Saturday, August 24, 2013

ഈഗിൾ ഹാസ് ലാന്റഡ് – 96ഗെറിക്ക് വിമാനത്തെ ഭൂനിരപ്പിൽ നിന്നും ആയിരം അടി ഉയരത്തിലേക്ക് താഴ്ത്തി. മഞ്ഞിന്റെ ആവരണത്തിലൂടെയാണ് ഇപ്പോൾ അവർ കടന്നു പോയ്ക്കൊണ്ടിരിക്കുന്നത്. വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് ക്രമാനുഗതമായി കുറഞ്ഞുകൊണ്ടിരിക്കവേ ഗെറിക്ക് പിറകിൽ നിൽക്കുന്ന സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു.

“ബീച്ചിന്‌ മുകളിലൂടെ ഒരേയൊരു തവണ പാസ്സ് ചെയ്യാനുള്ള അവസരമേ എനിക്ക് ലഭിക്കുകയുള്ളൂ അതുകൊണ്ട് നിങ്ങളുടെ ജമ്പിങ്ങ് വളരെ കൃത്യമായിരിക്കണം

“തീർച്ചയായും ഞങ്ങൾ ശ്രദ്ധിക്കാം” സ്റ്റെയ്നർ പറഞ്ഞു.

“ബെസ്റ്റ് ഓഫ് ലക്ക്, ഹെർ ഓബർസ്റ്റ് അവിടെ ലാന്റ്സ്‌വൂർട്ടിൽ എന്റെ റൂമിൽ ഒരു ബോട്ട്‌ൽ ഡോം പെരിഗ്‌നൺ ഐസിന് മുകളിൽ വച്ചിരിക്കുന്ന കാര്യം ഓർമ്മയുണ്ടല്ലോമറ്റന്നാൾ രാവിലെ താങ്കൾ തിരിച്ചെത്തിയിട്ട് നമുക്കത് ഒരുമിച്ചിരുന്ന് അകത്താക്കണം  ഗെറിക്ക് ഓർമ്മിപ്പിച്ചു.

ഗെറിക്കിന്റെ ചുമലിൽ പതുക്കെ തട്ടിയിട്ട് സ്റ്റെയ്നർ കോക്ക്പിറ്റിന് പുറത്ത് കടന്നു. ശേഷം എല്ലാവരെയും തയ്യാറാക്കി നിർത്തുവാൻ റിട്ടർ ന്യുമാന് നിർദ്ദേശം നൽകി. ന്യുമാന്റെ ആജ്ഞയനുസരിച്ച് അവർ എല്ലാവരും എഴുന്നേറ്റ് തങ്ങളുടെ സ്റ്റാറ്റിക്ക് ലൈൻ ആങ്കർ കേബിളുമായി ക്ലിപ്പ് ചെയ്തു. വിമാനത്തിന്റെ എക്സിറ്റ് ഡോർ ബ്രാൺ‌ഡ്ട് പതുക്കെ ഒരു വശത്തേക്ക് സ്ലൈഡ് ചെയ്തതും തണുത്ത കാറ്റും മഞ്ഞും കൂടി മത്സരിച്ച് ഉള്ളിലേക്കടിച്ചു കയറി. സ്റ്റെയ്നർ ഓരോരുത്തരുടെയും അടുത്ത് ചെന്ന് അവരുടെ പാരച്യൂട്ട് ലൈൻ പരിശോധിച്ച് ഉറപ്പ് വരുത്തി.

ഗെറിക്ക് വീണ്ടും വിമാനം താഴ്ത്തി. മൂടൽ മഞ്ഞിനെ കീറിമുറിച്ച് മുന്നോട്ട് പോകുമ്പോഴുള്ള ലൈറ്റിന്റെ പ്രതിഫലനം മാത്രമേ ബോമ്‌ലറിന് കാണുവാൻ സാധിക്കുന്നുണ്ടായിരുന്നുള്ളൂ. അതിനപ്പുറം കനത്ത അന്ധകാരം മാത്രം. മുന്നോട്ട് ആഞ്ഞിരുന്ന് വിൻഡ് സ്ക്രീനിലൂടെ താഴേക്ക് വീക്ഷിക്കവേ അയാൾ മുഷ്ടി ചുരുട്ടി അക്ഷമയോടെ തന്റെ തുടയിൽ ഇടിച്ചുകൊണ്ടിരുന്നു. “കം ഓൺ…!  ഡാം‌മ്ൻ യൂ

പെട്ടെന്നാണ് ഏതോ അദൃശ്യകരങ്ങളുടെ പ്രവൃത്തിയെന്നപോലെ ഒരു ചെറു കാറ്റ് വീശിയതും മൂടൽ മഞ്ഞ് തീർത്ത നരച്ച തിരശീലയിൽ ഒരു വിള്ളൽ രൂപം കൊണ്ടതും. അത് തന്നെ ധാരാളമായിരുന്നു. അൽപ്പം വലത്‌ ഭാഗത്തായി വളരെ വ്യക്തമായി അത് തെളിഞ്ഞ് കാണാമായിരുന്നു. ഡെവ്‌ലിൻ സൈക്കിൾ ലാമ്പുകൾ കൊണ്ട് ഒരുക്കിയ സമാന്തര രേഖകൾ

ഗെറിക്ക് അർത്ഥഗർഭമായി തല കുലുക്കി. ബോ‌മ്‌ലർ സ്വിച്ച് അമർത്തിയതും സ്റ്റെയ്നർ നിന്നിരുന്ന ഭാഗത്ത് മുകളിലെ ചുവന്ന ലൈറ്റ് ഫ്ലാഷ് ചെയ്തു.

“റെഡി…!  അദ്ദേഹം അലറി.

