Monday, May 27, 2013

ഈഗിൾ ഹാസ് ലാന്റഡ് – 84



അപകടം മണത്ത സാമിയുടെ വലത് കൈ കാലിച്ചാക്കിനടിയിലേക്ക് നീണ്ടു. നിമിഷാർദ്ധത്തിനുള്ളിൽ അവൻ തോക്കിൽ പിടി മുറുക്കി. പക്ഷേ, വൈകിപ്പോയിരുന്നു. ചാക്കിനടിയിൽ നിന്ന് തോക്ക് വലിച്ച് പുറത്തെടുക്കുന്നതിനുള്ളിൽ ഡെവ്‌ലിന്റെ കൈ കോട്ടിന്റെ പോക്കറ്റിൽ നിന്നും പുറത്ത് വന്നു. സൈലൻസർ ഘടിപ്പിച്ച മോസർ ഒന്ന് മുരടനക്കി. സാമിയുടെ ഇടത് കൈമുട്ടിന് മുകൾ ഭാഗം തകർത്ത് കൊണ്ട് ആദ്യവെടിയുണ്ട കടന്നു പോയി. വേദനയാൽ പുളഞ്ഞ അവൻ വട്ടം തിരിയവേ അടുത്ത വെടിയുണ്ട അവന്റെ നട്ടെല്ല് തകർത്തു. അടി തെറ്റിയ അവൻ മുന്നോട്ടാഞ്ഞ് അവിടെ കിടന്നിരുന്ന കാറിന്റെ ബോണറ്റിലേക്ക് വീണു. മരണവെപ്രാളത്തിൽ അവന്റെ കൈകൾ തോക്കിന്റെ കാഞ്ചിയിൽ ലക്ഷ്യമില്ലാതെ വരിഞ്ഞ് മുറുകി. നിറയൊഴിഞ്ഞത് തറയിലേക്കായിരുന്നു എന്ന് മാത്രം.

അപ്രതീക്ഷിതമായ ആക്രമണത്തിൽ വിരണ്ടുപോയ ഗാർവാൾഡ് സഹോദരന്മാർ സാവധാനം പിന്നോട്ട് വലിഞ്ഞ് വാതിലിന് നേർക്ക് നീങ്ങി. റൂബൻ ഭയത്താൽ വിറയ്ക്കുന്നുണ്ടായിരുന്നു. ഡെവ്‌ലിനെ എങ്ങനെയും കീഴടക്കാനുള്ള മാർഗ്ഗത്തെക്കുറിച്ച് ചിന്തിച്ച് ഗാർവാൾഡ് കരുതലോടെ വാതിൽക്കൽ നിന്നു.

“ഇനിയും ദൂരേയ്ക്ക് പോകണമെന്നില്ല” ഡെവ്‌ലിൻ പറഞ്ഞു.

ആകാ‍രത്തിൽ ചെറുതാണെങ്കിലും ഡെവ്‌ലിന്റെ അപ്പോഴത്തെ രൂപം ഭീതിദായകമായിരുന്നു. വെള്ളം ഇറ്റുവീഴുന്ന കോട്ട് വൈമാനികർ ഉപയോഗിക്കുന്ന ഒരു പഴഞ്ചൻ ഹെൽമറ്റ് സൈലൻസർ ഘടിപ്പിച്ച മോസർ നീട്ടിപ്പിടിച്ച് കനൽ എരിയുന്ന ഡ്രമ്മിന്റെ മറുഭാഗത്ത് നിൽക്കുന്ന അദ്ദേഹത്തിന്റെ രൂപം ഗാർവാൾഡിന്റെ മനോധൈര്യം ചോർത്തിക്കളഞ്ഞു.

“ഓൾ റൈറ്റ് എന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റ് സംഭവിച്ചു  ഗാർവാൾഡ് പറഞ്ഞു.

“മാത്രമല്ല, നിങ്ങൾ നിങ്ങളുടെ വാക്ക് തെറ്റിക്കുകയും ചെയ്തിരിക്കുന്നു അത്തരക്കാർക്കുള്ള ശിക്ഷ ആ നിമിഷം തന്നെ കൊടുക്കുക എന്നതാണ് ഞങ്ങളുടെ നാട്ടിലെ രീതി” ഡെവ്‌ലിൻ പറഞ്ഞു.

 “മർഫി ദൈവത്തെയോർത്ത്

എന്നാൽ അത് മുഴുമിപ്പിക്കാനുള്ള സമയം ഗാർവാൾഡിന് ലഭിച്ചില്ല. ഡെവ്‌ലിന്റെ കൈയിലെ മോസർ ഒരു വട്ടം കൂടി ചുമച്ചു. നിശ്ശബ്ദം പാഞ്ഞ വെടിയുണ്ട ഗാർവാൾഡിന്റെ വലത് കാൽമുട്ടിന്റെ ചിരട്ട തകർത്തു. അയാൾ പിന്നോട്ട് ചാഞ്ഞ് കതകിൽ ചാരി ഇരുകൈകളാലും മുട്ട് പൊത്തിപ്പിടിച്ച് അലറിക്കരഞ്ഞുകൊണ്ട് താഴോട്ടിരുന്നു. അയാളുടെ വിരലുകൾക്കിടയിലൂടെ രക്തം പുറത്തേക്ക് ചീറ്റുന്നുണ്ടായിരുന്നു.

പ്രാണരക്ഷാർത്ഥം റൂബൻ ഇരുകൈകളും മുകളിലേക്കുയർത്തി തല കുമ്പിട്ട് നിന്നു. അതേ നിലയിൽ മൂന്നോ നാലോ നിമിഷം നിന്നതിന് ശേഷം അല്പം ധൈര്യം സംഭരിച്ച് തലയുയർത്തി നോക്കി. ജീപ്പിന്റെ പിന്നിൽ ഒരു പലക ചാരിവച്ച് തന്റെ മോട്ടോർ സൈക്കിൾ അതിനുള്ളിലേക്ക് ഓടിച്ച് കയറ്റുന്ന ഡെവ്‌ലിനെയാണ് അവൻ അപ്പോൾ കണ്ടത്.

ഗ്യാരേജിന്റെ ഗെയ്റ്റ് പാതി തുറന്നതിന് ശേഷം ഡെവ്‌ലിൻ റൂബന് നേർക്ക് വിരൽ ഞൊടിച്ചു.

“ഡെലിവറി ലൈസൻസ്

വിറയ്ക്കുന്ന വിരലുകളാൽ തന്റെ പേഴ്സിൽ നിന്നും ആ കടലാസ് എടുത്ത് റൂബൻ അദ്ദേഹത്തിന് കൈമാറി. വിശദമായി അത് പരിശോധിച്ചതിന് ശേഷം അദ്ദേഹം തന്റെ പോക്കറ്റിൽ നിന്ന് ഒരു കവർ എടുത്ത് ഗാർവാൾഡിന്റെ കാൽക്കലേക്ക് എറിഞ്ഞു.

“എഴുനൂറ്റിയമ്പത് പൌണ്ട് ഉണ്ട് കച്ചവടം എന്ന് പറഞ്ഞാൽ കച്ചവടം തന്നെയായിരിക്കണം മാത്രമല്ല, ഞാൻ വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കുകയും ചെയ്യും ഇനിയെങ്കിലും വാക്ക് പാലിക്കുവാൻ ശ്രമിച്ചാൽ നിങ്ങൾക്ക് നല്ലത്” ഡെവ്‌ലിൻ പറഞ്ഞു.

