Sunday, March 30, 2014

ഈഗിൾ ഹാസ് ലാന്റഡ് – 122



ഗ്രാമത്തിനോട് ഏതാണ്ട് ഒന്നര മൈൽ അടുത്ത് എത്തിയപ്പോഴാണ് ഫീൽഡ് ടെലിഫോണിലെ ഇലക്ട്രോണിക് ബസർ ഇടയ്ക്കിടെ ശബ്ദിക്കുന്നത് സ്റ്റെയ്നറുടെ ശ്രദ്ധയിൽ പെട്ടത്. ആരോ ബന്ധപ്പെടുവാൻ ശ്രമിക്കുന്നുണ്ട്, പക്ഷേ വളരെ ദൂരത്ത് നിന്ന് എന്നവണ്ണം അവ്യക്തമാണ് സ്വരം.

“ആക്സിലറേറ്ററിൽ കാൽ നന്നായി കൊടുക്കൂ അവിടെ എന്തോ കുഴപ്പം സംഭവിച്ചിരിക്കുന്നു എത്രയും പെട്ടെന്ന് എത്തണം” സ്റ്റെയ്നർ ക്ലൂഗലിനോട് പറഞ്ഞു.

ഏതാണ്ട് ഒരു മൈൽ അടുത്ത് എത്തിയതും ദൂരെ ഇടവിട്ടുള്ള ഫയറിങ്ങിന്റെ ശബ്ദം ഉയർന്ന് കേൾക്കാറായി. താൻ എന്ത് ഭയപ്പെട്ടുവോ അത് സംഭവിച്ചിരിക്കുന്നു. സ്റ്റെൻ ഗൺ കോക്ക് ചെയ്തിട്ട് അദ്ദേഹം വെർണറെ നോക്കി.

“ആയുധം ഉപയോഗിക്കാൻ തയ്യാറായി ഇരുന്നോളൂ ഏത് നിമിഷവും ആവശ്യം വന്നേക്കാം

ക്ലൂഗൽ ആക്സിലറേറ്റർ മുട്ടിച്ച് ചവിട്ടിപ്പിടിച്ചു. ജീപ്പ് അതിന്റെ പരമാവധി വേഗതയിൽ കുതിച്ചു.

“കമോൺ ഡാംൻ യൂ ! കമോൺ” സ്റ്റെയ്നർ അക്ഷമനായി അലറി.

ഫീൽഡ് ടെലിഫോണിന്റെ ബസർ ഇതിനകം നിശ്ചലമായിരുന്നു. ഗ്രാമത്തിനോട് അടുത്തുകൊണ്ടിരിക്കവെ സ്റ്റെയ്നർ അത് ഓൺ ചെയ്ത് വോയ്സ് കോൺ‌ടാക്റ്റിന് ശ്രമിച്ചു.

“ദിസ് ഈസ് ഈഗിൾ വൺ കം ഇൻ, ഈഗിൾ റ്റൂ

പക്ഷേ മറുപടി ഉണ്ടായില്ല. ഒരു വട്ടം കൂടി അദ്ദേഹം ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല.

“ചിലപ്പോൾ അവർ അങ്ങേയറ്റം തിരക്കിലായിരിക്കും ഹെർ ഓബർസ്റ്റ്” ക്ലൂഗൽ പറഞ്ഞു.

അടുത്ത നിമിഷം അവർ ദേവാലയത്തിന് ഏതാണ്ട് മുന്നൂറ് വാര പടിഞ്ഞാറുള്ള കുന്നിൻ‌മുകളിലെത്തി. അവിടെ നിന്നാൽ ആ ഗ്രാമത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും നോട്ടമെത്തും എന്നതായിരുന്നു ഏറ്റവും വലിയ പ്രത്യേകത. ബൈനോക്കുലേഴ്സ് എടുത്ത് സ്റ്റെയ്നർ മില്ലിന്റെ ഭാഗത്തേക്കും പിന്നെ അതിനപ്പുറം മാലെറിയും സംഘവും നിലയുറപ്പിച്ച ഭാഗത്തേക്കും ഫോക്കസ് ചെയ്തു. പിന്നെ പതുക്കെ പോസ്റ്റ് ഓഫീസിന്റെ ഭാഗത്തേക്ക് തിരിഞ്ഞു. അതിനരികിലുള്ള സ്റ്റഡ്‌ലി ആംസിന്റെ മതിലിന് സമീപം നിലയുറപ്പിച്ച അമേരിക്കൻ ഭടന്മാരെ വ്യക്തമായി കാണാം. അധികമകലെയല്ലാതെ പാലത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന റിട്ടർ ന്യുമാനും ഹേഗലും ഷഫ്റ്റോയുടെ അവശേഷിച്ച രണ്ട് ജീപ്പുകളിൽ നിന്നുമുള്ള മെഷീൻ ഗൺ ആക്രമണത്തെ നേരിട്ടു കൊണ്ടിരിക്കുന്നു. ജോവന്ന ഗ്രേയുടെ ഗാർഡന്റെ ചുമരുകൾ ആ ജീപ്പിലുള്ളവർക്ക് നല്ലൊരു മറയാണ് തീർത്തിരിക്കുന്നത്. അവിടെ നിന്നുകൊണ്ട് പാലത്തിനടുത്തേക്ക് അനായാസമായി നിറയുതിർക്കാൻ കഴിയുന്നു. രണ്ടാമത്തെ ജീപ്പ് സമീപ കോട്ടേജിന്റെ മതിൽ മറയാക്കി ആക്രമണം തുടരുന്നു.

സ്റ്റെയ്നർ ടെലിഫോൺ എടുത്ത് ഒന്നുകൂടി ശ്രമിച്ചു നോക്കി.  “ദിസ് ഈസ് ഈഗിൾ വൺ ഡൂ യൂ റീഡ് മീ?”

