Thursday, November 29, 2012

ഈഗിൾ ഹാസ് ലാന്റഡ് – 63



അത്ര ചെറുതല്ലാത്ത ഒരു ഹാളിലേക്കാണ് അദ്ദേഹം പ്രവേശിച്ചത്. അധികം ഉയരമില്ലാത്ത സീലിങ്ങ്. മൂന്ന് നാല് മേശകളും അവയ്ക്ക് ചുറ്റുമായി ഉയർന്ന ചാരുകളുള്ള ബെഞ്ചുകളും. ഒരറ്റത്തുള്ള തുറസ്സായ നെരിപ്പോടിൽ എരിയുന്ന കനലുകൾ മദ്യം വിളമ്പുവാനായി പ്രത്യേകിച്ചൊരു കൌണ്ടർ അവിടെ കാണാനുണ്ടായിരുന്നില്ല. ബാറിന്റെ ഒരു രൂപഭാവവുമില്ല.

ആകെക്കൂടി മൂന്ന് പേരേ അവിടെ ഉണ്ടായിരുന്നുള്ളൂ. നെരിപ്പോടിനരികിൽ ഇരിക്കുന്നയാൾ ഒരു മൌത്ത് ഓർഗൻ വായിച്ചു കൊണ്ടിരിക്കുന്നു. അധികം ഉയരമില്ലാതെ ഒത്ത ശരീരമുള്ള രണ്ടാമന് ഏകദേശം മുപ്പത് വയസ്സിനോടടുത്ത് തോന്നിക്കും. പിന്നെ, അല്പം മുമ്പ് ജനാലയുടെ അരികിൽ കണ്ട  ആജാനുബാഹുവായ താടിക്കാരൻ.

“ദൈവം അനുഗ്രഹിക്കട്ടെ എല്ലാവരെയും” ഡെവ്‌ലിൻ ഉപചാരപൂർവ്വം പറഞ്ഞു.

അദ്ദേഹം തന്റെ നാടൻ തോക്ക് ഉറയിൽ ഇട്ട് മേശപ്പുറത്ത് വച്ചു. ഉയരം കുറഞ്ഞ ചെറുപ്പക്കാരൻ ഹസ്തദാനത്തിനായി കൈ നീട്ടിക്കൊണ്ട് അദ്ദേഹത്തിനടുത്തേക്ക് വന്നു.

“ഞാൻ ജോർജ്ജ് വൈൽഡ് ഈ സത്രത്തിന്റെ നടത്തിപ്പുകാരനാണ് താങ്കളല്ലേ സർ ഹെൻ‌ട്രിയുടെ എസ്റ്റേറ്റിന്റെ പുതിയ വാർഡൻ? ഞങ്ങൾ അറിഞ്ഞു

“വിവരങ്ങളെല്ലാം അപ്പോഴേക്കും ഇവിടെയെത്തിക്കഴിഞ്ഞോ?” ഡെവ്‌ലിൻ ആശ്ചര്യപ്പെട്ടു.

“നാട്ടിൻപുറമല്ലേ അതിൽ അതിശയിക്കാനൊന്നുമില്ല” അയാൾ പ്രതിവചിച്ചു.

“വാർഡനോ? ഇയാളോ?”  താടിക്കാരൻ പുച്ഛഭാവത്തോടെ ഡെവ്‌ലിനെ നോക്കി.

“ഓഹ് ഞാൻ വെറുമൊരു കർഷക ചെക്കൻ ഗ്രാമത്തിൽ നിന്ന് ഇങ്ങോട്ട് ചേക്കേറിയതാണ്” ഡെവ്‌ലിനും വിട്ടുകൊടുത്തില്ല.

അവർ തമ്മിലുള്ള പെരുമാറ്റത്തിൽ ജോർജ്ജ് വൈൽഡ് അല്പം അസ്വസ്ഥനായി കാണപ്പെട്ടു. എങ്കിലും അയാൾ മറ്റുള്ളവരെയും ഡെവ്‌ലിന് പരിചയപ്പെടുത്തി.

“ഇത് ആർതർ സെയ്‌മൂർ പിന്നെ അവിടെയിരുന്ന് മൌത്ത് ഓർഗൻ വായിക്കുന്ന വയസ്സൻ ലെയ്ക്കർ ആംസ്‌ബി

പിന്നീടെപ്പോഴോ ആണ് ലെയ്ക്കർ ആംസ്‌ബിയ്ക്ക് യഥാർത്ഥത്തിൽ കാണുന്ന അത്ര പ്രായം ഇല്ലെന്നത് ഡെവ്‌ലിൻ മനസ്സിലാക്കിയത്. നാൽപ്പതുകളുടെ ഉത്തരഭാഗത്തിൽ എത്തിയിട്ടേയുള്ളൂ അയാൾ. പിഞ്ഞിത്തുടങ്ങിയ പഴഞ്ചൻ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ബട്ടൻസ് നഷ്ടപ്പെട്ടതിനാൽ കോട്ട് ചരട് കൊണ്ട് കൂട്ടിക്കെട്ടിയിരിക്കുന്നു. ദ്രവിച്ചു തുടങ്ങിയ തുണിത്തൊപ്പി. ട്രൌസേഴ്സിലും ഷൂവിലും നിറയെ മണ്ണ് പുരണ്ടിരിക്കുന്നു.

“എന്നോടൊപ്പം കൂടുന്നോ കൂട്ടരേ അൽപ്പം കഴിക്കാൻ?”  ഡെവ്‌ലിൻ ആരാഞ്ഞു.

“വേണ്ട എന്ന് ഞാനെന്തായാലും പറയില്ല ഒരു പൈന്റ് ബ്രൌൺ എയ്‌ൽ കിട്ടിയാൽ എനിക്ക് സന്തോഷമായി” ലെയ്ക്കർ ആംസ്‌ബി പറഞ്ഞു.

സെയ്മൂർ തന്റെ മുന്നിലെ ചഷകം ഒറ്റയടിക്ക് കാലിയാക്കിയിട്ട് മേശപ്പുറത്ത് ശക്തിയോടെ അടിച്ച് വച്ചു.
“ഞാൻ എന്റെ സ്വന്തം കാശ് മുടക്കിയേ കുടിക്കാറുള്ളൂ” ഡെവ്‌ലിൻ മേശമേൽ വച്ചിരുന്ന തോക്ക് എടുത്ത് ഉയർത്തിയിട്ട് സെയ്‌മൂർ കടുത്ത സ്വരത്തിൽ പറഞ്ഞു. “ആ സർ ഹെൻ‌ട്രിയുടെ ബലത്തിലാണല്ലോ നിങ്ങളിപ്പോൾ ഇവിടെ വിലസുന്നത് തോക്ക് മോട്ടോർസൈക്കിൾ വർഷങ്ങളായി ആ എസ്റ്റേറ്റിൽ പണിയെടുത്തിട്ടുള്ള എന്നെപ്പോലുള്ളവർ ഇവിടെയുള്ളപ്പോൾ ഒരു വരത്തനെ കൊണ്ടുവന്നിരിക്കുന്നു എനിക്ക് എന്താണൊരു കുറവ് ? എനിക്കില്ലാത്ത എന്ത് മേന്മയാണ് നിങ്ങൾക്കുള്ളത്?”