ഗെറിക്ക് വിമാനം വലത്‌ വശത്തേക്ക് ചരിച്ച് തീരത്തിനരികിലേക്ക് വളച്ചെടുത്തു. ത്രോട്ട്‌ൽ സാവധാനം കുറച്ചുകൊണ്ടുവന്നതോടെ സ്പീഡ് ഇൻഡിക്കേറ്റർ നൂറിലേക്ക് താഴ്ന്നു. ഭൂനിരപ്പിൽ നിന്നും മുന്നൂറ്റിയമ്പത് അടി ഉയരത്തിൽ പറന്ന് കൊണ്ട് അദ്ദേഹം ബീച്ചിന് മുകളിലേക്ക് പ്രവേശിച്ചു. പച്ച ലൈറ്റ് ഫ്ലാഷ് ചെയ്തതും, തുറന്ന് കിടന്ന വാതിലിലൂടെ റിട്ടർ ന്യുമാൻ വെളിയിലെ ഇരുട്ടിലേക്ക് കുതിച്ചു. തൊട്ട് പിന്നാലെ ബ്രാൺ‌ഡ്ടും ശേഷം മറ്റുള്ളവരും ഓരോരുത്തരായി അന്ധകാരത്തിലേക്ക് മറഞ്ഞു. ഉപ്പ് രസമുള്ള തണുത്ത കാറ്റ് മുഖത്ത് അടിക്കുന്നത് ആസ്വദിച്ചുകൊണ്ട് പ്രെസ്റ്റൺ‌ന്റെ ഊഴം വരുന്നതും കാത്ത് സ്റ്റെയ്നർ നിന്നു. ഒരു നിമിഷം പോലും പാഴാക്കാതെ തികച്ചും അക്ഷോഭ്യനായി മുന്നിലെ ശൂന്യതയിലേക്ക് പ്രെസ്റ്റൺ കാലെടുത്തു വച്ചു. നല്ല ലക്ഷണംആങ്കർ ലൈൻ ക്ലിപ്പ് ചെയ്ത് തൊട്ടുപിന്നിൽ തികഞ്ഞ അഭിമാനത്തോടെ സ്റ്റെയ്നറും അയാളെ അനുഗമിച്ചു.

കോക്ക്പിറ്റിന്റെ വാതിലിലൂടെ ബോമ്‌ലർ പിന്നിലേക്ക് എത്തി നോക്കി. പിന്നെ ഗെറിക്കിന്റെ ചുമലിൽ തട്ടി.

“എല്ലാവരും പോയ്ക്കഴിഞ്ഞിരിക്കുന്നു പീറ്റർ ഞാൻ പോയി വാതിൽ അടച്ചിട്ട് വരട്ടെ

തല കുലുക്കിയിട്ട് ഗെറിക്ക് വിമാനം വലത്തോട്ട് വളച്ച് വീണ്ടും കടലിന് മുകളിലേക്കെടുത്തു. ഏതാണ്ട് അഞ്ച് മിനിറ്റ് തികയുന്നതിന് മുമ്പ് തന്നെ S-ഫോൺ റിസീവർ മുരടനക്കി. അടുത്ത നിമിഷം ഡെവ്‌ലിന്റെ വ്യക്തവും സ്ഫുടവുമായ സ്വരം കേൾക്കാറായി.

“ഫ്ലഡ്ജ്ലിംഗ്സ് പക്ഷികളെല്ലാം തന്നെ സുരക്ഷിതരായി കൂട്ടിൽ എത്തിച്ചേർന്നിരിക്കുന്നു

ഗെറിക്ക് മൈക്ക് കൈയിലെടുത്തു.  “താങ്ക് യൂ വാൻഡറർ ഗുഡ് ലക്ക്

അദ്ദേഹം ബോമ്‌ലറുടെ നേർക്ക് തിരിഞ്ഞു. “ഈ വിവരം ഇപ്പോൾ തന്നെ ലാന്റ്സ്‌വൂർട്ടിലേക്ക് പാസ്സ് ചെയ്യൂ കഴിഞ്ഞ ഒരു മണിക്കൂറായി  തീക്കനലിന് മുകളിലൂടെയെന്നത് പോലെയായിരിക്കും റാഡ്‌ൽ അവിടെ ഉലാത്തിക്കൊണ്ടിരിക്കുന്നത്

                 
                              ***   ***  ***   ***   ***   ***   ***   ***   ***

പ്രിൻസ് ആൽബസ്ട്രേസിലെ തന്റെ ഓഫീസിൽ മേശവിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ജോലിയിൽ മുഴുകിയിരിക്കുകയാണ് ഹെൻ‌ട്രിച്ച് ഹിമ്‌ലർ. നെരിപ്പോടിലെ കനലുകൾ എരിഞ്ഞ് തീരാറായതിനാൽ മുറിയിൽ തണുപ്പിന്റെ കാഠിന്യം ഏറിയിരിക്കുന്നു. എങ്കിലും ആ രണ്ട് കാര്യങ്ങളും അദ്ദേഹത്തെ തന്റെ ജോലിയിൽ നിന്നും പിന്തിരിപ്പിക്കുന്നതായി തോന്നിയില്ല. മുന്നിലുള്ള ഫയലിൽ അദ്ദേഹം എഴുത്ത് അനുസ്യൂതം തുടർന്നു. പെട്ടെന്നാണ് കതകിൽ മുട്ടിയിട്ട് റോസ്മാൻ ഉള്ളിലേക്കെത്തി നോക്കിയത്.

“എന്താണ് കാര്യം?” ഹിമ്‌ലർ തലയുയർത്തി.

“ലാന്റ്സ്‌വൂർട്ടിൽ നിന്നും റാഡ്‌ലിന്റെ മെസേജുണ്ട്, ഹെർ റെയ്ഫ്യൂറർ ദി ഈഗിൾ ഹാസ് ലാന്റഡ്

ഹിമ്‌ലറുടെ മുഖത്ത് പ്രത്യേകിച്ച് യാതൊരു ഭാവഭേദവും പ്രകടമായില്ല.  “താങ്ക് യൂ റോസ്മാൻ വിവരങ്ങൾ എന്നെ അറിയിച്ചുകൊണ്ടിരിക്കുക

“തീർച്ചയായും, ഹെർ റെയ്ഫ്യൂറർ

റോസ്മാൻ പുറത്തേക്ക് നടന്നു. ഹിമ്‌ലർ തന്റെ ജോലിയിലേക്ക് വീണ്ടും ശ്രദ്ധ കേന്ദ്രീകരിച്ചു. ആ മുറിയിൽ അപ്പോൾ കേൾക്കാനുണ്ടായിരുന്ന ഏകസ്വരം അദ്ദേഹത്തിന്റെ പേന പേപ്പറിൽ ഉരയുന്ന ശബ്ദം മാത്രമായിരുന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, August 17, 2013

ഈഗിൾ ഹാസ് ലാന്റഡ് – 95ശ്രമകരമായ ടേക്ക് ഓഫിനെക്കുറിച്ചുള്ള ചർച്ചയായിരുന്നു വിമാനത്തിനുള്ളിൽ. വിജയകരമായി ഇതിന് മുമ്പ് അവർ നടത്തിയിട്ടുള്ള പല ദൌത്യങ്ങളെക്കുറിച്ചും തമ്മിൽ തമ്മിൽ പതിഞ്ഞ സ്വരത്തിൽ അവർ സംസാരിച്ചുകൊണ്ടിരുന്നു.

