Friday, January 31, 2014

ഈഗിൾ ഹാസ് ലാന്റഡ് – 114ദേവാലയത്തിലെ ചാരുബെഞ്ചുകളിൽ തങ്ങളുടെ വിധി കാത്ത് ഇരിക്കവേ ഗ്രാമീണർ അന്യോന്യം അടക്കം പറയുന്നുണ്ടായിരുന്നു. വനിതകളിൽ ഭൂരിഭാഗവും അത്യന്തം ഭയചകിതരായിരുന്നു. അതിനാൽ ഫാദർ വെറേക്കർ ഓരോരുത്തരുടെയും അരികിൽ ചെന്ന് തന്നാലാവും വിധം അവരെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. സ്റ്റെൻ ഗണ്ണുമായി കോർപ്പറൽ ബെക്കറും പ്രൈവറ്റ് ജൻസനും അവർക്ക് കാവൽ നിന്നു. ഇരുവർക്കും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലായിരുന്നു എന്നതാണ് വാസ്തവം.

ബ്രാൺ‌ഡ്റ്റിനെ പറഞ്ഞ് വിട്ടതിന് ശേഷം കുടമണി കൊളുത്തിയിട്ടിരിക്കുന്ന ഗോപുരത്തിനകത്ത് കണ്ട ഒരു കയറെടുത്ത് പ്രെസ്റ്റൺ സെയ്മൂറിന്റെ കണങ്കാലുകൾ പരസ്പരം കൂട്ടിക്കെട്ടി. പിന്നെ കമഴ്ത്തിയിട്ട് കാലുകളിൽ പിടിച്ച് വലിച്ച് ലേഡി ചാപ്പലിന് സമീപത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോയി സ്റ്റേമിന്റെ മൃതദേഹത്തിനരികിൽ കൊണ്ടു പോയി ഇട്ടു. നിലത്ത് കൂടി ഉരഞ്ഞതിനാൽ സെയ്മൂറിന്റെ കവിളിൽ നിന്നും രക്തം കിനിയുന്നുണ്ടായിരുന്നു. അത് കണ്ട സ്ത്രീകൾ ഭയത്തോടെ പതിഞ്ഞ ശബ്ദത്തിൽ നിലവിളിച്ചു.

എന്നാൽ അവരുടെ നിലവിളി അവഗണിച്ച് പ്രെസ്റ്റൺ അയാളുടെ വാരിയെല്ല് നോക്കി ഒരു ചവിട്ട് കൊടുത്തു. “നിന്റെ ഭ്രാന്തൻ സ്വഭാവം മാറ്റിയിട്ട് തന്നെ കാര്യം

 ഫാദർ വെറേക്കർ മുടന്തി മുന്നോട്ട് വന്ന് പ്രെസ്റ്റൺ‌ന്റെ ചുമലിൽ പിടിച്ച് തനിക്കഭിമുഖമാക്കി നിർത്തി. “ആ മനുഷ്യനെ വെറുതെ വിട്ടേക്കൂ

“മനുഷ്യനോ? ഇത് മനുഷ്യനൊന്നുമല്ല ഇത് ഒരു ജന്തുവാണ്” പ്രെസ്റ്റൺ പരിഹാസത്തോടെ പൊട്ടിച്ചിരിച്ചു.

മുന്നോട്ട് കുനിഞ്ഞ് സെയ്മൂറിനെ സ്പർശിക്കുവാനൊരുങ്ങിയ വെറേക്കറെ പ്രെസ്റ്റൺ ദൂരേയ്ക്ക് പിടിച്ച് തള്ളിയിട്ട് റിവോൾ‌വർ എടുത്ത് അദ്ദേഹത്തിന് നേരെ ചൂണ്ടി. “പറഞ്ഞാൽ അനുസരിക്കില്ല അല്ലേ നിങ്ങൾ?”

ഞെട്ടിവിറച്ചു പോയ ഒരു സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചു. റിവോൾവറിന്റെ കാഞ്ചിയിൽ വിരൽ സ്പർശിച്ചതും അവിടെങ്ങും നിശ്ശബ്ദത പരന്നു. സ്വയം കുരിശ് വരച്ചിട്ട് വെറേക്കർ ധ്യാനനിമഗ്നനായി നിന്ന നിമിഷങ്ങൾ പ്രെസ്റ്റൺ പതുക്കെ റിവോൾവർ താഴ്ത്തിയിട്ട് വീണ്ടും അലറിച്ചിരിച്ചു. “അങ്ങനെയങ്ങ് കൊല്ലുകയില്ല നിങ്ങളെ ഞാൻ പറയുന്നത് അനുസരിപ്പിച്ചിട്ടേ നിങ്ങളെ വിടൂ

“എന്ത് തരം മനുഷ്യനാണ് നിങ്ങൾ? എന്താണ് ഇങ്ങനെയൊക്കെ പെരുമാറാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത്?” വെറേക്കർ ചോദിച്ചു.

“എന്ത് തരം മനുഷ്യനാണെന്നോ? വളരെ ലളിതം ഒരു പ്രത്യേക തരം വർഗ്ഗം ഈ ഭൂമിയിലെ ധീരയോദ്ധാക്കളുടെ ജനുസ്സ് അണ്ടർസ്റ്റെം ഫ്യൂറർ പദവി തന്ന് എന്നെ ബഹുമാനിച്ച പ്രൌഢമായ എസ്.എസ് സേനയിലെ അംഗം...” പ്രെസ്റ്റൺ പറഞ്ഞു.

ഇടനാഴിയിലൂടെ നടന്ന് അൾത്താരയുടെ അരികിലെത്തി പ്രെസ്റ്റൺ തിരിഞ്ഞു. എന്നിട്ട് തന്റെ ജം‌പ് ജാക്കറ്റ്  പതുക്കെ ഊരി കൈയിലെടുത്തു. അതോടെ അതിനടിയിൽ അയാൾ ധരിച്ചിരുന്ന ജർമ്മൻ യൂണിഫോം പുറമേ കാണാറായി. മൂന്ന് പുലികളുടെ ചിത്രം അടങ്ങിയ കോളർ പാച്ച്, ഇടത് ഭുജത്തിലെ ഈഗിൾ ചിഹ്നം, തൊട്ട് താഴെയുള്ള യൂണിയൻ ജാക്ക് ചിഹ്നം, സിൽ‌വറും കറുപ്പും ഇടകലർന്ന കഫ് ടൈറ്റിൽ തുടങ്ങിയ സമ്പൂർണ്ണ ജർമ്മൻ യൂണിഫോം ആയിരുന്നു അത്.

 ജോർജ്ജ് വൈൽഡിന് അരികിൽ ഇരുന്ന ലെയ്ക്കർ ആംസ്ബിയാണ് ആദ്യം അത് ശ്രദ്ധിച്ചത്.

