Thursday, September 26, 2013

ഈഗിൾ ഹാസ് ലാന്റഡ് – 100തലേന്ന് രാത്രിയിലെ പാരച്യൂട്ട് ലാന്റിങ്ങിന്റെ അടയാളങ്ങൾ വേലിയേറ്റം മായ്ച്ച് കളഞ്ഞു എന്ന് ഉറപ്പ് വരുത്തുന്നതിന് വേണ്ടി പുലർച്ചെ തന്നെ ഡെവ്‌ലിൻ ബീച്ചിലെത്തി നിരീക്ഷിച്ചിട്ട് പോയിരുന്നു. പിന്നീട് ബ്രേക്ക് ഫാസ്റ്റിന് ശേഷം സ്റ്റെയ്നറെയും കൂട്ടി വീണ്ടും ഒരു വട്ടം കൂടി അദ്ദേഹം അവിടെയെത്തി. രാത്രിയിൽ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്തതിന് ശേഷം E-ബോട്ടിൽ കൊണ്ടുപോകാനുള്ള പിക്ക് അപ്പ് ഏരിയയും പോയിന്റും മൂടൽ മഞ്ഞിനുള്ളിലൂടെ അവ്യക്തമായിട്ടാണെങ്കിലും അവർ കണ്ട് വിലയിരുത്തി. എല്ലാം തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തി മടങ്ങുന്ന വഴിയിൽ കോട്ടേജിന് ഏതാണ്ട് മുപ്പത് വാര അടുത്ത് എത്തിയപ്പോഴാണ് ചുമലിൽ ഒരു പെൺകുട്ടിയെയും വഹിച്ചുകൊണ്ട് പ്രെസ്റ്റൺ ഈറ്റക്കാടുകൾക്കുള്ളിൽ നിന്നും പുറത്തേക്ക് വരുന്നത് കണ്ടത്.

“ഇതെന്താ സംഭവം? ആരാണവൾ?”  സ്റ്റെയ്നർ ആരാഞ്ഞു.

“ഇത് മോളി പ്രിയോർ ആണല്ലോ…! ഞാൻ നേരത്തെ സൂചിപ്പിച്ച പെൺകുട്ടി

ഡെവ്‌ലിൻ അയാളുടെ അടുത്തേക്ക് പാഞ്ഞു. കോട്ടേജിന്റെ മുറ്റത്ത് ഇരുവരും എത്തിയത് ഒരുമിച്ചായിരുന്നു.

“ഡാം‌ൻ യൂ…! അവളെ താഴെയിറക്കാനാണ് പറഞ്ഞത്…”  ഡെവ്‌ലിൻ അലറി.

പ്രെസ്റ്റൺ തിരിഞ്ഞ് അദ്ദേഹത്തെ ഒന്ന് നോക്കി. “ഐ ഡോണ്ട് ടേക്ക് ഓർഡേഴ്സ് ഫ്രം യൂ

ഡെവ്‌ലിന് തൊട്ട് പിന്നിൽ ഓടിയെത്തിയ സ്റ്റെയ്നർ പക്ഷേ, കാര്യം ഏറ്റെടുത്തു.

“ലെഫ്റ്റനന്റ് പ്രെസ്റ്റൺ…!” അദ്ദേഹത്തിന്റെ സ്വരത്തിന് ഉരുക്കിന്റെ ഗാംഭീര്യമുണ്ടായിരുന്നു. “യൂ വിൽ റിലീസ് ദി ലേഡി നൌ…!

ഒന്ന് സംശയിച്ചിട്ട് മനസ്സില്ലാ മനസോടെ അയാൾ മോളിയെ താഴെയിറക്കി. നിലത്ത് കാൽ കുത്തിയതും മോളി കൈ വീശി പ്രെസ്റ്റൺ‌ന്റെ മുഖത്ത് ആഞ്ഞൊരടി കൊടുത്തു.

“ഇനി നീ ആരെയും കയറിപ്പിടിക്കാൻ പാടില്ലയൂ ബഗ്ഗർ” അവൾ ഒച്ചയെടുത്തു.

പെട്ടെന്ന് ധാന്യപ്പുരയുടെ ഉള്ളിൽ നിന്നും ഉത്ഭവിച്ച പൊട്ടിച്ചിരി കേട്ട് അവൾ തിരിഞ്ഞു നോക്കി. ആകാംക്ഷയോടെ അവളെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന കുറേ ചെറുപ്പക്കാരെയാണ് അവൾ കണ്ടത്. അവർക്ക് പിന്നിൽ നിർത്തിയിട്ടിരിക്കുന്ന ആർമി ട്രക്കും മെഷീൺ ഗൺ മൌണ്ട് ചെയ്ത ജീപ്പും തുറന്ന് കിടക്കുന്ന വാതിലിലൂടെ അവൾ കണ്ടു.

പ്രെസ്റ്റണെ തള്ളി മാറ്റി ഡെവ്‌ലിൻ മോളിയുടെ അരികിലെത്തി.

“ആർ യൂ ഓൾ റൈറ്റ് മോളീ?”

“ലിയാം എന്തൊക്കെയാണിത്? എന്താണിവിടെ സംഭവിക്കുന്നത്?” ആശ്ചര്യത്തോടെ അവൾ ചോദിച്ചു.

എന്നാൽ സ്റ്റെയ്നർ അതിവിദഗ്ദ്ധമായി ആ സന്ദർഭം കൈകാര്യം ചെയ്തു.

“ലെഫ്റ്റനന്റ് പ്രെസ്റ്റൺ നിങ്ങൾ ഈ യുവതിയോട് മാപ്പ് പറയുന്നു ഈ നിമിഷം” സ്റ്റെയ്നർ കടുത്ത സ്വരത്തിൽ പറഞ്ഞു.

അത് കാര്യമാക്കാതെ നിസ്സംഗനായി നിന്ന പ്രെസ്റ്റണെ നോക്കി അദ്ദേഹം അലറി. “ഈ നിമിഷം, ലെഫ്റ്റനന്റ്…!

