു ജഡത്വത്തിന്റെ നീണ്ട നാളുകൾ ആരംഭിക്കുകയായി പിന്നെ ജീവിതാവസാനത്തോടെ ഒരു വിപ്ലവം ചിലപ്പോൾ ഒരു ഉന്നതവ്യക്തിയുടെ വധത്തിൽ വരെ കലാശിച്ചേക്കാം അത് എന്താ, തൃപ്തിയായോ?” അവൾ തലയുയർത്തി അദ്ദേഹത്തെ നോക്കി.

“ദീർഘായുസ്സ് തീർച്ചയായും സന്തോഷമേകുന്നു മറ്റുള്ളവർക്ക് എങ്ങനെ പണികൊടുക്കാം എന്ന് നോക്കട്ടെ ഇനിയുള്ള ജീവിതത്തിൽ” ഡെവ്‌ലിൻ ആഹ്ലാദത്തോടെ പറഞ്ഞു.

“എന്റെ ഭാവി ഒന്ന് നോക്കുമോ മിസ്സിസ് ന്യുഹോഫ്?” റാഡ്‌ൽ ചോദിച്ചു.

“പിന്നെന്താ?”

അവൾ വീണ്ടും കാർഡ് എണ്ണുവാൻ ആരംഭിച്ചു. ഇത്തവണ ഏഴാമതായി വന്നത് എതിർദിശയിലുള്ള ഒരു നക്ഷത്രമായിരുന്നു. അവൾ കുറേ നേരം അതിലേക്ക് തന്നെ നോക്കി ഇരുന്നു.

“താങ്കളുടെ ആരോഗ്യം മോശമാണ്, ഹെർ ഓബർസ്റ്റ്

“വളരെ ശരിയാണ്” റാഡ്‌ൽ പറഞ്ഞു.

അവൾ അദ്ദേഹത്തിന് നേർക്ക് തലയുയർത്തി. “ശേഷം കാര്യങ്ങൾ താങ്കൾക്ക് തന്നെ നല്ല ബോദ്ധ്യമുള്ളതാണെന്ന് തോന്നുന്നു, അല്ലേ ഹെർ ഓബർസ്റ്റ്?”

“താങ്ക് യൂ മിസ്സിസ് ന്യുഹോഫ് ബാക്കി ഇനി പറയാനെന്തിരിക്കുന്നു?” അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ വിഷാദം കലർന്നിരുന്നു.

ഒരു നിമിഷം  അവിടെങ്ങും മൌനം നിറഞ്ഞു.

“എന്റെ ഭാവി എങ്ങനെയാണ് ഇൽ‌സ്?” സ്റ്റെയ്നറുടെ പൊട്ടിച്ചിരിയിൽ ആ മൌനം ചിതറിത്തെറിച്ചു.

അവൾ ആ കാർഡുകൾ എല്ലാംകൂടി വാരിയെടുക്കുവാൻ തുടങ്ങി.  “ ഇല്ല ഇന്ന് വേണ്ട കുർട്ട് ഇപ്പോൾ തന്നെ ധാരാളമായി

“നോൺ‌സെൻസ് എനിക്കിപ്പോൾ തന്നെ അറിയണം” സ്റ്റെയ്നർ ആ കാർഡുകൾ തട്ടിയെടുത്ത് കശക്കിയിട്ട് അവളുടെ നേർക്ക് നീട്ടി.

തന്നെക്കൊണ്ട് ഇത് ചെയ്യിക്കരുതേ എന്ന് നിശ്ശബ്ദമായി യാചിക്കുന്ന മട്ടിൽ അവൾ കാർഡുകൾ ഓരോന്നായി എണ്ണി. പിന്നെ ഏഴാമത്തെ കാർഡ് എടുത്ത് പൊടുന്നനെ ഒന്ന് നോക്കിയിട്ട് തിരികെ കമഴ്ത്തി വച്ചു. പിന്നെ പെട്ടെന്ന് പറഞ്ഞു.  “കാർഡുകളുടെ കാര്യത്തിലും നിങ്ങൾ ഭാഗ്യവാൻ തന്നെ കുർട്ട് നിങ്ങൾ പൂർവ്വാധികം ശക്തി പ്രാപിച്ചിരിക്കുന്നു വളരെ നല്ല ഒരു ഭാവിയാണ് ഇനി മുന്നിൽപുതിയ ദൌത്യംഅപ്രതീക്ഷിതമായ വിജയം...”  അവൾ മുഖത്ത് പ്രസന്നഭാവം വരുത്തുവാൻ ശ്രമിച്ചുകൊണ്ട് പുഞ്ചിരിച്ചു.  “വിരോധമില്ലെങ്കിൽ ഇന്ന് മതിയാക്കാം കൂട്ടരേ എനിക്കൊരു കോഫി വേണം” അവൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

സ്റ്റെയ്നർ മുന്നോട്ട് വന്ന് ആ കാർഡ് എടുത്ത് മറിച്ചിട്ടു. കൊലക്കയറിൽ തൂങ്ങി നിൽക്കുന്ന ഒരു മനുഷ്യന്റെ ചിത്രമായിരുന്നു അത്. അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “ഈ സ്ത്രീകളുടെ ഒരു കാര്യം പലപ്പോഴും അവർ ആവശ്യത്തിലധികം സെന്റിമെന്റൽ ആകുന്നു ശരിയല്ലേ കൂട്ടരേ?”

(തുടരും)