Sunday, May 4, 2014

ഈഗിൾ ഹാസ് ലാന്റഡ് – 127അസഹനീയമായ തണുപ്പായിരുന്നു ദേവാലയത്തിനുള്ളിൽ. മുനിഞ്ഞ് കത്തുന്ന മെഴുക് തിരികളും മേടയിലെ വിശുദ്ധദീപവും പ്രസരിപ്പിക്കുന്ന വെട്ടം തീർത്തും പരിമിതമായിരുന്നു. അവർ എട്ട് പേരായിരുന്നു അപ്പോൾ ആ അരണ്ട വെളിച്ചത്തിൽ അവശേഷിച്ചിരുന്നത്. ഡെവ്‌ലിൻ, സ്റ്റെയ്നർ, റിട്ടർ, വെർണർ ബ്രീഗൽ, ആൾട്ട്മാൻ, ജൻസൻ, കോർപ്പറൽ ബെക്കർ, പിന്നെ പ്രെസ്റ്റൺ. എന്നാൽ അവർ ആരുമറിയാതെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നു അവിടെ. ആർതർ സെയ്മൂർ ലേഡി ചാപ്പലിന് സമീപം കൈകാലുകൾ ബന്ധിക്കപ്പെട്ട് ഇരുട്ടിൽ കിടക്കുകയായിരുന്നു അയാൾ. പുറത്ത് കടക്കുവാനുള്ള തിരക്കിനിടയിൽ ഗ്രാമീണർ അയാളുടെ കാര്യം മറന്നു പോയിരുന്നു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവസാനം എങ്ങനെയോ അയാൾ എഴുന്നേറ്റിരിക്കുന്നതിൽ വിജയിച്ചു. കൈത്തണ്ടയിലെ കെട്ടഴിക്കാൻ ശ്രമിക്കുന്നതിനിടയിലും അയാളുടെ തീ പാറുന്ന കണ്ണുകൾ പ്രെസ്റ്റണിന്റെ നീക്കങ്ങളെ പിന്തുടർന്ന് കൊണ്ടിരുന്നു.

മേടയിലേക്കും ഗോപുരത്തിലേക്കുമുള്ള കതകുകൾ സ്റ്റെയ്നർ തുറക്കുവാൻ ശ്രമിച്ച് നോക്കി. പക്ഷേ, രണ്ടും ലോക്ക് ചെയ്തിരിക്കുകയാണ്. കുടമണി ഘടിപ്പിച്ചിരിക്കുന്ന ടവറിനരികിലെ കർട്ടന് പിന്നിലേക്ക് അദ്ദേഹം കണ്ണോടിച്ചു. ഏതാണ്ട് മുപ്പതടിയോളം ഉയരത്തിലുള്ള തട്ടിൻ‌പുറത്തെ ദ്വാരങ്ങളിലൂടെ തൂങ്ങിക്കിടക്കുന്ന കയറുകൾ. 1939 ന് ശേഷം ആ കുടമണി ഒരിക്കലും മുഴങ്ങിയിട്ടില്ല.

സ്റ്റെയ്നർ ഇടനാഴിയുടെ അറ്റത്ത് ചെന്നിട്ട് അവരെ അഭിസംബോധന ചെയ്തു.  “ഈ അവസരത്തിൽ നിങ്ങൾക്ക് നൽകുവാൻ ഒരേയൊരു കാര്യം മാത്രമേ അവശേഷിക്കുന്നുള്ളൂ മറ്റൊരു ഏറ്റുമുട്ടൽ

“ഇത് തീർത്തും പരിഹാസ്യമായ അവസ്ഥയാണ് എങ്ങനെ ഏറ്റുമുട്ടുമെന്നാണ് നിങ്ങൾ പറയുന്നത്? അവർക്ക് ആളും ആയുധവുമുണ്ട് അവർ ആക്രമണം തുടങ്ങിക്കഴിഞ്ഞാൽ പത്ത് മിനിറ്റ് പോലും പിടിച്ച് നിൽക്കാനാവില്ല നമുക്ക്” പ്രെസ്റ്റൺ പറഞ്ഞു.