“ഹേയ് അത് കണ്ടോ അയാളുടെ യൂണിഫോമിന്റെ കൈയിലെ യൂണിയൻ ജാക്ക് ചിഹ്നം…!

ഫാദർ വെറേക്കർ നെറ്റി ചുളിച്ച് വിശ്വാസം വരാതെ പ്രെസ്റ്റൺ‌ന്റെ നേർക്ക് നീങ്ങി. പ്രെസ്റ്റൺ തന്റെ കൈത്തണ്ട ഉയർത്തി കാണിച്ചു.

“അതേ അയാൾ പറഞ്ഞത് ശരിയാണ് ഈ കഫ് ടൈറ്റിലിൽ എഴുതിയിരിക്കുന്നത് എന്താണെന്ന് വായിച്ച് നോക്കൂ

“Britisches Freikorps  വെറേക്കർ ഉച്ചത്തിൽ വായിച്ചിട്ട് തലയുയർത്തി അയാളെ നോക്കി. “ബ്രിട്ടിഷ് ഫ്രീ കോർപ്സ്?”

“യെസ്, യൂ ഡാം‌ൻ‌ഡ് ഫൂൾഎന്താ വിശ്വാസം വരുന്നില്ലേ? നിങ്ങളിൽ ആർക്കും വിശ്വാസം വരുന്നില്ല അല്ലേ? നിങ്ങളെപ്പോലെ ഞാനും ഒരു ഇംഗ്ലീഷുകാരനാണ് പക്ഷേ, യഥാർത്ഥ പക്ഷത്താണെന്ന് മാത്രം.. ഞങ്ങളുടേത് മാത്രമാണ് യഥാർത്ഥ പക്ഷം” പ്രെസ്റ്റൺ പറഞ്ഞു.

സൂസൻ ടെർണർ ഉറക്കെ കരയുവാൻ തുടങ്ങി. ജോർജ്ജ് വൈൽഡ് എഴുന്നേറ്റ് ഇടനാഴിയിലൂടെ സാവധാനം മുന്നോട്ട് നീങ്ങി പ്രെസ്റ്റണ് സമീപം ചെന്ന് അയാളുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി നിന്നിട്ട് പറഞ്ഞു.

“ജർമ്മൻ‌കാർ കുറച്ചധികം കഷ്ടപ്പെട്ടു കാണുമല്ലോ കാരണം, ഏതെങ്കിലും ഗുഹയ്ക്കുള്ളിൽ നിന്നായിരിക്കുമല്ലോ നിന്നെപ്പോലുള്ളവരെ കണ്ടെടുത്തിട്ടുണ്ടാവുക

ക്രൂദ്ധനായ പ്രെസ്റ്റൺ പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ കാഞ്ചി വലിച്ചു. പിറകോട്ട് മറിഞ്ഞ് വീണ ജോർജ്ജ് വൈൽഡിന്റെ മുഖത്ത് നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ട് പരിഭ്രാന്തരായ സ്ത്രീകൾ ഉച്ചത്തിൽ അലമുറയിടുവാൻ തുടങ്ങി. തോക്ക് മുകളിലേക്ക് ചൂണ്ടി പ്രെസ്റ്റൺ ഒരു വട്ടം കൂടി നിറയൊഴിച്ചു.

“ആരും അനങ്ങിപ്പോകരുത്…!” അയാൾ അലറി.

മൌനം പോലും മരവിച്ചുപോയ നിമിഷങ്ങൾ ഇരുവശത്തേക്കും തലയിട്ടടിക്കുന്ന ജോർജ്ജ് വൈൽഡിനരികിൽ മുട്ടുകുത്തി ഇരുന്ന് വെറേക്കർ അയാളെ സസൂക്ഷ്മം പരിശോധിച്ചു. അടുത്ത നിമിഷം മകനോടൊപ്പം ബെറ്റി വൈൽഡും നിലവിളിച്ചുകൊണ്ട് ഓടി വന്ന് തന്റെ ഭർത്താവിന്നരികിൽ ഇരുന്നു.

“പേടിക്കാനൊന്നുമില്ല ബെറ്റി ഭാഗ്യമുണ്ട് അദ്ദേഹത്തിന് നോക്കൂ കവിളിൽ ഉരസിപ്പോയതേയുള്ളൂ വെടിയുണ്ട” ഫാദർ വെറേക്കർ ആശ്വസിപ്പിച്ചു.

പെട്ടെന്നാണ് ഹാളിലേക്കുള്ള വാതിൽ തള്ളിത്തുറന്നുകൊണ്ട് റിട്ടർ ന്യുമാൻ ഉള്ളിലേക്ക് പ്രവേശിച്ചത്. അദ്ദേഹത്തിന്റെ കൈയിൽ ബ്രൌണിങ്ങ് തോക്ക് ഉണ്ടായിരുന്നു. നടുത്തളത്തിലേക്ക് പാഞ്ഞെത്തിയ അദ്ദേഹം ഒരു നിമിഷം അവിടെ പകച്ച് നിന്നു.

“എന്താണിവിടെ നടക്കുന്നത്…?” അമ്പരപ്പോടെ ന്യുമാൻ ചോദിച്ചു.

“എസ്. എസ്. സേനയിലെ നിങ്ങളുടെ സഹപ്രവർത്തകനോട് തന്നെ ചോദിച്ച് നോക്ക്” വെറേക്കർ പറഞ്ഞു.

പ്രെസ്റ്റണെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ന്യുമാൻ, ജോർജ്ജ് വൈൽഡിന്നരികിൽ മുട്ടുകുത്തിയിരുന്ന് അയാളെ പരിശോധിക്കുവാനൊരുങ്ങി.

“അദ്ദേഹത്തെ തൊട്ടുപോകരുത് യൂ ബ്ലഡി ജർമ്മൻ സ്വൈൻ” ബെറ്റി അലറി.

തന്റെ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും അല്പം ഡ്രെസ്സിങ്ങ് കോട്ടൺ എടുത്ത് ന്യുമാൻ ബെറ്റിയുടെ നേർക്ക് നീട്ടി.  “ബാൻഡേജ് ഹിം വിത്ത് ദാറ്റ് ഹീ വിൽ ബീ ഫൈൻ  

ശേഷം എഴുന്നേറ്റ് അദ്ദേഹം ഫാദർ വെറേക്കറുടെ നേർക്ക് തിരിഞ്ഞു. “ഫാദർ, ഞങ്ങൾ ഫാൾഷിംജാഗറിലെ അംഗങ്ങളാണ് അതിൽ ഞങ്ങൾ അഭിമാനം കൊള്ളുകയും ചെയ്യുന്നു പക്ഷേ, ഈ മാന്യൻഇയാൾ അതിൽ പെട്ടതല്ല  ന്യുമാൻ തികച്ചും സാധാരണ മട്ടിൽ പ്രെസ്റ്റൺ‌ന്റെ നേർക്ക് തിരിഞ്ഞു. പിന്നെ തന്റെ തോക്കിന്റെ പാത്തി കൊണ്ട് അയാളുടെ മുഖമടച്ച് കനത്ത ഒരു പ്രഹരം നൽകി. ആ ഇംഗ്ലീഷുകാരൻ അലറിക്കരഞ്ഞുകൊണ്ട് കുഴഞ്ഞുവീണു.

പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ജോവന്ന ഗ്രേ അകത്തേക്ക് ഓടിക്കയറിയത്.

“ഹെർ ഓബർലെഫ്റ്റനന്റ്” ജർമ്മൻഭാഷയിൽ അവർ വിളിച്ചു. “കേണൽ സ്റ്റെയ്നർ എവിടെ? അത്യാവശ്യമായി അദ്ദേഹത്തെ കണ്ടേ മതിയാവൂ എനിക്ക്

അവരുടെ കൈകളും മുഖവും ചെളി പുരണ്ട് വൃത്തിഹീനമായിരുന്നു. ന്യുമാൻ ഇടനാഴിയിലൂടെ ഓടി അവർക്കരികിലെത്തി.

“അദ്ദേഹം ഇവിടെയില്ല ഡെവ്‌ലിനെ കാണാൻ പോയിരിക്കുകയാണ് എന്ത് പറ്റി?”

“ജോവന്നാ...!”  വെറേക്കർ വിളിച്ചു. അദ്ദേഹത്തിന്റെ സ്വരത്തിൽ അവിശ്വസനീയത നിറഞ്ഞിരുന്നു. എന്നാൽ അതിനേക്കാളുപരി തന്റെ സംശയം ശരിയായിരിക്കുമോ എന്നുള്ള ഭീതിയായിരുന്നു ആ സ്വരത്തിൽ മുന്നിട്ട് നിന്നത്.   

അദ്ദേഹത്തെ തികച്ചും അവഗണിച്ചുകൊണ്ട് അവർ ന്യുമാനുമായുള്ള സംസാരം തുടർന്നു. “എന്താണ് ഇവിടെ നടക്കുന്നതെന്ന് എനിക്കറിയില്ല പക്ഷേ, ഏതാണ്ട് മുക്കാൽ മണിക്കൂർ മുമ്പ് പമേല വെറേക്കർ എന്റെ കോട്ടേജിലേക്ക് വന്നിരുന്നു എല്ലാ രഹസ്യങ്ങളും അവൾ മനസ്സിലാക്കിയിരിക്കുന്നു മെൽറ്റ്‌ഹാം ഹൌസിൽ ചെന്ന് അമേരിക്കൻ റേയ്ഞ്ചേഴ്സിനെ അറിയിക്കുവാൻ എന്റെ കാർ വേണമെന്നും പറഞ്ഞാണ് അവൾ എത്തിയത്

“എന്നിട്ടെന്തുണ്ടായി?”

“അവളെ തടയാൻ ഞാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നെ മുറിയിൽ അടച്ച് പൂട്ടി അവൾ കാറുമെടുത്ത് കടന്നു കളഞ്ഞു അഞ്ച് മിനിറ്റ് മുമ്പ് മാത്രമാണ് എനിക്ക് വാതിൽ തകർത്ത് പുറത്തിറങ്ങാൻ സാധിച്ചത് ഇനി നാം എന്ത് ചെയ്യും?” ജോവന്ന ചോദിച്ചു.

വെറേക്കർ അവരുടെ ചുമലിൽ പിടിച്ച് തനിക്ക് അഭിമുഖമായി നിർത്തി. “നിങ്ങളും അവരിൽ ഒരാളാണെന്നാണോ പറഞ്ഞു വരുന്നത്?”

”യെസ്   നൌ വിൽ യൂ ലീവ് മി എലോൺ? പലതും ചെയ്ത് തീർക്കാനുണ്ടെനിക്ക്” അക്ഷമയോടെ പറഞ്ഞിട്ട് അവർ റിട്ടർ ന്യുമാന് നേർക്ക് തിരിഞ്ഞു.

“ബട്ട് വൈ? അതാണെനിക്ക് മനസ്സിലാകാത്തത് നിങ്ങളൊരു ബ്രിട്ടീഷുകാരിയല്ലേ?”  വെറേക്കർ ചോദിച്ചു.  

വെട്ടിത്തിരിഞ്ഞ് അവർ അലറി. “ബ്രിട്ടീഷ്? ഡാംൻ യൂ…! ബോവർ ആണ് ഞാൻ ബോവർ എനിക്കെങ്ങനെ ഒരു ബ്രിട്ടീഷുകാരിയാകാൻ കഴിയും? ബ്രിട്ടീഷ്കാരി എന്നറിയപ്പെടുന്നത് തന്നെ അപമാനമാണെനിക്ക്

അവിടെയുണ്ടായിരുന്ന എല്ലാവരുടെയും മുഖങ്ങളിൽ കാണപ്പെട്ട ഭയവും വിഭ്രാന്തിയും തികച്ചും യഥാർത്ഥമായിരുന്നു. ഫാദർ വെറേക്കറുടെ കണ്ണുകളിലെ ദൈന്യതയും നിസ്സഹായതയും അവർണ്ണനീയമായിരുന്നു.

“ഓ, മൈ ഗോഡ്…!” അദ്ദേഹം മന്ത്രിച്ചു.

റിട്ടർ ന്യുമാൻ ജോവന്നയുടെ ചുമലിൽ കൈ വച്ചു. “എത്രയും പെട്ടെന്ന് തിരികെ വീട്ടിലേക്ക് ചെല്ലൂ എന്നിട്ട് റേഡിയോ വഴി ലാന്റ്സ്‌വൂർട്ടിലേക്ക് ബന്ധപ്പെടുക ഇവിടുത്തെ സ്ഥിതിഗതികൾ കേണൽ റാഡ്‌ൽ അറിഞ്ഞേ മതിയാവൂ കീപ്പ് ദി ചാനൽ ഓപ്പൺ

സമ്മതഭാവത്തിൽ തലയാട്ടിയിട്ട് അവർ പുറത്തേക്ക് പാഞ്ഞു. റിട്ടർ ന്യുമാൻ ആകട്ടെ, തന്റെ സൈനികജീവിതത്തിൽ ഇതാദ്യമായി ഇതികർത്തവ്യതാ മൂഢനായി മിഴിച്ച് നിന്നു. ഇനി എന്താണ് ചെയ്യേണ്ടത്? അദ്ദേഹം ആലോചിച്ചു. പക്ഷേ, അതിന് ഉത്തരമുണ്ടായിരുന്നില്ല. സ്റ്റെയ്നർ ഇല്ലാതെ അതിന് ഒരുത്തരം ഉണ്ടാകുകയുമില്ലായിരുന്നു.

