Friday, October 26, 2012

ഈഗിൾ ഹാസ് ലാന്റഡ് – 58ആംസ്റ്റർഡാം നഗരത്തിൽ നിന്നും വടക്ക് ഏകദേശം ഇരുപത് മൈൽ അകലെ കടൽത്തീരത്തുള്ള വിജനമായ സ്ഥലമാണ് ലാൻഡ്സ്‌വൂർട്ട്. അങ്ങോട്ടുള്ള കാർ യാത്രയിൽ ഉടനീളം ഗെറിക്ക് ഗാഢനിദ്രയിലായിരുന്നു. റാഡ്‌ൽ കുലുക്കി വിളിച്ചപ്പോഴാണ് അദ്ദേഹം ഉണർന്നത്.

ഒരു ഫാം ഹൌസും വെയർ ഹൌസും പിന്നെ തുരുമ്പിച്ച മേൽക്കൂരയുള്ള രണ്ട് ഹാങ്കറുകളുമായിരുന്നു അവിടെയുണ്ടായിരുന്നത്. ദ്രവിച്ചു തുടങ്ങിയ കോൺക്രീറ്റ് റൺ‌വേയുടെ വിടവുകളിൽ പുൽ‌നാമ്പുകൾ തലയുയർത്തി നിൽക്കുന്നത് കാണാമായിരുന്നു. റൺ‌വേക്ക് ചുറ്റും പണ്ടെന്നോ സ്ഥാപിച്ച കമ്പിവേലിയുടെ ഗെയ്റ്റ് പക്ഷേ പുതിയതാണ്. ഒരു കൈയിൽ മെഷീൻ ഗണ്ണും മറുകൈയിലെ ചങ്ങലയിൽ രൌദ്രഭാവമുള്ള ഒരു അൾസേഷൻ നായയുമായി ഒരു മിലിട്ടറി പോലീസുകാരൻ കാവൽ നിൽക്കുന്നുണ്ട് ഗെയ്റ്റിന് സമീപം.

അവരുടെ പേപ്പറുകൾ അയാൾ വിശദമായി പരിശോധിക്കവേ അൾസേഷൻ ഈർഷ്യയോടെ അവരെ നോക്കി മുരണ്ടു. കാർ ഗെയ്റ്റ് കടന്ന് വിമാനം നിർത്തിയിട്ടിരിക്കുന്ന ഹാങ്കറിന് മുന്നിൽ ചെന്ന് നിന്നു.

“ഇതാണ് സ്ഥലം” റാഡ്‌ൽ പറഞ്ഞു.

റൺ‌വേ അവസാനിക്കുന്നതിനപ്പുറം മണൽപ്പരപ്പായിരുന്നു. അതിനുമപ്പുറം ചക്രവാളത്തോളം പരന്നുകിടക്കുന്ന നോർത്ത് സീ. കാറിൽ നിന്നും പുറത്തിറങ്ങിയ ഗെറിക്കിന്റെ മുഖത്തേക്ക് ചാറ്റൽ മഴ ആക്രമണമഴിച്ചു വിട്ടു. കടൽക്കാറ്റിന്റെ ചിറകിലേറി വന്ന മഴത്തുള്ളികൾക്ക് ഉപ്പുരസമുള്ളതായി ഗെറിക്കിന് തോന്നി. റൺ‌വേയിലൂടെ നടക്കുമ്പോൾ മുഴച്ച് നിന്നിരുന്ന ഒരു ചെറിയ കോൺ‌ക്രീറ്റ് കഷണം അദ്ദേഹം തന്റെ സേഫ്റ്റി ഷൂ കൊണ്ട് തട്ടിയടർത്തി ദൂരേയ്ക്ക് തെറിപ്പിച്ചു.

“റോട്ടർഡാമിലെ ഏതോ ഒരു വലിയ കപ്പൽ മുതലാളി സ്വന്തം ആവശ്യത്തിന് വേണ്ടി നിർമ്മിച്ചതാണീ റൺ‌വേ പത്തോ പന്ത്രണ്ടോ വർഷമായിക്കാണും കണ്ടിട്ടെന്ത് തോന്നുന്നു?” കാറിൽ നിന്നിറങ്ങി ഒപ്പമെത്തിയ റാഡ്‌ൽ ചോദിച്ചു.

“ഇനി നമുക്ക് ആവശ്യം റൈറ്റ് ബ്രദേഴ്സിനെയാണ്” ദൂരെ കടലിലേക്ക് വീക്ഷിച്ചുകൊണ്ട് ഗെറിക്ക് പറഞ്ഞു. അദ്ദേഹം കൊടുംതണുപ്പിൽ വിറച്ച് തുടങ്ങിയിരുന്നു. ഇരുകൈകളും ലെതർകോട്ടിന്റെ പോക്കറ്റുകളിലേക്ക് തിരുകി. “ഹൊ എന്തൊരു തണുപ്പ് ദൈവത്തിന്റെ പട്ടികയിൽ അവസാനത്തേതായിരിക്കും ഈ സ്ഥലമെന്ന് തോന്നുന്നു

“അതുകൊണ്ട് തന്നെ നമ്മുടെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലം അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം” റാഡ്‌ൽ പറഞ്ഞു.

മറ്റൊരു മിലിട്ടറി പോലീസുകാരനും അൾസേഷൻ നായയും കാവൽ നിൽക്കുന്ന ഒന്നാമത്തെ ഹാങ്കറിന് നേർക്ക് അവർ നടന്നു. റാഡ്‌ലിന്റെ നിർദ്ദേശപ്രകാരം അയാൾ അതിന്റെ സ്ലൈഡിങ്ങ് ഡോർ തുറന്നു.

പുറത്തേതിനെക്കാൾ തണുപ്പായിരുന്നു അതിനകത്ത്. മേൽക്കൂരയിലെ ദ്വാരത്തിലൂടെ മഴവെള്ളം ഉള്ളിലേക്കൊഴുക്കൊണ്ടിരിക്കുന്നു. ആരോ ഉപേക്ഷിച്ചത് പോലെ തോന്നുമാറ് ഒരു ഇരട്ട എൻ‌ജിൻ വിമാനം കിടക്കുന്നുണ്ടായിരുന്നു അവിടെ.

ഡക്കോട്ടയുടെ ഡഗ്ലസ് DC-3 വിമാനമായിരുന്നു അത്. ഒരു പക്ഷേ, നിർമ്മിക്കപ്പെട്ടതിൽ ഏറ്റവും മികച്ച ചരക്ക് വിമാനം. ജർമ്മൻ ആർമിയുടെ ജങ്കേഴ്സ്-52 നോട് തത്തുല്യമായി ബ്രിട്ടീഷ്-അമേരിക്കൻ സൈന്യം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിമാനം. എന്നാൽ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് അതിന്റെ വാലിലെ സ്വസ്ത്ക ചിഹ്നവും ചിറകുകളിലെ ലുഫ്ത്‌വെയ്ഫ് അടയാളവുമാണ്.

പീറ്റർ ഗെറിക്കിന് വിമാനങ്ങൾ എന്നും ഒരു ഹരമായിരുന്നു. മുന്നോട്ട് ചെന്ന് അതിന്റെ ചിറകിൽ വാത്സല്യത്തോടെ അദ്ദേഹം തഴുകി. “യൂ ഓൾഡ് ബ്യൂട്ടി

“അപ്പോൾ ഈ വിമാനം പരിചിതമാണോ നിങ്ങൾക്ക്?” റാഡ്‌ൽ ചോദിച്ചു.

“ബെറ്റർ ദാൻ എനി വുമൺ

“1938 ജൂൺ മുതൽ നവംബർ വരെയുള്ള ആറു മാസക്കാലം ബ്രസീലിലെ ലാന്റ്‌റോസ് എയർ ഫ്രെയ്‌റ്റ് കമ്പനിയിൽ 948 ഫ്ലൈയിങ്ങ് അവേഴ്സ് അന്ന് നിങ്ങൾക്ക് വെറും പത്തൊമ്പത് വയസ്സ് തീർച്ചയായും കുറച്ച് കടുപ്പം തന്നെ ആയിരുന്നിരിക്കണം  റാഡ്‌ൽ പറഞ്ഞു.