“ഉത്തരം വളരെ ലളിതം നമുക്ക് വേറെ മാർഗ്ഗമില്ല എന്നത് തന്നെ നിങ്ങൾ കേട്ടതാണല്ലോ ബ്രിട്ടീഷ് യൂണിഫോം അണിയുക വഴി അക്ഷന്തവ്യമായ അപരാധമാണ് നാം ചെയ്തിരിക്കുന്നത് ജനീവ കരാറിന്റെ ലംഘനം” സ്റ്റെയ്നർ പറഞ്ഞു.

“അതിന് നാം പൊരുതിയത് ജർമ്മൻ യൂണിഫോം അണിഞ്ഞുകൊണ്ടാണ്  ജർമ്മൻ സൈനികർ ആയിട്ട് നിങ്ങൾ തന്നെ അവരോട് പറഞ്ഞതാണല്ലോ അത്...” പ്രെസ്റ്റൺ വിട്ടുകൊടുക്കാൻ തയ്യാറായില്ല.

“അതേ ഒരു വാദത്തിന് വേണ്ടി നമുക്ക് വാദിച്ചു നോക്കാമെന്ന് മാത്രം പക്ഷേ, നല്ലൊരു അഭിഭാഷകനെ വച്ചിട്ടാണെങ്കിൽ പോലും റിസ്കെടുക്കുവാൻ ഞാൻ തയ്യാറല്ല വെടിയുണ്ടയാണ് നമുക്ക് പറഞ്ഞിട്ടുള്ളതെങ്കിൽ അത് ഫയറിങ്ങ് സ്ക്വാഡിൽ നിന്നും മറ്റൊരിക്കൽ ഏറ്റുവാങ്ങുന്നതിലും നല്ലത് ശത്രുവുമായി ഇപ്പോൾ ഏറ്റുമുട്ടി വീര ചരമം പ്രാപിക്കുന്നതാണ്  സ്റ്റെയ്നർ പറഞ്ഞു.

റിട്ടർ ഇടയിൽ കയറി. “പ്രെസ്റ്റൺ നിങ്ങൾ എന്താണ് വിചാരിച്ച് വച്ചിരിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല നിങ്ങൾക്ക് പറഞ്ഞിരിക്കുന്നത് ലണ്ടൻ ടവർ ആയിരിക്കുമെന്നതിൽ യാതൊരു സംശയവും വേണ്ടനിങ്ങളെപ്പോലെ ഒരു രാജ്യദ്രോഹിയെ ബ്രിട്ടീഷുകാർ ഒരിക്കലും വച്ചുപൊറുപ്പിക്കില്ല കാക്കകൾക്ക് പോലും അപ്രാപ്യമായ അത്ര ഉയരത്തിലായിരിക്കും നിങ്ങളുടെ തൂക്കുമരം

മനസ്സ് തകർന്ന പ്രെസ്റ്റൺ തല കുമ്പിട്ട് മുഖം കൈകളിൽ ഊന്നി ചാരുബഞ്ചിൽ ഇരുന്നു.

പെട്ടെന്നാണ് ക്വയർ സ്റ്റാളിൽ ഉണ്ടായിരുന്ന ഓർഗന് ജീവൻ വച്ചത്. ഹാൻസ് ആൾട്ട്മാൻ ആയിരുന്നു കീബോർഡിന് മുന്നിൽ.

ജോഹാൻ സെബാസ്റ്റ്യന്റെ ഗാനമാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് എന്തുകൊണ്ടും അനുയോജ്യം ഈ ഗാനത്തിന്റെ ടൈറ്റിൽ തന്നെ മരണം അടുത്തവർക്ക് വേണ്ടി എന്നാണ്  ആൾട്ട്മാൻ പറഞ്ഞു.

