Sunday, June 29, 2014

ഈഗിൾ ഹാസ് ലാന്റഡ് – 131എട്ട് ഇരുപത് ആയപ്പോൾ ഡെവ്‌ലിനും സ്റ്റെയ്നറും കൂടി പുറത്തിറങ്ങി മരങ്ങൾക്കിടയിലൂടെ റോഡരികിലേക്ക് നീങ്ങി. അവർ അത്രയും നേരം കഴിച്ചുകൂട്ടിയ ആ കോട്ടേജ് കനത്ത അന്ധകാരത്തിൽ തീർത്തും അദൃശ്യമായിരുന്നു. മെയിൻ റോഡിനരികിൽ എത്തിയതും ഒരു വാഹനത്തിന്റെ അവ്യക്ത രൂപവും ആരുടെയൊക്കെയോ പതിഞ്ഞ സ്വരവും അവരുടെ ശ്രദ്ധയിൽ പെട്ടു.

“അൽപ്പം കൂടി അടുത്ത് ചെന്ന് നോക്കാം നമുക്ക്” സ്റ്റെയ്നർ മന്ത്രിച്ചു.

വനത്തിനെയും റോഡിനെയും വേർതിരിക്കുന്ന ചെറിയ മതിലിനരികിൽ ചെന്ന് അവർ സൂക്ഷിച്ച് നോക്കി. മഴ ശക്തിയാർജ്ജിച്ചിരിക്കുന്നു. റോഡിന്റെ ഇരുവശങ്ങളിലുമായി രണ്ട് ജീപ്പുകൾ കിടക്കുന്നുണ്ട്. മഴയിൽ നിന്നും രക്ഷതേടി അരികിലുള്ള വൃക്ഷങ്ങളുടെ ചുവട്ടിൽ ഏതാനും അമേരിക്കൻ റെയ്ഞ്ചേഴ്സ് നിലയുറപ്പിച്ചിരിക്കുന്നു. സിഗരറ്റ് കത്തിക്കുവാനായി തീപ്പെട്ടി ഉരച്ച ഗാർവിയുടെ മുഖം ഒരു നിമിഷം അവർ വ്യക്തമായി കണ്ടു. അവർ ഇരുവരും പിന്നോട്ട് വലിഞ്ഞു.

“ഓ…! അയാളാണ് ആ നീഗ്രോ” സ്റ്റെയ്നർ പറഞ്ഞു.  “ഹാരി കെയ്നിന്റെ കൂടെയുണ്ടായിരുന്ന ആ മാസ്റ്റർ സർജന്റ് നിങ്ങളെയും കാത്തുള്ള നിൽപ്പാണ്

“പക്ഷേ, എന്തുകൊണ്ട് അവർ എന്റെ കോട്ടേജിലേക്ക് പോയില്ല?”

“അവിടെയും ആളെ നിർത്തിയിട്ടുണ്ടാവണം ഇതും കൂടി ആയപ്പോൾ അങ്ങോട്ടുള്ള റോഡിലും കവറേജ് ആയില്ലേ?   

“അതിൽ കാര്യമില്ല കുറച്ച് കൂടി താഴോട്ട് നീങ്ങിയിട്ടായാലും നമുക്ക് റോഡ് ക്രോസ് ചെയ്യാവുന്നതേയുള്ളൂ പിന്നെ താങ്കൾ പറഞ്ഞത് പോലെ കാ‍ൽ‌നടയായി ബീച്ചിലേക്ക്...” ഡെവ്‌ലിൻ പറഞ്ഞു.

“ഗതിയൊന്ന് മാറ്റിയാൽ അൽപ്പം കൂടി എളുപ്പമാകും” സ്റ്റെയ്നർ അഭിപ്രായപ്പെട്ടു.

“മനസ്സിലായില്ല?”

“മോഷ്ടിച്ച ആ കാറുമായി റോഡിലൂടെ ഞാൻ അവർ തീർത്ത ആ ബാരിക്കേഡിനരികിലേക്ക് നീങ്ങുന്നു നിഷ്‌പ്രയാസം എനിക്ക് അപ്പുറം കടക്കാൻ കഴിയും പക്ഷേ, ഒരു വ്യവസ്ഥ നിങ്ങൾ അണിഞ്ഞിരിക്കുന്ന ഈ ട്രെഞ്ച് കോട്ട് ഒരു സ്ഥിര വായ്പ്പയായി എനിക്ക് തരണമെന്ന് മാത്രം

ഡെവ്‌ലിന് ആ ഇരുട്ടിൽ  സ്റ്റെയ്നറുടെ മുഖം കാണുവാൻ കഴിയുമായിരുന്നില്ല. ആ മുഖത്തെ ഭാവം എന്താണെന്ന് അറിയണമെന്ന ആഗ്രഹവും അദ്ദേഹം പെട്ടെന്ന് ഉപേക്ഷിച്ചു.

“ഡാം‌ൻ യൂ സ്റ്റെയ്നർ ഗോ റ്റു ഹെൽ യുവർ ഓൺ വേ” ക്ഷീണിതസ്വരത്തിൽ ഡെവ്‌ലിൻ പറഞ്ഞു. പിന്നെ ചുമലിൽ നിന്നും സ്റ്റെൻ ഗൺ ഊരി ട്രെഞ്ച് കോട്ട് അഴിച്ചെടുത്ത് സ്റ്റെയ്നർക്ക് കൈമാറി.

“അതിന്റെ വലത്തെ പോക്കറ്റിൽ സൈലൻസർ ഘടിപ്പിച്ച ഒരു മോസർ ഉണ്ട് രണ്ട് മഗസിൻ എക്സ്ട്രാ ബുള്ളറ്റുകളും” ഡെവ്‌ലിൻ പറഞ്ഞു.

“താങ്ക് യൂ” സ്റ്റെയനർ തന്റെ തൊപ്പി ഊരി ജാക്കാറ്റിന്റെ പോക്കറ്റിനുള്ളിൽ തിരുകി. ശേഷം ആ ട്രെഞ്ച് കോട്ട് എടുത്തണിഞ്ഞ് അതിന്റെ ബെൽറ്റ് മുറുക്കി.

“അങ്ങനെ എല്ലാത്തിന്റെയും അവസാനമാകുന്നു നാം ഇവിടെ വിട പറയുന്നു...” സ്റ്റെയ്നർ പറഞ്ഞു.

“ഒരു കാര്യം ചോദിച്ചോട്ടെ? നമ്മുടെ ഈ ദൌത്യം കൊണ്ട്  ആർക്കെങ്കിലും എന്തെങ്കിലും നേട്ടം ഉണ്ടായോ?”