“അതുകൊണ്ടാണോ എന്നെത്തന്നെ താങ്കൾ തെരഞ്ഞെടുത്തത്?”

“എല്ലാം നിങ്ങളുടെ ഫയലിൽ നിന്ന് അറിഞ്ഞതാണ്

“അത് പോട്ടെ ഈ വിമാനം എങ്ങനെ നമ്മുടെ കൈവശം എത്തി?”

“ഡച്ച് പ്രതിരോധ നിരകളിൽ ആയുധവും ഭക്ഷണവും വിതരണം ചെയ്യുവാനായി റോയൽ എയർഫോഴ്സ് ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു ഈ വിമാനം നാല് മാസങ്ങൾ മുമ്പ് വരെ നിങ്ങളുടെ നൈറ്റ് ഫൈറ്റേഴ്സ് ആണ് ഇതിനെ വളഞ്ഞത്. എൻ‌ജിന് എന്തോ നിസ്സാര തകരാറ് മാത്രമേ സംഭവിച്ചിട്ടുള്ളൂ ഫ്യൂവൽ പമ്പിനാണ് പ്രശ്നമെന്ന് തോന്നുന്നു ഒപ്പമുണ്ടായിരുന്ന ഒബ്സർവർക്ക് കാര്യമായ പരിക്കേറ്റതിനാൽ പാരച്യൂട്ടിൽ ചാടുവാൻ കഴിയുമായിരുന്നില്ല അതിനാൽ ഉഴുതുമറിച്ചിട്ടിരുന്ന ഒരു വയലിൽ പൈലറ്റ് വിമാനം ഇറക്കി എന്നാൽ അയാളുടെ ഭാഗ്യദോഷമെന്ന് പറയട്ടെ, നമ്മുടെ സൈന്യത്തിന്റെ ബാരക്കിന് തൊട്ടുമുന്നിലായിരുന്നു ആ വയൽ മുറിവേറ്റ തന്റെ സഹപ്രവർത്തകനെയും കൊണ്ട് പുറത്ത് വരുമ്പോഴേക്കും വൈകിപ്പോയിരുന്നു വിമാനം തകർക്കുവാനുള്ള സമയം അയാൾക്ക് ലഭിച്ചില്ല

അതിന്റെ ഡോർ തുറന്ന് ഗെറിക്ക് ഉള്ളിലേക്ക് കയറി. കോക്ക്പിറ്റിൽ കൺ‌ട്രോൾ പാനലിന് മുന്നിൽ ഇരിക്കുമ്പോൾ ഒരു നിമിഷം താൻ തിരികെ ബ്രസീലിൽ എത്തിയത് പോലെ തോന്നി അദ്ദേഹത്തിന്. താഴെ പച്ചപുതച്ച ഘോരവനം ഭീമാകാരനായ ഒരു വെള്ളിനാഗത്തെപ്പോലെ വനത്തിനിടയിലൂടെ ഒഴുകി കടലിൽ ചെന്ന് ചേരുന്ന ആമസോൺ നദി...

അരികിലെ സീറ്റിൽ കയറിയിരുന്ന റാഡ്‌ൽ തന്റെ സിഗരറ്റ് പാക്ക് അദ്ദേഹത്തിന് നീട്ടി. “അപ്പോൾ ഈ വിമാനം പറപ്പിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടില്ലല്ലോ അല്ലേ?”

“എങ്ങോട്ട്?”

“അധികം ദൂരെയൊന്നും പോകണ്ട നോർത്ത് സീയുടെ അപ്പുറത്ത് നോർഫോക്കിലേക്ക് സ്ട്രെയ്റ്റ് ഇൻ സ്ട്രെയ്റ്റ് ഔട്ട്

“എന്തിന് വേണ്ടി?”

“പതിനാറ് പാരാട്രൂപ്പേഴ്സിനെ ഡ്രോപ്പ് ചെയ്യുന്നതിന്

പെട്ടെന്നുണ്ടായ ആശ്ചര്യത്തിൽ അദ്ദേഹം സിഗരറ്റ് ആഞ്ഞുവലിച്ചുപോയി. കടുപ്പമേറിയ റഷ്യൻ പുകയിലയുടെ പുക ശ്വാസകോശത്തിലെങ്ങും നിറഞ്ഞു. ഒരു നിമിഷം തന്റെ ശ്വാസം നിലച്ചത് പോലെ തോന്നി അദ്ദേഹത്തിന്.

“അവസാനം ഓപ്പറേഷൻ സീ-ലയൺ? ഇംഗ്ലീഷ് അധിനിവേശത്തിനായി തിരഞ്ഞെടുത്ത സമയം വളരെ വൈകിപ്പോയി എന്ന് തോന്നുന്നില്ലേ താങ്കൾക്ക്?”

“ഈ പറയുന്ന നോർഫോക്ക് തീരത്തിന്റെ വ്യോമമേഖലയിൽ ലോ-ലെവൽ റഡാർ കവറേജ് ഇല്ല എന്ന് തന്നെ പറയാം 600 അടിയിലും താഴെ പറക്കുകയാണെങ്കിൽ നിങ്ങൾക്ക് യാതൊരു പ്രതിരോധവും നേരിടേണ്ടി വരില്ല എന്നത് തീർച്ച മാത്രമല്ല, ഈ വിമാനം ‌റീ-പെയ്ന്റ് ചെയ്ത് ചിറകുകളിൽ റോയൽ എയർഫോഴ്സിന്റെ ചിഹ്നം പതിക്കുന്നതുമായിരിക്കും ഇനി അഥവാ ആരെങ്കിലും നിങ്ങളെ കണ്ടാൽ തന്നെ, ഒരു ബ്രിട്ടീഷ് എയർഫോഴ്സ് വിമാനമെന്ന നിലയിൽ ആർക്കും ഒരു അസ്വാഭാവികതയും തോന്നുകയുമില്ല” റാഡ്‌ൽ പറഞ്ഞു.

“പക്ഷേ, എന്തിന്?  അവിടെ ഇറങ്ങിയിട്ട് അവർ എന്ത് ചെയ്യാനാണ് പോകുന്നത്?”

“അത് നിങ്ങളറിയേണ്ട കാര്യമില്ല” റാഡ്‌ൽ പരുഷസ്വരത്തിൽ പറഞ്ഞു. “നിങ്ങൾ വെറുമൊരു ബസ് ഡ്രൈവർ മാത്രം, സ്നേഹിതാ

റാഡ്‌ൽ എഴുന്നേറ്റ് പുറത്ത് കടന്നു. പിന്നാലെ ഗെറിക്കും. “നോക്കൂ, ഹെർ ഓബർസ്റ്റ് ഇതിലും എത്രയോ നല്ല മാർഗ്ഗങ്ങളുണ്ടായിരുന്നു...”

അതിന് മറുപടി പറയാതെ റാഡ്‌ൽ കാറിനടുത്തേക്ക് നടന്നു. പിന്നെ റൺ‌വേയുടെ അപ്പുറത്തെ കടലിലേക്ക് വീക്ഷിച്ചു. “എന്താ, ഈ വിമാനം പറപ്പിക്കുവാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടോ?”

“വിഡ്ഢിത്തരം പറയാതിരിക്കൂ” നീരസത്തോടെ ഗെറിക്ക് പറഞ്ഞു. “എന്താണ് ഈ ദൌത്യം എന്നറിയുവാൻ എനിക്കാഗ്രഹമുണ്ട് അത്ര മാത്രം

റാഡ്‌ൽ തന്റെ കോട്ടിന്റെ ബട്ടൺസ് അഴിച്ച് ഉള്ളിലെ പോക്കറ്റിൽ നിന്നും അമൂല്യമായ ആ എൻ‌വലപ്പ് എടുത്തു. എന്നിട്ട് അത് തുറന്ന് ഹിറ്റ്ലറുടെ അധികാരപത്രം ഗെറിക്കിന് നേർക്ക് നീട്ടി. “വായിച്ച് നോക്കൂ” അദ്ദേഹത്തിന്റെ സ്വരത്തിൽ ഗൌരവം നിറഞ്ഞിരുന്നു.