ഫയറിങ്ങ് അൽപ്പം ഒന്ന് ഒതുങ്ങിയതും മിൽ ഹൌസിന്റെ ഒന്നാം നിലയിൽ റീഡൽ ഫീൽഡ് ടെലിഫോൺ സ്വിച്ച് ഓൺ ചെയ്തു. പെട്ടെന്നാണ് ബസർ ചിലച്ചത്.

“ഹേയ് ഇത് കേണലാണ്...”    സ്റ്റെയ്നറുടെ സ്വരം ശ്രവിച്ച അയാൾ ആവേശത്തോടെ ബ്രാൺ‌ഡ്റ്റിനോട് വിളിച്ചു പറഞ്ഞു. “ദിസ് ഈസ് ഈഗിൾ ത്രീ, ഇൻ ദി വാട്ടർ മിൽ താങ്കൾ എവിടെയാണ്?”

“ദേവാ‍ലയത്തിന് അപ്പുറം കുന്നിൻ മുകളിൽനിങ്ങളുടെ അവസ്ഥ എന്താണ്?”

പുറമെ വീണ്ടും വെടി മുഴങ്ങി. മിൽ ഹൌസിന്റെ ചില്ലുകളില്ലാത്ത ജാലകങ്ങളിലൂടെ പുറമെ നിന്നുള്ള വെടിയുണ്ടകൾ പാഞ്ഞ് വന്ന് ചുമരിൽ തട്ടി തെറിച്ചു.

“ആ ഫോൺ ഇങ്ങ് തരൂ” താൻ നിലയുറപ്പിച്ചിരുന്നിടത്ത് പതിഞ്ഞ് കിടന്ന് മെഷിൻ ഗൺ പ്രവർത്തിപ്പിച്ചുകൊണ്ട് ബ്രാൺ‌ഡ്റ്റ് വിളിച്ചു പറഞ്ഞു.

“അദ്ദേഹം ആ കുന്നിൻ മുകളിലാണ്” റീഡൽ പറഞ്ഞു. “ഇനി സമാധാനമായി സ്റ്റെയ്നർ വന്ന് നമ്മെ ഈ കുരുക്കിൽ നിന്ന് രക്ഷപെടുത്തുമെന്നുള്ളതിന് സംശയം വേണ്ടനോക്കിക്കോളൂ  റീഡൽ ജലചക്രത്തിന്റെ മുകളിലെ പ്ലാറ്റ്ഫോമിലൂടെ ഇഴഞ്ഞ് ചെന്ന് അതിന്റെ കതക് തട്ടിത്തുറന്നു.

“അങ്ങോ‍ട്ട് പോകരുത്…!  തിരിച്ച് വരൂ…! ബ്രാൺ‌ഡ്റ്റ് അലറി.

എന്നാൽ അത് വകവയ്ക്കാതെ പതുക്കെ എഴുന്നേറ്റിരുന്ന് അയാൾ പുറത്തേക്ക് എത്തി നോക്കി. ചിരിച്ച് ആവേശത്തോടെ അയാൾ ഫീൽഡ് ടെലിഫോൺ മുഖത്തോടടുപ്പിച്ചു.

“താങ്കളെ എനിക്ക് കാണാൻ കഴിയുന്നുണ്ട് ഹെർ ഓബർസ്റ്റ് ഞങ്ങൾ ഇവിടെ………….

അത് മുഴുമിപ്പിക്കാൻ കഴിയുന്നതിന് മുമ്പ് ഓട്ടോമാറ്റിക് മെഷീൻ ഗണ്ണിന്റെ വെടിയൊച്ച പുറത്ത് മുഴങ്ങി. മുറിയ്ക്കുള്ളിലെ ചുമരിൽ രക്തവും തലച്ചോറും ചിതറിത്തെറിച്ചു. റീഡലിന്റെ തലയുടെ പിൻഭാഗം വെടിയേറ്റ് തകർന്നിരുന്നു. തലകുത്തി താഴോട്ട് വീഴുമ്പോഴും ഫീൽഡ് ടെലിഫോണിൽ നിന്നും അയാളുടെ പിടി അയഞ്ഞിരുന്നില്ല.

നിലത്ത് കൂടി ഇഴഞ്ഞ്  അതിവേഗം അവിടെയെത്തി ബ്രാൺ‌ഡ്റ്റ് താഴോട്ട് നോക്കി. ജലചക്രത്തിന്റെ പലകകളിലൊന്നിലേക്കായിരുന്നു റീഡൽ പതിച്ചത്. അരുവിയിൽ നിന്നുമുള്ള ജലപാതത്തിൽ റീഡലിനെയും വഹിച്ച് അത് തിരിഞ്ഞുകൊണ്ടിരുന്നു. അടുത്ത നിമിഷം ചക്രത്തിന്റെ ആ പലക വെള്ളത്തിനടിയിലേക്ക് താഴ്ന്നു. തന്റെ ഊഴം പൂർത്തിയാക്കി അത് നുരയ്ക്കുന്ന വെള്ളത്തിൽ നിന്നും തിരികെയെത്തിയപ്പോൾ റീഡലിനെ കാണാനുണ്ടായിരുന്നില്ല.

                * * * * * * * * * * * * * * * * * * * * * * * * *

 സ്റ്റെയ്നറുടെ പിന്നിൽ നിന്നിരുന്ന വെർണർ ബ്രീഗൽ പെട്ടെന്ന് അദ്ദേഹത്തിന്റെ ചുമലിൽ തട്ടി.