ഈ ദൌത്യത്തിനിടയിൽ ജർമ്മൻ സിഗരറ്റ് കൈവശം വയ്ക്കുവാനുള്ള സ്വാതന്ത്ര്യം സ്വാഭാവികമായും അവർക്ക് അനുവദിച്ചിരുന്നില്ല. അതിനാൽ തന്നെ തൽക്കാലത്തെ ഉപയോഗത്തിനായി ഓരോ സിഗരറ്റ് അവർക്കിടയിൽ വിതരണം ചെയ്തുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നറും റിട്ടർ ന്യുമാനും.

“ആ ഹോപ്റ്റ്മാൻ ഒരു യഥാർത്ഥ വൈമാനികൻ തന്നെ ആ കനത്ത മൂടൽമഞ്ഞിലൂടെ ടേക്ക് ഓഫ് ചെയ്ത അദ്ദേഹത്തെ സമ്മതിക്കുക തന്നെ വേണം  ആൾട്ട്മാൻ പറഞ്ഞു.

“ഒരു സിഗരറ്റ് വലിക്കുന്നോ?” ഏറ്റവും ഒടുവിലത്തെ സീറ്റിൽ ഇരുന്നിരുന്ന പ്രെസ്റ്റണിന്റെ മുന്നിൽ ചെന്ന് സ്റ്റെയ്നർ ചോദിച്ചു.

താങ്ക്സ് വെരി മച്ച് സർ തീർച്ചയായും വേണം” അങ്ങേയറ്റം ബഹുമാനത്തോടെ പ്രെസ്റ്റൺ പറഞ്ഞു. 

“എന്ത് തോന്നുന്നു ഇപ്പോൾ?” പതിഞ്ഞ സ്വരത്തിൽ സ്റ്റെയ്നർ ചോദിച്ചു.

“ഇൻ എക്സലന്റ് സ്പിരിറ്റ്സ് സർ അവിടെ എത്തുവാൻ തിടുക്കമായി

സ്റ്റെയ്നർ തിരികെ കോക്ക്പിറ്റിലേക്ക് ചെന്നപ്പോൾ ഒരു തെർമോഫ്ലാസ്കിൽ നിന്നും കോഫി പകർന്ന് ഗെറിക്കിന് നൽകുന്ന ബോമ്‌ലറെയാണ് കണ്ടത്. രണ്ടായിരം അടി ഉയരത്തിലാണ് അവർ പറന്നുകൊണ്ടിരിക്കുന്നത്. മുകളിൽ മേഘപാളികൾക്കിടയിൽ വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന വിടവിലൂടെ നേർത്ത തിങ്കൾക്കീറും താരകങ്ങളും എത്തി നോക്കുന്നു. താഴെ കടലിന് മീതെ ഒരു താഴ്വാരത്തിലെന്ന പോലെ പുകമറ തീർത്ത് പരന്ന് കിടക്കുന്ന മൂടൽമഞ്ഞ്. മനോഹരമായ ഒരു കാഴ്ച്ചയായിരുന്നു അത്.

 “യാത്ര എങ്ങനെ?” സ്റ്റെയ്നർ ചോദിച്ചു.

“നന്നായി പോകുന്നു ഇനി ഒരു മുപ്പത് മിനിറ്റും കൂടി മതിയാവും കാറ്റ് ഉണ്ടെന്ന് പറയാനാവില്ല ഏതാണ്ട് ഫൈവ് നോട്ട്സ് പെർ അവർ അത്ര മാത്രം

തല കുലുക്കിയിട്ട് സ്റ്റെയ്നർ താഴോട്ട് നോക്കി.  “എന്ത് തോന്നുന്നു? ഡ്രോപ്പിങ്ങിനായി താഴോട്ടിറങ്ങുമ്പോഴേക്കും അന്തരീക്ഷം തെളിയാൻ സാദ്ധ്യതയുണ്ടോ?”

“ആർക്കറിയാം? ചിലപ്പോൾ നിങ്ങളോടൊപ്പം ഞാനും ആ ബീച്ചിൽ പാരച്യൂട്ടിൽ എത്താൻ സാദ്ധ്യതയുണ്ട്” ഗെറിക്ക് പുഞ്ചിരിച്ചു.

പെട്ടെന്ന് ബോമ്‌ലറുടെ കണ്ണുകൾ റഡാറിലേക്ക് തിരിഞ്ഞു. “പീറ്റർ എന്തോ ഒന്ന് നമ്മുടെ പരിസരത്തുണ്ട്” ഉദ്വേഗത്തോടെ അയാൾ പറഞ്ഞു.

“എന്തായിരിക്കാനാണ് സാദ്ധ്യത?” ചെറുമേഘക്കൂട്ടങ്ങൾക്കിടയിലൂടെ കടന്ന് പോകവേ സ്റ്റെയ്നർ ആരാഞ്ഞു.

“നൈറ്റ് ഫൈറ്റർ ആകാനാണ് സാദ്ധ്യത...” ഗെറിക്ക് പ്രതിവചിച്ചു. “അത് നമ്മുടേത് ആകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം ആണെങ്കിൽ തുണ്ടം തുണ്ടമായി തകർത്തുകളയുമെന്നതിന് ഒരു സംശയവും വേണ്ട

മേഘപാളികളിൽ നിന്ന് തെളിഞ്ഞ അന്തരീക്ഷത്തിലേക്ക് പുറത്ത് കടന്നതും ബോമ്‌ലർ ഗെറിക്കിന്റെ ചുമലിൽ തട്ടി.   “അതാ വലത് ഭാഗത്തായി നരകത്തിൽ നിന്നും പാഞ്ഞുവരുന്ന നരിച്ചീറിനെപ്പോലെയുണ്ട്

സ്റ്റെയ്നർ വലത്‌ ഭാഗത്തേക്ക് നോക്കി. നിമിഷങ്ങൾക്കകം അദ്ദേഹത്തിനത് വ്യക്തമായി കാണാനായി. തങ്ങളുടെ അതേ ലെവലിൽ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു ഇരട്ട എൻ‌ജിൻ യുദ്ധവിമാനം.