“കാണാൻ കൊള്ളാവുന്ന ഒരു മുഖം” അയാളുടെ അഹന്തയ്ക്ക് ഒരു കൊട്ട് കൊടുക്കുവാനെന്ന മട്ടിൽ ഡെവ്‌ലിൻ പറഞ്ഞു.

ആർതർ സെയ്‌മൂറിന്റെ കണ്ണുകളിൽ  നിന്ന് ഭ്രാന്തവികാരത്തിന്റെ തീപ്പൊരി ചിതറി. അയാളിലെ പിശാച് പുറത്തേക്ക് കുതിച്ചു. അയാൾ ഡെവ്‌ലിന്റെ കോട്ടിന്റെ കോളറിൽ പിടിച്ച് മുന്നോട്ട് വലിച്ചടുപ്പിച്ചു. “ദേ, കുള്ളാ, എന്നോട് കളിക്കാൻ നിൽക്കല്ലേ അങ്ങനെയൊരു ചിന്തയേ വേണ്ട മനസ്സിൽ അഥവാ ഇനി കളിക്കാൻ നിന്നാലുണ്ടല്ലോ മണ്ണിലിട്ട് ചവിട്ടിയരയ്ക്കും ഞാൻ

“വേണ്ട ആർതർ” ജോർജ്ജ് വൈൽഡ് ഓടി വന്ന് അയാളുടെ കൈയിൽ പിടിച്ചു. പക്ഷേ, അയാൾ വൈൽഡിനെ ദൂരേയ്ക്ക് തള്ളി.

“അധികം ആളാവാതെ നടന്നാൽ നിങ്ങൾക്ക് നല്ലത് മനസ്സിലായോ?” സെയ്മൂർ, ഡെവ്‌ലിന് നേർക്ക്  മുരണ്ടു.

ഡെവ്‌ലിൻ ജാള്യതയോടെ മന്ദഹസിച്ചു. “തീർച്ചയായും എന്റെ പരാമർശം നിങ്ങളെ വേദനിപ്പിച്ചുവെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു

“അതാണതിന്റെ ശരി” അയാൾ ഡെവിലിന്റെ കോളറിൽ നിന്നും പിടുത്തം വിട്ടിട്ട് അദ്ദേഹത്തിന്റെ കവിളിൽ പതുക്കെ തട്ടി. “ഇപ്പോൾ പറഞ്ഞത് കാര്യം പിന്നെ, ഒരു കാര്യം ഓർമ്മയിരിക്കട്ടെ എപ്പോൾ ഞാൻ ഇവിടെയെത്തുന്നുവോ, അപ്പോൾ നിങ്ങൾ ഇവിടെ നിന്ന് സ്ഥലം കാലിയാക്കുന്നുമനസ്സിലായല്ലോ?”

ദ്വേഷ്യത്തോടെ വാതിൽ വലിച്ചടച്ച് അയാൾ പുറത്തേക്കിറങ്ങി.

“ബാസ്റ്റർഡ്വൃത്തികെട്ടവൻ  ലെയ്ക്കർ ആംസ്ബി തന്റെ നീരസം മറച്ചുവച്ചില്ല.

ജോർജ്ജ് വൈൽഡ് പിന്നിലെ മുറിയിൽ ചെന്ന് ഒരു ബോട്ട്‌ൽ സ്കോച്ചും മൂന്ന് ഗ്ലാസുകളും എടുത്തു കൊണ്ടുവന്നു.

“ഈ സാധനമുണ്ടല്ലോ അങ്ങനെയൊന്നും പുറത്തെടുക്കുന്നതല്ല ഞാൻ പക്ഷേ, മിസ്റ്റർ ഡെ‌വ്‌ലിൻ,  ഇന്ന്താങ്കൾ എന്നെക്കൊണ്ട് ഇതെടുപ്പിച്ചു

“ലിയാം എന്നെ ലിയാം എന്ന് വിളിച്ചാൽ മതി” വിസ്കി ഗ്ലാസ് സ്വീകരിച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “അയാൾ എപ്പോഴും ഇങ്ങനെയാണോ?”

“ഞാനയാളെ കണ്ടുമുട്ടിയ കാലം മുതൽ ഇങ്ങനെ തന്നെ

“ഞാൻ വരുന്ന വഴിയ്ക്ക് ഒരു പെൺകുട്ടി കുതിരപ്പുറത്ത് പോകുന്നത് കണ്ടു അയാൾക്ക് അവളുമായി എന്തെങ്കിലും അടുപ്പമുണ്ടോ?”

“ഉണ്ട് അയാളുടെ സ്വപ്നങ്ങളിൽ മാത്രം എന്നാൽ അവൾക്ക് അയാളെ കാണുന്നത് പോലും ഇഷ്ടമല്ല” ലെയ്ക്കർ ആംസ്ബി ചിരിച്ചുകൊണ്ട് പറഞ്ഞു.

“മോളി പ്രിയോർ അതാണവളുടെ പേര്  അവൾക്കും അമ്മയ്ക്കും കൂടി ഹോബ്സ് എന്റിന്റെ ഇപ്പുറത്തായി കുറച്ച് കൃഷിയിടം ഉണ്ട് കഴിഞ്ഞ വർഷം അവളുടെ പിതാവ് മരണമടഞ്ഞതിനെ തുടർന്ന് അവരാണത് നോക്കി നടത്തുന്നത് പള്ളിയിൽ കാര്യമായ ജോലിയൊന്നും ഇല്ലാത്തപ്പോൾ ലെയ്ക്കർ അവരെ സഹായിക്കാറുണ്ട്...” വൈൽഡ് പറഞ്ഞു.

“സെയ്മൂറും അല്പസ്വല്പം സഹായങ്ങളൊക്കെ ചെയ്തു കൊടുക്കും കഠിനമായ ജോലികൾ  ആംസ്ബി പറഞ്ഞു.

“അത് കൊണ്ട്, അവർ രണ്ട് പേരും ആ സ്ഥലവും തനിക്കവകാശപ്പെട്ടതാണെന്നായിരിക്കും അയാൾ വിചാരിച്ചുവച്ചിരിക്കുന്നത്അങ്ങേർക്ക് വല്ല പട്ടാളത്തിലും പോയി ചേർന്ന് കൂടായിരുന്നോ? നല്ല തണ്ടും തടിയുമുണ്ടല്ലോ ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“പോയതാണ് പക്ഷേ, കർണ്ണപുടത്തിന് എന്തോ തകരാറുണ്ടെന്ന് പറഞ്ഞ് അവർ തിരിച്ചയച്ചു

“അത് തന്റെ പുരുഷത്വത്തിന് ഏറ്റ അപമാനമായി കരുതിക്കാണുമല്ലേ അയാൾ?” ഡെവ്‌ലിൻ ചോദിച്ചു.

“എങ്ങനെയോ എന്തോ” വൈൽഡ് വിഷയം മാറ്റുവാൻ ശ്രമിച്ചു. “നിങ്ങൾക്കറിയുമോ 1940 ഏപ്രിൽ മാസത്തിൽ നാർവിക്കിലെ റോയൽ ആർട്ടിലറിയിലായിരുന്നു ഞാൻ അപ്പോഴാണ് എനിക്കപകടം പറ്റിയത് വലതു കാൽമുട്ടിന്റെ ചിരട്ട തകർന്നു അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ചിടത്തോളം യുദ്ധം വളരെ ഹ്രസ്വമായിരുന്നു നിങ്ങൾക്ക് അപകടം സംഭവിച്ചത് ഫ്രാൻസിൽ വച്ചായിരുന്നുവല്ലേ?”

