Friday, March 29, 2013

ഈഗിൾ ഹാസ് ലാന്റഡ് – 78



ദേവാലയത്തിൽ എത്തിയപ്പോഴേക്കും ചടങ്ങുകൾ അതിന്റെ അവസാന ഘട്ടത്തോടടുത്തിരുന്നു. വലത് വശത്തെ ചാരുബെഞ്ചുകളിലൊന്നിൽ ഡെവ്‌ലിൻ ഇരിക്കുവാൻ ഇടം കണ്ടെത്തി. അധികമകലെയല്ലാതെ തന്റെ മാതാവിനോടൊപ്പം മുട്ടുകുത്തി പ്രാർത്ഥനയിൽ മുഴുകിയിരിക്കുകയാണ് മോളി. കഴിഞ്ഞ ഞായറാഴ്ച്ച കണ്ടപ്പോൾ ധരിച്ചിരുന്ന അതേ വേഷം. ആർതർ സെയ്‌മൂറുമായുള്ള പിടിവലിയിൽ സംഭവിച്ച കേടുപാടുകളൊന്നും തന്നെ അവളുടെ വസ്ത്രത്തിൽ അപ്പോൾ കാണുവാനുണ്ടായിരുന്നില്ല.

തന്റെ പതിവ് സ്ഥാനത്ത് തന്നെ സെയ്‌മൂറും ഉണ്ടായിരുന്നു. ഹാളിലേക്ക് പ്രവേശിച്ച ഡെ‌വ്‌ലിനെ അയാൾ കാണുക തന്നെ ചെയ്തു.  പ്രത്യേകിച്ചൊരു ഭാവഭേദവും കാണിക്കാതെ അടുത്ത നിമിഷം അയാൾ എഴുന്നേറ്റ് പുറത്തേക്ക് നടന്നു.

പ്രാർത്ഥനയിൽ നിമഗ്നയായിരിക്കുന്ന മോളിയെ വീക്ഷിച്ചുകൊണ്ട് ഡെവ്‌ലിൻ ഇരുന്നു. മെഴുക് തിരിയുടെ ഇത്തിരിവെട്ടത്തിൽ മുട്ടുകുത്തി നിൽക്കുന്ന നിഷ്ക്കളങ്ക രൂപം ഡെവ്‌ലിന്റെ സാന്നിദ്ധ്യം എങ്ങനെയോ തിരിച്ചറിഞ്ഞിട്ടെന്ന പോലെ അവൾ മിഴികൾ തുറന്ന് തിരിഞ്ഞു നോക്കി. അവിശ്വസനീയതയോടെ അവളുടെ കണ്ണുകൾ വിടർന്നു. ആശ്ചര്യഭാവത്തോടെ ഒരു നീണ്ട മാത്ര അദ്ദേഹത്തെ നോക്കിയിട്ട് വീണ്ടും പ്രാർത്ഥനയിൽ മുഴുകി.

പ്രാർത്ഥന അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഡെവ്‌ലിൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. സദസ്യർ പുറത്ത് കടന്നുതുടങ്ങിയപ്പോഴേക്കും അദ്ദേഹം മോട്ടോർ സൈക്കിളിനരികിലെത്തിക്കഴിഞ്ഞിരുന്നു. ചന്നം പിന്നം ചാറുന്ന മഴയിൽ തന്റെ കോട്ടിന്റെ കോളർ ഉയർത്തി മോളിയെയും കാത്ത് അദ്ദേഹം മോട്ടോർ സൈക്കിളിൽ ഇരിപ്പുറപ്പിച്ചു.  എന്നാൽ തന്റെ മാതാവിനോടൊപ്പം പുറത്ത് വന്ന മോളി അദ്ദേഹത്തെ കണ്ടതായേ നടിച്ചില്ല. അമ്മയും മകളും അങ്കണത്തിൽ കിടന്നിരുന്ന  തങ്ങളുടെ കൊച്ചു കുതിരവണ്ടിയിൽ കയറി ഓടിച്ചു പോയി.

 “ങ്ഹും അവളെ കുറ്റം പറയാൻ കഴിയില്ല അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ” ഡെവ്‌ലിൻ പതിഞ്ഞ സ്വരത്തിൽ മന്ത്രിച്ചു.

സ്റ്റാർട്ടർ കിക്ക് ചെയ്യവേ ആരോ തന്റെ പേര് വിളിക്കുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു നോക്കി. ജോവന്ന ഗ്രേ ആയിരുന്നു അത്.

“ഫാദർ വെറേക്കർ നിങ്ങളെക്കുറിച്ച് ഇന്ന് എന്നോട് കുറേയധികം സംസാരിച്ചു സർ ഹെൻ‌ട്രി വില്ലഫ്ബിയുടെ അടുത്ത് നിങ്ങളെക്കുറിച്ച് പരാതി ബോധിപ്പിക്കുവാൻ പോകുകയാണത്രെ അദ്ദേഹം” ജോവന്ന പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.

“ബോധിപ്പിക്കട്ടെ

“ഡെവ്‌ലിൻ നിങ്ങൾ എല്ലാം തമാശയായി കാണുന്നു ഒരു അഞ്ച് മിനിറ്റ് പോലും സീരിയസ് ആയി ചിന്തിക്കാനോ പെരുമാറാനോ നിങ്ങൾക്ക് കഴിയില്ലെന്നുണ്ടോ?”

“വല്ലാത്ത മാനസിക സമ്മർദ്ദത്തിലാണ് ഞാൻ” അദ്ദേഹം പറഞ്ഞു.

അതിന് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് സർ വില്ലഫ്ബി അവർക്ക് അരികിലെത്തി. അദ്ദേഹം തന്റെ യൂണിഫോമിൽ ആയിരുന്നു.