“മൊസ്ക്വിറ്റോ ആണ്” പരിഭ്രമലേശമെന്യേ ഗെറിക്ക് പറഞ്ഞു. “ഒരു സുഹൃത്തിനെ കണ്ടാൽ അവൻ തിരിച്ചറിയുമെന്ന് പ്രതീക്ഷിക്കാം നമുക്ക്    (DH.98 മൊസ്ക്വിറ്റോ -  ബ്രിട്ടന്റെ ഒരു തരം യുദ്ധവിമാനം)

കുറച്ച് നിമിഷങ്ങൾ കൂടി ആ ഫൈറ്റർ അവർക്ക് സമാന്തരമായി സഞ്ചരിച്ചതിന് ശേഷം വലത് വശത്തേക്ക് ടിൽറ്റ് ചെയ്ത് അസാമാന്യ വേഗതയിൽ ദൂരെ മേഘക്കൂട്ടങ്ങൾക്കിടയിൽ അപ്രത്യക്ഷമായി.

“കണ്ടില്ലേ? ആകെക്കൂടി ചെയ്യാനുള്ളത് ഇത്രയേ ഉള്ളൂ നേരായ വഴിയിൽ ജീവിക്കുക” ഗെറിക്ക് സ്റ്റെയ്നറെ നോക്കി പുഞ്ചിരിച്ചു. “നിങ്ങൾ പോയി നിങ്ങളുടെ ആൾക്കാരെ തയ്യാറാക്കി നിർത്തൂ  എല്ലാം ഓ.കെ ആണെങ്കിൽ തീരത്ത് നിന്നും ഇരുപത് മൈൽ അകലെയെത്തുമ്പോഴേക്കും S-ഫോണിൽ ഡെവ്‌ലിന്റെ സിഗ്നൽ ലഭിച്ചു തുടങ്ങും. അപ്പോൾ ഞാൻ വിളിക്കാം നിങ്ങളെ തൽക്കാലം ഇവിടുന്ന് ഒന്ന് സ്ഥലം കാലിയാക്കിത്തരാമോ? ബോമ്‌ലർക്ക് നാവിഗേഷനുമായി ബന്ധപ്പെട്ട് ചില അത്യാവശ്യ ജോലികൾ ചെയ്ത് തീർക്കാനുണ്ട്

കോക്ക്പിറ്റിന് പുറത്ത് കടന്ന് സ്റ്റെയ്നർ മെയ്ൻ ക്യാബിനിലെത്തി റിട്ടർ ന്യുമാന്റെ അരികിൽ ഇരിപ്പുറപ്പിച്ചു.

“ഇനി അധികമില്ലെന്ന് തോന്നുന്നു” ന്യുമാൻ അദ്ദേഹത്തിന് ഒരു സിഗരറ്റ് നൽകി.

“താങ്ക്സ് റിട്ടർ ഒരു സിഗരറ്റിന് വേണ്ടി ശരിക്കും ദാഹിക്കുകയായിരുന്നു” സ്റ്റെയനർ മൊഴിഞ്ഞു.


                   ***   ***  ***   ***   ***   ***   ***   ***   ***

നല്ല തണുപ്പായിരുന്നു ബീച്ചിൽ. വേലിയേറ്റ സമയം ആയതിനാൽ ബീച്ചിന്റെ മുക്കാൽ പങ്കും വെള്ളം കയറിക്കിടക്കുന്നു. ചാനൽ ഓപ്പൺ ചെയ്തു വച്ച S-ഫോൺ റിസീവറുമായി അക്ഷമയോടെ ഉലാത്തുകയാണ് ഡെവ്‌ലിൻ. ചാറ്റൽ മഴയിൽ നിന്നും രക്ഷതേടി മരച്ചുവട്ടിൽ നിൽക്കുകയായിരുന്ന ജോവന്ന ഗ്രേ മുന്നോട്ട് വന്നു. പന്ത്രണ്ടാവാൻ പത്ത് മിനിറ്റ് കൂടിയേ ബാക്കിയുള്ളൂ.

“അവർ മിക്കവാറും അടുത്തെത്തിക്കാണണം” ജോവന്ന പറഞ്ഞു.

അതിനുള്ള മറുപടിയെന്നോണം ഡെവ്‌ലിന്റെ കൈയിലിരുന്ന S-ഫോൺ പെട്ടെന്ന് ഒന്നിരമ്പി. അടുത്ത നിമിഷം അതിൽ നിന്നും പുറത്തേക്ക് വന്ന പീറ്റർ ഗെറിക്കിന്റെ ശബ്ദം അത്ഭുതകരമാം വിധം വ്യക്തവും സ്ഫുടവുമായിരുന്നു.

“ദിസ് ഈസ് ഈഗിൾ ആർ യൂ റിസീവിങ്ങ് മീ, വാൻഡറർ?”

ജോവന്ന, ഡെവ്‌ലിന്റെ ചുമലിൽ കൈ വച്ചു. അദ്ദേഹം ആ കൈ പതുക്കെ എടുത്ത് മാറ്റിയിട്ട് റിസീവർ ചുണ്ടോട് ചേർത്ത് പിടിച്ച്  ഉത്തരം കൊടുത്തു.

  “യെസ്, ലൌഡ് ആന്റ് ക്ലിയർ

“പ്ലീസ് റിപ്പോർട്ട് കണ്ടീഷൻസ് ഓവർ നെസ്റ്റ്

“വിസിബിലിറ്റി പുവർനൂറോ നൂറ്റിയമ്പതോ വാര മാത്രം പക്ഷേ, ചെറുതായി കാറ്റ് വീശിത്തുടങ്ങിയിട്ടുണ്ട്” ഡെവ്‌ലിൻ പറഞ്ഞു.