“ഓ നോ നോ മോർ ഫിലോസഫി പ്‌ളീസ്” ഹസ്തദാനം നൽകുവാനായി സ്റ്റെയ്നർ കൈ നീട്ടി. “ജീവിതയാത്രയിൽ നിങ്ങൾ അന്വേഷിക്കുന്നത് എന്തോ, അത് കണ്ടെത്താൻ കഴിയട്ടെ സ്നേഹിതാ

“ഞാൻ അന്വേഷിക്കുന്നത് കണ്ടെത്തിയതായിരുന്നു പക്ഷേ, നിർഭാഗ്യവശാൽ ഇപ്പോൾ അത് കൈമോശം വന്നിരിക്കുന്നു” ഡെവ്‌ലിൻ പറഞ്ഞു.

“എങ്കിൽ ഇനി മറ്റൊന്നും ആലോചിക്കേണ്ടതില്ല ഇപ്പോഴത്തെ ഈ അവസ്ഥ അത്യന്തം അപകടകരമാണത് രക്ഷപെടുവാൻ നിങ്ങൾ തന്നെ വിചാരിച്ചാലേ നടക്കൂ” സ്റ്റെയ്നർ തിരിഞ്ഞ് ഫാം ഹൌസിന് നേർക്ക് നടന്നു.

അവർ റിട്ടറിനെ കാറിന് വെളിയിലേക്ക് പതുക്കെ പിടിച്ചിറക്കി. ശേഷം ഇരുവരും ചേർന്ന് കാർ തള്ളി റോഡിലേക്കുള്ള പാതയിലെ ഇറക്കത്തിൽ എത്തിച്ചു. മരത്തിന്റെ അഴികൾ കൊണ്ട് നിർമ്മിച്ച കവാടത്തിന് അരികിലെത്തിയതും സ്റ്റെയ്നർ ഓടിച്ചെന്ന് അത് തുറന്നു. പിന്നെ അതിൽ നിന്നും ഏതാണ്ട് ആറടിയോളം നീളം വരുന്ന ഒരു പട്ടികക്കഷണം ഊരിയെടുത്ത് തിരികെ വന്ന് റിട്ടറിന് കൊടുത്തു.

“ഇതെങ്ങനെയുണ്ട്?” സ്റ്റെയ്നർ ചോദിച്ചു.

“ധാരാളം അപ്പോൾ നമ്മൾ പോകുകയല്ലേ?” റിട്ടർ ആവേശത്തോടെ ചോദിച്ചു.

“അതെ പക്ഷേ, നിങ്ങൾ ഇരുവരും മാത്രം ഞാൻ പിന്നീട് എത്തിക്കോളാം അവിടെ അധികം ദൂരെയല്ലാതെ ആ റെയ്ഞ്ചേഴ്സ് നിൽപ്പുണ്ട് നിങ്ങൾ ഇരുവരും ബീച്ചിലേക്ക് നീങ്ങുന്ന സമയത്ത് അവരുടെ ശ്രദ്ധ തിരിക്കുവാനായി ഒരു ചെറിയ പണി കൊടുക്കുവാൻ പറ്റുമോ എന്ന് നോക്കട്ടെ” സ്റ്റെയ്നർ പറഞ്ഞു.

പെട്ടെന്ന് റിട്ടർ സ്റ്റെയ്നറുടെ കൈത്തണ്ടയിൽ കയറിപ്പിടിച്ചു. അയാളുടെ സ്വരത്തിൽ ഉത്കണ്ഠയും അതിലേറെ പരിഭ്രമവും ഉണ്ടായിരുന്നു.

“താങ്കൾ ഒറ്റയ്ക്ക് പോകുകയോ? ഇല്ല കുർട്ട് ഞാൻ അത് അനുവദിക്കില്ല

“ഓബർലെഫ്റ്റ്നന്റ് റിട്ടർ ന്യുമാൻ” സ്റ്റെയ്നർ വിളിച്ചു. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനായ സൈനികനാണ് നിങ്ങൾ നാർവിക്ക് മുതൽ സ്റ്റാലിൻ‌ഗ്രാഡ് വരെ ഒരിക്കൽ പോലും നിങ്ങൾ നിങ്ങളുടെ ചുമതലകളിൽ നിന്ന് ഒഴിഞ്ഞുമാറുകയോ എന്റെ ആജ്ഞകൾ അനുസരിക്കാതിരിക്കുകയോ ചെയ്തിട്ടില്ല അതിന് വിരുദ്ധമായി ഇപ്പോൾ പ്രവർത്തിച്ചു തുടങ്ങുവാൻ നിങ്ങളെ ഞാൻ അനുവദിക്കയുമില്ല

സ്റ്റെയ്നർ നൽകിയ പട്ടികക്കഷണത്തിൽ ഊന്നി റിട്ടർ ന്യുമാൻ അറ്റൻഷനായി നിവർന്ന് നിൽക്കുവാൻ ശ്രമിച്ചു.

“ഹെർ ഓബർസ്റ്റിന്റെ ആഗ്രഹം പോലെ” ന്യുമാൻ തികച്ചും ഔപചാരികതയോടെ ഉച്ചരിച്ചു.

 “ഗുഡ്” സ്റ്റെയ്നർ പറഞ്ഞു. “ഗോ നൌ പ്ലീസ്, മിസ്റ്റർ ഡെവ്‌ലിൻ ആന്റ് ഗുഡ് ലക്ക്

കാറിന്റെ ഡോർ തുറക്കവെ റിട്ടർ പിന്നിൽ നിന്നും വിളിച്ചു. “ഹെർ ഓബർസ്റ്റ്

“യെസ്?”

“താങ്കളോടൊപ്പം ഇക്കാലമത്രയും പ്രവർത്തിക്കുവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു

“താങ്ക് യൂ, ഹെർ ഓബർലെഫ്റ്റ്നന്റ്

കാറിനുള്ളിൽ കയറി സ്റ്റെയ്നർ ബ്രേക്ക് റിലീസ് ചെയ്തു. റോഡിലെ ഇറക്കത്തിലൂടെ അത് മുന്നോട്ട് നീങ്ങി.

                         
                            * * * * * * * * * * * * * * * * * * * * * * * * * * 

റിട്ടറിനെ താങ്ങിപ്പിടിച്ച് ഇരുവശങ്ങളിലുമായി ഡെവ്‌ലിനും മോളിയും മരങ്ങൾക്കിടയിലൂടെ മുന്നോട്ട് നീങ്ങി. റോഡിനരികിലെ ഉയരം കുറഞ്ഞ മതിലിനരികിൽ എത്തിയപ്പോൾ ഡെവ്‌ലിൻ നിന്നു.

“നിനക്ക് പോകേണ്ട സമയമായിരിക്കുന്നു കുട്ടീ” ഡെവ്‌ലിൻ അവളുടെ കാതിൽ മന്ത്രിച്ചു.