“Ach wei nichtig, ach wie fluchtig.  O how cheating O how fleeting are our days departing  ആൾട്ട്മാന്റെ ആലാപനം ദേവാലയത്തിന്റെ ഉൾത്തളങ്ങളിൽ ഉച്ചത്തിൽ പ്രതിധ്വനിച്ചു.
പെട്ടെന്നാണതുണ്ടായത് അങ്ങ് മുകളിലെ ജനാലകളിലൊന്ന് പൊട്ടിച്ചിതറി. അവിടെ നിന്നും പാഞ്ഞു വന്ന വെടിയുണ്ടകളേറ്റ് ആൾട്ട്മാൻ തന്റെ ഇരിപ്പിടത്തിൽ നിന്നും ക്വയർ സ്റ്റാളിലേക്ക് എടുത്തെറിയപ്പെട്ടു.  വെർണറുടെ കരങ്ങൾ ഒരു മാത്ര പോലും വൈകാതെ പ്രവർത്തിച്ചു. മുകളിലെ ജാലകത്തിന് നേർക്ക് അവന്റെ സ്റ്റെൻ ഗൺ തീ തുപ്പി. അടുത്ത നിമിഷം അവിടെ നിന്നും ഒരു അമേരിക്കൻ റെയ്ഞ്ചർ തലകുത്തി ഇടനാഴിയിലേക്ക് പതിച്ചു. എന്നാൽ അതെ സമയം തന്നെ മുകളിലെ ഏതാണ്ട് എല്ലാ ജാലകങ്ങളിൽ നിന്നും ദേവാലയത്തിനുള്ളിലേക്ക് കനത്ത ഫയറിങ്ങ് തുടങ്ങിക്കഴിഞ്ഞിരുന്നു. ഇടനാഴിയിലൂടെ ചുമരിനരികിലേക്ക് ഓടാൻ തുനിഞ്ഞ വെർണറുടെ തലയിലാണ് വെടിയുണ്ടയേറ്റത്. ഒന്ന് നിലവിളിക്കാൻ പോലും ആവാതെ അവൻ മുന്നോട്ട് മറിഞ്ഞ് വീണു. തോം‌പ്‌സൺ മെഷീൻ ഗൺ ഉപയോഗിച്ച് മുകളിൽ നിന്നും ആരോ തലങ്ങും വിലങ്ങും വെടിയുതിർത്തുകൊണ്ടിരിക്കുന്നു.

സ്റ്റെയ്നർ നിലത്ത് കൂടി പതുക്കെ ഇഴഞ്ഞ് വെർണറുടെ അരികിലെത്തി അവനെ മലർത്തിക്കിടത്തി പരിശോധിച്ചതിന് ശേഷം മുന്നോട്ട് നീങ്ങി. മേടയുടെ പടികളിലൂടെ ഇഴഞ്ഞ് കയറി ആൾട്ട്മാന്റെ ശരീരം പരിശോധിച്ചു. രണ്ട് പേർക്കും അനക്കമില്ലായിരുന്നു. പതുക്കെ തിരിഞ്ഞ് സ്റ്റെയ്നർ ചാരുബെഞ്ചിന്റെ മറവിലൂടെ ഇഴഞ്ഞ് ചുമരിനരികിലേക്ക് നീങ്ങുമ്പോൾ മുകളിൽ നിന്നും ഇടതടവില്ലാതെ ഫയറിങ്ങ് നടക്കുന്നുണ്ടായിരുന്നു.

ഡെവ്‌ലിൻ അദ്ദേഹത്തിന്റെ അരികിലേക്ക് ഇഴഞ്ഞെത്തി. “അവരുടെ നില എങ്ങനെ?”

“ആൾട്ട്മാനും വെർണറും നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു

“രക്തപ്പുഴ തന്നെ അധികനേരം പിടിച്ച് നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല റിട്ടറിന്റെ കാലിൽ വെടിയേറ്റിട്ടുണ്ട് ജൻസൻ കൊല്ലപ്പെട്ടിരിക്കുന്നു  ഡെവ്‌ലിൻ പറഞ്ഞു.

സ്റ്റെയ്നറും ഡെവ്‌ലിനും റിട്ടർ ന്യുമാന്റെ അടുത്തേക്ക് ഇഴഞ്ഞു . ചാരുബെഞ്ചിലൊന്നിൽ ചാരി നിലത്തിരുന്ന് തന്റെ തുടയിലേറ്റ മുറിവിൽ ബാൻഡേജ് കെട്ടുകയാണ് അദ്ദേഹം. പ്രെസ്റ്റണും കോർപ്പറൽ ബെക്കറും അടുത്ത് തന്നെ ഇരിക്കുന്നുണ്ട്.

“കുഴപ്പമൊന്നുമില്ലല്ലോ റിട്ടർ?” സ്റ്റെയനർ ആരാഞ്ഞു.

