Wednesday, December 25, 2019

ഈഗിൾ ഹാസ് ലാന്റഡ് – 139


1953 ൽ സർ ഹെൻട്രി വില്ലഫ്ബി മരണമടഞ്ഞു. എന്നാൽ ബ്രിഗേഡിയർ വില്യം കൊർകൊറാൻ തന്റെ റിട്ടയർമെന്റ് ജീവിതം കോൺവാളിലെ റോക്കിൽ കഴിച്ചു കൂട്ടുന്നതായി എന്റെ അന്വേഷണത്തിൽ കണ്ടെത്തി. എൺപത്തിരണ്ട് വയസ്സുള്ള അദ്ദേഹം സാമാന്യം മര്യാദയോടെ തന്നെയാണ് എന്നെ സ്വീകരിച്ചത്. എനിക്ക് പറയാനുള്ളതെല്ലാം കേട്ടതിന് ശേഷം അദ്ദേഹം പറഞ്ഞത് എനിക്ക് വട്ടാണെന്നും പിച്ചും പേയും പുലമ്പുകയാണെന്നും ആയിരുന്നു. എന്നിട്ട് മര്യാദ കൈവെടിയാതെ തന്നെ പുറത്തേക്കുള്ള വാതിൽ കാണിച്ചു തന്നു.

സ്പെഷൽ ബ്രാഞ്ചിലെ ഐറിഷ് സെക്ഷനിൽ അന്ന് ഇൻസ്പെക്ടർ ആയിരുന്ന ഫെർഗസ് ഗ്രാന്റിന്റെ പെരുമാറ്റവും ഒട്ടും വിഭിന്നമായിരുന്നില്ല. രാജ്യത്തെ ഏറ്റവും വലിയ പ്രൈവറ്റ് സെക്യൂരിറ്റി കമ്പനികളിൽ ഒന്നിന്റെ മാനേജിങ്ങ് ഡയറക്ടർ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കാണുവാൻ അപ്പോയ്ൻമെന്റിന് വേണ്ടി എഴുതിയ കത്തിന് ഒട്ടും വൈകാതെ തന്നെ എനിക്ക് മറുപടിയും ലഭിച്ചു. ഞാനുമായി എന്തെങ്കിലും വിവരം പങ്കു വയ്ക്കുവാൻ ഒരു കാരണവശാലും താൻ താല്പര്യപ്പെടുന്നില്ല എന്നായിരുന്നു അത്. എന്നെക്കുറിച്ച് ആരോ അദ്ദേഹത്തെ ധരിപ്പിച്ചിരുന്നു എന്നത് വ്യക്തം. ഒരു കണക്കിന് പറഞ്ഞാൽ ഡെവ്ലിന്റെ ഉപദേശം അദ്ദേഹം കാര്യമായിത്തന്നെ എടുത്ത് മറ്റൊരു മേഖലയിലേക്ക് തന്റെ ഔദ്യോഗിക ജീവിതം വഴി മാറ്റി എന്ന് പറയാം.

അപ്പോൾ ഡെവ്ലിൻ? പീറ്റർ ഗെറിക്കിൽ നിന്നുമാണ് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ എനിക്ക് ലഭിച്ചത്. ഒരു വൈമാനികൻ ഒരിക്കലും എത്തിപ്പെടാൻ സാദ്ധ്യതയില്ലാത്ത ഉദ്യോഗത്തിലാണ് ഗെറിക്ക് ചെന്നു പെട്ടത്. ക്രൂയ്സ് ഷിപ്പിങ്ങ് രംഗത്തുള്ള ഒരു കമ്പനിയിൽ പ്ലാനിങ്ങ് ഡയറക്ടർ ആയി അദ്ദേഹത്തെ കാണുവാൻ ശ്രമം നടത്തിയപ്പോൾ ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ എവിടെയോ ആണെന്നായിരുന്നു അറിയാൻ കഴിഞ്ഞത്. പിന്നീട് രണ്ട് മാസങ്ങൾക്ക് ശേഷമാണ് അദ്ദേഹത്തെ സന്ധിക്കാൻ എനിക്കായത്. ബ്ലാങ്കെനീസ് എന്ന മനോഹരമായ പ്രദേശത്ത് അദ്ദേഹത്തിന്റെ വസതിയിൽ വച്ചാണ് ഞങ്ങൾ തമ്മിൽ കണ്ടത്. നദീ തീരത്ത് നിലകൊള്ളുന്ന റെസ്റ്ററന്റുകളിലൊന്നിൽ ഉച്ചഭക്ഷണത്തിനായി അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടു പോയി.