“ഇല്ല ലിയാം നിങ്ങളെ ബീച്ച് വരെ കൊണ്ടെത്തിച്ചിട്ടേ ഞാൻ പോകുന്നുള്ളൂ” അവളുടെ സ്വരം നിശ്ചയദാർഢ്യത്തിന്റേതായിരുന്നു.

അവളോട് തർക്കിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കാരണം, അപ്പോഴേക്കും ഏതാണ്ട് നാൽപ്പത് വാര അകലെ സ്റ്റെയ്നറുടെ മോറിസ് കാറിന്റെ എൻ‌ജിൻ സ്റ്റാർട്ട് ആയിക്കഴിഞ്ഞിരുന്നു. ഹെഡ്ലൈറ്റുകൾ തെളിയിച്ച് അത് മുന്നോട്ട് നീങ്ങി. ഷെൽട്ടറിൽ പതുങ്ങിയിരിക്കുകയായിരുന്ന റെയ്ഞ്ചേഴ്സിൽ ഒരുവൻ ചുവന്ന സിഗ്നൽ ലാമ്പ് ഉയർത്തി കാറിന് നേർക്ക് വീശിക്കാണിച്ചു. അതിനെ അവഗണിച്ച്  സ്റ്റെയ്നർ അതിവേഗം മുന്നോട്ട് പാഞ്ഞു പോകും എന്ന ഡെവ്‌ലിന്റെ കണക്കുകൂട്ടൽ തെറ്റി. സ്റ്റെയനർ കാറിന്റെ വേഗത കുറച്ചു. തികച്ചും കരുതിക്കൂട്ടിയുള്ള ഒരു നീക്കമായിരുന്നു അദ്ദേഹത്തിന്റേത്. അവിടെയുള്ള മുഴുവൻ സൈനികരുടെയും ശ്രദ്ധ പിടിച്ചുപറ്റുവാനുള്ള  നീക്കം. അതിന് ഒരേയൊരു മാർഗ്ഗമേ അദ്ദേഹത്തിന്റെ മുന്നിൽ ഉള്ളൂ. ഇടത് കൈ സ്റ്റിയറിങ്ങ് വീലിലും വലത് കൈ മോസർ തോക്കിന്റെ കാഞ്ചിയിലും വച്ച് കാറിനരികിലേക്ക് വന്നുകൊണ്ടിരിക്കുന്ന ഗാർവിയെയും കാത്ത് സ്റ്റെയ്നർ ഇരുന്നു.

“സോറി ബട്ട്, യൂ വിൽ ഹാവ് റ്റു ഐഡന്റിഫൈ യുവേഴ്സെൽഫ്” കാറിനരികിലേക്ക് അടുക്കവേ ഗാർവി ആവശ്യപ്പെട്ടു.

ഗാർവി തന്റെ കൈയിലെ ടോർച്ച് സ്റ്റെയ്നറുടെ മുഖത്തേക്ക് മിന്നിച്ചു. അതേ നിമിഷം തന്നെ സ്റ്റെയ്നറുടെ കൈയിലെ സൈലൻസർ ഘടിപ്പിച്ച മോസർ ഒന്ന് തുപ്പി. പോയിന്റ് ബ്‌ളാങ്ക് റേഞ്ച് ആയിരുന്നു അത് പക്ഷേ, ടോർച്ചിന്റെ വെട്ടത്തിൽ കണ്ണഞ്ചിപ്പോയ സ്റ്റെയ്നർക്ക് ഉന്നം പിഴച്ചു. ഗാർവിയുടെ മുഖത്ത് നിന്നും രണ്ട് ഇഞ്ച് ദൂരെ മാറി വെടിയുണ്ട കടന്നുപോയി. സ്റ്റെയ്നറുടെ കാൽ ആക്സിലറേറ്ററിൽ മുഴുവനായിട്ടും അമർന്നതും കാറിന്റെ ടയറുകൾ സീൽക്കാരശബ്ദം പുറപ്പെടുവിച്ച് മുന്നോട്ട് കുതിച്ചു.

“ഡാംൻ ഇറ്റ് ! ദാറ്റ് വാസ് സ്റ്റെയ്നർ ഹിംസെൽഫ്! വിടരുതയാളെ” ഗാർവി അലറി.

ഭ്രാന്ത് പിടിച്ചത് പോലത്തെ അവസ്ഥയായിരുന്നു പിന്നീട് കണ്ടത്. എല്ലാവരും ആ രണ്ട് ജീപ്പുകളിലേക്കുമായി ഓടിക്കയറി. ഗാർവിയുടെ ജീപ്പ് ആയിരുന്നു മുന്നിൽ. ക്രമേണ അവിടുത്തെ ശബ്ദകോലാഹലങ്ങൾ ദൂരേയ്ക്കകന്ന് രാത്രിയുടെ നിശ്ശബ്ദതയിൽ ലയിച്ചു.

“റൈറ്റ് അപ്പോൾ ഇനി നമുക്ക് ഇവിടെ നിന്ന് പുറത്ത് കടക്കാം” ഡെവ്‌ലിൻ പറഞ്ഞു.

മോളിയുടെയും ഡെവ്‌ലിന്റെയും സഹായത്തോടെ റിട്ടർ ന്യുമാൻ ആ ചെറിയ മതിലിന് അപ്പുറത്തേക്ക് കടന്നു. ശേഷം മൂവരും റോഡിലൂടെ ബീച്ച് ലക്ഷ്യമാക്കി നടന്നു.

   
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, June 22, 2014

ഈഗിൾ ഹാസ് ലാന്റഡ് – 130പ്രിയോർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമിന്റെ കിഴക്കെ അതിരിൽ ഹോബ്സ് എന്റിന് സമീപം മെയിൻ റോഡിന് എതിർഭാഗത്തുള്ള വനത്തിന് പിന്നിലായി പഴകി നശിക്കുവാൻ തുടങ്ങിയിരുന്ന ഒരു ഫാം കോട്ടേജ് ഉണ്ടായിരുന്നു. തൽക്കാലത്തേക്ക് അവരുടെ മോറിസ് കാർ ഒളിപ്പിച്ച് വയ്ക്കാൻ അത് സഹായകരമായി.

ഏഴേ കാൽ ആയപ്പോൾ മോളിയെ റിട്ടർ ന്യുമാനെ നോക്കുവാൻ ഏൽപ്പിച്ചിട്ട് സ്റ്റെയ്നറും ഡെവ്‌ലിനും പുറത്തിറങ്ങി മരക്കൂട്ടങ്ങൾക്കിടയിലൂടെ അതീവ ശ്രദ്ധയോടെ റോഡിന് സമീപത്തേക്ക് നടന്നു. ശത്രുപക്ഷത്തിന്റെ നീക്കം മനസ്സിലാക്കുക എന്നതായിരുന്നു ലക്ഷ്യം. വെറുതെയായില്ല ആ ദൌത്യം. ചിറയിലേക്കുള്ള റോഡിലൂടെ ഡെവ്‌ലിന്റെ കോട്ടേജ് ലക്ഷ്യമാക്കി നീങ്ങുന്ന ഗാർവിയെയും സംഘത്തെയുമാണ് അവർ കണ്ടത്. മരങ്ങൾക്കിടയിലൂടെ തിരികെ വന്ന് മതിലിന്റെ മറവിൽ ഇരുന്നുകൊണ്ട് അവർ സ്ഥിതിഗതികൾ വിലയിരുത്തി.