ജീപ്പിനുള്ളിൽ കയറി എൻ‌ജിൻ സ്റ്റാർട്ട് ചെയ്ത് അദ്ദേഹം ഗെയ്റ്റ് കടന്ന് പുറത്തെ ഇരുട്ടിലേക്ക് ഓടിച്ചുപോയി.

“ആ ഗെയ്റ്റ് അതടയ്ക്കൂ പെട്ടെന്ന് വഴിയേ പോകുന്ന പോലീസ്കാർ ആരെങ്കിലും ഇവിടുത്തെ വെളിച്ചം കണ്ട് അന്വേഷിച്ച് കയറി വരാൻ അത് മതി വേദനയാൽ പുളഞ്ഞ് പല്ല് കടിച്ചുപിടിച്ച് ഗാർവാൾഡ്, റൂബനോട് പറഞ്ഞു.

ഗെയ്റ്റ് അടച്ചിട്ട് റൂബൻ തിരികെ വന്ന് രംഗം മൊത്തമായൊന്ന് വിലയിരുത്തി. അന്തരീക്ഷത്തിൽ നീല നിറത്തിലുള്ള പുക നിറഞ്ഞിരിക്കുന്നു. ഒപ്പം നിറയൊഴിഞ്ഞതിന്റെ രൂക്ഷഗന്ധവും.

“ആരായിരുന്നു ആ തന്തയില്ലാത്തവൻ, ബെൻ?”  ഭയം വിട്ടുമാറാത്ത സ്വരത്തിൽ റൂബൻ ചോദിച്ചു.

“എനിക്കറിയില്ല അറിയേണ്ട കാര്യവുമില്ല” തന്റെ കഴുത്തിൽ കിടന്നിരുന്ന വെളുത്ത സ്കാർഫ് അഴിച്ചെടുത്ത് അയാൾ റൂബന് നേർക്ക് നീട്ടി. “ഇതു കൊണ്ട് ഈ മുറിവൊന്ന് കെട്ടിത്തരൂ

ഗാർവാൾഡിന്റെ കാൽമുട്ടിലെ മുറിവിലേക്ക് നോക്കിയതും അവൻ ഭീതിയാൽ നിലവിളിച്ചു. 7.63 mm വെടിയുണ്ട കാൽമുട്ടിനുള്ളിൽ കയറി മറുവശത്തുകൂടി പുറത്തേക്ക് പോയിരുന്നു. മുട്ടിന്റെ ചിരട്ട ചിതറിത്തകർന്ന് പൊളിഞ്ഞ് തൂങ്ങിയ മാംസത്തിനും രക്തത്തിനും ഇടയിലൂടെ എല്ലിൻ കഷണങ്ങൾ പുറത്തേക്ക് കാണാമായിരുന്നു.

“ദൈവമേ. ഇത് നിസ്സാര മുറിവല്ലല്ലോ ആശുപത്രിയിൽ പോയേ പറ്റൂ ബെൻ

“ങ്ഹും ആശുപത്രി ! എന്നിട്ട് വേണം പോലീസ് കേസായി നമ്മൾ രണ്ട് പേരും അകത്താവാൻ നിനക്കെന്താ വട്ടുണ്ടോ? സമയം കളയാതെ ഈ തുണി വച്ച് വരിഞ്ഞ് കെട്ടുന്നുണ്ടോ നീ?”  അയാളുടെ മുഖത്ത് വിയർപ്പ് പൊടിഞ്ഞ് തുടങ്ങിയിരുന്നു.

റൂബൻ തന്റെ സഹോദരന്റെ തകർന്ന കാൽമുട്ടിൽ ആ സ്കാർഫ് വരിഞ്ഞ് കെട്ടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

“സാമിയെ എന്ത് ചെയ്യും ബെൻ?” അവൻ ചോദിച്ചു.

“തൽക്കാലം അവിടെത്തന്നെ കിടക്കട്ടെ ആ ടാർപ്പോളിൻ കൊണ്ട് ശവശരീരം മൂടിയിടൂ നേരം വെളുത്തിട്ട് നമ്മുടെ പിള്ളേരെ വിളിച്ച് വരുത്തി എവിടെയെങ്കിലും കൊണ്ടുപോയി തട്ടാൻ ഏർപ്പാടാക്കാം

“പെട്ടെന്നാവട്ടെ ഉടൻ ഇവിടുന്ന് സ്ഥലം കാലിയാക്കണം” റൂബൻ ബാൻഡേജ് ഒന്നുകൂടി മുറുക്കിയപ്പോൾ ഗാർവാൾഡ് വേദനകൊണ്ട് ശപിച്ചു. 

“പക്ഷേ, എങ്ങോട്ട് ബെൻ?”

“നേരെ ബർമ്മിങ്ങ്ഹാമിലേക്ക് ആസ്റ്റണിൽ ഒരു നഴ്സിങ്ങ് ഹോം ഉണ്ടല്ലോ ഒരു ഇന്ത്യൻ ഡോക്ടർ നടത്തുന്നത്ഓഹ് അയാളുടെ പേര് മറന്നു പോയല്ലോ…!

”ഏത്…? ഡോക്ടർ ദാസ്…?”  റൂബൻ നിഷേധാർത്ഥത്തിൽ തലയാട്ടി. “ബെൻ അയാൾ അബോർഷൻ റാക്കറ്റുമായി ബന്ധമുള്ളയാളാണ് ഇത്തരം മുറിവൊന്നും അയാളെക്കൊണ്ട് കൈകാര്യം ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല

“എന്തായാലും അയാളൊരു ഡോക്ടറല്ലേ? നീ എന്നെയൊന്ന് പിടിച്ച് എഴുന്നേൽപ്പിക്കൂഎത്രയും പെട്ടെന്ന് ഇവിടുന്ന് പുറത്ത് കടക്കാൻ നോക്കാം  ബെൻ പറഞ്ഞു.


* * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഹോബ്സ് എന്റിലെ തന്റെ കോട്ടേജിന്റെ യാർഡിൽ പ്രവേശിക്കുമ്പോൾ രാത്രി ഏതാണ്ട് ഒരു മണിയോട് അടുത്തിരുന്നു. കനത്ത മഴയും ശക്തിയേറിയ കാറ്റുമായിരുന്നു യാത്രയിലുടനീളം. ധാന്യപ്പുരയുടെ വാതിൽ തുറന്ന് ജീപ്പ് ഉള്ളിൽ കയറ്റി തിരികെ കതകടയ്ക്കാൻ ഡെവ്‌ലിൻ ശരിയ്ക്കും ബുദ്ധിമുട്ടി.

പെട്രോമാക്സ് കത്തിച്ചതിന് ശേഷം ഒരു വിധത്തിൽ അദ്ദേഹം മോട്ടോർ സൈക്കിൾ ജീപ്പിൽ നിന്നും താഴെയിറക്കി. നന്നേ ക്ഷീണിതനായിരുന്നു അദ്ദേഹം. അസ്ഥികൾക്കുള്ളിൽ അരിച്ചുകയറുന്ന ശൈത്യം. എങ്കിലും ഉറങ്ങുവാൻ തയ്യാറായിരുന്നില്ല അദ്ദേഹം. ഒരു സിഗരറ്റിന് തീ കൊളുത്തി അദ്ദേഹം അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും നടന്നു.