അന്നത്തെ ആ ദൗത്യത്തെക്കുറിച്ചുള്ള സകല വിവരങ്ങളും അറിയാമായിരുന്നു എന്നതായിരുന്നു ഗെറിക്കും മറ്റുള്ളവരും തമ്മിൽ  ഞാൻ കണ്ട വ്യത്യാസം. കടലിൽ തകർന്ന് വീണ വിമാനത്തിൽ നിന്ന് രക്ഷപെടുത്തി അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്ന ആംസ്റ്റർഡാമിലെ അതേ ഹോസ്പിറ്റലിലേക്ക് തന്നെയായിരുന്നു അവർ റിട്ടർ ന്യുമാനെയും ലിയാം ഡെവ്ലിനെയും കൊണ്ടുവന്നത്. ഏത് വിധത്തിൽ നോക്കിയാലും അവർ മൂവരും കൂടി അവിടുത്തെ വാസം ശരിക്കും മുതലാക്കി എന്ന് വേണം പറയാൻ. വൈകുന്നേരത്തെ കോഫിയുടെ സമയത്തായിരുന്നു ഗെറിക്ക് ആ ബോംബ്  പൊട്ടിച്ചത്.

ലിയാം എങ്ങനെ ഇന്നും പിടിച്ചു നിൽക്കുന്നു എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് കഴിഞ്ഞ വർഷം സ്വീഡനിൽ ഒരു പാർട്ടിയിൽ വച്ച് ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു തികച്ചും യാദൃച്ഛികമായി ബെൽഫാസ്റ്റിൽ നിന്നും മാറി നിൽക്കുകയായിരുന്നു അദ്ദേഹം

ബെൽഫാസ്റ്റിൽ നിന്നോ?” ഞാൻ ചോദിച്ചു.

അതെ തീർച്ചയായും നിങ്ങൾക്ക് അറിയാം അദ്ദേഹത്തെ ഒരു മിനിറ്റ്

അദ്ദേഹം തന്റെ പേഴ്സ് എടുത്തു തുറന്നു. എന്നിട്ട് അതിൽ നിന്നും മടക്കി വച്ചിരുന്ന ഒരു പേപ്പർ ക്ലിപ്പ് എടുത്ത്  എനിക്ക് നീട്ടി. അത് തുറന്ന് നോക്കിയ എന്റെ ഹൃദയമിടിപ്പ് ഏതാനും നിമിഷനേരത്തേക്ക് നിലച്ചു പോയതു പോലെ തോന്നി. എന്റെ ബാല്യകാലം മുതൽ കേട്ടു പരിചയമുള്ള ഒരു വ്യക്തിയുടെ ചിത്രമായിരുന്നു അത്. ഐറിഷ് രാഷ്ട്രീയത്തിലെ അണ്ടർവേൾഡ് കിങ്ങ് പ്രൊവിൻഷ്യൽ IRA മൂവ്മെന്റിന്റെ ശില്പി കഴിഞ്ഞ നാലു വർഷമായി യൂൾസ്റ്ററിന്റെ അതിർത്തിയിലെമ്പാടും ബ്രിട്ടീഷ് ആർമി വല വിരിച്ച് തേടിക്കൊണ്ടിരിക്കുന്ന ആ ഐതിഹാസിക യോദ്ധാവ് അദ്ദേഹത്തിന്റെ ചിത്രമായിരുന്നു അത്.

എന്ത്! ഇതാണ് ലിയാം ഡെവ്ലിൻ എന്നോ?” ആ യാഥാർത്ഥ്യത്തിന്റെ വലിപ്പം ഉൾക്കൊള്ളാനായില്ല എനിക്ക്.

യെസ് 1943 മുതൽ ഇങ്ങോട്ട് പതിനാലോ പതിനഞ്ചോ തവണയെങ്കിലും ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ട് വളരെ അടുത്ത ബന്ധമായിരുന്നു ഞങ്ങൾ പുലർത്തിയിരുന്നത്ഗെറിക്ക് പറഞ്ഞു.