“അങ്ങോട്ട് നോക്കൂ ഹെർ ഓബർസ്റ്റ് ആ മരക്കൂട്ടങ്ങളുടെ വലത് ഭാഗത്ത് സൈനികർ

സ്റ്റെയ്നർ ബൈനോക്കുലേഴ്സ് അങ്ങോട്ട് തിരിച്ചു. കുന്നിന്റെ നിറുകയിൽ നിൽക്കുന്നതിന്റെ ഗുണം അപ്പോഴാണ് ശരിക്കും മനസ്സിലായത്. താഴെ വനത്തിനുള്ളിൽ ഒരാൾ താഴ്ച്ചയിൽ വെട്ടിയിറക്കിയ കാട്ടുപാതയിൽ പാതിയും വ്യക്തമായി കാണാമായിരുന്നു. അതിലൂടെ ദേവാലയത്തിന് നേർക്ക് നീങ്ങുന്ന ഹ്യൂസ്‌റ്റ്ലറും സംഘവും.

സ്റ്റെയ്നറുടെ തീരുമാനം പെട്ടെന്നായിരുന്നു. അതനുസരിച്ച് മൂവ് ചെയ്യുവാൻ അദ്ദേഹത്തിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

“നാം വീണ്ടും ഫാൾഷിംജാഗറുകൾ ആയി പ്രവർത്തിക്കേണ്ട സമയം എത്തിയിരിക്കുന്നു എന്ന് തോന്നുന്നു കൂട്ടരേ

അദ്ദേഹം തന്റെ ചുവന്ന ക്യാപ്പ് തലയിൽ നിന്നെടുത്ത് മുകളിലേക്കെറിഞ്ഞു. പിന്നെ വെബ്ബിങ്ങ്  ബെൽറ്റിന്റെ ബക്കിൾ  ഊരി തന്റെ ജമ്പ് ജാക്കറ്റ് അഴിച്ച് മാറ്റി. ഇപ്പോൾ അദ്ദേഹം അണിഞ്ഞിരിക്കുന്നത് ജർമ്മൻ യൂണിഫോമാണ്. കഴുത്തിന് താഴെ അണിഞ്ഞിരിക്കുന്ന  Knight’s Cross with Oak Leaves ബാഡ്ജ് വളരെ വ്യക്തമായി കാണുവാൻ കഴിയുന്നുണ്ട്. പോക്കറ്റിൽ നിന്നും ജർമ്മൻ സേനയുടെ ക്യാപ്പ് എടുത്ത് തലയിൽ ഭംഗിയായി ധരിച്ചു. ക്ലൂഗലും വെർണറും സ്റ്റെയ്നർ ചെയ്തത് പോലെ തങ്ങളുടെ വേഷവും മാറി.

“റൈറ്റ് ബോയ്സ്...”  സ്റ്റെയ്നർ പറഞ്ഞു.  “ഒരു ഗ്രാന്റ് ടൂർ തന്നെ ആയിക്കോട്ടെനമ്മുടെ ജീപ്പുമായി ആ കാട്ടുപാതയിലൂടെ നേരെ താഴോട്ട് ആ സൈനിക സംഘത്തെ വകവരുത്തിയതിന് ശേഷം അരുവിയ്ക്ക് കുറുകെയുള്ള നടപ്പാതയിലൂടെ അപ്പുറം കടന്ന് അവിടെയുള്ള ആ അമേരിക്കൻ ജീപ്പുകളോട് രണ്ട് വാക്ക് പറയണംവഴി ദുർഘടം പിടിച്ചതാണെങ്കിലും അല്പം വേഗത്തിൽ പോകുകയാണെങ്കിൽ എനിക്ക് തോന്നുന്നത് നിന്നെക്കൊണ്ട് അതിന് കഴിയുമെന്നാണ് ക്ലൂഗൽ അത് കഴിഞ്ഞിട്ട് നേരെ ഓബർ ലെഫ്റ്റ്നന്റ് റിട്ടർ ന്യുമാന്റെ അടുത്തേക്ക്  അദ്ദേഹം വെർണറുടെ നേർക്ക് നോക്കി. “ആന്റ് ഡോണ്ട് സ്റ്റോപ്പ് ഫയറിങ്ങ് നോട്ട് ഫോർ എനി തിങ്ങ്


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, March 23, 2014

ഈഗിൾ ഹാസ് ലാന്റഡ് – 121



ഓട്ടോ ബ്രാൺ‌ഡ്റ്റിനൊപ്പം കോർപ്പറൽ വാൾട്ടർ, മെയർ, റീഡൽ എന്നിവരും മിൽ ഹൌസിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ നിന്നുള്ള പ്രതിരോധത്തിന്റെ കാര്യത്തിൽ അവരുടെ താവളം എന്തുകൊണ്ടും അനുയോജ്യമായിരുന്നു. പുരാതനമായ കരിങ്കൽ ചുമരുകൾക്ക് ഏതാണ്ട് മൂന്നടിയോളം കനമുണ്ട്. താഴത്തെ നിലയിലെ ഓക്ക് തടിയാൽ നിർമ്മിതമായ മെയ്‌ൻ ഡോർ അടച്ച് കുറ്റിയിട്ട് ഇരുമ്പ് പട്ടകളാൽ സുരക്ഷിതമാക്കിയിരിക്കുന്നു. ഒന്നാം നിലയിൽ നിന്നും പുറമേക്ക് സ്റ്റെൻ ഗൺ ആക്രമണം നടത്തുവാൻ സൌകര്യപ്രദമായ ജാലകങ്ങൾ. അതിലൊന്നിലൂടെ തന്റെ ബ്രെൻ ഓട്ടോമാറ്റിക്ക് ഗൺ പുറത്തേക്ക് ലക്ഷ്യം വച്ച് ബ്രാൺ‌ഡ്റ്റ് അടുത്ത ആക്രമണത്തിനായി തയ്യാറെടുത്തു.