“നിങ്ങളും ജൻസനും ഇവിടെ നിൽക്കുക” കോർപ്പറൽ ബെക്കറോട് പറഞ്ഞിട്ട് അദ്ദേഹം അതിവേഗം പുറത്തേക്ക് നടന്നു.

ദേവാലയത്തിനുള്ളിൽ എമ്പാടും മൌനം തളം കെട്ടി നിന്നു. മനസ്സിലെ വേദന അടക്കിപ്പിടിച്ച് ഫാദർ വെറേക്കർ ഇടനാഴിയിലൂടെ വേദിയിലേക്ക് നീങ്ങി. അവിടെ നിന്നുകൊണ്ട് അദ്ദേഹം ആ ചെറിയ ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തു.

“ഇത്തരം വിഷമഘട്ടങ്ങളിൽ നമ്മുടെ മുന്നിൽ ഒരേയൊരു പോംവഴി മാത്രമേ അവശേഷിക്കുന്നുള്ളൂ പ്രാർത്ഥന പലപ്പോഴും അത് സഹായകരവുമാകാറുണ്ട് പറ്റുമെങ്കിൽ എല്ലാവരും മുട്ടുകുത്തുക

കൈകൾ മടക്കി അദ്ദേഹം കുരിശു വരച്ചു. പിന്നെ ഉറച്ച ശബ്ദത്തിൽ ഉച്ചത്തിൽ ചൊല്ലുവാൻ തുടങ്ങി  അശരണർക്ക് വേണ്ടിയുള്ള പ്രാർത്ഥനാഗീതം

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Saturday, January 25, 2014

ഈഗിൾ ഹാസ് ലാന്റഡ് – 113സ്റ്റഡ്‌ലി കോൺസ്റ്റബിളിന്റെ കിഴക്കൻ പ്രാന്തപ്രദേശത്തുള്ള വനത്തിലായിരുന്നു ആർതർ സെയ്മൂർ അന്ന് ഭൂരിഭാഗം സമയവും. വനത്തിലെ ചെറുമരങ്ങൾ വെട്ടി വീഴ്ത്തി വിറക് ശേഖരിച്ച് ഗ്രാമത്തിലെ വീടുകളിൽ കൊണ്ട് ചെന്ന് വിൽക്കുന്നത് വഴി തരക്കേടില്ലാത്ത വരുമാനം അയാൾക്ക് ലഭിച്ചിരുന്നു. അന്ന് രാവിലെയാണ് കുറച്ച് വിറക് കൊണ്ടുവരുവാൻ മിസ്സിസ് ടെർണർ അയാളെ എൽപ്പിച്ചത്. വിറക് കഷണങ്ങൾ ചാക്കുകളിൽ നിറച്ച് തന്റെ കൈവണ്ടിയിലാക്കി പാടത്തിനരികിലെ ചെമ്മൺ പാതയിലൂടെ വലിച്ചുകൊണ്ടുവന്ന്  അയാൾ ടെർണറുടെ ഷോപ്പിന്റെ പിൻ‌മുറ്റത്ത് എത്തി.

വിറക് ചാക്കുകളിലൊന്ന് ചുമലിലേറ്റി വാതിലിൽ  ഒന്ന് മുട്ടാനുള്ള മര്യാദ പോലും കാണിക്കാതെ അത് ചവിട്ടിത്തുറന്ന് അയാൾ അടുക്കളയുടെ ഉള്ളിലേക്ക് കയറി. അവിടെയുണ്ടായിരുന്ന മേശയുടെ അരികിലിരുന്ന് കോഫി നുണഞ്ഞുകൊണ്ടിരുന്ന ഡിന്ററുടെയും ബെർഗിന്റെയും മുന്നിലേക്കാണ് സ്വാഭാവികമായും അയാൾ ചെന്നുപെട്ടത്. അപ്രതീക്ഷിതമായ ആ കണ്ടുമുട്ടലിൽ സെയ്മൂറിനേക്കാൾ വിരണ്ടുപോയത് ഡിന്ററും ബെർഗും ആയിരുന്നു.  

“ഹേയ് നിങ്ങൾക്കിവിടെ എന്ത് കാര്യം…?” സെയ്മൂർ ചോദിച്ചു.

തന്റെ ചുമലിൽ കൊളുത്തിയിട്ടിരുന്ന സ്റ്റെൻ ഗൺ എടുത്ത് ഡിന്റർ സെയ്മൂറിന് നേർക്ക് ഉന്നം പിടിച്ചു. അതേ നിമിഷം തന്നെ ബെർഗ് തന്റെ M1 മെഷീൻ ഗണ്ണും കൈയിലെടുത്തു. അപ്പോഴാണ് ഹാർവി പ്രെസ്റ്റൺ ടെലിഫോൺ സിസ്റ്റം ഇരിക്കുന്ന മുറിയുടെ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടത്. അരയ്ക്ക് കൈ കൊടുത്ത് അയാൾ സെയ്മൂറിനെ നോക്കി അല്പനേരം നിന്നു.

“മൈ ഗോഡ്! ഇതൊരു ആൾക്കുരങ്ങ് ആണല്ലോ” പ്രെസ്റ്റണ് അത്ഭുതം അടക്കാനായില്ല.

സെയ്മൂറിന്റെ കറുത്ത കണ്ണുകളിൽ നിന്നും രൌദ്രഭാവത്തിന്റെ തീപ്പൊരി ചിതറി.

“ദേ, പട്ടാളക്കാരൻ ചെക്കാ  വായിലെ നാക്കിനെ നിയന്ത്രിച്ചാൽ നിനക്ക് നല്ലത്

“ഓ ഇതിന് സംസാരിക്കാനും കഴിയുന്നുണ്ട്! അത്ഭുതങ്ങൾക്ക് ഒരിക്കലും അവസാനമില്ല ഓൾ റൈറ്റ്  ഇതിനെയും മറ്റുള്ളവരുടെ കൂട്ടത്തിൽ കൊണ്ട് ചെന്നാക്കൂ” പ്രെസ്റ്റൺ പറഞ്ഞു.

