Friday, February 24, 2012

ഈഗിൾ ഹാസ് ലാന്റഡ് – 32



റയിൽ‌വേ ട്രാക്കിന്റെ അപ്പുറത്തുള്ള പ്ലാറ്റ്ഫോമിൽ ഒരു കൂട്ടം മനുഷ്യരെ ചുവരിനോട് ചേർത്ത് നിരയായി നിർത്തിയിരിക്കുന്നത് അപ്പോഴാണ് സ്റ്റെയ്നർ കണ്ടത്. അഴുക്ക് പുരണ്ട വസ്ത്രങ്ങളണിഞ്ഞ അവർക്ക് കാവലായി സായുധരായ നാസി സുരക്ഷാ സേന നിലയുറപ്പിച്ചിരുന്നു. സ്ത്രീ പുരുഷ വ്യത്യാസം പോലും മനസ്സിലാക്കാൻ കഴിയാത്തത്ര വികൃത രൂപങ്ങളായിക്കഴിഞ്ഞിരുന്നു ആ പാവങ്ങൾ അപ്പോൾ. സുരക്ഷാസേനയുടെ ആജ്ഞ പ്രകാരം അവർ തങ്ങളുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുവാൻ തുടങ്ങി.

“എന്താണവിടെ നടക്കുന്നത്?”       അത് വീക്ഷിച്ചുകൊണ്ട് പ്ലാറ്റ്ഫോമിനരികിൽ നിന്നിരുന്ന മിലിട്ടറി പോലീസുകാരനോട് സ്റ്റെയ്നർ ചോദിച്ചു.

“ജൂതന്മാരാണ്, ഹെർ ഓബർസ്റ്റ്  വാഴ്സാ ഗെട്ടോ കോളനിയിൽ നിന്ന് ഇന്ന് രാവിലെ പിടികൂടപ്പെട്ടവരാണ് ട്രെബ്ലിങ്കയിലേക്ക് അയക്കാൻ വേണ്ടി നിർത്തിയിരിക്കുകയാണവരെഅവിടെ വച്ച് ഇന്ന് വൈകുന്നേരത്തോടെ അവരുടെയെല്ലാം കഥ കഴിയ്ക്കും ദേഹപരിശോധനയ്ക്കായിട്ടാണ് അവരോട് വസ്ത്രങ്ങൾ അഴിക്കാൻ ആജ്ഞാപിച്ചിരിക്കുന്നത് ആ കൂട്ടത്തിൽ അധികവും സ്ത്രീകളാണല്ലോ മിക്കവരും അവരുടെ പാന്റ്സിനുള്ളിൽ നിറതോക്കുകൾ ഒളിപ്പിച്ച് വച്ചിട്ടുണ്ടാകും അത് കണ്ടെടുക്കാൻ വേണ്ടിയാണ്    അയാൾ പറഞ്ഞു.

പെട്ടെന്നാണ് ട്രാക്കിൽ നിന്നും ആരുടെയോ ക്രൂരമായ പൊട്ടിച്ചിരി മുഴങ്ങിയത്. അതോടൊപ്പം തന്നെ ഒരു സ്ത്രീയുടെ നിലവിളിയും. സ്റ്റെയ്നർ വെട്ടിത്തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് അവരുടെ ട്രെയിനിന്റെ അറ്റത്തേക്ക് സസൂക്ഷ്മം വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന ന്യുമാനെയാണ്. പതിനഞ്ചോ പതിനാറോ വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ആ കോച്ചിന്റെ അടിയിലുള്ള സ്റ്റാന്റിൽ ഒളിച്ചിരിക്കുന്നുണ്ടായിരുന്നു. എവിടെ നിന്നോ ലഭിച്ച ബട്ടൻസില്ല്ലാത്ത പിഞ്ഞിത്തുടങ്ങിയ ഒരു ഓവർകോട്ട് ചരട് കൊണ്ട്  കെട്ടി നഗ്നത മറച്ചിരിക്കുന്നു. ദിവസങ്ങളോളം വെള്ളം കാണാതെ ജട പിടിച്ച പ്രാകൃതമായ തലമുടി. എങ്ങനെയോ ആ കൂട്ടത്തിൽ നിന്നും വഴുതിപ്പോന്ന അവൾ ആ ട്രെയിൻ പുറപ്പെടുമ്പോൾ അതിനടിയിൽ തൂങ്ങി രക്ഷപെടാനുള്ള അവസാനശ്രമം നടത്തി നോക്കിയതാണ്.

എന്നാൽ നിർഭാഗ്യവശാൽ അവൾ ഒരു മിലിട്ടറി പോലീസുകാരന്റെ കണ്ണിൽ പെട്ടത് അപ്പോഴായിരുന്നു. ട്രാക്കിലേക്ക് ചാടിയിറങ്ങിയ അയാൾ അവളെ ട്രെയിനിനടിയിൽ നിന്നും വലിച്ചെടുത്തു. അയാളുടെ കരങ്ങളിൽ നിന്നും കുതറി മാറി പ്ലാറ്റ്ഫോമിലേക്ക് ചാടിക്കയറിയ അവൾ ഗെയ്റ്റിന് നേർക്ക് പാഞ്ഞു. പക്ഷേ, ഓഫീസിൽ നിന്നും പുറത്തേക്ക് ഇറങ്ങുകയായിരുന്ന മേജർ ഫ്രാങ്കിന്റെ കരങ്ങളിലേക്കാണ് അവൾ ചെന്നെത്തിയത്.