ഗെറിക്കിന്റെ മുഖം ആശ്ചര്യത്താൽ വിടർന്നിരുന്നു. “ഓഹ് ഇത്ര മാത്രം പ്രാധാന്യമോ? വെറുതെയല്ല പ്രേയ്ഗർ അസ്വസ്ഥനായി കാണപ്പെട്ടത്

“എക്സാക്റ്റ്ലി

“ഓൾ‌ റൈറ്റ് എന്നത്തേക്കാണ് ഞാൻ തയ്യാറാകേണ്ടത്?”

“ഏകദേശം നാല് ആഴ്ച്ച

“ശരി എന്റെയൊപ്പം ബോ‌മ്‌ലറും ഉണ്ടായിരിക്കണം ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച നാവിഗേറ്ററാണ് അയാൾ

“നിങ്ങൾക്ക് വേണ്ടത് എന്തൊക്കെയാണെങ്കിലും ചോദിക്കാൻ മടിക്കരുത് പക്ഷേ, ഒരു കാര്യം ഇത് വളരെ രഹസ്യമായിരിക്കണം വേണമെങ്കിൽ നിങ്ങൾക്ക് ഒരാഴ്ച്ചത്തെ അവധി ഞാൻ തരപ്പെടുത്താം പക്ഷേ, അതിന് ശേഷം നിങ്ങൾ ഇവിടെത്തന്നെയുണ്ടായിരിക്കണം സുരക്ഷാഭടന്മാരുടെ കർശന നിരീക്ഷണത്തിന് കീഴിൽ

“ഒരു ടെസ്റ്റ് ഫ്ലൈറ്റ് നടത്തുവാൻ സാധിക്കുമോ എപ്പോഴെങ്കിലും?”

“നിർബന്ധമാണെങ്കിൽ പക്ഷേ, രാത്രയിൽ ആയിരിക്കുവാൻ ശ്രദ്ധിക്കുക അതും ഒരു തവണ മാത്രം ലുഫ്ത്‌വെയ്ഫിലെ ഏറ്റവും സമർത്ഥരായ മെക്കാനിക്കുകളെ ഞാൻ ഇങ്ങോട്ട് അയയ്ക്കുന്നതായിരിക്കും വിമാനത്തിന് എന്ത് തന്നെ ആവശ്യമുണ്ടെങ്കിലും ചെയ്യിക്കാൻ മറക്കരുത്അതിനുള്ള പൂർണ്ണ അധികാരം നിങ്ങൾക്കുണ്ട് നോർഫോക്കിലെ ചതുപ്പ് നിലത്തിന് മുകളിൽ പറക്കുമ്പോൾ വിമാനത്തിന്റെ എൻ‌ജിന് തകരാറ് എന്ന് പറയാനിട വരരുത് അപ്പോൾ ശരി നാം ഇപ്പോൾ ആംസ്റ്റർഡാമിലേക്ക് തിരികെ പോകുന്നു

(തുടരും)

Friday, October 19, 2012

ഈഗിൾ ഹാസ് ലാന്റഡ് – 57പീറ്റർ ഗെറിക്കും രണ്ട് സഹപ്രവർത്തകരും കൂടി ഓപ്പറേഷൻസ് ബിൽഡിങ്ങിലെ ഇന്റലിജൻസ് റൂമിൽ എത്തിയപ്പോൾ മേജർ അഡ്ലർ കാത്തിരിക്കുകയായിരുന്നു. ഏകദേശം അമ്പത് വയസ്സ് പ്രായം തോന്നിക്കുന്ന അദ്ദേഹം സീനിയർ ഇന്റലിജൻസ് ഓഫീസറാണ്. പണ്ടെന്നോ തീപ്പൊള്ളലേറ്റതിന്റെ അടയാളം അദ്ദേഹത്തിന്റെ മുഖത്ത് ഇപ്പോഴും ദൃശ്യമാണ്. ഒന്നാം ലോക മഹായുദ്ധകാലത്ത് എയർഫോഴ്സിൽ ഉണ്ടായിരുന്നതിനെ സൂചിപ്പിക്കുന്ന ‘ബ്ലൂ മാക്സ്’ ബാഡ്ജ് അദ്ദേഹം കഴുത്തിലണിഞ്ഞിരുന്നു.

“ങ്ഹാ പീറ്റർ എത്തിയോ? വൈകിയെങ്കിലും വന്നുവല്ലോ നന്നായി പിന്നെ, നിങ്ങൾ വെടിവച്ചിട്ട വിമാനത്തിലെ ഒരു വൈമാനികന്റെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ആ പ്രദേശത്തുണ്ടായിരുന്ന ഒരു E-ബോട്ടിൽ നിന്നും റേഡിയോ സന്ദേശമുണ്ടായിരുന്നു  അഡ്ലർ പറഞ്ഞു.

“പാരച്യൂട്ടിൽ ഇറങ്ങിയ രണ്ടാമന്റെ വിവരമെന്തെങ്കിലും ലഭിച്ചുവോ? കണ്ടുപിടിക്കുവാൻ കഴിഞ്ഞോ അയാളെ?” ഗെറിക്ക് ആരാഞ്ഞു.

“ഇല്ല ഇതുവരെയില്ല അവർ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് ആ പ്രദേശത്ത് ഒരു എയർ -സീ റെസ്ക്യൂ ബോട്ട് നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്

അഡ്ലർ ഒരു സിഗരറ്റ് പാക്കറ്റ് അദ്ദേഹത്തിന് നേർക്ക് നീട്ടി. ഗെറിക്ക് അതിൽ നിന്ന് ഒന്നെടുത്തു.

“പീറ്റർ, നിങ്ങൾ വളരെ ഉത്കണ്ഠാകുലനായി കാണപ്പെടുന്നുവല്ലോ ഇന്ന് എന്ത് പറ്റി? സാധാരണ ഇത്ര മനുഷ്യത്വം കാണാറില്ലല്ലോ നിങ്ങളുടെ മുഖത്ത് അഡ്ലർ ചോദിച്ചു.

“അത്ര മനുഷ്യത്വമൊന്നും എനിക്കില്ല ഒരു പക്ഷേ, നാളെ അയാളുടെ സ്ഥാനത്ത് ഞാൻ ആയേക്കാം അത്രയേയുള്ളൂ ആ എയർ - സീ റെസ്ക്യൂ ടീം അവരുടെ ജോലി നന്നായി നോക്കുമെന്ന പ്രതീക്ഷയിലാണ് എല്ലാം  സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഗെറിക്ക് പറഞ്ഞു.

“പ്രേയ്‌ഗർ നിങ്ങളെ കാണണമെന്ന് പറഞ്ഞു” തിരികെ പോകാനൊരുങ്ങിയ ഗെറിക്കിനോട് അഡ്ലർ പറഞ്ഞു.

ഗ്രൂപ്പ് കമാൻഡറാണ് ലെഫ്റ്റനന്റ് കേണൽ ഓട്ടോ പ്രേയ്ഗർ. ഗെറിക്കിന്റേതടക്കം മൂന്ന് ഗ്രൂപ്പുകളുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്. വളരെ കർക്കശ സ്വഭാവക്കാരൻ. നാഷണൽ സോഷ്യലിസ്റ്റ് അനുഭാവി. ഈ രണ്ട് സ്വഭാവവിശേഷങ്ങളും ഗെറിക്കിന് തീരെ സ്വീകാര്യമായി തോന്നിയിരുന്നില്ല.  എങ്കിലും ഒരു ഒന്നാംനിര പൈലറ്റ് എന്ന നിലയിൽ തന്റെ ഗ്രൂപ്പിലുള്ളവരുടെ ക്ഷേമത്തിനായി നിരന്തരം ശ്രദ്ധിച്ചിരുന്ന അദ്ദേഹത്തിന്റെ രീതികളിൽ എല്ലാവരും പൊതുവേ തൃപ്തരായിരുന്നു.

“അദ്ദേഹത്തിന് എന്താണ് വേണ്ടത്…?” ഗെറിക്ക് ആരാഞ്ഞു.

“എനിക്കറിയില്ല എത്രയും പെട്ടെന്ന് നിങ്ങളെ കാണേണ്ട ആവശ്യമുണ്ടെന്നാണ് ഫോണിൽ പറഞ്ഞത്” അഡ്ലർ പറഞ്ഞു.

