സലൂണിൽ എമ്പാടും സിഗരറ്റ് പുക നിറഞ്ഞിരുന്നു. ഹാൻസ് ആൾട്ട്മാൻ ഒരരികിൽ പിയാനോ വായിച്ചുകൊണ്ടിരിക്കുന്നു. ബാറിൽ ഇരിക്കുന്ന ഇൽസ് ന്യുഹോഫിന് ചുറ്റും കൂടിയിരിക്കുകയാണ് ബാക്കിയുള്ളവർ എല്ലാം. കൈയിൽ ഒരു ഗ്ലാസ് ജിന്നുമായി ഇൽസ് കഥ പറയുകയാണ്… റൈമാർഷൽ ഹെർമൻ ഗോറിങ്ങ്സിന്റെ പ്രണയകഥ…. സമൂഹത്തിൽ അതിപ്പോൾ പരക്കെ സംസാരവിഷയമാണ്. ആ കഥ കേട്ട് അവിടെങ്ങും കൂട്ടച്ചിരി മുഴങ്ങുമ്പോഴാണ് സ്റ്റെയ്നർ മുറിയിലേക്ക് പ്രവേശിച്ചത്. തൊട്ടുപിറകെ റാഡ്‌ലും ഡെവ്‌ലിനും. ആ കാഴ്ച്ച കണ്ട് സ്റ്റെയ്നർ ഒന്ന് അമ്പരക്കാതിരുന്നില്ല. പ്രത്യേകിച്ചും ബാർ കൌണ്ടറിൽ നിരത്തി വച്ചിരിക്കുന്ന മദ്യക്കുപ്പികൾ കണ്ടിട്ട്.
“വാട്ട് ദ് ഹെൽ ഈസ് ഗോയിങ്ങ് ഓൺ ഹിയർ…?”
എല്ലാവരും പെട്ടെന്ന് നിശ്ശബ്ദരായി. കൌണ്ടറിന് പിന്നിൽ നിന്നിരുന്ന റിട്ടർ ന്യുമാൻ ചിരിച്ചു.
“സർ, ഞങ്ങളെന്താണിന്ന് കണ്ടുപിടിച്ചതെന്നറിയുമോ? അവിടെയുള്ള ബെഡ്ഡിന്റെ അടിയിൽ ഒരു രഹസ്യ അറയുണ്ടായിരുന്നു. ആൾട്ട്മാനാണത് കണ്ടത്. അത് തുറന്ന് നോക്കിയപ്പോൾ… രണ്ട് കാർട്ടൺ സിഗരറ്റുകൾ… പൊട്ടിക്കാത്തത്… ഓരോന്നിലും അയ്യായിരം വീതം… മാത്രമല്ല… ഈ കാണുന്ന മദ്യക്കുപ്പികളും… ഗോർഡൺസ് ജിൻ, ബീഫ് ഈറ്റർ, വൈറ്റ് ഹോഴ്സ് സ്കോച്ച് വിസ്കി, ഹെയ്ഗ് & ഹെയ്ഗ്…” അയാൾ കൈയിൽ കിട്ടിയ ഒരു കുപ്പി എടുത്ത് വളരെ ബുദ്ധിമുട്ടി അതിലെ ഇംഗ്ലീഷ് നാമം വായിക്കാൻ ശ്രമിച്ചു. “ബുഷ് മിൽസ് ഐറിഷ് വിസ്കി…”
അത് കേട്ടതും ലിയാം ഡെവ്‌ലിൻ ഉച്ചത്തിൽ ആഹ്ലാദശബ്ദമുണ്ടാക്കി. പിന്നെ ഓടിച്ചെന്ന് ന്യുമാന്റെ കൈയിൽ നിന്നും അത് തട്ടിയെടുത്തു. “ഇതിൽ നിന്ന് ആരെങ്കിലും ഒരു തുള്ളി എടുത്താൽ… അവനെ ഞാൻ തട്ടും… ഇത് മുഴുവനും എനിക്കുള്ളതാണ്….”
എല്ലാവരും അലറി ചിരിച്ചു. സ്റ്റെയ്നർ കൈ ഉയർത്തി അവരെ ശാന്തരാക്കി.