“നമുക്ക് തരാനായി ഇനി അവരുടെ പക്കൽ വൂണ്ട് ബാഡ്ജ് ഒന്നും ബാക്കിയുണ്ടാവില്ലെന്ന് തോന്നുന്നു ഹെർ ഓബർസ്റ്റ്” കടുത്ത വേദനയിലും പുഞ്ചിരിക്കുവാൻ അദ്ദേഹം ശ്രമിച്ചു.

മുകളിൽ നിന്നും ഫയറിങ്ങ് തുടർന്നുകൊണ്ടിരിക്കവേ സ്റ്റെയനർ പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയുടെ കതകിന് നേരെ ആംഗ്യം കാണിച്ചു. അരണ്ട വെളിച്ചത്തിൽ അവ്യക്തമായിരുന്നു ആ വാതിൽ.  

“ബെക്കർ ഇരുട്ടാണെങ്കിലും ആ വാതിലിന്റെ ലോക്ക് വെടിവെച്ച് തകർക്കാൻ പറ്റുമോ എന്ന് നോക്കൂ ഇവിടെ അധികനേരം പിടിച്ചുനിൽക്കാനാവില്ല നമുക്ക്” സ്റ്റെയ്നർ പറഞ്ഞു.

തലയാട്ടിയ ബെക്കർ നിഴലുകളുടെ മറവിൽ ഇഴഞ്ഞ് നീങ്ങി കൽത്തൊട്ടിയുടെ അരികിലെത്തി. സൈലൻസർ ഘടിപ്പിച്ച സ്റ്റെൻ ഗണ്ണിൽ നിന്നും ഏറ്റ വെടിയുണ്ടയിൽ ആ കതകിന്റെ ലോക്ക് തകരുന്ന ശബ്ദം മാത്രമേ പുറത്തേക്ക് കേട്ടുള്ളൂ. ശേഷം അവൻ കതക് ചവിട്ടി തുറന്നു.

മുകളിൽ നിന്നുള്ള ഫയറിങ്ങ് നിലച്ചിരിക്കുന്നു.

“കേണൽ നിങ്ങൾക്ക് മതിയായിക്കാണുമെന്ന് കരുതട്ടെ? ഇത് ടാങ്കിൽ കിടക്കുന്ന മത്സ്യത്തെ വെടി വയ്ക്കുന്നത് പോലെയുണ്ട് എനിക്കതിൽ ഒട്ടും താല്പര്യമില്ല പക്ഷേ, ഇനിയും പോരെന്നുണ്ടെങ്കിൽ നിങ്ങളെ നിലം‌പരിശാക്കുന്നത് വരെയും ഇത് തുടരുന്നതിൽ എനിക്ക് ഒരു വിരോധവുമില്ല” ഗാർവി മുകളിൽ നിന്നും വിളിച്ചു പറഞ്ഞു.

“എനിക്ക് മതിയായി!  ഞാനിതാ കീഴടങ്ങുന്നു…!” അലറി വിളിച്ചുകൊണ്ട് പെട്ടെന്നായിരുന്നു പ്രെസ്റ്റൺ തുറസ്സായ നടുത്തളത്തിലേക്ക് ഓടിയത്.

“യൂ ബാസ്റ്റർഡ്…!  ബെക്കർ അലറിക്കൊണ്ട് പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയിൽ നിന്നും അയാളുടെ പിറകെ ഓടി. എന്നിട്ട് തന്റെ തോക്കിന്റെ പാത്തി കൊണ്ട് പ്രെസ്റ്റണിന്റെ തലയിൽ ആഞ്ഞടിച്ചു.

ആ നിമിഷം തന്നെ മുകളിൽ തോം‌പ്‌സൺ മെഷീൻ ഗൺ ഗർജ്ജിച്ചു. ഒരേയൊരു ബുള്ളറ്റ് പക്ഷേ, അത് വളരെ കൃത്യതയോടെ ആയിരുന്നു. ചുമലിന് പിന്നിൽ വന്ന് തറച്ച ബുള്ളറ്റിന്റെ ആഘാതത്തിൽ ബെക്കർ കമിഴന്നടിച്ച് വീണു. മരണവെപ്രാളത്തിൽ അവന് പിടി കിട്ടിയത് കുടമണിയോട് ബന്ധിപ്പിച്ച കയറുകളിലൊന്നായിരുന്നു. വർഷങ്ങൾക്ക് ശേഷം ആ പള്ളിമണി വീണ്ടും മുഴങ്ങി. ഘന ഗാംഭീര്യത്തോടെ.

