Thursday, September 29, 2011

ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 15

തികച്ചും യാദൃച്ഛികം എന്ന് പറയാതെ തരമില്ല. അല്ലെങ്കില്‍ ആ റിപ്പോര്‍ട്ട്‌ ഒരു ഉപയോഗവുമില്ലാതെ കേണല്‍ റാഡ്‌ലിന്റെ മേശമേല്‍ കിടന്നേനെ. 1943 സെപ്റ്റംബര്‍ 22. അഡ്‌മിറല്‍ കാനറീസുമായുള്ള കൂടിക്കാഴ്ച കഴിഞ്ഞിട്ട്‌ കൃത്യം ഒരു വാരമായിരിക്കുന്നു. രാവിലെ തന്നെ അദ്ദേഹം തന്റെ ഓഫീസിലെത്തി മേശമേല്‍ കുന്നുകൂടി കിടക്കുന്ന പേപ്പര്‍ വര്‍ക്കുകള്‍ ക്ലിയര്‍ ചെയ്തുകൊണ്ടിരിക്കുകയാണ്‌. മൂന്ന് ദിവസത്തെ പാരീസ്‌ സന്ദര്‍ശനത്തിന്‌ പോയതിന്റെ ഫലം.

കാള്‍ ഹോഫര്‍ മുറിയ്ക്കുള്ളിലേക്ക്‌ പ്രവേശിച്ചപ്പോള്‍ അസ്വസ്ഥതയോടെ അദ്ദേഹം മുഖമുയര്‍ത്തി പുരികം ചുളിച്ചു. തീരെ സന്തോഷവാനായിരുന്നില്ല കേണല്‍ റാഡ്‌ല്‍ .

"പ്ലീസ്‌ കാള്‍ ... കുറച്ച്‌ നേരത്തേക്കെങ്കിലും ശല്യപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നതല്ലേ ഞാന്‍ ...? ഇപ്പോള്‍ എന്താണ്‌ പ്രശ്നം...?"

"അയാം സോറി, ഹേര്‍ ഓബര്‍സ്റ്റ്‌... ഇതാ, ഇപ്പോള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ട ഒരു റിപ്പോര്‍ട്ടാണ്‌... താങ്കള്‍ക്ക്‌ തീര്‍ച്ചയായും താല്‍പര്യമുണ്ടാകുന്നതാണെന്ന് തോന്നി..."

"എവിടെ നിന്നുള്ളതാണ്‌...?"

"അബ്‌ഫെര്‍ വണ്‍ ..."

വിദേശത്തെ ചാരപ്രവര്‍ത്തനം കൈകാര്യം ചെയ്യുന്ന ഡിപ്പാര്‍ട്ട്‌മെന്റാണ്‌ അബ്‌ഫെര്‍ വണ്‍ . നെഞ്ചോട്‌ ചേര്‍ത്ത്‌ വച്ച ഫയലുമായി കാത്തുനില്‍ക്കുന്ന ഹോഫറിനെ നോക്കി താല്‍പ്പര്യമില്ലാത്ത മട്ടില്‍ അദ്ദേഹം നെടുവീര്‍പ്പിട്ടു. പിന്നെ പേന താഴെ വച്ചിട്ട്‌ പറഞ്ഞു. "ഓള്‍ റൈറ്റ്‌... റ്റെല്‍ മി എബൗട്ട്‌ ഇറ്റ്‌ ..."

ഹോഫര്‍ ആ ഫയല്‍ തുറന്ന് അദ്ദേഹത്തിന്റെ മുന്നിലേക്ക്‌ നീക്കി വച്ചു. "ഇത്‌ ഇംഗ്ലണ്ടിലെ നമ്മുടെ ഏജന്റില്‍ നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടാണ്‌... സ്റ്റാര്‍ലിംഗ്‌ എന്നാണ്‌ കോഡ്‌ നെയിം..."

മേശമേല്‍ വച്ചിരിക്കുന്ന സിഗരറ്റ്‌ പാക്കറ്റില്‍ നിന്ന് ഒന്നെടുക്കുവാനായി മുന്നോട്ടാഞ്ഞപ്പോള്‍ അദ്ദേഹം ആ റിപ്പോര്‍ട്ടിന്റെ ആദ്യ പേജിലേക്ക്‌ നോട്ടമെയ്തു. "മിസ്സിസ്‌ ജോവന്നാ ഗ്രേ..."

"അതേ... നോര്‍ഫോക്കിന്റെ വടക്കന്‍ പ്രദേശത്ത്‌ കടല്‍ത്തീരത്തോട്‌ തൊട്ടടുത്താണ്‌ അവര്‍ താമസിക്കുന്നത്‌. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ എന്നൊരു കൊച്ചു ഗ്രാമത്തിൽ ..."

റാഡ്‌ല്‍ പെട്ടെന്ന് ആവേശഭരിതനായി. "ഓബോ ഇന്‍സ്റ്റലേഷനെക്കുറിച്ച്‌ നമുക്ക്‌ വിവരം എത്തിച്ച്‌ തന്നത്‌ ഈ സ്ത്രീയല്ലേ...?" അദ്ദേഹം രണ്ട്‌ മൂന്ന് പേജുകള്‍ പെട്ടെന്ന് മറിച്ച്‌ നോക്കിയിട്ട്‌ അത്ഭുതം കൂറി. "ഇതില്‍ കുറേയേറെ കാര്യങ്ങളുണ്ടല്ലോ... ഇവരിതെങ്ങനെ ഒപ്പിച്ചെടുത്തു...?"

"സ്പാനിഷ്‌ എംബസിയില്‍ അവര്‍ക്ക്‌ വളരെ നല്ല കണക്ഷന്‍സ്‌ ആണുള്ളത്‌... മിസ്സിസ്‌ ഗ്രേയുടെ റിപ്പോര്‍ട്ടുകള്‍ അവിടെ നിന്നും ഡിപ്ലോമാറ്റിക്ക്‌ ബാഗിലാണ്‌ ഇങ്ങോട്ടയയ്ക്കുന്നത്‌. സാധാരണ നിലയില്‍ മൂന്ന് ദിവസം കൊണ്ട്‌ ഇവിടെയെത്തും..."

"വെരി ഗുഡ്‌..." റാഡ്‌ല്‍ പറഞ്ഞു. "എത്ര നാള്‍ കൂടുമ്പോഴാണ്‌ അവരുടെ റിപ്പോര്‍ട്ടുകള്‍ വരുന്നത്‌...?"

"മാസത്തിലൊരിക്കല്‍ ... കൂടാതെ അവര്‍ക്ക്‌ റേഡിയോ ലിങ്കും ഉണ്ട്‌... പക്ഷേ കുറച്ചേ ഉപയോഗിക്കാറുള്ളുവെന്ന് മാത്രം. എങ്കിലും ആഴ്ചയില്‍ മൂന്ന് ദിവസമെങ്കിലും ഓരോ മണിക്കൂര്‍ വീതം കമ്യൂണിക്കേഷനുണ്ടെന്ന് പറയാം. അവരുമായിട്ടുള്ള ഇവിടുത്തെ കോണ്ടാക്റ്റ് ക്യാപ്റ്റന്‍ മെയര്‍ ആണ്‌..."

