Thursday, February 28, 2013

ഈഗിൾ ഹാസ് ലാന്റഡ് – 74



മോളിയുടെ വീട്ടിൽ നിന്നും മടങ്ങുമ്പോൾ സമയം വളരെ വൈകിയിരുന്നു. ഇരുണ്ട ആകാശത്തിനറ്റത്ത് ചക്രവാളത്തിൽ ഇടയ്ക്കിടെ മുഖം കാണിക്കുന്ന മിന്നൽപ്പിണരുകൾ. എപ്പോൾ വേണമെങ്കിലും കോരിച്ചൊരിയാൻ തയ്യാറെന്ന പോലെ നിൽക്കുന്ന കറുത്തിരുണ്ട മേഘങ്ങൾ. കനാലുകളുടെ ഷട്ടറുകൾ പരിശോധിക്കുവാനായി ഡെവ്‌ലിൻ എസ്റ്റേറ്റിന്റെ അതിരിലേക്ക് നടന്നു. എസ്റ്റേറ്റിനുള്ളിലെ ജലസേചനത്തിന് വേണ്ടിയുള്ള ചെറിയ തോടുകളിലേക്ക് വെള്ളം നിയന്ത്രിക്കുന്നത് ഈ ഷട്ടറുകളിലൂടെയാണ്.

എല്ലാം ഭദ്രമാണെന്നുറപ്പ് വരുത്തി തിരികെ കോട്ടേജിനടുത്തെത്തിയപ്പോഴാണ് മുറ്റത്ത് ജോവന്നയുടെ കാർ പാർക്ക് ചെയ്തിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. WVS യൂണിഫോം ധരിച്ച അവർ ചുമരും ചാരി ദൂരെ കടലിലേക്ക് കണ്ണും നട്ട് നിൽക്കുകയാണ്. അവരുടെ പ്രീയപ്പെട്ട വളർത്തുനായ പാച്ച് ക്ഷമയോടെ തൊട്ടരികിൽ ഇരിക്കുന്നു. അരികിലേക്ക് വരുന്ന ഡെവ്‌ലിനെ കണ്ടതും അവർ തിരിഞ്ഞു. അദ്ദേഹത്തിന്റെ നെറ്റിയിലെ അത്ര ചെറുതല്ലാത്ത മുറിവിലേക്ക് അവർ സൂക്ഷിച്ചു നോക്കി. സെയ്മൂറിന്റെ കൈ പതിച്ചപ്പോഴുണ്ടായ പരിക്കാണ്.

“നിങ്ങളെന്താ തല്ലിച്ചാവാൻ തന്നെ തീരുമാനിച്ചിറങ്ങിയിരിക്കുകയാണോ?”

“നിങ്ങളപ്പോൾ അയാളുടെ അവസ്ഥ കണ്ടില്ല അല്ലേ?”  അദ്ദേഹം പുഞ്ചിരിച്ചു.

“കണ്ടു ഇതൊന്നും ശരിയല്ല ഡെവ്‌ലിൻ ഇതൊക്കെ നിർത്തിയേ തീരൂ” അവർ തലയാട്ടി.

“ഏതൊക്കെ?”  കാറ്റിനെ കൈപ്പടം കൊണ്ട് മറച്ച് അദ്ദേഹം സിഗരറ്റിന് തീ കൊളുത്തി.

“മോളി പ്രിയോർ അവളുടെ പിറകേ നടക്കാനല്ല നിങ്ങൾ ഇവിടെ വന്നിരിക്കുന്നത് പ്രധാനപ്പെട്ട എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട് നിങ്ങൾക്ക്

“അക്കാര്യം വിട്ടു കളയൂ ഇരുപത്തിയെട്ടാം തീയ്യതി ഗാർവാൾഡിനെ കാണുന്നത് വരെ എനിക്കിവിടെ പ്രത്യേകിച്ച് ഒരു പണിയും ചെയ്ത് തീർക്കാനില്ല  ഡെവ്‌ലിൻ നീരസത്തോടെ പറഞ്ഞു.

“ഡോണ്ട് ബീ സില്ലി ഇത്തരം ഇടങ്ങളിലെ ജനങ്ങൾ ലോകത്തെല്ലായിടത്തും ഒരു പോലെയാണെന്ന കാര്യം മറക്കണ്ട ഒരു അപരിചിതന്റെ പ്രവൃത്തികളെ സംശയത്തോടെയേ അവർ വീക്ഷിക്കൂ നിങ്ങൾ സെയ്മൂറിനോട് ചെയ്തതൊന്നും അവർക്ക് അത്ര പിടിച്ചിട്ടില്ല

“അയാൾ മോളിയോട് ചെയ്തതൊന്നും എനിക്കും  അത്ര പിടിച്ചിട്ടില്ല” പാതി മന്ദഹാസത്തോടെ അദ്ദേഹം അവരെ നോക്കി. “സെയ്മൂറിനെക്കുറിച്ച് ആ ലെയ്ക്കർ ആംസ്ബി ഇന്നുച്ചയ്ക്ക് എന്നോട് പറഞ്ഞ കാര്യങ്ങളിൽ പാതിയെങ്കിലും നേരാണെങ്കിൽ അയാളെ ജയിലിലടച്ച് താക്കോൽ വലിച്ചെറിയേണ്ട കാലം എന്നോ അതിക്രമിച്ചിരിക്കുന്നു അയാൾ നടത്തിയിരിക്കുന്ന ലൈംഗികാതിക്രമങ്ങൾ കുറച്ചൊന്നുമല്ലെന്നാണ് കേട്ടത് അത് ചോദിക്കാൻ ചെന്ന രണ്ട് പേരുടെ കാലൊടിച്ച് വിടുകയും ചെയ്തിട്ടുണ്ടത്രെ

“ഇവിടങ്ങളിൽ പോലീസിന്റെ സഹായമൊന്നും ഇവർ അങ്ങനെ തേടാറില്ല. എല്ലാം ഇവർ തന്നെ കൈകാര്യം ചെയ്യാറാണ് പതിവ് പക്ഷേ, നിങ്ങളിങ്ങനെ തുടങ്ങിയാൽ എവിടെയും ചെന്നെത്തില്ല ഇന്നാട്ടുകാരെ വെറുപ്പിച്ചിട്ട് നമ്മുടെ ദൌത്യം വിജയിപ്പിക്കാൻ കഴിയില്ല അതുകൊണ്ട് വിവേകത്തോടെ പെരുമാറുക മോളിയെ വെറുതേ വിട്ടേക്കുക” അവർ അക്ഷമയോടെ തലയാട്ടി.

“ഇതൊരു ആജ്ഞയാണോ മാഡം?”

“ഡോണ്ട് ബീ ആൻ ഇഡിയറ്റ് നിങ്ങളുടെ നന്മയ്ക്ക് വേണ്ടി ഞാൻ പറയാനുള്ളത് പറഞ്ഞു അത്ര മാത്രം

അവർ കാറിനരികിലേക്ക് നടന്നു. പിന്നെ ബാക്ക് ഡോർ തുറന്ന് പാച്ചിനെ ഉള്ളിലേക്ക് കയറ്റിയതിന് ശേഷം ഡ്രൈവിങ്ങ് സീറ്റിൽ കയറിയിരുന്നു.

“സർ ഹെൻ‌ട്രിയിൽ നിന്ന് എന്തെങ്കിലും പുതിയ വിവരങ്ങൾ?” അവർ എൻ‌ജിൻ സ്റ്റാർട്ട് ചെയ്യവേ അദ്ദേഹം ആരാഞ്ഞു.