“നമുക്ക് വിഷയത്തിലേക്ക് കടക്കാം… നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്…” സ്റ്റെയ്നർ, ഇൽസിന് നേർക്ക് തിരിഞ്ഞു. “സോറി മൈ ലവ്… അത്യന്തം രഹസ്യസ്വഭാവമുള്ള ഒന്നാണ്…”
ഒരു സൈനികന്റെ പത്നി എന്ന നിലയിൽ അവൾക്ക് അതിന്റെ പ്രാധാന്യം മനസ്സിലാകുമായിരുന്നു. “ശരി… ഞാൻ പുറത്തുണ്ടാകും… പക്ഷേ, തിരികെ വരുമ്പോൾ ആ ജിൻ ബോട്ട്‌ൽ അവിടെ ഉണ്ടായിരിക്കണം...”
ഒരു കൈയിൽ ബീഫ് ഈറ്ററിന്റെ കുപ്പിയും മറുകൈയിൽ ഗ്ലാസുമായി അവൾ പുറത്തേക്ക് നടന്നു.
ബാറിലെങ്ങും നിശ്ശബ്ദത നിറഞ്ഞു. എന്താണ് സ്റ്റെയ്നറിന് പറയാനുള്ളതെന്നറിയാനായി എല്ലാവരും ആകാംക്ഷയോടെ നോക്കി നിന്നു.
“കാര്യം വളരെ ലളിതം… ഇവിടെ നിന്നും പുറത്ത് കടക്കാനുള്ള ഒരു അവസരം ഒത്തു വന്നിരിക്കുന്നു… ഒരു പ്രത്യേക ദൌത്യം…” സ്റ്റെയ്നർ പറഞ്ഞു.
“എന്താണ് നാം ചെയ്യേണ്ടത്, ഹെർ ഓബർസ്റ്റ്..?” ആൾട്ട്മാൻ ചോദിച്ചു.
“നിങ്ങളുടെ പഴയ ജോലി…. നിങ്ങൾക്ക് ട്രെയ്നിങ്ങ് ലഭിച്ച അതേ ജോലി….”
എല്ലാവരുടെയും പ്രതികരണം പെട്ടെന്നായിരുന്നു. ആഹ്ലാദഭാവം… ഉത്സാഹം… “എന്ന് വച്ചാൽ നാം വീണ്ടും പാരച്യൂട്ട് ജമ്പിങ്ങിന് പോകുകയാണെന്നാണോ…?”
“അതെ…. പക്ഷേ, ഒരു കാര്യം… ഈ ദൌത്യത്തിൽ പങ്കെടുക്കണമോ വേണ്ടയോ എന്നത് തികച്ചും നിങ്ങളുടെ ഇഷ്ടത്തിന് വിടുന്നു… ആരെയും ഞാൻ നിർബ്ബന്ധിക്കില്ല…”
“ദൌത്യം എങ്ങോട്ടാണ്…? റഷ്യയിലേക്കാണോ ഹെർ ഓബർസ്റ്റ്…?” ബ്രാൺഡ്റ്റ് ചോദിച്ചു.
സ്റ്റെയ്നർ നിഷേധർത്ഥത്തിൽ തലയാട്ടി. “ജർമ്മൻ സൈനികർ ഇതുവരെയും പോയിട്ടില്ലാത്ത ഒരിടത്ത്…”
ആകാംക്ഷാഭരിതരായി അവർ തമ്മിൽ തമ്മിൽ നോക്കി. ആർക്കും തന്നെ വിശ്വസിക്കുവാൻ കഴിയുന്നുണ്ടായിരുന്നില്ല ആ വാർത്ത.
“നിങ്ങളിൽ എത്ര പേർക്ക് ഇംഗ്ലീഷ് സംസാരിക്കുവാൻ കഴിയും….?” സ്റ്റെയ്നർ പതുക്കെ ചോദിച്ചു.
വീണ്ടും അമ്പരിപ്പിക്കുന്ന നിശ്ശബ്ദത… എന്നാൽ റിട്ടർ ന്യുമാന്റെ നിയന്ത്രണം വിട്ടുപോയത് പെട്ടെന്നായിരുന്നു.