“ഡെവ്‌ലിൻ ജോലിയൊക്കെ എങ്ങനെ?”

“വളരെ നന്നായി പോകുന്നു സർ ഇങ്ങനെ ഒരു സഹായം ചെയ്തു തന്നതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല” ഡെവ്‌ലിൻ ഐറിഷ് ചുവയുള്ള ഇംഗ്ലീഷ് പുറത്തെടുത്തു.

എന്ത് പറയണം എന്ന ഉത്ക്കണ്ഠയോടെ തന്റെ പിന്നിൽ നിൽക്കുന്ന ജോവന്നയുടെ മാനസികാവസ്ഥ ഡെവ്‌ലിൻ അറിയുന്നുണ്ടായിരുന്നു. എന്നാൽ ഡെവ്‌ലിന്റെ മറുപടിയിൽ സർ ഹെൻ‌ട്രി സംതൃപ്തനായിരുന്നു.

“ഗുഡ് ഷോ, ഡെവ്‌ലിൻ നിങ്ങളെക്കുറിച്ച് വളരെ നല്ല റിപ്പോർട്ടുകളാണ് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് എക്സലന്റ് കീപ്പ് അപ് ദി ഗുഡ് വർക്ക്” സർ ഹെൻ‌ട്രി അഭിനന്ദിച്ചു.

അദ്ദേഹം തിരിഞ്ഞ് ജോവന്നയുമായി സംസാരിക്കുവാനാരംഭിച്ചു. ഇത് തന്നെ അവസരം എന്ന് മനസ്സിലാക്കിയ ഡെവ്‌ലിൻ, മോട്ടോർ സൈക്കിൾ മുന്നോട്ടെടുത്ത് ദേവാലയാങ്കണത്തിന് പുറത്തേക്ക് കടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * * * *


കോട്ടേജിൽ എത്തിയപ്പോഴേക്കും മഴ ശക്തിയാർജ്ജിച്ചിരുന്നു. മോട്ടോർ സൈക്കിൾ ഷെഡ്ഡിലേക്ക് കയറ്റി വച്ചിട്ട് ഡെവ്‌ലിൻ റബ്ബർ ബൂട്ട്സും ഓയിൽ‌സ്കിൻ കോട്ടും എടുത്തണിഞ്ഞു. പിന്നെ തന്റെ ഷോട്ട് ഗൺ എടുത്ത് എസ്റ്റേറ്റിലെ ചതുപ്പിനെ ലക്ഷ്യമാക്കി നടന്നു. കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ കനാലിലെ ഷട്ടറുകൾ പരിശോധിച്ച് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. മാത്രമല്ല, ആയാസകരമായ ആ പ്രവൃത്തിയിൽ മുഴുകുന്നത് തന്റെ മനോവ്യാപാരത്തെ വഴിതിരിച്ച് വിടുവാൻ കുറച്ചൊക്കെ സഹായിക്കുമെന്നും അദ്ദേഹം കരുതി.

എന്നാൽ അത് വെറും മിഥ്യാധാരണയായിരുന്നു. ചിന്തകളിൽ നിന്നും മോളി പ്രിയോറിനെ പറിച്ചെറിയുവാൻ ഒട്ടും തന്നെ സാധിക്കുന്നില്ല. പോയ ഞായറാഴ്ച്ച ദേവാലയത്തിൽ വച്ച് കണ്ട അവളുടെ രൂപം മനസ്സിൽ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാർത്ഥനക്കായി  മുട്ടുകുത്തുമ്പോൾ തുടയിലൂടെ മുകളിലോട്ട് വഴുതിമാറുന്ന ഹാഫ് സ്കെർട്ട്  ആ രംഗം ഒരു സ്ലോമോഷൻ ചിത്രത്തിലെന്ന പോലെ അദ്ദേഹത്തിന്റെ സ്മൃതിപഥത്തിൽ തിളങ്ങി നിന്നു. മായ്ച്ചാലും മായാത്ത കാഴ്ച്ച പോലെ

“പരിശുദ്ധ മറിയമേ പുണ്യവാളന്മാരേ ഇതുപോലുള്ള വികാരത്തെയാണ് പ്രേമം എന്ന് വിളിക്കുന്നതെങ്കിൽ നോക്കൂ ലിയാം ഇങ്ങനെയൊരു വികാരം തിരിച്ചറിയുവാൻ നീ ഇത്രയും കാലമെടുത്തല്ലോ” ഡെവ്‌ലിൻ മന്ത്രിച്ചു.

തിരികെ കോട്ടേജിനടുത്ത് എത്തിയപ്പോൾ ഈർപ്പം നിറഞ്ഞ ആ അന്തരീക്ഷത്തിൽ വിറക് കത്തുന്ന ഗന്ധം അനുഭവപ്പെട്ടു. ജാലകത്തിലെ കർട്ടന്റെ വിടവിലൂടെ പുറത്തേക്കരിച്ചിറങ്ങുന്ന വിളക്കിന്റെ വെട്ടം. വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചതും ഭക്ഷണം പാകം ചെയ്യുന്നതിന്റെ ഹൃദ്യമായ ഗന്ധം നാസാരന്ധ്രങ്ങളിലേക്ക് പ്രവഹിച്ചു. തോക്ക് ഒരു മൂലയ്ക്ക് വച്ച് ഓയിൽ‌സ്കിൻ കോട്ട് അഴിച്ച് ചുമരിൽ കൊളുത്തി അദ്ദേഹം ലിവിങ്ങ് റൂമിലേക്ക് നടന്നു.

അടുപ്പിനുള്ളിലേക്ക് ഒരു വിറക് കഷണം കൂടി നീക്കി വച്ചു കൊണ്ട് അവൾ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. ഡെവ്‌ലിന്റെ പാദപതനം കേട്ട അവൾ തല ഉയർത്തി പിറകോട്ട് തിരിഞ്ഞു നോക്കി.

