Sunday, April 27, 2014

ഈഗിൾ ഹാസ് ലാന്റഡ് – 126
പുൽമേട്ടിൽ എത്തിയ മോളി കണ്ടത് കുന്നിൻ‌മുകളിലേക്കുള്ള റോഡിലൂടെ കയറിപ്പോകുന്ന ഒരു ജീപ്പിനെയാണ്. അതിന്റെ റേഡിയോ ആന്റിനയിൽ ഒരു വെള്ള കർച്ചീഫ് പാറിക്കളിക്കുന്നുണ്ടായിരുന്നു. ദേവാലയത്തിന്റെ കവാടത്തിനരികിൽ നിർത്തിയ ആ ജീപ്പിൽ നിന്നും ഹാരി കെയ്നും ഡെക്സ്റ്റർ ഹാർവിയും പുറത്തിറങ്ങി. അങ്കണത്തിലൂടെ പോർച്ചിനരികിലേക്ക് നടക്കവെ കെയ്ൻ പറഞ്ഞു.

“സർജന്റ് കണ്ണുകൾ തുറന്ന് പിടിച്ചോണം ഈ സ്ഥലം ഒരിക്കൽക്കൂടി കാണുമ്പോൾ ഓർമ്മയുണ്ടാവണം

“തീർച്ചയായും മേജർ

ദേവാലയത്തിന്റെ വാതിൽ തുറന്ന് സ്റ്റെയ്നർ പുറത്തിറങ്ങി. തൊട്ട് പിന്നിൽ തന്നെ ഉണ്ടായിരുന്ന ഡെവ്‌ലിൻ ചുമരിലേക്ക് ചാരി നിന്ന് ഒരു സിഗരറ്റിന് തീ കൊളുത്തി.

ഹാരി കെയ്ൻ ഔപചാരികമായി സ്റ്റെയ്നറെ സല്യൂട്ട് ചെയ്തു. “കേണൽ നാം ഇതിന് മുമ്പ് പരിചയപ്പെട്ടിട്ടുണ്ട്

സ്റ്റെയ്നറിന് എന്തെങ്കിലും പറയാൻ സാധിക്കുന്നതിന് മുമ്പ് വാതിൽക്കൽ നിന്നിരുന്ന ബെക്കറെ തള്ളിമാറ്റി ഫാദർ വെറേക്കർ മുടന്തിക്കൊണ്ട് പുറത്തേക്ക് വന്നു.

“കെയ്ൻ പമേല എവിടെ? അവൾക്കെങ്ങനെയുണ്ട്?”

“ഷീ ഈസ് ഫൈൻ, ഫാദർ അവൾ അവിടെ മെൽറ്റ്‌ഹാം ഹൌസിൽ ഉണ്ട്” കെയ്ൻ പറഞ്ഞു.

വെറേക്കർ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് പരിഹാസഭാവമുണ്ടായിരുന്നു. ഒരു വിജയിയുടെ ധാർഷ്ട്യം ആ കണ്ണുകളിൽ തിളങ്ങി.

“വളരെ ഭംഗിയായി അവൾ നിങ്ങളെ ഒതുക്കി, അല്ലേ സ്റ്റെയ്നർ? അവൾ ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷേ നിങ്ങൾ പ്രധാനമന്ത്രിയുമായി കടന്നുകളഞ്ഞേനെ...”

ഓരോരുത്തരുടെയും കാഴ്ച്ചപ്പാടുകൾ എത്ര വ്യത്യസ്ഥമാണെന്ന് നോക്കൂ” സ്റ്റെയ്നർ തികച്ചും ശാന്തസ്വരത്തിൽ പറഞ്ഞു. “ഞാൻ വിചാരിച്ചിരുന്നത് കാൾ സ്റ്റേം എന്ന ചെറുപ്പക്കാരൻ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ടി സ്വന്തം ജീവൻ ബലിയർപ്പിച്ചതുകൊണ്ടാണ് ഞങ്ങൾ പരാജയപ്പെട്ടത് എന്നായിരുന്നു…”  മറുപടിക്കായി കാത്തു നിൽക്കാതെ അദ്ദേഹം കെയ്നിന് നേർക്ക് തിരിഞ്ഞു. “വാട്ട് കാൻ ഐ ഡൂ ഫോർ യൂ?”

“അത് തികച്ചും വ്യക്തമല്ലേ കീഴടങ്ങൽ അനാവശ്യമായ രക്തച്ചൊരിച്ചിലുകൾക്ക് ഇനി യാതൊരു പ്രസക്തിയുമില്ല അവിടെ മിൽഹൌസിൽ ഉണ്ടായിരുന്ന താങ്കളുടെ ആൾക്കാർ എല്ലാം തന്നെ കൊല്ലപ്പെട്ടിരിക്കുന്നു അതുപോലെ തന്നെ മിസ്സിസ് ഗ്രേയും

വെറേക്കർ അദ്ദേഹത്തിന്റെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. “മിസ്സിസ് ഗ്രേ കൊല്ലപ്പെട്ടുവെന്നോ? എങ്ങനെ?”

“അറസ്റ്റ് ചെയ്യുവാൻ വേണ്ടി ചെന്ന കേണൽ ഷഫ്റ്റോയെ അവർ വകവരുത്തി. തുടർന്നുണ്ടായ വെടിവെപ്പിൽ അവർ കൊല്ലപ്പെട്ടു 

അങ്ങേയറ്റത്തെ നിരാശതയോടെ ഫാദർ വെറേക്കർ മുഖം തിരിച്ചു. കെയ്ൻ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു.