"ഓള്‍ റൈറ്റ്‌ കാള്‍ ... ആദ്യം കുറച്ച്‌ കോഫി കൊണ്ടു വരൂ... എന്നിട്ട്‌ ഞാനിതൊക്കെ ഒന്ന് വിശദമായി നോക്കട്ടെ..."

"പ്രധാനപ്പെട്ട ഭാഗങ്ങള്‍ ഞാന്‍ ചുവന്ന മഷികൊണ്ട്‌ അടിവരയിട്ടിട്ടുണ്ട്‌... മൂന്നാമത്തെ പേജില്‍ കാണാമത്‌... ഒരു ലാര്‍ജ്‌ സ്കെയില്‍ ബ്രീട്ടിഷ്‌ സര്‍വേ ഓര്‍ഡ്‌നന്‍സ്‌ മാപ്പും അതോടൊപ്പം വച്ചിട്ടുണ്ട്‌..." ഹോഫര്‍ പുറത്തേക്കിറങ്ങി.

വളരെ പ്രസക്തമായ ഒരു റിപ്പോര്‍ട്ടായിരുന്നുവത്‌. ഉപകാരപ്രദമായ വിവരങ്ങളായിരുന്നു അതില്‍ നിറയെ. ആ പ്രദേശത്തെക്കുറിച്ചുള്ള ഒരു സാമാന്യ വിവരണം. വാഷ്‌ ഉള്‍ക്കടലിന്റെ ദക്ഷിണ തീരത്ത്‌ വിന്യസിച്ചിരിക്കുന്ന അമേരിക്കയുടെ രണ്ട്‌ B-17 സ്ക്വാഡ്രണുകള്‍ , ഷെറിങ്ങ്‌ഹാമിനടുത്ത്‌ വിന്യസിച്ചിരിക്കുന്ന B-24 സ്ക്വാഡ്രണ്‍ എന്നിവയുടെ കൃത്യമായ ലൊക്കേഷനെക്കുറിച്ചുള്ള വിവരങ്ങള്‍ . എല്ലാം ഒന്നിനൊന്ന് മെച്ചമായത്‌. എന്നാല്‍ മൂന്നാമത്തെ പേജിലെത്തിയപ്പോഴാണ്‌ അദ്ദേഹം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയത്‌. ഉദ്വേഗവും ആവേശവും കൊണ്ട്‌ അദ്ദേഹത്തിന്റെ ദേഹം വലിഞ്ഞുമുറുകി.

വളരെ ലളിതമായിരുന്നു അത്‌. വാഷിനടുത്തുള്ള റോയല്‍ എയര്‍ഫോഴ്‌സ്‌ ബോംബര്‍ കമാന്‍ഡിന്റെ ഒരു സ്റ്റേഷന്‍ സന്ദര്‍ശിക്കുവാനായി നവംബര്‍ 6 ശനിയാഴ്ച രാവിലെ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ എത്തുന്നു. ശേഷം അതേ ദിവസം തന്നെ അടുത്തുള്ള കിങ്ങ്‌സ്‌ ലിന്നിലുള്ള ഒരു ഫാക്ടറിയിലെ തൊഴിലാളികളെ അഭിസംബോധന ചെയ്യുന്നു.

ഏറ്റവും ഉദ്വേഗഭരിതമായ ഭാഗം അടുത്തതായിരുന്നു. ലണ്ടനിലേക്ക്‌ തിരിച്ച്‌ പോകുന്നതിന്‌ പകരം അദ്ദേഹം ആ വാരാന്ത്യം അവിടെ തന്നെ ചെലവഴിക്കുവാനാണ്‌ പരിപാടിയിട്ടിരിക്കുന്നത്‌. സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ ഗ്രാമത്തിന്‌ വെളിയില്‍ ഏകദേശം അഞ്ച്‌ മൈല്‍ ദൂരെ സ്റ്റഡ്‌ലി ഗ്രെയ്ഞ്ചിലുള്ള സര്‍ ഹെന്‍ട്രി വില്ലഫ്‌ബിയുടെ വസതിയില്‍ . അതീവ രഹസ്യമായി സൂക്ഷിച്ചിട്ടുള്ള ഒരു സ്വകാര്യ സന്ദര്‍ശനം. ആ ഗ്രാമത്തിലെ ആര്‍ക്കും തന്നെ അക്കാര്യം അറിയുകയുമില്ല. പക്ഷേ തന്റെ ഉറ്റ സുഹൃത്തായ മിസ്സിസ്‌ ജോവന്നാ ഗ്രേയോടുള്ള അടുപ്പം കൊണ്ട്‌ റിട്ടയേര്‍ഡ്‌ നേവല്‍ ഓഫീസറായ സര്‍ ഹെന്‍ട്രിക്ക്‌ അക്കാര്യം മറച്ച്‌ വയ്ക്കാന്‍ കഴിഞ്ഞില്ല.

ആ റിപ്പോര്‍ട്ടിലേക്ക്‌ കണ്ണും മിഴിച്ച്‌ കുറേ നേരം അദ്ദേഹം ഇരുന്നുപോയി. പിന്നെ അതോടൊപ്പമുണ്ടായിരുന്ന സര്‍വ്വേ മാപ്പിന്റെ ചുരുള്‍ നിവര്‍ത്തി. കോഫിയുമായി അപ്പോഴേക്കും ഹോഫര്‍ എത്തിക്കഴിഞ്ഞിരുന്നു. ട്രേ മേശമേല്‍ വച്ച്‌ കപ്പില്‍ കോഫി പകര്‍ന്നിട്ട്‌ അദ്ദേഹം റാഡ്‌ലിന്റെ വാക്കുകള്‍ക്കായി കാത്തുനിന്നു.

റാഡ്‌ല്‍ മുഖമുയര്‍ത്തി. "ഓള്‍ റൈറ്റ്‌... ഡാംന്‍ യൂ... ഈ പറഞ്ഞിരിക്കുന്ന സ്ഥലം എവിടെയാണെന്ന് കാണിച്ച്‌ തരൂ... നിങ്ങള്‍ക്കറിയാമല്ലോ അല്ലേ...?"

"തീര്‍ച്ചയായും ഹേര്‍ ഓബര്‍സ്റ്റ്‌..." വാഷ്‌ ഉള്‍ക്കടലിന്‌ സമീപത്ത്‌ നിന്നും തീരപ്രദേശത്തുകൂടി തെക്കോട്ട്‌ അദ്ദേഹം വിരലോടിച്ചു. ഇതാണ്‌ സ്റ്റഡ്‌ലി കോണ്‍സ്റ്റബിള്‍ . ഈ പ്രദേശത്ത്‌ തന്നെയാണ്‌ ബ്ലാകെനിയും ക്ലേയും. ഈ മൂന്ന് പോയിന്റും കൂടി യോജിപ്പിച്ചാല്‍ ഒരു ത്രികോണമാകും. യുദ്ധം തുടങ്ങുന്നതിന്‌ മുമ്പ്‌ തന്നെ മിസ്സിസ്‌ ഗ്രേയുടെ റിപ്പോര്‍ട്ടുകളില്‍ നിന്നും ഞാന്‍ ആ സ്ഥലത്തെക്കുറിച്ച്‌ പഠിച്ചിരുന്നു. വിജനമായ പ്രദേശമാണത്‌. വിശാലമായ ബീച്ചുകളും ചതുപ്പ്‌ നിലങ്ങളും നിറഞ്ഞ ഒരു കുഗ്രാമം..."