ടെലിഫോൺ സിസ്റ്റം ഇരിക്കുന്ന മുറിയിലേക്ക് പ്രെസ്റ്റൺ നീങ്ങി. പെട്ടെന്നാണ് തന്റെ ചുമലിലെ വിറക് ചാക്ക് ഡിന്ററുടെയും ബെർഗിന്റെയും മുകളിലേക്കിട്ട് സെയ്മൂർ പ്രെസ്റ്റൺ‌ന്റെ ദേഹത്തേക്ക് ചാടി വീണത്. ഇടത് കൈ പ്രെസൺ‌ന്റെ കഴുത്തിനു ചുറ്റും വട്ടം പൂട്ടി കാൽ മുട്ട് മുതുകിൽ അമർത്തി അയാൾ ഒരു വന്യമൃഗത്തെപ്പോലെ മുരണ്ടു.  എന്നാൽ തന്റെ മേൽ വീണ ചാക്ക് തള്ളി നീക്കി ചാടിയെഴുന്നേറ്റ ബെർഗ് തന്റെ കൈയിലിരുന്ന മെഷീൻ ഗൺ തിരിച്ച് പിടിച്ച് അതിന്റെ പാത്തി കൊണ്ട് സെയ്‌മൂറിന്റെ വാരിയെല്ലിന് താഴെ നോക്കി ശക്തിയായി ഒരു പ്രഹരം നൽകി. അടിയേറ്റ വേദനയിൽ അലറിക്കരഞ്ഞ ആ ആജാനുബാഹു, പ്രെസ്റ്റൺ‌ന്റെ കഴുത്തിലെ പിടി വിട്ട് ബെർഗിന് നേർക്ക് കുതിച്ചു. സെയ്മൂറിന്റെ ശക്തിയിൽ പിടിച്ച് നിൽക്കാനാവാതെ രണ്ട് പേരും കൂടി ടെലിഫോൺ എക്സ്ചേഞ്ചിന്റെ തുറന്ന് കിടന്ന വാതിലിലൂടെ തൊട്ടുമുന്നിലുള്ള പലവ്യഞ്ജന സ്റ്റോറിനുള്ളിലെ ഡിസ്പ്ലേ കാബിനറ്റ് മുകളിലേക്ക് കമഴ്ന്നു വീണു. മറിഞ്ഞ് വീണ കാബിനറ്റിൽ നിന്നും വിവിധ വസ്തുക്കൾ നിലത്ത് വീണ് ചിതറിത്തെറിച്ചു.

വീഴ്ച്ചയിൽ കൈയിലെ തോക്ക് ദൂരെ തെറിച്ചുവീണ ബെർഗ് എഴുന്നേറ്റ് സെയ്മൂറിൽ നിന്നും ദൂരേയ്ക്ക് മാറുവാൻ ശ്രമിച്ചു. എന്നാൽ കൌണ്ടറിൽ പിരമിഡ് കണക്കെ ഭംഗിയായി അടുക്കി വച്ചിരുന്ന ഭക്ഷണവസ്തുക്കളുടെ ടിന്നുകളും പാക്കറ്റുകളുമെല്ലാം തട്ടിത്തെറിപ്പിച്ച് സെയ്മൂർ, ബെർഗിന് പിന്നാലെ അലറിക്കൊണ്ട് പാഞ്ഞു. അതുകണ്ട ബെർഗ്, മിസ്സിസ് ടെർണർ സാധാരണ ഇരിക്കാറുള്ള കസേരയെടുത്ത് അയാൾക്ക് നേരെ എറിഞ്ഞു. എന്നാൽ സെയ്മൂറാകട്ടെ, തന്റെ നേർക്ക് വന്ന കസേര നിഷ്‌പ്രയാസം ദൂരേയ്ക്ക് തട്ടി മാറ്റി. ഷോപ്പിന്റെ ജനാലയുടെ ചില്ല് തകർത്തുകൊണ്ട് ആ കസേര പുറത്തേക്ക് തെറിച്ചു പോയി. ബെർഗ് തന്റെ ബയണറ്റ് എടുത്ത് അടിക്കാൻ ഒരുങ്ങിയതും സെയ്മൂർ കുനിഞ്ഞ് ഒഴിഞ്ഞ് മാറി.

അതേ സമയം ബെർഗിന്റെ M1 മെഷീൻ ഗണ്ണുമായി പ്രെസ്റ്റൺ അയാളുടെ പിന്നിൽ പതുങ്ങിയെത്തി. എന്നിട്ട് പതുക്കെ തോക്ക് ഉയർത്തി അതിന്റെ പാത്തി കൊണ്ട് സെയ്മൂറിന്റെ തലയുടെ പിന്നിൽ ശക്തിയായി പ്രഹരിച്ചു. വേദന കൊണ്ട് പുളഞ്ഞ സെയ്മൂർ അലറിക്കൊണ്ട് ഒന്ന് വട്ടം കറങ്ങി.

“യൂ ബ്ലഡി ഗ്രേറ്റ് എയ്പ്പ്...” പ്രെസ്റ്റൺ അലറി. “നിന്നെ ഞങ്ങൾ മര്യാദ പഠിപ്പിക്കുന്നുണ്ട്

പ്രെസ്റ്റൺ തോക്കിന്റെ പാത്തി കൊണ്ട് സെയ്മൂറിന്റെ അടിവയറ്റിൽ ഒരു പ്രഹരം കൂടി ഏൽപ്പിച്ചു. ആ അതികായൻ വേദനയാൽ കുനിയവേ കഴുത്തിന്റെ വശത്തായി ഒന്നു കൂടി കൊടുക്കുവാൻ പ്രെസ്റ്റൺ മറന്നില്ല. ഗത്യന്തരമില്ലാതെ പിന്നോട്ട് വീഴവേ ഒരു താങ്ങിനായി അരികിൽ കണ്ട ഷെൽഫിൽ കയറിപ്പിടിച്ചു അയാൾ. ഫലമോ, ആ ഷെൽഫും അതിനുള്ളിലെ സാധനങ്ങളും എല്ലാ കൂടി നിലത്ത് വീണ സെയ്മൂറിന്റെ ദേഹത്തേക്ക് പതിച്ചു.

അപ്പോഴേക്കും കൈകളിൽ തോക്കുമായി ഓടിയെത്തിയ സ്റ്റെയ്നറും റിട്ടർ ന്യുമാനും ഷോപ്പിന്റെ വാതിൽ കടന്ന് ഉള്ളിലെത്തി. ആ കൊച്ചു കടയുടെ ഉൾഭാഗം മുഴുവനും അലങ്കോലമായിക്കഴിഞ്ഞിരുന്നു. വിവിധയിനം ടിന്നുകൾ, പഞ്ചസാര, ധാന്യപ്പൊടികൾ തുടങ്ങിയവ എമ്പാടും ചിതറിക്കിടക്കുന്നു. ഹാർവി പ്രെസ്റ്റൺ ബെർഗിന്റെ തോക്ക് തിരികെ നൽകി. അല്പം വേച്ച് വേച്ചിട്ടാണെങ്കിലും ഡിന്റർ അടുക്കളയുടെ വാതിൽക്കൽ നിന്നും പതുക്കെ ഇറങ്ങി വന്നു. അയാളുടെ നെറ്റിയിൽ രക്തം പുരണ്ടിരുന്നു.