“അതേ അരാസിനടുത്ത് വച്ച് സ്ട്രെച്ചറിലാണ് ഞാൻ തിരികെയെത്തിയത് ഓർമ്മപോലുമുണ്ടായിരുന്നില്ല അപ്പോൾ എനിക്ക്” ഡെവ്‌ലിൻ പറഞ്ഞു.

“മിസ്സിസ് ഗ്രേ പറഞ്ഞത് ഒരു വർഷത്തിലേറെ ഹോസ്പിറ്റലിൽ കഴിയേണ്ടി വന്നു എന്നാണ്…?

ഡെവ്‌ലിൻ തല കുലുക്കി. “പ്രൌഢ വനിത അവരുടെ സഹായമില്ലായിരുന്നുവെങ്കിൽ എനിക്ക് ഈ ജോലി കിട്ടുക പോലുമില്ലായിരുന്നു അവരോട് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കുന്നു അവരുടെ ഭർത്താവിന് എന്റെ കുടുംബത്തെ വർഷങ്ങളായി പരിചയമുണ്ടായിരുന്നു

“ശരിയാണ് തികച്ചും മാന്യയായ ഒരു വനിത ഇതുപോലൊരു വനിതാരത്നം ഈ നാട്ടിലെങ്ങുമില്ല എന്ന് തന്നെ പറയാം” വൈൽഡ് പറഞ്ഞു.

“ഇനി ഞാൻ എന്റെ കഥ പറയാം” ലെയ്ക്കർ ആംസ്ബി പറഞ്ഞു. “1916ൽ സോമിൽ വച്ചാണ് എനിക്ക് അപകടം പറ്റുന്നത് വെൽ‌ഷ് ഗാർഡുകളുമായുള്ള പോരാട്ടത്തിൽ

“ഓഹ് നോ പ്ലീസ്” ഡെവ്‌ലിൻ പോക്കറ്റിൽ നിന്ന് ഒരു ഷില്ലിങ്ങിന്റെ നാണയമെടുത്ത് മേശപ്പുറത്ത് വച്ചു. എന്നിട്ട് വൈൽഡിന് നേരെ നോക്കി കണ്ണിറുക്കി. “ഇയാൾക്ക് ഒരു പൈന്റ് കൂടി കൊടുത്തേക്കൂ ഞാനിറങ്ങുന്നു നാളെ രാവിലെ തന്നെ ഡ്യൂട്ടിയുള്ളതാണ്

(തുടരും) 

അടുത്ത ലക്കത്തിലേക്ക് ഇതിലേ... 

Friday, November 23, 2012

ഈഗിൾ ഹാസ് ലാന്റഡ് – 62



ഇരുൾ വീണിട്ട് കുറച്ച് അധികമായിരിക്കുന്നു. ടിർപിറ്റ്സ് യൂഫറിലെ തന്റെ ഓഫീസിലിരുന്ന് കേണൽ മാക്സ് റാഡ്‌ൽ ക്ലോക്കിലേക്ക് നോക്കി. എട്ട് മണിയാവാൻ ഇരുപത് മിനിറ്റ് ബാക്കി. ഇന്നത്തേക്ക് ഇത്രയും മതി ഇനി വയ്യ ബ്രിട്ടനിയിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ദേഹാസ്വാസ്ഥ്യം അൽപ്പം അധികമായത് പോലെ തോന്നിത്തുടങ്ങിയിരുന്നു. ഡോക്ടറെ കാണാൻ പോയ കാര്യം അദ്ദേഹം ഓർത്തു. തന്റെ അവസ്ഥ കണ്ടിട്ട് ഡോക്ടർ തന്നെ ഭയന്നു പോയതാണ്.

“ഹെർ ഓബർസ്റ്റ് ഇങ്ങനെ തുടരുകയാണെങ്കിൽ യാതൊരു സംശയവും വേണ്ട താങ്കൾ മരണം സ്വയമേറ്റുവാങ്ങുകയാണ്...”

റാഡ്‌ൽ അദ്ദേഹത്തിന്റെ ഫീസ് കൊടുത്തിട്ട് മരുന്നുകളുമായി പുറത്ത് കടന്നു.  മൂന്നു തരം ഗുളികകൾ. ആ ഗുളികകളാണ് തന്റെ ആയുർദൈർഘ്യം നിശ്ചയിക്കാൻ പോകുന്നത്. കഴിയുന്നതും ആർമി ഡോക്ടർമാരിൽ നിന്നും ഒഴിഞ്ഞ് നടക്കുകയാണ് റാഡ്‌ൽ. ഇനിയൊരു ചെക്കപ്പിന് കൂടി ചെന്നാൽ ഈ യൂണിഫോമിനോട് എന്നെന്നേക്കുമായി വിടപറയേണ്ടി വരുമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാമായിരുന്നു.

മേശയുടെ വലിപ്പ് തുറന്ന് അദ്ദേഹം മരുന്നു കുപ്പികളിലൊന്ന് എടുത്ത് രണ്ട് ഗുളികകൾ വായിലേക്കിട്ടു. വേദനാസംഹാരിയായിരുന്നുവത്. പിന്നെ ഗ്ലാസിലേക്ക് അൽപ്പം മദ്യം പകർന്ന് ഒറ്റ വലിക്ക് അകത്താക്കി.

കതകിൽ മുട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം മുഖമുയർത്തി. കാൾ ഹോഫർ മുറിയിലേക്ക് പ്രവേശിച്ചു. മിക്കപ്പോഴും അസ്വസ്ഥത നിറഞ്ഞ മുഖത്തോടെ കാണപ്പെടാറുള്ള അയാളുടെ കണ്ണുകൾ ഇത്തവണ പ്രകാശഭരിതമായിരുന്നു.

“എന്ത് പറ്റി കാൾ? ആവേശത്തിലാണല്ലോ

തന്റെ കൈയിലെ സന്ദേശം അയാൾ അദ്ദേഹത്തിന് നേർക്ക് നീട്ടി.

“ഇപ്പോൾ എത്തിയതേയുള്ളൂ ഹെർ ഓബർസ്റ്റ് സ്റ്റാർലിങ്ങിന്റെയാണ് – മിസ്സിസ് ഗ്രേയുടെ ഡെവ്‌ലിൻ സുരക്ഷിതമായി എത്തിച്ചേർന്നിരിക്കുന്നു ഇപ്പോൾ അവരോടൊപ്പമുണ്ട്

തന്റെ കൈയിലിരിക്കുന്ന കടലാസിലേക്ക് അത്ഭുതത്തോടെ റാഡ്‌ൽ നോക്കി.

“മൈ ഗോഡ് ഡെവ്‌ലിൻ  അവസാനം നിങ്ങളവിടെ എത്തി ! ...” റാഡ്‌ൽ മന്ത്രിച്ചു.