തങ്ങളുടെ വെടിയേറ്റ ഒരു ജീപ്പ് താഴെ നിരത്തിൽ തീ പിടിച്ച് റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുന്നു. എരിഞ്ഞ് കൊണ്ടിരിക്കുന്ന ആ ജീപ്പിനുള്ളിൽ ഒരു സൈനികൻ കുടുങ്ങിക്കിടക്കുന്നുണ്ട്. മറ്റ് രണ്ട് പേർ പുറത്തേക്ക് തെറിച്ച് മരണാ‍സന്നരായി റോഡിൽ കിടക്കുന്നു. അടുത്ത നിമിഷം മാലെറിയും സംഘവും തങ്ങളുടെ ജീപ്പിൽ അങ്ങോട്ട് കുതിച്ചെത്തി. അവർ മിൽ ഹൌസിന് അടുത്തെത്തുന്നത് വരെയും കാത്ത് നിന്ന ബ്രാൺ‌ഡ്റ്റ് അവസാന നിമിഷം ഒരു പിടി ഗ്രനേഡുകൾ ജാലകത്തിലൂടെ അവരെ ലക്ഷ്യമാക്കി എറിഞ്ഞു. അങ്ങേയറ്റം വിനാശകരമായിരുന്നു ആ അമേരിക്കൻ സംഘത്തിന് അത്. മതിലിന്റെ മറവ് പറ്റി അവർ മിൽ ഹൌസിന് നേർക്ക് തുരുതുരെ വെടിയുതിർത്തെങ്കിലും കരിങ്കൽ ചുമരിന്റെ  ദൃഢതയിൽ തട്ടി അതെല്ലാം നിഷ്‌പ്രഭമായി.

“അവരുടെ ഇൻ‌ചാർജ്ജ് ആരാണാവോ ആരായാലും ശരി, അയാൾക്ക് ഈ പരിപാടിയൊന്നും അത്ര വശമില്ലെന്ന് തോന്നുന്നു” തന്റെ M1 മെഷീൻ ഗൺ ലോഡ് ചെയ്യവെ വാൾട്ടർ അഭിപ്രായപ്പെട്ടു.

“നിങ്ങളായിരുന്നെങ്കിൽ പിന്നെ എന്ത് ചെയ്യുമായിരുന്നു?” ബ്രെൻ മെഷീൻ ഗണ്ണിൽ നിന്നും ശക്തമായ ഒരു നിറയുതിർത്തുകൊണ്ട് ബ്രാൺ‌ഡ്റ്റ് ചോദിച്ചു.

“അവിടെ ഒരു അരുവിയില്ലേ ആ ഭാഗത്തേക്ക് ജനാലകളില്ല ഈ കെട്ടിടത്തിന് ഞാനായിരുന്നെങ്കിൽ ആ ഭാഗത്ത് കൂടി മൂവ് ചെയ്തേനെ” വാൾട്ടർ പറഞ്ഞു.

“എവ്‌രി വൺ സ്റ്റോപ്പ് ഫയറിങ്ങ്” ബ്രാൺ‌ഡ്റ്റ് കൈ ഉയർത്തി.

“അതെന്താ?” വാൾട്ടർ ചോദിച്ചു.

“കാരണം അവർ ആ ഭാഗത്ത് കൂടി വരുന്നുണ്ട് എന്നത് തന്നെ” ഭീകരമായ നിശ്ശബ്ദതയുടെ മദ്ധ്യത്തിൽ ബ്രാൺ‌ഡ്റ്റ് പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “ഉറപ്പൊന്നും പറയാൻ കഴിയില്ല എങ്കിലും എന്റെ മനസ്സ് പറയുന്നു എന്തിനും തയ്യാറായി ഇരിക്കുക

അടുത്ത നിമിഷം മാലെറിയും എട്ടോ ഒമ്പതോ പേരടങ്ങുന്ന സംഘവും മതിലിനരികിലെ ഒളിത്താവളത്തിൽ നിന്നും പുറത്തെത്തി വെടിയുതിർത്തുകൊണ്ട് അടുത്തതിലേക്ക് ചടുലമായി നീങ്ങി. തങ്ങളുടെ ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകളിൽ നിന്നും ഫയറിങ്ങ് നടത്തിക്കൊണ്ട് ശേഷിച്ച രണ്ട് ജീപ്പുകളിലെ ഭടന്മാരും അവർക്ക് അകമ്പടി സേവിച്ചു. പക്ഷേ, തികച്ചും ബാലിശമായ ഒരു തീരുമാനമായിരുന്നു അത്.

“മൈ ഗോഡ്! ആരാണെന്നാണ് അവരുടെ വിചാരം! എന്ത് വിഡ്ഢിത്തമാണ് അവർ കാട്ടിക്കൂട്ടുന്നത്…! ബ്രാൺ‌ഡ്റ്റ് ആശ്ചര്യം കൊണ്ടു.

ബ്രാൺ‌ഡ്റ്റ് തികച്ചും അനായാസമായി ആ സംഘത്തിന് നേർക്ക് നിറയുതിർത്തു. വെടിയേറ്റ് വീണ മാലെറി നിമിഷങ്ങൾക്കകം ജീവൻ വെടിഞ്ഞു. മെയറിന്റെയും റീഡലിന്റെയും വാൾട്ടറിന്റെയും തോക്കുകളും നിശ്ശബ്ദമായിരുന്നില്ല. അമേരിക്കൻ സംഘത്തിലെ മൂന്ന് പേർ കൂടി പിടഞ്ഞ് വീണ് മരിച്ചു. വെടിയേറ്റ മറ്റ് ചില സൈനികർ വേച്ച് വേച്ച് മതിലിനരികിലെ ഷെൽട്ടറിലേക്ക് നീങ്ങി.

ഇപ്പോൾ അവിടെങ്ങും നിശ്ശബ്ദമാണ്. ബ്രാൺ‌ഡ്റ്റ് ഒരു സിഗരറ്റിന് തീ കൊളുത്തി.