“എനിക്ക് പിടി കിട്ടി” ബോ‌മ്‌ലർ പറഞ്ഞു. “ഗോറിങ്ങ് ആയിരിക്കും കാണണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാകുക വാരാന്ത്യത്തിൽ നടക്കുന്ന ബഹുമതിദാനത്തിനായി

ജർമ്മൻ എയർഫോഴ്സിലെ പൈലറ്റുമാർക്ക് Knight’s Cross ബഹുമതി നൽകുന്ന അവസരത്തിൽ അത് തന്റെ കൈ കൊണ്ട് തന്നെ ആയിരിക്കണമെന്ന് ഒരു പഴയ പൈലറ്റ് എന്ന നിലയിൽ പ്രേയ്ഗർക്ക് എന്നും നിർബന്ധമായിരുന്നു.

“ഓ, അങ്ങനെയൊന്ന് ലഭിക്കാനുള്ള ഭാഗ്യമെനിക്കുണ്ടാകുമോ?” ഗെറിക്കിന്റെ വാക്കുകളിൽ നിരാശ കലർന്നിരുന്നു.

ആക്രമണങ്ങളും അതിൽ കൊല്ലപ്പെട്ടവരുടെ എണ്ണവും തന്റേതിനെക്കാൾ വളരെ കുറവ് രേഖപ്പെടുത്തിയവർക്ക് പോലും ധീരതയ്ക്കുള്ള ബഹുമതികൾ ലഭിച്ചു കഴിഞ്ഞിരുന്നു എന്ന വാസ്തവം ഗെറിക്കിനെ എപ്പോഴും അസ്വസ്ഥനാക്കിയിരുന്നു.

“വിഷമിക്കാതിരിക്കൂ പീറ്റർ യുവർ ഡേ വിൽ കം  പുറത്തേക്ക് നടന്ന ഗെറിക്കിനോട് അഡ്ലർ പറഞ്ഞു.

“അതുവരെ എനിക്ക് ആയുസ്സ് നീട്ടിക്കിട്ടിയാൽ” ഓപ്പറേഷൻസ് ബിൽഡിങ്ങിന്റെ കവാടത്തിൽ നിൽക്കുമ്പോൾ ഗെറിക്ക് മന്ത്രിച്ചു. “ങ്ഹാ അത് പോട്ടെ ഒരു ഹോട്ട് ഡ്രിങ്ക് കഴിച്ചാലോ” അദ്ദേഹം ബോ‌മ്‌ലറോട് ചോദിച്ചു.

“നോ, താങ്ക്സ് നല്ലൊരു കുളിയും ഒരു എട്ട് മണിക്കൂർ ഉറക്കവും അത്രയേ എനിക്ക് ഇപ്പോൾ ആവശ്യമുള്ളൂ അല്ലാതെ ഈ പുലർച്ചയ്ക്ക് തന്നെ മദ്യം അകത്താക്കുന്നതിനോട് യാതൊരു യോജിപ്പുമില്ല എനിക്ക്” ബോ‌മ്‌ലർ പറഞ്ഞു.

അരികിൽ നിന്നിരുന്ന സഹപ്രവർത്തകൻ ഹോപ്റ്റ് കോട്ടുവായിടുവാൻ തുടങ്ങിയിരുന്നു. അത് വീക്ഷിച്ച ഗെറിക്ക് നീരസത്തോടെ അയാൾക്ക് നേരെ തിരിഞ്ഞു. “ബ്ലഡി ലൂതറൻ ഒന്നിനും കൊള്ളില്ല രണ്ടെണ്ണത്തിനെയും ങ്ഹും പൊയ്ക്കോ

അവരെ അവിടെ വിട്ടിട്ട് ദൂരേയ്ക്ക് നടക്കുമ്പോൾ ബോ‌മ്‌ലർ പിന്നിൽ നിന്ന് വിളിച്ചു. “പ്രേയ്‌ഗറെ കാണാൻ പോകാൻ മറക്കണ്ട...”

ഇപ്പോൾ പറ്റില്ലപിന്നീട് സമയം കിട്ടുമ്പോൾ ഞാൻ കണ്ടോളാം

“ഗെറിക്ക് ഗൌരവതരമായ എന്തെങ്കിലുമില്ലാതെ അദ്ദേഹം വിളിക്കില്ല.” തങ്ങളെ അവഗണിച്ചുകൊണ്ട് പോകുന്ന ഗെറിക്കിനെ നോക്കി ഹോപ്റ്റ് പറഞ്ഞു. “ഇങ്ങേർക്ക് ഇതെന്ത് പറ്റി ഇന്ന്.?”

“എല്ലാ വൈമാനികരെയും പോലെ തന്നെ. ഇടതടവില്ലാത്ത ടേക്ക് ഓഫും ലാന്റിങ്ങും...” ബോ‌മ്‌ലർ അഭിപ്രായപ്പെട്ടു.

ഓഫീസേഴ്സ് മെസ്സിന് നേർക്ക് നടക്കുമ്പോൾ ഗെറിക്ക് വിഷാദമഗ്നനായിരുന്നു. തന്നിൽ തന്നെ വിശ്വാസമില്ലാത്തത് പോലെ  പാരച്യൂട്ടിൽ രക്ഷപെട്ട ആ ബ്രിട്ടീഷ് വൈമാനികനെ കണ്ടുകിട്ടാത്തതിന്റെ വിഷമം ഒരു ലാർജ്ജ് അകത്താക്കിയാലേ ആ വിഷമം മാറൂ പിന്നെ ചുടുകാപ്പിയും

മെസ്സിനുള്ളിലേക്ക് കാലെടുത്ത് വച്ചതും അദ്ദേഹം കണ്ടത് കേണൽ പ്രേയ്ഗറെയാണ്. ഹാളിന്റെ അറ്റത്തുള്ള ഒരു കസേരയിൽ മറ്റൊരു ഓഫീസറുമായി പതിഞ്ഞ സ്വരത്തിൽ എന്തോ സംസാരിച്ചു കൊണ്ട് ഇരിക്കുന്നു. തിരിച്ചുപോയാലോ എന്ന് ഒരു നിമിഷം ഗെറിക്ക് സംശയിച്ചു. കാരണം, ഡ്യൂട്ടി യൂണിഫോമിൽ മെസ്സിൽ പ്രവേശിക്കുന്നത് ഗ്രൂപ്പ് കമാൻഡർ കർശനമായി വിലക്കിയിരുന്നു. എന്നാൽ അപ്പോഴേക്കും പ്രേയ്ഗർ അദ്ദേഹത്തെ കണ്ടുകഴിഞ്ഞിരുന്നു.

“ങ്ഹാ പീറ്റർ വരൂ...” പ്രേയ്ഗർ അദ്ദേഹത്തെ വിളിച്ചു. ഒപ്പം തന്നെ വെയ്റ്ററെ വിളിച്ച് കോഫി ഓർഡർ ചെയ്തു. വൈമാനികർക്ക് മദ്യം വിളമ്പുന്നതിന് അദ്ദേഹം അനുമതി നൽകിയിരുന്നില്ല.

“ഗുഡ് മോണിങ്ങ് ഹെർ ഓബർസ്റ്റ്” ഗെറിക്ക് പ്രസന്നവദനനായി അഭിവാദ്യം ചെയ്തു. ഒപ്പം അരികിലിരിക്കുന്ന അപരിചിതനായ ഓഫീസറെയും. മൌണ്ടൻ ട്രൂപ്പ്സിലെ ഒരു ലെഫ്റ്റനന്റ് കേണൽ ആണെന്ന് യൂണിഫോമിൽ നിന്ന് വ്യക്തമാണ്. Knight’s Cross ബാഡ്ജ് ധരിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ സ്ഥാനത്ത് കറുത്ത പാഡ് വച്ച് മൂടിയിരിക്കുന്നു.

“അഭിനന്ദനങ്ങൾ  മറ്റൊരു മരണവും കൂടി നിങ്ങളുടെ അക്കൌണ്ടിലേക്ക് എഴുതിച്ചേർത്തിരിക്കുന്നുവെന്ന് അറിയാൻ കഴിഞ്ഞു” പ്രേയ്ഗർ പറഞ്ഞു.