അവർ മന്ദഹസിച്ചു. “ഡോണ്ട് വറി അയാം കീപ്പിങ്ങ് ഹിം വാം വെള്ളിയാഴ്ച്ച രാത്രി കേണൽ റാഡ്‌ലിനെ റേഡിയോ വഴി കോണ്ടാക്റ്റ് ചെയ്യുന്നുണ്ട് ഞാൻ എന്തെങ്കിലും പുതിയ സംഭവ വികാസങ്ങളുണ്ടാവുകയാണെങ്കിൽ ഞാൻ നിങ്ങളെ അറിയിക്കാം

അവരുടെ കാർ ഓടിയകലുന്നത് നോക്കി അല്പനേരം അദ്ദേഹം നിന്നു. പിന്നെ കതക് തുറന്ന് ഉള്ളിലേക്ക് കയറി. ഒരു നിമിഷം ശങ്കിച്ച് നിന്നതിന് ശേഷം കതകിന്റെ കുറ്റിയിട്ടിട്ട് ലിവിങ്ങ് റൂമിലേക്ക് നടന്നു.  ജാലകത്തിന്റെ കർട്ടൻ വലിച്ചിട്ടിട്ട് നെരിപ്പോടിനുള്ളിൽ തീ കൊളുത്തി. പിന്നെ, ഗാർവാൾഡ് സമ്മാനിച്ച ബുഷ്മിൽ ഒരു ഗ്ലാസിലേക്ക് പകർന്ന്  തീ കായുവാൻ ഇരിപ്പുറപ്പിച്ചു.

ഒന്നാലോചിച്ചാൽ നാണക്കേട് തന്നെ വല്ലാത്ത നാണക്കേട് ജോവന്ന ഗ്രേ പറഞ്ഞത് ഒരു പക്ഷേ ശരിയായിരിക്കാം അനാവശ്യമായി പ്രശ്നങ്ങളിലേക്ക് എടുത്ത് ചാടുന്നത് വിഡ്ഢിത്തം തന്നെയായിരിക്കാം

മോളിയെക്കുറിച്ച് അദ്ദേഹം ഒരു നിമിഷം ഓർത്തു. പിന്നെ അക്കാര്യം മറക്കുവാനെന്ന പോലെ തന്റെ പുസ്തകശേഖരത്തിൽ നിന്നും ‘ദി മിഡ്നൈറ്റ് കോർട്ട്’ ന്റെ ഐറിഷ് പതിപ്പ് എടുത്ത് വായിക്കുവാൻ ശ്രമിച്ചു.

ജാലകച്ചില്ലിൽ ചിത്രം വരച്ചുകൊണ്ട് മഴ വന്നത് പെട്ടെന്നായിരുന്നു. സമയം ഏഴരയോടടുത്തിരിക്കുന്നു. ഫ്രണ്ട് ഡോറിന്റെ ഹാൻഡ്‌ൽ പതുക്കെ തിരിയുന്നത് അദ്ദേഹം ശ്രദ്ധിച്ചു. അദ്ദേഹം അനങ്ങിയില്ല. അല്പസമയത്തിന് ശേഷം മറുവശത്തെ ജനാലയുടെ കതകിൽ പതുക്കെ തട്ടുന്ന ശബ്ദം.

“ലിയാം” മോളിയുടെ പതിഞ്ഞ സ്വരം അദ്ദേഹത്തിന് മഴയുടെ ആരവത്തിനിടയിലും കേൾക്കുവാൻ കഴിഞ്ഞു.

നെരിപ്പോടിൽ കത്തുന്ന വിറകിന്റെ നേരിയ വെട്ടത്തിൽ അദ്ദേഹം പുസ്തകത്തിലെ അക്ഷരങ്ങളെ അനുഗമിക്കുവാൻ വൃഥാ ശ്രമിച്ചു. കർട്ടൻ കൊണ്ട് മറച്ചിരിക്കുന്ന ജാലകത്തിലൂടെ അവൾക്ക് തന്നെ കാണുവാൻ കഴിയില്ല എന്നത് അദ്ദേഹത്തിനുറപ്പായിരുന്നു. അല്പ നേരം കാത്ത് നിന്നിട്ട് മറുപടി കാണാതെ അവൾ തിരിഞ്ഞ് നടന്നു.


തന്റെ ക്രൂര മനസ്സിനെ ശപിച്ചുകൊണ്ട് ഡെവ്‌ലിൻ പുസ്തകം ചുമരിലേക്ക് വലിച്ചെറിഞ്ഞു. കതക് തുറന്ന് അവളുടെയടുത്തേക്ക് ഓടിയെത്താൻ പലവട്ടം തുനിഞ്ഞ മനസ്സിനെ സർവ്വശക്തിയുമെടുത്ത് അദ്ദേഹം പിന്തിരിപ്പിച്ചു. ഗ്ലാസിൽ ഒരു ലാർജ്ജ് കൂടി പകർന്ന് ജാലകത്തിന്റെ തിരശീല നീക്കി, മഴയത്ത് നടന്നകലുന്ന അവളെ നോക്കി അദ്ദേഹം നിന്നു. മനസ്സ് വല്ലാതെ കലുഷമായിരിക്കുന്നു ജീവിതത്തിലിതുവരെയും തോന്നിയിട്ടില്ലാത്ത ഏകാന്തതനഷ്ടബോധത്തിന്റെ വിങ്ങൽ

മഴ അതിന്റെ സകല രൌദ്രഭാവങ്ങളുമെടുത്ത് പൂർവ്വാധികം ശക്തിയോടെ കോരിച്ചൊരിഞ്ഞു.


* * * * * * * * * * * * *  * * * *

ആ സമയം കടലിന്നക്കരെ ലാന്റ്സ്‌വൂർട്ടിലും മഴ ആർത്തലച്ച് പെയ്യുകയായിരുന്നു. ഒപ്പം കടലിൽ നിന്നും ആഞ്ഞടിക്കുന്ന ശീതക്കാറ്റ്. ഫാം ഹൌസിന്റെ ഗെയ്റ്റിൽ കാവൽ നിൽക്കുകയാണ് പ്രെസ്റ്റൺ. അസ്ഥികൾക്കുള്ളിൽ കുത്തിമുറിവേൽപ്പിക്കുന്നത് പോലുള്ള തണുപ്പ് സഹിക്കവയ്യാതെ ചുവരിൽ ചാരി നിന്ന് അയാൾ എല്ലാവരെയും ശപിക്കുവാൻ തുടങ്ങി. സ്റ്റെയ്നറെ റാഡ്‌ലിനെ ഹിമ്‌ലറെ ഇത്രയും തരം താഴന്ന ദുർഘടം പിടിച്ച അവസ്ഥയിലേക്ക് തന്നെ എത്തിച്ച സകലവസ്തുക്കളെയും അയാൾ മനം നൊന്ത് ശപിച്ചു.


(തുടരും)


അടുത്ത ലക്കം ഇവിടെ... 

Friday, February 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 73



ഹോബ്സ് എന്റ് എസ്റ്റേറ്റിൽ നിന്നും വയൽ മുറിച്ച് കടന്ന് ഡെവ്‌ലിൻ ആ ചെറിയ കുന്നിന്റെ മുകളിലേക്ക് കയറി. അവിടെ നിന്നും ഇറക്കമിറങ്ങി എത്തുന്നിടത്താണ് മോളിയുടെ വീട്. അദ്ദേഹം ആകാംക്ഷയോടെ അങ്ങോട്ട് നോക്കി. മോളിയും ലെയ്ക്കർ ആംസ്ബിയും കൂടി കളപ്പുരയുടെ അരികിലേക്ക് നടന്നടുക്കുന്നത് അപ്പോഴാണദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടത്. എന്നാൽ അടുത്ത നിമിഷം ലെയ്ക്കർ ആംസ്ബി എടുത്തെറിഞ്ഞത് പോലെ ദൂരേയ്ക്ക് തെറിച്ച് നിലത്ത് വീഴുന്നതും കളപ്പുരയുടെ വലിയ വാതിൽ വലിച്ചടയുന്നതും കണ്ട ഡെവ്‌ലിൻ അപകടം മണത്തു. കൈയിൽ പുകഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് ദൂരേയ്ക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം അവിടം ലക്ഷ്യമാക്കി ഓടി.

മോളിയുടെ പുരയിടത്തിന്റെ വേലി ചാടിക്കടന്ന് ഡെവ്‌ലിൻ കളപ്പുരയുടെ അരികിലെത്തുമ്പോൾ ഫാദർ വെറേക്കറും മിസ്സിസ് പ്രിയോറും അവിടെയുണ്ടായിരുന്നു.