അദ്ദേഹത്തിന് എന്താണ് സംഭവിച്ചത്? അതായത് ദൗത്യം പരാജയപ്പെട്ടതിന് ശേഷം

റൈഫ്യൂററുടെ അപ്രീതിക്ക്  പാത്രമായിക്കഴിഞ്ഞാൽ പിന്നെ എന്താണ് കാത്തിരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം എന്നെ രക്ഷിച്ചത് ഇതാ, മുറിച്ചു മാറ്റപ്പെട്ട ഈ വലതു കാലാണ്വലത് കാൽമുട്ടിൽ തട്ടിക്കൊണ്ട് അദ്ദേഹം പുഞ്ചിരിച്ചു. “നിങ്ങൾ ഇത് ശ്രദ്ധിച്ചില്ലെന്ന് തോന്നുന്നു അതല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു ഡോക്ടർമാരുടെ മുന്നിൽ അങ്ങനെ ഒരു വർഷത്തിലധികം എനിക്ക് ആശുപത്രിയിൽ കഴിച്ചു കൂട്ടേണ്ടി വന്നു റിട്ടർ ന്യുമാന്റെ കാര്യത്തിലും ഏറെക്കുറെ ഇതു തന്നെയായിരുന്നു അവസ്ഥ ആറു മാസത്തോളം അദ്ദേഹത്തിന് ആശുപത്രിയിൽ കിടക്കേണ്ടി വന്നു എന്നാൽ ലിയാം ഡെവ്ലിൻ ആകട്ടെ, ഏതാനും ആഴ്ചകൾ കൊണ്ട് സുഖം പ്രാപിച്ചു ഹിംലറുടെ കരാള ഹസ്തങ്ങൾ തന്റെ പിന്നാലെ ഉണ്ടാകും എന്ന് ഭയന്ന അദ്ദേഹം ഒരു രാത്രിയിൽ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോയി വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ അവസരത്തിലാണ് അദ്ദേഹം പിന്നീടുള്ള ചരിത്രം വിവരിച്ചത് ഏറെ ബുദ്ധിമുട്ടി ലിസ്ബനിൽ എത്തിയ അദ്ദേഹം അമേരിക്കയിലേക്കുള്ള ഒരു കപ്പലിൽ കയറിപ്പറ്റി ഏതാനും വർഷങ്ങൾ ഒരു അദ്ധ്യാപകനായി അദ്ദേഹമവിടെ സേവനമനുഷ്ഠിച്ചു ഇൻഡ്യാനാ കോളേജിൽ ആണെന്ന് തോന്നുന്നു അമ്പതുകളുടെ അവസാനം IRA മൂവ്മെന്റ് സജീവമായ നാളുകളിൽ ഡെവ്ലിൻ വീണ്ടും അയർലണ്ടിലേക്ക് മടങ്ങി എന്നാൽ അധികകാലം അദ്ദേഹത്തിനവിടെ പിടിച്ചു നിൽക്കാനായില്ല വീണ്ടും അമേരിക്കയിലേക്ക്

“IRA പ്രസ്ഥാനം വീണ്ടും കരുത്താർജ്ജിച്ച് തുടങ്ങിയ സമയത്ത് അദ്ദേഹം തിരിച്ചു വന്നു?”

അതെ പിന്നീട് അദ്ദേഹത്തിന് പിറകോട്ട് നോക്കേണ്ടി വന്നിട്ടില്ല എന്നാണവർ പറയുന്നത്

ഇപ്പോഴും അദ്ദേഹം ജീവിച്ചിരിക്കുന്നു എന്നത് ഒരു മഹാത്ഭുതം തന്നെഎനിക്ക്  വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല അതൊന്നും.

അദ്ദേഹത്തെ നേരിൽ കാണാനുള്ള ഉദ്ദേശ്യം വല്ലതുമുണ്ടോ?”

യെസ്  തീർച്ചയായും

ഗിവ് ഹിം മൈ ബെസ്റ്റ് ആന്റ് റ്റെൽ ഹിം റ്റെൽ ഹിം ------”  അദ്ദേഹം എന്തോ സംശയിക്കുന്നത്  പോലെ തോന്നി.

റ്റെൽ വാട്ട്?” ആകാംക്ഷയോടെ ഞാൻ ചോദിച്ചു.

പെട്ടെന്ന് അദ്ദേഹത്തിന്റെ മുഖം മ്ലാനമായി. “ഇല്ല പറഞ്ഞിട്ടെന്ത് കാര്യം? എത്രയോ വർഷമായി ഞാനത്  അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നു അർത്ഥശൂന്യമായ ഈ കലാപം അദ്ദേഹം സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ഇരുണ്ട പാതഗെറിക്ക് തലയാട്ടി. “നിങ്ങൾക്കറിയാമല്ലോ, ഇത്തരം ആശയങ്ങളുടെയെല്ലാം അന്ത്യം ഒരുപോലെ ആയിരിക്കും

എന്നാൽ ബെൽഫാസ്റ്റിലേക്ക് പോകുന്നതിന് മുമ്പ് ഒരിക്കൽക്കൂടി ഞാൻ സ്റ്റഡ്ലി കോൺസ്റ്റബിൾ സന്ദർശിക്കുവാനെത്തി. കാരണം, ഒരാളെക്കൂടി എനിക്ക് കാണേണ്ടതുണ്ടായിരുന്നു. അങ്ങേയറ്റം സവിശേഷതയാർന്ന ഒരു വ്യക്തിയെ ഡെവ്ലിന്റെ കാലഘട്ടത്തിലേതിൽ നിന്നും പ്രിയോർ ഫാമിൽ വളരെയേറെ മാറ്റം വന്നിരിക്കാം ഇപ്പോൾ. കാലിത്തീറ്റ സംഭരിച്ചു വയ്ക്കുവാൻ വേണ്ടിയുള്ള ഒരു സംഭരണി ഉയർന്നു നിൽക്കുന്നു. ധാരാളം പുതിയ കെട്ടിടങ്ങൾ അടുത്തടുത്തായി നിർമ്മിച്ചിരിക്കുന്നു. ഫാമിന്റെ മുറ്റം കോൺക്രീറ്റ് ചെയ്തിരിക്കുന്നു. പ്രതീക്ഷയോടെ വാതിൽക്കൽ ഞാൻ മുട്ടി. ഓവറോൾ ധരിച്ച ഒരു ചെറുപ്പക്കാരി വാതിൽ തുറന്ന് എത്തി നോക്കി. അവളുടെ ഒക്കത്ത് ഒരു കുഞ്ഞുമുണ്ടായിരുന്നു.