“കുർട്ട്…. താങ്കൾ തമാശ പറയുകയാണോ…”
സ്റ്റെയ്നർ തലയാട്ടി. “അല്ല, റിട്ടർ… സംഗതി ഗൌരവതരമാണ്… വളരെ രഹസ്യസ്വഭാവമാർന്നത്… ചുരുക്കി പറഞ്ഞാൽ, ഏകദേശം അഞ്ച് ആഴ്ചകൾക്കുള്ളിൽ ഈ ദൌത്യം നടക്കുമെന്നാണ് കണക്കുകൂട്ടൽ… ഇംഗ്ലണ്ടിന്റെ വിജനമായ വടക്ക് കിഴക്കൻ തീരത്ത് രാത്രി നേരത്ത് നമ്മൾ പാരച്യൂട്ടിൽ ഇറങ്ങുന്നു… പ്ലാൻ ചെയ്തത് പോലെ എല്ലാം നടക്കുകയാണെങ്കിൽ തൊട്ടടുത്ത രാത്രിയിൽ തന്നെ നമ്മളെ പിക്ക് ചെയ്ത് ഇവിടെ എത്തിക്കും…”
“പ്ലാൻ പോലെ നടന്നില്ലെങ്കിൽ…?” ന്യുമാൻ ചോദിച്ചു.
“നാം കൊല്ലപ്പെട്ടിരിക്കും… പിന്നെ അതോർത്ത് വിഷമിക്കേണ്ട കാര്യമില്ല… വേറെന്തെങ്കിലും അറിയാനുണ്ടോ…?” അദ്ദേഹം എല്ലാവരെയും നോക്കി.
“എന്താണ് ദൌത്യം എന്നറിയാൻ ഞങ്ങൾക്കവകാശമുണ്ടോ ഹെർ ഓബർസ്റ്റ്…?” ആൾട്ട്മാൻ ചോദിച്ചു.
“സ്കോർസെനിയും കൂട്ടരും ഗ്രാൻ സാസോയിൽ നടത്തിയ പോലത്തെ ഒന്ന്… അത്രയുമേ എനിക്കിപ്പോൾ പറയാൻ കഴിയൂ…”
“മതി… അത്രയുമറിഞ്ഞാൽ മതി എനിക്ക്…” ബ്രാൺഡ്റ്റ് മറ്റുള്ളവരെ നോക്കി. “നാം പോകുകയാണെങ്കിൽ ചിലപ്പോൾ കൊല്ലപ്പെട്ടേക്കാം… അതല്ല, ഇവിടെ തന്നെ തുടരാൻ തീരുമാനിക്കുകയാണെങ്കിൽ മരണം നിശ്ചയവും… നിങ്ങളെല്ലാം പോകുന്നുണ്ടെങ്കിൽ ഞാനുമുണ്ട് കൂടെ…”
“എനിക്ക് സമ്മതം…” റിട്ടർ ന്യുമാൻ ഉറക്കെ പറഞ്ഞു.
തൊട്ടുപിറകെ എല്ലാവരും തന്നെ തങ്ങളുടെ സമ്മതം അറിയിച്ചു. അനന്തതയിലേക്ക് കണ്ണ് നട്ട് സ്റ്റെയ്നർ അൽപ്പനേരം അവിടെ നിന്നു… അദ്ദേഹം അദ്ദേഹത്തിന്റേത് മാത്രമായ ഒരു ലോകത്തായിരുന്നു. പിന്നെ, ഒരു നെടുവീർപ്പിട്ടു. “അപ്പോൾ അക്കാര്യത്തിൽ ഒരു തീരുമാനമായി… ആട്ടെ, ഇവിടെ ആരോ വൈറ്റ് ഹോഴ്സ് വിസ്കി എന്ന് പറയുന്നത് കേട്ടത് പോലെ…?”
അത് കേൾക്കേണ്ട താമസം, ആ സംഘം ഒന്നാകെ ബാർ കൌണ്ടറിനടുത്തേക്ക് ചിതറിയോടി. ആൾട്ട്മാൻ വീണ്ടും തന്റെ പിയാനോയുടെ മുന്നിൽ ചെന്ന് “We march against England” എന്ന ഗാനം വായിക്കുവാൻ തുടങ്ങി.