“ശരിയാണ് ഒരു ലങ്കാസ്റ്റർ വിമാനമായിരുന്നു പക്ഷേ, ഒരാൾ രക്ഷപെട്ടിട്ടുണ്ട് പാരച്യൂട്ട് തുറക്കുന്നത് വ്യക്തമായി ഞാൻ കണ്ടതാണ് എന്തായാലും അവർ അന്വേഷിക്കുന്നുണ്ട്

“ഇത് കേണൽ റാഡ്‌ൽ.” പ്രേയ്ഗർ പരിചയപ്പെടുത്തി.

റാഡ്‌ൽ തന്റെ സ്വാധീനമുള്ള കൈ നീട്ടി. ഗെറിക്ക് അദ്ദേഹത്തിന് ഹസ്തദാനം നൽകി.

“പരിചയപ്പെട്ടതിൽ സന്തോഷം, ഹെർ ഓബർസ്റ്റ്

താൻ സാധാരണ കാണാറുള്ള പ്രേയ്ഗർ അല്ല ഇതെന്ന് ഗെറിക്കിന് തോന്നി. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു. ആരുടെയോ സമ്മർദ്ദത്തിൽ ആണ് അദ്ദേഹമെന്നത് വ്യക്തം. എങ്കിലും തന്റെ അസ്വസ്ഥത പുറത്ത് കാണിക്കാതിരിക്കാൻ അദ്ദേഹം കഴിയുന്നതും ശ്രമിക്കുന്നുണ്ടായിരുന്നു. അപ്പോ‍ഴാണ് വെയ്റ്റർ ട്രേയിൽ കോഫിയും മൂന്ന് കപ്പുകളുമായി എത്തിയത്.

“വച്ചിട്ട് പൊയ്ക്കോളൂ” നീരസത്തോടെ പ്രേയ്ഗർ പറഞ്ഞു.

പ്രേയ്ഗറുടെ ദ്വേഷ്യം മനസ്സിലാക്കിയ വെയ്റ്റർ സ്ഥലം കാലിയാക്കി. വീണ്ടും ഉദ്വേഗം നിറഞ്ഞ നിശബ്ദത.

“അബ്ഫെറിൽ നിന്നാണ് ഹെർ ഓബർസ്റ്റ് വന്നിരിക്കുന്നത് നിങ്ങൾക്കുള്ള പുതിയ ഓർഡറുമായി” പ്രേയ്ഗർ മൌനം ഭഞ്ജിച്ചു.

“പുതിയ ഓർഡറോ, ഹെർ ഓബർസ്റ്റ്?” ഗെറിക്ക് വിസ്മയം കൊണ്ടു.

പ്രേയ്ഗർ കസേരയിൽ നിന്ന് എഴുന്നേറ്റു. “കേണൽ റാഡ്‌ലിൽ നിന്ന് തന്നെ കേൾക്കുന്നതായിരിക്കും നല്ലത് പക്ഷേ, ഒരു കാര്യം ഉറപ്പാണ് സാമ്രാജ്യത്തെ സേവിക്കുവാനുള്ള ഒരു അസുലഭ മുഹൂർത്തമാണ് നിങ്ങൾക്ക് കൈവന്നിരിക്കുന്നത്

ഗെറിക്ക് എഴുന്നേൽക്കുന്നത് കണ്ട പ്രേയ്ഗർ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. “പീറ്റർ നിങ്ങളുടെ കഴിവിനെ എല്ലാ‍വരും അംഗീകരിക്കുന്നു അതിൽ ഞാൻ അഭിമാനവും കൊള്ളുന്നു പിന്നെ, ബഹുമതികളുടെ കാര്യം ഞാൻ മൂന്ന് തവണ നിർദ്ദേശിച്ചതാണ് നിങ്ങളുടെ പേര് അതുകൊണ്ട് തന്നെ എനിക്ക് അക്കാര്യത്തിൽ ഇനി കൂടുതലൊന്നും ചെയ്യാൻ കഴിയില്ല എന്നതാണ് വാസ്തവം

“എനിക്കറിയാം, ഹെർ ഓബർസ്റ്റ്വളരെ നന്ദിയുണ്ട് ഇത്രയും ചെയ്തതിന് തന്നെ” ഗെറിക്ക് മന്ദഹസിച്ചു.

പ്രേയ്ഗർ പുറത്തേക്ക് നടന്നു. ഗെറിക്ക് വീണ്ടും ഇരുന്നു.

“ഈ ലങ്കാസ്റ്റർ ആക്രമണത്തോടെ നിങ്ങൾ കൊന്നവരുടെ എണ്ണം മുപ്പത്തിയെട്ടായി ശരിയല്ലേ?” റാഡ്‌ൽ ചോദിച്ചു.

“വിവരങ്ങളൊക്കെ കൃത്യമായി തന്നെ താങ്കളെ അറിയിച്ചിട്ടുണ്ടെന്ന് തോന്നുന്നു ആട്ടെ, അല്പം കഴിക്കുന്നതിൽ വിരോധമുണ്ടോ, ഹെർ ഓബർസ്റ്റ്?”

“എന്ത് വിരോധം? കോഗ്ഞ്ഞ്യാക്ക് തന്നെ ആയിക്കോട്ടെ

ഗെറിക്ക് വെയ്റ്ററെ വിളിച്ച് ഓർഡർ കൊടുത്തു.

“മുപ്പത്തിയെട്ട് ജീവനുകൾ എന്നിട്ടും Knight’s Cross അവാർഡ് ലഭിച്ചില്ല എന്ന് വച്ചാൽ അതിൽ അസ്വഭാവികത തോന്നുന്നു” റാഡ്‌ൽ അഭിപ്രായപ്പെട്ടു.

“ചിലപ്പോൾ കാര്യങ്ങൾ അങ്ങനെയാണ്, ഹെ ഓബർസ്റ്റ്” ഗെറിക്ക് അസ്വസ്ഥനായി.

“അറിയാം ഗെറിക്ക് പക്ഷേ, ഒരു കാര്യം നിങ്ങൾ ഓർക്കുന്നുണ്ടോ എന്നറിയില്ല 1940 ലെ വേനൽക്കാലത്ത്  ME-109 ന് കീഴിലായിരുന്നു നിങ്ങൾ അന്ന്. റൈ മാർഷൽ ഗോറിങ്ങ് നിങ്ങളുടെ ക്യാമ്പ് സന്ദർശിക്കുവാനെത്തി. അദ്ദേഹത്തിന് മുന്നിൽ നിങ്ങൾ അന്ന് ഒരു കാര്യം പറഞ്ഞു. ഓർമ്മയുണ്ടോ? നമ്മുടെ യുദ്ധവിമാനങ്ങളെക്കാളും എന്തുകൊണ്ടും ഒരു പടി മുന്നിൽ നിൽക്കുന്നത് ബ്രിട്ടന്റെ സ്പിറ്റ്‌ഫയർ വിമാനങ്ങളാണെന്ന് അദ്ദേഹത്തെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥർ അത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം ഒരിക്കലും മറക്കാൻ സാദ്ധ്യതയില്ല എന്ന കാര്യം നിങ്ങൾ ഓർക്കണമായിരുന്നു” റാഡ്‌ൽ പുഞ്ചിരിച്ചു.

“താങ്കളോടുള്ള ബഹുമാനത്തിന് ഒരു കോട്ടവും തട്ടാതെ തന്നെ പറയട്ടെ എന്റെ ജോലിയുടെ രീതിയനുസരിച്ച് എനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയേണ്ട സന്ദർഭത്തിൽ തന്നെ പറഞ്ഞേ തീരൂ കാരണം നാളെ എന്നൊരു ദിവസം എനിക്ക് ഉണ്ടാകുമെന്നതിന് എന്താണ് ഉറപ്പ്? അത്രയേ ഉണ്ടായിരുന്നുള്ളൂ അത്

“അത് പോട്ടെനമുക്ക് കാര്യത്തിലേക്ക് കടക്കാം വളരെ ലളിതം എനിക്ക് വേണ്ടത് ഒരു പൈലറ്റിനെയാണ് ” റാഡ്‌ൽ പറഞ്ഞു.