“താങ്കൾ ഒറ്റപ്പെട്ടിരിക്കുന്നു കേണൽ മെൽറ്റ്‌ഹാം ഹൌസിൽ കനത്ത സുരക്ഷാവലയത്തിലാണ് പ്രധാനമന്ത്രി ഇപ്പോൾഒരു പക്ഷേ, തന്റെ ജീവിതത്തിൽ ആദ്യമായിട്ടായിരിക്കും അദ്ദേഹം ഇത്രയും സുരക്ഷാക്രമീകരണങ്ങൾ കാണുന്നത് ഇറ്റ്സ് ഓൾ ഓവർ

ഒരു നിമിഷം സ്റ്റെയ്നർ തന്റെ സഹപ്രവർത്തകരെ ഓർത്തു. ബ്രാൺ‌ഡ്റ്റ്, വാൾട്ടർ, മെയർ, ക്‌‌ളൂഗൽ, ഡിന്റർ, ബെർഗ്, റീഡൽ അദ്ദേഹത്തിന്റെ മുഖം വിവർണ്ണമായി.  “മാന്യമായ ഒരു ഒത്തുതീർപ്പ്?”

“ഒരു ഒത്തുതീർപ്പുമില്ല…!” വെറേക്കർ അലറി.  “ഈ മനുഷ്യർ ബ്രിട്ടീഷ് യൂണിഫോമിലാണ് ഇവിടെയെത്തിയത് നിങ്ങളെ ഞാനത് ഓർമ്മിപ്പിക്കേണ്ടതുണ്ടോ മേജർ?”

“പക്ഷേ, ഒരിക്കലും ആ യൂണിഫോമിൽ ഞങ്ങൾ പോരാടിയിട്ടില്ല” സ്റ്റെയ്നർ ഇടയിൽ കയറി പറഞ്ഞു. “ജർമ്മൻ യൂണിഫോമിൽ ജർമ്മൻ സൈനികരായിട്ടാണ് ഞങ്ങൾ പടവെട്ടിയത് മറ്റേത് വെറും യുദ്ധതന്ത്രം മാത്രമായിരുന്നു

“അതെ ജനീവ കൺ‌വെൻഷന്റെ നഗ്നമായ ലംഘനമാണത്...” വെറേക്കർ പറഞ്ഞു. “യുദ്ധകാലത്ത് ശത്രുവിന്റെ യൂണിഫോം ധരിക്കുന്നത് കർശനമായി വിലക്കിയിരിക്കുന്നു എന്ന് മാത്രമല്ല, അത് ലംഘിക്കുന്നവർക്ക് മരണശിക്ഷയുമാണ് അതിൽ പറഞ്ഞിരിക്കുന്നത്

കെയ്നിന്റെ മുഖഭാവം ശ്രദ്ധിച്ച സ്റ്റെയ്നർ മന്ദഹസിച്ചു. “ഡോണ്ട് വറി, മേജർ നിങ്ങളുടെ കുറ്റമല്ല കളിയുടെ നിയമങ്ങൾ മാത്രം” അദ്ദേഹം വെറേക്കറുടെ നേർക്ക് തിരിഞ്ഞു. “വെൽഫാദർ താങ്കളുടെ ദൈവം ഉണ്ടല്ലോ ആ ദൈവം തീർച്ചയായും ക്രോധത്തിന്റെയും പകയുടെയും ദൈവമാണ് എന്റെ കുഴിമാടത്തിന് മുകളിൽ നൃത്തം ചവിട്ടുമെന്ന് തോന്നുമല്ലോ താങ്കളുടെ ഭാവം കണ്ടാൽ

“ഡാംൻ യൂ സ്റ്റെയ്നർ…!” തന്റെ കൈയിലെ ഊന്നുവടി ഉയർത്തി അദ്ദേഹത്തെ അടിക്കുവാനായി വെറേക്കർ മുന്നോട്ട് കുതിച്ചു. എന്നാൽ തന്റെ ളോഹയുടെ അടിഭാഗത്ത് തട്ടി കമിഴന്നടിച്ച് വീഴവേ അദ്ദേഹത്തിന്റെ തല ഒരു കല്ലിൽ ചെന്ന് ഇടിച്ചു.  

ഓടിയെത്തിയ ഗാർവി അദ്ദേഹത്തിനരികിൽ മുട്ടുകുത്തി ഇരുന്ന് പരിശോധിച്ചു. “നിസ്സാരമല്ലെന്ന് തോന്നുന്നു ഡോക്ടറെ കാണിക്കണം ഞങ്ങളുടെ ക്യാമ്പിൽ നല്ല ഡോക്ടറുണ്ട്” അയാൾ സ്റ്റെയ്നറോട് പറഞ്ഞു.

“അതിനെന്താ കൊണ്ടുപൊയ്ക്കോളൂ അദ്ദേഹത്തെ മാത്രമല്ല എല്ലവരെയും” സ്റ്റെയ്നർ പറഞ്ഞു.

ഗാർവി കെയ്നിനെ ഒന്ന് നോക്കിയിട്ട് ഫാദർ വെറേക്കറുയുമെടുത്ത് തങ്ങളുടെ ജീപ്പിനരികിലേക്ക് നടന്നു.