ആ ഭൂപടത്തിലേക്ക്‌ നോക്കി റാഡ്‌ല്‍ കുറേ നേരം ഇരുന്നു. പിന്നെ പെട്ടെന്ന് തന്നെ ഒരു തീരുമാനത്തിലെത്തി. "ഗെറ്റ്‌ മി ഹാന്‍സ്‌ മെയര്‍ ... എനിക്കദ്ദേഹത്തോടൊന്ന് സംസാരിക്കണം... പക്ഷേ ഒരു കാര്യം... വിഷയമെന്താണെന്ന് അദ്ദേഹത്തിന്‌ ഒരു സൂചന പോലും കൊടുക്കരുത്‌..."

"തീര്‍ച്ചയായും ഹേര്‍ ഓബര്‍സ്റ്റ്‌..."

ഹോഫര്‍ വാതിലിന്‌ നേര്‍ക്ക്‌ നടന്നു. "കാള്‍ ... ഒരു കാര്യം കൂടി... മിസ്സിസ്‌ ഗ്രേ അയച്ച സകല റിപ്പോര്‍ട്ടുകളും കൊണ്ടു വരൂ... ഒപ്പം ആ പ്രാദേശത്തെക്കുറിച്ച്‌ കിട്ടാവുന്ന എല്ലാ ഇന്‍ഫര്‍മേഷനും..."

വാതില്‍ അടഞ്ഞു. മുറിയിലെങ്ങും നിശബദത നിറഞ്ഞു. അദ്ദേഹം തന്റെ പ്രിയ സിഗരറ്റ്‌ എടുക്കുവാനായി മുന്നോട്ടാഞ്ഞു. റഷ്യന്‍ സിഗരറ്റ്‌. കിഴക്കന്‍ നിരകളില്‍ യുദ്ധത്തിന്‌ പോയവരുടെ ഒരു ദൗര്‍ബല്യമാണ്‌ റഷ്യന്‍ സിഗരറ്റുകള്‍ . അതിന്റെ വീര്യമേറിയ പുകയില്‍ അദ്ദേഹം ചുമച്ചുപോയി. അദ്ദേഹത്തിന്റെ ആരോഗ്യ നില പരിഗണിച്ച്‌ ഡോക്ടര്‍മാര്‍ പുകവലി വിലക്കിയിട്ടുള്ളതാണ്‌. എന്നിട്ടും ഈ ശീലം ഉപേക്ഷിക്കാന്‍ അദ്ദേഹത്തിനിനിയും ആയിട്ടില്ല.

അദ്ദേഹം ജാലകത്തിനരികില്‍ ചെന്ന് പുറത്തേക്ക്‌ നോക്കി. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. ഇതിലൊന്നും യാതൊരു അര്‍ത്ഥവും ഇല്ലാത്തത്‌ പോലെ. ഫ്യൂറര്‍ ... ഹിംലര്‍ ... കാനറീസ്‌ ... ചൈനീസ്‌ നാടകങ്ങളിലെ തിരശീലയ്ക്ക്‌ പിന്നിലെ നിഴലുകളെപ്പോലെ... എല്ലാം മിഥ്യ പോലെ... ഇപ്പോഴിതാ ഈ ചര്‍ച്ചില്‍ പ്രോജക്ട്‌... ആയിരക്കണക്കിന്‌ സൈനികര്‍ കിഴക്കന്‍ യുദ്ധനിരയില്‍ മരിച്ച്‌ വീഴുമ്പോഴാണ്‌ ഇതുപോലെയുള്ള വിഡ്ഢിക്കളി കളിക്കാന്‍ അവര്‍ക്ക്‌ നേരം...

അദ്ദേഹം തീര്‍ത്തും വിഷണ്ണനായിരുന്നു. ഈ വിഡ്ഢിത്തരത്തില്‍ പങ്കാളിയാകുന്നതില്‍ തന്നോട്‌ തന്നെ നീരസം തോന്നി. ആരോ കതകില്‍ മുട്ടുന്ന ശബ്ദം കേട്ട്‌ അദ്ദേഹം തിരിഞ്ഞു. ശരാശരി ഉയരമുള്ള, നരച്ച മുടിയുള്ള ഒരു സൈനികന്‍. അലസമായ മുടിയും കട്ടി കണ്ണടയും അദ്ദേഹത്തിന്‌ ഒരു പ്രത്യേക ഭാവം നല്‍കി.

"ആഹ്‌, വരൂ മെയർ ‍..."

ഹാന്‍സ്‌ മെയറിന്‌ ഏകദേശം അമ്പത്‌ വയസ്സുണ്ട്‌. ഒന്നാം ലോകമഹായുദ്ധകാലത്ത്‌ അദ്ദേഹം ഒരു സബമറീന്‍ കമാന്‍ഡറായിരുന്നു. ജര്‍മ്മന്‍ നേവിയിലെ യുവരക്തങ്ങളില്‍ ഒരുവന്‍. 1922 ന്‌ ശേഷം അദ്ദേഹം ഇന്റലിജന്‍സ്‌ വിഭാഗത്തിലേക്ക്‌ മാറ്റപ്പെട്ടു. തന്റെ കൂര്‍മ്മബുദ്ധി അവിടെയും അദ്ദേഹത്തെ മുന്‍നിരയിലെത്തിച്ചു.

"യെസ്‌ ഹേര്‍ ഓബര്‍സ്റ്റ്‌..." അദ്ദേഹം ഉപചാരപൂര്‍വം പറഞ്ഞു.

"സിറ്റ്‌ ഡൗണ്‍ മാന്‍, സിറ്റ്‌ ഡൗണ്‍ ..." റാഡ്‌ല്‍ അടുത്തു കണ്ട കസേരയിലേക്ക്‌ ചൂണ്ടി പറഞ്ഞു. "നിങ്ങളുടെ ഒരു ഏജന്റ്‌ - സ്റ്റാര്‍ലിങ്ങ്‌ - അയച്ച ഏറ്റവും പുതിയ റിപ്പോര്‍ട്ട്‌ വായിക്കുകയായിരുന്നു ഞാന്‍ ... ക്വയറ്റ്‌ ഫാസിനേറ്റിങ്ങ്‌..."

"തീര്‍ച്ചയായും... " മെയര്‍ തന്റെ കണ്ണട ഊരി കൈലേസ്‌ കൊണ്ട്‌ തുടച്ചു. "ജോവന്നാ ഗ്രേ... എ റിമാര്‍ക്കബിള്‍ വുമണ്‍..."