“ആർതർ കതക് തുറക്കൂ വിഡ്ഢിത്തരം കാണിക്കാതിരിക്കൂ  ഫാദർ വെറേക്കർ തന്റെ വടി കൊണ്ട് കളപ്പുരയുടെ വാതിലിൽ തുരുതുരെ അടിച്ചുകൊണ്ട് അലറി.

എന്നാൽ മോളിയുടെ നിസ്സഹായമായ നിലവിളി മാത്രമായിരുന്നു മറുപടി.

“എന്താണിവിടെ നടക്കുന്നത്?”  ഡെവ്‌ലിൻ ആരാഞ്ഞു.

“സെയ്മൂറാണ് അകത്ത്  മോളിയെയും ഉള്ളിലാക്കി കതക് കുറ്റിയിട്ടിരിക്കുകയാണ് അയാൾ” ലെയ്ക്കർ മൂക്ക് പൊത്തിപ്പിടിച്ചിരുന്ന കൈലേസിൽ നിറയെ രക്തം പുരണ്ടിരുന്നു.

ഡെവ്‌ലിൻ തിരിഞ്ഞ് നിന്ന് ചുമലുകൊണ്ട് കതകിൽ ഇടിച്ചു നോക്കി. പക്ഷേ, സമയം മെനക്കെടുത്തുകയാണെന്നല്ലാതെ അതുകൊണ്ട് ഒരു കാര്യവുമില്ലെന്ന് അടുത്ത നിമിഷം തന്നെ അദ്ദേഹത്തിന് മനസ്സിലായി. മറ്റെന്താണൊരു വഴി എന്ന ചിന്തയിൽ ചുറ്റിനും നോക്കുമ്പോഴാണ് വീണ്ടും മോളിയുടെ രോദനം മുഴങ്ങിയത്. പെട്ടെന്നാണ് അദ്ദേഹത്തിന്റെ കണ്ണുകൾ ലെയ്ക്കർ അവിടെ കൊണ്ടുവന്നിട്ടിരുന്ന ട്രാക്റ്ററിൽ ഉടക്കിയത്. അതിന്റെ എൻ‌ജിൻ ഇപ്പോഴും റണ്ണിങ്ങിലാണ്. മറ്റൊന്നുമാലോചിച്ചില്ല, ഡെവ്‌ലിൻ അതിന് നേർക്ക് പാഞ്ഞ് ചാടിക്കയറി സീറ്റിൽ ഇരിപ്പുറപ്പിച്ചു. അടുത്ത ഞൊടിയിൽ ഗിയർ ലിവർ തട്ടി ആക്സിലറേറ്റർ ആഞ്ഞ് ചവിട്ടി. വെടിയുണ്ട കണക്കെ ട്രാക്റ്റർ മുന്നോട്ട് കുതിച്ചു. പിന്നിൽ ഘടിപ്പിച്ചിരുന്ന ട്രെയ്ലർ ആടിയുലഞ്ഞ് അതിലുണ്ടായിരുന്ന കിഴങ്ങുകൾ ഇരുവശങ്ങളിലേക്കും ചിതറിവീണു. അമ്പരപ്പിക്കുന്ന വേഗതയോടെ മുന്നോട്ട് പാഞ്ഞ ട്രാക്റ്ററിന്റെ മുന്നിൽ നിന്ന് വെറേക്കറും മിസ്സിസ് പ്രിയോറും ലെയ്ക്കറും മുടിനാരിഴയ്ക്കാണ് ഒഴിഞ്ഞ് മാറി രക്ഷപെട്ടത്. അടുത്ത നിമിഷം ആ വലിയ വാതിൽ ഇടിച്ചു തകർത്ത് കൊണ്ട് ട്രാക്റ്റർ കളപ്പുരയുടെ ഉള്ളിലേക്ക് പാഞ്ഞു കയറി.

ഉള്ളിലെത്തിയതും ഡെവ്‌ലിൻ ബ്രെയ്ക്ക് ആഞ്ഞ് ചവിട്ടി. മോളി അവിടെയുണ്ടായിരുന്നു തട്ടിൻ‌പുറത്ത് മുകളിലേക്ക് കയറുവാനായി ഗോവണി ചുമരിലേക്ക് എടുത്ത് വയ്ക്കാൻ ശ്രമിക്കുന്ന സെയ്മൂർ മുകളിൽ കയറിപ്പറ്റിയതിന് ശേഷം അവൾ അത് താഴേയ്ക്ക് ചവിട്ടിത്തെറിപ്പിച്ചതാണെന്ന് വ്യക്തം. ഡെവ്‌ലിൻ എൻ‌ജിൻ ഓഫ് ചെയ്തു. സെയ്മൂർ തിരിഞ്ഞ് അന്ധാളിപ്പോടെ അദ്ദേഹത്തെ നോക്കി.

“ബാസ്റ്റർഡ് നിന്നെ ഞാൻ” ഡെവ്‌ലിൻ അലറി.

അപ്പോഴേക്കും ഫാദർ വെറേക്കർ മുടന്തിക്കൊണ്ട് ഉള്ളിലേക്കെത്തി. “വേണ്ട ഡെവ്‌ലിൻ അയാളെ ഒന്നും ചെയ്യണ്ട ഇതെനിക്ക് വിട്ടു തരൂ  പിന്നെ സെയ്മൂറിന് നേർക്ക് തിരിഞ്ഞു. “ആർതർ അവളെ ഒന്നും ചെയ്യരുത് പറയുന്നത് കേൾക്കൂ

എന്നാൽ സെയ്മൂർ ആകട്ടെ, അവർ രണ്ടുപേരും പറഞ്ഞത് കേട്ടതായി ഭാവിച്ചതേയില്ല. അവർ അവിടെയുണ്ടെന്ന ചിന്ത പോലുമില്ലാതെ അയാൾ മുകളിലേക്ക് കയറുവാനാരംഭിച്ചു. അത് കണ്ട ഡെവ്‌ലിൻ ട്രാക്റ്ററിൽ നിന്ന് ചാടിയിറങ്ങി ഗോവണിയുടെ അരികിലെത്തി അതിന്റെ അടിഭാഗത്ത് ആഞ്ഞ് ചവിട്ടി. ഗോവണിയുടെ പാതിയിലെത്തിയിരുന്ന സെയ്മൂർ അവിടെ നിന്നും താഴേയ്ക്ക് പതിച്ചു. ഒരു നിമിഷത്തോളം ആ കിടപ്പ് കിടന്ന അയാൾ തലയൊന്ന് കുടഞ്ഞ് കണ്ണുകൾ തുറന്നു.

ആയാസത്തോടെ എഴുന്നേറ്റ സെയ്മൂറിനരികിലേക്ക് ഫാദർ വെറേക്കർ നീങ്ങി. “ആർതർ നിന്നോട് പറഞ്ഞില്ലേ? പുറത്ത് കടക്കൂ
  
എന്നാൽ അയാൾ ദ്വേഷ്യത്തോടെ ഫാദർ വെറെക്കറെ പിടിച്ച് ദൂരേയ്ക്ക് തള്ളി. അദ്ദേഹം നിയന്ത്രണം വിട്ട് ഒരു വശത്തേക്ക് ചരിഞ്ഞ് വീണു.

“ഡെവ്‌ലിൻ …!  കൊല്ലും ഞാൻ നിന്നെ 

അടിക്കുവാനായി ഇരു കൈകളും വിടർത്തി ആക്രോശിച്ചുകൊണ്ട് സെയ്മൂർ മുന്നോട്ട് കുതിച്ചു. ഡെവ്‌ലിനാകട്ടെ അയാളുടെ മുന്നിൽ നിന്നും വളരെ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി.  സകലശക്തിയുമെടുത്ത് മുന്നോട്ട് വന്ന അയാൾ അതിനാൽ അതേ വേഗതയോടെ പോയി ട്രാക്റ്ററിൽ ചെന്നിടിച്ച് നിന്നു. ആ തക്കം നോക്കി ഡെവ്‌ലിൻ അയാളുടെ നാഭിയുടെ ഇരുവശവുമായി ഒന്നിനു പിറകേ ഒന്നായി രണ്ട് പ്രഹരങ്ങളേൽപ്പിച്ചു. അതിന്റെ വേദനയിൽ സെയ്മൂർ അലറി വിളിച്ചു.