“അപ്പോൾ താങ്കൾ ഈ ഗ്രാമീണരെ പോകാൻ അനുവദിക്കുന്നു എന്നാണോ പറയുന്നത്?” കെയ്ൻ ചോദിച്ചു.

“തീർച്ചയായും കാരണം, ഒട്ടും താമസിയാതെ തന്നെ പോരാട്ടത്തിന്റെ അടുത്ത ഭാഗം ആരംഭിക്കുന്ന ലക്ഷണമാണ് കാണുന്നത് താങ്കൾ പിന്നെ എന്ത് കരുതി? ഈ ഗ്രാമത്തിലുള്ളവരെ ഒന്നടങ്കം ഞങ്ങൾ ബന്ദികളാക്കി വയ്ക്കുമെന്നോ? അതോ ഈ വനിതകളെ ഒരു മനുഷ്യമതിലാക്കി നിർത്തി ഞങ്ങൾ പോരാടുമെന്നോ? സോറി അത്രയും ക്രൂരരല്ല ഞങ്ങൾ” സ്റ്റെയ്നർ തിരിഞ്ഞു. “ബെക്കർ അവരെ തുറന്ന് വിട്ടേക്കൂ

വാതിൽ തുറക്കപ്പെട്ടു. ലെയ്ക്കർ ആംസ്ബിയുടെ നേതൃത്വത്തിൽ ഗ്രാമീണരെല്ലാം കൂടി പുറത്തേക്ക് കുതിച്ചു. അവരെ കടന്ന് പോകുമ്പോൾ വനിതകളിൽ അധികവും അലമുറയിടുന്നുണ്ടായിരുന്നു. ബെറ്റി വൈൽഡും മകൻ ഗ്രഹാമും അവരുടെ ഭർത്താവ് ജോർജ് വൈൽഡും ആയിരുന്നു അവസാനമായി എത്തിയത്. നന്നേ ക്ഷീണിതനായിരുന്ന ജോർജ് വൈൽഡിനെ റിട്ടർ ന്യുമാനായിരുന്നു താങ്ങിപ്പിടിച്ചുകൊണ്ടുവന്നത്. അവർക്കരികിലേക്ക് ഓടിയെത്തിയ ഗാർവി, റിട്ടർ ന്യുമാന്റെ സ്ഥാനം ഏറ്റെടുത്തു.   ഗ്രഹാമിന്റെ കൈ പിടിച്ച് ബെറ്റി വൈൽഡ് ന്യുമാന്റെ നേർക്ക് തിരിഞ്ഞു.

“ഹീ വിൽ ബീ ഓൾ റൈറ്റ് മിസ്സിസ് വൈൽഡ് അവിടെയുണ്ടായ ദുഃരനുഭവത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു ബിലീവ് മീ  ന്യുമാൻ പറഞ്ഞു.

“ദാറ്റ്സ് ഓൾ റൈറ്റ് അത് താങ്കളുടെ കുറ്റമായിരുന്നില്ലല്ലോ എനിക്ക് വേണ്ടി ഒരു കാര്യം കൂടി ചെയ്യുമോ? വുഡ് യൂ റ്റെൽ മീ യുവർ നെയിം?”

“ന്യുമാൻ  റിട്ടർ ന്യുമാൻ” അദ്ദേഹം പറഞ്ഞു.

“താങ്ക് യൂ” അവർ പറഞ്ഞു.  “അപ്പോഴത്തെ ദ്വേഷ്യത്തിന് ഞാൻ പറഞ്ഞ വാക്കുകൾക്ക് ക്ഷമ ചോദിക്കുന്നു...”  അവർ സ്റ്റെയ്നറുടെ നേർക്ക് തിരിഞ്ഞു. “ആന്റ് ഐ വാണ്ട് റ്റു താങ്ക് യൂ ആന്റ് യുവർ മെൻ ഫോർ ഗ്രഹാം

 “ഹീ ഈസ് എ ബ്രേവ് ബോയ്” സ്റ്റെയ്നർ പറഞ്ഞു. “ഒട്ടും സംശയിച്ച് നിൽക്കാതെ അവൻ നേരെ പുഴയിലേക്ക് ചാടുകയായിരുന്നില്ലേ അതിന് അസാമാന്യ ധൈര്യം വേണം ആന്റ് കറേജ് ഈസ് സംതിങ്ങ് ദാറ്റ് നെവർ ഗോസ് ഔട്ട് ഓഫ് ഫാഷൻ

കൊച്ചു ഗ്രഹാം അവിശ്വസനീയതയോടെ അദ്ദേഹത്തിന്റെ മുഖത്തേക്ക് നോക്കിക്കൊണ്ട് നിന്നു. “വൈ ആർ യൂ എ ജർമ്മൻ? എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളുടെ പക്ഷത്ത് അല്ലാത്തത്?”

സ്റ്റെയനർ പൊട്ടിച്ചിരിച്ചു. “അവനെ ഇവിടുന്ന് പെട്ടെന്ന് കൊണ്ടു പോകാൻ നോക്ക് ബിഫോർ ഹീ കം‌പ്‌ളീറ്റ്ലി കറപ്റ്റ്സ് മീ...”  അദ്ദേഹം ബെറ്റിയോട് പറഞ്ഞു.