“ഡെർട്ടി ലിറ്റിൽ ബിച്ച് നിന്നെ മര്യാദ പഠിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ   അവളുടെ മുടിയിൽ കുത്തിപ്പിടിച്ച് അയാൾ ഉലച്ചു.

സ്റ്റെയ്നർ മുന്നോട്ട് കുതിച്ചു. 

“വേണ്ട, ഹെർ ഓബർസ്റ്റ്    ന്യുമാൻ അദ്ദേഹത്തെ തടയാനാഞ്ഞെങ്കിലും വൈകിപ്പോയിരുന്നു.

മുന്നോട്ട് കുതിച്ച സ്റ്റെയ്നർ , മേജർ ഫ്രാങ്കിന്റെ കോളറിൽ മുറുകെ പിടിച്ച് മാറ്റി. അപ്രതീക്ഷിതമായ ആക്രമണത്തിൽ അയാൾ അടി തെറ്റി താഴെ വീണു. അയാളുടെ കരങ്ങളിൽ നിന്നും ആ പെൺകുട്ടിയെ മോചിപ്പിച്ച് സ്റ്റെയനർ തന്റെ പിന്നിൽ സുരക്ഷിതമായി നിർത്തി.

ചാടിയെഴുന്നേറ്റ മേജർ ഫ്രാങ്കിന്റെ മുഖത്ത് രോഷം തിളയ്ക്കുന്നുണ്ടായിരുന്നു. അയാളുടെ കൈ തന്റെ ബെൽറ്റിൽ കൊളുത്തിയിരുന്ന റിവോൾവറിലേക്ക് നീങ്ങി. എന്നാൽ ഞൊടിയിടയിലാണ് സ്റ്റെയ്നർ തന്റെ ലെതർ കോട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന ല്യൂഗർ പിസ്റ്റൾ എടുത്ത് അയാളുടെ നെറ്റിയിലേക്ക് മുട്ടിച്ചത്.

“മേജർ തോക്കെടുക്ക് ധൈര്യമുണ്ടെങ്കിൽഅതിന് മുമ്പ് നിങ്ങളുടെ തല ചിതറി തെറിച്ചിരിക്കും ആലോചിച്ചിട്ട് മതി  മാനുഷികമായ ഒരു പ്രവൃത്തിയായിരിക്കും ഞാൻ ചെയ്യാൻ പോകുന്നത്” സ്റ്റെയ്നർ അലറി.

ഏതാണ്ട് ഒരു ഡസനോളം മിലിട്ടറി പോലീസുകാർ അങ്ങോട്ടോടിയെത്തി. ചിലരുടെ കൈകളിൽ മെഷീൻ ഗൺ, മറ്റ് ചിലരുടെ കൈയിൽ പിസ്റ്റളുകൾ  മൂന്ന് വാര അകലത്തിൽ അവർക്ക് ചുറ്റും ഒരു അർദ്ധ വലയം തീർത്ത് അവർ നിലയുറപ്പിച്ചു. ഉയരമുള്ള ഒരു സർജന്റ് തന്റെ റൈഫിൾ സ്റ്റെയ്നറുടെ നേർക്ക് ഉന്നം പിടിച്ചു. സ്റ്റെയനറാകട്ടെ, മേജർ ഫ്രാങ്കിന്റെ കോളറിൽ മുറുകെ പിടിച്ച് തന്നോടടുപ്പിച്ച് പിസ്റ്റളിന്റെ ബാരൽ നെറ്റിയിൽ ശക്തിയായി ചേർത്ത് പിടിച്ചു.

“വെറുതെ വിഡ്ഢിത്തം കാണിക്കണ്ട കൂട്ടരേ” സ്റ്റെയ്നർ പറഞ്ഞു.

ആ നിമിഷമാണ് ഒരു സ്റ്റീം എൻ‌ജിൻ സ്റ്റേഷനിലേക്ക് പ്രവേശിച്ചത്. വളരെ സാവധാനം വന്നുകൊണ്ടിരുന്ന അതിന് പിറകിൽ കൽക്കരി നിറച്ച തുറന്ന വാഗണുകളായിരുന്നു.

“എന്താണ് കുട്ടീ നിന്റെ പേര്?”     മേജർ ഫ്രാങ്കിന്റെ മുഖത്ത് നിന്നും ദൃഷ്ടി മാറ്റാതെ സ്റ്റെയ്നർ അവളോട് ചോദിച്ചു.

“ബ്രാന   ബ്രാന ലെസെംനികോഫ്  അവൾ പറഞ്ഞു.