“ചെയ്ത തെറ്റിന് മാപ്പ്, മാഡം” ഞൊടിയിടയിൽ അറ്റൻഷനായി നിന്നിട്ട് പ്രെസ്റ്റൺ മൊഴിഞ്ഞു. അല്പമൊരു പരിഹാസ ധ്വനി അതിൽ അടങ്ങിയിരുന്നുവെങ്കിലും പിന്നെയൊന്നും ഉരിയാടാതെ അയാൾ ധാന്യപ്പുരയുടെ ഉള്ളിലേക്ക് കയറിപ്പോയി.

“ഈ ദൌർഭാഗ്യ സംഭവത്തിൽ ഞാൻ വളരെയധികം ഖേദിക്കുന്നു മിസ്” അവളെ അഭിവാദ്യം ചെയ്ത് സ്റ്റെയ്നർ പറഞ്ഞു.

മോളീ ദിസ് ഈസ് കേണൽ കാർട്ടർ” ഡെവ്‌ലിൻ സ്റ്റെയ്നറെ അവൾക്ക് പരിചയപ്പെടുത്തി.

“ഓഫ് ദി പോളിഷ് ഇൻഡിപെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രൺ” സ്റ്റെയ്നർ പൂരിപ്പിച്ചു.  “തന്ത്രപ്രധാനമായ ഫീൽഡ് ട്രെയ്‌നിങ്ങിനായി എത്തിയതാണ് ഞങ്ങൾ ഈ പ്രദേശത്ത് സുരക്ഷയുടെ കാര്യത്തിൽ പലപ്പോഴും ഇത് പോലെ ആരാണെന്ന് ഒന്നും നോക്കാതെ പെരുമാറുന്നത് പ്രെസ്റ്റൺ‌ന്റെ ഒരു രീതിയാണ്

“പക്ഷേ, ലിയാം  അവളുടെ ആശ്ചര്യം അങ്ങേയറ്റം എത്തിക്കഴിഞ്ഞിരുന്നു.

ഡെവ്‌ലിൻ അവളുടെ കരം കവർന്നു. “ഇപ്പോൾ നീ എന്റെ കൂടെ വരൂ കുതിരപ്പുറത്ത് കയറാൻ ഞാൻ സഹായിക്കാം” അല്പമകലെ പുല്ല് മേഞ്ഞ് കൊണ്ടിരുന്ന കുതിരയുടെ അടുത്തേക്ക് അവളെ നയിച്ചു.

“നീ എന്താണ് ചെയ്തതെന്ന് അറിയുമോ നിനക്ക്?” അദ്ദേഹം അവളെ പതിഞ്ഞ സ്വരത്തിൽ ശകാരിച്ചു. “ഉച്ച കഴിഞ്ഞിട്ട് ഞാൻ വിളിക്കാമെന്ന് പറഞ്ഞിരുന്നതല്ലേ നിന്നോട്? നിന്നെ സംബന്ധിക്കാത്ത കാര്യങ്ങളിൽ തലയിടുന്ന ഈ സ്വഭാവം എന്നാണ് നീ മാറ്റുക?”

“പക്ഷേ എനിക്ക് മനസ്സിലാവുന്നില്ല ലിയാം  പാരാട്രൂപ്പേഴ്സ് ഇവിടെ പിന്നെ നിങ്ങൾ പെയ്ന്റ് ചെയ്ത ആ ട്രക്കും ജീപ്പും ഒക്കെക്കൂടി

അദ്ദേഹം അവളുടെ കൈകളിൽ മുറുകെ പിടിച്ചു.  “അതീവ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മോളീ കേണൽ പറഞ്ഞത് നീ ശ്രദ്ധിച്ചില്ലേ? ആ ലെഫ്റ്റനന്റ് അങ്ങനെ പെരുമാറിയത് എന്ത് കൊണ്ടാണെന്നാണ് നീ വിചാരിച്ചത്? അവരുടെ ഈ വരവിന് ഒരു പ്രത്യേക കാരണമുണ്ട് അവർ പോയിക്കഴിയുമ്പോൾ നിനക്കത് മനസ്സിലാകും പക്ഷേ, തൽക്കാലം അത് അതീവ രഹസ്യമാണെന്ന് മാത്രം അറിയുക അവരെ ഇവിടെ കണ്ട കാര്യം ഒരൊറ്റ ജീവിയോട് പോലും മിണ്ടിപ്പോകരുത് എന്നോട് സ്നേഹമുണ്ടെങ്കിൽ നീയെനിക്ക് വാക്ക് തരണം

അവൾ അദ്ദേഹത്തെ നിർന്നിമേഷയായി നോക്കി. അവൾക്ക് ഏതാണ്ട് എല്ലാം പിടി കിട്ടി കഴിഞ്ഞത് പോലെ തോന്നിച്ചു.

“എനിക്കെല്ലാം മനസ്സിലാവുന്നു ഇപ്പോ‍ൾ നിങ്ങൾ ഇക്കാലമത്രയും ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ രാത്രിയിലെ യാത്രകൾ ഞാൻ വിചാരിച്ചിരുന്നത് ബ്ലാക്ക് മാർക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നുവെന്നാണ് അങ്ങനെ ചിന്തിക്കുവാൻ നിങ്ങളെന്നെ അനുവദിക്കുകയും ചെയ്തു പക്ഷേ, എനിക്ക് തെറ്റിപ്പോയി നിങ്ങൾ ഇപ്പോഴും ആർമിയിലാണ് അല്ലേ? അതല്ലേ സത്യം?”

“ശരിയാണ് അല്ലെന്ന് പറയാൻ എനിക്ക് കഴിയില്ല” ഡെവ്‌ലിൻ പറഞ്ഞതിൽ അല്പം വാസ്തവം ഇല്ലാതിരുന്നില്ല.