അവന്റെ കൈ പിടിച്ച് അവർ മുന്നേ പോയ സംഘത്തിന് ഒപ്പമെത്താനായി തിടുക്കത്തിൽ നടന്നു. വനിതകളുടെ ആ സംഘം വരിവരിയായി കുന്നിറങ്ങുവാൻ തുടങ്ങി.

അതേ സമയത്താണ് ഹോക്ക്സ്‌വുഡ് പാതയിലൂടെ ആ വെളുത്ത സ്കൌട്ട് കാർ പാഞ്ഞു വന്ന് ദേവാലയത്തിനരികിൽ നിന്നത്. അതിൽ ഘടിപ്പിച്ചിരുന്ന ആന്റി എയർക്രാഫ്റ്റ് ഗൺ, ഹെവി മെഷീൻ ഗൺ എന്നിവ പോർച്ചിന് നേർക്ക് ഉന്നം പിടിച്ചു.

സ്റ്റെയ്നർ മുഖം ചുളിച്ച് തലയാട്ടി. “സോ മേജർ ദി ഫൈനൽ ആകട് പോരാട്ടം വീണ്ടും തുടരട്ടെ

ഹാരി കെയ്ന് സല്യൂട്ട് നൽകിയിട്ട് അദ്ദേഹം പോർച്ചിലേക്ക് തിരിച്ച് നടന്നു. അവരുടെ സംഭാഷണം അത്രയും ശ്രവിച്ചുകൊണ്ട് ഒരക്ഷരം പോലും ഉരിയാടാതെ ഡെവ്‌ലിൻ നിൽക്കുന്നുണ്ടായിരുന്നു അവിടെ.

ഇത്രയും നീണ്ട നേരം നിശ്ശബ്ദനായി നിങ്ങളെ ഒരിക്കലും കണ്ടിട്ടില്ലല്ലോ ഞാൻ” സ്റ്റെയ്നർ പറഞ്ഞു.

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “സത്യം പറഞ്ഞാൽ സഹായിക്കണേ എന്ന ഒരൊറ്റ വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻ പോലും സാധിക്കുന്നുണ്ടായിരുന്നില്ല എനിക്ക് ഉള്ളിൽ ചെന്ന് ഞാനൊന്ന് പ്രാർത്ഥിച്ചോട്ടെ ഇനി?”

                                * * * * * * * * * * * * * * * * * * * * * *

പുൽമേട്ടിലെ സുരക്ഷിത സ്ഥാനത്ത് ഇരുന്ന്കൊണ്ട് മോളി ദേവാലയത്തിന് സമീപത്തെ നീക്കങ്ങൾ നിരീക്ഷിച്ചു. സ്റ്റെയ്നറോടൊപ്പം ദേവാലയത്തിനുള്ളിലേക്ക് ഡെവ്‌ലിൻ അപ്രത്യക്ഷമാകുന്നത് കണ്ടപ്പോൾ അവളുടെ ഹൃദയം തുടിച്ചു. ഓ, ദൈവമേ ഞാൻ എന്തെങ്കിലും സഹായം ചെയ്തേ തീരൂ അവൾ മന്ത്രിച്ചു.  ചാടിയെഴുന്നേറ്റ അതേ നിമിഷം ആജാനുബാഹുവായ ഒരു കറുമ്പൻ സർജന്റിന്റെ നേതൃത്വത്തിൽ പന്ത്രണ്ടോളം വരുന്ന അമേരിക്കൻ റെയ്ഞ്ചേഴ്സ് മരക്കൂട്ടങ്ങൾക്കിടയിൽ നിന്നും റോഡ് ക്രോസ് ചെയ്ത് ദേവാലയത്തിനരികിലേക്ക് ഓടുന്നത് അവളുടെ കണ്ണിൽ പെട്ടു. അടുത്ത നിമിഷം അവർ ദേവാലയത്തിന്റെ മതിലിനോട് ചേർന്ന് നീങ്ങി വൈദിക മന്ദിരത്തിന്റെ ചെറിയ ഗേറ്റ് കടന്ന് കോമ്പൌണ്ടിനുള്ളിൽ പ്രവേശിച്ചു.

എന്നാൽ മന്ദിരത്തിനുള്ളിൽ കയറാതെ ദേവാലയത്തിന്റെ പിൻ‌ഭാഗം ലക്ഷ്യമാക്കി നീങ്ങിയ അവർ മതിൽ ചാടിക്കടന്ന് സെമിത്തേരിയിലേക്ക് പ്രവേശിക്കുകയാണ്ടായത്. അവിടെ നിന്നും കുടമണി കൊളുത്തിയിരിക്കുന്ന ഗോപുരത്തിന്റെ വശത്തുകൂടി നീങ്ങിയ അവർക്ക് പോർച്ചിൽ എത്തുവാൻ അധിക സമയം വേണ്ടി വന്നില്ല. അവൾ നോക്കി നിൽക്കെ ചുമലിൽ ഒരു ചുരുൾ കയറുമായി ആ സർജന്റ് പോർച്ചിന്റെ മേൽക്കൂരയിൽ ചാടിപ്പിടിച്ച് മുകളിലേക്ക് വലിഞ്ഞു കയറി. പിന്നെ അതിനോട് ചേർന്ന് നിന്നിരുന്ന മരത്തിലൂടെ ഏതാണ്ട് പതിനഞ്ച് അടിയോളം ഉയരത്തിൽ കയറി ദേവാലയത്തിന്റെ സൺ ഷേഡിലേക്ക് ഇറങ്ങി. ശേഷം തന്റെ കൈയിലെ കയറിന്റെ ചുരുളഴിച്ച് താഴെയുള്ളവർക്ക് കയറിവരുവാനായി ഇട്ടു കൊടുത്തു.

പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ തന്റെ കുതിരയുടെ മേൽ ചാടിക്കയറിയ മോളി അവനെ പുൽമൈതാനത്തിലൂടെ തെളിച്ചു. പിന്നെ അവൾ ഒട്ടും ആലോചിച്ചില്ല മരക്കൂട്ടങ്ങൾക്കിടയിലൂടെ നേരെ വൈദിക മന്ദിരം ലക്ഷ്യമാക്കി അവനെ അതിവേഗം പായിച്ചു.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 
Sunday, April 20, 2014

ഈഗിൾ ഹാസ് ലാന്റഡ് – 125റിട്ടറും ആൾട്ട്മാനും വെർണറും കൂടി സെമിത്തേരിയിലെ സ്മാരകശിലകൾക്കിടയിലൂടെ ദേവാലയത്തിന്റെ പോർച്ച് ലക്ഷ്യമാക്കി ഓടവേ ഗേറ്റിനരികിൽ എത്തിയ ഡെവ്‌ലിൻ മോ‍ട്ടോർ സൈക്കിൾ ബ്രേക്ക് ചെയ്തു. തിടുക്കത്തിൽ അവർ അദ്ദേഹത്തിനരികിലേക്ക് ഓടിച്ചെന്നു.

“ഇറ്റ് ഈസ് എ മെസ്സ്. കേണൽ ഇപ്പോഴും അവിടെ ആ പാലത്തിനടുത്ത് തന്നെയാണ്” റിട്ടർ ന്യുമാൻ പറഞ്ഞു.

ഡെവ്‌ലിൻ താഴെ കുന്നിൻ‌ചെരുവിലേക്ക് നോക്കി. വെടിയേറ്റ് പ്രവർത്തനരഹിതമായ ജീപ്പിന്റെ മറ പറ്റി അതിലെ ബ്രൌണിങ്ങ് മെഷീൻ ഗൺ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുകയാണ് സ്റ്റെയ്നർ. പെട്ടെന്ന് ഡെവ്‌ലിന്റെ കൈകളിൽ പിടിച്ച് റിട്ടർ ന്യുമാൻ മറുവശത്തേക്ക് വിരൽ ചൂണ്ടി.

“മൈ ഗോഡ് ! അത് കണ്ടോ… !

ന്യുമാൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഡെവ്‌ലിൻ തിരിഞ്ഞു നോക്കി. ജോവന്ന ഗ്രേയുടെ കോട്ടേജിന് അൽപ്പം അകലെയുള്ള വളവിൽ നിന്നും പാഞ്ഞ് വരുന്ന ഒരു വെള്ള സ്കൌട്ട് കാറും മൂന്ന് ജീപ്പുകളും ഡെവ്‌ലിൻ തന്റെ മോട്ടോർ സൈക്കിൾ തിരിച്ചു.

“ഇപ്പോൾ ഞാൻ അങ്ങോട്ട് ചെന്നില്ലെങ്കിൽ പിന്നെ ഒരിക്കലും അങ്ങോട്ട് ചെന്നിട്ട് കാര്യമില്ല

അദ്ദേഹം മോട്ടോർ സൈക്കിൾ റെയ്സ് ചെയ്ത് താഴോട്ട് കുതിച്ചു. അല്പം മുന്നോട്ട് ചെന്നതിന് ശേഷം റോഡിൽ നിന്നും വശത്തേക്ക് വെട്ടിച്ചെടുത്ത് പുൽക്കാടുകൾക്കിടയിലൂടെ ദൂരെ അരുവിയുടെ കുറുകെയുള്ള നടപ്പാലം ലക്ഷ്യമാക്കി നീങ്ങി. കുണ്ടും കുഴിയും നിറഞ്ഞ നിരപ്പല്ലാത്ത പ്രതലത്തിലൂടെ സാമാന്യം വേഗതയിൽ കുതിക്കുമ്പോൾ മോട്ടോർസൈക്കിൾ പലപ്പോഴും ഉയർന്ന് ചാടുന്നുണ്ടായിരുന്നു. എന്നിട്ടും സീറ്റിൽ നിന്നും തെറിച്ച് പോകാതെ ബൈക്ക് നിയന്ത്രിച്ചുകൊണ്ട് പോകുന്ന ഡെവ്‌ലിനെ സാകൂതം വീക്ഷിച്ച് കൊണ്ട് ന്യുമാൻ നിന്നു.