"അവരെക്കുറിച്ച്‌ പറയൂ..."

മെയര്‍ അമ്പരന്നു. "അവരെക്കുറിച്ച്‌ എന്താണ്‌ താങ്കള്‍ അറിയാന്‍ ആഗ്രഹിക്കുന്നത്‌ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"എല്ലാം..." റാഡ്‌ല്‍ പറഞ്ഞു.

മെയര്‍ ഒരു നിമിഷം സംശയിച്ച്‌ നിന്നു. എന്തായിരിക്കും ഇപ്പോള്‍ അവരെക്കുറിച്ച്‌ ചോദിക്കാന്‍ കാരണം...? എന്തായാലും പറയുക തന്നെ... അദ്ദേഹം തന്റെ കണ്ണട വീണ്ടും മുഖത്ത്‌ വച്ചു. പിന്നെ സാവധാനം സംസാരിക്കുവാന്‍ തുടങ്ങി.

(തുടരും)

Thursday, September 22, 2011

ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 14


"ബ്രിംഗ്‌ ദി ഡെവിള്‍ ഫ്രം ഹെല്‍ ഇഫ്‌ നെസസ്സറി... അതായിരുന്നു അദ്ദേഹം പറഞ്ഞ വാക്യം..." കാനറീസ്‌ പറഞ്ഞു.

"അത്‌ ശരി... എന്നിട്ട്‌ മറ്റുള്ളവരുടെ പ്രതികരണം എന്തായിരുന്നു...?" കേണല്‍ റാഡ്‌ല്‍ ചോദിച്ചു.

"ഗീബല്‍സ്‌ പതിവ്‌ പോലെ സൗഹൃദ ഭാവത്തിലായിരുന്നു. മുസ്സോളിനി തികച്ചും അസ്വസ്ഥനായി കാണപ്പെട്ടു. എന്നാല്‍ ഹിംലര്‍ ആയിരുന്നു പ്രശ്നക്കാരന്‍. ഫ്യൂററുടെ അഭിപ്രായങ്ങളെ ഉടനീളം പിന്താങ്ങിക്കൊണ്ടിരുന്നു. ചുരുങ്ങിയത്‌ ഇക്കാര്യത്തില്‍ നമുക്ക്‌ എന്ത്‌ ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുകയെങ്കിലും ചെയ്യണം പോലും. ഒരു സാദ്ധ്യതാ പഠനം... അതാണ്‌ അങ്ങേര്‍ക്ക്‌ വേണ്ടത്‌..." കാനറീസ്‌ പറഞ്ഞു.

"അത്‌ ശരി.." റാഡ്‌ല്‍ ഒന്ന് സംശയിച്ചു. "ഫ്യൂറര്‍ ശരിക്കും സീരിയസ്‌ ആയിട്ടാണ്‌ പറഞ്ഞതെന്ന് തോന്നുന്നുണ്ടോ...?"

"അല്ലെന്നാണ്‌ തോന്നുന്നത്‌..." കാനറീസ്‌ കട്ടിലില്‍ ചെന്നിരുന്ന് ഷൂവിന്റെ ലെയ്‌സ്‌ അഴിച്ചു. "ഇതിനകം അദ്ദേഹം അത്‌ മറന്നിട്ടുണ്ടാകുമെന്നാണ്‌ തോന്നുന്നത്‌... അത്തരം മാനസികാവസ്ഥയില്‍ അദ്ദേഹം ഇതും ഇതിനപ്പുറവും പറയുമെന്നെനിക്കറിയാം... സകല വിഡ്ഢിത്തരങ്ങളും ഒന്നിച്ചെഴുന്നെള്ളിക്കും..." അദ്ദേഹം മെത്തയിലേക്ക്‌ ചാഞ്ഞ്‌ പുതപ്പിനടിയിലേക്ക്‌ കയറി. "സത്യം പറഞ്ഞാല്‍ ആ ഹിംലറിനെയാണ്‌ സൂക്ഷിക്കേണ്ടത്‌... അയാള്‍ എന്റെ ചോര കുടിച്ചേ അടങ്ങൂ... എനിക്കുറപ്പുണ്ട്‌, സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ എന്നെങ്കിലും അയാള്‍ ഇക്കാര്യം വീണ്ടും ഫ്യൂററെ ഓര്‍മ്മപ്പെടുത്തും... ഇക്കാര്യത്തില്‍ ഞാന്‍ ഒന്നും തന്നെ ചെയ്തില്ലെന്ന് അദ്ദേഹത്തെ ധരിപ്പിക്കാന്‍ വേണ്ടി മാത്രം..."

"അപ്പോള്‍ ... ഞാന്‍ എന്താണിക്കാര്യത്തില്‍ ചെയ്യേണ്ടത്‌ അഡ്‌മിറല്‍ ...?"

"എക്സാറ്റ്‌ലി വാട്ട്‌ ഹിംലര്‍ സജസ്റ്റഡ്‌... എ ഫീസിബിലിറ്റി സ്റ്റഡി... സുദീര്‍ഘമായ ഒരു റിപ്പോര്‍ട്ട്‌... നാം ഇക്കാര്യത്തില്‍ വെറുതെയിരിക്കുകയല്ല എന്ന് ബോദ്ധ്യപ്പെടുത്താന്‍ വേണ്ടി മാത്രം... ഉദാഹരണത്തിന്‌, ചര്‍ച്ചില്‍ ഇപ്പോള്‍ കാനഡയിലാണല്ലോ... തിരിച്ച്‌ വരുന്നത്‌ ഒരു പക്ഷേ കടല്‍ മാര്‍ഗ്ഗമായിരിക്കും... ഒരു അന്തര്‍വാഹിനിയുമായി ആ കപ്പലിനെ വളഞ്ഞ്‌ അദ്ദേഹത്തെ തട്ടിക്കൊണ്ടു വരുവാനുള്ള പദ്ധതികള്‍ ... അത്‌ പോലുള്ള എന്തെങ്കിലും ദൗത്യങ്ങളേക്കുറിച്ചുള്ള ഒരു ഫീസിബിലിറ്റി സ്റ്റഡി തയ്യാറാക്കുക... ആഹ്‌... ഞാനൊന്ന് മയങ്ങട്ടെ... ഒരു ഒന്നൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ എന്നെ വിളിക്കണമെന്ന് ക്രോജലിനോട്‌ പറഞ്ഞേക്കൂ..."

അദ്ദേഹം പുതപ്പെടുത്ത്‌ തലവഴി മൂടി. റാഡ്‌ല്‍ ലൈറ്റ്‌ അണച്ച്‌ പുറത്തേക്കിറങ്ങി. തിരികെ ഓഫീസിലേക്ക്‌ നടക്കുമ്പോള്‍ അദ്ദേഹം ഒട്ടും സന്തോഷവാനായിരുന്നില്ല. തന്നെ ഏല്‍പ്പിച്ച മണ്ടന്‍ ദൗത്യത്തെക്കുറിച്ചോര്‍ത്തായിരുന്നില്ല. ഇതൊക്കെ സാധാരണം. സത്യം പറഞ്ഞാല്‍ പലപ്പോഴും തന്റെ സെക്ഷന്‍-3 ഡിപ്പാര്‍ട്ട്‌മെന്റിനെ വിഡ്ഢിത്തരങ്ങളുടെ കൂടാരം എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്‌.