അവളുടെ കണ്ണുകൾ തിളങ്ങി. “ഓ, ലിയാം എന്നോട് ക്ഷമിക്കണം സിൽക്ക് സ്റ്റോക്കിങ്ങ്സും വിലകൂടിയ മദ്യവും കരിഞ്ചന്തയിൽ നിന്നും സംഘടിപ്പിക്കുന്ന ഒരു കള്ളക്കടത്തുകാ‍രനാണ് നിങ്ങളെന്ന് വിചാരിച്ചു പോയി ഞാൻ

ഡെവ്‌ലിൻ ആശ്വാസത്തോടെ ഒരു ദീർഘശ്വാസം എടുത്തിട്ട് ബുദ്ധിമുട്ടി പുഞ്ചിരി മുഖത്ത് വരുത്തി. “ക്ഷമിക്കുന്ന കാര്യം തീർച്ചയായും പരിഗണിക്കാം ഇപ്പോൾ നല്ല കുട്ടിയായി വീട്ടിൽ പോയി ഞാൻ വിളിക്കുന്നത് വരെ കാത്തിരിക്കൂ എത്ര വൈകിയാലും ശരി

“തീർച്ചയായും ലിയാം തീർച്ചയായും ഞാൻ കാത്തിരിക്കും

അവൾ അദ്ദേഹത്തിന്റെ പിൻ‌കഴുത്തിൽ കൈ ചുറ്റി തന്നോടടുപ്പിച്ച് ഗാഢമായി ഒരു ചുംബനം നൽകിയിട്ട് കുതിരയുടെ പുറത്ത് കയറി.

“ഓർമ്മയുണ്ടല്ലോ ഇക്കാര്യത്തെക്കുറിച്ച് ആരോടും ഒരക്ഷരവും മിണ്ടിപ്പോകരുത്” ഡെവ്‌ലിൻ ഓർമ്മിപ്പിച്ചു.

“തീർച്ചയായും നിങ്ങൾക്കെന്നെ വിശ്വസിക്കാം അക്കാര്യത്തിൽ” കുതിരയുടെ അടിവയറ്റിൽ തന്റെ ഷൂവിന്റെ മുന കൊണ്ട് പതുക്കെ തട്ടി ഈറ്റക്കാടുകൾക്കിടയിലൂടെ മോളി അതിവേഗം ഓടിച്ചു പോയി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, September 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 99ശനിയാഴ്ച്ചയിലെ പ്രഭാതം. രാവിലെ പത്ത് മണി കഴിഞ്ഞിരിക്കുന്നു. ഹോബ്സ് എന്റ് ലക്ഷ്യമാക്കി തന്റെ കുതിരപ്പുറത്ത് പതുക്കെ നീങ്ങുകയാണ് മോളി. രാത്രി തോരാതെ പെയ്തിരുന്ന മഴ ശക്തി കുറഞ്ഞ് ചാറ്റൽ മഴയായി മാറിയെങ്കിലും വഴിയരികിലെ പാടശേഖരങ്ങളും ചതുപ്പുനിലങ്ങളും ഇപ്പോഴും മൂടൽ മഞ്ഞിന്റെ പിടിയിൽ അമർന്നിരിക്കുകയാണ്.

പതിവിലും നേരത്തെ ഉറക്കമുണർന്നതാണവൾ. ലെയ്കർ ആംസ്ബിയ്ക്ക് ഇന്ന് സെമിത്തേരിയിൽ ഒരു കുഴിയെടുക്കുവാനുള്ളതിനാൽ പശുക്കളെ കറക്കാൻ വരില്ല എന്ന് തലേദിവസം അറിയിച്ചിരുന്നു. പശുക്കൾക്കെല്ലാം ഭക്ഷണവും വെള്ളവും കൊടുത്തിട്ട് കറവയും അവൾ തന്നെ നിർവ്വഹിച്ചു. അതിന് ശേഷം തന്റെ കുതിരയുമായി ഹോബ്സ് എന്റിലെ ചതുപ്പുകൾകരികിലേക്ക് തിരിച്ചത് പെട്ടെന്നുണ്ടായ ഒരു ഉൾപ്രേരണയാലായിരുന്നു. ഡെവ്‌ലിൻ വിളിക്കുന്നത് വരെ അദ്ദേഹത്തെ അന്വേഷിച്ച് അങ്ങോട്ട് ചെല്ലുകയില്ല എന്ന് വാക്ക് കൊടുത്തിരുന്നെങ്കിലും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചിരിക്കുമോ എന്ന ഉത്കണ്ഠ അവളുടെ മനസ്സിനെ അലട്ടിയിരുന്നു. ബ്ലാക്ക് മാർക്കറ്റ് ബിസിനസുമായി ബന്ധമുള്ളവർക്ക് പിടിക്കപ്പെട്ടാൽ കടുത്ത ജയിൽ ശിക്ഷയാണ് അനുഭവിക്കേണ്ടി വരിക.

കോട്ടേജിന്റെ പിൻ‌ഭാഗത്ത് കൂടി കോമ്പൌണ്ടിലേക്ക് കടന്നാലോ എന്ന ചിന്തയിൽ അവൾ കുതിരയെ ചതുപ്പിനുള്ളിലേക്ക് നയിച്ചു. ചതുപ്പിലേക്ക് ഇറങ്ങിയ കുതിരയുടെ അടിവയറ് വരെ എത്തിയ ചളിവെള്ളം അവളുടെ ഷൂവിനുള്ളിലും അൽപ്പം കയറാതിരുന്നില്ല. എന്നാൽ അത് അത്ര കാര്യമാക്കാതെ കുതിരയെ അതിന്റെ ഇഷ്ടത്തിന് വിട്ട് അതിന്റെ കഴുത്തിലേക്ക് ചാഞ്ഞ് കിടന്ന് മൂടൽ മഞ്ഞിനുള്ളിലൂടെ എന്തെങ്കിലും ദൃശ്യമാകുന്നുവോ എന്ന് സൂക്ഷിച്ച് നോക്കി. വിറക് എരിയുന്ന പുകയുടെ ഗന്ധത്തിനായി അവളുടെ നാസിക വെമ്പൽ കൊണ്ടു. മഞ്ഞിന്റെ ആവരണത്തിലൂടെ പതുക്കെ ആ ധാന്യപ്പുരയും ഡെവ്‌ലിന്റെ കോട്ടേജും തെളിഞ്ഞ് വന്നു. അതേ കോട്ടേജിന്റെ ചിമ്മിനിയിൽ നിന്നും പുക മുകളിലേക്കുയരുന്നുണ്ട്.