പെട്ടെന്നാണത് സംഭവിച്ചത്... ന്യുമാന്റെ തലയിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ പാഞ്ഞ് വന്ന ഒരു വെടിയുണ്ട തൊട്ടു പിറകിലെ ചുമരിൽ തറച്ചു. തക്ക സമയത്ത് തന്നെ തലതാഴ്ത്തിയത്കൊണ്ട് മാത്രമായിരുന്നു അദ്ദേഹം രക്ഷപെട്ടത്. ഹ്യൂസ്റ്റ്‌ലറുടെ സെക്ഷനിൽ അവശേഷിച്ചിരുന്നവർ ഒത്ത് ചേർന്ന് ദേവാലയത്തിനടുത്തുള്ള മരങ്ങൾക്കിടയിൽ എത്തിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. സുരക്ഷിതസ്ഥാനത്ത് നിലയുറപ്പിച്ച് വെർണറും ആൾട്ട്മാനും അവർക്ക് നേരെ ഫയറിങ്ങ് ആരംഭിച്ചു.


                            * * * * * * * * * * * * * * * * * * * * * * * * * * * * *

മോട്ടോർ സൈക്കിളിൽ ഉയർന്ന് പൊങ്ങി നടപ്പാലത്തിൽ കയറി അപ്പുറം കടന്ന ഡെവ്‌ലിൻ മരങ്ങൾക്കിടയിലൂടെ അതിവേഗം റോഡ് ലക്ഷ്യമാക്കി നീങ്ങി. റോഡിൽ അമേരിക്കൻ സൈനികർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. ഒരു കൈയാൽ കോട്ടിന്റെ പോക്കറ്റിൽ നിന്ന് ഒരു ഗ്രനേഡ് എടുത്ത് അതിന്റെ പിൻ കടിച്ചൂരി. മരങ്ങൾക്കിടയിൽ നിന്നും റോഡിലേക്ക് കയറി ചെന്നത് സൈഡിൽ പാർക്ക് ചെയ്തിരിക്കുന്ന ഒരു സൈനിക ജീപ്പിന്റെ മുന്നിലേക്കായിരുന്നു. അപ്രതീക്ഷിതമായി ആ മോട്ടോർസൈക്കിൾ മുന്നിൽ കണ്ട് പകച്ചുപോയ അവരുടെ നേർക്ക് തന്റെ കൈയിലിരുന്ന ഗ്രനേഡ് വലിച്ചെറിഞ്ഞിട്ട് മുന്നോട്ട് കുതിച്ചു. തന്റെ ഇടത് ഭാഗത്തുള്ള കുറ്റിക്കാടിന്റെ മറവിൽ കൂടുതൽ റെയ്ഞ്ചേഴ്സ് ഉണ്ടെന്ന് ബോദ്ധ്യമായ ഡെവ്‌ലിൻ രണ്ടാമത്തെ ഗ്രനേഡ് അങ്ങോട്ട് വലിച്ചെറിഞ്ഞു. ആ സമയത്താണ് ആദ്യത്തെ ഗ്രനേഡ് ഉഗ്രശബ്ദത്തോടെ പൊട്ടിയത്. അതിന്റെ അനന്തരഫലം ശ്രദ്ധിക്കാൻ നിൽക്കാതെ അദ്ദേഹം യാത്ര തുടർന്നു. മിൽ ഹൌസിന് അരികിലെ വളവ് തിരിഞ്ഞ് പാലത്തിനരികിൽ ചെന്ന് ഡെവ്‌‌ലിൻ സഡൻ ബ്രേക്കിട്ടു. റോഡിലൂടെ തെന്നി നീങ്ങിയ മോട്ടോർ സൈക്കിൾ മെഷീൻ ഗണ്ണിൽ നിന്നും വെടിയുതിർത്തുകൊണ്ടിരുന്ന സ്റ്റെയനറുടെ അരികിൽ ചെന്ന് നിന്നു.

സ്റ്റെയ്നർ ഒരക്ഷരം പോലും ഉരിയാടിയില്ല. അദ്ദേഹത്തെ ഒന്ന് നോക്കിയിട്ട് എഴുന്നേറ്റ് ബ്രൌണിങ്ങ് മെഷിൻ ഗൺ ഇരുകൈകളാലും ചേർത്ത് പിടിച്ച് തന്റെ ലക്ഷ്യത്തിലേക്ക് തുരുതുരെ നിറയൊഴിച്ചുകൊണ്ടിരുന്നു. തനിക്ക് നേരെ ഫയർ ചെയ്തുകൊണ്ടിരുന്ന കോർപ്പറൽ ബ്‌‌ളീക്കർ നിവൃത്തിയില്ലാതെ ഷെൽട്ടറിന്റെ മറവിലേക്ക് ഓടിക്കയറുന്നത് കണ്ട സ്റ്റെയ്നർ തോക്ക് ഉപേക്ഷിച്ച് ഡെവ്‌ലിന്റെ മോട്ടോർസൈക്കിളിന്റെ പിന്നിലേക്ക് കയറി ഇരുന്നു. ഡെവ്‌ലിൻ അവിശ്വസനീയ വേഗതയിൽ മോട്ടോർസൈക്കിൾ വെട്ടിത്തിരിച്ച് പാലത്തിൽ കയറി നേരെ കുന്നിൻ‌മുകളിലേക്ക് കുതിച്ചു. അപ്പോഴേക്കും ആ വെള്ള സ്കൌട്ട് കാർ ജോവന്നയുടെ കോട്ടേജിന് മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു. ജീപ്പിൽ ഇരുന്നു കൊണ്ട് ഹാരി കെയ്ൻ കുന്നിൻ‌മുകളിലേക്ക് പാഞ്ഞ് പോകുന്ന ഡെവ്‌ലിനെയും സ്റ്റെയ്നറെയും വീക്ഷിച്ചു.