“അത്ര അനുകൂലമല്ല കാര്യങ്ങൾ” ഡെവ്‌ലിൻ അഭിപ്രായപ്പെട്ടു.

“അതിനിപ്പോൾ കോട്ടേജിൽ പോകേണ്ട ആവശ്യമെന്താണ്? ചതുപ്പിന് അരിക് പറ്റി കാൽനടയായി ആ പാടം മുറിച്ച് കടന്നാൽ സമയത്ത് തന്നെ നിങ്ങൾക്ക് ബീച്ചിൽ എത്താൻ കഴിയുമല്ലോ” സ്റ്റെയ്നർ പറഞ്ഞു.

“പക്ഷേ, കാര്യമില്ല” ഡെവ്‌ലിൻ നെടുവീർപ്പിട്ടു. “ഞെട്ടിക്കുന്ന ഒരു സത്യം ഞാൻ വെളിപ്പെടുത്തട്ടെ കേണൽ? തിടുക്കത്തിൽ ചാടിയിറങ്ങുമ്പോൾ നമ്മുടെ S-ഫോൺ എടുക്കുവാൻ മറന്നുപോയി ഉരുളക്കിഴങ്ങ് നിറച്ച ക്യാരിബാഗിന്റെ അടിയിൽ ഒളിപ്പിച്ച് ഞാനത് അടുക്കളയുടെ കതകിൽ കൊളുത്തിയിട്ടിരിക്കുകയാണ്

സ്റ്റെയ്നർ പതിഞ്ഞ സ്വരത്തിൽ ചിരിച്ചു. “സുഹൃത്തേ നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേയുണ്ടാവൂ നിങ്ങളെ വാർത്തെടുത്തതിന് ശേഷം ദൈവം ആ അച്ച് ഉടച്ച് ദൂരേക്കെറിഞ്ഞു കാണണം

“എനിക്കറിയാം, കേണൽ എന്റെ പ്രകൃതവുമായി ജീവിക്കുക എളുപ്പമല്ല പക്ഷേ, ഇപ്പോഴത്തെ അവസ്ഥയിൽ ആ ഫോൺ ഇല്ലാതെ കീനിഗ്ഗുമായി ബന്ധപ്പെടുവാൻ സാധിക്കില്ല” ഡെവ്‌ലിൻ പറഞ്ഞു.

“ഫോൺ വഴി സിഗ്നൽ ലഭിച്ചാൽ മാത്രമേ അദ്ദേഹം ഇവിടെയെത്തൂ എന്നാണോ നിങ്ങൾ കരുതുന്നത്?”

“അതായിരുന്നു പരസ്പര ധാരണ ഒമ്പതിനും പത്തിനും ഇടയിൽ ഏത് സമയവും മറ്റൊരു കാര്യംനമുക്ക് പിണഞ്ഞ ദുരന്തത്തെക്കുറിച്ചുള്ള സന്ദേശം ഇതിനോടകം ജോവന്ന ഗ്രേ ലാന്റ്സ്‌വൂർട്ടിലേക്ക് അയച്ചിട്ടുണ്ടാകുംറാഡ്‌ൽ ആ വിവരം കീനിഗ്ഗിനെ അറിയിച്ചിട്ടുണ്ടെങ്കിൽ ഒരു പക്ഷേ, അദ്ദേഹവും സംഘവും ഇപ്പോൾ മടക്ക യാത്രയിലായിരിക്കും” ഡെവ്‌ലിൻ പറഞ്ഞു.

“നോ ഐ ഡോണ്ട് തിങ്ക് സോ കീനിഗ്ഗ് വരും നിങ്ങളുടെ ഫോൺ സന്ദേശം അദ്ദേഹത്തിന് ലഭിച്ചില്ല എന്ന് തന്നെ കരുതുക തീർച്ചയായും അദ്ദേഹം ഇവിടുത്തെ ബീച്ചിൽ വന്നിരിക്കും” സ്റ്റെയ്നർ പറഞ്ഞു.

“പക്ഷേ, എന്തിന്?”

“കാരണം, അദ്ദേഹം എന്നോട് പറഞ്ഞിരുന്നു, വരുമെന്ന് അതുകൊണ്ടാണ് ഞാൻ പറയുന്നത്, S-ഫോൺ ഇല്ലാതെ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ നിയന്ത്രിക്കാൻ കഴിയുമെന്ന് ഇനി അഥവാ അമേരിക്കൻ റെയ്ഞ്ചേഴ്സ് ഈ പ്രദേശം സെർച്ച് ചെയ്താലും പ്രശ്നമില്ല മൈൻ വിന്യസിച്ചിരിക്കുന്ന പ്രദേശം എന്നാണ് ബീച്ചിലെ ബോർഡുകൾ സൂചിപ്പിക്കുന്നത് അവർ ആ പരിസരത്തേക്ക് പോകുക പോലുമില്ല അൽപ്പം നേരത്തെ അഴിമുഖത്ത് എത്തുകയാണെങ്കിൽ ചുരുങ്ങിയത് കാൽ മൈൽ ദൂരമെങ്കിലും കടലിലേക്ക് നടക്കുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല...” സ്റ്റെയ്നർ പറഞ്ഞു.

“ഈ നിലയിലുള്ള റിട്ടറിനെയും കൊണ്ടോ?” ഡെവ്‌ലിൻ സംശയിച്ചു.

“ഊന്നുവാൻ ഒരു വടിയും ചാരുവാൻ ഒരു ചുമലും ഉണ്ടെങ്കിൽ ബാക്കി കാര്യം റിട്ടർ നോക്കിക്കോളും ഒരിക്കൽ റഷ്യയിൽ വച്ച് വെടിയുണ്ട തുളച്ച് കയറിയ വലത് പാദവുമായി മഞ്ഞിലൂടെ തുടർച്ചയായി മൂന്ന് ദിവസം നടന്ന് എൺപത് മൈൽ താണ്ടിയ ചരിത്രമുണ്ട് റിട്ടറിന് താൻ നിൽക്കുന്നയിടത്ത് തന്നെ നിന്നാൽ മരണം സുനിശ്ചിതം എന്ന് ഒരാൾക്ക് പരിപൂർണ്ണ ബോദ്ധ്യമായാൽ പിന്നെ എങ്ങനെയും മറ്റൊരിടത്തേക്ക് നീങ്ങുവാൻ അത്ഭുതകരമാം വിധം അയാളുടെ  മനസ്സ് കരുത്താർജ്ജിക്കുന്നു അതുകൊണ്ടാണ് ഞാൻ പറയുന്നത് നിങ്ങൾക്ക് ആവശ്യത്തിലധികം സമയമുണ്ട് മീറ്റ് കീനിഗ്ഗ് ഓൺ ഹിസ് വേ ഇൻ

“എന്ന് വച്ചാൽ താങ്കൾ ഞങ്ങളുടെയൊപ്പം വരുന്നില്ല…?” ചോദ്യത്തെക്കാളുപരി  ഡെവ്‌ലിന്റേത് ഒരു പ്രസ്താവനയായിരുന്നു.