“അങ്ങനെ ഏഴെണ്ണം തീർന്നു മുടന്തിക്കൊണ്ട് പോകുന്ന ആ ഒരാളെയും കൂടി കണക്കിൽ പെടുത്താമെങ്കിൽ എട്ട്  ബ്രാൺ‌ഡ്റ്റ് പറഞ്ഞു.

“അവർക്ക് ശരിക്കും വട്ടാണ്” വാൾട്ടർ പറഞ്ഞു.  “ശരിക്കും ആത്മഹത്യ തന്നെ ഇത് എന്തിനാണിവർ ഇത്ര തിടുക്കം കാണിച്ചത്? കുറച്ച് നേരം കൂടി അവർ ക്ഷമ കാട്ടിയിരുന്നെങ്കിൽ…!


                    * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

മെൽറ്റ്‌ഹാം ഹൌസ് എത്തുന്നതിന് ഏകദേശം ഇരുനൂറ് വാര അകലെ ജീപ്പ് എത്തിയതും പൊട്ടിച്ചിതറി കിടക്കുന്ന ടെലിഫോൺ പോസ്റ്റ് മേജർ ഹാരി കെയ്ന്റെയും കേണൽ കൊർകൊറാന്റെയും ശ്രദ്ധയിൽ പെട്ടു.

“ഗുഡ് ഗോഡ്! അവിശ്വസനീയം! എന്ത് വിചാരിച്ചിട്ടാണ് അയാൾ ഇത് ചെയ്തത്…!” കൊർകൊറാൻ അത്ഭുതം കൂറി.

കേണൽ ഷഫ്റ്റോയുടെ ഉദ്ദേശ്യം എന്താണെന്ന് പറയാനൊരുങ്ങിയതാണ് ഹാരി കെയ്ൻ. പക്ഷേ അടുത്ത നിമിഷം അതിൽ നിന്നും പിന്മാറി.  

“എനിക്കറിയില്ല കേണൽ ഒരു പക്ഷേ, സുരക്ഷാ കാരണങ്ങളാലായിരിക്കാം ആ പാരാട്രൂപ്പേഴ്സിനെ എങ്ങനെയും പിടികൂടണമെന്ന വാശിയിലാണദ്ദേഹം” കെയ്ൻ പറഞ്ഞു.

മെൽറ്റ്‌ഹാം ഹൌസിന്റെ ഗേറ്റ് കടന്ന് ഒരു ജീപ്പ് പുറത്തേക്ക് വന്നു. അവരുടെ സമീപം എത്തിയതും അത് ബ്രേക്ക് ചെയ്തു. ഗാർവി ആയിരുന്നു ജീപ്പ് ഓടിച്ചിരുന്നത്. അയാളുടെ മുഖം വിവർണ്ണമായിരുന്നു.

“റേഡിയോ റൂമിൽ ഒരു സന്ദേശം ഇപ്പോൾ ലഭിച്ചു” ഗാർവി തിടുക്കത്തിൽ പറഞ്ഞു.

“ഷഫ്റ്റോയുടെയാണോ?”

നിഷേധാർത്ഥത്തിൽ ഗാർവി തലയാട്ടി. “ക്രൂക്കോവ്സ്കിയുടെ എല്ലാവർക്കും വേണ്ടി അയാൾ താങ്കളെ അന്വേഷിച്ചു മേജർ ഇറ്റ്സ് എ മെസ്സ് ഡൌൺ ദേർവരും വരായ്കകളെക്കുറിച്ച് ചിന്തിക്കാതെ ആ പാരാട്രൂപ്പേഴ്സിന്റെ മുന്നിലേക്ക് എടുത്ത് ചാടുകയായിരുന്നുവത്രേ അവർ എമ്പാടും മൃതശരീരങ്ങൾ ചിതറിക്കിടക്കുകയാണ്

“എന്നിട്ട് കേണൽ ഷഫ്റ്റോ എവിടെ?”

“ക്രൂക്കോവ്സ്കിയുടെ വാക്കുകൾ ഹിസ്റ്റീരിയ ബാധിച്ചവനെപ്പോലെയായിരുന്നു മേജർ മാനസിക നില തെറ്റിയ ആളെപ്പോലെയാണത്രേ കേണൽ ഷഫ്റ്റോയുടെ നീക്കങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കാത്ത ഓർഡറുകളാണത്രേ അദ്ദേഹം നൽകിക്കൊണ്ടിരിക്കുന്നത്

ഓ ദൈവമേ…! കൊടിയും പിടിച്ച് നേരെ സിംഹത്തിന്റെ മടയിലേക്കാണല്ലോ അദ്ദേഹം കയറിച്ചെന്നത് കെയ്ൻ മനസ്സിൽ പറഞ്ഞു.

“കേണൽ, എന്റെ സാന്നിദ്ധ്യം അവിടെ ആവശ്യമുണ്ടെന്നാണ് തോന്നുന്നത്” ഹാരി കെയ്ൻ പറഞ്ഞു.

“എന്റെയും അഭിപ്രായം അത് തന്നെയാണ് പക്ഷേ, പോകുന്നതിന് മുമ്പ് പ്രധാനമന്ത്രിക്ക് ആവശ്യമായ സുരക്ഷ ഏർപ്പെടുത്തണം” കൊർകൊറാൻ പറഞ്ഞു.

കെയ്ൻ, ഗാർവിയുടെ നേർക്ക് തിരിഞ്ഞു. “മോട്ടോർ പൂളിൽ ഇനി ഏതെങ്കിലും വാഹനങ്ങൾ ബാക്കിയുണ്ടോ?”