യെസ്?” വിനയത്തോടെ അവൾ ചോദിച്ചു.

നിങ്ങൾക്കെന്നെ സഹായിക്കാൻ കഴിയുമോ എന്നെനിക്ക് അറിയില്ലഞാൻ പറഞ്ഞു. “സത്യത്തിൽ ഞാൻ വന്നത് മോളി പ്രിയോറിനെ കാണുവാൻ വേണ്ടിയാണ്

അവൾ പൊട്ടിച്ചിരിച്ചു പോയി. “മൈ ഗുഡ്നെസ്സ് താങ്കൾ ഏതോ പഴയ കാലത്ത് ജീവിക്കുന്ന ആളാണെന്ന് തോന്നുന്നല്ലോഅവൾ തിരിഞ്ഞു. “അമ്മാ, നിങ്ങളെ കാണാൻ ആരോ വന്നിരിക്കുന്നു

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, December 8, 2019

ഈഗിൾ ഹാസ് ലാന്റഡ് – 138


ബ്രിട്ടീഷ് ലെജിയൻ ഓഫ് സെന്റ് ജോർജ്ജ് എന്ന ജർമ്മൻ സൈനിക വിഭാഗത്തിന്റെ സ്ഥാപകനായിരുന്ന ജോൺ ആമെറിയെ രാജ്യദ്രോഹക്കുറ്റത്തിന് തൂക്കിക്കൊല്ലുകയാണുണ്ടായത്. 1945 നവംബറിൽ ഓൾഡ് ബെയ്ലി കോടതിയിലെ ജസ്റ്റിസ് ഹംഫ്രിയായിരുന്നു ആ വിധി പ്രസ്താവിച്ചത്. ഹാർവി പ്രെസ്റ്റന്റെ ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ സഹപ്രവർത്തരുടെയും വിധി ഏതാണ്ടൊക്കെ സമാനമായിരുന്നു. SS സേന എത്രയൊക്കെ കിണഞ്ഞ് പരിശ്രമിച്ചിട്ടും ബ്രിട്ടീഷ് ഫ്രീ കോർപ്സിന്റെ അംഗബലം രണ്ട് പ്ലറ്റൂണുകൾക്ക് മുകളിലേക്ക് ഉയർത്തുവാൻ സാധിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. യുദ്ധത്തെ അതിജീവിച്ചവർക്ക് ലഭിച്ചത് ഒരു വർഷം മുതൽ ജീവപര്യന്തം വരെയുള്ള തടവുശിക്ഷയായിരുന്നു. ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ ഒരു സെർജന്റും ഇരുപത് ഭടന്മാരും ഒരു SS പാൻസർ ഡിവിഷനോടൊപ്പം നിൽക്കുന്ന ഒരു ചിത്രം ഞാൻ കാണുകയുണ്ടായി. അവസാന നാളുകളിൽ  ബെർലിൻ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിൽ പങ്കെടുക്കുവാനായി ആ ഡിവിഷനെയും ബെർലിനിലേക്ക് അയയ്ക്കുകയുണ്ടായി. അന്ന്, അതായത് 1945 ഏപ്രിൽ പതിനഞ്ചിന് ബ്രിട്ടീഷ് ഫ്രീ കോർപ്സിനെ ടെംപ്ലിനിലേക്ക് അയച്ചു. അവരുടെയൊക്കെ പേരുകൾ ആ ഡിവിഷന്റെ രേഖകളിൽ നിന്നും പിന്നീട് നീക്കം ചെയ്യപ്പെട്ടു. ഒരു വിധത്തിൽ നോക്കിയാൽ പ്രെസ്റ്റൺ അവരെക്കാളൊക്കെ ഭാഗ്യവാൻ ആയിരുന്നുവെന്ന് വേണം പറയാൻ.