“ആന്റ് വാട്ട് ഇൻ ദി ഹെൽ വാസ് ദാറ്റ്?” ഗാർവി ചോദിച്ചു.

കോർപ്പറൽ ബ്‌‌ളീക്കർ ഷെൽട്ടറിൽ നിന്നും പുറത്തേക്കിറങ്ങി വേച്ച് വേച്ച് അവരുടെയടുത്ത് എത്തി. അവന്റെ മുഖത്ത് നിന്നും രക്തം ഒലിക്കുന്നുണ്ടായിരുന്നു.

“അടുത്തെവിടെയെങ്കിലും ഡോക്ടർ ഉണ്ടോ സർ? എന്റെ വലത് കണ്ണ് നഷ്ടപ്പെട്ടുവെന്നാണ് തോന്നുന്നത് ഒന്നും കാണാൻ സാധിക്കുന്നില്ല

ആരോ പാഞ്ഞെത്തി അവനെ താങ്ങി നിർത്തി. കെയ്ൻ ചുറ്റിനുമുള്ള നാശനഷ്ടങ്ങൾ വിശദമായി വീക്ഷിച്ചു.

“ദി ക്രേസി, സ്റ്റുപിഡ് ബാസ്റ്റർഡ്” കെയ്ൻ മന്ത്രിച്ചു.

ജോവന്നയുടെ കോട്ടേജിന്റെ ഫ്രണ്ട് ഗേറ്റ് കടന്ന് പുറത്തെത്തിയ ക്രൂക്കോവ്സ്കി അദ്ദേഹത്തെ സല്യൂട്ട് ചെയ്തു.

“കേണൽ എവിടെ?” കെയ്ൻ ചോദിച്ചു.

“കൊല്ലപ്പെട്ടു സർ ഈ വീട്ടിനകത്ത് വച്ച് ആ സ്ത്രീ ഷീ ഷോട്ട് ഹിം

ഹാരി കെയ്ൻ ജീപ്പിൽ നിന്നും ചാടിയിറങ്ങി. “വേർ ഈസ് ഷീ?”

“ഞാൻ ഞാൻ അവരെ കൊന്നു, മേജർ  അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു.

എന്താണ് അവനോട് പറയേണ്ടതെന്ന ചിന്താക്കുഴപ്പത്തിലായിരുന്നു കെയ്ൻ. അവന്റെ ചുമലിൽ അഭിനന്ദന രൂപേണ പതുക്കെ തട്ടിയിട്ട് അദ്ദേഹം കോട്ടേജിനുള്ളിലേക്ക് കയറിപ്പോയി.


                            * * * * * * * * * * * * * * * * * * * * * * * * * * * * *

കുന്നിൻ‌മുകളിൽ ദേവാലയത്തിന്റെ മതിലിന്റെ മറ പറ്റി നിന്നുകൊണ്ട്  മരക്കൂട്ടങ്ങൾക്കിടയിൽ നിലയുറപ്പിച്ചിരിക്കുന്ന റെയ്ഞ്ചേഴ്സിന് നേർക്ക് ഫയറിങ്ങ് നടത്തുകയാണ് റിട്ടർ ന്യുമാനും രണ്ട് സഹപ്രവർത്തകരും. അപ്പോഴാണ് ഡെവ്‌ലിനും സ്റ്റെയ്നറും കൂടി അവിടെയെത്തുന്നത്. മോട്ടോർ സൈക്കിൾ സ്റ്റാന്റിൽ വച്ചിട്ട് അവർ ഇരുവരും ശ്രദ്ധയോടെ കവാടം കടന്ന് ദേവാലയത്തിന്റെ പോർച്ചിലേക്ക് ഓടിക്കയറി. റിട്ടറും ആൾട്ട്മാനും വെർണറും സ്മാരകശിലകളുടെ മറ പറ്റി അപകടമൊന്നും കൂടാതെ അവർക്ക് പിന്നാലെ പോർച്ചിലെ സുരക്ഷിത്വത്തിൽ എത്തിച്ചേർന്നു.

കോർപ്പറൽ ബെക്കർ തുറന്നു കൊടുത്ത വാതിലിലൂടെ അവർ ഉള്ളിൽ കടന്നതും അവൻ കതക് വലിച്ചടച്ച് ബോൾട്ട് ഇട്ടു. പുറമെ പൂർവ്വാധികം ശക്തിയോടെ വെടിയൊച്ച മുഴങ്ങുവാൻ തുടങ്ങി. ദേവാലയത്തിനുള്ളിൽ ഉണ്ടായിരുന്ന ഗ്രാമീണർ ഭയന്ന് വിറച്ച് ഉദ്വേഗത്തോടെ പരസ്പരം നോക്കി. ഡെവ്‌ലിനെ കണ്ടതും ഫാദർ വെറേക്കർ മുടന്തി മുടന്തി അടുത്തേക്ക് വന്നു. അദ്ദേഹത്തിന്റെ മുഖം രോഷത്താൽ ചുവന്നിരുന്നു.

“ഇതാ വന്നിരിക്കുന്നു മറ്റൊരു രാജ്യദ്രോഹി” ഫാദർ വെറേക്കറിന് ദ്വേഷ്യം അടക്കാനായില്ല.