“ഒരു വെള്ള സ്കൌട്ട് കാറും മൂന്ന് ജീപ്പുകളും

“ഓൾ റൈറ്റ് വീ വിൽ ടേക്ക് ദെം കൂടാതെ ഇരുപത് ഭടന്മാരെയും വേണം കഴിയുമെങ്കിൽ അഞ്ച് മിനിറ്റുകൾക്കം മൂവ് ചെയ്യുവാൻ റെഡിയാകുക” ഹാരി കെയ്ൻ പറഞ്ഞു.

ഗാർവി ജീപ്പ് അവിടെത്തന്നെ വളച്ചെടുത്ത് തിരികെ മെൽറ്റ്‌ഹാം ഹൌസിലേക്ക് കുതിച്ചു.

“ഇരുപത് പേർ പോയാൽ പിന്നെ ഇരുപത്തിയഞ്ച് പേർ അവശേഷിക്കുന്നുണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷക്കായി... വിൽ ദാറ്റ് ബീ ഓൾ റൈറ്റ്?” കെയ്ൻ കൊർകൊറാനോട് ചോദിച്ചു.

“ഞാനും കൂടിയാകുമ്പോൾ ഇരുപത്തിയാറ്” കൊർകൊറാൻ പറഞ്ഞു. “തീർച്ചയായും മതിയാവും പ്രത്യേകിച്ചും കമാൻഡർ ഞാനായിരിക്കുമ്പോൾ...”

എങ്കിൽ ശരി ഗുഡ് ലക്ക് സർ” ക്ലച്ച് റിലീസ് ചെയ്ത് ഹാരി കെയ്ൻ ജീപ്പ് മുന്നോട്ടെടുത്തു.    


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
 

Sunday, March 16, 2014

ഈഗിൾ ഹാസ് ലാന്റഡ് – 120



കേണൽ ഷഫ്റ്റോയുടെ സെക്ഷനിലെ ആദ്യ ജീപ്പ് ആ വളവ് തിരിഞ്ഞ് മുന്നോട്ട് കുതിച്ചു. മൊത്തം നാല് പേരായിരുന്നു ആ ജീപ്പിലുണ്ടായിരുന്നത്. വാഹനത്തിന്റെ പാർശ്വങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകൾ പ്രവർത്തിപ്പിക്കുവാനുള്ള സൌകര്യത്തിനായി എഴുന്നേറ്റ് നിൽക്കുകയാണ് പിൻഭാഗത്തുള്ള രണ്ട് പേർ.  ജോവന്ന ഗ്രേയുടെ കോട്ടേജിനടുത്തുള്ള പൂന്തോട്ടത്തിന്റെ മതിലിന് പിന്നിൽ മറഞ്ഞ് നിന്നുകൊണ്ട് ഡിന്ററും ബെർഗും ആ ജീപ്പിന്റെ നീക്കം ശ്രദ്ധാപൂർവ്വം വീക്ഷിച്ചു. ഡിന്ററിന്റെ ചുമലിൽ ബ്രെൻ മെഷീൻ ഗണ്ണിന്റെ ബാരൽ എടുത്ത് വച്ച് ബെർഗ് ജീപ്പിന് നേർക്ക് ഉന്നം പിടിച്ചു. അടുത്ത നിമിഷം ജീപ്പ് അവരുടെ മുന്നിൽ എത്തിയതും ബെർഗിന്റെ കരങ്ങൾ കൃത്യമായി പ്രവർത്തിച്ചു. തരക്കേടില്ലാത്ത വിധം നീണ്ട് നിന്ന ശക്തമായ ഫയറിങ്ങ്ജീപ്പിനുള്ളിൽ ബ്രൌണിങ്ങ് മെഷീൻ ഗണ്ണുകൾക്ക് പിന്നിൽ നിന്നിരുന്ന രണ്ട് ഭടന്മാരും വെടിയുണ്ടകളേറ്റ് പുറത്തേക്ക് തെറിച്ചു. നിയന്ത്രണം വിട്ട ജീപ്പ് റോഡിൽ നിന്നും തെന്നിമാറി കൈവരികൾ തകർത്ത് അപ്പുറം കടന്ന് കരണം മറിഞ്ഞ് തല കീഴായി അരുവിയിലേക്ക് പതിച്ചു.

അപ്രതീക്ഷിതമായ പ്രഹരത്തിൽ അമ്പരന്ന് പോയ തൊട്ടുപിന്നിലെ ജീപ്പിന്റെ ഡ്രൈവർ സ്റ്റിയറിങ്ങ് വെട്ടിച്ച് റോഡരികിലെ പുൽത്തകിടിയിലേക്ക് പാഞ്ഞ് കയറി. നിയന്ത്രണം നഷ്ടമായ ആ ജീപ്പും ഏതാണ്ട് മുമ്പിൽ പോയ വാഹനത്തെപ്പോലെ നേരെ അരുവിയിലേക്ക് ഓടിയിറങ്ങി. ബെർഗ് തന്റെ മെഷീൻ ഗണ്ണിന്റെ ദിശ അൽപ്പം മാറ്റിയിട്ട് നിർത്താതെ പ്രവർത്തിപ്പിച്ചുകൊണ്ടിരുന്നു. വെടിയേറ്റ് മൂന്നാമത്തെ ജീപ്പിലെ മെഷീൻ ഗൺ ക്രൂ ഇരുവശങ്ങളിലേക്കും തെറിച്ചു. വിന്റ് സ്ക്രീൻ പൊട്ടിച്ചിതറിയ ആ വാഹനം ഒന്ന് വട്ടം കറങ്ങിയ ശേഷം റോഡരികിൽ നിശ്ചലമായി.