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം അവൾ ശങ്കിച്ചു. ലിയാം അവിടെത്തന്നെയുണ്ട് ഉദ്ദേശിച്ചതിലും നേരത്തെ അദ്ദേഹം തിരിച്ചെത്തിക്കാണണം.  പക്ഷേ, ഇപ്പോൾ അങ്ങോട്ട് കയറിച്ചെന്നാൽ അദ്ദേഹത്തിന്റെ ജോലിക്കാര്യങ്ങളിൽ വീണ്ടും താൻ അനാവശ്യമായി ഇടപെടുന്നു എന്നായിരിക്കും ധരിക്കുക. അവൾ കുതിരയെ പതുക്കെ  പിറകോട്ട് തിരിച്ചു.


                             ** ** ** ** ** ** ** ** ** ** ** ** ** ** ** ** 

പുറത്തേക്ക് ഇറങ്ങുന്നതിനുള്ള തയ്യാറെടുപ്പിനോടനുബന്ധിച്ച് പാരട്രൂപ്പ് സംഘാംഗങ്ങൾ ധാന്യപ്പുരയിൽ തങ്ങളുടെ ആയുധങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജീപ്പിൽ ബ്രൌണിങ്ങ് M2 മെഷീൻ ഗണ്ണുകൾ മൌണ്ട് ചെയ്യുന്നതിന്റെ മേൽനോട്ടം വഹിക്കുകയാണ് ബ്രാൺ‌ഡ്ടും സർജന്റ് ആൾട്മാനും. ഇതിന്റെയെല്ലാം സൂത്രധാരൻ താനാണ് എന്ന മട്ടിൽ കൈകൾ പിന്നിൽ കെട്ടി വീക്ഷിച്ചുകൊണ്ട് നിൽക്കുന്ന പ്രെസ്റ്റണെ ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.

ധാന്യപ്പുരയുടെ പിൻ‌ഭാഗത്തെ പാതി തുറന്ന ജനാലയിൽ ബൈനോക്കുലേഴ്സിലൂടെ ദൂരെയുള്ള ചതുപ്പ് നിലങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ് വെർണർ ബ്രീഗലും ക്ലൂഗലും. കാട്ടുതാറാവുകളും കുളക്കോഴികളും മറ്റുമായി ധാരാളം പക്ഷി വർഗ്ഗങ്ങളെ ആ ഈറ്റക്കാടുകളിൽ അവർക്ക് കാണാനായി.

“അതാ, അവിടെ മറ്റൊന്ന് ഒരു പച്ച സാന്റ് പൈപ്പർ വസന്തകാലത്ത് ദേശാടനത്തിനായി പുറപ്പെടുന്ന പക്ഷിയാണ് പക്ഷേ, അവ ബ്രിട്ടണിൽ എത്തുമ്പോഴേക്കും ശൈത്യകാലമാകും” ബൈനോക്കുലേഴ്സ് അല്പം വലത് വശത്തേക്ക് പതുക്കെ മാറ്റിക്കൊണ്ട് ക്ലൂഗൽ പറഞ്ഞു. പെട്ടെന്നാണ്‌ അയാളുടെ ദൃഷ്ടിപഥത്തിൽ മോളി കടന്ന് കയറിയത്.

“മൈ ഗോഡ്! ആരോ നമ്മളെ നിരീക്ഷിക്കുന്നുണ്ട്…!” ക്ലൂഗൽ അമ്പരപ്പോടെ പറഞ്ഞു.

ഞൊടിയിടയിൽ ബ്രാൺ‌ഡ്ടും പ്രെസ്റ്റണും അയാളുടെ അരികിൽ ഓടിയെത്തി.

“ഐ വിൽ ഗെറ്റ് ഹെർ” മോളിയെ കണ്ടതും പ്രെസ്റ്റൺ തിരിഞ്ഞ് വാതിലിനടുത്തേക്ക് പാഞ്ഞു.

അയാളെ പിടിച്ച് നിർത്താൻ ബ്രാൺ‌ഡ്ട് തുനിഞ്ഞെങ്കിലും വൈകിപ്പോയിരുന്നു. മുറ്റവും കടന്ന് നിമിഷങ്ങൾക്കകം അയാൾ ഈറ്റക്കാടുകൾക്കുള്ളിലെത്തി. മോളി തന്റെ കുതിരയുടെ കടിഞ്ഞാൺ നിയന്ത്രിച്ച് അയാളുടെ നേർക്ക് തിരിച്ചു. തന്റെ അരികിലേക്ക് ഓടി വന്നത് ഡെവ്‌ലിൻ ആണെന്നായിരുന്നു ആദ്യം അവൾ കരുതിയത്. കുതിരയുടെ കടിഞ്ഞാണിൽ പിടുത്തമിട്ട പ്രെസ്റ്റണെ അമ്പരപ്പോടെ അവൾ നോക്കി.

“നിന്നെ ഞങ്ങൾക്ക് വേണം” പ്രെസ്റ്റൺ അവളെ പിടിക്കുവാൻ തുനിഞ്ഞു.

അയാളുടെ പിടിയിൽ നിന്നും രക്ഷപെടുവാനുള്ള വ്യഗ്രതയിൽ അവൾ കുതിരയെ മുന്നോട്ട് തെളിക്കുവാൻ ശ്രമിച്ചു. “എന്നെ വെറുതെ വിട്ടേക്കൂ ഞാൻ നിങ്ങൾക്കൊരു ദ്രോഹവും ചെയ്തില്ലല്ലോ

പ്രെസ്റ്റൺ അവളുടെ വലത് കൈത്തണ്ടയിൽ പിടിച്ച് താഴേക്ക് വലിച്ചു. കുതിരപ്പുറത്ത് നിന്നും താഴേക്ക് വീഴാനാഞ്ഞ അവളെ പ്രെസ്റ്റൺ തന്റെ കൈകളിൽ ഏറ്റുവാങ്ങി. 