ഗ്രാൻ സാസോ കമാൻഡോ ഓപ്പറേഷനിലൂടെ പ്രസിദ്ധനായ ഓട്ടോ സ്കോർസെനിയെയും വിചാരണയ്ക്ക് വിധേയനാക്കി. ദൗത്യവേളയിൽ അദ്ദേഹവും സംഘവും ധരിച്ചിരുന്നത് അമേരിക്കൻ യൂണിഫോം ആയിരുന്നുവെന്നതായിരുന്നു ചുമത്തപ്പെട്ട കുറ്റം. ജോർക്ക് ക്രോസ് ബഹുമതി നേടിയ ബ്രിട്ടീഷ് ഓഫീസറായ വിങ്ങ് കമാൻഡർ യോ തോമസ് ആയിരുന്നു പ്രോസിക്യൂഷന്റെ സാക്ഷി. ഗെസ്റ്റപ്പോയുടെ പിടിയിൽ നിന്നും രക്ഷപെട്ട് തിരികെയെത്തിയ അദ്ദേഹത്തിന്റെ മൊഴി പക്ഷേ, കേസ് ദുർബലമാക്കുകയാണുണ്ടായത്. ഫ്രഞ്ച് ചെറുത്തുനിൽപ്പിനായി നിയോഗിച്ചിരുന്ന ബ്രിട്ടീഷ് ഏജന്റുമാർ എല്ലാം തന്നെ ജർമ്മൻ യൂണിഫോം ആയിരുന്നു ധരിച്ചിരുന്നതെന്ന് അദ്ദേഹം കോടതിയിൽ ബോധിപ്പിച്ചു. അതോടെ സ്കോർസെനിയുടെ മേൽ ആരോപിച്ചിരുന്ന കുറ്റങ്ങളെല്ലാം തള്ളിപ്പോകുകയും മോചിതനാവുകയും ചെയ്തു. 1944 ൽ ആൽഡെർണിയിൽ വച്ച് GI യൂണിഫോമിൽ പിടിയിലായ തന്റെ സഹപ്രവർത്തകരെക്കാൾ ഭാഗ്യവാനായിരുന്നു സ്കോർസെനി. ജനീവ കൺവെൻഷന്റെ ലംഘനം എന്ന കാരണം പറഞ്ഞ് വധശിക്ഷയ്ക്ക് വിധേയരാക്കുകയായിരുന്നു അവരെയെല്ലാം. സ്റ്റെയ്നറും സംഘവും പോളിഷ് യൂണിഫോം ധരിച്ചതിലുള്ള ഫാദർ വെറേക്കറുടെ രോഷം വെറുതെയായിരുന്നില്ല എന്ന് സാരം.

റോസ്മാന്റെയും ഗെസ്റ്റപ്പോ അനുയായികളുടെയും ഇര എന്ന നിലയിൽ കാൾ ഹോഫർ ഭൂമുഖത്തു നിന്നും അപ്രത്യക്ഷമായി. കാരണം, ആ ദൗത്യത്തെക്കുറിച്ച് കൂടുതൽ  എന്തെങ്കിലും അറിയുമെങ്കിൽ അത് ഹോഫറിന് മാത്രമായിരുന്നു.

എന്നാൽ ഹാരി  കെയ്ൻ ഭാഗ്യവാനായിരുന്നു. യുദ്ധം അവസാനിച്ചപ്പോഴേക്കും അദ്ദേഹത്തിന് പൂർണ്ണ കേണൽ പദവി ലഭിച്ചു കഴിഞ്ഞിരുന്നു. വാഷിങ്ങ്ടണിലെ പെന്റഗൺ റെക്കോർഡ്സ് ഡിപ്പാർട്ട്മെന്റിലെ രേഖകൾ ആ വിവരം ശരി വയ്ക്കുന്നതായിരുന്നു. കാലിഫോർണിയയിലാണ് അദ്ദേഹം താമസിക്കുന്നതെന്നറിഞ്ഞ ഞാൻ സാൻ ഫ്രാൻസിസ്കോയിലേക്ക് പറന്നു. അവിടെ നിന്നും ഒരു റെന്റ് എ കാർ എടുത്ത് ബിഗ് സൂറിലുള്ള ആ വീട്ടിലേക്ക് ഒരു ഞായറാഴ്ച്ച ഞാൻ കയറിച്ചെന്നു. എന്നിട്ട് എന്റെ കണ്ടെത്തലുകൾ മുഴുവനും അദ്ദേഹത്തിന്റെ മുന്നിലേക്കിട്ടു കൊടുത്തു.

എന്റെ തന്ത്രം വിജയിച്ചു. അന്നത്തെ രഹസ്യങ്ങൾ അറിയുവാൻ അദ്ദേഹത്തിന് അത്രയധികം  താല്പര്യമുണ്ടായിരുന്നു എന്നതു തന്നെ കാരണം. യുദ്ധാനന്തരം ഒരു ഒരു എഴുത്തുകാരനായി മാറിയിരുന്നു അദ്ദേഹം. ചലച്ചിത്രങ്ങൾക്കുള്ള തിരക്കഥ, ടെലിവിഷൻ പരമ്പരകൾക്കുള്ള കഥകൾ എന്നിവയായിരുന്നു ഇഷ്ടമേഖല. അടുത്ത കാലത്തായി പ്രൊഡക്ഷൻ രംഗത്താണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 1945 ൽ അദ്ദേഹം പമേലാ വെറേക്കറെ വിവാഹം ചെയ്തു. വൈകിട്ട് ബീച്ചിലൂടെ നടക്കവെ അദ്ദേഹം തന്റെ മനസ്സ് തുറന്നു. പമേലയുമായുള്ള ദാമ്പത്യം അത്ര വിജയമായിരുന്നില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലാക്കാനായത്. എന്തു തന്നെയായാലും ആ ദാമ്പത്യം അധികം നീണ്ടു നിന്നില്ല. ലുക്കീമിയ ബാധിച്ച് 1948 ൽ അവൾ മരണമടഞ്ഞു.