കാനറീസിന്റെ സംസാര രീതിയാണ്‌ അദ്ദേഹത്തെ അസ്വസ്ഥനാക്കിയത്‌. തങ്ങളുടെ ജോലിയില്‍ തികഞ്ഞ ആത്മാര്‍ത്ഥത പുലര്‍ത്തുന്നവരുടെ കൂട്ടത്തില്‍ ഒരുവനാണ്‌ കേണല്‍ റാഡ്‌ല്‍ ‍. അതിനാല്‍ തന്നെ അഡ്‌മിറലിന്റെ കാര്യത്തില്‍ മാത്രമായിരുന്നില്ല അദ്ദേഹത്തിന്റെ ഉല്‍ക്കണ്ഠ. തന്റെയും കുടുംബത്തിന്റെയും ഭാവി എന്താകുമെന്നതില്‍ അദ്ദേഹം ശരിക്കും ഉല്‍ക്കണ്ഠാകുലനായി.

നിയമപരമായി ഗെസ്റ്റപ്പോ*യ്ക്ക്‌ സൈനികരുടെ മേല്‍ അധികാരമൊന്നുമില്ല. (ഗെസ്റ്റപ്പോ* - നാസി ജര്‍മ്മനിയുടെ രഹസ്യ പോലീസ്‌ വിഭാഗം). പക്ഷേ, ചുരുങ്ങിയ കാലയളവില്‍ ഭൂമുഖത്ത്‌ നിന്ന് അപ്രത്യക്ഷരായ ഒട്ടനവധി ഉദ്യോഗസ്ഥരുടെ ഉദാഹരണങ്ങള്‍ മുന്നിലുള്ളപ്പോള്‍ അക്കാര്യം അതേപടി വിശ്വസിക്കുവാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. ഹിറ്റ്‌ലറുടെ കുപ്രസിദ്ധമായ നൈറ്റ്‌ ആന്റ്‌ ഫോഗ്‌ നിയമം പ്രാബല്യത്തില്‍ വന്നതിന്‌ ശേഷം എന്നെന്നേക്കുമായി കാണാതായവരുടെ എണ്ണം കുറച്ചൊന്നുമല്ല. ജര്‍മന്‍ അധിനിവേശ പ്രദേശങ്ങളിലുള്ളവരെ ഉദ്ദേശിച്ചുള്ളതായിരുന്നു ആ നിയമമെങ്കിലും കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ കഴിയുന്ന ജൂതന്മാരല്ലാത്ത ജര്‍മന്‍ പൗരന്മാരുടെ എണ്ണം അമ്പതിനായിരം കവിയുമെന്ന് റാഡ്‌ലിന്‌ അറിയാമായിരുന്നു. 1933 ന്‌ ശേഷം ഏതാണ്ട്‌ രണ്ട്‌ ലക്ഷത്തോളം പേരാണ്‌ വധിക്കപ്പെട്ടത്‌.

ഓഫീസിലെത്തിയപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ്‌, സര്‍ജന്റ്‌ കാള്‍ ഹോഫര്‍ അപ്പോള്‍ കിട്ടിയ മെയിലുകള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശാന്ത സ്വഭാവിയായ ഒരു മദ്ധ്യവയസ്കന്‍. കേണല്‍ റാഡ്‌ലിനൊപ്പം റഷ്യന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്‌ അയാള്‍ .

റാഡ്‌ല്‍ തന്റെ കസേരയില്‍ ചെന്നിരുന്നു. മേശമേല്‍ വച്ചിരിക്കുന്ന ചിത്രത്തിലേക്ക്‌ അദ്ദേഹം മ്ലാനതയോടെ കണ്ണോടിച്ചു. ഭാര്യയുടെയും മൂന്ന് പെണ്‍മക്കളുടെയും ചിത്രമായിരുന്നു അത്‌. ബവേറിയയിലെ മലനിരകളിലെവിടെയോ സുരക്ഷിതമായി കഴിയുകയാണവര്‍ . അദ്ദേഹത്തിന്റെ വൈക്ലബ്യം ശ്രദ്ധിച്ച ഹോഫര്‍ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന സിഗരറ്റും ചെറിയ ബോട്ട്‌ല്‍ ബ്രാണ്ടിയും എടുത്ത്‌ അദ്ദേഹത്തിന്‌ നേര്‍ക്ക്‌ നീട്ടി.

"അത്രയ്ക്കും മോശമായിരുന്നോ ഹേര്‍ ഓബര്‍സ്റ്റ്‌...?"

"ആയിരുന്നോ എന്ന് ചോദിക്കേണ്ട ആവശ്യമില്ലല്ലോ കാള്‍ ..." ഹോഫര്‍ നല്‍കിയ ബ്രാണ്ടി ഒറ്റ വലിക്ക്‌ അകത്താക്കിയിട്ട്‌ അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചു.


(തുടരും)

Friday, September 16, 2011

ഈഗിൾ ഹാസ് ലാന്റഡ് – 13


ബെർലിനിലെ ടിർപിറ്റ്സ് യൂഫറിലുള്ള അബ്ഫെറിന്റെ ഓഫീസിൽ കാനറീസ് എത്തുമ്പോൾ ഏതാണ്ട് പുലർച്ചെയായിരുന്നു. ടെം‌പൽഹോഫ് എയർപോർട്ടിൽ അദ്ദേഹത്തെ സ്വീകരിക്കുവാൻ ഡ്രൈവറുടെയൊപ്പം അഡ്മിറൽ കാനറീസിന്റെ ഇഷ്ടപ്പെട്ട രണ്ട് വളർത്തുമൃഗങ്ങളുമുണ്ടായിരുന്നു. ഡാഷ്ഹണ്ട് ഇനത്തിൽ പെട്ട രണ്ട് ശുനകന്മാർ. കാറിൽ നിന്നിറങ്ങി ഓഫീസിലേക്ക് നടക്കുമ്പോൾ അവ രണ്ടും അദ്ദേഹത്തിന്റെ ചുറ്റും സ്നേഹം പ്രകടിപ്പിച്ച് തുള്ളിച്ചാടി നടന്നു.

“ഒരു കോഫി” ഓവർക്കോട്ട് അഴിച്ച് ഓഫീസ് കാവൽക്കാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞു. “കുറച്ചധികം തന്നെ ആയിക്കോട്ടെ

കാവൽക്കാരൻ കതക് ചാരാൻ തുടങ്ങിയപ്പോൾ അദ്ദേഹം ചോദിച്ചു. “കേണൽ റാഡ്‌ൽ സ്ഥലത്തുണ്ടോ?”