സ്റ്റെം, തന്റെ ക്യാപ്പ് ഊരി ആൾട്ട്മാന്റെ നേർക്ക് എറിഞ്ഞു. ഈ പഴയ പാട്ട് വല്ല കുപ്പത്തൊട്ടിയിലും കൊണ്ട് കളയ്… എന്നിട്ട് കേൾക്കാൻ സുഖമുള്ള വല്ലതും വായിക്കൂ…”
വാതിൽ തുറന്ന് ഇൽസ് ന്യുഹോഫ് പ്രവേശിച്ചു. ”ഇനി എനിക്ക് വരാമല്ലോ…?”
പെട്ടെന്നാണ് എല്ലാവരും കൂടി ആർപ്പ് വിളിച്ചത്. നിമിഷങ്ങൾക്കകം അവർ അവളെ എടുത്തുയർത്തി ബാർ കൌണ്ടറിന് മുകളിലിരുത്തി. “ഒരു പാട്ട് പാടൂ … പ്ലീസ്….”
“ഓൾ റൈറ്റ്… ഞാൻ പാടാം… ഏത് പാട്ടാണ് വേണ്ടത്…?” ചിരിച്ചു കൊണ്ട് അവൾ ചോദിച്ചു.
എല്ലാവരെക്കാളും മുമ്പ് ഉത്തരം പറഞ്ഞത് സ്റ്റെയ്നർ ആയിരുന്നു. “Alles ist verruckt….”
അവളുടെ മുഖം വാടിയത് പെട്ടെന്നായിരുന്നു. വിഷാദഭാവത്തിൽ അവൾ അദ്ദേഹത്തെ നോക്കി. അവിടെങ്ങും നിശ്ശബ്ദത നിറഞ്ഞു. “ആ ഗാനം തന്നെ വേണോ കുർട്ട്…?”
“വേണം… തീർച്ചയായും അതു തന്നെ പാടണം…”
ആൾട്ട്മാൻ തന്റെ പിയാനോയിൽ ശ്രുതി മീട്ടുവാൻ ആരംഭിച്ചു. ഇൽസ് കൌണ്ടറിൽ നിന്ന് താഴെയിറങ്ങി. പിന്നെ, വിന്റർ വാറിൽ പങ്കെടുത്തിട്ടുള്ള ഓരോ സൈനികനും സുപരിചിതമായ ആ ഗാനം മൂളുവാനാരംഭിച്ചു. ഹൃദയത്തിൽ തട്ടും വിധമുള്ള മെലഡി ആയിരുന്നുവത്.
“What are we doing here…? What is it all about…? Alles ist verruckt… Everything’s crazy… Everything’s gone to hell….”
അവളുടെ കണ്ണുകളിൽ നിന്നും ബാഷ്പകണങ്ങൾ ഇറ്റ് വീഴുന്നുണ്ടായിരുന്നു. എല്ലാവരെയും ആലിംഗനം ചെയ്യാനെന്ന മട്ടിൽ അവൾ കൈകൾ വിടർത്തി നിന്നു. അതോടെ അവിടെയുണ്ടായിരുന്ന എല്ലാവരും തന്നെ അവളെ നോക്കി ഒപ്പം പാടുവാൻ തുടങ്ങി. സ്റ്റെയ്നർ, റിട്ടർ, എല്ലാവരും… എല്ലാവരും തന്നെ… റാഡ്‌ൽ ഉൾപ്പെടെ…
ഡെവ്‌ലിൻ ആശ്ചര്യപൂർവ്വം അവർ ഓരോരുത്തരുടെയും മുഖങ്ങളിലേക്ക് നോക്കി. പിന്നെ തിരിഞ്ഞ് കതക് വലിച്ച് തുറന്ന് പുറത്തേക്കിറങ്ങി.
“എനിക്കാണോ വട്ട്… അതോ അവർക്കാണോ…?” അദ്ദേഹം മന്ത്രിച്ചു.
(തുടരും)