എന്റെ കണ്ടെത്തലുകൾ അദ്ദേഹത്തെ അതിശയിപ്പിക്കുക തന്നെ ചെയ്തു. കാരണം ആ ദൗത്യവുമായി ബന്ധപ്പെട്ട് ജർമ്മൻ ഭാഗത്തുള്ള വസ്തുതകൾ ഒരിക്കലും അദ്ദേഹം അറിഞ്ഞിരുന്നില്ല. വിട്ടു പോയ പല ഭാഗങ്ങളും പൂരിപ്പിക്കുവാൻ അദ്ദേഹം എന്നെ സഹായിച്ചു. സ്റ്റഡ്ലി കോൺസ്റ്റബിളിൽ അന്ന് വൈകിട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് മാത്രമല്ല, പിന്നീട് രാത്രിയിൽ മെൽറ്റ്ഹാം ഹൗസിൽ ഉണ്ടായ സംഭവങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു.

“ഇപ്പോൾ അതേക്കുറിച്ചെല്ലാം ആലോചിച്ചു നോക്കുമ്പോൾ  ഒരു  വിരോധാഭാസം പോലെ തോന്നുന്നു” അദ്ദേഹം പറഞ്ഞു. “എന്റെ തലമുറയിലെ ഒരു മഹദ്‌വ്യക്തിയുടെ ജീവൻ രക്ഷിക്കുവാൻ അന്ന് അര നിമിഷ സമയം മാത്രമേ എന്റെ മുന്നിൽ ഉണ്ടായിരുന്നുള്ളൂ കാരണം അതൊരു സെക്യൂരിറ്റി വീഴ്ച്ചയായിരുന്നു എന്നിട്ടോ, റിപ്പോർട്ടുകളിലൊന്നിൽ പോലും എന്റെ പേര് പരാമർശിക്കപ്പെട്ടില്ല

“അത്രയ്ക്കും മോശമായിരുന്നുവോ അന്നത്തെ നടപടികൾ?”

“സഹോദരാ, നിങ്ങൾക്കറിയാഞ്ഞിട്ടാണ് ആ സംഭവത്തിൽ ഉൾപ്പെട്ട ഓരോ വ്യക്തിയെയും പ്രത്യേകം പ്രത്യേകം അവർ വിളിപ്പിച്ചു സുരക്ഷാ കാരണങ്ങളാൽ പ്രസ്തുത വിവരങ്ങൾ ഒന്നു പോലും പുറത്ത് പോകാൻ പാടില്ല എന്നവർ കർശന നിർദ്ദേശം നൽകി വായ് തുറക്കുന്നത് ആരായാലും ശരി, പത്ത് വർഷത്തെ ജയിൽ വാസം അതായിരുന്നു അവരുടെ ഭീഷണി അത് മാത്രമല്ല... സ്റ്റഡ്‌ലി കോൺസ്റ്റബിൾ സംഭവത്തിന് ശേഷം ഞങ്ങളുടെ ട്രൂപ്പ് ഔദ്യോഗികമായിത്തന്നെ പിരിച്ചുവിടപ്പെട്ടു എന്നിട്ട് പുതിയൊരു എയർബോൺ പാത്ത് ഫൈൻഡിങ്ങ് യൂണിറ്റ് രൂപീകരിച്ച് ശേഷിക്കുന്ന അംഗങ്ങളെ അങ്ങോട്ട് മാറ്റി. ഒരു സൂയിസൈഡ് സ്ക്വാഡ് എന്ന് വേണമെങ്കിൽ പറയാം സ്റ്റഡ്‌ലി കോൺസ്റ്റബിൾ സംഭവത്തിന് മുമ്പ് ഏതാണ്ട് തൊണ്ണൂറ് പേരോളം ഉണ്ടായിരുന്നു ഞങ്ങളുടെ സംഘത്തിൽ അതിൽ അവശേഷിച്ചവരെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കുവാൻ പെന്റഗണിലെ ഏതോ കുശാഗ്രബുദ്ധിക്കാരന്റെ മസ്തിഷ്കത്തിൽ ഉദിച്ച ആശയം

“എന്നിട്ട് അതിൽ വിജയിച്ചുവോ അയാൾ?”