എന്നാൽ പൂർവ്വാധികം ശക്തിയോടെ ആക്രോശിച്ചു കൊണ്ട് അയാൾ വീണ്ടും ഡെവ്‌ലിന് നേർക്ക് കുതിച്ചു. ഡെവ്‌ലിൻ ബുദ്ധിപൂർവ്വം വലതുകൈ കൊണ്ട് ഇടിക്കാനൊരുങ്ങുന്നത് പോലെ ഭാവിച്ച് ഇടതു മുഷ്ടി ചുരുട്ടി അയാളുടെ വായ് നോക്കി മോശമല്ലാത്ത ഒരു ഇടി നൽകി. അയാളുടെ ചുണ്ടുകൾ പൊട്ടി രക്തം പുറത്തേക്ക് തെറിച്ചു. ഒട്ടും താമസിയാതെ തന്നെ വലത് മുഷ്ടി ചുരുട്ടി അയാളുടെ വാരിയെല്ലിന് താഴെ ഒരെണ്ണം കൂടി മരത്തിൽ കോടാലി പതിക്കുന്ന പോലുള്ള ശബ്ദം

തീ ചിതറുന്ന കണ്ണുകളുമായി ഇടിക്കുവാൻ അലറിയടുത്ത സെയ്മൂറിൽ നിന്നും താഴോട്ട് കുനിഞ്ഞ് ഡെവ്‌ലിൻ വിദഗ്ദ്ധമായി ഒഴിഞ്ഞുമാറി. ഒപ്പം വാരിയെല്ലിന് താഴെ നോക്കി വീണ്ടും ഒന്നു കൂടി കൊടുത്തു. “ഇതു കണ്ടോ ഫാദർ കൃത്യസമയം നോക്കി കാലുകൊണ്ട്  വേണ്ടിടത്ത് വേണ്ട പോലെ കൊടുക്കുക അതാണിതിന്റെ രഹസ്യം കോളേജിൽ പഠിച്ചിരുന്ന കാലത്ത് ‘ഹോളി ട്രിനിറ്റി’ എന്നായിരുന്നു ഈ സൂത്രത്തെ ഞങ്ങൾ വിളിച്ചിരുന്നത് കുറച്ചൊന്നുമല്ല ഈ വിദ്യ ഞങ്ങളെ സഹായിച്ചത്

സെയ്മൂറിന്റെ കാൽമുട്ടിന്റെ ചിരട്ടയുടെ തൊട്ട് താഴെയായി ഡെവ്‌ലിൻ ആഞ്ഞൊരു ചവിട്ട് കൊടുത്തു. ഭീമാകാരനായ അയാൾ വേദനയോടെ അലറിക്കൊണ്ട് വേച്ച് വേച്ച് മുന്നോട്ട് കുനിയവേ കാൽമുട്ട് കൊണ്ട് അയാളുടെ മുഖം നോക്കി നല്ലൊരു താങ്ങും കൂടി കൊടുത്തു ഡെവ്‌ലിൻ. അതോടെ പിറകോട്ട് തെറിച്ച അയാൾ കളപ്പുരയുടെ വാതിലിലൂടെ മുറ്റത്തെ മണ്ണിലേക്ക് മലർന്നടിച്ച് വീണു. എന്നിട്ടും അയാൾ അവിടെ നിന്നും പതുക്കെ എഴുന്നേറ്റ് പോരിന് നിൽക്കുന്ന കാളയെപ്പോലെ മുഖം നിറയെ ചോരയുമായി ആടിയാടി നിന്നു.

“എപ്പോഴാ തറ പറ്റുക എന്ന് പറയാൻ പറ്റില്ല അല്ലേ ആർതർ? അല്ലെങ്കിലും ഒരു പയറുമണിയോളം മാത്രം തലച്ചോറുള്ളവന് എങ്ങനെയാ അതൊക്കെ അറിയാൻ പറ്റുക” ഡെവ്‌ലിൻ അയാളെ കളിയാക്കുന്ന മട്ടിൽ ചുവട് വച്ചു.

അടുത്ത ആക്രമണത്തിനായി ഡെവ്‌ലിൻ വലതുകാൽ ഉയർത്തി. എന്നാൽ അപ്രതീക്ഷിതമായാണ് മണ്ണിൽ കാൽ തെന്നി മുട്ടുകുത്തി അദ്ദേഹം വീണത്. തക്കം നോക്കിയിരുന്ന സെയ്മൂർ അവസരം മുതലാക്കി. ഡെവ്‌ലിന്റെ നെറ്റിത്തടം നോക്കി ശക്തിയായ ഒരു പ്രഹരം നൽകി. ഡെവ്‌ലിൻ പിറകോട്ട് മലർന്നടിച്ച് വീണു.  അതുകണ്ട മോളി നിലവിളിച്ചു കൊണ്ട് മുന്നോട്ട് കുതിച്ച് സെയ്മൂറിന്റെ മുഖത്ത് അള്ളിപ്പിടിച്ചു. എന്നാൽ അനായാസം അവളെ ദൂരേയ്ക്ക് വലിച്ചെറിഞ്ഞിട്ട് ഡെവ്‌ലിനെ ചവിട്ടിയരയ്ക്കുവാനായി അയാൾ കാലുയർത്തി. ഡെവ്‌ലിനാകട്ടെ ആ കാലിൽ പിടുത്തമിട്ട് ഒരു വശത്തേക്ക് ശക്തിയായി തിരിച്ചു. അടി തെറ്റിയ സെയ്മൂർ വീണ്ടും മലർന്നടിച്ച് വീണു.

എഴുന്നേൽക്കാൻ ശ്രമിച്ച സെയ്മൂറിന് നേർക്ക് ഡെവ്‌ലിൻ നടന്നടുത്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് സ്വതസിദ്ധമായ ആ പുഞ്ചിരിയുണ്ടായിരുന്നില്ല. അതുവരെ കാണാത്ത പരുഷഭാവം “ഓൾ റൈറ്റ് ആർതർ എന്നാലിനി കളിയിലേക്ക് കടക്കാം നമുക്ക്  നിന്റെ ചോര കുടിക്കുവാൻ ദാഹിക്കുന്നു എനിക്ക്വാ

സെയ്മൂർ വീണ്ടും അദ്ദേഹത്തിന് നേർക്ക് പാഞ്ഞടുത്തു. ഡെവ്‌ലിൻ പിടി കൊടുക്കാതെ അയാൾക്ക് ചുറ്റും വട്ടമിട്ട് ഓടി. സെയ്മൂറിന്റെ ഭീമാകാരമായ പ്രഹരങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നതിൽ ഡെവ്‌ലിൻ പൂർണ്ണമായും വിജയിച്ചു. ഒപ്പം തന്നെ മുഷ്ടി ചുരുട്ടി അയാളുടെ മുഖം നോക്കി  വീണ്ടും വീണ്ടും പ്രഹരിക്കുകയും ചെയ്തു. സെയ്മൂറിന്റെ മുഖമാകെ രക്തത്തിൽ കുളിച്ചു.

കളപ്പുരയുടെ വാതിലിനരികിലുണ്ടായിരുന്ന പഴയ ഡ്രമ്മിലെ വെള്ളത്തിലേക്ക് ഡെവ്‌ലിൻ അയാളുടെ തല മുക്കിപ്പിടിച്ചിട്ട് പുറത്തെടുത്തു. 