“ഓഹ് നിങ്ങൾ മുഴുവനും നനഞ്ഞിരിക്കുന്നുവല്ലോ” അവൾ ഉത്ക്കണ്ഠാകുലയായി.

“അര മണിക്കൂർ ആ നെരിപ്പോടിന് മുന്നിലിരുന്ന് തീ കാഞ്ഞാൽ മതി ഒപ്പം രണ്ട് മൂന്ന് പെഗ്ഗ് വിസ്കിയും ഐ വിൽ ബീ ഫൈൻ  ഡെവ്‌ലിൻ മന്ദഹസിച്ചു.

അവൾ കബോർഡിനരികിൽ ചെന്ന് ബുഷ്മില്ലിന്റെ ബോട്ട്‌ലും ഒരു ഗ്ലാസുമെടുത്തു.

“ഇത്തവണയെങ്കിലും നിലത്തൊഴിച്ച് കളയാതെ അകത്താക്കാൻ നോക്ക്” അവൾ പറഞ്ഞു.

“ഓഹ് അപ്പോൾ അക്കാര്യവും നീ അറിഞ്ഞോ?”

“ഇതുപോലുള്ള ഒരു കുഗ്രാമത്തിൽ എല്ലാവരും എല്ലാം അറിയുന്നു അത് പോട്ടെ ഞാൻ ഐറിഷ് സ്റ്റ്യൂ  ആണ് പാകം ചെയ്യുന്നത് ഇഷ്ടമല്ലേ

“തീർച്ചയായും

“അര മണിക്കൂറിനുള്ളിൽ റെഡിയാവും  അവൾ വാഷ് ബേസിനരികിലേക്ക് വന്ന് ഒരു ഗ്ലാസ് കൈയിലെടുത്തു.

“നിങ്ങൾക്കെന്ത് പറ്റി ലിയാം? നിങ്ങളെന്തിനാണ് എന്നിൽ നിന്നും ഒഴിഞ്ഞുമാറുവാൻ ശ്രമിക്കുന്നത്?”  അവൾ പൊടുന്നനെ ചോദിച്ചു.

ഡെവ്‌ലിൻ നെരിപ്പോടിനരികിലെ ചാരുകസേരയിൽ ചെന്ന് ഇരുന്ന് കാലുകൾ വിടർത്തി തീക്കനലുകൾക്ക് മുകളിലേക്ക് പിടിച്ചു. അദ്ദേഹത്തിന്റെ ട്രൌസേഴ്സിൽ നിന്നും നീരാവി ബഹിർഗ്ഗമിക്കുവാനാരംഭിച്ചു.

“അതാണ് നല്ലതെന്ന് ആദ്യമെനിക്ക് തോന്നി” അദ്ദേഹം പറഞ്ഞു.

“കാരണം?”

“എനിക്ക് എന്റേതായ കാരണങ്ങളുണ്ടായിരുന്നു

“ശരി സമ്മതിച്ചു ഇന്ന് എന്താണ് പറ്റിയത്?”

“ഞായറാഴ്ച്ച നശിച്ച ഞായറാഴ്ച്ച നിനക്കറിയാമല്ലോ അതെങ്ങനെയിരിക്കുമെന്ന്

“അത് നിങ്ങളുടെ വീക്ഷണത്തിന്റെ കുഴപ്പമാണ്

ഏപ്രണിൽ കൈ തുടച്ചുകൊണ്ട് അവൾ അദ്ദേഹത്തിനരികിലേക്ക് വന്ന് നീരാവി പറക്കുന്ന അദ്ദേഹത്തിന്റെ ട്രൌസേഴ്സിലേക്ക് നോക്കി.

“ഈ വസ്ത്രം മാറിയില്ലെങ്കിൽ അസുഖം പിടിക്കും ഞാൻ പറഞ്ഞില്ലെന്ന് വേണ്ട വാതം പിടിക്കാൻ വേറൊന്നും വേണ്ട

“ഓഹ് അധികം വൈകാതെ ഞാൻ കിടക്കാൻ പോകുകയാണ് അപ്പോൾ അഴിച്ച് കളയാം നല്ല ക്ഷീണമുണ്ട്

തെല്ല് ശങ്കയോടെ അവൾ അദ്ദേഹത്തിന്റെ മുടിയിഴകളിൽ സ്പർശിച്ചു. അടുത്ത നിമിഷം ഡെവ്‌ലിൻ ആ കരം കവർന്ന് ഒരു മുത്തം നൽകി.

“ഐ ലവ് യൂ യൂ നോ ദാറ്റ്?”

തന്റെ ഉള്ളിന്റെയുള്ളിൽ ഒരു ദീപം കൊളുത്തിയ പ്രതീതിയായിരുന്നു അവൾക്ക്. പ്രകാശം ചൊരിയുവാനാരംഭിക്കുന്ന ദീപനാളം കണക്കെ അവൾ സ്വയം തിളങ്ങുന്നത് പോലെ തോന്നി. ഇതുവരെ കണ്ടിട്ടില്ലാത്ത പുതിയൊരു മോളി.

“ദൈവത്തിന് നന്ദി കാരണം, തികഞ്ഞ മനഃസമാധാനത്തോടെ എനിക്കിന്നുറങ്ങാം” അവൾ മൊഴിഞ്ഞു.