മേൽക്കൂരയിൽ ആഞ്ഞ് പതിക്കുന്ന മഴയും പെട്രോമാക്സ് വിളക്ക് എരിയുന്ന ശബ്ദവും മാറ്റി നിർത്തിയാൽ തികച്ചും ശാന്തമായിരുന്നു അന്തരീക്ഷം. പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ആഞ്ഞ് വീശിയ കാറ്റിനോടൊപ്പം മോളി ഉള്ളിലേക്ക് കടന്നു വന്നത്. അല്പം ബുദ്ധിമുട്ടി അവൾ കതക് തള്ളിയടച്ചു. ധരിച്ചിരുന്ന ട്രെഞ്ച് കോട്ടും വെല്ലിങ്ങ്ടൺ ബൂട്ട്സും സ്കാർഫും എല്ലാം നനഞ്ഞ് കുതിർന്ന് തണുത്ത് വിറയ്ക്കുകയായിരുന്നു അവൾ. എങ്കിലും അത് കാര്യമാക്കാതെ ജീപ്പിനരികിലേക്ക് നടന്നടുത്ത അവളുടെ മുഖത്ത് അമ്പരപ്പ് പ്രകടമായിരുന്നു.

“ലിയാം?”  അവിശ്വസനീയതയോടെ അവൾ വിളിച്ചു.

“നീ എനിക്ക് വാക്ക് തന്നിരുന്നു ആ വാക്ക് എങ്ങനെ പാലിക്കും എന്നുകൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ് മോളീ” ഡെവ്‌ലിൻ പറഞ്ഞു.

“അയാം സോറി എനിക്ക് വല്ലാതെ ഭയം തോന്നി അതുകൊണ്ടാണ് നിങ്ങളുടെയടുത്തേക്ക് വന്നത് ഇതെന്താ ഇതിന്റെയൊക്കെ അർത്ഥം?”  വാഹനങ്ങളുടെ നേർക്ക് ചൂണ്ടി അവൾ ചോദിച്ചു.

“അത് നീ അറിയേണ്ട കാര്യമില്ല  ഡെവ്‌ലിൻ കടുത്ത സ്വരത്തിൽ പറഞ്ഞു. “വേണമെങ്കിൽ നിനക്ക് നമ്മൾ തമ്മിലുള്ള ബന്ധം ഇവിടെ വച്ചവസാനിപ്പിച്ച് പിരിഞ്ഞ് പോകാം ഇനി അഥവാ ഇക്കാര്യം പോലീസിൽ റിപ്പോർട്ട് ചെയ്യണമെന്ന് തോന്നുന്നുവെങ്കിൽ അതും നിന്റെ ഇഷ്ടം...”

അവൾ ഇതികർത്തവ്യതാമൂഢയായി അദ്ദേഹത്തെ നോക്കി നിന്നു. എന്തൊക്കെയോ പറയുവാനായി അവളുടെ ചുണ്ടുകൾ വെമ്പി. കണ്ണുകൾ വികസിച്ചു.

“കമോൺ അതാണോ നിനക്ക് വേണ്ടത്? എങ്കിൽ പോയി റിപ്പോർട്ട് ചെയ്യ് ഗെറ്റ് ഔട്ട് ഓഫ് ഇറ്റ്…!” അദ്ദേഹം നിർദ്ദാക്ഷിണ്യം അലറി.

പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അദ്ദേഹത്തിനരികിലേക്കോടി വന്ന് ആ നെഞ്ചിൽ തല ചായ്ച്ചു.

“അരുത് ലിയാം ഒരിക്കലുമരുത് എന്നെ ഇവിടുന്ന് ആട്ടിയോടിക്കരുത് ഞാൻ ആണയിടാം ഇനി എന്നിൽ നിന്ന് ഇത്തരത്തിലുള്ള യാതൊരു ചോദ്യവുമുണ്ടാവുകയില്ല  ഇനി മുതൽ നിങ്ങളുടെ ജോലിസംബന്ധമായ കാര്യങ്ങളിൽ ഞാൻ ഇടപെടുകയേയില്ല പക്ഷേ, എന്നെ ഉപേക്ഷിക്കുക മാത്രം ചെയ്യരുതേ” അവൾ വിതുമ്പി.

തന്നോട് തന്നെ വീണ്ടും വെറുപ്പ് തോന്നിയ നിമിഷങ്ങളായിരുന്നു ഡെവ്‌ലിന് അത്. അവളെ ചേർത്ത് പിടിച്ച് പുറത്ത് തടവിക്കൊണ്ടിരിക്കുമ്പോൾ അദ്ദേഹം വല്ലാതെ വികാരാധീനനായി. എങ്കിലും ഒരു കാര്യം അദ്ദേഹത്തിനുറപ്പായിരുന്നു. എന്തുതന്നെ സംഭവിച്ചാലും ഇനി ഇവളെക്കൊണ്ട് തനിക്ക് യാതൊരു ഭീഷണിയുമുണ്ടാകില്ല.

അദ്ദേഹം അവളുടെ നെറ്റിയിൽ ചുംബിച്ചു. “തണുത്ത് വിറയ്ക്കുന്നുവല്ലോ നീ കോട്ടേജിനകത്ത് ചെന്ന് തീ കൂട്ടൂ അല്പസമയത്തിനുള്ളിൽ ഞാൻ വരാം

പതുക്കെ തലയുയർത്തി അവൾ അദ്ദേഹത്തിന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. പിന്നെ തിരിഞ്ഞ് പുറത്ത് കടന്ന് കോട്ടേജിന് നേർക്ക് നടന്നു.

ഒരു നെടുവീർപ്പിട്ട് ഡെവ്‌ലിൻ ജീപ്പിനരികിലേക്ക് നടന്നു. പിന്നെ സീറ്റിൽ വച്ചിരുന്ന ബുഷ്മില്ലിന്റെ ബോട്ട്‌ൽ എടുത്ത് തുറന്ന് ഒരു വലിയ കവിൾ അകത്താക്കി.

“എങ്കിലും എന്റെ ലിയാം നീ” അദ്ദേഹത്തിന്റെ ആത്മഗതത്തിൽ വിഷാദം കലർന്നിരുന്നു.


                    * * * * * * * * * * * * * * * * * * * * * * * * * * * * * *

ആസ്റ്റണിലെ നഴ്സിങ്ങ് ഹോമിലെ കുടുസ്സായ ഓപ്പറേഷൻ തീയേറ്ററിലെ വീതികുറഞ്ഞ മേശമേൽ കണ്ണടച്ച് മലർന്ന് കിടക്കുകയാണ് ബെൻ ഗാർവാൾഡ്.  തൊട്ടരികിൽ തന്നെ റൂബൻ നിൽക്കുന്നുണ്ട്. വൃത്തിയുള്ള തൂവെള്ള കോട്ട് ധരിച്ച സാമാന്യം നല്ല ഉയരമുള്ള ഡോക്ടർ ദാസ് കത്രിക കൊണ്ട് ഗാർവാൾഡിന്റെ കാലുറയുടെ മുട്ടിന് കീഴ്പ്പോട്ടുള്ള ഭാഗം മുറിച്ച് മാറ്റി. തികച്ചും നിർവികാരനായിരുന്നു ഡോക്ടർ ദാസ്.

“മുറിവ് ഗുരുതരമാണോ?” വിറയ്ക്കുന്ന സ്വരത്തോടെ റൂബൻ ചോദിച്ചു.