“ഇന്നലെ രാത്രി അദ്ദേഹം തന്റെ ഓഫീസിൽ തന്നെ കിടന്നുറങ്ങിയെന്നാണ് തോന്നുന്നത് ഹേർ അഡ്മിറൽ

“ഗുഡ് ഞാൻ അന്വേഷിച്ചുവെന്ന് പറയൂ

വാതിൽ അടഞ്ഞു. അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ആടിയാടി അദ്ദേഹം തന്റെ കസേരയിൽ ചെന്ന് ഇരുന്നു. പൊതുവേ ശാന്തശീലനാണ് അഡ്മിറൽ കാനറീസ്. പഴയ രീതിയിലുള്ള ഒരു ഓഫീസ് ആയിരുന്നുവത്. കാര്യമായി ഫർണീച്ചറുകളൊന്നും തന്നെയില്ല. തേഞ്ഞ് തുടങ്ങിയ ഒരു കാർപെറ്റ് തറയിൽ വിരിച്ചിരിക്കുന്നു. ചുവരിൽ ഫ്രാങ്കോയുടെ ഒരു രേഖാചിത്രം തൂക്കിയിട്ടിരിക്കുന്നു.

കഴിഞ്ഞ രാത്രിയിലെ കാര്യങ്ങൾ അദ്ദേഹത്തിന്റെ മനസ്സിലേക്ക് വീണ്ടുമെത്തി. അറിയാതെ തന്നെ അദ്ദേഹത്തിൽ നിന്ന് ഒരു നെടുവീർപ്പുയർന്നു. ദുഃശ്ശാഠ്യക്കാരനായ ഹിറ്റ്ലറുടെ ഭ്രാന്തൻ ആശയങ്ങൾ ഒരു വിധത്തിലാണ് അവിടെ നിന്ന് രക്ഷപെട്ടതെന്ന് പറഞ്ഞാൽ മതിയല്ലോ വെറുതെയല്ല കുറച്ച് നാൾ മുമ്പ് രണ്ട് സീനിയർ ഓഫീസർമാർ ഹിറ്റ്ലറുടെ വിമാനം തകർക്കുവാനുള്ള പദ്ധതി തയ്യാറാക്കിയത് അവസാന നിമിഷത്തിലല്ലേ ദോഹ്‌നാനിയെയും കൂട്ടരെയും പിടികൂടിയത്

ഒരു ട്രേയിൽ കാപ്പി പാത്രവും രണ്ട് കപ്പുകളുമായി പരിചാരകൻ എത്തി. ഒരു ചെറിയ ടിൻ പാൽപ്പൊടിയും ഉണ്ടായിരുന്നു ട്രേയിൽ. അക്കാലത്ത് ബെർലിനിൽ വളരെ വിരളമായി മാത്രം കാണാൻ സാധിക്കുന്ന വസ്തുവായിരുന്നു പാൽപ്പൊടി.

“അവിടെ വച്ചിട്ട് പൊയ്ക്കോളൂ ഞാൻ തന്നെ തയ്യാറാക്കിക്കോളാം

കാനറീസ് കാപ്പിയും പാൽപ്പൊടിയും യോജിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ആരോ കതകിൽ മുട്ടുന്ന ശബ്ദം കേട്ടു. പരേഡ് ഗ്രൌണ്ടിൽ നിന്ന് നേരിട്ട് കയറിവരുന്നത് പോലെ ഉലഞ്ഞ യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥൻ അകത്തേക്ക് കടന്നു. മൌണ്ടൻ ട്രൂപ്‌സിൽ പെട്ട ഒരു ലെഫ്റ്റ്നന്റ് കേണൽ. റഷ്യയുമായുണ്ടായ ശൈത്യകാല യുദ്ധത്തിൽ പങ്കെടുത്തതിന്റെ അടയാളാമായ റിബൺ, സിൽ‌വർ വൂണ്ട് ബാഡ്ജ്, നൈറ്റ്സ് ക്രോസ് ബാഡ്ജ് എന്നിവയാൽ അലംകൃതമായ യുണിഫോം. അദ്ദേഹത്തിന്റെ വലത് കണ്ണ് ഒരു പാച്ച് വച്ച് മറച്ചിരിക്കുന്നു. ഇടത് കൈയിൽ ഒരു കറുത്ത ഗ്ലൌസും ധരിച്ചിട്ടുണ്ട്.

“ഓ, ഇതാര് വരൂ മാക്സ്” കാനറീസ് അദ്ദേഹത്തെ സ്വാഗതം ചെയ്തു. “വരൂ എന്നോടൊപ്പം അൽപ്പം കാപ്പി കഴിക്കൂ എന്നിട്ട് ആ ഭ്രാന്തൻ ചിന്തകളിൽ നിന്ന് എന്നെ തിരികെ കൊണ്ടുവരൂഓരോ തവണയും ഞാൻ റാസ്റ്റൻബർഗിൽ നിന്ന് തിരിച്ചെത്തുമ്പോൾ ഇത് പോലെ ആരെങ്കിലും വേണം എന്നെ നോർമൽ ആക്കാൻ

മാക്സ് റാഡ്‌ലിന് ഏകദേശം മുപ്പത് വയസ്സുണ്ട്. പക്ഷേ, കണ്ടാൽ ഒരു നാൽപ്പതോ നാൽപ്പത്തിയഞ്ചോ തോന്നും. 1941ലെ ശൈത്യകാല യുദ്ധത്തിൽ വച്ചാണ് അദ്ദേഹത്തിന് തന്റെ വലത് കണ്ണും ഇടത് കൈയും നഷ്ടമായത്. അതിന് ശേഷം ഇന്ന് വരെ അദ്ദേഹം അഡ്മിറൽ കാനറീസിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. അബ്ഫെറിന്റെ സെൻ‌ട്രൽ വിഭാഗമായ Department-Z ന് കീഴിലെ സെക്ഷൻ-3 യുടെ മേധാവി. അഡ്മിറൽ കാനറീസിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലായിരുന്നു സെക്ഷൻ-3. ദുഷ്കരമായ ദൌത്യങ്ങൾ ഏറ്റെടുത്ത് നടത്തുക എന്നതായിരുന്നു ആ വിഭാഗത്തിന്റെ ചുമതല എന്നതിനാൽ അബ്ഫെറിന്റെ മറ്റ് ഏത് സെക്ഷനുകളിലും തലയിടുവാനുള്ള അധികാരം കേണൽ റാഡ്‌ലിനുണ്ടായിരുന്നു. അതിനാൽ തന്നെ സഹപ്രവർത്തകർക്ക് അദ്ദേഹത്തോട് അൽപ്പം നീരസവും ഇല്ലാതിരുന്നില്ല.

“അത്രയ്ക്കും മോശമായിരുന്നോ അവിടുത്തെ അവസ്ഥ?”