“എവിടെയെങ്കിലും കുറച്ച് കയർ കിട്ടുമോ എന്ന് നോക്ക്” പ്രെസ്റ്റൺ പറഞ്ഞു. “എന്നിട്ട് ഇയാളുടെ കൈകാലുകൾ കൂട്ടിക്കെട്ട് ഒരു പക്ഷേ, അടുത്ത തവണ ഇത്ര എളുപ്പമായിരിക്കില്ല ഇയാളെ കൈകാര്യം ചെയ്യാൻ...”

വയോധികനായ ടെർണർ വാതിൽക്കൽ നിന്ന് വേദനയോടെ ചുറ്റുപാടും വീക്ഷിച്ചു. നിലത്ത് ചിതറിക്കിടക്കുന്ന എണ്ണമറ്റ വസ്തുക്കൾ കണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

“ഇതിന്റെയെല്ലാം നഷ്ടപരിഹാരം ആർ തരും?” അദ്ദേഹം ചോദിച്ചു.

“എല്ലാത്തിന്റെയും കൂടി ബില്ല് തയ്യാറാക്കി വിൻസ്റ്റൺ ചർച്ചിലിന് അയച്ചുകൊടുക്ക് എപ്പോഴാണ് ഭാഗ്യം കടാക്ഷിക്കുക എന്ന് പറയാൻ പറ്റില്ലല്ലോ” പ്രെസ്റ്റൺ പരിഹാസത്തോടെ പറഞ്ഞു. “വിരോധമില്ലെങ്കിൽ അദ്ദേഹത്തെ കാണുമ്പോൾ  ഞാൻ പറഞ്ഞേക്കാം നിങ്ങളുടെ കാര്യത്തിൽ പെട്ടെന്ന് തീർപ്പുണ്ടാക്കാൻ

തീർത്തും നിസ്സഹായനായി ആ വൃദ്ധൻ അടുത്തു കണ്ട കസേരയിലേക്ക് കുഴഞ്ഞ് വീണു.

“ഓൾ റൈറ്റ് പ്രെസ്റ്റൺ ഐ വോണ്ട് നീഡ് യൂ ഡൌൺ ഹിയർ എനി മോർ നേരെ ദേവാലയത്തിലേക്ക് ചെല്ലൂ കൌണ്ടറിന് താഴെ കിടക്കുന്ന ആ വിചിത്ര ജീവിയെയും കൂടെ കൊണ്ടുപോകാൻ മറക്കേണ്ട  അവിടെ ചെന്നിട്ട് ബ്രാൺ‌ഡ്റ്റിനെ റിലീവ് ചെയ്യൂ എന്നിട്ട് ഓബർലെഫ്റ്റനന്റ് ന്യുമാന്റെയടുത്ത് റിപ്പോർട്ട് ചെയ്യുവാൻ പറയൂ” സ്റ്റെയ്നർ പറഞ്ഞു.

“അപ്പോൾ സ്വിച്ച് ബോർഡിന് മുന്നിൽ ആർ ഇരിക്കും?”

“ആൾട്ട്മാനെ ഞാൻ പറഞ്ഞ് വിടാം അയാൾ നന്നായി ഇംഗ്ലീഷ് സംസാരിക്കും അതുവരെ ഡിന്ററും ബെർഗും മതിയാവും ഇവിടുത്തെ കാര്യം നോക്കാൻ” സ്റ്റെയ്നർ പറഞ്ഞു.

നിലത്ത് കിടന്നിരുന്ന സെയ്മൂർ എഴുന്നേൽക്കാൻ ശ്രമിച്ചു. അപ്പോഴാണ് അയാൾക്ക് മനസ്സിലായത് തന്റെ കൈകൾ പിറകോട്ടാക്കി കൂട്ടിക്കെട്ടിയിരിക്കുകയാണെന്ന്.

സെയ്മൂറിന്റെ പിൻ‌ഭാഗത്ത് ഒരു ചവിട്ട് കൊടുത്തിട്ട് പ്രെസ്റ്റൺ അയാളെ പിടിച്ച് എഴുന്നേൽപ്പിച്ച് നിർത്തി. “ഇപ്പോൾ നല്ല സുഖം തോന്നുന്നുണ്ടല്ലേ…? കമോൺ എയ്പ്പ് പിച്ച വച്ച് ഒന്ന് നടന്ന് നോക്കിക്കേ അങ്ങോട്ട് പോകണ്ടേ നമുക്ക്?”

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Monday, January 20, 2014

ഈഗിൾ ഹാസ് ലാന്റഡ് – 112ജോവന്ന ഗ്രേയുടെ കോട്ടേജിന്റെ പിൻ‌ഭാഗത്തെ മുറ്റത്ത് എത്തിയ ഉടൻ പമേലയുടെ ദൃഷ്ടികൾ പാഞ്ഞത് ഗ്യാരേജിന് നേർക്കായിരുന്നു. ഭാഗ്യം ജോവന്നയുടെ മോറിസ് കാർ ഗ്യാരേജിന് പുറത്ത് തന്നെ കിടപ്പുണ്ട്. ഓടിച്ചെന്ന് അവൾ ഡോർ തുറന്ന് നോക്കി. കാറിന്റെ താക്കോൽ ഇഗ്‌നീഷൻ സ്വിച്ചിൽ തന്നെ കിടക്കുന്നുണ്ട്. പിന്നെ ഒട്ടും മടിച്ചില്ല. അവൾ ഡ്രൈവിങ്ങ് സീറ്റിലേക്ക് കയറിയിരുന്ന് താക്കോൽ തിരിക്കുവാൻ തുനിഞ്ഞു.

“പമേല! എന്ത് ഭ്രാന്താണ് നീ ഈ കാണിക്കുന്നത്...?”  അല്പം പരുഷമായ സ്വരം കേട്ട് അവൾ തിരിഞ്ഞു.

കോട്ടേജിന്റെ പിൻ‌വാതിൽക്കൽ ജോവന്ന നിൽക്കുന്നുണ്ടായിരുന്നു. പമേല കാറിൽ നിന്നിറങ്ങി അവരുടെയടുത്തേക്ക് ഓടിച്ചെന്നു.

“ഐ ആം സോറി, മിസ്സിസ് ഗ്രേ ബട്ട് സംതിങ്ങ് അബ്സൊലൂട്ട്‌ലി ടെറിബ്‌ൾ ഹാസ് ഹാപ്പെൻഡ് ഗ്രാമത്തിൽ സൈനിക പരിശീലനം നടത്തുന്ന ആ കേണൽ കാർട്ടറും സംഘവുമില്ലേ? അവർ SASൽ നിന്നൊന്നുമല്ല അദ്ദേഹത്തിന്റെ പേര് സ്റ്റെയ്നർ എന്നാണ് പ്രധാനമന്ത്രിയെ കിഡ്നാപ്പ് ചെയ്യാൻ എത്തിയിരിക്കുന്ന ജർമ്മൻ പാരാട്രൂപ്പേഴ്സ് ആണ് അവർ

അവളെ കിച്ചണിലേക്ക് വലിച്ച് കയറ്റി ജോവന്ന കതകടച്ചു. വളർത്തുനായ പാച്ച് അവരുടെ കാൽക്കീഴിൽ തന്നെ വട്ടമിട്ട് നിന്നു.