“എന്ന് തന്നെ പറയാം D-Day യുടെ തലേന്ന് രാത്രി സെന്റ് എഗ്ലിസിന് സമീപമുള്ള എൺപത്തിരണ്ട്, നൂറ്റിയൊന്ന് എന്നീ എയർബോൺ ഡിവിഷനുകളുടെ പാത്ത്  ഫൈൻഡേഴ്സ് ആയി ഞങ്ങൾ നിയോഗിക്കപ്പെട്ടു ശക്തമായ കാറ്റുണ്ടായിരുന്നു അന്ന് അതോടൊപ്പം നാവിഗേഷനിൽ ആർക്കോ പിണഞ്ഞ ചെറിയ ഒരു പിഴവ് മൂലം ടാർഗറ്റിൽ നിന്നും അഞ്ച് മൈൽ ദൂരെയാണ് ഞങ്ങൾ ഡ്രോപ്പ് ചെയ്യപ്പെട്ടത് ജർമ്മൻ സൈന്യത്തിന്റെ പാൻസർ ഗ്രനേഡിയേഴ്സിന്റെ മടിയിലേക്ക്” അദ്ദേഹം തലയാട്ടി. “ഞാൻ കണ്ടിട്ടുള്ളതിൽ  വച്ച് ഏറ്റവും രൂക്ഷമായ കയ്യാങ്കളി ആയിരുന്നുവത് നേരിട്ടുള്ള ഏറ്റുമുട്ടൽ ഞങ്ങളിൽ ഭൂരിഭാഗവും പ്രഭാതത്തിന് മുമ്പ് തന്നെ കൊല്ലപ്പെട്ടു

“ഡെക്സ്റ്റർ ഗാർവി അതിൽ ഉണ്ടായിരുന്നുവോ?”

“തീർച്ചയായും... കഴിഞ്ഞ വർഷം ഫ്രാൻസിൽ പോയപ്പോൾ അയാളുടെ ശവകുടീരം ഞാൻ സന്ദർശിച്ചിരുന്നു അയാൾ മാത്രമല്ല, സെർജന്റ് തോമസ്, കോർപ്പറൽ സ്ലീക്കർ അങ്ങനെ എത്രയോ പേർ വല്ലാത്തൊരു ദുരന്തം തന്നെയായിരുന്നു അത്

മഴ പെയ്യുവാൻ തുടങ്ങിയപ്പോൾ ഞങ്ങൾ തിരികെ വീട്ടിലേക്ക് നടന്നു. “എങ്കിലും, ഒരു കാര്യം ഞാൻ ചോദിച്ചോട്ടെ? അതിന് ശേഷം കാലം ഇത്രയും കടന്നു പോയിരിക്കുന്നു ഇതിനെക്കുറിച്ചെല്ലാം ഒന്നെഴുതണമെന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലേ താങ്കൾക്ക്?”

“ഇന്നും അത് ഒരു ക്ലാസിഫൈഡ് ഇൻഫർമേഷൻ വിഭാഗത്തിലാണ് പക്ഷേ, നീണ്ട മുപ്പത് വർഷങ്ങൾക്ക് ശേഷം ഇനിയെന്ത് ഭയക്കാൻ വീട്ടിൽ ചെന്നിട്ട് ചിലതെല്ലാം ഞാൻ കാണിച്ചു തരാം

കാലപ്പഴക്കാത്താൽ അരികുകൾ മഞ്ഞ നിറമായി മാറിയ ഒരു ഫയൽ അന്നത്തെ സംഭവങ്ങളുടെ ടൈപ്പ് റൈറ്ററിൽ തയ്യാറാക്കിയ ഓർമ്മക്കുറിപ്പുകൾ “അപ്പോൾ താങ്കൾ എഴുതുക തന്നെ ചെയ്തു?” ഞാൻ ചോദിച്ചു.

“ഏതാണ്ട് പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് അതേ സമയത്ത് തന്നെയാണ് ഇതും സംഭവിച്ചത്” ഒരു  മാഗസിൻ എടുത്ത്  അദ്ദേഹം മേശപ്പുറത്തേക്കിട്ടു. അടിവസ്ത്രങ്ങൾ മാത്രം ധരിച്ചു നിൽക്കുന്ന ഒരു യുവതിയുടെ ചിത്രമാണ് കവർ പേജിൽ.  ഒരു കൈയ്യിലെ തോക്കു കൊണ്ട് ഒരു കൂട്ടം ഗെസ്റ്റപ്പോ ഭടന്മാർക്ക് നേരെ വെടിയുതിർക്കുകയും മറുകൈയ്യിലെ കത്തി കൊണ്ട് തന്റെ കാമുകന്റെ കൈയ്യിലെ കെട്ട് അറുത്തു മാറ്റുകയും ചെയ്യുകയാണവൾ.

“പേജ് നമ്പർ ഇരുപത്” ഹാരി  കെയ്ൻ പറഞ്ഞു.