തന്റെ ശരീരത്തിലൂടെ ആവേശം നുരഞ്ഞ് കയറുന്നത് പോലെ തോന്നി അദ്ദേഹത്തിന്. മേശവലിപ്പ് തുറന്ന് അദ്ദേഹം ഗ്ലാസ് എടുത്തു.

“കാൾ, തീർച്ചയായും ഈ സന്തോഷം നാം പങ്ക് വച്ചേ തീരൂ...”

1940ൽ ഫ്രഞ്ച് തീരത്ത് സേനയെ നയിച്ചുകൊണ്ട് മുന്നേറുന്ന അവസരത്തിലാണ് ഇതിനു മുമ്പ് ഇതുപോലെ ആവേശം തോന്നിയിട്ടുള്ളത്. ചാടിയെഴുന്നേറ്റ് അദ്ദേഹം ഗ്ലാസ് ഹോഫറുടെ നേർക്ക് ഉയർത്തി.

“ചിയേഴ്സ് കാൾ ചിയേഴ്സ് ലിയാം ഡെവ്‌ലിൻ നിങ്ങളുടെ റിപ്പബ്ലിക്ക് നീണാൾ വാഴട്ടെ” അദ്ദേഹം പറഞ്ഞു.

*  *  *  *  *  *  *  *  *  *  *  *  *  * 

സ്പെയിനിലെ ലിങ്കൺ വാഷിങ്ങ്ടൺ ബ്രിഗേഡിൽ സ്റ്റാഫ് ഓഫീസറായി സേവനമനുഷ്ഠിക്കുമ്പോൾ മോട്ടോർ സൈക്കിളാണ് ഡെവ്‌ലിൻ ഉപയോഗിച്ചിരുന്നത്. കുന്നുകളും മലകളും ധാരാളമുള്ള ആ പ്രദേശത്ത് തന്റെ കീഴിൽ വിവിധ ഇടങ്ങളിലായി വിന്യസിച്ചിരുന്ന  സൈനിക യൂണിറ്റുകളുമായി ബന്ധപ്പെടുന്നതിന് മോട്ടോർ സൈക്കിളായിരുന്നു ഏറ്റവും അനുയോജ്യം. എന്നാൽ അവിടുത്തേതിൽ നിന്നും തികച്ചും ഭിന്നമായിരുന്നു ഇവിടെ നോർഫോക്കിലെ സ്ഥിതി. സ്റ്റഡ്ലി ഗ്രെയ്ഞ്ചിൽ നിന്നും വിജനമായ നാട്ടുപാതകളിലൂടെ ഗ്രാമത്തിലേക്കുള്ള സവാരി ശരിക്കും ആസ്വാദ്യകരമായി തോന്നി ഡെവ്‌ലിന്. അതിരുകളില്ലാത്ത ഈ സ്വാതന്ത്ര്യം ഒരു നവ്യാനുഭവം തന്നെ.

ആവശ്യമായ മറ്റു രേഖകൾക്കൊപ്പം രാവിലെയാണ് ഹോൾട്ടിൽ പോയി ഡ്രൈവിങ്ങ് ലൈസൻസ് വാങ്ങിയത്. പോലീസ് സ്റ്റേഷൻ തൊട്ട് എം‌പ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വരെ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല എന്നതാണ് സത്യം. മാരകമായ പരിക്കിനെ തുടർന്ന് ആർമിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്യപ്പെട്ടയാൾ എന്ന ബിംബം എവിടെയും പ്രത്യേക പരിഗണനയ്ക്ക് അർഹമായി. പല ഉദ്യോഗസ്ഥരും പ്രത്യേക താല്പര്യമെടുത്ത് പേപ്പറുകൾ പെട്ടെന്ന് തന്നെ ശരിയാക്കിക്കൊടുക്കുകയാണ് ചെയ്തത്. ജോവന്ന പറഞ്ഞത് ശരിയായിരുന്നു. യുദ്ധകാലത്ത് സൈനികരെ എല്ലാവരും ആരാധിക്കുന്നു യുദ്ധമുന്നണിയിൽ പരിക്കേൽക്കപ്പെട്ട സൈനികനെ വീരനായി കണക്കാക്കി സ്നേഹത്താൽ പൊതിയുന്നു

അല്പം പഴയതാണെങ്കിലും ആവശ്യത്തിനുപകരിക്കുന്നതായിരുന്നു ആ 350 cc BSA മോട്ടോർ സൈക്കിൾ. ഫുൾ ത്രോട്ട്‌ൽ കൊടുത്തതോടെ നിമിഷങ്ങൾ കൊണ്ട് 60 മൈൽ സ്പീഡിലേക്ക് കുതിക്കുന്നത് കണ്ട് ഡെവ്‌ലിൻ സംതൃപ്തനായി. അത്യാവശ്യ ഘട്ടത്തിൽ വേണ്ടുന്ന ശക്തി എൻ‌ജിനുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം സ്പീഡ് കുറച്ചു. വെറുതെ അനാവശ്യ പ്രശ്നങ്ങളിലേക്ക് ചാടുന്നതെന്തിനാണ് സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ പോലീസ് ചെക്കിങ്ങ് ഉണ്ടാകാറില്ലെങ്കിലും ഹോൾട്ട് ഏരിയയിൽ ഒരു പോലീസുകാരനെ മോട്ടോർ സൈക്കിളിൽ ചിലപ്പോഴൊക്കെ കാണാറുണ്ടെന്ന് ജോവന്ന പറഞ്ഞത് അദ്ദേഹം ഓർത്തു.

കുത്തനെയുള്ള ഇറക്കമിറങ്ങി അദ്ദേഹം ഗ്രാമത്തിലേക്ക് പ്രവേശിച്ചു. പാതയോരത്തെ അരുവിയിൽ ഒഴുകുന്ന വെള്ളത്തിന്റെ സഹായത്തോടെ പൽച്ചക്രങ്ങൾകൊണ്ട് പ്രവർത്തിക്കുന്ന ഒരു ധാന്യ മില്ലും താണ്ടി അദ്ദേഹം മുന്നോട്ട് നീങ്ങി. അപ്രതീക്ഷിതമായിട്ടാണ് അശ്വാരൂഢയായ ഒരു പെൺകുട്ടി അരികിലെ ഒറ്റയടിപ്പാതയിൽ നിന്നും റോഡിന് കുറുകെ കയറിയത്. അവൾ കടന്നുപോകുന്നതിനായി   അദ്ദേഹം മോട്ടോർ സൈക്കിളിന്റെ വേഗത കുറച്ച് റോഡിൽ നിർത്തി. കുതിരയുടെ വശങ്ങളിൽ കൊളുത്തിയിട്ട ക്യാരിയറിൽ മൂന്ന് പാൽ‌പാത്രങ്ങളുണ്ട്.  അവളുടെ ശരീരത്തിന് ഒട്ടും ചേരാത്ത വിധം വലിപ്പമേറിയ പഴകിയ ഒരു ട്രെഞ്ച് കോട്ടും നീല തൊപ്പിയുമാണ് വേഷം. ഉയർന്ന് നിൽക്കുന്ന കവിളെല്ലുകൾ. വിടർന്ന വലിയ കണ്ണുകൾ. മുഖത്തിനു ചേരാത്ത വിധം വലിയ വായ്. അവൾ ധരിച്ചിരുന്ന കീറിയ ഗ്ലൌസിനുള്ളിലൂടെ മൂന്ന് വിരലുകൾ പുറത്ത് കാണാമായിരുന്നു.