“കാം ഡൌൺ പമേല  തികച്ചും അവിശ്വസനീയമായ വാർത്തയാണിത് നോ വേഅതിന് പ്രധാനമന്ത്രിക്ക് ഇന്നിവിടെ പ്രോഗ്രാംസ് പോലും ഇല്ലല്ലോ...” ജോവന്ന പറഞ്ഞു.

കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന തന്റെ കോട്ടിനരികിലേക്ക് നീങ്ങി ജോവന്ന അതിന്റെ പോക്കറ്റിൽ കൈ തിരുകി.

“പക്ഷേ, അദ്ദേഹം ഇന്ന് വൈകുന്നേരം ഇവിടെയെത്തുന്നുണ്ട് കിംഗ്സ്‌ലിനിൽ നിന്നും അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരുവാനായി സർ ഹെൻ‌ട്രി പോയിട്ടുണ്ടത്രേ” പമേല പറഞ്ഞു.

വാതിലിനരികിൽ നിന്നും തിരിഞ്ഞ ജോവന്നയുടെ കൈയിൽ വാൾട്ടർ ഓട്ടോമാറ്റിക്ക് ഗൺ ഉണ്ടായിരുന്നു.

“പമേലാ നീ ശരിക്കും കഷ്ടപ്പെട്ടു അല്ലേ ഈ വിവരം ഇവിടെ എത്തിക്കുവാൻ?” അവർ അവളുടെ തൊട്ട് പിന്നിൽ എത്തി നിലവറയിലേക്കുള്ള വാതിൽ തുറന്നു.  “ങ്‌ഹുംനടക്ക് താഴേക്ക്

പമേല ഞെട്ടിത്തരിച്ച് നിന്നു. “മിസ്സിസ് ഗ്രേ എനിക്കൊന്നും മനസ്സിലാവുന്നില്ല…!

“മനസ്സിലാക്കിത്തരാൻ എനിക്കൊട്ട് നേരവുമില്ല ഇക്കാര്യത്തിൽ നാം ഇരുവരും ഇരുചേരികളിലാണെന്ന് മാത്രം തൽക്കാലം മനസ്സിലാക്കുക ഇനി നല്ല കുട്ടിയായി താഴോട്ട് ഇറങ്ങ് വേണ്ടി വന്നാൽ നിറയൊഴിക്കാനും ഞാൻ മടിക്കില്ല” ജോവന്ന പറഞ്ഞു.

ഗത്യന്തരമില്ലാതെ പമേല പടിക്കെട്ടുകളിറങ്ങി. പാച്ച് തുള്ളിക്കളിച്ചുകൊണ്ട് അവളുടെ മുന്നിൽത്തന്നെയുണ്ടായിരുന്നു. ജോവന്ന അവളെ അനുഗമിച്ചു. നിലവറയിലെത്തിയതും ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തിട്ട് അവർ എതിരെ കണ്ട വാതിൽ തുറന്നു. വെളിച്ചമൊട്ടുമില്ലാത്ത സ്റ്റോർ റൂമായിരുന്നു അത്.

“ഉള്ളിലേക്ക് കയറൂ” ജോവന്ന ആജ്ഞാപിച്ചു.

തന്റെ യജമാനത്തിയുടെ ചുറ്റും വട്ടമിട്ടു കൊണ്ടിരുന്ന പാച്ച് പെട്ടെന്നാണ് അവരുടെ കണങ്കാലുകൾക്കിടയിൽ കയറിയത്. അടി തെറ്റിയ ജോവന്ന ചുവരിലേക്ക് വീഴാനാഞ്ഞു. കിട്ടിയ അവസരം പാഴാക്കാതെ പമേല സകലശക്തിയുമെടുത്ത് അവരെ പിന്നോട്ട് ആഞ്ഞ് തള്ളി. എന്നാൽ പിന്നോട്ട് പതിക്കവെ, പോയിന്റ് ബ്ലാങ്ക് റേഞ്ചിൽ അവൾക്ക് നേരെ നിറയൊഴിക്കാൻ അവർ മറന്നില്ല. ചെകിടടപ്പിക്കുന്ന സ്ഫോടനത്തിൽ കാഴ്ച്ച മങ്ങിപ്പോയ പമേലയ്ക്ക് തന്റെ തലയുടെ ഒരു വശത്ത് കൂടി എന്തോ ഒന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്ന് പോയതായി അനുഭവപ്പെട്ടു. എങ്കിലും അത് വക വയ്ക്കാതെ  അവൾ റൂമിന് പുറത്ത് കടന്ന് വാതിൽ വലിച്ചടച്ച് തഴുതിട്ടു.

വെടിയുതിരുന്നതിന്റെ ശബ്ദമുണ്ടാക്കുന്ന ആഘാതം അത്ര ചെറുതൊന്നുമല്ല എന്നതാണ് വാസ്തവം. അല്പനേരത്തേങ്കിലും അത് സപ്തനാഡികളുടെയും പ്രവർത്തനം നിശ്ചലമാക്കുന്നു. പമേലയുടെ സ്ഥിതിയും വിഭിന്നമായിരുന്നില്ല. കിച്ചണിലേക്കുള്ള പടികൾ ഓടിക്കയറുമ്പോഴും അവിടെ നടന്ന സംഭവങ്ങൾ വിശ്വസിക്കുവാൻ അവൾക്കാവുന്നുണ്ടായിരുന്നില്ല. പരിഭ്രമത്തിനിടയിൽ വീഴാതിരിക്കാൻ അവൾ മുന്നിൽ കണ്ട മേശമേൽ പിടിച്ച് ബാലൻസ് ചെയ്തു നിന്നു. അപ്പോഴാണ് മുന്നിലെ കണ്ണാടിയിൽ തന്റെ മുഖം അവൾ ശ്രദ്ധിച്ചത്.  നെറ്റിയുടെ ഇടത് ഭാഗത്ത് ചെവിയ്ക്കും കണ്ണിനുമിടയിൽ വീതി കുറഞ്ഞ് നീളത്തിൽ ഒരു മുറിവ്. മാംസം ചീന്തിപ്പോയ ഇടത്ത് വെളുത്ത നിറത്തിൽ തെളിഞ്ഞ് കാണുന്ന അസ്ഥി. പക്ഷേ, അവിടെ നിന്നും കാര്യമായി രക്തം കിനിയുന്നുണ്ടായിരുന്നില്ല എന്നത് അവളെ അത്ഭുതപ്പെടുത്തി. വിരൽത്തുമ്പ് കൊണ്ട് പതുക്കെ അവൾ അതിൽ തൊട്ടുനോക്കി. ഇല്ല വേദനയില്ല അതിൽ കാര്യമില്ല അൽപ്പം കഴിയുന്നതോടെ വേദന തോന്നിത്തുടങ്ങും

“ഹാരിയുടെ അടുത്ത് എത്തിയേ പറ്റൂ എങ്ങനെയും എത്തിയേ പറ്റൂ” അവൾ ശബ്ദമുയർത്തി പറഞ്ഞു.