“ഐ തിങ്ക് യൂ നോ വേർ ഐ മസ്റ്റ് ഗോ, മൈ ഫ്രണ്ട്

ഡെവ്‌ലിൻ നെടുവീർപ്പിട്ടു. “ഒരു മനുഷ്യൻ നരകത്തിൽ പോകണമെന്ന് തീരുമാനിച്ചുറപ്പിച്ചാൽ പിന്നെ അയാളെ അയാളുടെ വഴിക്ക് പോകാൻ അനുവദിക്കണം എന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഞാൻ പക്ഷേ, താങ്കളുടെ കാര്യത്തിൽ ഞാൻ അതിന് ഒരു അപവാദമാകുവാൻ ആഗ്രഹിക്കുന്നു പ്രധാനമന്ത്രിയുടെ അടുത്ത് പോലും താങ്കൾക്ക് എത്തുവാൻ കഴിയില്ല കേണൽ ശർക്കരഭരണിയിൽ പൊതിഞ്ഞിരിക്കുന്ന ഈച്ചകളേക്കാളധികം ഗാർഡുകളെ അദ്ദേഹത്തിന്‌ ചുറ്റും അവർ വിന്യസിച്ചിട്ടുണ്ടാകും

“എന്നിരുന്നാലും ഒരു ശ്രമം നടത്തേണ്ടത് എന്റെ കടമയാണ്

“എന്ത് കൊണ്ട്? താങ്കളുടെ പിതാവിന്റെ മോചനത്തിന് അത് സഹായിച്ചേക്കും എന്ന പ്രതീക്ഷയിലോ? അത് വെറും മിഥ്യാ ധാരണയാണ് അദ്ദേഹത്തിന്റെ വിധി പോലെ വരട്ടെ എന്ന് തീരുമാനിക്കുന്നതാണ് ഉചിതം അല്ലെങ്കിൽ പിന്നെ പ്രിൻസ് ആൽബസ്ട്രേസിൽ ഇരിക്കുന്ന ആ മരത്തലയൻ മറിച്ചൊരു തീരുമാനം എടുക്കണം

“നിങ്ങൾ പറയുന്നത് നൂറ് ശതമാനവും ശരിയായിരിക്കാം എനിക്കറിയാവുന്ന വസ്തുത തന്നെയാണത്

“പിന്നെ എന്തിന്?”

“കാരണം ഇതല്ലാതെ എനിക്ക് മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല എന്നത് തന്നെ

“മനസ്സിലായില്ല?”

“നിങ്ങൾക്ക് മനസ്സിലാകുന്നുണ്ട് ഡെവ്‌ലിൻ നിങ്ങൾ ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്ന ഈ ഗെയിം സ്വതന്ത്ര ഐറിഷ് റിപ്പബ്ലിക്ക് എന്ന സ്വപ്നം 1916 ലെ ഈസ്റ്റർ ഓർമ്മയില്ലേ? പറയൂ സ്നേഹിതാ ഈ കളിയുടെ നിയന്ത്രണം നിങ്ങളുടെ കൈകളിലാണോ? അതോ അത് നിങ്ങളെ നിയന്ത്രിക്കുകയാണോ? അഥവാ ഇനി വേണ്ടെന്ന് വച്ചാൽ നിങ്ങൾക്ക് ഈ കളി നിർത്താൻ കഴിയുമോ? അതോ ഇനി ഈ അവസ്ഥ എന്നെന്നേക്കും തുടരുമോ? ട്രെഞ്ച് കോട്ടും തോംസൺ തോക്കുകളും ഒരു നാൾ ചുമലിൽ വെടിയേറ്റ് ഓടയിൽ വീണ് മരണത്തെ പുൽകുന്നത് വരെയും നിങ്ങളുടെ ജീവൻ അയർലണ്ടിന് വേണ്ടി ആയിരിക്കുമോ തുടിക്കുന്നത്?”

“ദൈവത്തിന് മാത്രമേ അറിയൂ എനിക്കറിയില്ല” ഡെവ്‌ലിൻ പരുഷ സ്വരത്തിൽ പറഞ്ഞു.

“എന്നാൽ എനിക്കതറിയാം സ്നേഹിതാ” സ്റ്റെയ്നർ പറഞ്ഞു. “വരൂ, നമുക്കങ്ങോട്ട് ചെല്ലാം എന്റെ വ്യക്തിപരമായ തീരുമാനത്തെക്കുറിച്ച് അവരുടെയടുത്ത് നിശ്ശബ്ദത പാലിക്കുക കാരണം റിട്ടറെ അക്കാര്യം ബോദ്ധ്യപ്പെടുത്തുവാൻ അത്ര എളുപ്പമായിരിക്കില്ല...”

“ഓൾ റൈറ്റ്” വൈമനസ്യത്തോടെ ഡെവ്‌ലിൻ പറഞ്ഞു.

ഇരുട്ടിലൂടെ അവർ ആ പഴയ കോട്ടേജിന് നേർക്ക് നടന്നു. റിട്ടറുടെ തുടയിലെ ബാൻഡേജ് അഴിച്ച് റീ‌ഡ്രെസ്സ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു മോളി.

“എങ്ങനെയുണ്ട് റിട്ടർ?” സ്റ്റെയ്നർ ആരാഞ്ഞു.

“കുഴപ്പമില്ല” റിട്ടർ ന്യുമാൻ പറഞ്ഞു. സ്റ്റെയനർ അയാളുടെ നെറ്റിയിൽ കൈപ്പടം വച്ചു നോക്കി. വിയർത്ത് നനഞ്ഞിരിക്കുന്നു.

ചുമരുകളുടെ മൂലയിൽ മഴയിൽ നിന്നും ഒഴിഞ്ഞ് മാറി സിഗരറ്റ് പുകച്ചുകൊണ്ട് നിൽക്കുന്ന ഡെവ്‌ലിന്റെയരികിലേക്ക് മോളി ചെന്നു.

“അദ്ദേഹത്തിന്റെ നില വളരെ മോശമാണ് എന്റെയഭിപ്രായത്തിൽ ഒരു ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്” അവൾ പറഞ്ഞു.