“വെൽ, ബ്രാന നീയൊരു ചുണക്കുട്ടിയാണെങ്കിൽ, ഞാൻ പറയുന്നത് പോലെ ചെയ്യൂ  ആ തുറന്ന വാഗണുകളിൽ ഒന്നിൽ ചാടിപ്പിടിക്കൂ ഇവിടുന്ന് പുറത്ത് കടക്കണമെങ്കിൽ അതേയുള്ളൂ മാർഗ്ഗം എന്നെക്കൊണ്ട് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ഇത്രമാത്രമാണ്

അടുത്ത നിമിഷം ആ പെൺകുട്ടി ഗുഡ്സ് വാഗണിന് നേർക്ക് കുതിച്ചു.

“ആരെങ്കിലും അവൾക്ക് നേരെ വെടിയുണ്ട പായിച്ചാൽ അതോടൊപ്പം ഒരെണ്ണം ഇവിടെ മേജറുടെ തലയോട്ടിയും തുളച്ച് പോയിരിക്കും  സ്റ്റെയ്നർ മുന്നറിയിപ്പ് നൽകി.  

(തുടരും)

Friday, February 17, 2012

ഈഗിൾ ഹാസ് ലാന്റഡ് – 31



ജർമ്മൻ അധിനിവേശ പോളണ്ടിൽ ജൂതവംശജർ തിങ്ങിപ്പാർത്തിരുന്ന കോളനിയായ വാഴ്സാ ഗെട്ടോയെ ഭൂമുഖത്ത് നിന്ന് എന്നെന്നേക്കുമായി തുടച്ച് നീക്കുവാൻ അധികൃതർ നിശ്ചയിച്ച അവസാന തീയതി ഏപ്രിൽ 19 ആയിരുന്നു. ഏപ്രിൽ 20 ന് ജന്മദിനമാഘോഷിക്കുന്ന അഡോൾഫ് ഹിറ്റ്ലറിന് ജൂത കോളനിയുടെ പതന വാർത്ത ഒരു ജന്മദിന സമ്മാനമായി നൽകണമെന്നായിരുന്നു ഹെൻ‌ട്രിച്ച് ഹിംലറുടെ ആഗ്രഹം. പക്ഷേ, ആ ഉദ്യമവുമായി ഓപ്പറേഷൻസ് കമാൻഡർ ഫ്രാങ്കനെഗ്ഗിന്റെ നേതൃത്വത്തിൽ കോളനിയിലേക്ക് മാർച്ച് ചെയ്ത സൈനികവ്യൂഹത്തിന് ജൂതന്മാരുടെ അതിശക്തമായ ചെറുത്ത് നിൽപ്പാണ് നേരിടേണ്ടി വന്നത്. കഠിനമായ പോരാട്ടത്തിനൊടുവിൽ അവർ ജർമ്മൻ സംഘത്തെ തുരത്തിയോടിച്ചു.

പരാജയത്തെ തുടർന്ന് കമാൻഡർ ഫ്രാങ്കനെഗ് സ്ഥാനഭ്രഷ്ടനാക്കപ്പെട്ടു. പോലീസ് മേജർ ജനറലായ ബ്രിഗേഡ്‌ഫ്യൂറർ ജർഗൻ സ്ട്രൂപ്പിനെയാണ് തൽ‌സ്ഥാനത്തേക്ക് പിന്നീട് ഹിംലര്‍
നിയോഗിച്ചത്. പോളിഷ് വിമതരും ഉക്രേനിയൻ വംശജരും ഉൾപ്പെട്ട ആ സംഘത്തിന്റെ ചുമതലയേറ്റെടുക്കുമ്പോൾ അദ്ദേഹം ഒരു കാര്യം നിശ്ചയിച്ചുറപ്പിച്ചിരുന്നു. കോളനി ഇടിച്ച് നിരത്തി ഒരൊറ്റ ജൂതൻ പോലും ജീവനോടെ അവശേഷിക്കുന്നില്ല എന്നുറപ്പ് വരുത്തിയിട്ടല്ലാതെ പിന്മാറുകയില്ല എന്ന്. എന്നിട്ട് ഹിംലറുടെ മുന്നിൽ ചെന്ന് വാഴ്സാ ഗെട്ടോ നാമാവശേഷമായിരിക്കുന്നു എന്ന് റിപ്പോർട്ട് ചെയ്യുക. ആ ദൌത്യം നിറവേറ്റുവാൻ അദ്ദേഹത്തിന് ഇരുപത്തിയെട്ട് ദിവസങ്ങൾ വേണ്ടി വന്നു.