“മോശം ആയിരുന്നോ എന്നോ?...  അതിനേക്കാൾ കൂടിയ എന്തെങ്കിലും വാക്കുണ്ടെങ്കിൽ അതായിരുന്നു എന്ന് പറയാം” അദ്ദേഹം പറഞ്ഞു. “മുസ്സോളിനി ഒരു പാവ കണക്കെ നടക്കുന്നുണ്ടായിരുന്നു. ഗീബൽ‌സ് ആണെങ്കിൽ പതിവ് രീതിയിൽ മൂത്രശങ്കയോടെ തുള്ളിത്തുള്ളി നടക്കുന്ന  സ്കൂൾകുട്ടിയെ പോലെ ബുദ്ധിമുട്ടുന്നു

കേണൽ റാഡ്ൽ നെറ്റി ചുളിച്ചു. അത്രയും ശക്തരായ വ്യക്തികളെക്കുറിച്ച് അഡ്മിറൽ ഇങ്ങനെ സംസാരിക്കുമ്പോഴൊക്കെ അദ്ദേഹത്തിന് അസ്വസ്ഥത തോന്നാറുണ്ട്. എന്നും രാവിലെ ഓഫീസിൽ എത്തുമ്പോൾ ഒളിപ്പിച്ച് വച്ച മൈക്രോഫോണുകൾ എവിടെയെങ്കിലുമുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെങ്കിൽക്കൂടി ആരെയും വിശ്വസിക്കാൻ പറ്റാത്ത സമയമാണ്.

കാനറീസ് തുടർന്നു. “ഹിം‌മ്‌ലർ പതിവ് പോലെ പ്രസന്നവാനായിരുന്നു. ഫ്യൂറർ ആണെങ്കിൽ

“കുറച്ച് കൂടി കാപ്പി ഒഴിക്കട്ടേ അഡ്മിറൽ?”  റാഡ്‌ൽ വിഷയം മാറ്റാൻ ശ്രമിച്ചു.

കാനറീസ് വീണ്ടും കസേരയിലേക്ക് ചാഞ്ഞു. “അദ്ദേഹത്തിന് സംസാരിക്കാനുണ്ടായിരുന്നത് ഗ്രാൻ സാസോയെ കുറിച്ച് മാത്രമായിരുന്നു. ആ ദൌത്യത്തെ പുകഴ്ത്തിയതിന് കൈയും കണക്കുമില്ല. എന്ത് കൊണ്ട് അബ്ഫെറിന് അത്തരമൊരു ദൌത്യം നിർവഹിക്കാനായില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം

കാനറീസ് എഴുന്നേറ്റ് ജാലകത്തിനരികിലേക്ക് നടന്നു. കർട്ടനിടയിലൂടെ പുറത്തെ നരച്ച പ്രഭാതത്തിലേക്ക് സൂക്ഷിച്ച് നോക്കി. “നിങ്ങൾക്കറിയുമോ, അദ്ദേഹം നമ്മളോട് എന്താണാവശ്യപ്പെട്ടതെന്ന്? ഗെറ്റ് ചർച്ചിൽ ഫോർ ഹിം

“മൈ ഗോഡ് അദ്ദേഹം കാര്യമായിട്ടാണോ പറഞ്ഞത്?” റാഡ്‌ലിന് വിശ്വസിക്കാനായില്ല.

“ആർക്കറിയാം…? വൺ ഡേ, യെസ് അനദർ ഡേ, നോ ചർച്ച്ലിനെ ജീവനോടെയാണോ അല്ലാതെയാണോ വേണ്ടതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞതുമില്ല. ആ മുസ്സോളിനി സംഭവം അദ്ദേഹത്തിന്റെ തലയ്ക്ക് പിടിച്ചിരിക്കുകയാണ് ഇനിയിപ്പോൾ അസാദ്ധ്യമായി ഒന്നും തന്നെയില്ല എന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നത്. ബ്രിംഗ് ദി ഡെവിൾ ഫ്രം ഹെൽ, ഇഫ് നെസസ്സറി അതായിരുന്നു അദ്ദേഹം ഞങ്ങളോട് പറഞ്ഞ വാക്യം

(തുടരും)

Thursday, September 8, 2011

ഈഗിൾ ഹാസ് ലാന്റഡ് – 12


ആ രാത്രിയിൽ കാനറീസും ഹിം‌മ്‌ലറും കൂടി ബെർലിനിലേക്ക് മടങ്ങുവാൻ തീരുമാനിച്ചു. രണ്ട് കാറുകളിലായി അവർ റാസ്റ്റൻബർഗിൽ നിന്ന് ഒമ്പത് മൈൽ അകലെയുള്ള എയർപോർട്ടിലേക്ക് തിരിച്ചത് ഒരേ സമയത്തായിരുന്നുവെങ്കിലും കാനറീസ്, എയർപോർട്ടിൽ എത്തിയത് പതിനഞ്ച് മിനിറ്റ് വൈകിയാണ്. ഡോർണിയർ വിമാനത്തിന്റെ പടികൾ കയറുമ്പോൾ അദ്ദേഹം തീർത്തും ഖിന്നനായി കാണപ്പെട്ടു. ഹിം‌‌മ്‌ലർ തന്റെ സീറ്റ് ബെൽറ്റ് മുറുക്കി കഴിഞ്ഞിരുന്നു. ഒന്ന് സംശയിച്ചിട്ട് കാനറീസ് അദ്ദേഹത്തിന്റെ അടുത്ത സീറ്റിൽ പോയി ഇരുന്നു.

“വഴിയിൽ എന്തെങ്കിലും പ്രശ്നമുണ്ടായോ?“ വിമാനം റൺ‌വേയിലൂടെ മുന്നോട്ട് കുതിച്ച് ആകാശത്തേക്കുയരുമ്പോൾ ഹിം‌മ്‌ലർ ചോദിച്ചു.

“കാറിന്റെ ടയർ പഞ്ചറായി” കാനറീസ് പിന്നോട്ടാഞ്ഞ് ഇരുന്നു. “താങ്ക്സ് വെരി മച്ച്, ബൈ ദി വേ താങ്കളുടെ പിന്തുണ വലിയൊരു ആശ്വാസം തന്നെയായിരുന്നു അവിടെ

“ഓ, താങ്കളെ സഹായിക്കുന്നതിൽ സന്തോഷമേയുള്ളൂ” ഹിം‌മ്‌ലർ പറഞ്ഞു.

വിമാനം ഉയർന്ന് കൊണ്ടിരുന്നു. എൻ‌ജിനുകളുടെ മുരൾച്ച ചെവി തുളപ്പിക്കുന്നതായിരുന്നു.