“നിന്നെ വെറുതേ വിടണോ വേണ്ടയോ എന്ന് വഴിയേ തീരുമാനിക്കാം എന്താ അങ്ങനെയല്ലേ?”

തന്റെ കൈകളിൽ നിന്നും കുതറിമാറാൻ ശ്രമിക്കുന്ന അവളുടെ മേൽ അയാൾ പിടി മുറുക്കി. എന്നിട്ട് അവളെ തന്റെ ചുമലിൽ എടുത്തിട്ട് പ്രെസ്റ്റൺ ഈറ്റക്കാടിനുള്ളിലൂടെ ധാന്യപ്പുരയുടെ നേർക്ക് നടന്നു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, September 8, 2013

ഈഗിൾ ഹാസ് ലാന്റഡ് – 98ഡക്കോട്ട വിമാ‍നത്തിൽ സ്ഥിതിഗതികൾ അത്യന്തം പ്രസന്നമായിരുന്നു. പ്രത്യേകിച്ച് സംഭവ വികാസങ്ങളൊന്നും തന്നെ കൂടാതെ മടക്കയാത്ര അവസാനിക്കാറായിരിക്കുന്നു. നെതർലാന്റ്സിന്റെ തീരത്തേക്ക് വെറും മുപ്പത് മൈൽ മാത്രം അവശേഷിക്കുന്നു ഇനി. തെർമോഫ്ലാസ്ക് തുറന്ന് ബോമ്‌ലർ ഒരു കപ്പ് കാപ്പി കൂടി പകർന്ന് ഗെറിക്കിന് നൽകി.

“അങ്ങനെ നാം തിരികെയെത്തിയിരിക്കുന്നു” അയാൾ പറഞ്ഞു.

ആഹ്ലാദത്തോടെ ഗെറിക്ക് തല കുലുക്കി.  എന്നാൽ പെട്ടെന്നാണ് അദ്ദേഹത്തിന്റെ മുഖത്തെ മന്ദഹാസം മാഞ്ഞത്. ഹെഡ്ഫോണിലൂടെ കേട്ട സുപരിചിതമായ ആ സ്വരം ഹാൻസ് ബെർഗറിന്റേതായിരുന്നു. താൻ മുമ്പ് പ്രവർത്തിച്ചിരുന്ന NJG7 യൂണിറ്റിന്റെ കൺ‌ട്രോളർ.

“ബെർഗറല്ലേ അത്?” ബോമ്‌‌ലർ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു.

“അല്ലാതെ വേറെ ആര്? എത്രയോ തവണ നിങ്ങൾ ശ്രവിച്ചിരിക്കുന്നു ആ സ്വരം” ഗെറിക്ക് പറഞ്ഞു.

“സ്റ്റിയർ ഓ-എയ്റ്റ്-ത്രീ ഡിഗ്രീസ്  ഹെഡ്ഫോണിലെ ഇരമ്പലിനിടയിലും ബെർഗറുടെ സ്വരം അവർ വ്യക്തമായി കേട്ടു.

“ഏതോ ഒരു നൈറ്റ് ഫൈറ്റർ വിമാനത്തിനുള്ള നിർദ്ദേശങ്ങളാണെന്ന് തോന്നുന്നു ആക്രമണത്തിനായി” ബോമ്‌ലർ പറഞ്ഞു.

“ടാർഗറ്റ് ഫൈവ് കിലോമീറ്റേഴ്സ്

തങ്ങളുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയിന്മേൽ ചുറ്റികയുടെ താഡനം പോലെ  ഗെറിക്കിന്റെ കർണ്ണങ്ങളിൽ ബെർഗറുടെ ആ വാക്കുകൾ പതിച്ചു. എല്ലാം സ്ഫടികം പോലെ വ്യക്തം. അദ്ദേഹത്തിന്റെ ഉള്ളിൽ നിന്നും ഒരു കാളൽ മുകളിലേക്കുയർന്നു. എങ്കിലും ഭയചകിതനായില്ല ഗെറിക്ക്. എത്രയോ വർഷങ്ങളായി പലപ്പോഴും മരണത്തെ തൊട്ടു മുന്നിൽ കണ്ടിരിക്കുന്നു.

“നമ്മളാണ് പീറ്റർ.! നമ്മളാണ് അവരുടെ ടാർഗറ്റ്…!” ബോമ്‌ലർ ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തിന്റെ ചുമലിൽ പിടിച്ച് കുലുക്കി.

അടുത്ത നിമിഷം വിമാനം അതിശക്തമായി ഒന്നുലഞ്ഞു. കോക്ക്പിറ്റിന്റെ ഫ്ലോർ തുളച്ച് ഇൻസ്ട്രുമെന്റ് പാനലും വിൻഡ് സ്ക്രീനും തകർത്തുകൊണ്ട് പീരങ്കിയിൽ നിന്നുള്ള ഷെൽ മുകളിലേക്ക് കടന്നുപോയി. തകർന്ന ലോഹാവശിഷ്ടങ്ങൾ ഗെറിക്കിന്റെ വലത് തുടയുടെ മുകളിലേക്ക് വന്ന് പതിച്ചു. ഒപ്പം തന്നെ എന്തോ ഒന്ന് ശക്തിയോടെ അദ്ദേഹത്തിന്റെ ഇടത് കൈമുട്ടിന് മുകളിലായി വന്നടിച്ചു. എന്താണ് സംഭവിക്കുന്നതെന്ന് തന്റെ മസ്തിഷ്കത്തിന്റെ അക്ഷോഭ്യമായ ഭാഗം അദ്ദേഹത്തിന്‌ പറഞ്ഞുകൊടുത്തു. മുമ്പ് ശത്രുക്കളുടെ മേൽ താൻ നടത്തിയിരുന്ന തരത്തിലുള്ള ആക്രമണം ടാർഗറ്റിന്റെ തൊട്ടു താഴെ കൂടി സഞ്ചരിച്ച് മുകളിലേക്ക് ഫയർ ചെയ്യുക തന്റെ തന്നെ ഏതെങ്കിലും ഒരു സഹപ്രവർത്തകനായിരിക്കാം അത് പക്ഷേ, ഒരേ ഒരു വ്യത്യാസം മാത്രംഇത്തവണ അത് ഏറ്റുവാങ്ങുവാനുള്ള യോഗം തനിക്കാണ്