“സഹായത്തിന്‌ ഒരു നഴ്സിനെക്കൂടി സംഘടിപ്പിക്കാം എന്താ? നിനക്കെന്താ വട്ടുണ്ടോ മോളീ?” ഡെവ്‌ലിൻ ചോദിച്ചു. “റിട്ടറിന്റെ കാര്യമോർത്ത് നീ വിഷമിക്കണ്ട നിന്റെ കാര്യമോർത്തിട്ടാണ് എനിക്കിപ്പോൾ വിഷമം ഇന്ന് രാത്രിയിലെ നിന്റെ ഈ പ്രവൃത്തി വല്ലാത്തൊരു കുരുക്കിലായിരിക്കും നാളെ നിന്നെ കൊണ്ടെത്തിക്കുന്നത്

അവൾ അശേഷം കുലുങ്ങിയില്ല. “ദേവാലയത്തിൽ നിന്നും നിങ്ങളെ പുറത്തേക്ക് നയിക്കുന്നത് ആരും തന്നെ കണ്ടിട്ടില്ല ആർക്കും അത് തെളിയിക്കാനും കഴിയില്ല അവരെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ കാമുകന്റെ വഞ്ചനയിൽ മനം നൊന്ത് രാത്രി മുഴുവൻ പുൽമേട്ടിൽ മഴയത്തിരുന്ന് ഹൃദയം പൊട്ടി കരയുകയായിരുന്നു...”

“വഞ്ചന മോളീ പ്ലീസ്അങ്ങനെ പറയരുത്

“സില്ലി ലിറ്റ്‌ൽ ബിച്ച് പാവം ഒരു അപരിചിതനെ വിശ്വസിച്ച് എടുത്തുചാടി എല്ലാം നഷ്ടപ്പെട്ടിട്ട് ഇപ്പോൾ പരിതപിക്കുന്നു അങ്ങനെയയിരിക്കും അവർ പറയുക

“ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ല നിന്നോട് ഞാൻ” അൽപ്പം ചമ്മലോടെ ഡെവ്‌ലിൻ പറഞ്ഞു.

“അതിവിടെ പ്രസക്തമല്ല നിങ്ങൾക്ക് വേണ്ടിയല്ല ഞാനിതൊക്കെ ചെയ്തത് എനിക്ക് വേണ്ടിയാണ്...”

ഏത് വിധത്തിൽ നോക്കിയാലും തികച്ചും ശുദ്ധാത്മാവായ ഒരു പെൺ‌കൊടിയായിരുന്നു അവൾ. അതുകൊണ്ട് തന്നെ അവളുടെ പെരുമാറ്റവും അത്തരത്തിൽ ഉള്ളതായിരിക്കാനേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. മറ്റ് എപ്പോഴത്തെക്കാളും അധികം, തന്റെ മനസ്സിൽ ശരിയെന്ന് തോന്നുന്നത് പ്രകടിപ്പിക്കുവാനായിരുന്നു ആ നിമിഷം അവൾ ആഗ്രഹിച്ചത്. ആ നിശ്ചയദാർഢ്യത്തിൽ അവൾ വിജയിക്കുകയും ചെയ്തു.

“നിങ്ങളെ ഞാൻ സ്നേഹിക്കുന്നു അതിന്റെയർത്ഥം നിങ്ങളുടെ പ്രവൃത്തിയെയോ നിങ്ങളുടെ സ്ഥാനമാനങ്ങളെയോ ഞാൻ ഇഷ്ടപ്പെടുന്നു എന്നല്ല അത് എന്താണെന്നറിയണമെന്ന താല്പര്യവും എനിക്കില്ല അത് തികച്ചും വ്യത്യസ്ഥമാണ് ലവ് ഈസ് എ സെപ്പറേറ്റ് ഇഷ്യൂ അതിന് അതിന്റേതായ സ്ഥാനമുണ്ട് അതുകൊണ്ടാണ് നിങ്ങളെ ഞാൻ ദേവാലയത്തിൽ നിന്നും രക്ഷിച്ചു കൊണ്ടുവന്നത്അല്ലാതെ അത് ശരിയോ തെറ്റോ ആയതിനാലല്ല ഒരു കാഴ്ച്ചക്കാരിയായി അവിടെ നിന്നുകൊണ്ട് നിങ്ങളെ മരണത്തിന് വിട്ടുകൊടുത്തിരുന്നുവെങ്കിൽ പിന്നീടുള്ള എന്റെ ജീവിതത്തിൽ അല്പം പോ‍ലും മനഃസമാധാനം ലഭിക്കുമായിരുന്നില്ല” അവൾ അല്പം പിറകോട്ട് മാറി. “ഞാൻ പോയി ലെഫ്റ്റ്നന്റിന് ഇപ്പോൾ എങ്ങനെയുണ്ടെന്ന് നോക്കട്ടെ

അവൾ കാറിനരികിലേക്ക് നടന്നു. ഒന്നും തന്നെ ഉച്ചരിക്കാനാവാതെ  നിസ്സഹായനായി ഡെവ്‌ലിൻ നിന്നു. ഈ കൊച്ചു പെൺകൊടിയുടെ മുന്നിൽ താൻ പരാജയം ഏറ്റു വാങ്ങിയിരിക്കുന്നു ജീവിതത്തിൽ ഇന്നോളം ശ്രവിച്ചതിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ പ്രഭാഷണം അവളുടെ മാനസിക ഔന്നത്യത്തിന് മുന്നിൽ താൻ ഒന്നുമല്ലാതായിരിക്കുന്നു ജീവിതത്തിന്റെ അർത്ഥശൂന്യതയോർത്ത് ഒന്ന് പൊട്ടിക്കരയുവാൻ അദ്ദേഹത്തിന്റെ മനസ്സ് വിങ്ങി.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, June 15, 2014

ഈഗിൾ ഹാസ് ലാന്റഡ് – 129വെതർ റിപ്പോർട്ടിൽ സൂചിപ്പിച്ചത് പോലെ തന്നെയായിരുന്നു നോർത്ത് സീ പ്രദേശത്തെ കാലാവസ്ഥ. മൂന്ന് – നാല് എന്ന നിലയിലുള്ള കാറ്റും തരക്കേടില്ലാത്ത മഴയും. കനത്ത മൂടൽ മഞ്ഞ് നേരം പുലരുന്നത് വരെ വിട്ട് മാറില്ല എന്നാണ് പ്രവചനം. അൽപ്പം ബുദ്ധിമുട്ടിയാണെങ്കിലും ഏതാണ്ട് എട്ട് മണിയോടെ ആ E-ബോട്ട് മൈൻ ഫീൽഡ് താണ്ടി  തീരദേശത്ത് കൂടിയുള്ള പ്രധാന കപ്പൽ പാതയിലേക്ക് പ്രവേശിച്ചു.