അടുത്ത നിമിഷം മോറിസിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഇരിപ്പുറപ്പിച്ച അവൾ കാറുമായി റോഡിലേക്ക് കുതിച്ചു.   


                    * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *  

കുന്നിൻ ചരുവിലെ റോഡിലൂടെ താഴോട്ട് നടക്കവേ അല്പം അകലെയായി ആ കാർ പാഞ്ഞ് പോകുന്നത് സ്റ്റെയ്നർ കണ്ടിരുന്നു. സ്വാഭാവികമായും അദ്ദേഹം കരുതിയത് അത് ജോവന്ന ആണെന്ന് തന്നെയായിരുന്നു. അവരെ സന്ധിക്കാൻ പറ്റാത്തതിൽ സ്വയം ശപിച്ചുകൊണ്ട് അദ്ദേഹം തിരിഞ്ഞ് പാലത്തിനരികിലേക്ക് നടന്നു. ജീപ്പിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ക്ലൂഗൽ ഇരിക്കുന്നുണ്ട്. മെഷീൻ ഗണ്ണിന്റെ നിയന്ത്രണം ജീപ്പിന്റെ ഇടത് സീറ്റിൽ ഇരിക്കുന്ന വെർണർ ബ്രീഗലിനാണ്. സ്റ്റെയ്നർ അവിടെയെത്തുമ്പോഴേക്കും ദേവാലയത്തിൽ നിന്നും വരികയായിരുന്ന ബെഡ്ഫോഡ് ട്രക്കും എത്തിക്കഴിഞ്ഞിരുന്നു. ഡോറിൽ തൂങ്ങി ഫുട്ബോർഡിൽ യാത്ര ചെയ്യുകയായിരുന്ന റിട്ടർ ന്യുമാൻ ചാടിയിറങ്ങി.

“മൊത്തം ഇരുപത്തിയേഴ് പേരെ ദേവാലയത്തിനുള്ളിൽ ആക്കിയിട്ടുണ്ട്, ഹെർ ഓബർസ്റ്റ് അഞ്ച് പുരുഷന്മാരും പത്തൊമ്പത് സ്ത്രീകളും രണ്ട് കുട്ടികളും

“പത്ത് കുട്ടികൾ കൊയ്ത്ത് നടക്കുന്നയിടത്തുള്ള ക്യാമ്പിലാണെന്നാണ് അറിഞ്ഞത്...” സ്റ്റെയ്നർ പറഞ്ഞു. “ഡെവ്‌ലിന്റെ കണക്കുകൂട്ടലിൽ ഗ്രാമത്തിലെ ജനസംഖ്യ നാൽപ്പത്തിയേഴ് വരും ടെലിഫോൺ എക്സ്ചേഞ്ചിൽ ഇരുത്തിയിരിക്കുന്ന ടെർണറെയും പിന്നെ ജോവന്ന ഗ്രേയെയും ഒഴിവാക്കിയാൽ ഇനിയും എട്ട് പേരെ കണ്ടു കിട്ടാനുണ്ട് തീർച്ചയായും എപ്പോഴെങ്കിലും എത്തിപ്പെടാതിരിക്കില്ല അവർ അവരിൽ അധികവും പുരുഷന്മാരായിരിക്കാനാണ് സാദ്ധ്യതയും ആട്ടെ, ഫാദർ വെറേക്കറുടെ സഹോദരിയെ എവിടെയെങ്കിലും കണ്ടുവോ?”

“ദേവാലയത്തിലും വൈദികമന്ദിരത്തിലും നോക്കിയിട്ട് കാണുവാൻ കഴിഞ്ഞില്ല അവൾ എവിടെ എന്ന് വെറേക്കറോട് ചോദിച്ചപ്പോൾ പോയി പണി നോക്കാനാണ് പറഞ്ഞത് ഇവിടെ വരുമ്പോൾ ശനിയാഴ്ച്ചകളിൽ അവൾ കുതിരസവാരിയ്ക്ക് പോകാറുണ്ടെന്നാണ് അവിടെയുള്ള സ്ത്രീകൾ പറഞ്ഞത്” ന്യുമാൻ പറഞ്ഞു.

“അപ്പോൾ അവളുടെ കാര്യത്തിലും ഒരു കണ്ണ് വേണം” സ്റ്റെയ്നർ ഓർമ്മിപ്പിച്ചു.

“മിസ്സിസ് ഗ്രേയെ കാണുവാൻ സാധിച്ചുവോ?” ന്യുമാൻ ആരാഞ്ഞു.

“ഇല്ല എന്റെ കൈയിൽ നിന്നും സംഭവിച്ച വലിയൊരു പിഴവാണത്” സ്റ്റെയ്നർ വിശദീകരിച്ചു. “അവരെ പോയി കണ്ട് വിവരം പറയട്ടേ എന്ന് നിങ്ങൾ ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചാൽ മതിയായിരുന്നു കാർ എടുത്ത് അവർ തിടുക്കത്തിൽ എങ്ങോട്ടോ പോകുന്നത് കണ്ടു ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വരുമെന്ന് പ്രതീക്ഷിക്കാം

“ഒരു പക്ഷേ, ഡെവ്‌ലിനെ കാണുവാൻ പോയതായിരിക്കും അവർ

“അത് ശരിയാണ് എന്തായാലും ഒന്ന് ശ്രദ്ധിക്കണം ഇവിടുത്തെ സംഭവ വികാസങ്ങൾ അദ്ദേഹവും അറിഞ്ഞിരിക്കേണ്ടതാണ്” സ്റ്റെയ്നർ തന്റെ ബാറ്റൺ കൈപ്പടത്തിൽ പതുക്കെ തട്ടി.

പെട്ടെന്നാണ് അധികം ദൂരെയല്ലാത്ത ടെലിഫോൺ എക്സ്ചേഞ്ചിന്റെ ചില്ല് ജാലകം തകരുന്ന ശബ്ദം ഉയർന്നതും ഉള്ളിൽ നിന്ന് ഒരു കസേര പുറത്തേക്ക് തെറിച്ച് വീണതും. സ്റ്റെയ്നറും ന്യുമാനും തങ്ങളുടെ ബ്രൌണിങ്ങ് തോക്കുകളും എടുത്ത് അതിവേഗം അങ്ങോട്ട് പാഞ്ഞു. 

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...