വിമാനം താഴേക്ക് പതിക്കാൻ തുടങ്ങവേ ഗെറിക്ക് കൺ‌ട്രോൾ കോളവുമായി മല്ലിട്ട് വിമാനത്തെ സ്റ്റെഡിയാക്കുവാൻ ആവുന്നത്ര പരിശ്രമിച്ചു. മുഖം നിറയെ രക്തവുമായി ബോമ്‌ലർ സീറ്റിൽ നിന്ന്‌ എഴുന്നേൽക്കാൻ പാടു പെടുന്നുണ്ടായിരുന്നു.

“ഗെറ്റ് ഔട്ട്! വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാകുകയാണ്” ഉടഞ്ഞ വിൻഡ് സ്ക്രീനിലൂടെ അടിച്ചുകയറുന്ന കാറ്റിന്റെ ഗർജ്ജനത്തിനും മേലെ ഗെറിക്ക് അലറി.

ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ ബോമ്‌ലർ എന്തോ പറയുവാനായി തുനിയുന്നുണ്ടായിരുന്നു. ഇടംകൈയിലെ അസഹനീയ വേദന അവഗണിച്ച് ഗെറിക്ക് ബോമ്‌ലറുടെ മുഖം പിടിച്ച് കുലുക്കി. 

“ഗെറ്റ് ഔട്ട്! ഇതെന്റെ ഓർഡറാണ്

ബോ‌മ്‌ലർ തിരിഞ്ഞ് പിൻ‌ഭാഗത്തെ എക്സിറ്റിനടുത്തേക്ക് നടന്നു. വളരെ ദയനീയമായിരുന്നു വിമാനത്തിന്റെ അവസ്ഥ. പീരങ്കിയിൽ നിന്നും വെടിയേറ്റതിന്റെ ഫലമായി നിരവധിയിടങ്ങളിൽ അത്ര ചെറുതല്ലാത്ത ദ്വാരങ്ങൾ രൂപം കൊണ്ടിരിക്കുന്നു. തകർന്ന ലോഹക്കഷണങ്ങൾ ശക്തിയായ കാറ്റേറ്റ് ഇളകി പ്രകമ്പനം കൊള്ളുന്നു. ഇന്ധനം കത്തിയെരിയുന്ന പുകയുടെ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് അടിച്ചു കയറിയതോടെ  അയാൾ അത്യന്തം പരിഭ്രാന്തനായി. എക്സിറ്റ് ഡോർ എന്തുവില കൊടുത്തും തുറക്കുവാനായി അയാൾ അതിന്റെ ഹാൻഡിലിൽ മൽപ്പിടുത്തം നടത്തി.

“ദൈവമേ എരിഞ്ഞ് ചാവാൻ അനുവദിക്കരുതേ എന്നെഅതൊഴിച്ച് മറ്റെന്തും സഹിക്കാം” ബോമ്‌ലർ വേദനയോടെ ഓർത്തു. അടുത്ത മാത്രയിൽ തുറക്കപ്പെട്ട വാതിലിന് മുന്നിൽ ഒരു നിമിഷം നിന്നിട്ട് മുന്നിലെ ഇരുട്ടിലേക്ക് അയാൾ കാലെടുത്ത് വച്ചു.

നിയന്ത്രണം നഷ്ടപ്പെട്ട ഡക്കോട്ടയുടെ ഇടത് വശത്തെ ചിറക് മുകളിലേക്ക് ചരിഞ്ഞുയർന്നു. വിമാനത്തിൽ നിന്നും പുറത്തേക്ക് ചാടിയ ബോമ്‌ലറാകട്ടെ ഒന്ന് കരണം മറിഞ്ഞതിന് ശേഷം പാരച്യൂട്ടിന്റെ റിപ് കോഡ് റിലീസ് ചെയ്തു. വിടർന്ന് ഒരു വലിയ പുഷ്പത്തിന്റെ രൂപം പ്രാപിച്ച പാരച്യൂട്ട് സാവധാനം അയാളെ താഴെ ഇരുട്ടിലേക്ക് നയിച്ചു.

താഴേക്ക് പതിച്ചുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ഇടത് ഭാഗത്തെ എൻ‌ജിനിൽ നിന്നും ഉത്ഭവിച്ച തീ ചിറകിലൂടെ പടർന്ന് വിമാനത്തിന്റെ ബോഡിയിൽ എത്തിക്കഴിഞ്ഞിരുന്നു. തന്റെ സീറ്റിലിരുന്ന് വിമാനത്തെ നിയന്ത്രിക്കാൻ അപ്പോഴും കിണഞ്ഞ് പരിശ്രമിക്കുകയായിരുന്നു ഗെറിക്ക്. ഇടത് കൈയിൽ രണ്ടിടങ്ങളിലായി ഒടിവ് സംഭവിച്ചതിനെക്കുറിച്ച് ബോധവാനായിരുന്നില്ല അദ്ദേഹം.

നിറഞ്ഞു തുടങ്ങുന്ന പുകയിലൂടെ, രക്തം ഒലിച്ചിറങ്ങുന്ന കണ്ണുകളുമായി പുറത്തേക്ക് നോക്കുവാൻ ബദ്ധപ്പെടവേ വ്യസനത്തോടെ അദ്ദേഹം മന്ദഹസിച്ചു.  വല്ലാത്തൊരു മരണം തന്നെ തന്റേത് ക്യാരിൻ ഹാളിലെ സ്വീകരണവുമില്ല, Knight’s Cross ബഹുമതിയുമില്ല മരണാനന്തര ബഹുമതിയായി ആ അവാർഡ് ഏറ്റുവാങ്ങാൻ വരുന്ന തന്റെ പിതാവിന്റെ ദുഃഖം ഒരു നിമിഷം അദ്ദേഹം മനസ്സിൽ കണ്ടു.