വീണ്ടും നിശ്ശബ്ദത ഗാർവി വിളിച്ചു. “കേണൽ അഞ്ച് മിനിറ്റ് കൂടി തരാം കീഴടങ്ങാനായി

“ഇവിടെ നിൽക്കുന്നത് സുരക്ഷിതമല്ല നമുക്ക് ആ പൂജാവസ്തുക്കൾ വച്ചിരിക്കുന്ന മുറിയിലേക്ക് നീങ്ങാം...” സ്റ്റെയനർ പതിഞ്ഞ സ്വരത്തിൽ ഡെവ്‌ലിനോട് പറഞ്ഞു.

“പക്ഷേ, എത്ര നേരത്തേക്ക്?” ഡെവ്‌ലിൻ ചോദിച്ചു.

ആ മുറിയിലേക്ക് കയറിയതും എവിടെ നിന്നോ വന്ന നുറുങ്ങ് വെട്ടത്തിന്റെ ശോഭ ഡെവ്‌ലിന്റെ കണ്ണുകളെ മഞ്ഞളിപ്പിച്ചു. വെടി വച്ച് തകർത്ത ആ കതകിന്റെ ഉള്ളിലെ അരണ്ട വെളിച്ചത്തിൽ മറുവശത്ത് ആരോ നിൽക്കുന്നത് പോലെ അദ്ദേഹത്തിന് തോന്നി. പിന്നെ ചിരപരിചിതമായ ആ സ്വരം അദ്ദേഹത്തിന്റെ കാതിലെത്തി.

“ലിയാം?”

“മൈ ഗോഡ്…!  മോളിയാണല്ലോ അത് അവൾ എങ്ങനെയാണ് ഇപ്പോൾ ഇവിടെയെത്തിയത്?” അമ്പരപ്പോടെ അദ്ദേഹം സ്റ്റെയ്നറോട് പറഞ്ഞു.   

ഡെവ്‌ലിൻ നിലത്ത് കൂടി ഇഴഞ്ഞ് അവൾക്കരികിലെത്തി സംസാരിച്ചിട്ട് പെട്ടെന്ന് തന്നെ തിരികെയെത്തി.

“കമോൺ…!  റിട്ടർ ന്യുമാനെ താങ്ങിപ്പിടിച്ചുകൊണ്ട് ഡെവ്‌ലിൻ പറഞ്ഞു. “നമുക്ക് രക്ഷപെടാനായിട്ട് എന്റെ പ്രേയസി ഒരു മാർഗ്ഗം കണ്ടുവച്ചിട്ടുണ്ട് വരൂഅവന്മാർ അവിടെ നമ്മളെയും കാത്ത് അഞ്ച് മിനിറ്റ് വെയ്റ്റ് ചെയ്യുമ്പോഴേക്കും പെട്ടെന്ന് പുറത്ത് കടക്കാൻ നോക്കാം...”

റിട്ടറെ താങ്ങിപ്പിടിച്ച് അവർ രണ്ടുപേരും കൂടി അരണ്ട വെളിച്ചത്തിൽ ആ മുറിയ്ക്കുള്ളിലേക്ക് കടന്നു. ടണലിന്റെ ആരംഭത്തിലുള്ള രഹസ്യ വാതിലിനരികിൽ അവൾ നിൽക്കുന്നുണ്ടയിരുന്നു. അവർ മൂവരും ഉള്ളിൽ കടന്നതും അതിന്റെ കതകടച്ച് അവൾ കുറ്റിയിട്ടു. പിന്നെ താഴോട്ടുള്ള പടവുകളിറങ്ങി വൈദിക മന്ദിരത്തിലേക്കുള്ള ഗുഹയിലൂടെ മുന്നോട്ട് നീങ്ങി.

വൈദികമന്ദിരത്തിലെ ഹാളിൽ തികഞ്ഞ നിശ്ശബ്ദതയായിരുന്നു.  “ഇനിയെന്ത്? റിട്ടറെയും കൊണ്ട് ഈ നിലയിൽ നമുക്ക് അധികം മുന്നോട്ട് പോകാൻ കഴിയില്ല” ഡെവ്‌ലിൻ പറഞ്ഞു.