“പക്ഷേ, മോളി നിനക്ക് ചേരുന്ന പുരുഷനല്ല ഞാൻ നമ്മുടെ ഭാവിയെക്കുറിച്ച് ഒന്നും തന്നെ പറയാനെനിക്ക് കഴിയില്ല  ഞാനൊരു മുന്നറിയിപ്പ് തന്നില്ല എന്ന് പിന്നീട് പറയരുത് സത്യം പറഞ്ഞാൽ ദാ, ആ ബെഡ്‌റൂമിന്റെ വാതിലിന് മുകളിൽ ഇങ്ങനെ ഒരു വാക്യം എഴുതി വെയ്ക്കേണ്ടതാണ് ‘ഇതിനുള്ളിലേക്ക് പ്രവേശിക്കുന്നവർ എല്ലാ വിധ പ്രതീക്ഷകളും ഉപേക്ഷിച്ചിട്ട് വേണം അതിന് മുതിരുവാൻ’ എന്ന്...”

“അത് നമുക്ക് വഴിയേ നോക്കാം ഞാൻ സ്റ്റ്യൂ എടുത്തുകൊണ്ടു വരാം” അവൾ കിച്ചണിലേക്ക് നടന്നു.


* * * * * * * * * * * * * * * * * * * * * * * * * * * * *


ആ പഴഞ്ചൻ കട്ടിലിൽ ഒരു കൈയാൽ അവളെ ചേർത്ത് പിടിച്ച് കൊണ്ട് കിടക്കവേ അദ്ദേഹം സീലിങ്ങിലേക്ക് നോക്കി. നെരിപ്പോടിൽ നിന്നുള്ള പ്രകാശം അവിടെ നിഴൽച്ചിത്രങ്ങൾ വരയ്ക്കുന്നു. മനസ്സിലെ എല്ലാ ഭാരവും ഇറക്കി വച്ച പ്രതീതി വർഷങ്ങളായി തനിക്ക് അന്യമായിരുന്ന മനഃസമാധാനം നിലാവെട്ടം പോലെ കുളിർമ്മ നൽകുന്നു.

താൻ കിടന്നിരുന്ന വശത്ത് കട്ടിലിനരികിൽ മേശപ്പുറത്ത് ഉണ്ടായിരുന്ന റേഡിയോ അവൾ എത്തി വലിഞ്ഞ് ഓൺ ചെയ്തു. പിന്നെ തിരിഞ്ഞ് അദ്ദേഹത്തോട് ചേർന്ന് കിടന്ന് മിഴികളടച്ച് നെടുവീർപ്പിട്ടു.

“ഓഹ് മനോഹരമായ അനുഭവമായിരുന്നു ഞാൻ നന്നായി ആസ്വദിച്ചു  ഇനിയും ഒരു വട്ടം കൂടി ആയാലോ?” അദ്ദേഹത്തിന്റെ കാതിൽ അവൾ മന്ത്രിച്ചു.

“മനുഷ്യന് ശ്വാസമെടുക്കുവാനുള്ള സമയമെങ്കിലും തരുമോ നീ?”

പുഞ്ചിരിയോടെ അവൾ അദ്ദേഹത്തെ ആലിംഗനം ചെയ്തു. “എന്നാൽ ശരി, വേണ്ട ആ വയസ്സന്റെ പാട്ട് ശ്രദ്ധിക്കൂപാവം

റേഡിയോയിൽ നിന്നും ആ ഗാനം ഒഴുകുന്നുണ്ടായിരുന്നു.

When that man is dead and gone
Some fine day the news will flash,
Satan with a small moustache
Is asleep beneath the lawn.

“അത് സംഭവിക്കുന്ന നാൾ ഞാൻ അങ്ങേയറ്റം സന്തോഷവതിയായിരിക്കും” ആലസ്യത്തോടെ അവൾ മന്ത്രിച്ചു.

“എന്ത് സംഭവിക്കുന്ന നാൾ?”

“മുറി മീശയുമായി ആ ചെകുത്താൻ മണ്ണിനടിയിൽ നിദ്ര ആരംഭിക്കുന്ന നാൾ ചെകുത്താൻ അതായത് ഹിറ്റ്‌ലർ അതോടെ എല്ലാത്തിനും ശുഭകരമായ പര്യവസാനം അല്ലേ?”  അവൾ അദ്ദേഹത്തോട് ഒന്നുകൂടി ഒട്ടിച്ചേർന്ന് കിടന്നു.

“യുദ്ധം അവസാനിക്കുന്നതോടെ നമ്മുടെ ഭാവി എങ്ങനെയായിരിക്കും ലിയാം?“

“എല്ലാം ദൈവേച്ഛ പോലെ നടക്കട്ടെ

നെരിപ്പോടിലെ തീനാളങ്ങളിലേക്ക് നോക്കിക്കൊണ്ട് അദ്ദേഹം കിടന്നു. നിമിഷങ്ങൾക്കകം അവളുടെ ശ്വാസഗതി താളാത്മകമാകുന്നത് അദ്ദേഹം അറിഞ്ഞു. അവൾ ഗാഢനിദ്രയിലാണ്ടു കഴിഞ്ഞിരുന്നു.

യുദ്ധം അവസാനിക്കുന്നതോടെ ഏത് യുദ്ധം? കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി ഒന്നല്ലെങ്കിൽ മറ്റൊരു യുദ്ധത്തിന് നടുവിലാണ് താൻ പക്ഷേ, അക്കാര്യം എങ്ങനെ അവളോട് പറയും? ഒരു കൊച്ചു കൃഷിയിടവുമായി ജീവിക്കുന്ന മോളിയും അമ്മയും ഒരു ആൺ‌തുണ അവൾ ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല ദൈവം അവളെ അനുഗ്രഹിക്കട്ടെ

അവളെ ഒന്നുകൂടി ചേർത്ത് പിടിച്ച് അദ്ദേഹം കിടന്നു. കരുത്താർജ്ജിച്ച കാറ്റ് മേൽക്കൂരയുടെ മുകളിലൂടെ ചൂളം വിളിച്ച് കടന്നു പോയി.  ജാലകപ്പാളികൾ അതിന്റെ ശക്തിയിൽ പ്രകമ്പനം കൊണ്ടു.