പെട്ടെന്നാണ് പുകമറ മാഞ്ഞത്. മേഘക്കൂട്ടങ്ങൾക്കിടയിലെ വിടവിലൂടെ താഴെയുള്ള കടൽപ്പരപ്പ് കാണ്മാനുണ്ട്. ഡച്ച് തീരം അത്ര അകലെയല്ല. ഒന്നോ രണ്ടോ കപ്പലുകൾ കടലിൽ നീങ്ങുന്നു. അതിലൊന്നിൽ നിന്ന് ഒരു ട്രെയ്സർ ലൈൻ തീ കൊളുത്തി മുകളിലേക്ക് ഉയരുന്നത് ഗെറിക്കിന്റെ കണ്ണിൽപ്പെട്ടു. അതിൽ ഒരു *E-ബോട്ടിൽ നിന്നുമാണ് സിഗ്നൽ. അദ്ദേഹത്തിന് ചിരി വന്നു. (*E-ബോട്ട് – ബ്രിട്ടീഷ് യുദ്ധക്കപ്പൽ)

സീറ്റിൽ നിന്നും എഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തന്റെ ഇടത് പാദം വെടിയേറ്റ് തകർന്ന ലോഹപാളികൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഗെറിക്ക് തിരിച്ചറിഞ്ഞത്. അഥവാ ഇനി എഴുന്നേൽക്കാൻ കഴിയുമായിരുന്നെങ്കിൽ തന്നെ വളരെ വൈകിപ്പോയിരുന്നു. പാരച്യൂട്ടിൽ ചാടേണ്ട ഉയരത്തിൽ നിന്നും വളരെ താഴെ എത്തിക്കഴിഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽ നിന്നും കഷ്ടിച്ച് മുന്നൂറ് അടി ഉയരം മാത്രമേയുള്ളൂ ഇപ്പോൾ. വലത്‌ഭാഗത്തായി നീങ്ങിക്കൊണ്ടിരുന്ന ആ E-ബോട്ട് താഴോട്ട് പതിക്കുന്ന വിമാനത്തെ ലക്ഷ്യമാക്കി ഒരു വേട്ടനായയെപ്പോലെ കുതിക്കുന്നതും അതിലെ പീരങ്കികൾ പ്രവർത്തിച്ച് തുടങ്ങുന്നതും അപ്പോഴാണ് ഗെറിക്ക് ശ്രദ്ധിച്ചത്. വിമാനത്തിന്റെ മുറിവേറ്റ ശരീരത്തിൽ വെടിയുണ്ടകൾ ഓരോന്നായി വീണ്ടും വീണ്ടും സംഹാരതാണ്ഡവമാടി.

“ബാസ്റ്റർഡ്സ്...! സ്റ്റുപ്പിഡ് ബാസ്റ്റർഡ്സ്…!” ഗെറിക്ക് അലറി. പിന്നെ നിസ്സഹായനായി പുഞ്ചിരിച്ചുകൊണ്ട്, ബോമ്‌ലർ അപ്പോഴും തന്റെ ഇടതുവശത്തെ സീറ്റിൽ ഇരിക്കുന്നുണ്ടെന്ന മട്ടിൽ പതുക്കെ പറഞ്ഞു. “ഇവന്മാർക്കിതെന്ത് പറ്റി? ഇതൊരു ബ്രിട്ടീഷ് വിമാനമാണെന്ന് ഇനിയും മനസ്സിലായില്ലെന്നുണ്ടോ?”

പെട്ടെന്ന് വീശിയടിച്ച കാറ്റിൽ പുകമറ മാറിക്കിട്ടിയതോടെ താഴത്തെ ദൃശ്യം വളരെ വ്യക്തമായി. കടൽനിരപ്പിലേക്ക് ഇനി ഏതാണ്ട് നൂറ് അടി മാത്രം. നിമിഷങ്ങൾക്കകം വെള്ളത്തിലേക്ക് പതിക്കുകയായി.

ഞൊടിയിടയിൽ ഗെറിക്കിന്റെ ഉള്ളിലെ പൈലറ്റിന്റെ അസാധാരണ വൈദഗ്ദ്ധ്യം ഉണർന്ന് പ്രവർത്തിക്കുവാൻ തുടങ്ങി. രക്ഷപെടുവാനുള്ള അദമ്യമായ വാഞ്ഛ അദ്ദേഹത്തിന് പുതിയ കരുത്തേകി. ഒടിഞ്ഞ ഇടത് കൈയിലെ വേദന കൂട്ടാക്കാതെ കൺ‌ട്രോൾ കോളത്തിൽ അദ്ദേഹത്തിന്റെ കരങ്ങൾ പ്രവർത്തിച്ചു. ത്രോട്ട്‌ൽ അഡ്ജസ്റ്റ് ചെയ്തതോടെ ചിറകുകളിൽ ബാക്കിയുണ്ടായിരുന്ന ഫ്ലാപ്പുകൾ താഴോട്ട് ടിൽറ്റ് ചെയ്തു.

ഡക്കോട്ട ഇപ്പോൾ ഏതാണ്ട് സ്റ്റെഡിയായിരിക്കുന്നു. ലാന്റിങ്ങ് പൊസിഷനിൽ എന്ന പോലെ വിമാനത്തിന്റെ പിൻ‌ഭാഗം അൽപ്പം താഴുവാനാരംഭിച്ചു. അവസാന പ്രവൃത്തിയെന്ന നിലയിൽ എൻ‌ജിന് മാക്സിമം പവർ കൊടുത്ത് മുൻഭാഗം സ്റ്റെഡിയാക്കിയതും വിമാനത്തിന്റെ പിൻഭാഗം കടലോളങ്ങളെ സ്പർശിച്ചു. ഗെറിക്കിന്റെ വിരലുകൾ കൺ‌ട്രോൾ കോളത്തിൽ വീണ്ടും പ്രവർത്തിച്ചു. ഒരു സർഫ്‌ബോർഡ് പോലെ ഓളങ്ങൾക്ക് മുകളിലൂടെ മൂന്ന് വട്ടം തെന്നിത്തെറിച്ചതിന് ശേഷം വിമാനം നിശ്ചലമായി. എൻ‌ജിനിൽ പടർന്ന് പിടിച്ചിരുന്ന അഗ്നിജ്വാലകളെ ആവേശത്തോടെ പാഞ്ഞെത്തിയ തിരമാലകൾ ശീൽക്കാരശബ്ദത്തോടെ തഴുകി അണച്ചു.