“അത്യന്തം ഗുരുതരം ഇൻഫെക്ഷൻ ആകാനുള്ള സാദ്ധ്യത വളരെയേറെയാണ് ഒരു ഫസ്റ്റ് റേറ്റ് സർജനെ ഉടൻ തന്നെ കാണിച്ചില്ലെങ്കിൽ ചിലപ്പോൾ ഇയാളുടെ ഈ കാൽ തന്നെ മുറിച്ച് മാറ്റേണ്ടി വന്നേക്കും” ഡോക്ടർ ശാന്തസ്വരത്തിൽ പറഞ്ഞു.

“ലിസൻ, യൂ ബാസ്റ്റർഡ്” മേശമേൽ കിടന്നിരുന്ന ബെൻ ഗാർവാൾഡ് കണ്ണുകൾ തുറന്ന് അലറി. നിങ്ങളുടെ ക്ലിനിക്കിന്റെ കതകിലെ ബോർഡിൽ ഫിസിഷൻ ആന്റ് സർജൻ എന്നല്ലേ നല്ല ഭംഗിയിൽ എഴുതി വച്ചിരിക്കുന്നത്? എന്താ അങ്ങനെയല്ലെന്നുണ്ടോ?”

“ശരിയാണ് മിസ്റ്റർ ഗാർവാൾഡ്” അദ്ദേഹം സംയമനം പാലിച്ചുകൊണ്ട് തന്നെ പറഞ്ഞു. “ബോംബെയിലേയും ലണ്ടനിലേയും യൂണിവേഴ്സിറ്റികളിൽ നിന്നുള്ള മെഡിക്കൽ ബിരുദങ്ങൾ എനിക്കുണ്ട്പക്ഷേ, അതല്ല ഇവിടുത്തെ പ്രശ്നംഇത്തരം ഗുരുതരമായ ഫ്രാക്ച്ചറുകൾക്ക് ഒരു സ്പെഷലിസ്റ്റിന്റെ സേവനം അവശ്യമാണ്

ഗാർവാൾഡ് പ്രയാസപ്പെട്ട് കൈ കുത്തി എഴുന്നേറ്റിരുന്നു. കടുത്ത വേദന അനുഭവിക്കുന്നുണ്ടെന്ന് അയാളുടെ മുഖത്ത് നിന്ന് മനസ്സിലാക്കാമായിരുന്നു. നെറ്റിയിൽ നിന്ന് വിയർപ്പ് ഇറ്റിറ്റ് വീഴുന്നുണ്ട്.

“ലിസൺ റ്റു മീ ആന്റ് ലിസൺ വെൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇവിടെ വച്ച് ഒരു പെൺകുട്ടി മരണമടഞ്ഞില്ലേ? അനധികൃത ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട്? അതുപോലുള്ള ഇനിയും പല സംഭവങ്ങളും എനിക്കറിയാം കുറഞ്ഞത് ഒരു ഏഴ് വർഷത്തേങ്കിലും നിങ്ങളെ അഴിയെണ്ണിക്കാനുള്ള വകയൊക്കെ എന്റെയറിവിലുണ്ട് അതുകൊണ്ട് പോലീസ് ഇവിടെ കയറേണ്ടെങ്കിൽ നല്ല കുട്ടിയായി എന്റെ ഈ കാൽ ശരിയാക്കാൻ നോക്ക്” ഗാർവാൾഡ് താക്കീത് നൽകി.

ഡോക്ടർ ദാസിന്റെ മുഖത്ത് പ്രത്യേകിച്ചൊരു ഭാവമാറ്റവും കാണാനായില്ല. “വെരി വെൽ മിസ്റ്റർ ഗാർവാൾഡ് എല്ലാം നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിലായിരിക്കുമെന്ന് മാത്രം നിങ്ങൾക്ക് അനസ്തേഷ്യ തരാൻ പോകുകയാണ് ഞാൻ മനസ്സിലായോ?”

“എന്ത് കുന്തമായാലും വേണ്ടില്ല പെട്ടെന്ന് ചെയ്യാൻ നോക്ക്

ഗാർവാൾഡ് കണ്ണുകളടച്ചു. ഡോക്ടർ ദാസ് കബോർഡ് തുറന്ന് ക്ലോറോഫോമിന്റെ കുപ്പിയും മുഖത്ത് വയ്ക്കുവാനുള്ള പാഡും എടുത്തു.

“നിങ്ങളുടെ സഹായവും വേണം എനിക്ക് ഈ പാഡിലേക്ക് ക്ലോറോഫോം തുള്ളി തുള്ളിയായി വീഴ്ത്തണം ഞാൻ പറയുന്നത് പോലെ ക്യാൻ യൂ മാനേജ് ഇറ്റ്?” റൂബനോട് ഡോക്ടർ ചോദിച്ചു.

സംസാരിക്കുവാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല അവൻ. സമ്മത ഭാവത്തിൽ അവൻ തലകുലുക്കി.


(തുടരും)


അടുത്ത ലക്കം ഇവിടെ...

 

Monday, May 20, 2013

ഈഗിൾ ഹാസ് ലാന്റഡ് – 83



ശൈത്യത്തിന് കഴിഞ്ഞ രാത്രിയിലേക്കാൾ ശക്തിയേറിയതായി ബെൻ ഗാർവാൾഡിന് തോന്നി. പഴയ ഒരു ഓയിൽ ഡ്രമ്മിന്റെ പുറത്ത് എമ്പാടും സുഷിരങ്ങളിട്ട് ഉള്ളിൽ കൽക്കരി നിറച്ച് തീ എരിയിച്ചുകൊണ്ടിരിക്കുകയാണ് സാമി ജാക്ക്സൺ. ഡ്രമ്മിന്റെ സുഷിരങ്ങളിലൂടെ ബഹിർഗമിച്ചുകൊണ്ടിരുന്ന പുക കുറച്ചെങ്കിലും ചൂട് പകരുന്നുണ്ടായിരുന്നുവെങ്കിലും ഗാർവാൾഡിന് അത്ര സുഖിച്ചില്ല. ഒരു കൈയിൽ ബ്രാണ്ടിക്കുപ്പിയും മറുകൈയിൽ ഗ്ലാസുമായി അതിന് സമീപം നിന്നിരുന്ന അയാൾ രോഷത്തോടെ അലറി.

“വാട്ട് ദ് ഹെൽ ആർ യൂ ട്രൈയിങ്ങ് റ്റു ഡൂ? എന്നെ പുകച്ച് കൊല്ലാൻ നോക്കുകയാണോ?”

ഡ്രമ്മിന് അരികിൽ കിടന്നിരുന്ന ഒരു പാക്കിങ്ങ് കെയ്സിന് മുകളിൽ ഇരുന്ന് കനൽ എരിയിച്ചുകൊണ്ടിരുന്ന ജാക്ക്സൺ തന്റെ മടിയിൽ വച്ചിരുന്ന ഡബിൽ ബാരൽ ഷോട്ട് ഗൺ താഴെ വച്ചിട്ട് ചാടിയെഴുന്നേറ്റു.

“സോറി മിസ്റ്റർ ഗാർവാൾഡ് ഈ കൽക്കരിക്ക് അൽപ്പം നനവുണ്ട് അതാണ് പ്രശ്നം

“ഹേയ് അയാൾ വരുന്നുണ്ടെന്നാണ് തോന്നുന്നത്” കിളിവാതിലിലൂടെ പുറത്തേക്ക് നിരീക്ഷിച്ചുകൊണ്ടിരുന്ന റൂബൻ പെട്ടെന്ന് വിളിച്ചു പറഞ്ഞു.