“ഇനി നീ ഞാൻ പറയുന്നത് കേട്ടോണം, ബാസ്റ്റർഡ് !  ഇനി ആ പെണ്ണിനെ തൊടാനോ ശല്യപ്പെടുത്താനോ തുനിഞ്ഞാൽ നിന്റെ തല ഞാൻ അരിയും മനസ്സിലായോ?...”  അയാളുടെ വാരിയെല്ല് നോക്കി അദ്ദേഹം ഒന്നു കൂടി കൊടുത്തു. വേദനയാൽ സെയ്മൂർ ഞരങ്ങി. അയാളുടെ കൈകൾ സ്വാധീനമില്ലാത്തത് പോലെ താഴേക്ക് തൂങ്ങി.

“ഇനിയങ്ങോട്ട് നീ ഇരിക്കുന്നിടത്ത് ഞാനെങ്ങാനും വരാനിടയായാൽ ആ നിമിഷം നീയവിടെ നിന്നെഴുന്നേറ്റ് സ്ഥലം കാലിയാക്കുന്നു മനസ്സിലായല്ലോ?”

അദ്ദേഹത്തിന്റെ മുഷ്ടി വീണ്ടും രണ്ട് തവണ സെയ്മൂറിന്റെ താടിയെല്ലിൽ പതിച്ചു. സെയ്മൂർ വെള്ളം നിറച്ച ഡ്രമ്മിന് മുകളിലേക്ക് പതിച്ച് ഉരുണ്ട് പിറകോട്ട് മലർന്നു.

ഡെവ്‌ലിൻ അയാളുടെ മുഖം വീണ്ടും വെള്ളത്തിലേക്ക് മുക്കിപ്പിടിച്ചു. ശ്വാസം കിട്ടാതെ പിടയുവാൻ തുടങ്ങിയതും അദ്ദേഹം അയാളുടെ തല മുകളിലേക്കുയർത്തി. മോളിയും ഫാദർ വെറേക്കറും അദ്ദേഹത്തിനരികിൽ വന്ന് സെയ്മൂറിനെ സൂക്ഷിച്ചു നോക്കി.

“മൈ ഗോഡ്!  താങ്കൾ അയാളെ കൊന്നേനെ ഇപ്പോൾ  ഫാദർ വെറേക്കർ പറഞ്ഞു.

“നിർഭാഗ്യവശാൽ അത് സംഭവിച്ചില്ല  ഡെവ്‌ലിൻ പറഞ്ഞു.

അത് ശരിയാണെന്ന് സാക്ഷ്യപ്പെടുത്താനെന്ന വണ്ണം സെയ്മൂർ ഒന്ന് ഞരങ്ങിയിട്ട് എഴുന്നേറ്റിരിക്കുവാൻ ശ്രമം നടത്തി. അപ്പോഴാണ് മിസ്സിസ് പ്രിയോർ ഒരു ഇരട്ടക്കുഴൽ തോക്കുമായി വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നത്.

“ഫാദർ ഇയാളെയും വിളിച്ചുകൊണ്ട് ഇവിടെ നിന്ന് പോകുന്നുണ്ടോ? ഇയാളുടെ തലതിരിഞ്ഞ തലച്ചോറ് നേരെയാവുമ്പോൾ പറഞ്ഞേക്ക്എന്റെ മോളെ ഇനിയും ശല്യപ്പെടുത്താനായി ഈ വഴി വന്നാൽ പട്ടിയെപ്പോലെ വെടിവച്ചു കൊല്ലുമെന്ന്

ലെയ്ക്കർ ആംസ്ബി അവിടെ കണ്ട പഴയ ബക്കറ്റ് എടുത്ത് ഡ്രമ്മിൽ മുക്കി വെള്ളം നിറച്ച് സെയ്മൂറിന്റെ തലയിലൂടെ ഒഴിച്ചു. “ഇതാ പിടിച്ചോ ആർതർ മാമോദീസ മുങ്ങിയതിന് ശേഷമുള്ള നിങ്ങളുടെ ആദ്യത്തെ കുളിയായിരിക്കും...”

ഡ്രമ്മിന്റെ അരികിൽ പിടിച്ച് ഞരങ്ങിക്കൊണ്ട് സെയ്മൂർ എഴുന്നേൽക്കുവാൻ ശ്രമിച്ചു.

“ലെയ്ക്കർ എന്നെയൊന്ന് സഹായിക്കൂ ഇയാളെ കൊണ്ടുപോകാം നമുക്ക്” ഫാദർ പറഞ്ഞു.

അവർ രണ്ടു പേരും കൂടി ഇരുവശങ്ങളിലുമായി അയാളെ താങ്ങിപ്പിടിച്ചു കൊണ്ട് കാറിന് നേർക്ക് നടന്നു.  

പെട്ടെന്നാണ് ഡെവ്‌ലിന് ഭൂമി കീഴ്മേൽ മറിയുന്നത് പോലെ തോന്നിയത്. അദ്ദേഹം കണ്ണുകളടച്ചു. മോളിയുടെ പരിഭ്രമത്തോടെയുള്ള നിലവിളി കേട്ടതും അവളുടെ ചുമലിലേക്ക് കുഴഞ്ഞ് വീഴുന്നതും അദ്ദേഹത്തിന് ഓർമ്മയുണ്ട്. അടുത്ത നിമിഷം ബോധം മറഞ്ഞ അദ്ദേഹത്തെ അവളും മാതാവും കൂടി ഇരുവശങ്ങളിലുമായി താങ്ങി വീടിനുള്ളിലേക്ക് എത്തിച്ചു.

കണ്ണ് തുറന്ന ഡെവ്‌ലിൻ കണ്ടത് താൻ അടുക്കളയിൽ നെരിപ്പോടിനരികിലുള്ള കസേരയിൽ മോളിയുടെ മാറിൽ മുഖം ചേർത്ത് ചാരിയിരിക്കുന്നതാണ്. ഒരു നനഞ്ഞ തുണി അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ ചേർത്ത് പിടിച്ചിട്ടുണ്ടവൾ.

“ഓ, എനിക്കിപ്പോൾ കുഴപ്പമൊന്നുമില്ലഎല്ലാം ശരിയായി ” അദ്ദേഹം അവളോട് പറഞ്ഞു.

ശബ്ദം കേട്ട അവൾ മുഖം താഴ്ത്തി അദ്ദേഹത്തെ നോക്കി. ഉത്ക്കണ്ഠാകുലമായിരുന്നു അവളുടെ മുഖം.  “ദൈവമേ ഞാൻ വിചാരിച്ചു അയാൾ നിങ്ങളുടെ തല അടിച്ച് തകർത്തുവെന്ന്

അവളുടെ ആകാംക്ഷയും ഉത്ക്കണ്ഠയും അദ്ദേഹം ആസ്വദിക്കുകയായിരുന്നു. പിന്നെ തികച്ചും ഗൌരവത്തോടെ പറഞ്ഞു. “എന്റെ ഒരു ദൌർബല്യമാണത് തുടർച്ചയായുണ്ടാകുന്ന കടുത്ത സമ്മർദ്ദങ്ങൾക്ക് ശേഷം പലപ്പോഴും ഞാൻ ബോധരഹിതനാകാറുണ്ട് പ്രകാശം അണയുന്നത് പോലെ എന്തോ ഒരു മാനസിക പ്രശ്നമാണത്

“എനിക്ക് മനസ്സിലായില്ല നിങ്ങളെന്താണീ പറയുന്നത്?” അവൾ കുഴങ്ങി.

“സാരമില്ല എല്ലാം ശരിയാവും കുറച്ച് നേരം കൂടി നിന്റെ അഴക് കണ്ട് തല ചായ്ച്ച് ഞാനങ്ങനെ കിടന്നോട്ടെ...”

മുഖം താഴ്ത്തി തന്റെ മാറിലേക്ക് നോക്കി ലജ്ജയോടെ അവൾ അടിവസ്ത്രത്തിന്റെ മുൻഭാഗത്തെ കീറൽ പൊത്തിപ്പിടിച്ചു.  “യൂ ഡെവിൾ

“നോക്കൂ കാര്യത്തോടടുക്കുമ്പോൾ എനിക്കും ആർതറിനും വലിയ വ്യത്യാസമൊന്നുമില്ല അല്ലേ?” അദ്ദേഹം മന്ദഹസിച്ചു.