“പിൻഭാഗത്തെ മുറ്റത്ത് ഫാദർ വെറേക്കറിന്റെ കാർ കിടപ്പുണ്ട്” മോളി പറഞ്ഞു.

പെട്ടെന്നാണ് സ്റ്റെയ്നർക്ക് അതോർമ്മ വന്നത്. അദ്ദേഹം പോക്കറ്റിൽ കൈ തിരുകി. “അതിന്റെ താക്കോൽ എന്റെ കൈയിലുമാണ്

“വിഡ്ഢിത്തം പറയാതിരിക്കൂ ഹെർ ഓബർസ്റ്റ്എൻ‌ജിൻ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേൾക്കുന്ന മാത്രയിൽ ആ റെയ്ഞ്ചേഴ്സിന്റെ യന്ത്രത്തോക്കുകൾ നമ്മെ നിലം‌പരിശാക്കിയിട്ടുണ്ടാകും” ന്യുമാൻ പറഞ്ഞു.

“പിൻ‌ഭാഗത്ത് ഒരു ഗേറ്റ് ഉണ്ട്” മോളി പറഞ്ഞു. “കുറ്റിക്കാടുകളുടെ അരിക് പറ്റി പാടത്ത് കൂടി ഒരു മൺ‌പാതയും കുറച്ച് ദൂരം നമുക്ക് ആ മോറിസ് തള്ളിക്കൊണ്ട് പോയ്ക്കൂടേ? ആരും ശ്രദ്ധിക്കാൻ പോകുന്നില്ല

കാർ തള്ളിക്കൊണ്ട് അവർ ഏതാണ്ട് നൂറ്റിയമ്പത് വാരയെങ്കിലും എത്തിക്കാണും. അപ്പോഴാണ് ദേവാലയത്തിൽ വീണ്ടും ഫയറിങ്ങ് ആരംഭിച്ചത്. സ്റ്റെയ്നർ ആ അവസരം കാത്തിരിക്കുകയായിരുന്നു. വെടിയൊച്ചയുടെ മുഴക്കത്തിനിടയിൽ അദ്ദേഹം കാർ സ്റ്റാർട്ട് ചെയ്തു.  പിന്നെ മോളിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പാടത്തെ ദുഃർഘട പാതകളിലൂടെ തീരദേശ റോഡ് ലക്ഷ്യമാക്കി നീങ്ങി.

                                * * * * * * * * * * * * * * * * * * * * * * * *

പൂജാവസ്തുക്കൾ വച്ചിരുന്ന ആ മുറിയുടെ വാതിൽ ഉള്ളിൽ നിന്നും ലോക്ക് ചെയ്ത ശബ്ദം കേട്ടതിന് തൊട്ടു പിന്നാലെ ലേഡി ചാപ്പലിൽ ഇരുന്നുകൊണ്ട് തന്റെ ദേഹത്തെ കെട്ടുകൾ അഴിക്കാനുള്ള ശ്രമത്തിൽ ആർതർ സെയ്മൂർ വിജയിച്ചു. കൈകൾ സ്വതന്ത്രമായതോടെ അയാൾ എഴുന്നേറ്റ് നിന്നു. പിന്നെ ശബ്ദമുണ്ടാക്കാതെ പ്രെസ്റ്റൺ തന്നെ കെട്ടിയിടുവാനുപയോഗിച്ച കയറുമെടുത്ത് ഇടനാഴിയിലൂടെ പതുക്കെ നീങ്ങി.

അൾത്താരയിലെ മെഴുക് തിരിയുടെയും വിശുദ്ധദീപത്തിന്റെയും വെട്ടം മാറ്റി നിർത്തിയാൽ അവിടെങ്ങും കനത്ത അന്ധകാരമാണിപ്പോൾ. തലക്കടിയേറ്റ് കിടക്കുന്ന പ്രെസ്റ്റണിന്റെ അരികിൽ ചെന്ന് കുനിഞ്ഞ് നോക്കി അയാൾക്ക് ജീവനുണ്ടെന്ന് സെയ്മൂർ ഉറപ്പ് വരുത്തി. ശേഷം അയാളെ എടുത്ത് തന്റെ ചുമലിലിട്ട് ഇടനാഴിയിലൂടെ അൾത്താരയുടെ നേർക്ക് നടന്നു.