“ആ തോക്ക് എടുത്ത് ഒളിപ്പിച്ച് വയ്ക്കൂ” ഗാർവാൾഡ് ജാക്ക്സണ് നിർദ്ദേശം നൽകി. “മാത്രമല്ല, ഞാൻ എന്തെങ്കിലും സൂചന തരുന്നത് വരെ അത് പുറത്തെടുക്കുകയേ അരുത് അവനെ ഇന്നൊരു പാഠം പഠിപ്പിക്കുന്നുണ്ട് ഞാൻ നീ നോക്കിക്കോ, ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ” അൽപ്പം ബ്രാണ്ടി ഗ്ലാസിലേക്ക് പകർന്നിട്ട് ഗാർവാൾഡ് ചിരിച്ചു.

തൊട്ടടുത്തുള്ള പാക്കിങ്ങ് കെയ്സിന് മുകളിൽ കിടന്നിരുന്ന കാലിച്ചാക്കിന്റെ അടിയിലേക്ക് തോക്ക് ഒളിപ്പിച്ച് വച്ചിട്ട് സാമി സിഗരറ്റിന് തീ കൊളുത്തി. ഡെവ്‌ലിന് വേണ്ടി അവർ കാത്ത് നിൽക്കവേ ആ മോട്ടോർ സൈക്കിളിന്റെ ശബ്ദം അടുത്തടുത്ത് വരുന്നത് കേൾക്കാറായി. പിന്നെ ആ ശബ്ദം ക്രമേണ കുറഞ്ഞ് കുറഞ്ഞ് അങ്ങകലെ ഇരുട്ടിൽ ലയിച്ചു.

“മൈ ഗോഡ് അത് അവനല്ലായിരുന്നു സമയമിപ്പോൾ എത്രയായി?”  നിരാശയോടെ ഗാർവാൾഡ് റൂബനോട് ചോദിച്ചു.

റൂബൻ വാച്ചിൽ നോക്കി. “കൃത്യം ഒമ്പത് ഏത് നിമിഷവും അയാൾ ഇവിടെ എത്താം

എന്നാൽ അവർക്കറിയില്ലായിരുന്നു  ആ സമയം ഡെവ്‌ലിൻ അവിടെത്തന്നെ ഉണ്ടായിരുന്നു എന്ന അവിശ്വസനീയമായ വസ്തുത. ഗ്യാരേജിന്റെ പിൻ‌ഭാഗത്തെ പൊളിഞ്ഞ ജാലകത്തിന് സമീപം ഇരുട്ടിൽ മഴ നനഞ്ഞ് നിൽക്കുകയായിരുന്നു അദ്ദേഹം. ജാലകത്തിന്റെ ചെറിയ വിടവിലൂടെ കാഴ്ച്ച വളരെ പരിമിതമായിരുന്നുവെങ്കിലും തീ കാഞ്ഞുകൊണ്ടിരിക്കുന്ന ഗാർവാൾഡിനെയും ജാക്ക്സണെയും വ്യക്തമായിത്തന്നെ കാണുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. കഴിഞ്ഞ് അഞ്ച് മിനിറ്റ് നേരമായി അവരുടെ സംഭാഷണം മുഴുവനും ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണദ്ദേഹം.

“അയാളെ കാത്തിരിക്കുന്ന സമയം കൊണ്ട് ഒരു കാര്യം ചെയ്യൂ സാമീ രണ്ടോ മൂന്നോ ക്യാനുകളിലെ പെട്രോൾ ആ ജീപ്പിന്റെ ടാങ്കിൽ നിറയ്ക്കൂ അയാളുടെ കൈയിൽ നിന്ന് ജീപ്പ് തട്ടിയെടുത്ത് തിരികെ എത്തിക്കാനുള്ളതല്ലേ  ഗാർവാൾഡ് പറഞ്ഞു.

ഡെവ്‌ലിൽ കരുതലോടെ പിറകോട്ട് വലിഞ്ഞു. പിന്നെ യാർഡിൽ പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന കാറുകളുടെ അവശിഷ്ടങ്ങളുടെ ഇടയിലൂടെ ശ്രദ്ധയോടെ മെയിൻ റോഡിലേക്ക് നടന്നു. റോഡിൽ കയറിയതും ഏതാണ്ട് കാൽ മൈൽ അകലെ സർവീസ് റോഡിൽ താൻ നിർത്തിയിട്ട് വന്ന മോട്ടോർസൈക്കിളിനടുത്തേക്ക് അദ്ദേഹം വേഗത്തിൽ ഓടി.

തന്റെ ട്രെഞ്ച് കോട്ടിന്റെ മുന്നിലെ ഫ്ലാപ്പിന്റെ ബട്ടൺ തുറന്ന് മോസർ ഗൺ എടുത്ത് ഹെഡ്‌ലാമ്പിന്റെ വെളിച്ചത്തിൽ പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം അദ്ദേഹം തിരികെ പോക്കറ്റിൽ തിരുകി. ഫ്ലാപ്പിന്റെ ബട്ടൺ ഇടാതിരിക്കുവാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. പിന്നെ സീറ്റിൽ കയറി ഇരുന്നു. ലവലേശവും ഭയം തോന്നിയില്ല അദ്ദേഹത്തിന് അപ്പോൾ. മറിച്ച് അങ്ങേയറ്റം ഉത്സാഹത്തിമർപ്പിലായിരുന്നു ഡെവ്‌ലിൻ. ആവേശത്തോടെ സ്റ്റാർട്ടർ കിക്ക് ചെയ്ത് അദ്ദേഹം മെയിൻ റോഡിലേക്ക് തിരിഞ്ഞു.

 
                 * * * * * * * * * * * * * * * * * * * * * * * * * * * * * * 


സാമി ജീപ്പിന്റെ ടാങ്ക് നിറച്ച് കഴിഞ്ഞതും റൂബൻ കിളിവാതിലിൽ നിന്ന് മുഖം തിരിച്ച് ആവേശത്തോടെ വിളിച്ചു പറഞ്ഞു.

“ഇത്തവണ അയാൾ തന്നെയാണ് റോഡിൽ നിന്ന് കോമ്പൌണ്ടിലേക്ക് തിരിയുന്നത് ഞാൻ കണ്ടു

“ഓ.കെ ഗെയ്റ്റ് തുറന്ന് കൊടുക്കൂ” ഗാർവാൾഡ് പറഞ്ഞു.

റൂബൻ, ഗ്യാരേജിന്റെ ഗെയ്റ്റ് തുറന്നതും കാറ്റ് ശക്തിയോടെ ഉള്ളിലേക്കടിച്ചു കയറി. അപ്രതീക്ഷിതമായി മുറിയിൽ കയറിയിറങ്ങിയ കാറ്റിനെ ഏറ്റു വാങ്ങി കൽക്കരി ആവേശത്തോടെ ജ്വലിച്ചു.

എൻ‌ജിൻ ഓഫ് ചെയ്ത് ഡെവ്‌ലിൻ മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ കയറ്റി വച്ചു. കഴിഞ്ഞ രാത്രിയിലേതിനെക്കാൾ മോശമായിരുന്നു ഇന്നത്തെ യാത്ര. മുഖത്ത് മുഴുവനും ചെളി കൊണ്ട് കോട്ട് ചെയ്തതു പോലെയുണ്ട്.