ഇതുപോലുള്ള സന്ദർഭങ്ങളിൽ എങ്ങനെ വിജയം കൈവരിക്കാം എന്നതിന്റെ ബാലപാഠങ്ങൾ ഡിന്ററും ബെർഗും ഇതിന് മുമ്പ് സ്റ്റാലിൻ‌ഗ്രാഡിലെ പോർമുഖങ്ങളിൽ വച്ച് തന്നെ സ്വായത്തമാക്കിയിരുന്നു.  അപ്രതീക്ഷിതമായി പ്രഹരമേൽപ്പിച്ചിട്ട് ഞൊടിയിടയിൽ പിൻ‌വാങ്ങുക. ഗാർഡനെ വേർതിരിക്കുന്ന മതിലിന്റെ ഇരുമ്പ് ഗെയ്റ്റിലൂടെ പുറത്ത് കടന്ന് അവർ ഇരുവരും കോട്ടേജിന് പിന്നിലെ കുറ്റിച്ചെടികളുടെ മറവ് പറ്റി പോസ്റ്റ് ഓഫീസിന് നേർക്ക് നീങ്ങി.  

തന്റെ സംഘാംഗങ്ങൾക്ക് പിണഞ്ഞ ദുരന്തം കുറച്ചകലെ വനത്തിലെ മരങ്ങൾക്കിടയിൽ അല്പം ഉയർന്ന സ്ഥലത്ത് നിന്നുകൊണ്ട് വീക്ഷിക്കുകയായിരുന്ന കേണൽ ഷഫ്റ്റോ ക്രോധത്താൽ പല്ല് ഞെരിച്ചു. ഇപ്പോൾ എല്ലാം വ്യക്തമാകുന്നു കേണൽ ഷഫ്റ്റോയെ എന്ത് ബോദ്ധ്യപ്പെടുത്തണമെന്ന് റിട്ടർ ന്യുമാൻ വിചാരിച്ചുവോ അത് അയാൾ ചെയ്തുകാണിച്ച് കൊടുത്തിരിക്കുന്നു. “വൈ, ദാറ്റ് ലിറ്റിൽ ബാസ്റ്റർഡ് വാസ്  സെറ്റിങ്ങ് മീ അപ്പ്” ഷഫ്റ്റോ മന്ത്രിച്ചു.

ഏറ്റവുമൊടുവിൽ വെടിയേറ്റ ജീപ്പ് റോഡരികിൽ തന്നെ കിടക്കുകയാണ്. അതിന്റെ ഡ്രൈവർക്ക് മുഖത്ത് കാര്യമായ മുറിവേറ്റിരുന്നു. സർജന്റ് തോമസ് അയാളുടെ മുറിവിൽ ബാൻ‌ഡേജ് വച്ചുകൊണ്ടിരിക്കവേ കേണൽ ഷഫ്റ്റോ ഉച്ചത്തിൽ വിളിച്ച് ചോദിച്ചു. 

“സർജന്റ് നിങ്ങളെന്ത് വിഡ്ഢിത്തരമാണീ കാണിക്കുന്നത്? ആ രണ്ടാമത്തെ കോട്ടേജിന്റെ പൂന്തോട്ടത്തിന്റെ മതിലിനപ്പുറത്ത് അവർ മെഷീൻ ഗണ്ണുമായി നിൽക്കുന്നുണ്ട് മൂന്ന് പേരെ കൂട്ടി കാൽനടയായി ചെന്ന് അവരെ വക വരുത്തുക

ഫീൽഡ് ടെലിഫോൺ കൈയിലേന്തി ഷഫ്റ്റോയുടെ പിന്നിൽ നിന്നിരുന്ന ക്രൂക്കോവ്സ്കി ദയനീയമായി ആത്മഗതം നടത്തി. “അഞ്ച് മിനിറ്റ് മുമ്പ് പതിമൂന്ന് പേരുണ്ടായിരുന്നു സംഘത്തിൽ ഇപ്പോൾ വെറും ഒമ്പത് എങ്ങനെ കളിച്ച് ജയിക്കാമെന്നാണ് ഇയാൾ വിചാരിച്ചു വച്ചിരിക്കുന്നത്?”

അതേ സമയം ഗ്രാമത്തിന്റെ മറുഭാഗത്ത് നിന്നും ഫയറിങ്ങിന്റെ ശബ്ദം ഉയരുന്നത് കേൾക്കാറായി. ഷഫ്റ്റോ തന്റെ ബൈനോക്കുലേഴ്സ് എടുത്ത് ആ ഭാഗത്തേക്ക് ഫോക്കസ് ചെയ്തു. പക്ഷേ, അധികമൊന്നും അതിൽ ഗോചരമായിരുന്നില്ല. പാലത്തിന്നപ്പുറമുള്ള വളവിന് ശേഷം റോഡ് കാണാൻ കഴിയുന്നില്ല. അങ്ങകലെയുള്ള വീടുകളുടെ അപ്പുറത്ത് ഉയർന്ന് നിൽക്കുന്ന മില്ലിന്റെ മേൽക്കൂര ശ്രദ്ധിച്ച ഷഫ്റ്റോ വിരൽ ഞൊടിച്ചു. ക്രൂക്കോവ്സി ഫീൽഡ് ടെലിഫോൺ അദ്ദേഹത്തിന്റെ നേർക്ക് നീട്ടി.

“മാലെറി ഡൂ യൂ ഹിയർ മീ?”

“തീർച്ചയായും കേണൽ” മാലെറിയുടെ സ്വരം അടുത്ത സെക്കന്റിൽ തന്നെ എത്തി.