മുള്ളർ ആണ് വീൽ നിയന്ത്രിക്കുന്നത്. ചാർട്ട് ടേബിളിലെ മാപ്പിൽ നോക്കി വളരെ ശ്രദ്ധയോടെ തങ്ങളുടെ യാത്രാപഥം നിർണ്ണയിക്കുന്നതിൽ മുഴുകിയിരുന്ന കീനിഗ്ഗ് തലയുയർത്തി.

“ബ്‌‌ളാക്കെനിയുടെ കിഴക്കൻ തീരത്തേക്ക് ഇനി വെറും പത്ത് മൈൽ മാത്രം, എറിക്ക്” കീനിഗ്ഗ് പറഞ്ഞു.

മുന്നിലെ കനത്ത മൂടൽ മഞ്ഞിലേക്ക് ബദ്ധപ്പെട്ട് നോക്കി മുള്ളർ തലയാട്ടി. “ഈ മഞ്ഞ് കാരണം ശരിക്കും ബുദ്ധിമുട്ടുമെന്നാണ് തോന്നുന്നത്

“സത്യം പറഞ്ഞാൽ ഈ മഞ്ഞിന്റെ ആവരണം നമുക്ക് ഒരു അനുകൂല ഘടകമാകുകയല്ലേ ചെയ്യുന്നത്? അതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്?” കീനിഗ്ഗ് ചോദിച്ചു.

പെട്ടെന്നാണ് കതക് തള്ളിത്തുറന്ന് ലീഡിങ്ങ് ടെലിഗ്രാഫിസ്റ്റ് ട്യൂസൻ പ്രവേശിച്ചത്. അയാളുടെ കൈയിൽ ഒരു പേപ്പറുണ്ടായിരുന്നു.

“ഹെർ ലെഫ്റ്റ്നന്റ് ലാന്റ്സ്‌വൂർട്ടിൽ നിന്നും ഒരു മെസ്സേജ് ഉണ്ട്...”

ആ സന്ദേശം വാങ്ങി കീനിഗ്ഗ് ചാർട്ട് ടേബിളിൽ പതിക്കുന്ന വെട്ടത്തിൽ പിടിച്ച് വായിച്ചു. പിന്നെ അവിശ്വസനീയതയോടെ അതിലേക്ക് തന്നെ അല്പ നേരം തുറിച്ച് നോക്കിക്കൊണ്ട് നിന്നു. ശേഷം ആ കടലാസ് ചുരുട്ടിക്കൂടി ഒരു ഉണ്ടയാക്കി വലത് കൈയിൽ പിടിച്ചു.

“എന്ത് പറ്റി ലഫ്റ്റ്നന്റ്?” മുള്ളർ ചോദിച്ചു.

“ദി ഈഗ്‌ൾ ഈസ് ബ്‌‌ളോൺ ബാക്കിയെല്ലാം കേവലം പദങ്ങൾ മാത്രം” കീനിഗ്ഗ് നിസ്സഹായതയോടെ ഉച്ചരിച്ചു.

ചില്ല് ജാലകത്തിൽ ചരൽ പോലെ വന്നു പതിച്ച മഴ, വിങ്ങി നിന്ന നിശ്ശബ്ദതയെ ഭഞ്ജിച്ചു. 

“അപ്പോൾ ഇനി നമ്മുടെ അടുത്ത നീക്കം?”

“എന്റെ സാമാന്യ ബുദ്ധിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുവാനാണ് നിർദ്ദേശം...” വേദനയോടെ കീനിഗ്ഗ് തലയാട്ടി. “ഒന്നാലോചിച്ച് നോക്കൂ കേണൽ സ്റ്റെയ്നർ, റിട്ടർ ന്യുമാൻ ഏറ്റവും മികച്ച യോദ്ധാക്കൾ ആയിരുന്നു അവരെല്ലാം

ബാല്യത്തോട് വിട പറഞ്ഞതിന് ശേഷം ആദ്യമായി അയാൾക്ക് ഒന്നുറക്കെ കരയണമെന്ന് തോന്നി.  കതക് തുറന്ന് മുന്നിലെ ഇരുട്ടിലേക്ക് കീനിഗ്ഗ് തുറിച്ച് നോക്കി. മഴത്തുള്ളികൾ അയാളുടെ മുഖത്ത് ആഞ്ഞുപതിച്ചു കൊണ്ടിരുന്നു.

“അങ്ങനെ പറയാറായിട്ടില്ല ലെഫ്റ്റ്നന്റ് അവരിൽ ചിലരെങ്കിലും രക്ഷപെട്ടിരിക്കുവാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല ഒന്നോ രണ്ടോ പേർ അങ്ങനെ സംഭവിച്ചു കൂടായ്കയില്ലല്ലോ…?” മുള്ളർ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

കീനിഗ്ഗ് വാതിൽ വലിച്ചടച്ചു. “നിങ്ങൾ പറഞ്ഞ് വരുന്നത്, അങ്ങോട്ടുള്ള നമ്മുടെ യാത്ര തുടരണമെന്നാണോ?” മറുപടി പറയാൻ താല്പര്യം പ്രകടിപ്പിക്കാതിരുന്ന മുള്ളറെ വിട്ട് അയാൾ ട്യൂസന് നേർക്ക് തിരിഞ്ഞു. “ട്യൂസൻ നിന്റെയും അഭിപ്രായം അത് തന്നെയാണോ?”

“ഹെർ ലെഫ്റ്റ്നന്റ് നാം ഒരുമിച്ച് ജോലി ചെയ്യുവാൻ തുടങ്ങിയിട്ട് കുറേയേറെയായി എങ്ങോട്ടാണ് നമ്മുടെ യാത്ര എന്ന് എപ്പോഴെങ്കിലും ഞാൻ ചോദിച്ചിട്ടുണ്ടോ?”

പെട്ടെന്നാണ് കീനിഗ്ഗിന്റെയുള്ളിൽ വന്യമായ ഒരാവേശം നുരഞ്ഞ് കയറിയത്. അയാൾ അവന്റെ ചുമലിൽ അഭിനന്ദനരൂപേണ ഒന്ന് തട്ടി.  “ഓൾ റൈറ്റ് എന്നാൽ ഈ മറുപടി സന്ദേശം അയച്ചോളൂ

                               * * * * * * * * * * * * * * * * * * * * * * * * * * * * *

മദ്ധ്യാഹ്നം കഴിഞ്ഞ്  സമയം നീങ്ങും തോറും കേണൽ റാഡ്‌ലിന്റെ ആരോഗ്യനില മോശമായിക്കൊണ്ടിരുന്നു.  സായഹ്നമായപ്പോഴേക്കും തികച്ചും ക്ഷീണീതനായതിനാൽ ബെഡ് റെസ്റ്റെടുക്കുവാൻ അദ്ദേഹത്തിന്റെ സഹായിയായ വിറ്റ് ആവശ്യപ്പെട്ടുവെങ്കിലും റാഡ്‌ൽ വഴങ്ങിയില്ല്ല. ജോവന്ന ഗ്രേയുടെ അവസാന സന്ദേശത്തിന് ശേഷം റേഡിയോ റൂമിൽ നിന്നും പുറത്ത് പോകാൻ കൂട്ടാക്കാതിരുന്ന അദ്ദേഹത്തിന് കിടക്കുവാനായി വിറ്റ് ഒരു പഴയ ചാരുകസേര കൊണ്ടു വന്ന് കൊടുത്തു. അതേ സമയം കീനിഗ്ഗുമായി റേഡിയോ ബന്ധം സ്ഥാപിക്കുവാൻ ഓപ്പറേറ്റർ അശ്രാന്തം പരിശ്രമിക്കുന്നുണ്ടായിരുന്നു.

നെഞ്ച് വേദന ഇപ്പോൾ അത്യന്തം രൂക്ഷമായിരിക്കുന്നുവെന്ന് മാത്രമല്ല ഇടത് കൈയിലേക്ക് കൂടി പടർന്ന് തുടങ്ങിയിരിക്കുന്നു. അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാവാതിരിക്കാനും മാത്രം വിഡ്ഢിയൊന്നുമല്ല താൻ പക്ഷേ, അതിനെക്കുറിച്ച് പരിതപിക്കുവാൻ പറ്റിയ സമയമല്ല ഇത് നോർഫോക്കിലെ സംഭവവികാസങ്ങളെക്കാൾ പ്രധാനപ്പെട്ടതല്ല മറ്റൊന്നും തന്നെ

എട്ട് മണിയാവാൻ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോൾ വിജയഭാവത്തിലുള്ള മന്ദഹാസവുമായി റേഡിയോ ഓപ്പറേറ്റർ അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. “അവരുടെ സന്ദേശം വന്നിട്ടുണ്ട് ഹെർ ഓബർസ്റ്റ് മെസ്സേജ് റിസീവ്ഡ് ആന്റ് അണ്ടർസ്റ്റുഡ്

“താങ്ക് ഗോഡ്” ആശ്വാസത്തോടെ പറഞ്ഞിട്ട് റാഡ്‌ൽ തന്റെ സിഗരറ്റ് പാക്കറ്റ് തുറക്കുവാൻ ശ്രമിച്ചു. പക്ഷേ, അദ്ദേഹത്തിന്റെ വിരലുകൾ വഴങ്ങുന്നുണ്ടായിരുന്നില്ല. അത് ശ്രദ്ധിച്ച വിറ്റ് അദ്ദേഹത്തെ സഹായിച്ചു.

“ഒരെണ്ണം മാത്രമേ അവശേഷിക്കുന്നുള്ളൂ, ഹെർ ഓബർസ്റ്റ്” പാക്കറ്റിൽ നിന്നും ആ അവസാന റഷ്യൻ സിഗരറ്റ് എടുത്ത് കേണൽ റാഡ്‌ലിന്റെ ചുണ്ടിൽ വച്ച് കൊടുക്കവെ വിറ്റ് പറഞ്ഞു.

റേഡിയോ ഓപ്പറേറ്റർ തിടുക്കത്തിൽ തന്റെ മുന്നിലെ പേപ്പർ പാഡിൽ കുത്തിക്കുറിക്കുവാനാരംഭിച്ചു. പിന്നെ ആ കടലാസ് ചീന്തിയെടുത്ത് റാഡ്‌ലിന് നേർക്ക് നീട്ടി. “അവരുടെ മറുപടിയാണ്, ഹെർ ഓബർസ്റ്റ്

അത് വായിക്കുവാൻ ശ്രമിച്ചുവെങ്കിലും റാഡ്‌ലിന് തന്റെ കാഴ്ച്ച അവ്യക്തമാകുന്നത് പോലെ തോന്നി. തല ചുറ്റുന്നത് പോലെ “ഇതൊന്ന് വായിക്കൂ, വിറ്റ്” അദ്ദേഹം ക്ഷീണത്തോടെ പറഞ്ഞു.

“വിൽ സ്റ്റിൽ വിസിറ്റ് ദി നെസ്റ്റ് ചില ഫ്ലഡ്ജ്‌ലിങ്സ് പക്ഷികൾക്ക് ചിലപ്പോൾ സഹായം ആവശ്യമായി വന്നേക്കാം ഗുഡ് ലക്ക്

വിറ്റ് അത്ഭുതത്തോടെ കേണൽ റാഡ്‌ലിനെ നോക്കി. “എന്ത് കൊണ്ടാണ് അദ്ദേഹം ഗുഡ് ലക്ക് എന്ന് കൂട്ടിച്ചേർത്തത്, ഹെർ ഓബർസ്റ്റ്?”

“എന്ത് കൊണ്ട് എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ നല്ല ഗ്രഹണശക്തിയുള്ള ഒരു ചെറുപ്പക്കാരനാണ് കീനിഗ്ഗ്   അയാൾക്കെന്ന പോലെ എനിക്കും ഇപ്പോൾ ഭാഗ്യത്തിന്റെ ആവശ്യമുണ്ടെന്ന് അയാൾ മനസ്സിലാക്കിയിരിക്കുന്നു” അദ്ദേഹം സാവധാനം തലയാട്ടി. “എവിടെ നിന്നാണ് ഇത്രയും ആത്മാർത്ഥതയുള്ള യുവാക്കളെ നമുക്ക് കിട്ടുന്നത്? അസാമാന്യ  ധൈര്യം കൈമുതലായുള്ളവർ എന്തും ത്യജിക്കാൻ തയ്യാറുള്ളവർ അവസാനം എന്തിന് വേണ്ടി?”

“ഹെർ ഓബർസ്റ്റ് പ്‌‌ളീസ്” വിറ്റ് അസ്വസ്ഥതയോടെ അദ്ദേഹത്തെ നോക്കി.

റാഡ്‌ൽ പുഞ്ചിരിച്ചു. “സ്നേഹിതാ ഇതാ, ഈ അവസാന റഷ്യൻ സിഗരറ്റ് പോലെ എല്ലാ‍ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യം ഉണ്ടാകും ഇന്നല്ലെങ്കിൽ നാളെ...”

അദ്ദേഹം റേഡിയോ ഓപ്പറേറ്ററുടെ നേർക്ക് തിരിഞ്ഞു. എന്നിട്ട്, രണ്ട് മണിക്കൂർ മുമ്പെങ്കിലും പറയേണ്ടിയിരുന്ന ആ വാക്യം ഉച്ചരിച്ചു. “ഇനി എന്നെ ബെർലിനിലേക്ക് കണക്ട് ചെയ്യൂ


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...