സ്നേഹപൂർവ്വം അവൾ അദ്ദേഹത്തിന്റെ ഇരുകണ്ണുകൾക്കുമിടയിലായി പതുക്കെ തട്ടി. “മുതിർന്ന ഒരു മനുഷ്യനിൽ നിന്ന് ഇതുപോലെ ഒരു വിഡ്ഢിത്തം ഞാനെന്റെ ജീവിതത്തിൽ ഇതുവരെ കേട്ടിട്ടില്ല

വൃത്തിയുള്ള ഒരു ഏപ്രൺ അരയിൽ ചുറ്റിക്കൊണ്ട് മിസ്സിസ് പ്രിയോർ അടുക്കളയിലേക്ക് വന്നു. “മകനേ ആ അടിപിടിയൊക്കെ കഴിഞ്ഞിട്ട് നല്ല വിശപ്പുണ്ടായിരിക്കുമല്ലോ ഇപ്പോൾ? മാംസം പാകം ചെയ്തതും പൊട്ടറ്റോ പൈയും എടുക്കട്ടേ ഞാൻ?”

ഡെവ്‌ലിൻ മുഖമുയർത്തി മോളിയെ നോക്കി പുഞ്ചിരിച്ചു. പിന്നെ മിസ്സിസ് പ്രിയോറിനോട് പറഞ്ഞു. “വളരെ നന്ദി മാഡം സത്യം പറഞ്ഞാൽ ഞാൻ എന്തിനും തയ്യാറാണെന്ന് പറയുകയായിരിക്കും അതിന്റെ ശരി

മോളിക്ക് ചിരി നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ ചുണ്ടുകളിൽ കൂട്ടിപ്പിടിച്ച് താലോലിച്ചിട്ട് അമ്മയെ സഹായിക്കുവാനായി അവൾ പതുക്കെ എഴുന്നേറ്റു.

(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...
 

Friday, February 15, 2013

ഈഗിൾ ഹാസ് ലാന്റഡ് – 72



ഹോബ്സ് എന്റ് എസ്റ്റേറ്റിന് സമീപത്തുള്ള തന്റെ വീട്ടിലെ കൊച്ചു ബെഡ്‌റൂമിൽ അണിഞ്ഞൊരുങ്ങുവാനുള്ള തയ്യാറെടുപ്പിലാണ്‌ മോളി പ്രിയോർ. ഡിന്നറിന് വരാമെന്ന് സമ്മതിച്ചിരിക്കുന്ന ഡെവ്‌ലിൻ ഏത് നിമിഷവും എത്താം. അദ്ദേഹത്തിന് മുന്നിൽ കഴിയുന്നിടത്തോളം സുന്ദരിയായി തന്നെ പ്രത്യക്ഷപ്പെടണമെന്ന വാശിയിലാണവൾ. തിടുക്കത്തിൽ വസ്ത്രങ്ങൾ അഴിച്ച് മാറ്റി, അടിവസ്ത്രങ്ങളോടെ കണ്ണാടിയുടെ മുന്നിൽ നിന്ന് അവൾ സസൂക്ഷ്മം വീക്ഷിച്ചു. അടിവസ്ത്രങ്ങൾ രണ്ടും വൃത്തിയുള്ളതാണെങ്കിലും പഴക്കം കൊണ്ട് നിരവധി തവണ തുന്നിക്കൂട്ടിയതിന്റെ അടയാളങ്ങൾ വേണ്ടുവോളമുണ്ട്. ഈ യുദ്ധകാലത്ത് മിക്കവരുടെയും സ്ഥിതി ഇത് തന്നെയാണ് വസ്ത്രങ്ങൾക്കുള്ള കൂപ്പൺ ആവശ്യാനുസരണം ലഭിക്കുന്നില്ലെന്നതാണ് വാസ്തവം.  അത് സാരമില്ലവസ്ത്രത്തിലല്ലല്ലോ കാര്യം വടിവൊത്ത അഴകാർന്ന ഒരു ശരീരമല്ലേ തനിക്കുള്ളത് അതിലവൾ അഭിമാനം കൊണ്ടു.

അവൾ തന്റെ അടിവയറ്റിൽ പതുക്കെ തലോടി. അത് ഡെവ്‌ലിന്റെ വിരലുകൾ ആണെന്ന് സങ്കൽപ്പിച്ച് നോക്കിയതും അവൾ ഇക്കിളി കൊണ്ടു. ഡ്രെസ്സിങ്ങ് ടേബിളിന്റെ മുകളിലത്തെ വലിപ്പ് തുറന്ന് തനിക്ക് ആകെക്കൂടിയുള്ള ഒരേയൊരു ജോഡി സ്റ്റോക്കിങ്ങ്സ് എടുത്ത് ഇരു കാലുകളിലും തെറുത്ത് കയറ്റി. പലയിടത്തും കീറലുകൾ തുന്നിയതിന്റെ അടയാളം അവയിലും ഉണ്ടായിരുന്നു. പിന്നെ വാർഡ്‌റോബിനകത്ത് കൊളുത്തിയിട്ടിരുന്ന കോട്ടൺ വസ്ത്രമെടുക്കുവാനായി നീങ്ങി.

ആ വസ്ത്രം തലയിലൂടെ താഴോട്ട് വലിച്ചിറക്കുന്നതിനിടയിലാണ് റോഡിൽ കാറിന്റെ ഹോൺ കേട്ടത്. അവൾ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. ഒരു പഴയ മോറിസ് കാർ മുറ്റത്തേക്ക് തിരിയുന്നു. ഫാദർ വെറേക്കറിന്റെ കാർ

“ഇയാൾക്ക് വരാൻ കണ്ട സമയം” അവൾ പിറുപിറുത്തു.

ധൃതിയിൽ വസ്ത്രം പിടിച്ചിടുന്നതിനിടയിൽ ഒരു കക്ഷത്തിനടിയിലെ തുന്നൽ അൽപ്പം വിട്ടുപോയത് അവൾ വിഷമത്തോടെ അറിഞ്ഞു. അത് കാര്യമാക്കാതെ തന്റെ ഹൈ ഹീൽഡ് ഷൂവെടുത്ത് കാലിൽ തിരുകി അവൾ താഴേക്കുള്ള ഗോവണിയുടെ നേർക്ക് നടന്നു. ഗോവണിയിറങ്ങുമ്പോൾ അവൾ മുടിയിഴകളിലൂടെ ചീപ്പ് ഓടിച്ചു. കെട്ട് പിണഞ്ഞ മുടിയിഴകളിൽ അതുടക്കിയപ്പോൾ അല്പം ദ്വേഷ്യം തോന്നാതിരുന്നില്ല.

അടുക്കളയിൽ അവളുടെ അമ്മയുടെ അരികിൽ ഇരുന്നിരുന്ന ഫാദർ വെറേക്കർ അവളെ കണ്ടതും അത്ഭുതത്തോടെ ഊഷ്മളമായ പുഞ്ചിരി സമ്മാനിച്ചു.

“ഹലോ മോളി എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“നല്ല ജോലിയായിരുന്നു ഫാദർ

അവിടെ കണ്ട ഏപ്രൺ എടുത്ത്  അരയിൽ ചുറ്റിയിട്ട് അവൾ അമ്മയുടെ നേർക്ക് തിരിഞ്ഞു. “അമ്മേ, പൊട്ടറ്റോ പൈയും ഇറച്ചിയും റെഡിയല്ലേ? അദ്ദേഹം എപ്പോൾ വേണമെങ്കിലും എത്താം

“ഓഹ്.. നിങ്ങൾക്ക് വിരുന്നുകാരനുണ്ടല്ലേ?” അദ്ദേഹം ഊന്നുവടിയുടെ സഹായത്തോടെ എഴുന്നേറ്റു. “പോകുന്ന വഴിയ്ക്ക് ഒന്ന് കയറിയതാണ് പക്ഷേ, വന്ന സമയം ശരിയായില്ല

“അങ്ങനെ പറയല്ലേ ഫാദർ” മിസ്സിസ് പ്രിയോർ പറഞ്ഞു.  “മറ്റാരുമല്ല, എസ്റ്റേറ്റിലെ പുതിയ വാർഡൻ മിസ്റ്റർ ഡെവ്‌ലിനാണ് അതിഥി. ഉച്ചയ്ക്ക് ശേഷം തോട്ടത്തിലെ ചില ജോലികളിൽ അദ്ദേഹം സഹായിച്ചിരുന്നു. അതിനാൽ ഒരു ഡിന്നർ കൊടുക്കാമെന്ന് കരുതി താങ്കളുടെ വരവിന് പ്രത്യേകിച്ചെന്തെങ്കിലും?”