 (തുടരും)

അടുത്ത ലക്കം ഇവിടെ...
 

Friday, March 22, 2013

ഈഗിൾ ഹാസ് ലാന്റഡ് – 77



ലാന്റ്സ്‌വൂർട്ടിൽ മഴ തിമിർക്കുകയാണ്. മഴയെ അവഗണിച്ച് റൺ‌വേയിലൂടെ കാറോടിച്ച് വന്ന സ്റ്റെയ്നർ ആദ്യം കണ്ട ഹാങ്കറിന് മുന്നിൽ കാർ നിർത്തി ഇറങ്ങിയിട്ട് അതിനുള്ളിലേക്കോടിക്കയറി. ഇരു കൈകളുടെയും മുട്ട് വരെ ഗ്രീസ് പുരണ്ട പീറ്റർ ഗെറിക്ക് ഡക്കോട്ട വിമാനത്തിനരികിൽ നിൽക്കുന്നുണ്ടായിരുന്നു. ഒരു ലുഫ്ത്‌വെയ്ഫ് സർജന്റിനും മൂന്ന് മെക്കാനിക്കുകൾക്കുമൊപ്പം വിമാനത്തിന്റെ വലത് ഭാഗത്തെ എൻ‌ജിൻ അഴിച്ച് സർവീസ് ചെയ്തുകൊണ്ടിരിക്കുകയാണദ്ദേഹം.

“പീറ്റർഒരു നിമിഷം ഒന്ന് വരുമോ? കാര്യങ്ങളുടെ പുരോഗതി എങ്ങനെയുണ്ടെന്ന് അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്  സ്റ്റെയ്നർ പറഞ്ഞു.

“അതിനെന്താ എല്ലാം വിചാരിച്ചത് പോലെ തന്നെ സുഗമമായി നീങ്ങുന്നു

“എൻ‌ജിനുകൾക്ക് കുഴപ്പമൊന്നുമില്ലല്ലോ?”

“അശേഷം ഇല്ല തൊള്ളായിരം ഹോഴ്സ് പവർ വീതമുള്ള റൈറ്റ് സൈക്ലോൺ എൻ‌ജിനുകളാണ് നമ്പർ വൺ എൻ‌ജിൻ.. അത്രയധികമൊന്നും പറന്നിട്ടില്ലാത്തത് കൊണ്ട് പുതിയത് പോലെ തന്നെ കരുതാമെന്നാണ് എനിക്ക് തോന്നുന്നത് ഒരു മുൻ‌കരുതലെന്ന നിലയ്ക്ക് മാത്രമാണ് ഞങ്ങളിപ്പോൾ എൻ‌ജിനുകൾ സ്ട്രിപ്പ് ചെയ്യുന്നത്

“നിങ്ങൾ സ്വയമേയാണോ സാധാരണ എൻ‌ജിനുകൾ റിപ്പയർ ചെയ്യുന്നത്?”

“അതിനുള്ള അനുവാദം ലഭിച്ചിട്ടുണ്ടെങ്കിൽ” ഗെറിക്ക് പുഞ്ചിരിച്ചു. “തെക്കേ അമേരിക്കയിൽ ഇത്തരം വിമാനം പറപ്പിച്ചുകൊണ്ടിരുന്നപ്പോൾ എൻ‌ജിനുകളുടെ സർവീസ് ഞാൻ തന്നെ ചെയ്യേണ്ടി വന്നിരുന്നു കാരണം അത് ചെയ്യുവാൻ വേറെ ആരുമുണ്ടായിരുന്നില്ല എന്നത് തന്നെ

“അപ്പോൾ കുഴപ്പങ്ങളൊന്നുമില്ല എന്നുറപ്പാണോ?”

“ഇത് വരെ കണ്ടിടത്തോളം എല്ലാം ഓ.കെ ആണ് ബ്രിട്ടീഷ് വിമാനമായി വേഷം മാറാനുള്ള പെയ്ന്റിങ്ങാണിനി ബാക്കിയുള്ളത് അടുത്ത വാരത്തിനുള്ളിൽ അതും കഴിയും തിരക്ക് പിടിക്കാനില്ല ശക്തിയേറിയ റഡാർ കവറേജിനായി ഒരു ലീച്ച്റ്റെൻസ്റ്റെയ്ൻ സെറ്റ് ഘടിപ്പിക്കാമെന്ന് ബോമ്‌ലർ ഏറ്റിട്ടുണ്ട് ലളിതമായ ഒരു ട്രിപ്പായിരിക്കും ഇത് നോർത്ത് സീയുടെ മുകളിലൂടെ ഒരു മണിക്കൂർ അങ്ങോട്ടും ഒരു മണിക്കൂർ തിരിച്ചിങ്ങോട്ടും ഉത്ക്കണ്ഠപ്പെടാനൊന്നും തന്നെയില്ല

“ശരിയാണ് പക്ഷേ, റോയൽ എയർഫോഴ്സിന്റെയോ ലുഫ്ത്‌വെയ്ഫിന്റെയോ ഫൈറ്റർ വിമാനങ്ങളുടെ വേഗതയുടെ പാതി മാത്രമാണ് ഇതിന്റെ ഏറ്റവും കൂടിയ വേഗത എന്നോർമ്മ വേണം

“വേഗതയിലല്ല കാര്യം ഹെർ ഓബർസ്റ്റ് എങ്ങനെ പറപ്പിക്കുന്നു എന്നതിലാണ്” ഗെറിക്ക് ചുമൽ വെട്ടിച്ചു.

“ഒരു ടെസ്റ്റ് ഫ്ലൈറ്റ് വേണമെന്ന് തോന്നുന്നില്ലേ നിങ്ങൾക്ക്?”