“താങ്ക് യൂ വാൻഡറർ എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ സിക്സ് മിനിറ്റ്സ്

ഡെവ്‌ലിൻ, S-ഫോൺ ജോവന്നയ്ക്ക് കൈമാറി. “മെസേജുകൾ ശ്രദ്ധിച്ചുകൊണ്ട് നിൽക്കുക ഞാൻ അവർക്കുള്ള അടയാളങ്ങൾ തയ്യാറാക്കട്ടെ

ഡെവ്‌ലിൻ കൊണ്ടുവന്ന ചാക്കിനുള്ളിൽ ഏതാണ്ട് ഒരു ഡസനോളം സൈക്കിൾ ലാമ്പുകൾ ഉണ്ടായിരുന്നു. തിടുക്കത്തിൽ അവയെടുത്ത് ഓരോന്നായി പതിനഞ്ച് വാര ഇടവിട്ട് കാറ്റിന്റെ ഗതിക്കനുസൃതമായി മണൽപ്പരപ്പിൽ ഒരു നേർ രേഖയിൽ സ്ഥാപിച്ച് ഓരോന്നും സ്വിച്ച് ഓൺ ചെയ്തു. പിന്നെ ഇരുപത് വാര ഒരു വശത്തേക്ക് നീങ്ങി ആ രേഖക്ക് സമാന്തരമായി ബാക്കിയുള്ളവയും പതിനഞ്ച് വാര ഇടവിട്ട് നിലത്തുറപ്പിച്ച് ഓൺ ചെയ്തു.

അത്രയും ചെയ്ത് തീർത്തിട്ട് ജോവന്നയുടെ അരികിലെത്തിയപ്പോൾ അദ്ദേഹം കിതയ്ക്കുന്നുണ്ടായിരുന്നു. നെറ്റിത്തടത്തിലൂടെ കണ്ണിലേക്ക് ഒലിച്ചിറങ്ങുന്ന വിയർപ്പ് വടിച്ച് മാറ്റിയിട്ട് അദ്ദേഹം ചാക്കിനുള്ളിൽ നിന്നും ശക്തിയേറിയ ഒരു വലിയ സ്പോട്ട് ലൈറ്റ് പുറത്തെടുത്തു.

“ഓഹ് ഈ നശിച്ച മൂടൽ മഞ്ഞ്  എനിക്കറിയാം നമ്മളെ അവർക്ക് കാണാനേ കഴിയില്ല” ജോവന്ന നിരാശയോടെ പുലമ്പി.

ഡെവ്‌ലിൻ ആദ്യമായിട്ടായിരുന്നു  അത്തരം ഭ്രാന്തമായ അവസ്ഥയിൽ അവരെ കാണുന്നത്. അദ്ദേഹം അവരുടെ കൈകളിൽ പിടിച്ചു. “സമാധാനമായിട്ട് അങ്ങോട്ട് മാറി നിൽക്കൂ മൈ ഡിയർ

ആ നിമിഷം അങ്ങകലെ വിമാനത്തിന്റെ ഇരമ്പൽ കേൾക്കാറായി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, August 11, 2013

ഈഗിൾ ഹാസ് ലാന്റഡ് – 94നോർത്ത് സീയുടെ മറുകരയിൽ നോർഫോക്കിലും സ്ഥിതി വിഭിന്നമായിരുന്നില്ല. തന്റെ കോട്ടേജിൽ തട്ടിൻപുറത്തെ രഹസ്യ അറയിൽ സൂക്ഷിച്ചിരിക്കുന്ന റേഡിയോ റിസീവറിന് മുന്നിൽ ഹെഡ്ഫോൺ ധരിച്ച്  ഫാദർ വെറേക്കർ എപ്പോഴോ വായിക്കുവാൻ കൊടുത്ത വിൻസ്റ്റൺ ചർച്ചിലിന്റെ തടവറയിലെ അനുഭവങ്ങൾ എന്ന പുസ്തകം വായിച്ചുകൊണ്ടിരിക്കുകയാണ് ജോവന്ന ഗ്രേ. ബോവർ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ തടവറയിൽ നിന്നും എങ്ങനെ സാഹസികമായി രക്ഷപെട്ടു എന്നാണ് അദ്ദേഹം വിവരിച്ചിരിക്കുന്നത്.  അത്യന്തം ഉദ്വേഗജനകമായ രംഗങ്ങൾ വായിക്കുന്നതിനിടയിൽ അറിയാതെ പലപ്പോഴും അദ്ദേഹത്തോട് ആരാധന തോന്നിപ്പോയ കാര്യം അവർ ശ്രദ്ധിക്കാതിരുന്നില്ല.

ഹോബ്സ് എന്റിൽ ഡെവ്‌ലിൻ ആകട്ടെ കടലിനക്കരെ ഗെറിക്കിനെപ്പോലെ പലവട്ടം പുറത്തിറങ്ങി കാലാവസ്ഥ നിരീക്ഷിച്ചു കൊണ്ടിരുന്നു. മൂടൽമഞ്ഞ് മുമ്പെന്നത്തേക്കാളുമെന്ന പോലെ അഭേദ്യമായ മറ തീർത്ത് നിലകൊള്ളുകയാണ്. രാത്രി പത്തു മണിയായിരിക്കുന്നു. ഇത് നാലാമത്തെ തവണയാണ് അദ്ദേഹം ബീച്ചിൽ പോയി നോക്കിയിട്ട് വരുന്നത്. പക്ഷേ, ഒന്നിനും ഒരു മാറ്റവും ഉണ്ടായിരുന്നില്ല.

കട്ട പിടിച്ച ഇരുട്ടിലേക്ക് അദ്ദേഹം ടോർച്ച് മിന്നിച്ച് നോക്കി. പിന്നെ ഇരുവശത്തേക്കും തലയാട്ടി പതുക്കെ മൊഴിഞ്ഞു. “വൃത്തികെട്ട പണിക്ക് തികച്ചും അനുയോജ്യമായ രാത്രി അല്ലാതെന്ത് പറയാൻ


                   ***   ***  ***   ***   ***   ***   ***   ***   ***

സ്ഥിതിഗതികൾ ഏറെക്കുറെ കൈവിട്ടുപോകുന്ന മട്ടായിരുന്നു ലാന്റ്സ്‌വൂർട്ടിൽ. യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടുവാൻ കഴിയുമായിരുന്നില്ല അവർക്ക്.