താങ്കൾക്ക് വേണ്ടത്?  മനസ്സിലായില്ല

“എന്നാൽ ശരി, വേണ്ട സാമ്രാജ്യത്തിന് വേണ്ടത് എങ്കിൽ സന്തോഷമായോ?”

“അത്ര പ്രത്യേകിച്ച് സന്തോഷമൊന്നുമില്ല  ഗെറിക്ക് തന്റെ ഒഴിഞ്ഞ് ഗ്ലാസ് വെയ്റ്റർക്ക് നേരെ ഉയർത്തിക്കാണിച്ചു. “എല്ലാം വരുന്നത് പോലെ വരട്ടെ എവിടെയായിരുന്നാലും ഞാൻ സന്തോഷവാനാണ്

“പുലർച്ചെ നാലു മണിക്ക് ഇത്രയധികം മദ്യം അകത്താക്കുന്നവൻ സന്തോഷവാനാണെന്ന് ഞാൻ വിശ്വസിക്കണോ? എനിക്ക് തോന്നുന്നില്ല എന്തായാലും ശരി ഇക്കാര്യത്തിൽ നിങ്ങൾക്ക് മുന്നിൽ വേറെ വഴിയില്ല

“അങ്ങനെയാണോ?” ഗെറിക്ക് രോഷാകുലനായി.

“നിങ്ങൾക്ക് വേണമെങ്കിൽ ഗ്രൂപ്പ് കമാൻഡറോട് ചോദിച്ച് ഉറപ്പ് വരുത്താം ഇക്കാര്യം” റാഡ്‌ൽ പറഞ്ഞു.

വെയ്റ്റർ കൊണ്ടുവന്ന് നൽകിയ രണ്ടാമത്തെ ഗ്ലാസ് ഒറ്റയിറക്കിന് അകത്താക്കിയ ശേഷം ഗെറിക്ക് മുഖം ചുളിച്ചു. “ഹൊ ഇത്തിരി കടുപ്പം തന്നെ

“പിന്നെന്തിന് ഇത്ര വിഷമിച്ച് കഴിക്കുന്നു?” റാഡ്‌ൽ ചോദിച്ചു.

“എനിക്കറിയില്ല രാത്രികാലങ്ങളിലെ നീണ്ട പറക്കലിന്റെ ക്ഷീണമകറ്റാൻ അല്ലെങ്കിൽ വെറുമൊരു മാറ്റത്തിനായി സത്യമായും എനിക്കറിയില്ല ഹെർ ഓബർസ്റ്റ്” ഗെറിക്ക് വിഷാദഭാവത്തിൽ പുഞ്ചിരിച്ചു.

“മാറ്റം യാതൊരു അതിശയോക്തിയും കൂടാതെ തന്നെ പറയട്ടെ നിങ്ങളുടെ ഇപ്പോഴത്തെ ദിനചര്യയിൽ നിന്നും ഒരു മാറ്റം തരുവാൻ എനിക്കാവും

“ഫൈൻ എങ്കിൽ പറയൂ എന്താണ് അടുത്ത നീക്കം?” ഗെറിക്ക് കോഫി ഗ്ലാസ് ചുണ്ടോട് ചേർത്തു.

“ഒമ്പത് മണിക്ക് എനിക്ക് ആംസ്റ്റർഡാമിൽ എത്തേണ്ടതുണ്ട് അവിടെ നിന്നും ഇരുപത് മൈൽ വടക്കായിട്ട് ഡെൻ ഹെൽഡറിലേക്കുള്ള വഴിയിലാണ് നമ്മുടെ ലക്ഷ്യ സ്ഥാനം...” അദ്ദേഹം വാച്ചിലേക്ക് നോക്കി. “ഏഴരയോടെയെങ്കിലും നമുക്ക് പുറപ്പെട്ടേ തീരൂ

“അപ്പോൾ എനിക്ക് കുളിക്കാനും പ്രഭാത ഭക്ഷണം കഴിക്കാനും സമയമുണ്ട് പിന്നെ, താങ്കൾക്ക് വിരോധമില്ലെങ്കിൽ കാറിലിരുന്ന് അൽപ്പം മയങ്ങുവാനും” ഗെറിക്ക് പറഞ്ഞു.

അവർ എഴുന്നേൽക്കുവാനൊരുങ്ങിയതും ഓഫീസ് ഓർഡർലി ഉള്ളിലേക്ക് പ്രവേശിച്ച് സല്യൂട്ട് ചെയ്തു. പിന്നെ ഒരു പേപ്പർ ഗെറിക്കിന് നേർക്ക് നീട്ടി. ഗെറിക്ക് അത് വാങ്ങി വായിച്ചിട്ട് മന്ദഹസിച്ചു.

“പ്രധാനപ്പെട്ട എന്തെങ്കിലും?” റാഡ്‌ൽ ആരാഞ്ഞു.

“ഞാൻ വെടിവെച്ചിട്ട വിമാനത്തിൽ നിന്ന് പാരച്യുട്ടിൽ ചാടിയ ആൾ ആ ബ്രിട്ടീഷ്‌കാരൻ അവർ അയാളെ കടലിൽ നിന്നും പൊക്കിയെടുത്തുനാവിഗേറ്റർ ആണത്രേ

“ഭാഗ്യം അയാൾക്കൊപ്പമായിരുന്നു എന്നർത്ഥം  റാഡ്‌ൽ പറഞ്ഞു.

“നല്ല ലക്ഷണം അതേ ഭാഗ്യം എന്നോടൊപ്പവും ഉണ്ടായാൽ മതിയായിരുന്നു” ഗെറിക്ക് പറഞ്ഞു.

(തുടരും)

Thursday, October 11, 2012

ഈഗിൾ ഹാസ് ലാന്റഡ് – 56മുറിയുടെ ഒരറ്റത്തിരുന്ന് ‘സിഗ്നൽ’ ദിനപത്രത്തിന്റെ ഇംഗ്ലീഷ് എഡിഷൻ വായിച്ചു കൊണ്ടിരുന്ന പ്രെസ്റ്റൺ, വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തലയുയർത്തി. തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഹി‌മ്‌ലറെ കണ്ടതും അയാൾ ചാടിയെഴുന്നേറ്റ് സല്യൂട്ട് ചെയ്തു.

“ക്ഷമിക്കണം, ഹെർ റൈ ഫ്യൂറർ.”

“ക്ഷമയോഎന്തിന്?  എന്റെ കൂടെ വരൂ ചിലത് നിങ്ങളെ കാണിക്കുവാനുണ്ട്  ഹി‌മ്‌ലർ പറഞ്ഞു.

താഴേക്കുള്ള പടികളിറങ്ങി പോകുന്ന ഹി‌മ്‌ലറുടെ പിന്നാലെ ഭയചകിതനായി പരിഭ്രമത്തോടെ പ്രെസ്റ്റൺ നീങ്ങി. ഗെസ്റ്റപ്പോ ഭടന്മാർ കാവൽ നിൽക്കുന്ന ഇരുമ്പ് ഗേറ്റിന് മുന്നിലെത്തിയ ഹി‌മ്‌ലറെ കണ്ടതും അവർ അറ്റൻഷനായി നിന്ന് അഭിവാദ്യം നൽകി. പിന്നെ അവരിലൊരാൾ ആ ഗേറ്റ് തുറന്നു കൊടുത്തു. അഭിവാദ്യം സ്വീകരിച്ചിട്ട് ഹി‌‌മ്‌ലർ ആ ഇരുമ്പ് വാതിൽ താണ്ടി  ഭൂമിക്കടിയിലെ നിലയിലേക്കുള്ള പടവുകളിറങ്ങി. ഒപ്പം പ്രെസ്റ്റണും.

വെള്ള പൂശിയ ആ ഇടനാഴിയിലെ മൌനം പ്രെസ്റ്റൺ‌ന്റെ ഭീതിയ്ക്ക് ആക്കം കൂട്ടി. പെട്ടെന്നാണ് അല്പം ദൂരെ നിന്നും വരുന്ന ആ ശബ്ദം അയാൾ ശ്രദ്ധിച്ചത്. കൃത്യമായ ഇടവേളയോടെ ആരെയോ അടിക്കുന്നത് പോലുള്ള ശബ്ദം. തടവറകളിലൊന്നിന് മുന്നിൽ ഹി‌മ്‌ലർ തന്റെ നടത്തം നിർത്തി അതിന്റെ ഇരുമ്പ് വാതിൽ തുറന്നു.