“ശുഭദിനം, എന്റെ പെൺ‌‌മണീ...  റോഡിന്‌ കുറുകേ അവൾ കടന്നു പോകവേ ഡെവ്‌ലിൻ ആമോദത്തോടെ പറഞ്ഞു.

നിനച്ചിരിക്കാതെ കേട്ട വാക്കുകളിൽ ആശ്ചര്യം കൊണ്ട അവളുടെ കണ്ണുകൾ പൂർവ്വാധികം വിടർന്നു. എന്തോ പറയാനെന്ന പോലെ വായ് തുറന്നുവെങ്കിലും ലജ്ജയാൽ ഒന്നും മിണ്ടാനാവാതെ നാവ് ചുരുട്ടി ശബ്ദമുണ്ടാക്കി കുതിരയെ മുന്നോട്ട് നയിച്ചു. റോഡിനപ്പുറം കടന്ന് ദേവാലയത്തിനുമപ്പുറമുള്ള കുന്നിൻമുകളിനെ ലക്ഷ്യമാക്കി നീങ്ങുന്ന അവളെ നോക്കി ഡെവ്‌ലിൻ അല്പനേരം മോട്ടോർ സൈക്കിളിൽ ഇരുന്നു.

“അത്ര സൌന്ദര്യമില്ലെങ്കിലും പെണ്ണ് കൊള്ളാമല്ലോ” ഡെവ്‌ലിൻ മന്ത്രിച്ചു. “വെറുതെ എന്നെക്കൊണ്ട് വീണ്ടും വീണ്ടും നോക്കിക്കാനായിട്ട് ഓ, അല്ലെങ്കിൽ വേണ്ട ലിയാം വേണ്ട സമയമായിട്ടില്ല” അദ്ദേഹം മന്ദഹസിച്ചു.

അരികിൽ കണ്ട സ്റ്റഡ്ലി ആംസ് സത്രത്തിന് നേർക്ക് അദ്ദേഹം മോട്ടോർ സൈക്കിൾ തിരിച്ചു. അപ്പോഴാണ് തന്നെത്തന്നെ നോക്കിക്കൊണ്ട് അതിന്റെ ജാലകത്തിനരികിൽ നിൽക്കുന്ന ഒരാളെ അദ്ദേഹം ശ്രദ്ധിച്ചത്. മുപ്പതിനോടുത്ത് പ്രായം തോന്നിക്കുന്ന ഒരു ആജാനുബാഹു. തുണികൊണ്ട് നിർമ്മിതമായ ഒരു പഴഞ്ചൻ തൊപ്പിയും റീഫർ കോട്ടും ധരിച്ച അയാളുടെ താടി വളർന്ന് വൃത്തിഹീനമായി കാണപ്പെട്ടു.

“ഓ ഞാൻ എന്തോ പാതകം ചെയ്ത മട്ടുണ്ടല്ലോ അയാളുടെ നോട്ടം കണ്ടാൽ” ഡെവ്‌ലിൻ ആത്മഗതം നടത്തി.

ദേവാലയവും താണ്ടി കുന്നിൻ മുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന പെൺ‌കുട്ടിയെ വീക്ഷിച്ചിട്ട് അയാൾ വീണ്ടും ഡെവ്‌ലിന് നേർക്ക് രൂക്ഷമായി നോക്കി. അതോടെ ഡെവ്‌ലിന് കാര്യം പിടി കിട്ടി.
 
മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചിട്ട് ഡെവ്‌ലിൻ മുന്നോട്ട് നടന്നു. കഴുത്തിലൂടെ പിറകിലേക്ക് ചുറ്റിയിട്ടിരുന്ന നാടൻ തോക്ക് തലയിലൂടെ ഊരി കൈയിലെടുത്ത് അദ്ദേഹം സത്രത്തിന്റെ ഉള്ളിലേക്ക് കടന്നു.


(തുടരും) 

അടുത്ത ലക്കത്തിലേക്ക് ഇതിലെ... 

Friday, November 16, 2012

ഈഗിൾ ഹാസ് ലാന്റഡ് – 61



കടലിൽ നിന്നും വീശിയടിക്കുന്ന കാറ്റിനൊപ്പം ചരിഞ്ഞ് പെയ്തുകൊണ്ടിരിക്കുന്ന മഴയ്ക്ക് അസാമാന്യ തണുപ്പ് അനുഭവപ്പെട്ടു. എസ്റ്റേറ്റും പരിസരവും കനത്ത മൂടൽ മഞ്ഞിന്റെ ആവരണത്തിനുള്ളിലാണ്. വാർഡന്റെ കോട്ടേജിന് സമീപം ജോവന്ന കാർ നിർത്തിയതും ഡെവ്‌ലിൻ പുറത്തിറങ്ങി ചുറ്റുപാടും സസൂക്ഷ്മം വീക്ഷിച്ചു. പുതിയൊരു ലോകത്ത് എത്തിപ്പെട്ടത് പോലെയാണ് ഡെവ്‌ലിന് തോന്നിയത്. ശീതക്കാറ്റിന്റെ തലോടലിൽ അദ്ദേഹത്തിന്റെ തലമുടി വിജ്രംഭിച്ച് നിന്നു. അധികമകലെയല്ലാതെ കടലിലേക്ക് ഒഴുകിച്ചേരുന്ന കുഞ്ഞ് തോടുകൾ മണൽത്തിട്ടകൾ മഞ്ഞിന്റെ ആവരണം തുളച്ച് ആകാശത്തിലേക്കുയർന്ന് പോകുന്ന മുളങ്കൂട്ടങ്ങൾ ഞാനിവിടെയുണ്ട് എന്ന മട്ടിൽ സാന്നിദ്ധ്യമറിയിക്കുവാനായി ഇടയ്ക്ക് ഏതോ പക്ഷിയുടെ വല്ലപ്പോഴും കേൾക്കുന്ന കൂജനം അതിന്റെ ചിറകടി ശബ്ദം

“വിജനമായ പ്രദേശം എന്ന് പറഞ്ഞപ്പോൾ ഞാൻ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല” ഡെവ്‌ലിൻ പറഞ്ഞു.

കോട്ടേജിന്റെ മുൻ‌ഭാഗത്തെ കതകിനരികിലുണ്ടായിരുന്ന ചെറിയൊരു കല്ല് ഉയർത്തി അതിനടിയിൽ നിന്നും ഒരു താക്കോൽ എടുത്ത് ജോവന്ന കതക് തുറന്നു. ഒരു ഇടനാഴിയിലേക്കാണവർ പ്രവേശിച്ചത്. ഈർപ്പവും തണുപ്പും നിറഞ്ഞ് നിന്ന ആ ഇടനാഴിയുടെ ചുവരുകളിലെ കുമ്മായം ഇളകിയടർന്ന് തുടങ്ങിയിരുന്നു. ഇടത് ഭാഗത്തായി കാണപ്പെട്ട വാതിൽ തുറന്ന് അവർ വിശാലമായ ഒരു മുറിയിലേക്ക് കടന്നു. ആ കോട്ടേജിന്റെ സ്വീകരണമുറിയും അടുക്കളയും എല്ലാം അത് തന്നെയായിരുന്നു. തറയോട് പാകിയ ആ മുറിയുടെ അറ്റത്തായി തുറസ്സായ ഒരു നെരിപ്പോട്. മുറിയുടെ മറുഭാഗത്തായി ടാപ്പ് ഘടിപ്പിച്ച ഒരു വെളുത്ത വാഷ് ബേസിനും അതിനടുത്തായി ഒരു കുക്കിങ്ങ് സ്റ്റവും ക്രമീകരിച്ചിരിക്കുന്നു. അവിടെ ഫർണീച്ചർ എന്ന് പറയുവാൻ ആകെയുണ്ടായിരുന്നത് ഒരു നീളൻ മേശയും രണ്ട് ബെഞ്ചുകളും പിന്നെ നെരിപ്പോടിനരികിലായി ഒരു ചാരുകസേരയും മാത്രമായിരുന്നു.