‘How I saved Winston Churchill’ എന്നതായിരുന്നു ആ ലേഖനത്തിന്റെ തലക്കെട്ട്. അതിൽ സൂചിപ്പിച്ചിരുന്ന കാര്യങ്ങൾ യാഥാർത്ഥ്യങ്ങളോട് അത്രയൊന്നും നീതി പുലർത്തിയിരുന്നില്ലെങ്കിലും രോമാഞ്ചജനകം തന്നെയായിരുന്നു. സ്ഥലനാമങ്ങൾ പലതും മാറ്റം വരുത്തിയിരിക്കുന്നു. ഉദാഹരണത്തിന് സ്റ്റഡ്‌ലി കോൺസ്റ്റബിൾ, നോർഫോക്കിലെ ചെറിയ ഒരു മാർക്കറ്റ് ടൗൺ ആയ മെൽട്ടൺ കോൺസ്റ്റബിൾ ആയി മാറിയിരിക്കുന്നു. സ്റ്റെയ്നർ ആകട്ടെ SS സേനയിലെ ഓബർസ്റ്റ് വോൺ സ്റ്റാഗെൻ ആണ് അതിൽ. അങ്ങനെ പലതും

“ആരാണ് ഈ മണ്ടത്തരങ്ങളൊക്കെ എഴുതി വച്ചിരിക്കുന്നത്?” ഞാൻ ചോദിച്ചു.

അദ്ദേഹം ആ പേര് കാണിച്ചു തന്നു. തലക്കെട്ടിന് താഴെ ചെറിയ അക്ഷരങ്ങളിൽ അത് അച്ചടിച്ചിരുന്നത് ഞാൻ കാണാതെ പോയതായിരുന്നു. ജെർസി ക്രൂക്കോവ്സ്കി... കേണൽ ഷഫ്റ്റോയുടെ റേഡിയോ ഓപ്പറേറ്റർ... ജോവന്ന ഗ്രേയുടെ നേർക്ക് വെടിയുതിർത്തവൻ ആ മാഗസിൻ ഞാൻ തിരികെ കൊടുത്തു. “അദ്ദേഹത്തെ താങ്കൾ പിന്നീട് കണ്ടിരുന്നുവോ?” ഞാൻ  ചോദിച്ചു.

“ഓ, യെസ് വികലാംഗർക്കുള്ള പെൻഷനും വാങ്ങി ഫീനിക്സിൽ ജീവിതം തള്ളി നീക്കുകയാണ് അയാളിപ്പോൾ അന്നത്തെ D-Day ഡ്രോപ്പിൽ അയാളുടെ തലയ്ക്ക് മാരകമായ പരിക്കേറ്റിരുന്നു മാഗസിനിലെ ഈ ലേഖനം തനിക്ക്  നല്ലൊരു വരുമാനം കൊണ്ടുതരും എന്ന് ആ പാവം മോഹിച്ചു പോയി

“എന്നിട്ടെന്ത് സംഭവിച്ചു?”

“ഒന്നുമില്ല” ആ മാഗസിൻ എടുത്ത് ഒന്ന് വീശിയിട്ട് കെയ്ൻ പറഞ്ഞു. “ഇതിൽ പറഞ്ഞതൊക്കെ സത്യമാണെന്ന് ആര് വിശ്വസിക്കാൻ?” അദ്ദേഹം തലയാട്ടി. “ഒരു കാര്യം ഞാൻ പറയട്ടെ മിസ്റ്റർ ഹിഗ്ഗിൻസ് ആർമി എത്രയൊക്കെ ശ്രമിച്ചിട്ടും ആ സംഭവം നടന്ന് അധികം താമസിയാതെ തന്നെ വിവരങ്ങൾ ലീക്കായി പൊടിപ്പും തൊങ്ങലും വച്ച് പല രൂപത്തിലുള്ള കഥകൾ നാട്ടിലെങ്ങും പരന്നു ഫലമോ ആരും തന്നെ അതൊന്നും വിശ്വസിച്ചില്ല അക്കാലത്ത് പതിവുള്ളത്  പോലെ നാടെങ്ങും കഥകൾ കൊണ്ട് നിറഞ്ഞിരുന്നു ഐസൻഹോവറിനെ തട്ടിക്കൊണ്ടു പോകാൻ ഓട്ടോ  സ്കോർസെനി വരുന്നു മറ്റ് ചിലർ പാറ്റണെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച് പരാജയപ്പെട്ടു അങ്ങനെ എത്രയോ കിംവദന്തികൾ ഇതിനൊക്കെയിടയിൽ സത്യം എവിടെയോ മുങ്ങിപ്പോയി എന്നാണ് ഞാൻ കരുതുന്നത്” താനെഴുതിയ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം എന്റെ നേർക്കിട്ടു  തന്നു. “എനി വേ, യൂ ക്യാൻ ഹാവ് ദാറ്റ് ആന്റ് ഗുഡ് ലക്ക്  റ്റു യൂ പക്ഷേ, ഒരു കാര്യം... ഞാൻ നിങ്ങളോട് ഒരു  വാക്ക് പോലും സംസാരിച്ചിട്ടില്ല ഓകേ? നൗ  ലെറ്റ്സ് ഹാവ് അനദർ ഡ്രിങ്ക്

(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...