ഫാദർ വെറേക്കർ തിരിഞ്ഞ് മോളിയെ ആപാദചൂഡം ഒന്ന് വീക്ഷിച്ചു. ശരീരവടിവുകൾ എടുത്ത് കാണിക്കുന്ന ആ വസ്ത്രവും ഹൈ ഹീൽഡ് ഷൂവും ഒന്നും അദ്ദേഹത്തിന് അത്ര പിടിക്കുന്നുണ്ടായിരുന്നില്ല എന്നത് ആ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു. അദ്ദേഹം നെറ്റി ചുളിച്ചു. അത് ശ്രദ്ധിച്ച മോളിയുടെ മനസ്സിൽ ദ്വേഷ്യം തിളച്ച് പൊങ്ങിയത് പെട്ടെന്നായിരുന്നു. അരയ്ക്ക് കൈ കൊടുത്ത് അവൾ അദ്ദേഹത്തിന് നേർക്ക് നീരസത്തോടെ തിരിഞ്ഞു.

“എന്നോട് സംസാരിക്കാൻ വേണ്ടിയല്ലേ താങ്കൾ വന്നത് ഫാദർ?” അവളുടെ സ്വരം അപകടകരമാം വിധം ശാന്തമായിരുന്നു.

“അല്ല ആർതറിനോടായിരുന്നു എനിക്ക് സംസാരിക്കേണ്ടിയിരുന്നത് ആർതർ സെയ്മൂറിനോട് ചൊവ്വാഴ്ച്ചകളിലും ബുധനാഴ്ച്ചകളിലും അയാൾ നിങ്ങളെ കൃഷിയിടത്തിൽ സഹായിക്കാൻ വരാറില്ലേ?...”

അദ്ദേഹം പറഞ്ഞത് കളവാണെന്ന് മോളിയ്ക്ക് ഉറപ്പായിരുന്നു. “ആർതർ സെയ്മൂർ ഇവിടെ ജോലി നോക്കുന്നില്ല ഫാദർ ഞാൻ വിചാരിച്ചിരുന്നത് താങ്കൾക്കതറിയാമെന്നാണ് അല്ല, അയാളെ ഇവിടുത്തെ ജോലിയിൽ നിന്നും പിരിച്ചുവിട്ടുവെന്ന് ഞാൻ തന്നെ താങ്കളോടൊരിക്കൽ പറഞ്ഞിരുന്നതാണല്ലോ

വെറേക്കറുടെ മുഖം വിവർണ്ണമായി. അവളുടെ മുഖത്ത് നോക്കി നുണ പറഞ്ഞതിലുള്ള ജാള്യത മുഖത്ത് പ്രകടമായിരുന്നുവെങ്കിലും അത് സമ്മതിച്ചുകൊടുക്കുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അതിനാൽ അദ്ദേഹം ചോദിച്ചു.   “അതെന്തിനാ മോളീ അയാളെ പിരിച്ചു വിട്ടത്?”

“കാരണം, അയാളിവിടെ ചുറ്റിപ്പറ്റി നടക്കുന്നത് എനിക്കിഷ്ടമില്ലാത്തത് കൊണ്ട്

വിശദാംശങ്ങൾക്കെന്ന പോലെ ഫാദർ വെറേക്കർ, മിസ്സിസ് പ്രിയോറിനെ നോക്കി. അതിനൊരു വിശദീകരണം നൽകാൻ അവർക്ക് ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. തോൾ വെട്ടിച്ചുകൊണ്ട് അവർ പറഞ്ഞു. “മനുഷ്യരുടെ കൂടെ, എന്തിന് മൃഗങ്ങളുടെ കൂടെ പോലും അയാൾ ചേർന്ന് പോകില്ല

വെറേക്കർ വീണ്ടും മോളിയുടെ നേർക്ക് തിരിഞ്ഞു.  “നാട്ടുകാരിൽ പലരുടെയും അഭിപ്രായം അയാൾ നിങ്ങൾക്ക് വേണ്ടി വളരെയധികം കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അങ്ങനെയൊരാളെ പിരിച്ചുവിട്ടിട്ട് ഒരു വിദേശിയെ സഹായത്തിന് വിളിച്ചതിന് കുറേക്കൂടി യുക്തിസഹമായ ഒരു കാരണം വേണമായിരുന്നുകഴിയുന്നിടത്തോളം സമയം നിങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ടിട്ടും നീ ഇങ്ങനെ ചെയ്തതിൽ ആ മനുഷ്യന് വിഷമമുണ്ടാവില്ലേ മോളീ?”

“മനുഷ്യനോ?  അയാളോ? അതെനിക്കറിയില്ലായിരുന്നു ഫാദർ” അവൾ പൊട്ടിത്തെറിച്ചു. “അയാളെ പിരിച്ചുവിട്ടതിൽ വിഷമിക്കുന്നവരോട് പറഞ്ഞേക്ക്, എന്നെയായിരുന്നു അയാൾക്ക് വേണ്ടിയിരുന്നതെന്ന് എന്റെ പാവാടയുടെ കെട്ടഴിക്കാനായിരുന്നു അയാൾ ഏത് നേരവും ശ്രമിച്ചുകൊണ്ടിരുന്നതെന്ന്

വെറേക്കറുടെ മുഖം വിളറി വെളുത്തിരുന്നു. എന്നാൽ പിന്മാറാൻ അവൾ തയ്യാറായിരുന്നില്ല. “തന്റെ പന്ത്രണ്ടാം വയസ്സ് മുതൽ തുടങ്ങിയതല്ലേ അയാൾ ഈ നാട്ടിലെ പെൺകുട്ടികളെ ശല്യപ്പെടുത്താൻ? എനിക്കറിയാം ഈ പറയുന്ന നാട്ടുകാർക്കൊന്നും അതിലൊരു പരാതിയുമുണ്ടായിരുന്നില്ലെന്ന്ഒരാൾ പോലും തയ്യാറായോ അയാളെ നിലയ്ക്ക് നിർത്താൻ? എന്തിനധികം ഫാദർ, ഈ പറയുന്ന താങ്കൾ പോലും ഒരു ചെറുവിരലെങ്കിലും അനക്കിയോ ഇക്കാര്യത്തിൽ?”

“മോളീ…!!!   മിസ്സിസ് പ്രിയോർ ഭീതിയോടെ അലറി.

“അത് ശരിഒരു പുരോഹിതനോടായതുകൊണ്ട് ഉള്ള കാര്യം പറയാനേ പാടില്ലെന്നാണോ അമ്മ പറഞ്ഞുവരുന്നത്?” 

അവജ്ഞയോടെ അവൾ ഫാദർ വെറേക്കറെ നോക്കി. “അയാളുടെ സ്വഭാവദൂഷ്യത്തെക്കുറിച്ച് താങ്കൾക്ക് അറിയില്ലെന്ന് ഞാൻ വിശ്വസിക്കണോ ഫാദർ…? എല്ലാ ഞായറാഴ്ച്ചകളിലും അയാൾ ദേവാലയത്തിൽ മുടങ്ങാതെ വരുന്നുണ്ടല്ലോ വല്ലപ്പോഴുമെങ്കിലും അയാളെ പിടിച്ച് ഒന്നു കുമ്പസാരിപ്പിച്ചുകൂടേ താങ്കൾക്ക്?”