അറുപതോ അതിലധികമോ പ്രായം തോന്നിക്കുന്ന ഒരു മിലിട്ടറി ഉദ്യോഗസ്ഥനെ ഒരു ബെഞ്ചിൽ കമഴ്ത്തി കിടത്തിയിട്ടുണ്ടായിരുന്നു. തലമുടി മുഴുവനും നര കയറിയിരിക്കുന്നു. ഉരുക്ക് മുഷ്ടികളുള്ള രണ്ട് ഗെസ്റ്റപ്പോ ഭടന്മാർ ഒരു റബ്ബർ ചാട്ട ഉപയോഗിച്ച് അയാളുടെ പുറത്തും പൃഷ്ടഭാഗത്തും മാറി മാറി അടിച്ചു കൊണ്ടിരിക്കുകയാണ്. അത് ആസ്വദിച്ച് ഒരു സിഗരറ്റ് പുകച്ച് രസിച്ച് നിൽക്കുകയാണ് റോസ്മാൻ. അയാളുടെ ഷർട്ടിന്റെ കൈകൾ മുകളിലേക്ക് ചുരുട്ടി വച്ചിട്ടുണ്ടായിരുന്നു.

“ഇത്തരം മൂന്നാംമുറ തീരെ ശരിയല്ല  എന്തു പറയുന്നു പ്രെസ്റ്റൺ?”  ഹി‌മ്‌ലർ ചോദിച്ചു.

പ്രെസ്റ്റൺ‌ന്റെ വായ വരണ്ട് തുടങ്ങിയിരുന്നു. ഭീതി അടിവയറ്റിലൂടെ അരിച്ച് കയറുന്നത് അയാളറിഞ്ഞു.

“തീർച്ചയായും, ഹെർ റൈ ഫ്യൂറർ. ഭയാനകം

“ശരി തന്നെ പക്ഷേ, രാജ്യദ്രോഹക്കുറ്റം ചെയ്ത ഒരുവനോട് ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ പെരുമാറണമെന്നാണ് പറയുന്നത്? നമ്മുടെ സാമ്രാജ്യവും അതിന്റെ അധിപനും ആവശ്യപ്പെടുന്നത് പരിപൂർണ്ണ വിധേയത്വമാണ് ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറോടുള്ള നിരുപാധിക വിധേയത്വം അതിൽ കുറഞ്ഞതൊന്നും തന്നെ ഇവിടെ സ്വീകാര്യമല്ല തന്നെ അതിൽ വീഴ്ച്ച വരുത്തുന്നവർ ആരായാലും ശരി അതിന്റെ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും മനസ്സിലാകുന്നുണ്ടോ?”

അദ്ദേഹം പറഞ്ഞതിന്റെ അർത്ഥം അക്ഷരം‌പ്രതി പ്രെസ്റ്റണ് മനസ്സിലായിക്കഴിഞ്ഞിരുന്നു. തിരിഞ്ഞ് പടവുകൾ കയറി മുകളിലേക്ക് പോകുന്ന ഹി‌‌മ്‌ലറെ അനുഗമിക്കുമ്പോൾ പ്രെസ്റ്റൺ കൈലേസ് കൊണ്ട് വായ് പൊത്തി. ആ പീഡന ദൃശ്യത്തിൽ അയാൾക്ക് മനം‌പിരട്ടൽ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എന്നതായിരുന്നു സത്യം.

ആർട്ടിലറി മേജർ ജനറൽ കാൾ സ്റ്റെയ്നർ, അസഹ്യമായ വേദനയോടെ ഇഴഞ്ഞ് നീങ്ങി നിലവറയിലെ തന്റെ ഇരുട്ടുമുറിയുടെ മൂലയിൽ ചെന്ന് കൂനിപ്പിടിച്ച് ഇരുന്നു. വീണുപോകാതിരിക്കാൻ അദ്ദേഹം വിഷമിക്കുന്നുണ്ടായിരുന്നു. “ഒരു വാക്ക് പോലും ഇല്ല ഒരു വാക്ക് പോലും എന്നിൽ നിന്ന് അവർക്ക് കിട്ടില്ല അവർ എന്ത് തന്നെ ചെയ്താലും

* * * * * * * * * * * * * * * * * * * * * * * * * * * * *

ഒക്ടോബർ 9, ശനിയാഴ്ച്ച പുലർച്ചെ കൃത്യം 02:20.  ഡച്ച് തീരത്ത് നിന്ന് ഓപ്പറേറ്റ് ചെയ്യുന്ന ജർമ്മൻ എയർഫോഴ്സിന്റെ നൈറ്റ് ഫൈറ്റർ ഗ്രൂപ്പ്-7 ലെ ക്യാപ്റ്റൻ പീറ്റർ ഗെറിക്ക് തന്റെ ദൌത്യം ലക്ഷ്യം കണ്ടതിന്റെ ആഹ്ലാദത്തിലാണ്. മുപ്പത്തിയെട്ടാമത്തെ ആളാണ് ഇപ്പോൾ കൊല്ലപ്പെട്ടിരിക്കുന്നത്. കനത്ത മേഘപാളികൾക്കിടയിലൂടെ ജങ്കേഴ്സ്-88 ൽ തന്റെ പതിവ് റോന്ത്ചുറ്റലിനിറങ്ങിയതാണ് ഗെറിക്ക്. കറുപ്പ് ചായമടിച്ച ഇരട്ട എൻ‌ജിനുള്ള യുദ്ധവിമാനമാണ് ജങ്കേഴ്സ്-88. പ്രത്യേക തരം റഡാർ ഏരിയലുകൾ സജ്ജീകരിച്ച  അത്തരം ഫൈറ്ററുകൾ രാത്രി കാലങ്ങളിൽ ബോംബിങ്ങിന് വരുന്ന റോയൽ എയർഫോഴ്സിന് അടുത്തകാലത്തായി കുറച്ചൊന്നുമല്ല നാശനഷ്ടങ്ങൾ വരുത്തിവച്ചുകൊണ്ടിരിക്കുന്നത്.

ഭാഗ്യം കൊണ്ട് മാത്രമായിരുന്നില്ല ഇന്നത്തെ ലക്ഷ്യം നിറവേറിയത്. ഇടത് ഭാഗത്തെ എൻ‌ജിനിലേക്കുള്ള ഫ്യൂവൽ സപ്ലൈ സിസ്റ്റത്തിൽ തകരാറ് കണ്ടതിനെത്തുടർന്ന് അര മണിക്കൂർ വൈകിയാണ് ടേക്ക് ഓഫ് ചെയ്യാൻ സാധിച്ചത്. ഹാനോവറിലെ ആക്രമണം കഴിഞ്ഞ് തിരിച്ച് പോകുന്ന ബ്രിട്ടീഷ് യുദ്ധവിമാനങ്ങളെ ആക്രമിക്കുവാനായി തന്റെ സഹപ്രവർത്തകരെല്ലാം തന്നെ വിമാനങ്ങളുമായി അപ്പോഴേക്കും പൊയ്ക്കഴിഞ്ഞിരുന്നു.

ഗെറിക്ക് ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴേക്കും തന്റെ കൂട്ടാളികൾ ദൌത്യം കഴിഞ്ഞ് തിരികെ പൊയ്ക്കഴിഞ്ഞിരുന്നു. എങ്കിലും കൂട്ടം തെറ്റി വരാൻ സാദ്ധ്യതയുള്ള ഏതെങ്കിലും ബ്രിട്ടീഷ് ഫൈറ്ററിനായി പ്രതീക്ഷ കൈവിടാതെ അല്പനേരം കൂടി നിരീക്ഷണം നടത്തുവാൻ ഗെറിക്ക് തീരുമാനിക്കുകയായിരുന്നു.