“ഞാനൊരു കാര്യം പറയട്ടെ?” ഡെവ്‌ലിൻ ചോദിച്ചു. “ഇതുപോലുള്ള ഒരു കോട്ടേജിലായിരുന്നു എന്റെ ബാല്യകാലം നോർത്ത് അയർലണ്ടിലെ ഒരു കുഗ്രാമത്തിൽ കുറച്ച് വിറകും തീയും കിട്ടിയാൽ ധാരാളം ഇവിടെ നിന്ന് ഈ തണുപ്പിനെ ആട്ടിപ്പായിക്കാമായിരുന്നു

“ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുണം എന്താണെന്നറിയുമോ? വിജനത നിങ്ങൾ ഇവിടുന്ന് തിരികെ പോകുന്നത് വരെ ഒരു മനുഷ്യനെപ്പോലും ഈ പരിസരത്ത് കാണാൻ കഴിയുമെന്ന് തോന്നുന്നില്ല” ജോവന്ന പറഞ്ഞു.

ഡെവ്‌ലിൻ തന്റെ ഗ്ലാഡ്‌സ്റ്റൺ ബാഗ് തുറന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുക്കുവാൻ തുടങ്ങി. സ്വകാര്യ ആവശ്യത്തിനുള്ള വസ്തുക്കൾ, മൂന്നോ നാലോ പുസ്തകങ്ങൾ  പിന്നെ അൽപ്പം ഉള്ളിലേക്ക് പരതി ബാഗിന്റെ രഹസ്യ അറയുടെ സിബ്ബ് തുറന്നു. അതിനകത്തായിരുന്നു തന്റെ വാൾട്ടർ സ്റ്റെൻ ഗൺ അദ്ദേഹം ഒളിപ്പിച്ചിരുന്നത്. സൈലൻസർ സൌകര്യമുള്ള ആ തോക്ക് മൂന്ന് ഭാഗങ്ങളായിട്ടാണ് അദ്ദേഹം കൊണ്ടുവന്നത്. പിന്നെ ഏതാണ്ട് പോക്കറ്റ് സൈസ് വരുന്ന ഒരു എസ്-ഫോൺ റിസീവറും ട്രാൻസ്മിറ്ററും. അടുത്തതായി അദ്ദേഹം തുറന്ന പാക്കറ്റിൽ പണമായിരുന്നു. ഒറ്റയുടെയും അഞ്ചിന്റെയും നോട്ടുകളായി രണ്ടായിരം പൌണ്ട് പിന്നീട് അദ്ദേഹം എടുത്ത വെളുത്ത തുണിയിൽ പൊതിഞ്ഞ പാക്കറ്റ് അൽപ്പം വലുതായിരുന്നു. അത് തുറന്ന് നോക്കാൻ അദ്ദേഹം ശ്രമിച്ചില്ല.

“നമ്മുടെ ദൌത്യത്തിന് ആവശ്യമായ പണമാണതിൽ” ഡെവ്‌ലിൻ പറഞ്ഞു.

“വാഹനങ്ങൾ വാങ്ങുവാനാണോ?”

“അതെ അതിന് ആരുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശം ലഭിച്ചിട്ടുണ്ട്

“എവിടെ നിന്നുള്ള നിർദ്ദേശം?”

“അബ്ഫെർ ഓഫീസിലെ ഫയലുകളിൽ നിന്നും അവർ പരതിയെടുത്തതാണ്

“വാഹനങ്ങൾ എവിടെ നിന്നും വാങ്ങുവാനാണ് പറഞ്ഞിരിക്കുന്നത്?”

“ബ്രിമിങ്ങ്ഹാമിൽ നിന്ന് ഈ വാരാന്ത്യത്തിൽ അങ്ങോട്ട് പോയാലോ എന്നാണ് ആലോചിക്കുന്നത് യാത്രയിൽ പ്രത്യേകിച്ച് എന്തെങ്കിലും ശ്രദ്ധിക്കേണ്ടതായിട്ടുണ്ടോ?”

സ്റ്റെൻ ഗണ്ണിന്റെ ഭാഗങ്ങൾ കൂട്ടിച്ചേർത്ത് ഫിറ്റ് ചെയ്തുകൊണ്ടിരിക്കുന്ന ഡെവ്‌ലിനെ നോക്കി മേശയുടെ ഒരറ്റത്ത് ജോവന്ന ഇരുന്നു. “മോശമല്ലാത്ത ദൂരമുണ്ട് അങ്ങോട്ടുമിങ്ങോട്ടും കൂടി ഏതാണ്ട് മുന്നൂറ് മൈൽ

“അതായത് എനിക്ക് കിട്ടാൻ പോകുന്ന മൂന്ന് ഗ്യാലൻ പെട്രോൾ കൊണ്ട് ഒന്നുമാകാൻ പോകുന്നില്ല എന്ന് സാരം ഇനിയിപ്പോൾ എന്ത് ചെയ്യും?”

“അതിൽ വിഷമിക്കേണ്ട. കരിഞ്ചന്തയിൽ ധാരാളം കിട്ടും പെട്രോൾ  മൂന്നിരട്ടി വില കൊടുക്കണമെന്ന് മാത്രം വ്യാവസായികാവശ്യത്തിനുള്ള പെട്രോൾ ചില ഗ്യാരേജുകളിൽ ലഭ്യമാണ്എന്നാൽ അത്തരം പെട്രോളിന് പ്രത്യേക നിറം കൊടുത്തിട്ടുള്ളത് കൊണ്ട് പോലീസിന് കണ്ടുപിടിക്കാൻ എളുപ്പമാണ് പക്ഷേ, ഈ നിറം മാറ്റിയെടുക്കുവാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല ഒരു സാധാരണ ഗ്യാസ് മാസ്കിന്റെ ഫിൽട്ടറിലൂടെ അരിച്ചെടുത്താൽ മതി” ജോവന്ന പറഞ്ഞു.

 കൂട്ടി യോജിപ്പിച്ച സ്റ്റെൻ ഗൺ പരിശോധിച്ച് ഡെവ്‌ലിൻ ഉറപ്പ് വരുത്തി.