“ടേക്ക് ഓഫ് ചെയ്യാൻ കഴിയില്ല എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?”  പുറത്തെ സ്ഥിതി വീണ്ടും വിലയിരുത്തിയ ശേഷം തിരികെയെത്തിയ ഗെറിക്കിനോട് റാഡ്‌ൽ ആരാഞ്ഞു.

“അതല്ല പ്രശ്നം” ഗെറിക്ക് പറഞ്ഞു. “കണ്ണുമടച്ച് ടേക്ക് ഓഫ് ചെയ്യാൻ എനിക്ക് സാധിക്കും ചുറ്റും ഉയർന്ന കെട്ടിടങ്ങളൊന്നുമില്ലാത്ത ഇതുപോലത്തെ പ്രദേശത്ത് ടേക്ക് ഓഫ് വളരെ എളുപ്പമാണ് മറുകരയിലെത്തുമ്പോഴാണ് ബുദ്ധിമുട്ട് കണ്ണുമടച്ച് ഡ്രോപ്പ് ചെയ്ത് ആ മനുഷ്യരെ അവിടെ വിധിയുടെ കൈകളിൽ ഏൽപ്പിച്ച് തിരികെ വരാൻ എനിക്കാവില്ല തീരത്ത് നിന്ന് ചുരുങ്ങിയത് ഒരു മൈൽ അടുത്ത് എങ്കിലും എത്തിയിട്ടേ ഡ്രോപ്പിങ്ങിനെക്കുറിച്ച് ചിന്തിക്കാനാവൂ ഒരു നിമിഷനേരത്തേക്കാണെങ്കിൽ പോലും ടാർഗറ്റ് വ്യക്തമായി കാണേണ്ടതുണ്ട് എനിക്ക്...”

ഹാങ്കറിന്റെ വലിയ കവാടത്തിലെ കിളിവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയ ബോമ്‌ലർ പെട്ടെന്ന് തിരിഞ്ഞു.  “ഹെർ ഹോപ്റ്റ്മാൻ

“എന്താണ്?” ഗെറിക്ക് അയാളുടെ അടുത്തേക്ക് ചെന്നു.

“നേരിട്ട് കണ്ടോളൂ

ഗെറിക്ക് പുറത്തിറങ്ങി. ബോമ്‌ലർ സ്വിച്ച് ഓൺ ചെയ്തിരുന്ന ബൾബിന്റെ മങ്ങിയ വെട്ടത്തിലും അദ്ദേഹം അത് കണ്ടു. നിയതമായ ആകാരമില്ലാതെ ചുരുളുകളായി ചലിച്ചു തുടങ്ങിയിരിക്കുന്ന മൂടൽമഞ്ഞ്. പെട്ടെന്ന്, തണുത്ത എന്തോ ഒന്ന് തന്റെ കവിളിൽ തൊട്ടത് പോലെ അദ്ദേഹത്തിന് തോന്നി.  

“കാറ്റ്…!   മൈ ഗോഡ് കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു…!

മൂടൽമഞ്ഞിന്റെ ആവരണത്തിൽ പെട്ടെന്നുണ്ടായ വിള്ളലിലൂടെ അവ്യക്തമായിട്ടാണെങ്കിലും അകലെയുള്ള ഫാം ഹൌസ് അദ്ദേഹത്തിന് കാണാനായി.

“എന്ത് പറയുന്നു? പുറപ്പെടുന്നുണ്ടോ?” ബോമ്‌ലർ ചോദിച്ചു.

“യെസ് ഇപ്പോൾ തന്നെ” ഗെറിക്ക് പ്രതിവചിച്ചു.

ഹാങ്കറിനുള്ളിൽ നിൽക്കുന്ന സ്റ്റെയ്നറോടും റാഡ്‌ലിനോടും വിവരം പറയുവാനായി അദ്ദേഹം തിടുക്കത്തിൽ തിരിഞ്ഞു.


                   ***   ***  ***   ***   ***   ***   ***   ***   ***

ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ, അതായത് കൃത്യം പതിനൊന്ന് മണിക്ക് ഇയർഫോണിൽ പെട്ടെന്ന് ഇരമ്പൽ ശബ്ദം കേട്ട് ജോവന്ന ഗ്രേ ഇരിപ്പിടത്തിൽ നിവർന്നിരുന്നു. പുസ്തകം മേശപ്പുറത്തേക്കിട്ട് പെൻസിൽ എടുത്ത് അവർ ആ സന്ദേശം ലെറ്റർ പാഡിൽ കുറിച്ചു വച്ചു. വളരെ ഹ്രസ്വമായ സന്ദേശമായിരുന്നതിനാൽ നിമിഷങ്ങൾക്കകം അവർ അത് ഡീ കോഡ് ചെയ്തു കഴിഞ്ഞിരുന്നു.  അവിശ്വസനീയതയോടെ അതിലേക്ക് തുറിച്ച് നോക്കി ഒന്നും ഉരിയാടാനാവാതെ ഒരു നിമിഷം അവർ ഇരുന്നു. ശേഷം, സന്ദേശം റിസീവ് ചെയ്തതായി റിട്ടേൺ മെസേജ് കൊടുത്തിട്ട് അവർ എഴുന്നേറ്റു.

ഒട്ടും സമയം പാഴാക്കാതെ അവർ ഗോവണിയിറങ്ങി കതകിന് പിറകിൽ കൊളുത്തിയിട്ടിരുന്ന തന്റെ കോട്ട് എടുത്തു. അത് കണ്ട് ഓടിയെത്തി കാൽക്കൽ മണം പിടിക്കുവാൻ തുടങ്ങിയ വളർത്തുനായയെ അവർ വിലക്കി.

“വേണ്ട പാച്ച് നീ ഇപ്പോൾ വരണ്ട

കനത്ത മൂടൽമഞ്ഞ് കാരണം വളരെ ശ്രദ്ധയോടെയാണ് അവർ ഡ്രൈവ് ചെയ്തത്. ഹോബ്സ് എന്റിലെ ഡെവ്‌ലിന്റെ കോട്ടേജിന്റെ മുറ്റത്തേക്ക് തിരിയുമ്പോൾ 11:20 ആയിരുന്നു. അടുക്കളയിലെ മേശമേൽ തന്റെ സ്റ്റെൻ ഗൺ അസംബ്ൾ ചെയ്തു കൊണ്ടിരിക്കവെയാണ് ഡെവ്‌ലിൻ കാറിന്റെ ശബ്ദം കേട്ടത്. പെട്ടെന്ന് തന്റെ മോസർ തോക്ക് കൈക്കലാക്കി അദ്ദേഹം ഇടനാഴിയിലേക്ക് നീങ്ങി.