“തീർച്ചയായും

“ഞാൻ അതെക്കുറിച്ച് ആലോചിച്ചിരുന്നു അതോടൊപ്പം ഞങ്ങളുടെ ട്രൂപ്പിന് ഒരു പാരച്യൂട്ട് ജമ്പിങ്ങ് പരിശീലനവുമാകുംകഴിയുന്നതും രാത്രിയിൽ വേലിയിറക്ക സമയത്ത് ആ മണൽക്കൂനകൾക്ക് വടക്ക് ഭാഗത്തുള്ള ബീച്ചിൽ ബ്രിട്ടീഷ് പാരച്യൂട്ടുമായി അവർക്കൊരു പരിചയവും ലഭിക്കും  സ്റ്റെയ്നർ പറഞ്ഞു.

“എത്ര ഉയരത്തിൽ നിന്നുള്ള ഡ്രോപ്പിങ്ങ് ആണ് താങ്കൾ ഉദ്ദേശിക്കുന്നത്?”

“ഏകദേശം നാനൂറ് അടി ഉയരത്തിൽ നിന്ന് ഏതാണ്ട് പതിനഞ്ച് സെക്കന്റുകൾ കൊണ്ട് നിലം തൊടണം അതിനുള്ള പരിശീലനമാണ് ഞാനുദ്ദേശിക്കുന്നത്

“അത് കുറച്ച് കടുപ്പം തന്നെയായിരിക്കുമല്ലോ അവർക്ക് ഒരു പൈലറ്റ് എന്ന നിലയിൽ ഇതുവരെ എനിക്ക് പാരച്യൂട്ടിൽ ഇറങ്ങേണ്ടി വന്നത് മൂന്നേ മൂന്ന് തവണ മാത്രമാണ് അതൊക്കെ ഇതിനെ അപേക്ഷിച്ച് നോക്കുമ്പോൾ വളരെ ഉയരത്തിൽ നിന്നായിരുന്നു

മഴയെ തുരത്തിക്കൊണ്ട് ശക്തിയായ കാറ്റ് വീശിയടിച്ചു.

“ഹൊ വല്ലാത്തൊരു സ്ഥലം തന്നെ ഇത്” തണുത്ത് വിറച്ചുകൊണ്ട് ഗെറിക്ക് പറഞ്ഞു.

“പക്ഷേ, നമ്മുടെ ലക്ഷ്യം നിറവേറ്റാൻ എന്തുകൊണ്ടും സഹായകരമായ കാലാവസ്ഥ” സ്റ്റെയ്നർ മന്ത്രിച്ചു.

“എന്താണ് ആ ലക്ഷ്യമെന്ന് ഇതുവരെയും താങ്കൾ പറഞ്ഞില്ല

“ദിനവും ചുരുങ്ങിയത് അഞ്ച് തവണയെങ്കിലും നിങ്ങൾ ഈ ചോദ്യം എന്നോട് ചോദിച്ചു കൊണ്ടിരിക്കുന്നു ഇനിയും വിട്ടുകളയാറായില്ലേ ഇക്കാര്യം?”  സ്റ്റെയ്നർ പുഞ്ചിരിച്ചു.

“താങ്കളുടെ ദൌത്യം എന്താണെന്നറിയാനുള്ള സ്വാഭാവികമായ ആകാംക്ഷ അത്ര മാത്രം

“ഒരു നാൾ നിങ്ങളതറിയും ഗെറിക്ക് അത് എന്നാണെന്ന കാര്യം റാഡ്‌ൽ ആണ് തീരുമാനിക്കേണ്ടത്തൽക്കാലം നമ്മൾ ഇപ്പോൾ ഇവിടെ ഒരുമിച്ച് പ്രവർത്തിക്കുന്നു എന്ന് മാത്രം അറിഞ്ഞാൽ മതി

“ആ പ്രെസ്റ്റൺ അയാൾക്കിതിൽ എന്ത് കാര്യം? അതാണെനിക്ക് മനസ്സിലാകാത്തത്

“പല കാര്യങ്ങളും അടങ്ങിയിരിക്കുന്നു ഭംഗിയുള്ള ഒരു യൂണിഫോം ഓഫീസർ പദവി ജീവിതത്തിലാദ്യമായി അയാൾ ഒരു പദവിയിലെത്തിയിരിക്കുകയാണ് ഒന്നുമല്ലാതിരുന്ന ഒരാൾക്ക് അത് തന്നെ വലിയൊരു കാര്യമാണ് ഇത്രയും ഒരു വശം മറ്റൊരു കോണിൽ കൂടി നോക്കിയാൽ ഹിമ്‌ലറുടെ നേരിട്ടുള്ള ഓർഡറിലൂടെയാണ് അയാൾ ഈ സംഘത്തിലെത്തുന്നത്” സ്റ്റെയനർ പറഞ്ഞു.

“താങ്കളുടെ വീക്ഷണം എങ്ങനെയാണ്? ഫ്യൂറർ ഹിറ്റ്ലർക്ക് വേണ്ടി വെറുമൊരു ബലിയാട്?”

സ്റ്റെയ്നർ മന്ദഹസിച്ചു.