“ഹലോ മിസ്റ്റർ ഗാർവാൾഡ്” ഡെവ്‌ലിൻ പുഞ്ചിരിച്ചു.

“മിസ്റ്റർ മർഫി വീണ്ടും എത്തിയല്ലോ സന്തോഷം...”  ഗ്ലാസിൽ ബ്രാണ്ടി പകർന്ന് കൊടുത്തിട്ട് ഗാർവാൾഡ് പറഞ്ഞു.

“ഞാൻ പറഞ്ഞിരുന്ന ബുഷ്മിൽ‌സ് മറന്നിട്ടില്ലല്ലോ നിങ്ങൾ?”

“മറക്കുകയോ? മിസ്റ്റർ മർഫിയ്ക്ക് വേണ്ടി മാറ്റി വച്ച ആ ബുഷ്മിൽ‌സ് ഇങ്ങെടുക്കൂ റൂബൻ

റൂബൻ ഗ്യാരേജിൽ കിടന്നിരുന്ന വാനിനകത്ത് കയറി രണ്ട് ബോട്ട്‌ൽ ബുഷ്മിൽ‌സ് എടുത്ത് കൊണ്ടുവന്നു. ഗാർവാൾഡ് അത് അവന്റെ കൈയിൽ നിന്ന് വാങ്ങി ജീപ്പിനടുത്തേക്ക് ചെന്ന് അതിന്റെ സീറ്റിൽ കൊണ്ട് വച്ചു.

“ഇതാ ഞാൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുന്നു പിന്നെ ഇന്നലെ രാത്രി കുഴപ്പമൊന്നുമില്ലാതെ അങ്ങെത്തിയല്ലോ അല്ലേ?”  ഗാർവാൾഡ് ചോദിച്ചു.

“ഹേയ് ഒരു കുഴപ്പവുമുണ്ടായില്ല  ഡെവ്‌ലിൻ ജീപ്പിനരികിലേക്ക് നടന്നു.

ബെഡ്ഫോർഡ് ട്രക്കിന്റെ കാര്യം പറഞ്ഞത് പോലെ തന്നെ ഇതും ഒന്ന് പെയ്ന്റ് ചെയ്ത് ഭംഗിയാക്കിയെടുക്കണമെന്നതൊഴിച്ചാൽ പ്രത്യേകിച്ച് കുഴപ്പമൊന്നും കാണാനില്ല. ക്യാൻ‌വാസ് കൊണ്ടുള്ള റൂഫ്. തുറന്ന് കിടക്കുന്ന വശങ്ങളിലൊന്നിൽ മെഷീൻ ഗൺ ഘടിപ്പിക്കുവാനുള്ള സംവിധാനമുണ്ട്. രജിസ്ട്രേഷൻ നമ്പർ എഴുതിയിരിക്കുന്ന പ്രതലത്തിലെ പെയ്ന്റ് പുതിയതാണെന്ന കാര്യം ഡെവ്‌ലിൻ ശ്രദ്ധിച്ചു. സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ മുമ്പ് ഉണ്ടായിരുന്ന നമ്പറിന്റെ പുറത്ത് പെയ്ന്റ് അടിച്ച് എഴുതിയതാണത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.

“ഒരു പ്രശ്നമുണ്ടെന്ന് തോന്നുന്നല്ലോ മിസ്റ്റർ ഗാർവാൾഡ് ഏതെങ്കിലും അമേരിക്കൻ എയർബേസിൽ നിന്ന് ഇത്തരമൊരു ജീപ്പ് അപ്രത്യക്ഷമായിരിക്കാൻ സാദ്ധ്യതയുണ്ടോ?” ഡെവ്‌ലിൻ ചോദിച്ചു.

“നിങ്ങളെന്താ ഞങ്ങളെക്കുറിച്ച് വിചാരിച്ചത്?” റൂബൻ രോഷത്തോടെ ഡെവ്‌ലിന് നേർക്ക് തിരിഞ്ഞു. എന്നാൽ അദ്ദേഹം അത് ഗൌനിച്ചില്ല.

“പറയാൻ കാരണമുണ്ട് മിസ്റ്റർ ഗാർവാൾഡ് ഇന്നലെ രാത്രി ഇടയ്ക്ക് വച്ച് കുറച്ച് സമയത്തേക്ക് ആരോ എന്നെ പിന്തുടരുന്നത് പോലെ തോന്നി ചിലപ്പോൾ ഏതെങ്കിലും വട്ടന്മാരായിരിക്കാം എന്തോ, പിന്നീട് നോക്കിയപ്പോൾ ആരെയും കണ്ടില്ല   ജീപ്പിനരികിൽ നിന്നുകൊണ്ട് ഡെവ്‌ലിൻ ഗ്ലാസിലെ ബ്രാണ്ടി അല്പം അകത്താക്കി.

“നിങ്ങൾക്കിപ്പോൾ എന്തിന്റെ കുറവാണെന്ന് അറിയുമോ?”  അത് വരെ അടക്കി നിർത്തിയിരുന്ന രോഷം നിയന്ത്രിക്കാൻ ഗാർവാൾഡിനായില്ല.

“ഇല്ല പറയൂ” വളരെ ശാന്തതയോടെ ഗാർവാൾഡിന് നേർക്ക് തിരിഞ്ഞ് ഡെവ്‌ലിൻ ചോദിച്ചു. അദ്ദേഹത്തിന്റെ വലത് കൈ ട്രെഞ്ച് കോട്ടിന്റെ പോക്കറ്റിനുള്ളിൽ മോസറിന്റെ കാഞ്ചിയിൽ അമർന്നിരുന്നു.

“മറ്റുള്ളവരോട് എങ്ങനെയാണ് മാന്യമായി പെരുമാറുക എന്ന അറിവ് അത് പഠിച്ചെടുക്കേണ്ടതുണ്ട് നിങ്ങൾ. ഇല്ലെങ്കിൽ നിങ്ങളെ ഞാൻ പഠിപ്പിക്കും വല്ല പൊന്തക്കാട്ടിലും കിടക്കേണ്ടവൻ ഇതൊക്കെ എങ്ങനെ അറിയാനാണ്...!”  ഗാർവാൾഡ് തന്റെ ഓവർകോട്ട് അഴിക്കുവാൻ തുടങ്ങി.

“അങ്ങനെയാണോ കാര്യങ്ങൾ? എന്നാൽ ശരി, പഠിപ്പിക്കൽ തുടങ്ങുന്നതിന് മുമ്പ് ആ സാമിച്ചെക്കനോട് എനിക്കൊരു കാര്യം ചോദിക്കാനുണ്ട് ആ കാലിച്ചാക്കിനടിയിൽ ഒളിപ്പിച്ചിട്ടുള്ള തോക്ക് തിര നിറച്ച് റെഡിയാക്കി വച്ചിരിക്കുകയാണോ അല്ലയോ എന്ന് അഥവാ അല്ലെങ്കിൽ അവന്റെ കാര്യം പോക്കാണ്” ഡെവ്‌ലിൻ പറഞ്ഞു.

ബെൻ ഗാർവാൾഡ് ഒരു നിമിഷം ഞെട്ടിത്തരിച്ച് നിന്നു. താൻ ചെയ്തത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണെന്നുള്ള നഗ്നസത്യം അയാൾ തിരിച്ചറിഞ്ഞു. 

“സാമീ വിടരുതവനെ തട്ടിക്കോ… !” ഗാർവാൾഡ് അലറി.

(തുടരും)

അടുത്ത ലക്കം ഇവിടെ...  