ഒരു നിമിഷം ഗെറിക്ക് തന്റെ സീറ്റിൽ അമർന്ന് ഇരുന്നു. തന്നാൽ കഴിയുന്നതെല്ലാം ചെയ്തിരിക്കുന്നു. കാൽപ്പാദങ്ങൾക്ക് തൊട്ടുമുകളിലായി കടൽവെള്ളം എത്തിനോക്കുന്നു. എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും ഇടത് കാൽ കുടുങ്ങിക്കിടക്കുന്നതിനാൽ സാധിക്കുന്നില്ല. പിന്നെ മറ്റൊന്നും ആലോചിക്കാൻ നിന്നില്ല അദ്ദേഹം. വലതുഭാഗത്തെ ചുവരിലെ ക്ലിപ്പിൽ നിന്നും ഫയർ ആക്സ് ഊരിയെടുത്ത് തന്റെ പാദം കുടുങ്ങിക്കിടക്കുന്ന ലോഹപാളികളിൽ ആഞ്ഞ് വെട്ടി. ആ പ്രവൃത്തിയിൽ തന്റെ കണങ്കാൽ തകർന്നുവെങ്കിലും ആ കുടുക്കിൽ നിന്നും കാൽ വലിച്ചൂരിയെടുക്കുവാൻ സാധിച്ചു അദ്ദേഹത്തിന്.

അടുത്ത നിമിഷം സീറ്റിൽ നിന്നെഴുന്നേറ്റ ഗെറിക്കിന് വാതിൽ തുറക്കുവാൻ ഒട്ടും ബുദ്ധിമുട്ടുണ്ടായില്ല. കടലിലേക്ക് വീണ അദ്ദേഹം വിമാനത്തിന്റെ ചിറകിൽ പിടിച്ചുകിടന്നുകൊണ്ട് ലൈഫ് ജാക്കറ്റിന്റെ റിലീസ് റിങ്ങ് വലിച്ചൂരി. ലൈഫ് ജാക്കറ്റിൽ സാമാന്യം മോശമല്ലാത്ത വിധം വായു നിറഞ്ഞതോടെ വെള്ളത്തിനടിയിലേക്ക് താഴ്ന്നു തുടങ്ങിയിരുന്ന വിമാനത്തിന്റെ ചിറകിൽ വലത് കാൽ കൊണ്ട് ചവിട്ടിത്തിരിഞ്ഞ് ദൂരേയ്ക്ക് ഒഴിഞ്ഞ് മാറി.  

തനിക്കരികിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന E-ബോട്ടിനെ കണ്ടുവെങ്കിലും അദ്ദേഹം അതിനെ ഗൌനിക്കുവാൻ നിന്നില്ല. ലൈഫ് ജാക്കറ്റിന്റെ സഹായത്തോടെ ഫ്ലോട്ട് ചെയ്തുകൊണ്ട് ഗെറിക്ക്, കടലിന്നടിയിലേക്ക് പൂർണ്ണമായും മറഞ്ഞുകൊണ്ടിരിക്കുന്ന ആ ഡക്കോട്ട വിമാനത്തെ നിർന്നിമേഷനായി നോക്കി കിടന്നു.

“നിന്നെ ഏൽപ്പിച്ച ദൌത്യം നീ ഭംഗിയായി നിറവേറ്റി എന്റെ പഴഞ്ചൻ സുഹൃത്തേ ഭംഗിയായി നിറവേറ്റി” അദ്ദേഹം പറഞ്ഞു.

അരികിലെത്തിയ E-ബോട്ടിൽ നിന്നും ഒരു ചുരുൾ കയർ അദ്ദേഹത്തിന് സമീപം വന്ന് വീണു. തൊട്ട് പിറകേ കടുത്ത ജർമ്മൻ ചുവയുള്ള ഇംഗ്ലീഷിൽ ആരോ വിളിച്ചു പറയുന്ന സ്വരവും. “ക്യാച്ച് ഹോൾഡ്, റ്റോമീ* നിങ്ങളെ വലിച്ച് മുകളിലെത്തിക്കാം നിങ്ങളിപ്പോൾ സുരക്ഷിതനാണ്  (റ്റോമി* – ബ്രിട്ടീഷുകാരെ വിളിക്കുന്ന ഇരട്ടപ്പേര്).

തിരിഞ്ഞ് മുകളിലേക്ക് നോക്കിയ ഗെറിക്ക് കണ്ടത് ഡെക്കിൽ നിൽക്കുന്ന ചെറുപ്പക്കാരനായ ജർമ്മൻ നേവൽ ലെഫ്റ്റ്നന്റിനെയും ആകാംക്ഷയോടെ തന്നെത്തന്നെ ഉറ്റു നോക്കിക്കൊണ്ട് നിൽക്കുന്ന അര ഡസൻ നാവികരെയുമാണ്.

“ഞാൻ സുരക്ഷിതനാണല്ലേ…? സ്റ്റുപ്പിഡ് ബാസ്റ്റർഡ്സ് നിങ്ങളുടെ കൂട്ടത്തിൽപ്പെട്ടവൻ തന്നെയാണ് ഞാനും, ദുഷ്ടന്മാരേ  ജർമ്മൻ ഭാഷയിൽ ഗെറിക്ക് പ്രതിവചിച്ചു.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...