“വാട്ട് ഇൻ ദി ഹെൽ ഗോസ് ഓൺ അപ്പ് ദേർ? നിങ്ങൾ ആ മില്ലിന് അരികിൽ എത്തിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്

“ആ മില്ലിന്റെ ഒന്നാം നിലയിൽ അവർ താവളമടിച്ചിരിക്കുകയാണ് സർ ശക്തമായ ഫയറിങ്ങാണ് അവിടെ നിന്നും ഞങ്ങളുടെ നേർക്ക് ലീഡ് ജീപ്പിനെ അവർ വെടി വച്ച് തകർത്തു. അതിപ്പോൾ റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുകയാണ് ഇതിനകം നാല് പേരെ നഷ്ടപ്പെട്ടു കഴിഞ്ഞു സർ

“എന്നാലിനി ബാക്കിയുള്ളവരെയും കൂടി നഷ്ടപ്പെടുന്നതും കാത്ത് അവിടെത്തന്നെ നിൽക്ക്...” ഫോണിലൂടെ ഷഫ്റ്റോ അലറി. “ഗെറ്റ് ഇൻ ദേർ, മാലെറി ബേൺ ദെം ഔട്ട് വാട്ട് എവർ ഇറ്റ് റ്റേക്ക്സ്

വെടിയൊച്ച കനത്ത് തുടങ്ങിയതും ഷഫ്റ്റോ മൂന്നാമത്തെ സംഘവുമായി ബന്ധപ്പെടുവാൻ ശ്രമിച്ചു.

“ഹ്യൂസ്റ്റ്‌ലർ ആർ യൂ ദേർ?”

“കേണൽ, ദിസ് ഈസ് ഹ്യൂസ്റ്റ്‌ലർ” അയാളുടെ സ്വരം ക്ഷീണിതമായിരുന്നു.

“കുന്നിൻ മുകളിലെ ആ ദേവാലയത്തിനടുത്ത് ഇതിനോടകം നിങ്ങൾ എത്തിക്കാണുമെന്നായിരുന്നു ഞാൻ കരുതിയത്

“ഈ വഴി തികച്ചും ദുർഘടമാണ് കേണൽ താങ്കൾ നിർദ്ദേശിച്ചതനുസരിച്ച് ഞങ്ങൾ പാടത്ത് കൂടിയാണ് നീങ്ങിയത് പക്ഷേ, ചെളി നിറഞ്ഞ് കുഴഞ്ഞ് മറിഞ്ഞ് കിടക്കുന്നതിനാൽ പതുക്കെയേ നടക്കാൻ പറ്റുന്നുള്ളൂ ഹോക്ക്സ്‌വുഡിന്റെ തെക്കേ അറ്റത്തേക്ക് എത്തുന്നതേയുള്ളൂ

“ദൈവത്തെയോർത്ത് പെട്ടെന്ന് അവിടെയെത്താൻ നോക്ക്…!” അദ്ദേഹം ഫോൺ ക്രൂക്കോവ്സ്കിക്ക് തിരികെ നൽകി.

“എന്റെ ദൈവമേ! വിശ്വസിച്ച് ഒരാളെപ്പോലും ഒന്നും ഏൽപ്പിക്കാൻ പറ്റില്ലല്ലോ!  വിചാരിച്ചത് പോലെ കാര്യം നടക്കണമെങ്കിൽ എല്ലാത്തിനും ഞാൻ തന്നെ നേരിട്ട് ഇറങ്ങണമെന്ന് വച്ചാൽ…!” ഷഫ്റ്റോ രോഷം കൊണ്ടു.

അദ്ദേഹം താഴോട്ട് ഊർന്നിറങ്ങി. കോട്ടേജിന്റെ മതിലിനപ്പുറത്തെ ശത്രുതാവളം തിരഞ്ഞ് പോയിരുന്ന സർജന്റ് തോമസും മറ്റ് മൂന്ന് പേരും അപ്പോഴേക്കും അവിടെയെത്തി.

“നത്തിങ്ങ് റ്റു റിപ്പോർട്ട്, കേണൽ” അയാൾ പറഞ്ഞു.

“വാട്ട് ഡൂ യൂ മീൻ, നത്തിങ്ങ് റ്റു റിപ്പോർട്ട്?”

“അവിടെ ആരെയും കണ്ടില്ല സർ ഇതാ ഇവയൊഴികെ” തോമസിന്റെ കൈകളിൽ .303 ബുള്ളറ്റുകളുടെ ഒരു പിടി ഒഴിഞ്ഞ കെയ്സുകൾ ഉണ്ടായിരുന്നു.

ഷഫ്റ്റോ അയാളുടെ കൈയിൽ ഒരു തട്ട് കൊടുത്തു. ബുള്ളറ്റിന്റെ കെയ്സുകൾ നിലത്ത് വീണ് ചിതറി.

“ഓകെ ബാക്കിയുള്ള രണ്ട് ജീപ്പുകളും മുന്നോട്ട് നീങ്ങട്ടെ മെഷീൻ ഗൺ ഓപ്പറേറ്റ് ചെയ്യാൻ രണ്ട് പേർ വീതം ആ പാലം തകർത്ത് കളഞ്ഞേക്കുക എന്നിട്ട് കനത്ത ഫയറിങ്ങ് ആരംഭിക്കുക ഒരു പുൽക്കൊടി പോലും അവശേഷിക്കാത്ത വിധം

“പക്ഷേ, കേണൽ” തോമസ് എന്തോ പറയാൻ തുടങ്ങിയതും ഷഫ്റ്റോ തടഞ്ഞു.

“നാല് ഭടന്മാരുമായി നിങ്ങൾ കാൽ‌നടയായി ആ കോട്ടേജുകളുടെ പിൻ‌ഭാഗത്ത് കൂടി നീങ്ങുക പാലത്തിനടുത്തുള്ള ആ പോസ്റ്റ് ഓഫീസിന്റെ പിന്നിൽ എത്തിയതും ആക്രമണം അഴിച്ചുവിടുക ക്രൂക്കോവ്സ്കി എന്റെയൊപ്പം ഇവിടെ നിൽക്കട്ടെ” അദ്ദേഹം മുഷ്ടി ചുരുട്ടി ജീപ്പിന്റെ ബോണറ്റിൽ ആഞ്ഞിടിച്ചു.   “നൌ മൂവ് ഇറ്റ്…!


(തുടരും)

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...