ഡെവ്‌ലിൻ പുഞ്ചിരിച്ചു. “വീണ്ടും എന്റെ സ്നേഹിതരുടെ ഇടയിലേക്കെത്തിയതിൽ സന്തോഷം


                            * * * * * * * * * * * * * * * * * * * * * * * * * * * * *

മിൽഹൌസിൽ ഇപ്പോൾ തികഞ്ഞ ശാന്തതയാണ്.

“ഈ ശാന്തത എന്തോ എനിക്കതത്ര പിടിക്കുന്നില്ല” വാൾട്ടർ അഭിപ്രായപ്പെട്ടു.

“നിനക്കല്ലെങ്കിലും പണ്ടേ അങ്ങനെയാണല്ലോ” ബ്രാൺ‌ഡ്റ്റ് പറഞ്ഞു. പിന്നെ പുരികം ചുളിച്ച് സംശയഭാവത്തിൽ ചോദിച്ചു. “എന്താണാ ശബ്ദം?”

അടുത്തുകൊണ്ടിരിക്കുന്ന ഏതോ വാഹനത്തിന്റെ ശബ്ദം കേൾക്കാനുണ്ടായിരുന്നു. തട്ടിൻ‌പുറത്തെ വാതിലിനരികിൽ ചെന്ന് പതുക്കെ പുറത്തേക്ക് എത്തിനോക്കുവാൻ അയാൾ ശ്രമിച്ചു. അടുത്ത നിമിഷം തന്നെ വെടി മുഴങ്ങിയതും അയാൾ തല ഉള്ളിലേക്ക് വലിച്ചു.

“മെയറിന് എങ്ങനെയുണ്ട്?”  ബ്രാൺ‌ഡ്റ്റ് ചോദിച്ചു.

“മരണത്തിന് കീഴടങ്ങി

ആ വാഹനം അടുത്തുകൊണ്ടിരിക്കെ ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു.

“ഒന്നാലോചിച്ച് നോക്കൂ ആൽബർട്ട് കനാൽ, ഗ്രീസ്, സ്റ്റാലിൻ‌ഗ്രാഡ്എവിടെയൊക്കെ പോയി നാം പൊരുതി ഒടുവിൽ നമ്മുടെ പ്രയാണം അവസാനിക്കുന്നത്  എവിടെ വച്ചാണെന്ന് നോക്കൂ സ്റ്റഡ്‌ലി കോൺസ്റ്റബിൾ...”  ബ്രാൺ‌ഡ്റ്റ് സിഗരറ്റിന് തീ കൊളുത്തി.

വെള്ള സ്കൌട്ട് കാർ ഏതാണ്ട് നാൽപ്പത് മൈൽ വേഗതയിലാണ് വന്നുകൊണ്ടിരുന്നത്. മിൽ ഹൌസിന് സമീപം എത്തിയതും ഗാർവി വാഹനം വീശിയെടുത്ത് അതിന്റെ കവാടം തകർത്ത് ഉള്ളിലേക്ക് കയറ്റി. അതിൽ ഘടിപ്പിച്ചിരുന്ന ബ്രൌണിങ്ങ് ആന്റി എയർക്രാഫ്റ്റ് ഗൺ ഉപയോഗിച്ച്  പലകയാൽ നിർമ്മിതമായ മുകൾത്തട്ടിലേക്ക് ഹാരി കെയ്ൻ വെടിയുതിർത്തുകൊണ്ടിരുന്നു. 0.5 കാലിബറിലുള്ള വെടിയുണ്ടകൾക്ക് ആ യജ്ഞം അനായാസകരമായിരുന്നു. പലകകൾ എമ്പാടും ചിതറിത്തെറിച്ചു. മരണവേദനയാൽ ഉള്ള ആർത്തനാദങ്ങൾ അവഗണിച്ച് അദ്ദേഹം തലങ്ങും വിലങ്ങും ഫയറിങ്ങ് തുടർന്നു. മിൽഹൌസിന്റെ മച്ചിൻപുറം ഒരു അരിപ്പ കണക്കെ ആകുന്നത് വരെയും അദ്ദേഹം തന്റെ പ്രവൃത്തി നിർത്തിയില്ല.

ഇപ്പോൾ തികച്ചും ശാന്തമാണ് അവിടം. രക്തം പുരണ്ട ഒരു കൈ പലകകൾക്കിടയിലെ വിടവിലൂടെ തൂങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഒരു തോം‌പ്‌സൺ ഗൺ എടുത്ത് കാറിൽ നിന്നും ചാടിയിറങ്ങിയ ഗാർവി കോണിപ്പടിയിലൂടെ മുകളിലേക്കോടിക്കയറി. അവിടമാകം ഒന്ന് എത്തിനോക്കിയിട്ട് പെട്ടെന്ന് തന്നെ അയാൾ തിരികെ ഇറങ്ങി വന്നു.

“ദാറ്റ്സ് ഇറ്റ്, മേജർ

ഹാരി കെയ്നിന്റെ മുഖം വിളറിയിരുന്നു. എങ്കിലും തന്റെ ചുമതലയെക്കുറിച്ച് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു അദ്ദേഹത്തിന്.

“ഓൾ റൈറ്റ് ഇനി നേരെ ദേവാലയത്തിലേക്ക്” അദ്ദേഹം പറഞ്ഞു.


 (തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...