ഇരുപത്തിമൂന്ന് വയസ്സ് മാത്രമേ ആയിട്ടുള്ളൂ ഗെറിക്കിന്. സുമുഖനായ ആ യുവാവിന്റെ കണ്ണുകളിൽ എപ്പോഴും അക്ഷമ നിറഞ്ഞ് നിൽക്കുന്നത് കാണാമായിരുന്നു. അദ്ദേഹത്തിന് മുന്നിൽ ജീവിതത്തിന് വേഗത തീരെ കുറവ് പോലെ. ഒരു മൂളിപ്പാട്ടുമായി മേഘങ്ങൾക്കിടയിലൂടെ അദ്ദേഹം വിമാനം പറത്തി.

അദ്ദേഹത്തിന്റെ പിന്നിലിരിക്കുന്ന റഡാർ ഓപ്പറേറ്റർ ഹോപ്റ്റ് പെട്ടെന്ന് മുന്നോട്ടാഞ്ഞ് ആവേശത്തോടെ പറഞ്ഞു. “കിട്ടിപ്പോയി. ഒരെണ്ണത്തിനെ കിട്ടിപ്പോയി

അതേ നിമിഷം തന്നെയാണ് ഗ്രൌണ്ട് കൺ‌‌ട്രോൾ NJG7ൽ നിന്ന്‌ മേജർ ഹാൻസ് ബെർഗറുടെ സ്വരം ഗെറിക്കിന്റെ ഹെഡ്ഫോണിൽ എത്തിയതും.

“വാൻഡറർ-4 ദിസ് ഈസ് ബ്ലാക്ക് നൈറ്റ് എ മെസേജ് ഫോർ യൂ ആർ യൂ റിസീവിങ്ങ്?”

“ലൌഡ് ആന്റ് ക്ലിയർ” ഗെറിക്ക് പ്രതിവചിച്ചു.

“നോട്ട്-എയ്റ്റ്-സെവൻ ഡിഗ്രീസ് തിരിയൂ ടാർഗറ്റ് റെയ്ഞ്ച് റ്റെൻ കിലോമീറ്റേഴ്സ്

ജങ്കേഴ്സ്-88 മേഘപാളികളിൽ നിന്ന് പുറത്തേക്ക് കുതിച്ചു. അടുത്ത നിമിഷം നിരീക്ഷകൻ ബോ‌മ്‌ലർ ഗെറിക്കിന്റെ ചുമലിൽ കൈ വച്ചു. ഗെറിക്ക് തന്റെ ഇരയെ പെട്ടെന്ന് തന്നെ കണ്ടുപിടിച്ചു. തെളിഞ്ഞ നിലാവെളിച്ചത്തിൽ ബ്രിട്ടൻ ലക്ഷ്യമാക്കി പറക്കുന്ന ഒരു ലങ്കാസ്റ്റർ ബോംബർ വിമാനം. ഇടത് വശത്തെ എൻ‌ജിനിൽ നിന്നും വമിക്കുന്ന പുക ആകാശത്തിൽ ചിത്രം വരയ്ക്കുന്നു.

“ബ്ലാക്ക് നൈറ്റ് ദിസ് ഈസ് വാൻഡറർ-4 ...” ഗെറിക്ക് സന്ദേശം കൊടുത്തു. “എനിക്ക് വ്യക്തമായി കാണുവാൻ സാധിക്കുന്നുണ്ട് ഗ്രൌണ്ട് അസിസ്റ്റൻസ് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല

ഗെറിക്ക് വീണ്ടും വിമാനവുമായി മേഘപാളികൾക്കിടയിലേക്ക് അപ്രത്യക്ഷനായി. അവിടെ നിന്നും അഞ്ഞൂറ് അടി താഴ്ന്ന് ഇടത് വശത്തേക്ക് വളഞ്ഞ് പറന്നു. ഏതാനും മൈലുകൾ കഴിഞ്ഞതോടെ അവരുടെ സ്ഥാനം ആ ലങ്കാസ്റ്റർ വിമാനത്തിന്റെ താഴെ പിൻ‌ഭാഗത്തായി. തങ്ങളുടെ തലയ്ക്ക് മുകളിലൂടെ പുക തുപ്പിക്കൊണ്ട് പറക്കുന്ന ആ വിമാനം സുനിശ്ചിതമായ ടാർഗറ്റ് ആണെന്ന് ഗെറിക്ക് ഉറപ്പ് വരുത്തി.

1943 ന്റെ ആദ്യപാദം പിന്നിടുമ്പോഴേക്കും ജർമ്മൻ യുദ്ധവിമാനങ്ങളിൽ രാത്രികാല ആക്രമണത്തിനായി “Schraege Musik” എന്നൊരു രഹസ്യ സംവിധാനം നിലവിൽ വന്നു കഴിഞ്ഞിരുന്നു. ഇരുപത് മില്ലീ മീറ്ററിന്റെ ഒരു ജോഡി പീരങ്കികൾ വിമാനത്തിന്റെ ഇരുവശങ്ങളിലുമായി പത്ത് മുതൽ ഇരുപത് ഡിഗ്രി വരെ മുകളിലേക്ക് വെടിയുതിർക്കാവുന്ന വിധത്തിലായി ഘടിപ്പിച്ചിരിക്കുന്നു. ഈ സംവിധാനം കൊണ്ടുള്ള ഗുണം ഇതായിരുന്നു. ടാർഗറ്റിലുള്ള ബോംബർ വിമാനത്തിന്റെ തൊട്ട് താഴെ കൂടി പറന്ന് വളരെ കൃത്യമായി മുകളിലേക്ക് വെടിയുതിർക്കുക. മുകളിൽ പറക്കുന്ന വിമാനത്തിലുള്ളവർക്ക് താഴെയുള്ള വിമാനം ദൃശ്യമായിരിക്കില്ല എന്നതായിരുന്നു ഏറ്റവും രസകരമായ വസ്തുത. എന്താണ് സംഭവിക്കുന്നതെന്ന് പോലും അറിയാതെ നിരവധി ബ്രിട്ടീഷ് യുദ്ധവിമാനങ്ങളാണ് ഇത്തരത്തിൽ വെടിയേറ്റ് കൂപ്പുകുത്തിയത്.

അങ്ങനെ ആ നിമിഷം വന്നെത്തി. സെക്കന്റുകൾ പോലും തെറ്റാതെ ഗെറിക്ക് ഫയർ ചെയ്തു. പിന്നെ നൊടിയിടയിൽ ഇടത്തോട്ട് മാറി ദൂരേയ്ക്ക് പറന്നു. ലങ്കാസ്റ്റർ ഒന്ന് ഉലഞ്ഞ് മുന്നോട്ട് കൂപ്പുകുത്തി. മുവ്വായിരം അടി താഴെ കടലിലേക്ക്. ഒന്നിന് പിറകെ ഒന്നായി രണ്ട് പാരച്യൂട്ടുകൾ പുറത്തേക്ക് തെറിക്കുന്നത് അദ്ദേഹത്തിന് കാണാനായി. അടുത്ത നിമിഷം ആ വിമാനം വലിയൊരു അഗ്നിഗോളമായി മാറി പൊട്ടിത്തെറിച്ചു കഴിഞ്ഞിരുന്നു. അത് താഴെ കടലിലേക്ക് പതിച്ചുകൊണ്ടിരിക്കുന്നതിനൊപ്പം പാരച്യൂട്ടുകളിൽ ഒന്നിന് തീ പിടിച്ച് ജ്വലിക്കുന്നത് തന്റെ കൺ‌മുന്നിൽ ദർശിക്കുകയായിരുന്നു ഗെറിക്ക്.

“ഡിയർ ഗോഡ് ഇൻ ഹെവൻ…!” ഭയചകിതനായി ബോ‌മ്‌ലർ വിളിച്ചു.

”എന്ത് ദൈവം?” ഗെറിക്ക് ആവേശം കൊണ്ടു. “പെട്ടെന്ന് ഗ്രൌണ്ടിലേക്ക് മെസേജ് കൊടുക്കൂ താഴേക്ക് ഒരുത്തൻ പാരച്യൂട്ടിൽ വരുന്നുണ്ട് പിടിച്ച് കൂട്ടിലടച്ചോളാൻ പറഞ്ഞ്  അപ്പോൾ ശരി നമുക്കിനി തിരിച്ച് പോയാലോ?”

 (തുടരും)