“ഇതിന്റെ ടെക്നോളജി അപാരം തന്നെ വളരെ കൃത്യതയോടെ ലക്ഷ്യത്തിലേക്ക് വെടിയുതിർക്കാൻ കഴിയും ഇതുകൊണ്ട് ആകെക്കൂടി പുറത്ത് കേൾക്കുന്നത് ബോൾട്ടിന്റെ ‘ക്ലിക്ക്’ ശബ്ദം മാത്രമായിരിക്കും ബ്രിട്ടീഷ് നിർമ്മിതമാണ് കേട്ടോ  ഡെവ്‌ലിൻ ഒരു സിഗരറ്റെടുത്ത് ചുണ്ടിൽ വച്ചു. “ഇനിയെന്തെങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ടോ ബ്രിമിങ്ങ്ഹാമിലേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട്? എന്തെങ്കിലും വൈതരണികൾ?”

“അങ്ങനെ കാര്യമായിട്ടൊന്നുമില്ല യുദ്ധകാലമായതുകൊണ്ട് രാത്രിയിൽ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ഉപയോഗിക്കുന്നതിൽ ചില നിയന്ത്രണങ്ങളൊക്കെയുണ്ട് അതിനുള്ള പ്രത്യേക ഫിറ്റിങ്ങ്സ് വാഹനങ്ങളിൽ ഇക്കാലത്ത് ഘടിപ്പിച്ചിട്ടുള്ളതു കൊണ്ട് അതേക്കുറിച്ച് വിഷമിക്കാനില്ല പിന്നെ, നാട്ടിൻപുറങ്ങളിലെ പാതകൾ അധികവും വിജനവുമായിരിക്കും പാതകളുടെ നടുവിലായി വെള്ള പെയ്ന്റ് അടിച്ചിട്ടുള്ളതിനാൽ ഡ്രൈവിങ്ങ് നിങ്ങൾക്ക് ഒരു പ്രശ്നമേ ആകില്ല

“വഴിയിൽ പോലീസ് അല്ലെങ്കിൽ സെക്യൂരിറ്റി ചെക്കിങ്ങ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടോ?”

അവർ നിസ്സാരമട്ടിൽ അദ്ദേഹത്തെ നോക്കി. “അതിലൊന്നും വിഷമിക്കാനില്ല നിങ്ങൾ ഏതെങ്കിലും നിരോധിത മേഖലയിൽ പ്രവേശിക്കുകയാണെങ്കിൽ മാത്രമേ മിലിട്ടറി തടയുകയുള്ളൂ സാങ്കേതികമായി നോക്കിയാൽ ഇവിടവും ഒരു ഡിഫൻസ് ഏരിയയാണ് പക്ഷേ, കുറച്ച് നാളുകളായി അതൊന്നും ആരും ഗൌനിക്കുന്നതേയില്ല പോലീസിന്റെ കാര്യമാണെങ്കിൽ, നിങ്ങളുടെ തിരിച്ചറിയൽ രേഖ പരിശോധിക്കാൻ വേണ്ടി മാത്രമേ തടയുകയുള്ളൂ മറ്റു ചിലപ്പോൾ പെട്രോളിന്റെ ദുരുപയോഗം തടയുന്നതിനായുള്ള സ്പോട്ട് ചെക്കിങ്ങിനായും...”

അപ്പോൾ വേറൊന്നുമില്ല?”

“പ്രത്യേകിച്ചൊന്നും തന്നെയില്ല നഗരപ്രദേശങ്ങളിൽ സ്പീഡ് ലിമിറ്റുണ്ട് ഇരുപത് മൈൽ പക്ഷേ, ബോർഡുകളൊന്നും കാണുവാൻ സാധിച്ചെന്ന് വരില്ല എങ്കിലും സ്ഥലനാമങ്ങൾ ഉള്ള ബോർഡുകൾ സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട് ഇപ്പോൾ

“അതായത്, എല്ലാം സുഗമമായിരിക്കുമെന്നർത്ഥം

“എന്തായാലും എന്നെ ഇതുവരെ ആരും തടഞ്ഞ് നിർത്തിയിട്ടില്ല ഞാൻ പറഞ്ഞില്ലേ, ആരും അതൊന്നും ശ്രദ്ധിക്കുന്നു പോലുമില്ല ഇപ്പോൾ പിന്നെ ഞങ്ങളുടെ വിമൻ വളണ്ടിയർ സർവീസ് സംഘടനയുടെ ഓഫീസിൽ  നിന്നും ഒരു ഔദ്യോഗിക രേഖ ഞാൻ നിങ്ങൾക്ക് സംഘടിപ്പിക്കാം ബ്രിമിങ്ങ്ഹാമിലെ ഹോസ്പിറ്റലിൽ ഒരു അടുത്ത ബന്ധുവിനെ സന്ദർശിക്കുവാനുള്ള യാത്രയിലാണ്‌ നിങ്ങളെന്ന് കാണിച്ച് നിങ്ങളുടെ കൈവശമുള്ള ആ മെഡിക്കൽ പേപ്പറുകൾ അതിനെ സപ്പോർട്ട് ചെയ്യുകയും ചെയ്യും അല്ലെങ്കിലും യുദ്ധത്തിൽ പരിക്കേൽക്കപ്പെടുന്ന സൈനികരോട് പൊതുവേ എല്ലാവർക്കും  ഒരു ബഹുമാനമൊക്കെയുണ്ട്

ഡെവ്‌ലിൻ മന്ദഹസിച്ചു. “നോക്കൂ മിസ്സിസ് ഗ്രേ എനിക്ക് തോന്നുന്നത് അധികം വൈകാതെ നമ്മളൊക്കെ പ്രശസ്തരാവാൻ പോകുന്നുവെന്നാണ്

“എങ്ങനെ?”

വാഷ് ബേസിന്റെ അടിയിലെ ഷെൽഫിൽ നിന്നും തുരുമ്പിച്ച ചുറ്റികയും ഒരു ആണിയും എടുത്ത് അദ്ദേഹം നെരിപ്പോടിനകത്തേക്ക് കയറി. പിന്നെ, കരിപിടിച്ച് കിടക്കുന്ന ചിമ്മിനിയുടെ ഉള്ളിലെ ബീമിൽ ആണി അടിച്ചുകയറ്റിയിട്ട് സ്റ്റെൻ ഗൺ അതിൽ കൊളുത്തിയിട്ടു. “എപ്പോഴാണ് ആവശ്യം വരികയെന്ന് പറയാൻ പറ്റില്ലല്ലോ ഇതിവിടെ കൈയെത്തും ദൂരത്ത് ഇരിക്കട്ടെ അപ്പോൾ നമുക്ക് പുറത്തെ ചുറ്റുപാടുകളൊക്കെ ഒന്ന് നടന്ന് കണ്ടാലോ?”

ഇടിഞ്ഞ് പൊളിഞ്ഞ് തുടങ്ങിയ നിരവധി കെട്ടിടങ്ങൾ ഉണ്ടായിരുന്നു ആ പരിസരത്ത്. അധികം കേടുപാടുകളില്ലാത്ത ഒരു ധാന്യപ്പുര അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു. അതിന്റെ വിശാലമായ വാതായനം ബദ്ധപ്പെട്ട് തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കണ്ണോടിച്ചു. വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന അതിനുള്ളിൽ ഈർപ്പം തളം കെട്ടി നിന്നിരുന്നു.