ആ ദൌത്യം നടന്നുകൊണ്ടിരിക്കുന്നതിന്റെ പതിമൂന്നാം ദിവസം രാവിലെയാണ് സ്റ്റെയ്നറും സംഘവും വാഴ്സായിലെത്തുന്നത്. കിഴക്കൻ യുദ്ധനിരകളിൽ നിന്നും ബെർലിനിലേക്ക് മടങ്ങുന്ന സൈനികരെയും വഹിച്ചുകൊണ്ടുള്ള ആ ട്രെയിൻ എൻ‌ജിൻ തകരാറിനെ തുടർന്ന് വാഴ്സാ സ്റ്റേഷനിൽ നിർത്തിയിടുകയായിരുന്നു. തകരാറ് പരിഹരിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് ഉറപ്പില്ലാത്തതിനാൽ ആരും തന്നെ സ്റ്റേഷൻ വിട്ട് പുറത്ത് പോകരുതെന്ന ഓർഡർ ലൌഡ് സ്പീക്കറിലൂടെ അനൌൺസ് ചെയ്യുന്നുണ്ടായിരുന്നു. കല്പന പാലിക്കപ്പെടുന്നുവെന്ന് ഉറപ്പ് വരുത്താൻ എല്ലാ കവാടങ്ങളിലും മിലിട്ടറി പോലീസിനെയും നിയോഗിച്ചിരുന്നു.

മിക്കവാറും എല്ലാ സൈനികരും ട്രെയിനിനുള്ളിൽ തന്നെ കഴിച്ചു കൂട്ടി. എന്നാൽ ഇരുന്ന് മുഷിഞ്ഞ സ്റ്റെയ്നർ കാലൊന്ന് നിവർത്തുവാനായി പ്ലാറ്റ്ഫോമിലേക്കിറങ്ങി. തൊട്ട് പിന്നാലെ റിട്ടർ ന്യുമാനും. സ്റ്റെയ്നറുടെ ബൂട്ടു‌സ് വല്ലാതെ തേഞ്ഞ് പോയിരുന്നു. ധരിച്ചിരുന്ന ലെതർ കോട്ട് കഴുകിയിട്ട് ദിവസങ്ങളായിരിക്കുന്നു. ചളി പുരണ്ട ഒരു വെള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയിട്ടുണ്ട്. ഓഫീസർമാർ സാധാരണ ഉപയോഗിക്കാത്ത, ഭടന്മാർ ഉപയോഗിക്കുന്ന സൈഡ് ക്യാപ്പാണ് അദ്ദേഹം തലയിൽ ധരിച്ചിരിക്കുന്നത്.

സ്റ്റേഷന്റെ മെയിൻ ഗെയ്റ്റിൽ നിൽക്കുന്ന മിലിട്ടറി പോലീസുകാരൻ തന്റെ റൈഫിൾ എടുത്ത് സ്റ്റെയ്നറുടെ നെഞ്ചിന് നേർക്ക് നീട്ടി പരുഷ സ്വരത്തിൽ അലറി.

“അനൌൺസ്മെന്റ് നിങ്ങൾ കേട്ടതല്ലേ? പോയി ട്രെയിനിൽ ഇരിക്ക്

“പുറത്ത് പോകരുതെന്ന് പറയുന്നതിൽ എന്തെങ്കിലും കാരണമില്ലാതിരിക്കില്ല ഹെർ ഓബർസ്റ്റ്” ന്യുമാൻ പറഞ്ഞു.

പരുക്കൻ മട്ടിൽ നിന്നിരുന്ന പോലീസുകാരൻ പെട്ടെന്ന് അറ്റൻഷനായി നിന്നു. “ക്ഷമിക്കണം, ഹെർ ഓബർസ്റ്റ് മനസ്സിലായില്ലായിരുന്നു

“ഷുൾട്‌സ് എന്താണവിടെ?”    പരുഷ സ്വരവുമായി ആരോ അവരുടെയടുത്തേക്ക് വരുന്നുണ്ടായിരുന്നു.

എന്നാൽ അത് അവഗണിച്ച് സ്റ്റെയ്നറും ന്യുമാനും ഗെയ്റ്റിന് പുറത്തേക്ക് നടന്നു. അന്തരീക്ഷത്തിൽ കറുത്ത പുകപടലങ്ങൾ തങ്ങി നിൽക്കുന്നുണ്ടായിരുന്നു. ദൂരെ നിന്നും തോക്കുകൾ ഇടതടവില്ലാതെ ഗർജ്ജിക്കുന്ന ശബ്ദം. പെട്ടെന്നാണ് സ്റ്റെയ്നറുടെ ചുമലിൽ ആരോ തട്ടിയത്. തിരിഞ്ഞ് നോക്കിയ അദ്ദേഹം കണ്ടത് വളരെ വൃത്തിയായി യൂണിഫോം ധരിച്ച ഒരു മേജറെയാണ്. മിലിട്ടറി പോലീസിന്റെ ബാഡ്ജുകളും മെഡലുകളും അദ്ദേഹത്തിന്റെ കോളറിൽ അലങ്കരിച്ചിട്ടുണ്ട്.

സ്റ്റെയ്നർ തന്റെ കഴുത്തിൽ ചുറ്റിയിരിക്കുന്ന അഴുക്ക് പുരണ്ട സ്കാർഫ് വലിച്ച് മാറ്റി. അദ്ദേഹം കോളറിൽ അണിഞ്ഞിട്ടുള്ള റാങ്കുകളുടെ നിര ഇപ്പോൾ വ്യക്തമായി കാണാം. മാത്രമല്ല, കഴുത്തിൽ അണിഞ്ഞിരിക്കുന്ന Knight’s Cross, Oak Leaves എന്നീ അവാർഡുകളും.