“ആർക്കറിയാം യുദ്ധം എന്ന് പറയുന്നത് ഓരോ വ്യക്തിയുടെയും വീക്ഷണകോണിനെ ആശ്രയിച്ചിരിക്കും ഉദാഹരണത്തിന് എന്റെ മാതാവിന് പകരം പിതാവ് അമേരിക്കക്കാരനും മാതാവ് ജർമ്മൻ‌കാരിയും ആയിരുന്നുവെങ്കിൽ തീർച്ചയായും ഞാൻ അമേരിക്കൻ പക്ഷത്താകുമായിരുന്നു പിന്നെ പാരച്യൂട്ട് റെജിമെന്റിൽ ചേരാനുള്ള കാരണം അന്ന് അതെനിക്ക് ഒരു ആകർഷകമായ രംഗമായി തോന്നി പിന്നെ കാലത്തിനൊപ്പം അതെന്റെ ജീവിതത്തിൽ അലിഞ്ഞ് ചേർന്നു

“എന്നെ സംബന്ധിച്ചിടത്തോളം വേറൊരു മാർഗ്ഗമില്ലാത്തത് കൊണ്ട് ഇവിടെ എത്തിപ്പെട്ടുവെന്നതാണ് സത്യം കടലിന്നക്കരെ, റോയൽ എയർഫോഴ്സിലെ യുവാക്കളുടെ കാര്യവും വ്യത്യസ്തമായിരിക്കില്ലെന്നാണ് എനിക്ക് തോന്നുന്നത് പക്ഷേ, താങ്കൾ എനിക്ക് തോന്നുന്നില്ല താങ്കളിതൊരു ഗെയിം ആയിട്ടാണെടുത്തിരിക്കുന്നത് അതിനപ്പുറം ഒന്നുമില്ല?” ഗെറിക്ക് ചോദിച്ചു.

“മുമ്പൊക്കെ എനിക്ക് വ്യക്തമായ ഒരു ധാരണയുണ്ടായിരുന്നു പക്ഷേ ഇപ്പോൾ എന്തോ എനിക്ക് തീർച്ചയില്ല എന്റെ പിതാവ് ഒരു സൈനികനായിരുന്നു ഇപ്പോഴുള്ളവരുടെ നോട്ടത്തിൽ അറുപഴഞ്ചൻ  പക്ഷേ, ജന്മനാടിന് വേണ്ടി ധാരാളം പോരാടിയിട്ടുണ്ട് അതിലദ്ദേഹം അഭിമാനം കൊള്ളുകയും ചെയ്യുന്നു  സ്റ്റെയ്നർ പറഞ്ഞു.

“ഇപ്പോൾ അവർ താങ്കൾക്ക് നൽകിയിരിക്കുന്ന ഈ ബ്രിട്ടീഷ് ദൌത്യം അതെന്ത് തന്നെയായാലും അതിന്റെ വിജയസാദ്ധ്യതയെക്കുറിച്ച് താങ്കൾക്ക് യാതൊരു സംശയവുമില്ല?” ഗെറിക്ക് ആരാഞ്ഞു.

“അല്പം പോലുമില്ല വളരെ കൃത്യതയാർന്ന ഒരു സൈനിക ദൌത്യം” സ്റ്റെയ്നർ പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല.

അദ്ദേഹം ഗെറിക്കിന്റെ ചുമലിൽ കൈ വച്ചു. “എനിക്കുറപ്പുണ്ട് എന്നെങ്കിലും ഒരു ദിനം എന്നെ തേടിയെത്തും നമുക്കെല്ലാവർക്കും വേണ്ടി വിതുമ്പുവാനായി

ആരവത്തോടെ വീണ്ടും എത്തിയ മഴയിലേക്കിറങ്ങി അദ്ദേഹം ദൂരേയ്ക്ക് നടന്നു.    


* * * * * * * * * * * * * * * * * * * * * *


തന്റെ റിപ്പോർട്ട് വായിച്ചുകൊണ്ടിരിക്കുന്ന റൈ ഫ്യൂറർ ഹിമ്‌ലറെ വീക്ഷിച്ചുകൊണ്ട് റാഡ്‌ൽ അസ്വസ്തതയോടെ നിന്നു.  

“എക്സലന്റ്, ഹെർ ഓബർസ്റ്റ് റിയലി ക്വൈറ്റ് എക്സലന്റ് നമ്മൾ പ്രതീക്ഷിച്ചതിലും ഭംഗിയായി എല്ലാം മുന്നോട്ട് പോകുന്നു ആ ഐറിഷ്കാരനിൽ നിന്നും എന്തെങ്കിലും വിവരമുണ്ടോ?” അദ്ദേഹം റിപ്പോർട്ട് മേശപ്പുറത്ത് വച്ചു.

“ഇല്ല മിസ്സിസ് ഗ്രേയിൽ നിന്നുള്ള റിപ്പോർട്ടുകൾ മാത്രമേയുള്ളൂ നമ്മുടെ തീരുമാനവും അങ്ങനെയായിരുന്നു ഡെവ്‌ലിന്റെ കൈയിൽ ഒരു മേൽത്തരം റേഡിയോ ടെലിഫോൺ സെറ്റുണ്ട് ബ്രിട്ടീഷ് SOE യിൽ നിന്നും പിടിച്ചെടുത്തതാണ് ദൌത്യത്തിന്റെ അവസാനഘട്ടത്തിൽ E-ബോട്ടുമായി സമ്പർക്കം പുലർത്തിക്കൊണ്ടിരിക്കുവാൻ അത് ഉപകരിക്കും ആ സന്ദർഭം മുതലായിരിക്കും നാം ഡെവ്‌‌ലിനുമായി നേരിട്ട് കമ്മ്യൂണിക്കേഷൻ നടത്തിത്തുടങ്ങുക

“അഡ്മിറൽ കാനറീസിന് ഈ ദൌത്യത്തെക്കുറിച്ച് ഇത് വരെ അറിവൊന്നുമില്ലെന്ന് ഉറപ്പല്ലേ?  അക്കാര്യത്തിൽ സംശയമൊന്നുമില്ലല്ലോ?”