“ഇതും മോശമില്ല്ല ആ കിഴവൻ സർ വില്ലഫ്ബി എന്തായാലും ഇങ്ങോട്ടൊന്നും വരുമെന്ന് തോന്നുന്നില്ല

“അദ്ദേഹം വളരെ തിരക്കുള്ള വ്യക്തിയാണ് ഗ്രാമത്തിന്റെ ചുമതല, മജിസ്ട്രേറ്റ്, ലോക്കൽ ഹോം ഗാർഡ് എന്നിങ്ങനെ നൂറ് കൂട്ടം കാര്യങ്ങൾ അതിനിടയിൽ മറ്റു കാര്യങ്ങൾ അന്വേഷിക്കാനൊന്നും അദ്ദേഹത്തിന് സമയമുണ്ടാകില്ല

“പക്ഷേ, നിങ്ങളുടെ കാര്യം നോക്കാൻ ആ കിഴവൻ വേണ്ടുവോളം സമയം കണ്ടെത്തുന്നുണ്ടല്ലോ” ഡെവ്‌ലിൻ കണ്ണിറുക്കി.

ജോവന്ന പുഞ്ചിരിച്ചു. “അത് അത്രയ്ക്കങ്ങ് ശരിയാണോ എന്നറിയില്ല ശരി, വരൂ ഇനി നമ്മുടെ ഡ്രോപ്പിങ്ങ് സോൺ പോയി കാണാം

ആ ചതുപ്പ് നിലത്തിന് നടുവിലെ പാതയിലൂടെ അവർ മുന്നോട്ട് നടന്നു. മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു. അതോടൊപ്പം വീശിയെത്തിയ തണുത്ത കാറ്റിൽ ചീഞ്ഞളിഞ്ഞ കാട്ടുചെടികളുടെ ദുർഗന്ധമുണ്ടായിരുന്നു. അവരുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ ഒരു കൂട്ടം കാട്ടുകോഴികൾ കലപില ശബ്ദത്തോടെ പറന്നുയർന്ന് മഞ്ഞിന്റെ ആവരണത്തിനപ്പുറം അപ്രത്യക്ഷമായി.

പൈൻ മരങ്ങളും കടന്ന് അവർ കടൽത്തീരത്തിനരികിലെത്തി. ജോവന്ന അയച്ച ചിത്രങ്ങളിൽ താൻ മുമ്പ് കണ്ട “Beware of Mines” എന്ന ബോർഡ് ഡെവ്‌ലിന് സുപരിചിതമായിരുന്നു.  

നിലത്ത് നിന്ന് ഒരു ചെറിയ കല്ല് എടുത്ത് ജോവന്ന മണൽ‌പ്പരപ്പിലേക്ക് വലിച്ചെറിഞ്ഞു. മുൾവേലിയുടെ മുകളിലൂടെ കുതിച്ച് ചാടി, ആ കല്ല് കടിച്ചെടുത്തുകൊണ്ട് പാച്ച് അടുത്ത നിമിഷം തിരികെയെത്തി.

“മൈൻ ഇല്ല എന്ന് ഉറപ്പാണോ നിങ്ങൾക്ക്?” ഡെവ്‌ലിൻ ചോദിച്ചു.

“നൂറ് ശതമാനവും

ഡെവ്‌ലിൻ കൌശലത്തോടെ മന്ദഹസിച്ചു. “നോക്കൂ ഞാനൊരു കത്തോലിക്കനാണ് നിങ്ങൾ പറയുന്നത് തെറ്റാണെങ്കിൽ എന്താണ് സംഭവിക്കുക എന്നറിയാമല്ലോ?”

“അതിനെന്താ മറ്റുള്ളവരെപ്പോലെ എല്ലാ ആചാരാനുഷ്ഠാനങ്ങളോടെ നിങ്ങളെയും ഇവിടെ സംസ്കരിക്കും

അദ്ദേഹം ആ മുൾവേലിയുടെ മുകളിലൂടെ അപ്പുറത്തെ മണൽപ്പരപ്പിലേക്കിറങ്ങി. പിന്നെ തിരിഞ്ഞ് ജോവന്നയെ ഒന്ന് നോക്കിയിട്ട് മുന്നോട്ട് നടന്നു. അടുത്ത നിമിഷം ഒന്ന് നിന്നിട്ട് അദ്ദേഹം കടലിനടുത്തേക്ക് പതുക്കെ ഓടുവാൻ തുടങ്ങി. തൊട്ടുപിന്നിലെ കാൽപ്പാടുകളെ വേലിയേറ്റത്തിന്റെ ഓളങ്ങൾക്ക് മായ്ക്കുവാൻ വിട്ടുകൊടുത്തിട്ട് അദ്ദേഹം അൽപ്പനേരം അവിടെ നിന്നു.  പിന്നെ തിരികെ ഓടി വന്ന് മുൾവേലി ചാടിക്കടന്ന് ജോവന്നയുടെ അരികിലെത്തി.

അദ്ദേഹത്തിന്റെ മുഖം സന്തോഷഭരിതമായിരുന്നു. തന്റെ കൈകൾ അവരുടെ ചുമലിലൂടെയിട്ട് മുന്നോട്ട് നടക്കുവാൻ തുടങ്ങി. “നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു അക്ഷരം പ്രതി ശരി ഈ ദൌത്യം വിജയിക്കുമെന്നതിൽ യാതൊരു സംശയവുമില്ല എല്ലാ ഘടകങ്ങളും അനുകൂലം

ചെറു തോടുകളുടെയും മണൽത്തിട്ടകളുടെയും അപ്പുറത്ത് ദൂരെ കടലിലേക്ക് അദ്ദേഹം നോക്കി. “എത്ര മനോഹരമായ ഇടം ഇവിടം വിട്ട് പോകുക എന്ന ചിന്ത പോലും നിങ്ങളുടെ ഹൃദയത്തെ മുറിവേൽപ്പിക്കും

“വിട്ടു പോകുകയോ എന്താ നിങ്ങളീ പറയുന്നത്?” അവിശ്വസനീയതയോടെ അവർ അദ്ദേഹത്തെ നോക്കി.

“പിന്നെ? കിഡ്നാപ്പിങ്ങിന് ശേഷം നിങ്ങൾക്കിവിടെ നിൽക്കാൻ കഴിയുമെന്നാ‍ണോ വിചാരിച്ചത്? തീർച്ചയായും ഇല്ല അതേക്കുറിച്ച്  നിങ്ങൾ ചിന്തിച്ചില്ലേ?”

അവിടെ നിന്നുകൊണ്ട് അവർ കടലിനെ മതിയാവോളം വീക്ഷിച്ചു. മനോജ്ഞമായ ഈ ദൃശ്യം ഇനിയൊരിക്കലും തനിക്ക് അനുഭവിക്കാനാകില്ല എന്ന മട്ടിൽ. ഇവിടം വിട്ടു പോകുന്നതിനെക്കുറിച്ച് സ്വപ്നത്തിൽ പോലും താൻ ചിന്തിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. മഴ വീണ്ടും ശക്തി പ്രാപിച്ചു. ദൂരെ കടലിൽ നിന്ന് വിരുന്നിനെത്തിയ ശീതക്കാറ്റിൽ അവരുടെ ദേഹമാസകലം വിറയൽ അനുഭവപ്പെട്ടു.

(തുടരും) 

അടുത്ത ലക്കം ഇവിടെ...