“ഞാൻ സ്റ്റെയ്നർ പാരച്യൂട്ട് റജിമെന്റ്

മേജർ ഭവ്യതയോടെ സല്യൂട്ട് ചെയ്തു. റാങ്ക് അനുസരിച്ച് അത് ചെയ്യാതിരിക്കാൻ പറ്റില്ലാത്തത് കൊണ്ട് മാത്രം.  “ക്ഷമിക്കണം, ഹെർ ഓബർസ്റ്റ് ബട്ട്, ഓർഡേഴ്സ് ആർ ഓർഡേഴ്സ്

“എന്താണ് നിങ്ങളുടെ പേര്…?   സ്റ്റെയ്നർ ആരാഞ്ഞു.  അദ്ദേഹത്തിന്റെ സ്വരത്തിൽ അസന്തുഷ്ടി നിറഞ്ഞിരുന്നു.

“ഓട്ടോ ഫ്രാങ്ക്, ഹെർ ഓബർസ്റ്റ്

“ഗുഡ് ഇത്രത്തോളമായല്ലോ അവിടെ എന്താണ് നടക്കുന്നതെന്ന് പറയാൻ ദയവുണ്ടാകുമോ നിങ്ങൾക്ക്? ഞാൻ വിചാരിച്ചു, പോളിഷ് ആർമി കീഴടങ്ങുന്നതിന്റെ ബഹളമായിരിക്കുമെന്ന്

“വാഴ്സാ ഗെട്ടോ ഇടിച്ച് നിരത്തി തരിപ്പണമാക്കിക്കൊണ്ടിരിക്കുകയാണവർ

“ആര്?”

“ഒരു പ്രത്യേക ദൌത്യ സേനയാണ് ബ്രിഗേഡ്ഫ്യൂറർ ജർഗൻ സ്ട്രൂപ്പിന്റെ നേതൃത്വത്തിലുള്ള വിവിധ സംഘങ്ങൾ അവിടെ മുഴുവനും ജൂത തെമ്മാടികളാണ് ഹെർ ഓബർസ്റ്റ് സകലയിടത്ത് നിന്നും അവർ പ്രത്യാക്രമണം നടത്തിക്കൊണ്ടിരിക്കുന്നു വീടുകളിൽ നിന്നും, ഓടകളിൽ നിന്നും, ഒളിത്താവളങ്ങളിൽ നിന്നും പതിമൂന്ന് ദിവസമായിരിക്കുന്നു ഇപ്പോൾ അതിനാൽ ഞങ്ങൾ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് പുകച്ച് പുറത്ത് ചാടിച്ച് കൊണ്ടിരിക്കുന്നു എല്ലാത്തിനേയും

സ്റ്റെയ്നറുടെ ഓർമ്മകൾ കുറേ പിന്നോട്ട് പോയി. ലെനിൻ‌ഗ്രാഡിൽ വച്ച് മുറിവേറ്റതിനെ തുടർന്ന് മെഡിക്കൽ ലീവിലായിരുന്ന കാലത്ത് സ്റ്റെയ്നർ, ഫ്രാൻസിലുള്ള തന്റെ പിതാവിനെ സന്ദർശിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവത്തിൽ വളരെയധികം മാറ്റം വന്നിരുന്നു. ജർമ്മൻ സേനയിലെ ഒരു മേജറായിരുന്നു അദ്ദേഹം അപ്പോൾ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ഓർഡറുകളിൽ അദ്ദേഹത്തിന് തികഞ്ഞ അസംതൃപ്തി തോന്നിത്തുടങ്ങിയിരുന്നു. ആറ് മാസങ്ങൾക്ക് മുമ്പ് പോളണ്ടിലെ ഓഷ്‌വിറ്റ്സിലുള്ള ഒരു കോൺസൻ‌ട്രേഷൻ ക്യാമ്പ് സന്ദർശിക്കുവാനിടയായതിനെ തുടർന്നായിരുന്നു അത്.

“റുഡോൾഫ് ഹെസ്സ് എന്നായിരുന്നു അവിടുത്തെ കമാൻഡറുടെ പേര് ഒരു പന്നി നീ വിശ്വസിക്കുമോ എന്നറിയില്ല കുർട്ട് ജീവപര്യന്തം തടവ് അനുഭവിച്ചു കൊണ്ടിരുന്ന ഒരു കൊലയാളിയായിരുന്നു അയാൾ. 1928 ലെ ആംനസ്റ്റി ഉടമ്പടി പ്രകാരമാണ് അയാൾ ജയിൽ മോചിതനായത്. ആയിരക്കണക്കിന് ജൂതന്മാരെയാണ് അയാൾ ഗ്യാസ് ചേംബറുകളിൽ വക വരുത്തിയത്. സ്വർണ്ണപ്പല്ലുകൾ പോലെ വിലപിടിപ്പുള്ള വസ്തുക്കൾ അപഹരിച്ചിട്ട് അവരുടെ മൃതദേഹങ്ങൾ വലിയ തീക്കുണ്ഠങ്ങളിൽ വലിച്ചെറിഞ്ഞു