Sunday, May 12, 2013

ഈഗിൾ ഹാസ് ലാന്റഡ് – 82



വെള്ളിയാഴ്ച്ച ഉച്ചഭക്ഷണം കഴിഞ്ഞ് വെള്ള പെയിന്റ് കൊണ്ട് ട്രക്കിൽ നമ്പർ എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് ഏതോ കാർ അങ്ങോട്ട് കടന്ന് വരുന്ന ശബ്ദം ശ്രവിച്ചത്. തിടുക്കത്തിൽ കൈ തുടച്ച് ഡെവ്‌ലിൻ ധാന്യപ്പുരയിൽ നിന്ന് പുറത്ത് കടന്ന് മുറ്റത്തെത്തി. കോട്ടേജിന്റെ മുൻ‌വാതിൽ പതുക്കെ തട്ടിക്കൊണ്ട് ജോവന്ന നിൽക്കുന്നുണ്ടായിരുന്നു അവിടെ. WVS ന്റെ പച്ച യൂണിഫോം അവർക്ക് നന്നായി ഇണങ്ങുന്നുണ്ട്.

“ഈ വേഷത്തിൽ നിങ്ങൾ നല്ല ചെറുപ്പമായിരിക്കുന്നു വെറുതേയല്ല ആ സർ ഹെൻ‌ട്രി ചുറ്റിപ്പറ്റി നടക്കുന്നത്” ഡെവ്‌ലിൻ പറഞ്ഞു.

“നിങ്ങളിന്ന് നല്ല ഫോമിലാണല്ലോ” ജോവന്ന പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. “ഇന്നലത്തെ കാര്യങ്ങളൊക്കെ ഭംഗിയായി നടന്നുവെന്ന് കരുതട്ടെ?”

“നേരിട്ട് കണ്ടുതന്നെ  ഉറപ്പ് വരുത്തിക്കോളൂ

ധാന്യപ്പുരയുടെ വാതിൽ തുറന്ന് അദ്ദേഹം അവരെ ഉള്ളിലേക്ക് നയിച്ചു. പുതിയ കാക്കിപ്പച്ച പെയിന്റിൽ ആ ബെഡ്ഫോർഡ് ട്രക്ക് തികച്ചും ആകർഷണീയമായി കാണപ്പെട്ടു.

“എന്റെയറിവിൽ സ്പെഷൽ ഫോഴ്സസ് ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഏത് ഡിവിഷന്റെയാണെന്നും മറ്റുമുള്ള അടയാളങ്ങൾ രേഖപ്പെടുത്താറില്ല ശരിയല്ലേ?”

“ശരിയാണ്  ജോവന്ന പറഞ്ഞു. “മെൽറ്റ്‌ഹാം ഹൌസിൽ ഓപ്പറേറ്റ് ചെയ്തിരുന്ന വിവിധ ട്രൂപ്പുകളിൽ ഒന്നു പോലും അവരുടെ വാഹനങ്ങളിൽ അത്തരം കാര്യങ്ങൾ രേഖപ്പെടുത്തിയിരുന്നതായി ഞാനോർക്കുന്നില്ല അവർ ആരാണെന്ന് പോലും അറിയുവാൻ കഴിയുമായിരുന്നില്ല ദിസ് ഈസ് റിയലി ഗുഡ്, ലിയാം... പിന്നെ ഇന്നലെ പ്രശ്നങ്ങളൊന്നുമുണ്ടായില്ലല്ലോ?”   

“എന്നെ പിന്തുടരാൻ ആരെയോ അയാൾ ഏർപ്പാടാക്കിയിരുന്നു പക്ഷേ, ഞാനയാളെ വഴിതെറ്റിച്ച് വിട്ടു ഇന്നായിരിക്കും എന്തെങ്കിലുമൊക്കെ നടക്കാൻ പോകുന്നത്

“നിങ്ങൾക്കൊറ്റയ്ക്ക് കൈകാര്യം ചെയ്യാൻ കഴിയുമോ?”

“അതിനെന്താ ഇവനല്ലേയുള്ളത്?”

പെയിന്റ് ടിന്നുകളുടെ അരികിലെ പാക്കിങ്ങ് കെയ്സിനുള്ളിൽ നിന്ന് ഒരു വസ്തുവെടുത്ത് അതിന്റെ തുണി കൊണ്ടുള്ള പൊതി അഴിച്ചു. അസാധാരണമാം വിധം വ്യാസമുള്ള കുഴലോടുകൂടിയ മോസർ ഗൺ ആയിരുന്നു അത്.

“ഇത്തരം തോക്ക് കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്?”

“ഇല്ല  അവർ അത് കൈയിലെടുത്ത് തികച്ചും ഒരു പ്രൊഫഷണലിനെപ്പോലെ ഉന്നം പിടിച്ചു.

“SS കമാന്റോകളിൽ ചിലർ ഉപയോഗിച്ചു വരുന്ന തോക്കാണിത്. സാധാരണ തോക്ക് എന്നതിനും അപ്പുറമാണ് ഇതിന്റെ ഗുണങ്ങൾ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഹാന്റ് ഗൺ ശബ്ദം ഒട്ടും പുറത്തേക്ക് കേൾക്കാത്ത സൈലൻസർ ആണ് ഇതിന്റെ എടുത്ത പറയാവുന്ന പ്രത്യേകത

“പക്ഷേ, നിങ്ങൾ ഒറ്റയ്ക്കേ ഉള്ളൂ എന്ന കാര്യം മറക്കരുത്” അവരുടെ ശബ്ദത്തിൽ ഉത്ക്കണ്ഠ നിറഞ്ഞിരുന്നു.

“ഞാൻ എന്നും ഒറ്റയ്ക്കായിരുന്നു മിസ്സിസ് ജോവന്നാ” മോസർ വീണ്ടും തുണിയിൽ പൊതിഞ്ഞിട്ട് അദ്ദേഹം അവരുടെയൊപ്പം വാതിലിനരികിലേക്ക് നടന്നു. “പ്ലാൻ പോലെ എല്ലാം നടക്കുകയാണെങ്കിൽ ഏതാണ്ട് പാതിരാത്രിയോടെ ഞാൻ ജീപ്പുമായി തിരികെയെത്തും നേരം വെളുത്താലുടൻ തന്നെ നിങ്ങളുടെയടുത്തും എത്തുന്നതായിരിക്കും

“ഓഹ് അതു വരെ കാത്തിരിക്കാനുള്ള ക്ഷമ എനിക്കുണ്ടാകുമെന്ന് തോന്നുന്നില്ല

അവരുടെ മുഖം വിവിധ വികാരങ്ങളാൽ നിറഞ്ഞിരുന്നു. ആകാംക്ഷയും ഉത്ക്കണ്ഠയും അവർ മുന്നോട്ട് നീട്ടിയ കൈകളിൽ ഒരു നിമിഷം അദ്ദേഹം മുറുകെ പിടിച്ചു.

“നിങ്ങൾ വിഷമിക്കാതിരിക്കൂ എല്ലാം നമ്മൾ വിചാരിച്ചത് പോലെ തന്നെ നടക്കും എനിക്കതിനുള്ള കഴിവുണ്ട് എന്റെ മുത്തശ്ശി അങ്ങനെ പറയാറുണ്ട് എന്നെക്കൊണ്ടതിന് കഴിയും

“തെമ്മാടി” അവർ മുന്നോട്ടാഞ്ഞ് വാത്സല്യത്തോടെ ഡെവ്‌ലിന്റെ കവിളിൽ ഒരു മുത്തം നൽകി. “ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടു പോകുന്നു ഇത്രയും നാൾ നിങ്ങൾ എങ്ങനെ ഈ ലോകത്ത് മല്ലടിച്ച് പൊരുതി നിന്നു എന്നോർത്ത്

“വളരെ ലളിതം കാരണം ജീവിതം, മരണം എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ചോർത്ത്  വെറുതേ ഞാൻ മനസ്സ് വിഷമിപ്പിക്കാറേയില്ല എന്നത് തന്നെ

“ശരിയ്ക്കും?”

അദ്ദേഹം പുഞ്ചിരിച്ചു. “നാളെ നോക്കിക്കോളൂ  നാളെ രാവിലെ നിങ്ങൾ ആദ്യം കാണുന്നത് എന്റെ മുഖമായിരിക്കും

കാർ സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോകുന്ന ജോവന്നയെ നോക്കി ഡെവ്‌ലിൻ അല്പനേരം നിന്നു. പിന്നെ ധാന്യപ്പുരയുടെ കതക് പുറംകാൽ കൊണ്ട് ചവിട്ടി അടച്ചിട്ട് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഇനി ഒളിച്ചിരിക്കണ്ട ഇങ്ങ് പോരെ” അദ്ദേഹം വിളിച്ചു പറഞ്ഞു.

ഒന്നോ രണ്ടോ നിമിഷം കഴിഞ്ഞ് അൽപ്പം ദൂരെ മുറ്റത്തിന്റെ മറുഭാഗത്തെ കുറ്റിക്കാട്ടിൽ ഒരു അനക്കമുണ്ടായി. പതുക്കെ തലയുയർത്തി മോളി എഴുന്നേറ്റു. താനും ജോവന്നയും തമ്മിൽ സംസാരിച്ചതൊന്നും അവൾ കേട്ടിരിക്കാനിടയില്ല അവളുടെ ആഗമനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടിരുന്നുവെങ്കിലും  കേൾക്കാൻ സാധിക്കാവുന്നതിലും ദൂരത്ത് ആയിരുന്നു അവൾ ഒളിച്ചിരുന്നത് എന്നത് കൊണ്ട് അവരുടെ സംഭാഷണം തുടരുവാൻ അനുവദിക്കുകയായിരുന്നു. ഷെഡ്ഡിന്റെ കതക് താഴിട്ട് പൂട്ടിയ ശേഷം അദ്ദേഹം അവളുടെ നേർക്ക് നടന്നു. ഏതാണ്ട് ഒരു വാര അകലെ എത്തി നിന്നിട്ട് ഇരു കൈകളും പോക്കറ്റിനുള്ളിൽ തിരുകി അദ്ദേഹം സൌമ്യതയോടെ പറഞ്ഞു.

“മോളീ മൈ സ്വീറ്റ് ഗേൾനീ എന്റെ പ്രീയപ്പെട്ടവളൊക്കെ തന്നെ പക്ഷേ, ഇനിയും ഇതുപോലത്തെ വിഡ്ഢിത്തരം കാണിക്കാൻ തുനിഞ്ഞാൽ എന്റെ കൈക്കരുത്ത് നീ അറിയും

“ശരിയ്ക്കും?”  അവൾ മുന്നോട്ടാഞ്ഞ് അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈകൾ ചുറ്റി കണ്ണുകളിലേക്ക് നോക്കി നിന്നു.

“വന്ന് വന്ന് നിനക്കിപ്പോൾ ഒരു നാണവുമില്ലാതായിരിക്കുന്നു

“ഞാൻ ഇന്ന് രാത്രി വരട്ടെ?”  അദ്ദേഹത്തിന്റെ മുഖത്ത് നിന്നും കണ്ണുകളെടുക്കാതെ ഒട്ടിച്ചേർന്ന് നിന്നുകൊണ്ട് അവൾ ചോദിച്ചു.

“പറ്റില്ല മോളീ കാരണം, രാത്രി ഞാനിവിടെ ഉണ്ടാവില്ല  പാതി സത്യം അദ്ദേഹം അവളോട് വെളിപ്പെടുത്തി. “ജോലി സംബന്ധമായ ഒരു വിഷയവുമായി ഞാൻ പീറ്റർബറോയിലേക്ക് പോകുകയാണ് തിരിച്ച് വരുമ്പോൾ ഒരു പക്ഷേ പാതിരാത്രി കഴിഞ്ഞിരിക്കും” അദ്ദേഹം ചൂണ്ടുവിരൽ കൊണ്ട് അവളുടെ മൂക്കിന്റെ തുമ്പത്ത് പതിയെ തട്ടി. “പിന്നെ, ഓർമ്മയിരിക്കട്ടെ ഇക്കാര്യം നമ്മൾ രണ്ടുപേർ മാത്രമറിഞ്ഞാൽ മതി നാട്ടിൻപുറത്ത് വിളംബരം ചെയ്യണ്ട

“കൂടുതൽ സിൽക്ക് സ്റ്റോക്കിങ്ങ്സ് വാങ്ങാനാണല്ലേ? അതോ ഇനി സ്കോച്ച് വിസ്കിയ്ക്ക് വേണ്ടിയാണോ?”

“അഞ്ച് പൌണ്ടിന് ഒരു ബോട്ട്‌ൽ കിട്ടുമെന്ന് കേട്ടു അമേരിക്കൻ മിലിട്ടറിക്ക് വേണ്ടിയുള്ള സാധനമാണ്

“ഓ അത് കിട്ടാതിരുന്നാൽ മതിയായിരുന്നു നിങ്ങൾക്കെന്താ മറ്റുള്ളവരെപ്പോലെ ലളിതമായി ജീവിച്ചാൽ?”  അവളുടെ മുഖം അസ്വസ്ഥമായിരുന്നു.

“നീയെന്നെ നേരത്തെ തന്നെ കുഴിയിലേക്കെടുക്കുമെന്നാണ് തോന്നുന്നത്” അദ്ദേഹം അവളെ പിടിച്ച് തിരിച്ച് നിർത്തി. “നീ ഒരു കാര്യം ചെയ്യ്നല്ല കുട്ടിയായി അടുക്കളയിൽ പോയി ചായയ്ക്ക് വെള്ളം വയ്ക്ക് പറ്റുമെങ്കിൽ അത്താഴം കൂടി വച്ചാൽ കൊള്ളാം

അവൾ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി സ്നേഹപൂർവ്വം പുഞ്ചിരിച്ചു. പിന്നെ ആഹ്ലാദത്തോടെ കോട്ടേജിന് നേർക്ക് ഓടി. ഡെവ്‌ലിൻ തന്റെ സിഗരറ്റ് വീണ്ടും ചുണ്ടിൽ തിരുകി. പക്ഷേ, കത്തിക്കാൻ മെനക്കെട്ടില്ല. ദൂരെ ചക്രവാളത്തിൽ ഇടി മുഴങ്ങി. അതേ മഴ ഇനിയും പെയ്യുവാനുണ്ട് ഇന്ന് രാത്രിയിലെ യാത്രയും നനഞ്ഞ് കുതിർന്ന് തന്നെയായിരിക്കും നെടുവീർപ്പോടെ അദ്ദേഹം അവളെ അനുഗമിച്ചു.

(തുടരും)  

അടുത്ത ലക്കം ഇവിടെ...