മുകളിൽ ഗാർവി വല്ലാതെ അസ്വസ്ഥനായി തുടങ്ങിയിരുന്നു. താഴെ കനത്ത അന്ധകാരത്തിൽ ഒന്നും തന്നെ കാണുവാൻ സാധിക്കുന്നില്ല. ഫീൽഡ് ടെലിഫോൺ എടുത്ത് അയാൾ ഗേറ്റിനരികിൽ സ്കൌട്ട് കാറിൽ ഇരിക്കുന്ന ഹാരി കെയ്നെ വിളിച്ചു.

“ശ്മശാന മൂകതയാണിവിടെ, മേജർ ഐ ഡോണ്ട് ലൈക്ക് ഇറ്റ്

“ഒരു റൌണ്ട് ഒന്ന് തകർത്ത് നോക്കൂ എന്താണുണ്ടാകുന്നത് കാണാമല്ലോ” കെയ്ൻ നിർദ്ദേശിച്ചു.

ഗാർവി ജാലകത്തിലൂടെ തന്റെ തോം‌പ്‌സൺ ഗണ്ണിന്റെ ബാരൽ നടുത്തളം ലക്ഷ്യമാക്കി ഫയർ ചെയ്തു. പക്ഷേ, യാതൊരു പ്രതികരണവുമുണ്ടയിരുന്നില്ല. പെട്ടെന്നാണ് വലത് വശത്ത് നിന്നിരുന്ന ഭടൻ അയാളുടെ കൈയിൽ കയറി പിടിച്ചത്.

“സർജന്റ് അതാ അവിടെ പ്രസംഗവേദിക്കരികിൽ ആരോ നീങ്ങുന്നതായി തോന്നുന്നില്ലേ?”

ഗാർവി തന്റെ ടോർച്ച് എടുത്ത് താഴോട്ട് പ്രകാശിപ്പിച്ചു. അയാളുടെ അരികിലുണ്ടായിരുന്ന ചെറുപ്പക്കാരനായ ആ ഭടൻ ഭീതിയോടെ നിലവിളിച്ചു. ഗാർവി ടോർച്ച് ഇടനാഴിയിലൂടെ അങ്ങിങ്ങെത്തെ പ്രകാശിപ്പിച്ച് നോക്കി. പിന്നെ ഫീൽഡ് ടെലിഫോൺ എടുത്തു.

“ഐ ഡോണ്ട് നോ വാട്ട്സ് ഹാപ്പെനിങ്ങ്, മേജർ ബട്ട് യൂ വുഡ് ബെറ്റർ ഗെറ്റ് ഇൻ ദേർ

നിമിഷങ്ങൾക്കകം ദേവാലയത്തിന്റെ പ്രധാന കവാടം തോം‌പ്‌സൺ യന്ത്രത്തോക്കുകളാൽ തകർക്കപ്പെട്ടു. ഹാരി കെയ്നും ഒരു ഡസൻ റെയ്ഞ്ചേഴ്സും എന്തിനും തയ്യാറായി ഉള്ളിലേക്ക് കുതിച്ചു. പക്ഷേ, അവിടെ സ്റ്റെയ്നറോ ഡെവ്‌ലിനോ ഉണ്ടായിരുന്നില്ല. മെഴുകുതിരിയുടെ അരണ്ട വെളിച്ചത്തിൽ ഏറ്റവും മുന്നിലെ ചാരുബെഞ്ചിനരികിൽ മുട്ടുകുത്തി നിൽക്കുന്ന ആർതർ സെയ്മൂറിനെയാണ് അവർക്ക് കാണാനായത്. പ്രസംഗവേദിയിലെ ഉത്തരത്തിൽ കെട്ടിയ കയറിലെ കുരുക്ക് കഴുത്തിൽ മുറുകി തൂങ്ങിയാടുന്ന പ്രെസ്റ്റണിന്റെ ഭീഭത്സമായ മുഖത്തേക്ക് ഇനിയും അടങ്ങാത്ത രോഷവുമായി തുറിച്ച് നോക്കിക്കൊണ്ടിരിക്കുകയായിരുന്നു സെയ്മൂർ.


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...