വൃദ്ധനായ ആ ജനറൽ തുടർന്നു.   “ഇതിന് വേണ്ടിയാണോ കുർട്ട്, നാം പോരാടിക്കൊണ്ടിരിക്കുന്നത്? ഹെസ്സിനെപ്പോലുള്ള പന്നികളെ സംരക്ഷിക്കുവാൻ? വർഷങ്ങൾ കഴിഞ്ഞ് ലോകം നമ്മളെക്കുറിച്ച് എന്ത് പറയും? നാം എല്ലാം കുറ്റക്കാരാണെന്ന്.? ജർമ്മൻ‌കാർ മുഴുവനും ഈ പാപത്തിൽ പങ്കാളികളാണെന്നോ? മാന്യരായ എത്രയോ വ്യക്തികൾ ജർമ്മനിയിലുണ്ടായിട്ടും ഇതിനെതിരെ ഒന്നും ചെയ്യാനാവാതെ വെറുതേയിരുന്നു എന്നോ? ഇല്ല എനിക്കതിന് കഴിയില്ല  ഈ അനീതിക്ക് കൂട്ട് നിൽക്കാൻ എനിക്കാവില്ല

വാഴ്സാ സ്റ്റേഷന്റെ ഗെയ്റ്റിന് പുറത്ത് നിന്ന് ആ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ സ്റ്റെയ്നറുടെ മുഖത്ത് രോഷം ഉരുണ്ടുകൂടിക്കൊണ്ടിരുന്നു. അത് കണ്ട മേജർ ഫ്രാങ്ക് ഒന്ന് രണ്ടടി പിന്നോട്ട് നീങ്ങി.

“അത് നന്നായി ഇത് പോലെ നല്ല കുട്ടിയായി നേരത്തെയങ്ങ് മാറിത്തന്നിരുന്നെങ്കിൽ എത്ര നന്നായേനെ” സ്റ്റെയ്നർ പരിഹസിച്ചു.

മേജർ ഫ്രാങ്കിന്റെ മുഖത്തെ ആശ്ചര്യഭാവം ദ്വേഷ്യത്തിന് വഴി മാറുന്നത് കാണാമായിരുന്നു. അത് കണ്ട ന്യുമാൻ, സ്റ്റെയ്നറെ തണുപ്പിക്കാൻ ശ്രമിച്ചു.  

“ടേക്ക് ഇറ്റ് ഈസി, ഹെർ ഓബർസ്റ്റ്ഈസി

(തുടരും)

Friday, February 10, 2012

ഈഗിൾ ഹാസ് ലാന്റഡ് – 30



പ്രിൻസ് ആൽബ്രസ്ട്രെയ്സിന്റെ ഒന്നാം നിലയിലുള്ള ഓഫീസിലേക്കാണ് റാഡ്‌ലിനെ അവർ കൂട്ടിക്കൊണ്ടുപോയത്. ഹെൻ‌ട്രിച്ച് ഹിംലറുടെ മുന്നിലെ വലിയ മേശയിൽ ധാരാളം ഫയലുകൾ അടുക്കി വച്ചിരുന്നു. ഗെസ്റ്റപ്പോ തലവന്റെ സമ്പൂർണ്ണ ബഹുമതികളാൽ അലംകൃതമായ സൈനിക യൂണിഫോമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. കറുത്ത യൂണിഫോം ധരിച്ച അദ്ദേഹത്തെ ഓഫീസ് റൂമിലെ അരണ്ട വെളിച്ചത്തിൽ കണ്ടപ്പോൾ  ചെകുത്താന്റെ മുന്നിൽ എത്തിപ്പെട്ട പ്രതീതിയാണ്  റാഡ്‌ലിന് പെട്ടെന്നുണ്ടായത്. തലയുയർത്തി നോക്കിയ അദ്ദേഹത്തിന്റെ മുഖത്ത് മനുഷ്യത്വത്തിന്റെ ചെറുകണിക പോലും ഉണ്ടായിരുന്നില്ല എന്ന് റാഡ്‌ൽ അങ്കലാപ്പോടെ തിരിച്ചറിഞ്ഞു.

ഹെൻ‌ട്രിച്ച് ഹിംലര്‍


റാഡ്‌ലിനെ അങ്ങോട്ട് കൂട്ടിക്കൊണ്ട് വന്ന ചെറുപ്പക്കാരൻ നാസി സല്യൂട്ട് നൽകി അദ്ദേഹത്തെ അഭിവാദ്യം ചെയ്തിട്ട് ബ്രീഫ്കേയ്സ് മേശപ്പുറത്ത് വച്ചു.

“അറ്റ് യുവർ ഓർഡേഴ്സ്, ഹെർ റെയ്ഫ്യൂറർ.”