“യാതൊരു സംശയവുമില്ല, ഹെർ റൈ ഫ്യൂറർ അബ്ഫെറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി പാരീസിലേക്കും റോട്ടർഡാമിലേക്കും ഞാൻ നടത്തിയ യാത്രയുമായി കൂട്ടിയിണക്കാൻ കഴിഞ്ഞതുകൊണ്ട് ഹോളണ്ട് സന്ദർശനം അദ്ദേഹം അറിഞ്ഞിട്ടില്ല പിന്നെ റൈ ഫ്യൂറർക്ക് അറിയാമല്ലോ, എന്റെ സെക്ഷന് ആവശ്യത്തിനുള്ള പ്രവർത്തന സ്വാതന്ത്ര്യം അദ്ദേഹം അനുവദിച്ച് തന്നിട്ടുണ്ടെന്നുള്ള കാര്യം

“അപ്പോൾ എന്നാണ് ഇനി ലാന്റ്സ്‌വൂർട്ടിലേക്ക് വീണ്ടും?”

“അടുത്ത വാരാന്ത്യത്തിൽ നമ്മുടെ ഭാഗ്യമെന്ന് പറയട്ടെ, നവംബർ ഒന്നിനോ രണ്ടിനോ അഡ്‌മിറൽ ഇറ്റലിയിലേക്ക് പോകുകയാണ് അതിനർത്ഥം, ദൌത്യത്തിന്റെ നിർണ്ണായകമായ അന്ത്യഘട്ടത്തിൽ ലാന്റ്സ്‌വൂർട്ടിൽ തങ്ങികൊണ്ട് എനിക്ക് ഓപ്പറേഷൻ വിലയിരുത്തുവാൻ കഴിയുമെന്നതാണ്

“അഡ്‌മിറലിന്റെ ഇറ്റാലിയൻ യാത്ര യാദൃച്ഛികമാണെന്ന് കരുതുകയൊന്നും വേണ്ട ഞാനാണ് ഈ സമയത്ത് തന്നെ അദ്ദേഹത്തെ അങ്ങോട്ടയയ്ക്കാൻ ഫ്യൂററിന്റെയടുത്ത് നിവേദനം നൽകിയത് നിമിഷങ്ങൾക്കകം തന്നെ അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തു” ഹിമ്‌ലർ പുഞ്ചിരിച്ചു.

അദ്ദേഹം പേന കൈയിലെടുത്തു. “അങ്ങനെ നമ്മുടെ ദൌത്യം നേരായ വഴിയിൽ തന്നെ പുരോഗമിക്കുന്നുഏറിയാൽ രണ്ടാഴ്ച്ചക്കുള്ളിൽ എല്ലാം ശുഭകരമായി അവസാനിക്കും വിവരങ്ങളെല്ലാം എന്നെ അറിയിച്ചുകൊണ്ടിരിക്കുക

ഹിമ്‌ലർ തന്റെ മുന്നിലെ ഫയലിലേക്ക് മുഖം കുനിച്ച് ജോലി ആരംഭിച്ചു. ഇനിയും ഒരു കാര്യം കൂടി ഓർമ്മിപ്പിക്കുവാനുണ്ട് റാഡ്‌ലിന്. അദ്ദേഹം വരണ്ടുതുടങ്ങിയ തന്റെ ചുണ്ടുകൾ നനച്ചുകൊണ്ട് ഉച്ചരിച്ചു. “ഹെർ റൈ ഫ്യൂറർ

ഹിമ്‌ലർ മുഖമുയർത്തി നെടുവീർപ്പിട്ടു. “ധാരാളം ജോലിയുണ്ട്, റാഡ്‌ൽ ഇനിയെന്താണ് നിങ്ങൾക്ക് പറയാനുള്ളത്?”

“ജനറൽ സ്റ്റെയ്നറുടെ കാര്യം, ഹെർ റൈ ഫ്യൂറർ അദ്ദേഹം അദ്ദേഹം സുഖമായിരിക്കുന്നുവോ?”

“തീർച്ചയായും എന്താണ് ചോദിക്കാൻ കാരണം?” ഹിമ്‌‌ലർ നിർവികാരനായി ചോദിച്ചു.

റാഡ്‌ലിന്റെ ഉള്ളിൽ നിന്നും ഒരു ആളൽ കത്തിക്കയറി. എങ്ങനെ തുടങ്ങി വയ്ക്കണമെന്ന വിഷമം.  ഈ മുരടൻ അതെങ്ങനെ എടുക്കും എന്ന സന്ദേഹം.

“കേണൽ സ്റ്റെയ്നറിന് സ്വാഭാവികമായും അദ്ദേഹത്തിന് തന്റെ പിതാവിന്റെ കാര്യത്തിൽ ആകാംക്ഷയുണ്ട്

“അതിന്റെ ആവശ്യമില്ല സ്റ്റെയ്നറുടെ കാര്യത്തിൽ ഞാൻ നിങ്ങൾക്ക് വാക്ക് തന്നിരുന്നു ശരിയല്ലേ?” റാഡ്‌ലിന്റെ ചോദ്യം ഇഷ്ടപ്പെടാത്ത മട്ടിൽ ഹിമ്‌ലർ ചോദിച്ചു.

“തീർച്ചയായും, ഹെർ റൈ ഫ്യൂറർ താങ്ക് യൂ എഗെയ്ൻ” റാഡ്‌ൽ തിരിഞ്ഞ് വാതിലിന് നേർക്ക് നീങ്ങി. പിന്നെ പുറത്ത് കടന്ന് ആശ്വാസത്തോടെ വേഗം നടന്നു.

നടന്ന് നീങ്ങുന്ന റാഡ്‌ലിനെ നോക്കി ഹിമ്‌ലർ വെറുപ്പ് കലർന്ന അസ്വസ്ഥതയോടെ തലയാട്ടി. പിന്നെ, തന്റെ മുന്നിലെ ഫയലിലേക്ക് തിരികെയെത്തി എഴുത്ത് തുടർന്നു.
 

 (തുടരും)


അടുത്ത ലക്കം ഇവിടെ...