ഫാദർ വെറേക്കറുടെ മുഖത്ത് ദ്വേഷ്യം ഇരച്ചുകയറുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. കതകിൽ ആരോ മുട്ടിയ ശബ്ദം കേട്ട് അവൾ തിരിഞ്ഞു. തന്റെ പാവാട ഭംഗിയായി പിടിച്ചിട്ടിട്ട് അവൾ വാതിലിനരികിലേക്ക് ധൃതിയിൽ നടന്നു. ഡെവ്‌ലിനെ പ്രതീക്ഷിച്ച് കതക് തുറന്ന അവൾ കണ്ടത് ഒരു ചുരുട്ട് തെറുത്തുകൊണ്ട് നിൽക്കുന്ന കുഴിവെട്ടുകാരൻ ലെയ്ക്കർ ആംസ്ബിയെയാണ്.  മുറ്റത്ത് അയാൾ ഓടിച്ചു കൊണ്ടു വന്ന ട്രാക്റ്ററും പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ട്രെയ്ലർ നിറയെ കിഴങ്ങും.

“ഇതെവിടെയാണ് ഇറക്കേണ്ടത് മോളീ?”  അയാൾ അവളെ നോക്കി മന്ദഹസിച്ചു.

“നാശം നിങ്ങൾക്ക് നേരവും കാലവുമൊന്നുമില്ലേ ലെയ്ക്കർ? ധാന്യപ്പുരയിലല്ലേ ഇത് ഇറക്കേണ്ടത് ഒരു കാര്യം ചെയ്യ് ഞാൻ വരാം അല്ലെങ്കിൽ നിങ്ങൾ തോന്നിയ സ്ഥലത്ത് ഇറക്കും 

 അവൾ മുറ്റത്തിറങ്ങി മണ്ണിലൂടെ ധാന്യപ്പുരയുടെ നേർക്ക് നടന്നു. അവൾ വൃത്തിയായി സൂക്ഷിച്ചിരുന്ന ഷൂസിൽ നിറയെ ചെളി പുരളുന്നുണ്ടായിരുന്നു. ലെയ്ക്കർ അവൾക്ക് പിന്നാലെ ട്രാക്റ്ററുമായി നീങ്ങി.

“നിന്റെ വേഷം കണ്ടിട്ട് ഇന്ന് അത്താഴത്തിന് ആരോ വിരുന്നുകാരനുണ്ടെന്ന് തോന്നുന്നല്ലോആരാണ് മോളീ?”  അയാൾ ചോദിച്ചു.

“നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതി ലെയ്ക്കർ ഇതിന്റെ കതക് തുറക്കാൻ നോക്ക്

ധാന്യപ്പുരയുടെ വലിയ കതക് അയാൾ പതുക്കെ തള്ളിത്തുറന്നു. പെട്ടെന്നാണ് ഉള്ളിൽ നിന്നിരുന്ന ആർതർ സെയ്മൂറിനെ കണ്ട് അയാൾ ഞെട്ടിയത്. തലയിലെ തൊപ്പി മുന്നോട്ടിറക്കി കണ്ണുകൾക്ക് തൊട്ടുമുകളിലായി വച്ചിരിക്കുന്നു. ഭീമാകാരമായ ശരീരത്തിൽ വലിഞ്ഞ് മുറുകി പൊട്ടാറായത് പോലെ ധരിച്ചിരിക്കുന്ന പഴഞ്ചൻ റീഫർ കോട്ട്.

“ആർതർ നിങ്ങളോ?”  ലെയ്ക്കറിന്റെ സ്വരത്തിൽ ഭീതി നിറഞ്ഞിരുന്നു.

സെയ്മൂർ അയാളെ പിടിച്ച് ഒരു വശത്തേക്ക് തള്ളി. പിന്നെ മോളിയുടെ കൈത്തണ്ടയിൽ പിടിച്ച് തന്നിലേക്കടുപ്പിച്ചു. “കൊടിച്ചിപ്പട്ടീ വാ ഇവിടെ നിന്നോട് രണ്ട് പറയാനുണ്ട്

“ആർതർ വേണ്ട അവളെ വിടൂ  അയാളെ പിടിച്ചുമാറ്റുവാൻ ലെയ്ക്കർ നടത്തിയ ശ്രമം പക്ഷേ വിഫലമാകുകയാണുണ്ടായത്.

സെയ്മൂർ തന്റെ പുറംകൈ വീശി ലെയ്ക്കറിന്റെ മുഖം നോക്കി ഒരു അടി കൊടുത്തു. ലെയ്ക്കറിന്റെ മൂക്കിൽ നിന്നും കുടുകുടെ രക്തം പുറത്തേക്കൊഴുകി.

“പോ, പുറത്ത് സെയ്മൂർ അയാളുടെ പിൻ‌കഴുത്തിൽ പിടിച്ച് ആഞ്ഞ് തള്ളി. ലെയ്ക്കർ ധാന്യപ്പുരയുടെ പുറത്ത് മുറ്റത്തേക്ക് തെറിച്ച് മണ്ണിൽ കമിഴ്ന്ന് വീണു.

“എന്നെ വിടൂ എനിക്ക് പോണം  മോളി അയാളെ തലങ്ങും വിലങ്ങും ചവിട്ടുവാൻ ശ്രമിച്ചു.

“നിന്നെ വിടാനോ? ഞാനോ?”  അയാൾ കതക് തള്ളിയടച്ച് കുറ്റിയിട്ടു. പിന്നെ ഇടംകൈയാൽ അവളുടെ മുടിയിൽ കുത്തിപ്പിടിച്ചു.  “നിന്നെയിനി വിടുന്ന പ്രശ്നമില്ല മോളീനല്ല കുട്ടിയായി അനുസരണയോടെ കിടന്നാൽ നിന്നെ വേദനിപ്പിക്കാതെ വിടാം ഞാൻ  ആ തന്തയില്ലാത്ത ഐറിഷ്കാരന് കൊടുത്തുകൊണ്ടിരിക്കുന്നത് നീ എനിക്കും കൂടി ഒന്ന് താ അധികം സമയമെടുക്കാതെ നിന്നെ ഞാൻ വിട്ടേക്കാം

 അയാളുടെ വിരലുകൾ അവളുടെ പാവാടയുടെ ചരടുകളിൽ പിടുത്തമിട്ടു.

“ഹോ എന്തൊരു നാറ്റമാണ് നിങ്ങൾക്ക് ചെളിയിൽ കിടന്നുരുണ്ട പന്നിയെപ്പോലെ” അയാളുടെ പിടി വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിലും അവൾക്ക് പറയുവാതിരിക്കാനായില്ല.

രക്ഷപെടുവാനുള്ള ശ്രമങ്ങൾ വിജയിക്കുന്നില്ല എന്ന് കണ്ട അവൾ കുനിഞ്ഞ് അയാളുടെ കൈത്തണ്ടയിൽ ആഞ്ഞ് കടിച്ചു. അപ്രതീക്ഷിതമായ ആ പ്രവൃത്തിയിൽ വേദനകൊണ്ട് അലറിയ അയാൾ പിടുത്തം അയച്ചു. തന്നിൽ നിന്ന് കുതറിയോടുന്ന അവളെ മറുകൈയാൽ പിടിക്കാൻ ശ്രമിച്ചെങ്കിലും അവളുടെ വസ്ത്രത്തിലാണയാൾക്ക് പിടി കിട്ടിയത്. സകലശക്തിയുമെടുത്ത് മുന്നോട്ടാഞ്ഞ അവളുടെ വസ്ത്രത്തിന്റെ ഒരു ഭാഗം കീറി അയാളുടെ കൈയിലിരുന്നു. അത് ഗൌനിക്കാതെ, ധാന്യപ്പുരയുടെ മച്ചിൻപുറത്തേക്ക് കയറുവാൻ വച്ചിരിക്കുന്ന കോണി ലക്ഷ്യമാക്കി അവൾ ഓടി.

(തുടരും)


അടുത്ത ലക്കത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക...