Sunday, February 23, 2014

ഈഗിൾ ഹാസ് ലാന്റഡ് – 117



ഹോബ്സ് എന്റിലെ ഡെവ്‌ലിന്റെ കോട്ടേജിൽ എത്തിയ സ്റ്റെയ്നർ കണ്ടത് ലോക്ക് ചെയ്തിരിക്കുന്ന വാതിലാണ്. ധാന്യപ്പുരയുടെ ചുറ്റും ഒരു വട്ടം നടന്ന് നോക്കിയെങ്കിലും അവിടെങ്ങും ഡെവ്‌ലിൻ ഉണ്ടായിരുന്നില്ല.

“ഹെർ ഓബർസ്റ്റ് അദ്ദേഹം വരുന്നുണ്ട്” പെട്ടെന്ന് ബ്രീഗൽ വിളിച്ചു പറഞ്ഞു.

ചതുപ്പിനരികിലെ വീതി കുറഞ്ഞ ചിറയിലൂടെ തന്റെ BSA മോട്ടോർ സൈക്കിളിൽ വന്നുകൊണ്ടിരിക്കുകയായിരുന്നു ഡെവ്‌ലിൻ. കോട്ടേജിന്റെ മുറ്റത്തേക്ക് കയറി ബൈക്ക് സ്റ്റാന്റിൽ കയറ്റി വച്ചിട്ട് അദ്ദേഹം മുഖത്തെ കണ്ണട ഉയർത്തി നെറ്റിയിലേക്ക് വച്ചു.

“പുറത്തൊന്ന് കറങ്ങാൻ പോയതാണ് കേണൽ” ഡെവ്‌ലിൻ പറഞ്ഞു.

സ്റ്റെയ്നർ മുന്നോട്ട് ചെന്ന് അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ച് മതിലിനരികിലേക്ക് കൂട്ടിക്കൊണ്ടു പോയി ചുരുങ്ങിയ വാക്കുകളിൽ സ്ഥിതിഗതികൾ അറിയിച്ചു.

അല്പനേരത്തെ മൌനത്തിന് ശേഷം സ്റ്റെയ്നർ ചോദിച്ചു. “വെൽ എന്ത് തോന്നുന്നു?”

“പ്രശ്നമാണ് എങ്കിലും അദ്ദേഹത്തെയും കൊണ്ട് പോകാൻ സാധിക്കുമെന്ന് തന്നെയാണ് എന്റെ മനസ്സ് പറയുന്നത് ഒരു കാര്യം പറയാം രാത്രി ഒമ്പത് മണിയോടെ എന്റെ കഴിവിന്റെ പരമാവധി പുറത്തെടുത്തിരിക്കും

“ഐ വിൽ കീപ്പ് ഇൻ ടച്ച്” ഡെവ്‌ലിനോട് പറഞ്ഞിട്ട് സ്റ്റെയ്നർ ജീപ്പിൽ ചാടിക്കയറി ക്ലൂഗലിനോട് വണ്ടിയെടുക്കുവാൻ കല്പിച്ചു.

റോഡിനപ്പുറത്തെ കുന്നിൻ‌ചരിവിലെ മരക്കൂട്ടങ്ങൾക്കിടയിൽ തന്റെ കുതിരയുടെ അരികിൽ നിന്ന് ഇതെല്ലാം വീക്ഷിക്കുകയായിരുന്നു മോളി പ്രിയോർ. താക്കോലുമായി കോട്ടേജിന്റെ വാതിൽ തുറക്കുവാൻ നീങ്ങുന്ന ഡെവ്‌ലിനെ വേദനയോടെ അവൾ നോക്കി. അദ്ദേഹത്തെ കൊല്ലാനുള്ള ദ്വേഷ്യവുമായിട്ടാണ് ഇങ്ങോട്ട് പുറപ്പെട്ടതെങ്കിലും താൻ കേട്ടതെല്ലാം അസത്യമായിരിക്കും എന്ന ആശയുടെ നേരിയ കണം അവളുടെ ഉള്ളിൽ അവശേഷിച്ചിരുന്നു. എന്നാൽ അദ്ദേഹവുമായി സംസാരിച്ചിട്ട് ജീപ്പിൽ തിരികെ പോകുന്ന സ്റ്റെയനറെയും രണ്ട് സഹപ്രവർത്തകരെയും കണ്ടതോടെ അവളുടെ എല്ലാ ആശകളും അസ്തമിച്ചു. ഡെവ്‌ലിനും അവരോടൊപ്പമാണെന്ന സത്യം പകൽ പോലെ വ്യക്തം


                  * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ എത്താൻ ഏതാണ്ട് അര മൈൽ ബാക്കിയുള്ളപ്പോൾ വാഹനവ്യൂഹം നിർത്തുവാൻ കേണൽ ഷഫ്റ്റോ നിർദ്ദേശം നൽകി.

“വ്യക്തമായ ധാരണയില്ലാതെ എന്തെങ്കിലും വിഡ്ഢിത്തം കാണിക്കുവാനുള്ള സമയമല്ല ഇത് എന്താണ് സംഭവിക്കുന്നതെന്ന് അവർക്ക് മനസ്സിലാവുന്നതിന് മുമ്പ് തന്നെ അറ്റാക്ക് നടന്നിരിക്കണം ക്യാപ്റ്റൻ മാലെറി, മൂന്ന് ജീപ്പുകളിലായി പതിനഞ്ച് പേരടങ്ങുന്ന സംഘവുമായി മാപ്പിൽ അടയാളപ്പെടുത്തിയിരിക്കുന്ന ചെമ്മൺ‌പാതയിലൂടെ ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തേക്ക് നീങ്ങുക. സ്റ്റഡ്‌ലി ഗ്രേഞ്ച് റോഡിൽ വാട്ടർ‌മില്ലിന്റെ വടക്ക് ഭാഗത്തായി ചെന്ന് കയറുന്നത് വരെയുള്ള ഭാഗങ്ങൾ വളയണം സർജന്റ് ഹ്യൂസ്റ്റ്‌ലർ ഗ്രാമത്തിന്റെ അറ്റത്ത് എത്തിയതും ഒരു ഡസൻ പേരെ കൂട്ടി നിങ്ങൾ കാൽ‌നടയായി വനത്തിനുള്ളിൽ ചെങ്കുത്തായി വെട്ടിയിറക്കിയ ആ കാട്ടുപാതയിലൂടെ ദേവാലയത്തിനടുത്തേക്ക് നീങ്ങുക ബാക്കിയുള്ളവർ എന്നോടൊപ്പം ഉണ്ടാവണം ആ ഗ്രേ എന്ന് പറയുന്ന സ്ത്രീയുടെ വീട്ടിലേക്കുള്ള റോഡിന്റെ നിയന്ത്രണം നമുക്ക് ഏറ്റെടുക്കാം

“എന്ന് വച്ചാൽ എല്ലാ വശങ്ങളിലൂടെയും നാം അവരെ വളയുന്നു എന്നർത്ഥം, അല്ലേ കേണൽ…?” മാലെറി ചോദിച്ചു.

“അതെ എല്ലായിടത്തു നിന്നും എല്ലാവരും അവരവരുടെ പൊസിഷനുകളിൽ നിരന്ന് കഴിഞ്ഞതും ഫീൽഡ് ടെലിഫോണിലൂടെ ഞാൻ സിഗ്‌നൽ തരുന്നതായിരിക്കും അടുത്ത നിമിഷം നാം ആക്രമണം അഴിച്ചുവിടുന്നു  നിമിഷങ്ങൾക്കകം അവരെ കീഴ്പ്പെടുത്തുന്നു

അവിടെങ്ങും കനത്ത നിശ്ശബ്ദത നിറഞ്ഞു. ഹ്യൂസ്റ്റ്‌ലറാണ് അവസാനം ആ നിശ്ശബ്ദതയെ ഭഞ്ജിക്കാൻ ധൈര്യം കാട്ടിയത്. “മണ്ടത്തരമാണെങ്കിൽ പൊറുക്കണം കേണൽ ഇത്തരം ഒരു നീക്കത്തിന് മുമ്പായി ഹെലികോപ്ടറിലോ മറ്റോ ഒരു നിരീക്ഷണം നടത്തുന്നത് നല്ലതായിരിക്കില്ലേ? ഞാൻ ഉദ്ദേശിച്ചത് പറഞ്ഞ് കേട്ടതിൽ നിന്നും ഈ ജർമ്മൻ സംഘം അത്ര നിസ്സാരന്മാരല്ല” ഹ്യൂസ്റ്റ്‌ലർ പുഞ്ചിരിക്കാൻ ഒരു ശ്രമം നടത്തി.

“ഹ്യൂസ്റ്റ്‌ലർ…!” ഷഫ്റ്റോ പരുഷ സ്വരത്തിൽ വിളിച്ചു. “ഇനി ഒരു വട്ടം കൂടി എന്റെ ആജ്ഞയെ നീ ചോദ്യം ചെയ്താൽ നിന്റെ പേര് പോലും മറക്കാൻ അധികം സമയം വേണ്ടി വരില്ല” അദ്ദേഹത്തിന്റെ വലത് കവിളിലെ മാംസപേശി ഒന്ന് തുടിച്ചു. ചുറ്റും കൂടി നിൽക്കുന്ന തന്റെ സഹപ്രവർത്തകരുടെ മുഖങ്ങളിൽ രൂക്ഷമായി നോക്കിയിട്ട് അദ്ദേഹം തുടർന്നു. “ഈ ഏറ്റുമുട്ടലിന് ആർക്കും ധൈര്യമില്ലെന്നുണ്ടോ?”

“തീർച്ചയായും ഉണ്ട് സർ താങ്കളുടെ തൊട്ട് പിന്നിൽ തന്നെയുണ്ട് ഞങ്ങളെല്ലാം” മാലെറി പറഞ്ഞു.

“നല്ലത്” ഷഫ്റ്റോ പറഞ്ഞു. “എങ്കിൽ ശരി ഒരു വെള്ള പതാകയുമേന്തി ഞാൻ അങ്ങോട്ട് പോകുകയാണ്...”

“അവരെ കീഴടങ്ങാൻ പ്രേരിപ്പിക്കുക എന്നതാണോ താങ്കളുടെ ലക്ഷ്യം, സർ?” മാലെറി ചോദിച്ചു.

“കീഴടങ്ങൽ!  നിങ്ങൾക്കെന്താ വട്ടുണ്ടോ? അവിടെയെത്തി ഞാൻ അവരോട് അല്പം സന്ധി സംഭാഷണം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ നിങ്ങൾ അവരവരുടെ പൊസിഷനുകളിൽ എന്തിനും തയ്യാറായി നിൽക്കുന്നുണ്ടായിരിക്കണം കൃത്യം പത്ത് മിനിറ്റ് ആകുന്നതും അപ്രതീക്ഷിതമായി നാം പ്രഹരമേൽപ്പിക്കുന്നു അപ്പോൾ പറഞ്ഞത് പോലെ ലെറ്റ്സ് ഗെറ്റ് റ്റു ഇറ്റ്

                  * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

നല്ല വിശപ്പുണ്ടായിരുന്നു ഡെവ്‌ലിന്. അടുക്കളയിൽ ചെന്ന് അൽപ്പം സൂപ്പ് എടുത്ത് ചൂടാക്കി മേശപ്പുറത്ത് വച്ചു. പിന്നെ മോളി കൊണ്ടുവന്ന് വച്ചിരുന്ന കോഴിമുട്ടകളിൽ ഒന്നെടുത്ത് ഓം‌ലറ്റ് ഉണ്ടാക്കിയതിന് ശേഷം സാമാന്യം കനമുള്ള രണ്ട് കഷണം ബ്രെഡ് കൊണ്ട് സാൻഡ്‌വിച്ച് തയ്യാറാക്കി. നെരിപ്പോടിനരികിലെ ചാരുകസേരയിലിരുന്ന് കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു കുളിർതെന്നൽ തന്റെ ഇടത് കവിളിൽ തഴുകി കടന്ന് പോയത് പോലെ അദ്ദേഹത്തിന് തോന്നിയത്. ആരോ കതക് തുറന്നിരിക്കുന്നു തലയുയർത്തി നോക്കിയ ഡെവ്‌ലിൻ കണ്ടത് വാതിൽക്കൽ നിൽക്കുന്ന മോളിയെയാണ്.

“ആഹാ നീ എത്തിയോ? നിന്നെ തേടി ഇറങ്ങുന്നതിന് മുമ്പ് അല്പം ഭക്ഷണം കഴിക്കാമെന്ന് കരുതി” സാൻഡ്‌വിച്ച് ഉയർത്തിക്കാണിച്ച് ആഹ്ലാദത്തോടെ ഡെവ്‌ലിൻ പറഞ്ഞു.

“യൂ ബാസ്റ്റർഡ്! യൂ ഡെർട്ടി സ്വൈൻ! യൂ യൂസ്‌ഡ് മീ

ഒരു പെൺ‌പുലിയെപ്പോലെ ചാടിവീണ് അവൾ ഡെവ്‌ലിന്റെ മുഖത്ത് അള്ളിപ്പിടിച്ചു. ഡെവ്‌ലിനാകട്ടെ ആ കൈത്തണ്ടകളിൽ ബലമായി പിടിച്ച്  അവളെ തന്റെ നിയന്ത്രണത്തിലാക്കുവാൻ ശ്രമിച്ചു.

“മോളീ എന്താണിത്? എന്ത് പറ്റി നിനക്ക്?” കാര്യം എന്താണെന്ന് മനസ്സിലായെങ്കിലും അത് മറച്ചുവച്ചുകൊണ്ട് അദ്ദേഹം ആരാഞ്ഞു.

“എനിക്കെല്ലാം മനസ്സിലായി അദ്ദേഹത്തിന്റെ പേര് കാർട്ടർ എന്നല്ല സ്റ്റെയ്നർ എന്നാണ് അദ്ദേഹവും സംഘവും ജർമ്മൻ‌കാരാണ് മിസ്റ്റർ ചർച്ചിലിനെ തട്ടിക്കൊണ്ട് പോകാൻ എത്തിയവർ ഇനി എനിക്കറിയേണ്ടത് നിങ്ങളുടെ പേരെന്താണെന്നാണ് ഡെവ്‌ലിൻ എന്നല്ല അത് തീർച്ച


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, February 16, 2014

ഈഗിൾ ഹാസ് ലാന്റഡ് – 116



ഏതാണ്ട് മൂന്നേ മൂന്ന് മിനിറ്റുകൾ മാത്രം ഓഫീസിൽ നിന്നും പുറത്ത് കടന്ന കേണൽ ഷഫ്റ്റോ കണ്ടത് സൈനികരുമായി പുറപ്പെടാൻ തയ്യാറായി ഒന്നിന് പിറകെ ഒന്നായി അണി നിരന്ന് നിൽക്കുന്ന  ജീപ്പുകളെയാണ്. കൂട്ടത്തിലെ ഏറ്റവും ചെറുപ്പക്കാരനായ സെക്കന്റ് ലെഫ്റ്റനന്റ് ഷാൾമേഴ്സുമായി എന്തോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ് മാലെറി. കേണൽ ഷഫ്റ്റോയെ കണ്ടതും പൊടുന്നനെ അവർ അറ്റൻഷനായി നിന്നു.

“എന്തിനാണ് ഇതെല്ലാം എന്ന് ഒരു പക്ഷേ അത്ഭുതപ്പെടുന്നുണ്ടായിരിക്കും നിങ്ങളൊക്കെഎന്നാൽ കേട്ടോളൂ ഇവിടെ നിന്നും ഏതാണ്ട് എട്ട് മൈൽ ദൂരെ സ്റ്റഡ്‌ലി കോൺസ്റ്റബിൾ എന്നൊരു ഗ്രാമമുണ്ട് നിങ്ങളുടെ കൈവശമുള്ള മാപ്പിൽ അത് വ്യക്തമായി അടയാളപ്പെടുത്തിയിട്ടുണ്ട് കിംഗ്സ്‌ ലിന്നിന് അടുത്തുള്ള റോയൽ എയർഫോഴ്സ് സ്റ്റേഷനിൽ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന് ഇന്ന് പ്രോഗ്രാം ഉള്ള കാര്യം നിങ്ങളിലധികം പേർക്കും അറിയാവുന്നതാണല്ലോ എന്നാൽ അദ്ദേഹം ഇന്ന് രാത്രി സ്റ്റഡ്‌ലി ഗ്രേഞ്ചിലാണ് തങ്ങുന്നതെന്ന കാര്യം നിങ്ങൾ അറിഞ്ഞിരിക്കാനിടയില്ല  ഇവിടെയാണ് കാര്യങ്ങൾ മാറി മറിയാൻ പോകുന്നത് പോളിഷ് ഇൻഡിപ്പെൻഡന്റ് പാരച്യൂട്ട് സ്ക്വാഡ്രണിലെ പതിനാറ് ഭടന്മാർ സ്റ്റഡ്ലി കോൺസ്റ്റബിളിൽ സൈനിക പരിശീലനം നടത്തുന്നുണ്ട് മനോഹരമായ ചുവന്ന ക്യാപ്പും കാമുഫ്ലാഷ് യൂണിഫോമും അണിഞ്ഞ അവർ നിങ്ങളുടെ കണ്ണിൽ പെടാതിരിക്കാൻ യാതൊരു ന്യായവുമില്ല

ആകാംക്ഷയോടെ അവിടെ കൂടിയിരുന്നവരിൽ ആരോ ഒരാൾ അത് കേട്ട് പൊട്ടിച്ചിരിച്ചു. ആ ചിരിയുടെ അലകൾ അവസാനിച്ച് പരിപൂർണ്ണ നിശ്ശബ്ദത എത്തുന്നത് വരെ കാത്തുനിന്നിട്ട് അദ്ദേഹം തുടർന്നു.

“നിങ്ങളുടെ അറിവിലേക്കായി പുതിയൊരു വാർത്തയുണ്ട് പോളിഷ് ട്രൂപ്പ് ഒന്നുമല്ല ആ സംഘം ജർമ്മൻ‌കാരാണവർ ചർച്ചിലിനെ തട്ടിക്കൊണ്ട് പോകാനായി എത്തിയവർ  അവരെ നിലം‌പരിശാക്കുക എന്നതാണ് നമ്മുടെ ദൌത്യം...”  

അവിശ്വസനീയമയ ആ വാർത്ത കേട്ടതും എല്ലാവരും നിശ്ശബ്ദരായി.  കേണൽ ഷഫ്റ്റോ തലകുലുക്കി. “വൺ തിങ്ങ് ഐ കാൻ പ്രോമിസ് യൂ ബോയ്സ് ഈ വിഷയം ഭംഗിയായി കൈകാര്യം ചെയ്യുകയാണെങ്കിൽ നാളെ രാവിലെയോടെ നിങ്ങളിൽ ഓരോരുത്തരുടെയും നാമങ്ങൾ അമേരിക്കൻ തെരുവുകളിൽ എമ്പാടും അലയടിക്കും നൌ ഗെറ്റ് റെഡി റ്റു മൂവ് ഔട്ട്

ഞൊടിയിടയിൽ വിവിധയിനം ജോലികളുമായി അവിടെങ്ങും മുഖരിതമായി. ജീപ്പുകളുടെ എൻ‌ജിനുകൾ മുരൾച്ചയോടെ ജീവൻ വച്ചു. കേണൽ ഷഫ്റ്റോ പടവുകളിറങ്ങി മാലെറിയുടെ അരികിലെത്തി.

“ആ മാപ്പിൽ രേഖപ്പെടുത്തിയ വഴികളിലൂടെ തന്നെ അവർ പോകുന്നു എന്ന് ഉറപ്പ് വരുത്തുക അവിടെയെത്തിയിട്ട് പിന്നെ എങ്ങോട്ടെന്നറിയാതെ ഉഴലാൻ ഇടവരരുത്...” ഷഫ്റ്റോ പറഞ്ഞു.   

ആജ്ഞ ഏറ്റെടുത്ത് മാലെറി തന്റെ സംഘത്തിനരികിലേക്ക് കുതിച്ചു. ഷഫ്റ്റോ, ഷാൾമേഴ്സിന് നേർക്ക് തിരിഞ്ഞു. “മേജർ കെയ്ൻ തിരികെയെത്തുന്നത് വരെ ഇവിടുത്തെ ചുമതല നിനക്കാണ്...” അദ്ദേഹം അവന്റെ ചുമലിൽ കൈ വച്ചു. “നീ നിരാശപ്പെടേണ്ട മേജർ കെയ്നിന്റെയൊപ്പം മിസ്റ്റർ ചർച്ചിലും ഉണ്ടാവും അദ്ദേഹത്തിന് സകല ആതിഥ്യമര്യാദയും ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടത് നിന്റെ ചുമതലയാണ്...”   

ഏറ്റവും മുമ്പിലെ ജീപ്പിലേക്ക് ചാടിക്കയറി ഷഫ്റ്റോ ഡ്രൈവർക്ക് നിർദ്ദേശം നൽകി. “ഓകെ, സൺ ലെറ്റ്സ് മൂവ് ഔട്ട്

ജീപ്പുകൾ ഓരോന്നായി മുന്നോട്ട് കുതിക്കവേ കാവൽക്കാരൻ തിടുക്കത്തിൽ ആ വലിയ ഗേറ്റ് മലർക്കെ തുറന്ന് കൊടുത്തു. നിമിഷങ്ങൾക്കകം ആ കോൺ‌വോയ് കോമ്പൌണ്ട് ഗേറ്റ് കടന്ന് റോഡിൽ എത്തി. ഏതാനും വാരം മുന്നോ‍ട്ട് പോയതും ഷഫ്റ്റോ കൈ വീശി വാഹനവ്യൂഹം നിർത്തുവാൻ ആജ്ഞ നൽകി. ജീപ്പ് തൊട്ടടുത്ത ടെലിഫോൺ പോസ്റ്റിനരികിലേക്ക് നീക്കി നിർത്തുവാൻ ഡ്രൈവർക്ക് നിർദ്ദേശം നൽകിയിട്ട് പിൻ‌സീറ്റിൽ ഇരുന്നിരുന്ന സർജന്റ് ഹ്യൂസ്റ്റ്ലറുടെ നേർക്ക് തിരിഞ്ഞു.

“ആ തോംസൺ റൈഫിൾ ഇങ്ങ് തരൂ

ഹ്യൂസ്റ്റ്ലർ തോക്ക് അദ്ദേഹത്തിന് നീട്ടി. ഷഫ്റ്റോ അത് വാങ്ങി ടെലിഫോൺ പോസ്റ്റിന് മുകളിലേക്ക് ഉന്നം പിടിച്ച് നിറയൊഴിച്ചു. പോസ്റ്റിന് മുകളിലെ ക്രോസ് ബാർ വെടിയുണ്ടയേറ്റ് നുറുങ്ങുകളായി ചിതറിത്തെറിച്ചു. പോസ്റ്റിൽ നിന്നും ബന്ധം വേർപെട്ട ടെലിഫോൺ കമ്പികൾ സ്പ്രിങ്ങ് കണക്കെ ചുരുണ്ട് അന്തരീക്ഷത്തിൽ ഇളകിയാടി.

ഷഫ്റ്റോ, തോക്ക് തിരികെ നൽകി. “ഇതോടെ അനധികൃത കോളുകളുടെ കാര്യത്തിൽ കുറേ നേരത്തേക്ക് ഒരു തീരുമാനമായി അദ്ദേഹം വാഹനത്തിന്റെ വശത്ത് ആഞ്ഞടിച്ചു.  “ഓകെ ലെറ്റ്സ് ഗോ ലെറ്റ്സ് ഗോ ലെറ്റ്സ് ഗോ…!


               * * * * * * * * * * * * * * * * * * * * * * * * * * * * * * * * *      

ഇടുങ്ങിയ നാട്ടുപാതകളിലൂടെ അസാമാന്യ വേഗതയിൽ എതിരെയുള്ള വാഹനങ്ങളെ പരിപൂർണ്ണമായും അവഗണിച്ചുകൊണ്ട്  ഗാർവിയുടെ ജീപ്പ് പാഞ്ഞു. എന്നിട്ടും അവർക്ക് തങ്ങളുടെ ലക്ഷ്യം ഏതാണ്ട് മുടിനാരിഴയുടെ വ്യത്യാസത്തിന് നഷ്ടപ്പെടേണ്ടതായിരുന്നു. നാട്ടുപാതയുടെ അവസാനം വാൾസിങ്ങ്‌ഹാം റോഡിലേക്ക് പ്രവേശിക്കുന്നയിടത്ത് എത്തിയതും ഒരു ചെറിയ കോൺ‌വോയ് കടന്നുപോകുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. മുന്നിൽ രണ്ട് മിലിട്ടറി പോലീസുകാരുടെ മോട്ടോർ സൈക്കിൾ അകമ്പടിയോടെ പോകുന്ന രണ്ട് ഹംബർ സലൂൺ കാറുകൾ. കാറുകൾക്ക് പിന്നിലായി വീണ്ടും രണ്ട് മോട്ടോർ സൈക്കിളുകളിൽ മിലിട്ടറി പോലീസുകാർ.

“അത് അദ്ദേഹമാണ്…!” ഹാരി കെയ്ൻ അലറി.

ജീപ്പ് മെയ്ൻ റോഡിലേക്ക് കയറിയതും ഹാർവി ആക്സിലറേറ്റർ മുട്ടിച്ച് ചവിട്ടിപ്പിടിച്ചു. നിമിഷങ്ങളേ വേണ്ടി വന്നുള്ളൂ അവരുടെ ജീപ്പ് ആ കോൺ‌വോയിയുടെ ഒപ്പമെത്താൻ. അസാമാന്യ വേഗതയിൽ അലറി വരുന്ന ജീപ്പ് ശ്രദ്ധയിൽ പെട്ട എസ്കോർട്ട് പോലീസുകാർ തല തിരിച്ച് നോക്കി. അവരിലൊരുവൻ അവർക്ക് നേരെ കൈ വീശി.

“സർജന്റ് അവരെ ഓവർ ടേക്ക് ചെയ്ത് മുന്നിൽ കയറൂ ഇനി അഥവാ അതിന് സാധിക്കുന്നില്ലെങ്കിൽ മുന്നിലുള്ള ആ കാറിന്റെ വശത്ത് ചെന്ന് ഇടിച്ച് നിർത്തുക... യൂ ഹാവ് മൈ പെർമിഷൻ ഫോർ ദാറ്റ്” ഹാരി കെയ്ൻ ഗാർവിയോട് പറഞ്ഞു.

ഡെക്സ്റ്റർ ഗാർവി പുഞ്ചിരിച്ചു. “മേജർ ഞാനൊരു കാര്യം പറയാംഇക്കാര്യത്തിൽ ചെറിയൊരു പിഴവ് സംഭവിച്ചാൽ മതി നമ്മൾ രണ്ട് പേരും ലീവൻ‌വർത്ത് ലോക്കപ്പിൽ എപ്പോൾ എത്തിയെന്ന് ചോദിച്ചാൽ മതി

മോട്ടോർ സൈക്കിളിന്റെ വലത് വശത്ത് കൂടി ഗാർവി ജീപ്പ് വെട്ടിച്ചെടുത്ത് പിന്നിലെ ഹംബർ കാറിന് സമാന്തരമായി നീങ്ങി. പിൻ‌സീറ്റിൽ ഇരിക്കുന്ന വ്യക്തി ആരാണെന്നറിയാൻ എത്തിനോക്കിയെങ്കിലും വിൻഡോ കർട്ടൻ വലിച്ചിട്ടിരുന്നതിനാൽ ഹാരി കെയ്നിന്റെ ശ്രമം വിഫലമായി. അവരുടെ പ്രവൃത്തി കണ്ട് കടും നീല ഷോഫർ യൂണിഫോം ധരിച്ച ഡ്രൈവർ ഭയചകിതനായി വലതുവശത്തേക്ക് പാളി നോക്കി. ഫ്രണ്ട് പാസഞ്ചർ സീറ്റിൽ ഇരുന്നിരുന്ന ചാരനിറമുള്ള സ്യൂട്ട് ധരിച്ച ഉദ്യോഗസ്ഥൻ ഞൊടിയിടയിൽ റിവോൾവർ പുറത്തെടുത്തു.

“അടുത്ത കാറിനരികിലേക്ക് നീങ്ങൂ” കെയ്ൻ ആജ്ഞാപിച്ചു. നിർത്താതെ ഹോൺ മുഴക്കിക്കൊണ്ട് വേഗത വർദ്ധിപ്പിച്ച് ഗാർവി മുന്നിലെ കാറിന് സമാന്തരമായി നീങ്ങി.

നാല് പേരുണ്ടായിരുന്നു ആ കാറിനുള്ളിൽ. സൈനികവേഷം ധരിച്ച രണ്ട് പേർ കേണൽ‌മാരാണെന്ന് വ്യക്തം. അതിലൊരാളുടെ യൂണിഫോമിലുള്ള ചുവന്ന ടാബുകളിൽ നിന്നും അദ്ദേഹം ഒരു സ്റ്റാഫ് ഓഫീസർ ആണെന്ന് മനസ്സിലാക്കാം.  പരിഭ്രാന്തിയോടെ പുറത്തേക്ക് എത്തി നോക്കിയ നാലാമത്തെയാൾ സർ ഹെൻ‌ട്രി വില്ലഫ്ബി ആണെന്ന് ഹാരി കെയ്ൻ തിരിച്ചറിഞ്ഞു. ഹാരി കെയ്നിനെ അവിടെ കണ്ടതിലുള്ള ആശ്ചര്യഭാവം അദ്ദേഹത്തിന്റെ മുഖത്തും പ്രകടമായിരുന്നു.

“ഓകെ മുന്നിലേക്ക് കയറൂ അവർക്ക് നിർത്താതിരിക്കാൻ കഴിയില്ല” കെയ്ൻ ആജ്ഞാപിച്ചു.

ഗാർവി ആക്സിലറേറ്ററിൽ ആഞ്ഞ് ചവിട്ടി. ആ കാറിനെയും മുന്നിലെ പൈലറ്റ് മോട്ടോർ സൈക്കിളുകളെയും ഓവർടേക്ക് ചെയ്ത് അവരുടെ ജീപ്പ് വേഗത കുറച്ചു. പിന്നിലെ വാഹനവ്യൂഹത്തിൽ നിന്നും മൂന്ന് വട്ടം ഹോൺ മുഴങ്ങി. മുൻ ധാരണ പ്രകാരമുള്ള എന്തോ സിഗ്നലാണ് അതെന്ന് വ്യക്തം.  തിരിഞ്ഞ് നോക്കിയ കെയ്ൻ കണ്ടത് ആ വാഹനവ്യൂഹം ഇടത് വശം ചേർന്ന് ഒതുക്കുന്നതാണ്. ഗാർവി ജീപ്പ് നിർത്തിയ ഉടൻ ഹാരി കെയ്ൻ ചാടിയിറങ്ങി അവരുടെയടുത്തേക്ക് ഓടി.

ഓടി വരുന്ന ഹാരി കെയ്നിന് നേർക്ക് തങ്ങളുടെ സ്റ്റെൻ ഗൺ ചൂണ്ടിപ്പിടിച്ചുകൊണ്ട് മിലിട്ടറി പോലീസുകാർ നിലയുറപ്പിച്ചു. പ്രധാനമന്ത്രിയുടെ പ്രൈവറ്റ് ഡിറ്റക്ടിവ് ആണെന്ന് തോന്നിക്കുന്ന ആ ചാരനിറമുള്ള സ്യൂട്ട് ധരിച്ചയാൾ നീട്ടിപ്പിടിച്ച റിവോൾ‌വറുമായി പിന്നിലെ കാറിൽ നിന്നും പുറത്തിറങ്ങി.

അതേ സമയം തന്നെ മുന്നിലെ കാറിൽ നിന്നും സ്റ്റാഫ് കേണൽ യൂണിഫോമിലുള്ള ആൾ പുറത്തിറങ്ങി. തൊട്ട് പിന്നിൽ ഹോം ഗാർഡ് യൂണിഫോം ധരിച്ച സർ ഹെൻ‌ട്രി വില്ലഫ്ബിയും.

“മേജർ കെയ്ൻ…!” അമ്പരപ്പോടെ സർ ഹെൻ‌ട്രി വിളിച്ചു. “വാട്ട് ഓൺ ദി എർത്ത് ആർ യൂ ഡൂയിങ്ങ് ഹിയർ?”

“എന്റെ പേര് കൊർകൊറൻ ചീഫ് ഇന്റലിജൻസ് ഓഫീസർ റ്റു ദി ജി.ഒ.സി, ഈസ്റ്റ് ആംഗ്ലിയ ഡിസ്ട്രിക്ട് എന്താണിതൊക്കെ എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു” സ്റ്റാഫ് കേണൽ പരുഷമായി പറഞ്ഞു.

“പ്രധാനമന്ത്രി സ്റ്റഡ്‌ലി ഗ്രേഞ്ചിൽ എത്താൻ പാടില്ല...” ഹാരി കെയ്ൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു. “ആ ഗ്രാമം ജർമ്മൻ പാരാട്രൂപ്പേഴ്സിന്റെ നിയന്ത്രണത്തിലാണ് അവർ

“ഗുഡ് ഗോഡ്…!” സർ ഹെൻ‌ട്രി ഇടയിൽ കയറി പറഞ്ഞു. “ഇങ്ങനെയൊരു വിഡ്ഢിത്തം ഞാനിതിന് മുമ്പ് കേട്ടിട്ടില്ല

അദ്ദേഹത്തോട് നിശ്ശബ്ദമായിരിക്കാൻ കൊർകൊറൻ ആംഗ്യം കാണിച്ചു. “നിങ്ങൾ പറഞ്ഞതിന് എന്തെങ്കിലും തെളിവുണ്ടോ മേജർ?”

“മൈ ഗോഡ്…!” കെയ്ൻ ഉറക്കെ വിളിച്ചു. “മുസ്സോളിനിയെ കൊണ്ടുപോകാൻ സ്കോർസെനിയെ ഡ്രോപ്പ് ചെയ്തത് പോലെ ചർച്ചിലിനെ കിഡ്നാപ്പ് ചെയ്യാൻ എത്തിയിരിക്കുകയാണവർ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ? വാട്ട് ഇൻ ദി ഹെൽ ഡസ് ഇറ്റ് ടേക്ക് റ്റു കൺ‌വിൻസ് യൂ ഗൈസ്? വോണ്ട് എനിബഡി ലിസൺ?” ദ്വേഷ്യവും നിരാശയും കലർന്ന സ്വരത്തിൽ കെയ്ൻ ചോദിച്ചു.

“ഐ വിൽ, യങ്ങ് മാൻറ്റെൽ യുവർ സ്റ്റോറി റ്റു മീ  സുപരിചിതമായ ആ സ്വരം കാറിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.

ഹാരി കെയ്ൻ പതുക്കെ അങ്ങോട്ട് തിരിഞ്ഞു. കാറിന്റെ പിൻ‌ഭാഗത്തെ തുറന്ന വിൻ‌ഡോയുടെ അരികിൽ ചെന്ന് അദ്ദേഹം ഉള്ളിലേക്ക് തല നീട്ടി. അതെ മഹാനായ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ ആയിരുന്നു ആ ശബ്ദത്തിന്റെ ഉടമ.

      
(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, February 9, 2014

ഈഗിൾ ഹാസ് ലാന്റഡ് – 115



മെൽറ്റ്‌ഹാമിലെ കൃഷിയിടത്തിൽ ഹാരി കെയ്ൻ തന്റെ ട്രൂപ്പിന്റെ പരിശീലനം വിലയിരുത്തിക്കൊണ്ട് നിൽക്കവെയാണ് ട്രൂ‍പ്പുമായി ഉടൻ മെൽറ്റ്‌ഹാം ഹൌസിൽ റിപ്പോർട്ട് ചെയ്യുക എന്നുള്ള കേണൽ ഷഫ്റ്റോയുടെ സന്ദേശവുമായി ഒരു ദൂതൻ പാഞ്ഞെത്തിയത്. സന്ദേശവുമായി എത്തിയ സർജന്റ് ഹ്യൂസ്റ്റ്ലറോട് തന്റെ സംഘാംഗങ്ങളുമായി പിന്നാലെ എത്തുവാൻ നിർദ്ദേശിച്ചിട്ട് കെയ്ൻ മെൽറ്റ്‌ഹാം ഹൌസിലേക്ക് കുതിച്ചു.

അവിടെയെത്തിയ അയാൾ കണ്ടത് എസ്റ്റേറ്റിന്റെ പലയിടങ്ങളിലായി പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന വിവിധ സംഘങ്ങൾ ധൃതിയിൽ അങ്ങോട്ട് എത്തുന്നതാണ്. കെട്ടിടത്തിന് പിന്നിലുള്ള മോട്ടോർ പൂളിൽ നിന്നും വാഹനങ്ങളുടെ എൻ‌ജിനുകളുടെ ഇരമ്പലും കേൾക്കാറായി. നിമിഷങ്ങൾക്കകം കുറേ ജീപ്പുകൾ പാഞ്ഞ് വന്ന് ചരൽ വിരിച്ച മുറ്റത്ത് പുറപ്പെടാൻ തയ്യാറായി നിന്നു.

ജീപ്പുകളിലെ സൈനികർ തങ്ങളുടെ മെഷീൻ ഗണ്ണുകൾ പരിശോധിച്ച് പ്രവർത്തനസജ്ജമാണെന്ന് ഉറപ്പുവരുത്തുന്ന ജോലിയിൽ മുഴുകി.  ഏറ്റവും മുന്നിലെ ജീപ്പിൽ നിന്നും ചാടിയിറങ്ങിയ സൈനിക ഉദ്യോഗസ്ഥൻ ഹാരിയുടെ അരികിലേക്ക് വന്നു.

“മാലെറീ പെട്ടെന്നിപ്പോൾ ഇവിടെ എന്ത് സംഭവിച്ചു ?” കെയ്ൻ ഉദ്വേഗത്തോടെ ചോദിച്ചു.

“എനിക്കൊരു പിടിയുമില്ല സർ പെട്ടെന്ന് മൂവ് ചെയ്യുവാൻ ഓർഡർ കിട്ടി ഞങ്ങൾ അനുസരിക്കുന്നു അത്ര മാത്രംനിങ്ങൾ എത്തുവാൻ കാത്തിരിക്കുകയാണ് അദ്ദേഹം ഒരു പക്ഷേ, യുദ്ധനിരയിലേക്ക് പോകാനായിരിക്കും” മാലെറി പറഞ്ഞു.

ഹാരി കെയ്ൻ മുകളിലേക്കുള്ള പടവുകൾ ഓടിക്കയറി. ഫ്രണ്ട് ഓഫീസിൽ എല്ലാവരും തിരക്കിട്ട ജോലികളിലാണ്. മാസ്റ്റർ സർജന്റ് ഗാർവി ഷഫ്റ്റോയുടെ ഓഫീസിന്റെ വാതിലിന് മുന്നിൽ സിഗരറ്റ് പുകച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും അസ്വസ്ഥതയോടെ ഉലാത്തുന്നുണ്ട്.   ഹാരിയെ കണ്ടതും അയാളുടെ മുഖം തെളിഞ്ഞു.

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ? മൂവ് ചെയ്യാനുള്ള ഓർഡർ വല്ലതും ആണോ?” കെയ്ൻ ചോദിച്ചു.

“എന്നോട് ഒന്നും ചോദിക്കരുത് മേജർ എനിക്കാകെപ്പാടെ അറിയാവുന്നത് ഇത്രയുമാണ് താങ്കളുടെ ആ സ്ത്രീ സുഹൃത്തുണ്ടല്ലോ ഏതാണ്ട് ഒരു പതിനഞ്ച് മിനിറ്റ് മുമ്പ് അവർ ഒരു വല്ലാത്ത അവസ്ഥയിൽ ഇവിടെയെത്തി അതിന് ശേഷമാണ് ഇക്കണ്ട കോലാഹലങ്ങളൊക്കെ ഉണ്ടായത്

കതക് തുറന്ന് കെയ്ൻ ഉള്ളിലേക്ക് കയറി. തന്റെ മേശക്കരികിൽ പുറം തിരിഞ്ഞ് നിൽക്കുകയായിരുന്ന ഷഫ്റ്റോ പെട്ടെന്ന് തിരിഞ്ഞു. തന്റെ കൈവശമുള്ള കോൾട്ട് ഗണ്ണിൽ തിര നിറച്ചുകൊണ്ടിരിക്കുകയായിരുന്ന അദ്ദേഹത്തിൽ കാണപ്പെട്ട മാറ്റം അസാധാരണമായിരുന്നു. കണ്ണുകളിൽ മുമ്പെങ്ങുമില്ലാത്ത തിളക്കം. മുഖത്ത് പതിവില്ലാത്ത പ്രസരിപ്പും ഉത്സാഹവും.

“ഫാസ്റ്റ് ആക്ഷൻ, മേജർ അതാണിപ്പോൾ വേണ്ടത്...” തോക്കിന്റെ ബെൽറ്റും ഹോൾസ്റ്ററും എടുത്തുകൊണ്ട് ഷഫ്റ്റോ പറഞ്ഞു.

“കാര്യം എന്താണ് സർ? മിസ്സ് വെറേക്കർ എവിടെ?” കെയ്ൻ ചോദിച്ചു.

“എന്റെ ബെഡ്‌റൂമിലുണ്ട് ചെറിയ മയക്കത്തിലാണ് വല്ലാത്തൊരു ഷോക്ക് ആയിരുന്നു അത്…“

“എന്താണ് സംഭവിച്ചത്?”

“തലയുടെ ഒരു വശത്ത് ബുള്ളറ്റ് ഇഞ്ചുറിയുണ്ട്” ബെൽറ്റിൽ തോക്ക് ഘടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.  “നിറയൊഴിച്ചത് അവരുടെ സഹോദരന്റെ ആ സുഹൃത്തും മിസ്സിസ് ഗ്രേ നേരിട്ട് ചോദിച്ച് നോക്കിക്കോളൂ പെട്ടെന്ന് വേണം സമയമില്ല നമുക്ക്

ഹാരി കെയ്ൻ ബെഡ്‌റൂമിന്റെ വാതിൽ തുറന്ന് ഉള്ളിലേക്ക് കയറി. ഷഫ്റ്റോ അദ്ദേഹത്തെ അനുഗമിച്ചു. പാതി മറച്ച കർട്ടന് അപ്പുറമുള്ള കട്ടിലിൽ പമേല കിടക്കുന്നുണ്ടായിരുന്നു. കഴുത്തിന് മുകൾ ഭാഗം വരെയും ബ്ലാങ്കറ്റ് മൂടിയിരിക്കുന്നു. തലയ്ക്ക് ചുറ്റും ഇട്ടിരിക്കുന്ന ബാൻഡേജിന്റെ ഒരു വശത്ത് രക്തം കിനിഞ്ഞിട്ടുണ്ട്. മുഖം വല്ലാതെ വിളറി വെളുത്തിരിക്കുന്നു.

കെയ്ൻ അരികിലെത്തിയതും അവൾ കണ്ണുകൾ തുറന്ന് അദ്ദേഹത്തെ സൂക്ഷിച്ചു നോക്കിയിട്ട് വിളിച്ചു. “ഹാരീ…? 

“വിഷമിക്കാതിരിക്കൂ നിനക്കൊന്നുമില്ല” അദ്ദേഹം അവൾക്കരികിൽ ഇരുന്നു.

“അതല്ല ഞാൻ പറയുന്നത് ശ്രദ്ധിക്കൂ” അദ്ദേഹത്തിന്റെ കൈയിൽ പിടിച്ച് നിവർന്ന് ഇരിക്കുവാൻ ശ്രമിച്ചുകൊണ്ട് അവൾ പറഞ്ഞു. “മൂന്നര മണിക്ക് മിസ്റ്റർ ചർച്ചിൽ ഹെൻ‌ട്രി വില്ലഫ്ബിയുടെ കൂടെ കിംഗ്സ്‌ലിനിൽ നിന്നും സ്റ്റഡ്ലി ഗ്രേഞ്ചിലേക്ക് യാത്ര തിരിക്കും വാൾസിങ്ങ്ഹാം വഴിയാണ് അവർ വരുന്നത് യൂ മസ്റ്റ് സ്റ്റോപ്പ് ഹിം” അവളുടെ സ്വരം അങ്ങേയറ്റം ക്ഷീണിതമായിരുന്നു.

“ഞാനെന്തിന് അദ്ദേഹത്തെ തടയണം?” ഹാരി കെയ്ൻ ചോദിച്ചു.

“നിങ്ങൾ തടഞ്ഞില്ലെങ്കിൽ അദ്ദേഹം കേണൽ സ്റ്റെയ്നറുടെയും സംഘത്തിന്റെയും പിടിയിൽ പെടും അതിനായി ഗ്രാമത്തിൽ കാത്തിരിക്കുകയാണവർ ഗ്രാമവാസികളെ മുഴുവനും ദേവാലയത്തിൽ തടങ്കലിൽ വച്ചിരിക്കുകയാണവർ

“സ്റ്റെയനർ?”

“അതെ ഹാരീ നിങ്ങൾ അറിയുന്ന, കേണൽ കാർട്ടർ എന്ന ആ വ്യക്തിയും അദ്ദേഹത്തിന്റെ സംഘവും  പോളണ്ടുകാരൊന്നുമല്ല അവർ ജർമ്മൻ പാരാട്രൂപ്പേഴ്സാണവർ

“പക്ഷേ, പമേലാ അദ്ദേഹത്തെ ഞാൻ പരിചയപ്പെട്ടിരുന്നു ഇംഗ്ലീഷുകാരിയായ നീ സംസാരിക്കുന്ന അതേ ശൈലിയിൽ തന്നെയാണല്ലോ അദ്ദേഹത്തിന്റെ സംസാരവും...”

“അതിൽ കാര്യമില്ല അദ്ദേഹത്തിന്റെ മാതാവ് അമേരിക്കൻ വംശജയാണ് പഠിച്ചതോ ലണ്ടനിലും ഇംഗ്ലീഷ് പ്രാവീണ്യത്തിന്റെ കാര്യം ഇപ്പോൾ മനസ്സിലായില്ലേ?” അവളുടെ സ്വരത്തിൽ അക്ഷമ പ്രകടമായിരുന്നു. “സ്റ്റെയനറും എന്റെ സഹോദരനുമായുള്ള സംഭാഷണം ഞാനും മോളി പ്രിയോറും ഒളിച്ച് കേട്ടിരുന്നു അവിടെ നിന്നും പുറത്ത് കടന്ന ഞങ്ങൾ രണ്ട് വഴികളിലായി പിരിഞ്ഞു ഈ വിവരം അറിയിക്കാനായിട്ടാണ് ഞാൻ ചെന്നത് പക്ഷേ, ജോവന്നയും അവരിൽപ്പെട്ടയാളായിരുന്നു ഹാരീ അവർ എന്റെ നേർക്ക് നിറയൊഴിച്ചു ഭാഗ്യത്തിന് അവരെ ആ മുറിയ്ക്കുള്ളിൽ പൂട്ടിയിടുവാൻ സാധിച്ചു എന്നിട്ട് അവരുടെ കാറുമെടുത്ത് ഞാൻ ഇങ്ങോട്ട് പോന്നു

അത്രയും പറഞ്ഞ് കഴിഞ്ഞതും അവൾക്ക് അല്പം ആശ്വാസം ലഭിച്ചത് പോലെ തോന്നി. ഇത്രയും നേരം മനഃസാന്നിദ്ധ്യം ഒന്നുകൊണ്ട് മാത്രമാണ് അവൾ പിടിച്ചു നിന്നത്. പക്ഷേ, ഇനി വയ്യ അവൾ തളർന്നിരുന്നു. പതുക്കെ തലയിണയിലേക്ക് ചാഞ്ഞ് അവൾ മിഴികളടച്ചു.

“പക്ഷേ, നിങ്ങൾ ഇരുവരും എങ്ങനെ ദേവാലയത്തിൽ നിന്നും പുറത്ത് കടന്നു പമേലാ?” കെയ്ൻ ചോദിച്ചു.

ക്ഷീണിതമായ കണ്ണുകൾ ആയാസപ്പെട്ട് തുറന്ന് അവൾ അദ്ദേഹത്തെ നോക്കി. “ദേവാലയത്തിൽ നിന്നോ? ഓ അത് അത് പതിവ് വഴിയിലൂടെ തന്നെ  അവളുടെ സ്വരം ഒരു മന്ത്രണം പോലെ തീർത്തും പതിഞ്ഞതായിരുന്നു. “എന്നിട്ട് ഞാൻ ജോവന്നയുടെ അടുത്തെത്തി അവർ എന്റെ നേർക്ക് വെടിയുതിർത്തു...” അവൾ വീണ്ടും കണ്ണുകളടച്ചു.  “എനിക്ക് തീരെ വയ്യ ഹാരീ

കെയ്ൻ എഴുന്നേറ്റതും ഷഫ്റ്റോ അദ്ദേഹത്തെ അടുത്ത മുറിയിലേക്ക് നയിച്ചു. കണ്ണാടി നോക്കി തന്റെ ക്യാപ്പ് അഡ്ജസ്റ്റ് ചെയ്തിട്ട് അദ്ദേഹം തിരിഞ്ഞു.

“എന്ത് പറയുന്നു? ആ ജോവന്ന ഗ്രേയിൽ നിന്നും തുടങ്ങിയാലോ നമുക്ക്? ഷീ മസ്റ്റ് ബീ ദി ഗ്രേറ്റ് ഒറിജിനൽ ബിച്ച് ഓഫ് ഓൾ ടൈം

“അതിന് മുമ്പ് ഇക്കാര്യം നമുക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കേണ്ടേ? വാർ ഓഫീസിലും ഈസ്റ്റ് ആംഗ്ലിയ GOC യിലും?”

അദ്ദേഹത്തെ മുഴുമിപ്പിക്കാൻ ഷഫ്റ്റോ അനുവദിച്ചില്ല. “ഈ പറഞ്ഞ ഓഫീസുകളിൽ കസേരയിൽ ഇരുന്ന് സുഖിക്കുന്ന ആ തന്തയില്ലാത്തവന്മാരെ ഇക്കാര്യം ഒന്ന് ബോദ്ധ്യപ്പെടുത്താൻ ഫോൺ വഴി ഞാനെത്ര ശ്രമിച്ചുവെന്നറിയുമോ? ഞാൻ പറഞ്ഞ കാര്യം ശരിയാണോ എന്ന് അന്വേഷിച്ച് ഒരു തീരുമാനമെടുക്കാൻ കുറച്ച് സമയം വേണമത്രെ അവർക്ക്    ഷഫ്റ്റോ മേശപ്പുറത്ത് മുഷ്ടി ചുരുട്ടി ഇടിച്ചു. “ഈ ജർമ്മൻ‌കാരെ ഞാൻ തന്നെ കൈകാര്യം ചെയ്യാൻ പോകുന്നു ഇവിടെ വച്ച് ഇപ്പോൾ ഐ ഹാവ് ദി മെൻ റ്റു ഡൂ ഇറ്റ് ആക്ഷൻ ദിസ് ഡേ…!  അദ്ദേഹം പൊട്ടിച്ചിരിച്ചു. “തക്ക സമയത്താണ് ഈ ചർച്ചിൽ വിഷയം എന്നെ തേടിയെത്തിയതെന്നേ ഞാൻ പറയൂ

ഷഫ്റ്റോ എന്താണുദ്ദേശിക്കുന്നതെന്ന് ഹാരി കെയ്ന് പിടികിട്ടി. ദൈവം കൊണ്ടുതന്ന ഒരു സുവർണ്ണാവസരമായിട്ടാണ് അദ്ദേഹം ഇതിനെ കാണുന്നത്. മേലധികാരികളുടെ മുന്നിൽ നഷ്ടപ്പെട്ട തന്റെ മതിപ്പ് വീണ്ടെടുക്കുവാനുള്ള അപൂർവ്വാവസരം. അത് ശരിക്കും മുതലാക്കുവാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിലിന്റെ ജീവൻ രക്ഷിച്ച ആൾ എന്ന പ്രശസ്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സായുധസംഘട്ടനം ചരിത്രപുസ്തകങ്ങളുടെ ഏടുകളിൽ സ്ഥാനം പിടിക്കാൻ പോകുന്നു. ജനറൽ പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ സ്ഥാനക്കയറ്റം ഈ സംഭവത്തിന് ശേഷവും തടഞ്ഞ് വയ്ക്കാനാണ് പെന്റഗണിന്റെ തീരുമാനമെങ്കിൽ അമേരിക്കൻ തെരുവുകളിൽ കലാപം നടക്കും.

“നോക്കൂ സർ  പമേല പറഞ്ഞത് സത്യമാണെങ്കിൽ നിസ്സാര കാര്യമല്ല ഇത് എന്റെ അഭിപ്രായത്തിൽ ബ്രിട്ടീഷ് വാർ ഓഫീസ് ഈ വിഷയം അത്ര ലാഘവത്തോടെ തള്ളിക്കളയുമെന്ന് തോന്നുന്നില്ല ഹാരി കെയ്ൻ പറഞ്ഞു.

ഷഫ്റ്റോ ഒരിക്കൽക്കൂടി തന്റെ മുഷ്ടി ചുരുട്ടി മേശപ്പുറത്ത് ഇടിച്ചു. “എന്താണ് നിങ്ങളുടെ മനസ്സിൽ? ഒരു പക്ഷേ ആ ഗെസ്റ്റപ്പോ ഭടന്മാർ അവരുടെ കഴിവിനും അപ്പുറം മുന്നേറിയാലോ?” ജാലകത്തിന്നരികിലേക്ക് തിരിഞ്ഞ അദ്ദേഹം പെട്ടെന്ന് തന്നെ വെട്ടിത്തിരിഞ്ഞു. തെറ്റുചെയ്ത സ്കൂൾ വിദ്യാർത്ഥിയുടെ ജാള്യതയോടെ അദ്ദേഹം മന്ദഹസിച്ചു. “സോറി ഹാരീ ഞാൻ അൽപ്പം ആവേശം കാണിച്ചു നിങ്ങൾ പറഞ്ഞതിൽ തീർച്ചയായും കാര്യമുണ്ട്

 “ഓ.കെ സർ എന്താണ് നമ്മുടെ അടുത്ത നീക്കം?”

ഷഫ്റ്റോ വാച്ചിലേക്ക് നോക്കി. “ഇപ്പോൾ നാല് പതിനഞ്ച് അതായത് പ്രധാനമന്ത്രി എത്തിക്കൊണ്ടിരിക്കുന്നു അദ്ദേഹത്തിന്റെ റൂട്ട് ഏതാണെന്ന് ഇപ്പോൾ വ്യക്തമാണല്ലോ നിങ്ങൾ ജീപ്പുമെടുത്ത് അദ്ദേഹം വരുന്ന വഴിയിൽ കുതിക്കുക ആ പെൺ‌കുട്ടി പറഞ്ഞത് വച്ച് നോക്കിയാൽ വാൾസിങ്ങ്‌ഹാമിന് ഇപ്പുറത്ത് വച്ചെങ്കിലും അദ്ദേഹത്തെ കണ്ടുമുട്ടുവാൻ കഴിഞ്ഞേക്കും

“ഞാൻ യോജിക്കുന്നു സർ അത് വഴി അദ്ദേഹത്തിന് ചുരുങ്ങിയത് നൂറ്റിപ്പത്ത് ശതമാനം സുരക്ഷ ഉറപ്പ് വരുത്തുവാൻ നമുക്ക് കഴിയും

“എക്സാക്റ്റ്ലി” ഷഫ്റ്റോ കസേരയിലേക്ക് ചാഞ്ഞ് ടെലിഫോൺ എടുത്തു. “നൌ ഗെറ്റ് മൂവിങ്ങ് ആന്റ് ടേക്ക് ഗാർവി വിത്ത് യൂ

“യെസ് കേണൽ

വാതിൽ തുറന്ന് പുറത്ത് കടക്കവേ ഫോണിൽ ആരോടോ ആജ്ഞാപിക്കുന്ന ഷഫ്റ്റോയുടെ സ്വരം ഹാരി കെയ്ൻ കേട്ടു. “ഈസ്റ്റ് ആംഗ്ലിയ ഡിസ്ട്രിക്ടിന്റെ ജനറൽ കമാന്റിങ്ങ് ഓഫീസറെ വേണം എനിക്ക് ഇപ്പോൾ തന്നെ നോ വൺ എൽ‌സ്

റിസീവർ ക്രാഡിലിൽ വച്ചതും ഫോൺ റിങ്ങ് ചെയ്തു. ഓപ്പറേറ്ററുടെ സ്വരം ഷഫ്റ്റോയുടെ കാതിൽ മുഴങ്ങി. “വിളിച്ചിരുന്നുവോ കേണൽ?”

“യെസ് ഗെറ്റ് ക്യാപ്റ്റൻ മാലെറി റൈറ്റ് നൌ

വെറും നാൽപ്പത്തിയഞ്ച് സെക്കന്റിനുള്ളിൽ മാലെറി അദ്ദേഹത്തിന് മുന്നിൽ എത്തിക്കഴിഞ്ഞിരുന്നു.

“യൂ വാണ്ടഡ് മീ കേണൽ?”

“യെസ് അഞ്ച് മിനിറ്റിനുള്ളിൽ മൂവ് ചെയ്യാൻ തയ്യാറുള്ള നാൽപ്പത് പേർ എട്ട് ജീപ്പുകൾ മതിയാവും പെട്ടെന്ന്

“തീർച്ചയായും സർ” ഒന്ന് സംശയിച്ച് നിന്നിട്ട് മനസ്സില്ലാ മനസോടെ അയാൾ ആരാഞ്ഞു. “നമ്മുടെ ലക്ഷ്യം എന്താണ് എന്ന് ചോദിക്കുന്നതിൽ വിരോധമുണ്ടോ കേണൽ?”

“വെൽ ലെറ്റ് അസ് പുട്ട് ഇറ്റ് ദിസ് വേ ഇന്ന് രാത്രി കഴിയുന്നതോടെ നിങ്ങൾക്ക് മേജർ പദവിയിലേക്ക് പ്രൊമോഷൻ അല്ലെങ്കിൽ  മരണം” ഷഫ്റ്റോ പറഞ്ഞു.

പെരുമ്പറ കൊട്ടുന്ന ഹൃദയവുമായി മാലെറി പുറത്തേക്ക് നടന്നു. മുറിയുടെ മൂലയിലെ ഷെൽഫിനരികിൽ ചെന്ന് ബോട്ട്‌ൽ എടുത്ത് ഷഫ്റ്റോ ഗ്ലാസിലേക്ക് പകർന്നു. ജാലകച്ചില്ലിൽ ചരൽ പോലെ വന്ന് പതിക്കുന്ന  മഴത്തുള്ളികളെ നോക്കി ആസ്വദിച്ചുകൊണ്ട് അദ്ദേഹം മദ്യം നുകർന്നു. വെറും ഇരുപത്തിനാല് മണിക്കൂർ പിന്നെ ഒരു പക്ഷേ,അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ വ്യക്തി താനായിരിക്കും തന്റെ ദിനം ആഗതമായിരിക്കുന്നു അതിൽ ഒട്ടും സന്ദേഹമുണ്ടായിരുന്നില്ല അദ്ദേഹത്തിന്.

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...