“ലിയാം, ഇത് ഞാനാണ്  ജോവന്ന വിളിച്ചു പറഞ്ഞു.

അദ്ദേഹം കതക് തുറന്ന് കൊടുത്തതും അവർ ഉള്ളിലേക്ക് കയറി.

“എന്തേ പെട്ടെന്ന്?” ഡെവ്‌ലിൻ ചോദിച്ചു.

“ലാന്റ്സ്‌വൂർട്ടിൽ നിന്നുമുള്ള സന്ദേശം അല്പം മുമ്പ് ലഭിച്ചു കൃത്യമായി പറഞ്ഞാൽ പതിനൊന്ന് മണിക്ക് ദി ഈഗിൾ ഹാസ് ഫ്ലോൺ

വിശ്വസിക്കാനാവാതെ  അവരെത്തന്നെ നോക്കിക്കൊണ്ട് ഡെവ്‌ലിൻ നിന്നു. “അവർക്കെന്താ ഭ്രാന്തുണ്ടോ? ഞാൻ ബീച്ചിൽ പോയി നോക്കിയിരുന്നു മഞ്ഞും മഴയുമായി കൂടിക്കുഴഞ്ഞ് കിടക്കുകയാണവിടെ

“കാലാവസ്ഥ അല്പം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വരുന്ന വഴിക്ക് എനിക്ക് തോന്നിയത്...”

കതക് തുറന്ന്  പുറത്തിറങ്ങി നോക്കിയിട്ട് ഡെവ്‌ലിൻ ധൃതിയിൽ തിരിച്ചെത്തി. അദ്ദേഹത്തിന്റെ മുഖം ആവേശഭരിതമായിരുന്നു. “ചെറിയ തോതിൽ കടൽക്കാറ്റ് വീശുന്നുണ്ട്... ചിലപ്പോൾ ശക്തിയാർജ്ജിക്കാനും സാദ്ധ്യതയുണ്ട്

“കാറ്റ് നീണ്ടു നിൽക്കുമെന്ന് തോന്നുന്നുണ്ടോ?”

“ആർക്കറിയാം...!”  അസംബ്‌ൾ ചെയ്ത് മേശപ്പുറത്ത് വച്ചിരുന്ന സ്റ്റെൻ ഗൺ അദ്ദേഹം ജോവന്നക്ക് കൈമാറി. “ഇത് ഉപയോഗിക്കേണ്ട വിധം അറിയാമല്ലോ അല്ലേ?”

“തീർച്ചയായും

എന്തൊക്കെയോ സാധങ്ങൾ നിറച്ച് വച്ചിരുന്ന ഒരു ചാക്ക് എടുത്ത് ഡെവ്‌ലിൻ തോളിലിട്ടു. “ഓൾ റൈറ്റ് നമുക്ക് കാര്യത്തിലേക്ക് കടക്കാം പലതും ചെയ്ത് തീർക്കാനുണ്ട് പെട്ടെന്ന് നിങ്ങൾ പറഞ്ഞ സമയം വച്ച് നോക്കിയാൽ നാൽപ്പത് മിനിറ്റ് കൊണ്ട് അവർ ബീച്ചിന് മുകളിലെത്തും... ദൈവമേ പറഞ്ഞത് പോലെ തന്നെ അവർ പണി പറ്റിച്ചല്ലോ” ഇടനാഴിയിലേക്ക് നീങ്ങവേ അദ്ദേഹം ഉറക്കെ ചിരിച്ചു. 

കതക് തുറന്ന് ഇരുവരും പുറത്തെ മൂടൽമഞ്ഞിനുള്ളിലേക്ക് കുതിച്ചു.


                   ***   ***  ***   ***   ***   ***   ***   ***   ***

ടേക്ക് ഓഫിന് തയ്യാറായി ഇരമ്പുകയാണ് ഡക്കോട്ട വിമാനത്തിന്റെ എൻ‌ജിനുകൾ.

“നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ കണ്ണടച്ച് ഓ.കെ പറഞ്ഞേനെ” ടേക്ക് ഓഫിന് മുമ്പുള്ള ഫൈനൽ ചെക്കിങ്ങ് കഴിഞ്ഞ് കോക്ക്പിറ്റിലെത്തിയ ബോ‌മ്‌ലറോട് ഗെറിക്ക് പറഞ്ഞു.

“ഇത് ശരിക്കും രോമാഞ്ചജനകമായിരിക്കുമെന്നാണ് തോന്നുന്നത്” ബോമ്‌ലർ ആവേശത്തോടെ പ്രതിവചിച്ചു.

ടേക്ക് ഓഫിന് വേണ്ടിയുള്ള മാർക്ക് ലൈറ്റുകൾ റൺ‌വേയിൽ തെളിഞ്ഞു. പക്ഷേ, ദൂരക്കാഴ്ച്ച മോശമായതിനാൽ ആദ്യത്തെ കുറച്ചെണ്ണം മാത്രമേ കാണുവാൻ കഴിയുന്നുണ്ടായിരുന്നുള്ളൂ. നാൽപ്പതോ അമ്പതോ വാര അപ്പുറമുള്ളതൊന്നും തന്നെ ദൃഷ്ടിക്ക് ഗോചരമല്ല. അവർക്ക് പിന്നിലെ വാതിൽ തുറന്ന് സ്റ്റെയ്നർ കോക്ക്പിറ്റിനുള്ളിലേക്ക് എത്തി നോക്കി.

“അവിടെ എല്ലാവരും റെഡിയല്ലേ?” ഗെറിക്ക് അദ്ദേഹത്തോട് ചോദിച്ചു.

“എല്ലാവരും റെഡി  ടേക്ക് ഓഫിന് വേണ്ടി കാത്തിരിക്കുന്നു  സ്റ്റെയ്നർ മൊഴിഞ്ഞു.