“താങ്ക് യൂ റോസ്മാൻ”    ഹിംലര്‍ പ്രതിവചിച്ചു.  “പുറത്ത് വെയ്റ്റ് ചെയ്യൂ ഞാൻ വിളിക്കാം

റോസ്മാൻ പുറത്തേക്ക് നടന്നു. മേശപ്പുറത്തുള്ള ഫയലുകൾ ഒരരികിലേക്ക് നീക്കി വച്ച് അടുത്ത നടപടികൾക്കായി തയ്യാറെടുക്കുന്ന ഹിംലറെ നോക്കി റാഡ്‌ൽ ഉത്ക്കണ്ഠയോടെ നിന്നു. റാഡ്ലിന്റെ ബ്രീഫ്കേയ്സ് തന്റെയടുത്തേക്ക് വലിച്ചടുപ്പിച്ച് ഒരു നിമിഷം ഹിംലര്‍ അതിൽ നോക്കി എന്തോ ആലോചിച്ച് ഇരുന്നു. പരിഭ്രമത്തിന്റെ മൂർദ്ധന്യത്തിലായിരുന്ന റാഡ്‌ൽ പതുക്കെ സാധാരണനിലയിലേക്ക് തിരികെയെത്തി.  ഇത് പോലുള്ള പല പ്രതിസന്ധി ഘട്ടങ്ങളിലും തന്നെ രക്ഷിച്ചിട്ടുള്ള നർമ്മബോധം അദ്ദേഹത്തെ സഹായിക്കാൻ ഇവിടെയുമെത്തി.

“വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന് പോലും അവസാനത്തെ സിഗരറ്റ് വലിക്കാനുള്ള അവകാശം ലഭിക്കാറുണ്ട്, ഹെർ റെയ്ഫ്യൂറർ

കടുത്ത പുകയില വിരോധിയാണെങ്കിലും ഹിംലറിന്‌ അത് കേട്ട് മന്ദഹസിക്കാതിരിക്കാനായില്ല.

“പിന്നെന്താ?   അദ്ദേഹം കൈ ഉയർത്തി അനുവാ‍ദം കൊടുത്തു.

“ഹെർ ഓബർസ്റ്റ്, നിങ്ങളൊരു ധീര യോദ്ധാവായിരുന്നു എന്നാണല്ലോ എനിക്ക് ലഭിച്ച വിവരം. വിന്റർ വാറിൽ പങ്കെടുത്തപ്പോഴാണ് നിങ്ങൾക്ക് Knight’s Cross ലഭിച്ചത് അല്ലേ?” ഹിംലര്‍ ചോദിച്ചു.

“ശരിയാണ്, ഹെർ റെയ്ഫ്യൂറർ” റാഡ്‌ൽ ഒറ്റക്കൈയാൽ തന്റെ സിഗരറ്റ് പാക്കറ്റ് എടുത്ത് തുറന്നു.

“അതിന് ശേഷം ഈ നിമിഷം വരെ നിങ്ങൾ അഡ്‌മിറൽ കാനറീസിന്റെ കീഴിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു…?”

നീണ്ട ഒരു പുകയെടുക്കുവാനായി റാഡ്‌ൽ ഒന്ന് അമാന്തിച്ചു. ഹിംലര്‍ വീണ്ടും തന്റെ മുന്നിലിരിക്കുന്ന ബ്രീഫ്കേയ്സിലേക്ക് ശ്രദ്ധ പായിച്ചു. അരണ്ട വെളിച്ചത്തിലുള്ള ആ ഓഫീസ് റൂം ഇപ്പോൾ സുഖകരമായി റാഡ്‌ലിന് അനുഭവപ്പെട്ടു. ഒരു വശത്തുള്ള ചുവരിലെ നെരിപ്പോടിൽ വിറകിൻ കഷണങ്ങൾ സാമാന്യം ശോഭയോടെ ജ്വലിച്ചുകൊണ്ടിരുന്നു. അതിന് മുകളിലായി ആകർഷകമായ ഫ്രെയ്മിനുള്ളിൽ ഫ്യൂറർ അഡോൾഫ് ഹിറ്റ്ലറുടെ രേഖാചിത്രം എല്ലാത്തിനും സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു.

“അടുത്ത കാലത്തായി ഇവിടെ ടിർപിറ്റ്സ് യൂഫറിൽ നടക്കുന്ന കാര്യങ്ങളിൽ എന്റെയറിവിൽ പെടാത്തതായി ഒന്നും തന്നെയില്ല എന്താ, അതിശയം തോന്നുന്നുണ്ടോ? ഉദാഹരണത്തിന്, ഈ മാസം ഇരുപത്തിരണ്ടാം തിയതി അബ്ഫെറിന്റെ ഇംഗ്ലണ്ടിലെ ഏജന്റായ മിസിസ് ജോവന്ന ഗ്രേയുടെ ഒരു പതിവ് റിപ്പോർട്ട് നിങ്ങളുടെ മുന്നിൽ എത്തുകയുണ്ടായി അതിൽ വിൻസ്റ്റൺ ചർച്ചിൽ എന്ന മാന്ത്രിക നാമം രേഖപ്പെടുത്തിയിരുന്നു ശരിയല്ലേ?”  ഹിംലര്‍ ചോദിച്ചു.

“എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, ഹെർ റെയ്ഫ്യൂറർ

“അതിലും അതിശയകരമായത്, അവർ അയച്ച എല്ലാ റിപ്പോർട്ടുകളും അബ്ഫെർ ഓഫീസിൽ നിന്നും നിങ്ങൾ സ്വന്തം സംരക്ഷണത്തിലേക്ക് മാറ്റി എന്നതാണ് മാത്രമല്ല, വർഷങ്ങളായി അവരുമായി റേഡിയോ ബന്ധം പുലർത്തിയിരുന്ന ക്യാപ്റ്റൻ ഹാൻസ് മെയറെ ആ ചുമതലയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു അക്കാര്യത്തിൽ അയാൾ അല്പം പരിഭ്രാന്തിയിലുമാണ്ഹിംലര്‍ ബ്രീഫ്കെയ്സിന് മുകളിൽ കൈ വച്ചു.

“ഹെർ ഓബർസ്റ്റ് നോക്കൂ നമ്മൾ കൊച്ചുകുട്ടികളല്ല... ഞാൻ എന്തിനെക്കുറിച്ചാണ് പറഞ്ഞുവരുന്നതെന്ന് നിങ്ങൾക്ക് നന്നായറിയാം എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?” ഹിംലര്‍ ആരാഞ്ഞു.

മാക്സ് റാഡ്‌ലിന് വേറെ വഴിയൊന്നുമുണ്ടായിരുന്നില്ല. “ഹെർ റെയ്ഫ്യൂറർ ഈ ബ്രീഫ്കെയ്സിൽ എല്ലാമുണ്ട് എല്ലാ റിപ്പോർട്ടുകളും ഒരേയൊരെണ്ണമൊഴികെ

“പാരച്യൂട്ട് റെജിമെന്റിലെ ലെഫ്റ്റനന്റ് കേണൽ കുർട്ട് സ്റ്റെയ്നറുടെ കോർട്ട് മാർഷൽ പേപ്പറുകളൊഴികെ…?”   മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന ഏറ്റവും മുകളിലത്തേത് എടുത്ത് അദ്ദേഹം റാഡ്‌ലിന് നേർക്ക് നീട്ടി. 

“എ ഫെയർ എക്സ്ചെയ്ഞ്ച് പുറത്ത് ഇരുന്ന് ശ്രദ്ധിച്ച് വായിക്കൂ”  ബ്രീഫ്കേയ്സ് തുറന്ന് അദ്ദേഹം അതിലെ ഫയലുകൾ പരിശോധിച്ചു.   “ശരി കുറച്ച് കഴിഞ്ഞ് ഞാൻ വിളിക്കാംഹിംലര്‍ തുടർന്നു.

എന്തോ പറയാനായി റാഡ്‌ൽ കൈ ഉയർത്തി. എന്നാൽ പെട്ടെന്നുണ്ടായ തിരിച്ചറിവിൽ അതൊരു ഉത്തമ നാസി സല്യൂട്ട് ആയി മാറി.  പിന്നെ തിരിഞ്ഞ് കതക് തുറന്ന് പുറത്തേക്ക് നടന്നു.

അവിടെയുള്ള ചാരുകസേരയിൽ ജർമ്മൻ സൈനിക മാഗസിനായ “സിഗ്നൽ” വായിച്ചുകൊണ്ടിരിക്കുകയായിരുന്നു റോസ്മാൻ. അത്ഭുതത്തോടെ അയാൾ തലയുയർത്തി നോക്കി.

“ഇത്ര പെട്ടെന്ന് പോകുകയാണോ?”

“അതിനുള്ള ഭാഗ്യം എനിക്കുണ്ടെന്ന് തോന്നുന്നുണ്ടോ?”  കോഫീ ടേബിളിലേക്ക് ഫയൽ വച്ച് കൊണ്ട് റാഡ്‌ൽ തന്റെ ബെൽറ്റിന്റെ ബക്കിൾ ലൂസാക്കി.   “ഈ റിപ്പോർട്ട് വായിക്കാൻ ഏൽപ്പിച്ചിരിക്കുകയാണ് എന്നെ

റോസ്മാൻ സൌഹൃദഭാവത്തിൽ പുഞ്ചിരിച്ചു. “താങ്കൾക്ക് അല്പം കോഫി സംഘടിപ്പിക്കാൻ പറ്റുമോ എന്ന് നോക്കട്ടെ കണ്ടിട്ട്, താ‍ങ്കൾ ഞങ്ങളോടൊപ്പം കുറേ നേരം ഉണ്ടാകുമെന്നാണ് തോന്നുന്നത്

അയാൾ പുറത്ത് കടന്നതും റാഡ്‌ൽ കസേരയിലേക്ക് ചാഞ്ഞ് സിഗരറ്റിന് തീ കൊളുത്തി. പിന്നെ സാവധാനം ആ ഫയൽ തുറന്നു.

(തുടരും)