“ഗുഡ് ഞാൻ ഭയപ്പെടുത്തുകയാണെന്ന് കരുതരുത് പക്ഷേ, പറയാതിരിക്കുന്നത് ശരിയല്ല എന്തും തന്നെ സംഭവിക്കാം അതിനുള്ള സാദ്ധ്യത ഏറെയാണ്

ഗെറിക്ക് എൻ‌ജിൻ സ്പീഡ് വർദ്ധിപ്പിച്ചു. അതിന്റെ കഠോര ശബ്ദത്തിനും മുകളിൽ സ്റ്റെയ്നർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.  “ഞങ്ങൾക്ക് താങ്കളിൽ പരിപൂർണ്ണ വിശ്വാസമുണ്ട്

വാതിൽ അടച്ചിട്ട് സ്റ്റെയ്നർ പിൻ‌വാങ്ങി. ഗെറിക്ക് എൻ‌ജിൻ ബൂസ്റ്റ് ചെയ്തു. വിമാനം ഒരു വിറയലോടെ മുന്നോട്ട് കുതിച്ചു. ഒരു പക്ഷേ തന്റെ ജീവിതത്തിലെ ഏറ്റവും സാഹസികമായ ടേക്ക് ഓഫ് ആയിരിക്കും ഇത്. മൂടൽമഞ്ഞിന്റെ പുകമറക്കുള്ളിലേക്ക് റൺ‌വേയിലൂടെ വിമാനം പാഞ്ഞു. ഏകദേശം എൺപത് മൈൽ സ്പീഡ് ആർജ്ജിക്കുന്നത് വരെയെങ്കിലും ഓടേണ്ടതുണ്ട്. അതിന് ശേഷമേ ഉയരുവാൻ സാധിക്കുകയുള്ളൂ.

“മൈ ഗോഡ്…! ഇതാണോ അന്ത്യം..? എല്ലാം അവസാനിച്ചുവോ?” ഒരു നിമിഷം ഗെറിക്ക് ചിന്തിച്ചു.

വേഗത വർദ്ധിക്കും തോറും വിമാനത്തിന്റെ വിറയൽ അസഹനീയമായിക്കൊണ്ടിരുന്നു. കോളം മുന്നോട്ട് താഴ്ത്തിയതോടെ വിമാനത്തിന്റെ പിൻ‌ഭാഗവും നിലത്ത് നിന്ന് ഉയർന്നു. എതിരെ വീശിയ കാറ്റിന്റെ സ്വാധീനത്തിൽ അൽപ്പം വലത്തോട്ട് ചരിഞ്ഞപ്പോൾ അദ്ദേഹം റഡ്ഡറിൽ നേരിയ ഒരു കറക്ഷൻ നടത്തി.

രാത്രിയുടെ നിശ്ശബ്ദതയെ ആ വിമാനത്തിന്റെ ഇരമ്പൽ കീറിമുറിച്ചു. എൺപത് അടി ഉയരത്തിൽ എത്തിയതും തെല്ലൊരു ആശ്വാസത്തോടെ ഗെറിക്ക് പിന്നോട്ട് ചാഞ്ഞ് ഇരുന്നു. എങ്കിലും അദ്ദേഹം കോളത്തിൽ നിന്നും കൈ എടുത്തില്ല. ആയിരക്കണക്കിന് മണിക്കൂറുകൾ പറന്ന പരിചയത്തിൽ നിന്നും എല്ലാം നിയന്ത്രണവിധേയമായി എന്ന തോന്നൽ ലഭിച്ചുകഴിഞ്ഞപ്പോൾ അദ്ദേഹം കോളം പിറകോട്ട് വലിച്ചു.

 “നൌ” ഗെറിക്ക് അലറി.

ആ വാക്കിനായി കാത്തിരുന്ന ബോമ്‌‌ലറുടെ കൈകൾ ഉടൻ അണ്ടർ കാര്യേജ് ലിവറിൽ പ്രവർത്തിച്ചു. വിമാനത്തിന്റെ ചക്രങ്ങൾ ഉള്ളിലേക്ക് കയറിത്തുടങ്ങി. അതേ അവർ പറക്കുവാനാരംഭിച്ചിരിക്കുന്നു. മുന്നിലുള്ള ഒന്നും തന്നെ കാണാനാകാത്ത വിധത്തിലുള്ള കനത്ത മഞ്ഞിനുള്ളിലൂടെ വേഗതയിൽ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഗെറിക്ക് തയ്യാറായിരുന്നില്ല. എൻ‌ജിനുകൾ അതിന്റെ പരമാവധി ശക്തിയിൽ പ്രവർത്തിച്ചുകൊണ്ടിരുന്നു. അഞ്ഞൂറ് അടി ഉയരത്തിൽ എത്തിയതും മൂടൽമഞ്ഞ് തീർത്ത ആവരണത്തിൽ നിന്നും അവർ പുറത്തേക്ക് തെറിച്ചു. വലത് ഭാഗത്തെ റഡ്ഡർ അഡ്ജസ്റ്റ് ചെയ്ത് അദ്ദേഹം വിമാനം കടലിന് മുകളിലേക്ക് വളച്ചെടുത്തു.

താഴെ ഹാങ്കറിന് പുറത്ത് കാറിനുള്ളിൽ കേണൽ റാഡ്‌ൽ ഭീതി നിറഞ്ഞ മുഖവുമായി മഞ്ഞിൽ മൂടി നിൽക്കുന്ന ആകാശത്തിലേക്ക് നോക്കിക്കൊണ്ട് ഇരുന്നു. 

“മൈ ഗോഡ്! ഹീ ഡിഡ് ഇറ്റ്…!” അദ്ദേഹം മന്ത്രിച്ചു.

ഏതാനും നിമിഷങ്ങൾ കൂടി റാഡ്‌ൽ ആകാശത്തേക്ക് കണ്ണും നട്ട് ഇരുന്നു.  ക്രമേണ വിമാനത്തിന്റെ ശബ്ദം അകലെ അലിഞ്ഞലിഞ്ഞ് ഇല്ലാതായതും അദ്ദേഹം ഡ്രൈവർ സീറ്റിൽ ഇരുന്നിരുന്ന സാർജന്റ് വിറ്റിന് നേർക്ക് തിരിഞ്ഞു.

“തിരികെ ഫാം ഹൌസിലേക്ക്, സാർജന്റ് എത്രയും പെട്ടെന്ന് പല കാര്യങ്ങളും ചെയ്ത് തീർക്കാനുണ്ട്


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...