“മൈ ഗോഡ് അദ്ദേഹം ഇന്ന് ശരിക്കും ഫോമിലായിരുന്നു“ കാനറീസ് പറഞ്ഞു.  “ചർച്ചിലിനെ പിടിച്ചുകൊണ്ടുവരിക ഇത് പോലൊരു വട്ട് താങ്കളിതിന് മുമ്പ് കേട്ടിട്ടുണ്ടോ എവിടെയെങ്കിലും?“

“സ്കോർസെനി, ഗ്രാൻ സാസോയിൽ നിന്ന് മുസ്സോളിനിയെ രക്ഷിച്ചുകൊണ്ടുവന്നുവെന്ന് വിചാരിച്ച് എപ്പോഴും അതുപോലെയാകണമെന്നില്ലല്ലോ
ഇതുപോലുള്ള അത്ഭുതങ്ങൾ ഇനിയും സാദ്ധ്യമാണെന്നാണ് ഫ്യൂറർ വിചാരിക്കുന്നത് എന്തായാലും നമ്മുടെ മന:സമാധാനം നഷ്ടമായി എന്ന് പറഞ്ഞാൽ മതിയല്ലോ അഡ്മിറൽ

“മുസ്സോളിനിയുടെ മോചനം ഒരു സംഭവം തന്നെ“ കാനറീസ് പറഞ്ഞു. “സ്കോർസെനിയുടെ നേട്ടത്തെ ചെറുതായി കാണുകയല്ല വിൻസ്റ്റൺ ചർച്ചിലിനെ ഇവിടെയെത്തിക്കാൻ സാധിച്ചാൽ ഇറ്റ് വിൽ ബീ സംതിങ്ങ് എൽ‌സ് എഗെയ്ൻ

“ഓ, എനിക്കറിയില്ല “ ഹിം‌മ്‌ലർ പറഞ്ഞു. ശത്രുപക്ഷത്തിന്റെ ന്യൂസ് റീലുകൾ താങ്കളെപ്പോലെ തന്നെ  ഞാനും കണ്ടതാണ് ഒരു ദിവസം ലണ്ടനിൽ പിന്നൊരു ദിവസം മാഞ്ചസ്റ്ററിൽ അല്ലെങ്കിൽ ലീഡ്സിൽ സിഗരറ്റും ചുണ്ടിൽ വച്ച് കൊണ്ട് കണ്ടവരോടെല്ലാം കുശലം ചോദിച്ച് കൊണ്ട് തെരുവിലൂടെയുള്ള അദ്ദേഹത്തിന്റെ നടപ്പ്. എനിക്ക് തോന്നുന്നത് ലോകനേതാക്കളിൽ ഏറ്റവും സുരക്ഷ കുറവുള്ളത് അദ്ദേഹത്തിനായിരിക്കുമെന്നാണ്

“താങ്കളങ്ങനെയാണ് വിശ്വസിക്കുന്നതെങ്കിൽ പിന്നെ എന്തും തന്നെ വിശ്വസിക്കാം” കാനറീസ് പറഞ്ഞു. എന്തൊക്കെ കുറവുകളുണ്ടെങ്കിലും ഈ ഇംഗ്ലീഷ്കാർ വിഡ്ഢികളാണെന്ന് കരുതരുത് MI-5* ഉം MI-6* ഉം ധാരാളം ചെറുപ്പക്കാരെ നിയോഗിച്ചിട്ടുണ്ട്.  (MI-5*, MI-6*  -  ഭീകരപ്രവർത്തനങ്ങൾക്കും ചാരപ്രവൃത്തിയ്ക്കും എതിരെ ജാഗരൂകരായിരിക്കുന്ന ബ്രിട്ടീഷ് ഇന്റലിജൻസ് ഏജൻസി). ഓക്സ്ഫഡിലും കേംബ്രിഡ്ജിലും പഠിച്ചിറങ്ങിയ കഴിവുള്ള യുവാക്കൾ എന്തെങ്കിലും സംശയം തോന്നിയാൽ മതി, നിങ്ങളുടെ വയറ്റിലൂടെ വെടിയുണ്ട പാഞ്ഞ് പോയിരിക്കും എന്തിന് ഈ കിഴവൻ ചർച്ചിലിന്റെ കാര്യം തന്നെയെടുക്കാം കോട്ടിന്റെ പോക്കറ്റിൽ തന്നെ കാണും പിസ്റ്റൾ ഈ പ്രായത്തിലും ഉന്നം പിഴയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ലെന്ന് വേണമെങ്കിൽ ഞാൻ ബെറ്റ് വയ്ക്കാം

ഒരു പരിചാരകൻ ട്രേയിൽ കാപ്പി കൊണ്ടുവന്നു.

“അപ്പോൾ ഇക്കാര്യത്തിൽ മുന്നോട്ട് പോകുന്നതിൽ അർത്ഥമില്ലെന്നാണോ താങ്കളുടെ അഭിപ്രായം?” ഹിം‌മ്‌ലർ ചോദിച്ചു.

“എന്നെപ്പോലെ തന്നെ താങ്കൾക്കുമറിയാം ഇക്കാര്യത്തിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന്” കാനറീസ് പറഞ്ഞു. “ഇന്ന് ബുധനാഴ്ച്ച വെള്ളിയാഴ്ച്ച ആകുമ്പോഴേക്കും ഈ ഭ്രാന്തൻ ആശയം തന്നെ അദ്ദേഹം മറന്നിട്ടുണ്ടാകും

ഹിം‌മ്‌ലർ പതുക്കെ തല കുലുക്കി. പിന്നെ കാപ്പി മൊത്തിക്കൊണ്ട് പറഞ്ഞു. “അതേ താങ്കൾ പറഞ്ഞത് തന്നെയാണ് സംഭവിക്കുക എന്നെനിക്കും തോന്നുന്നു

കാനറീസ് എഴുന്നേറ്റു. “എനി വേ ഇഫ് യൂ വിൽ എക്സ്ക്യൂസ് മീ  എനിക്ക് കുറച്ചൊന്നുറങ്ങണമെന്നുണ്ട്

അദ്ദേഹം മറ്റൊരു സീറ്റിൽ പോയി ഇരുന്ന് ഒരു ബ്ലാങ്കെറ്റ് എടുത്ത് പുതച്ചു. മൂന്ന് മണിക്കൂർ യാത്രയുണ്ട്. കഴിയുന്നത്ര പിന്നോട്ട് ചാരി അദ്ദേഹം ഉറങ്ങുവാൻ ശ്രമിച്ചു.

തന്റെ സീറ്റിലിരുന്ന് ഹിം‌മ്‌ലർ അദ്ദേഹത്തെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ മുഖം നിർവികാരമായിരുന്നു. തീർത്തും നിർവികാരം. മറ്റേതോ ലോകത്തിലേക്കെന്ന പോലെ നോക്കുന്ന ജീവനില്ലാത്ത കണ്ണുകൾ ഇടയ്ക്കിടെ തുടിച്ചുകൊണ്ടിരിക്കുന്ന വലത് കവിളിലെ ചലനം ഇല്ലായിരുന്നുവെങ്കിൽ  തികച്ചും ഒരു ശവശരീരത്തെ പോലെ തോന്നുമായിരുന്നു ആ കിടപ്പ് കാണുമ്പോൾ.

(തുടരും)

Thursday, September 1, 2011

ഈഗിൾ ഹാസ് ലാന്റഡ് - 11


എന്നാൽ അവിടെയുണ്ടായിരുന്ന ആർക്കും തന്നെ അങ്ങനെയായിരുന്നില്ല അനുഭവപ്പെട്ടത്. ഇറ്റാലിയൻ സ്വേച്ഛാധിപതി തികച്ചും ക്ഷീണിതനും അവശനുമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ പഴയ ശൌര്യം ഒട്ടും ദൃശ്യമായിരുന്നില്ല അപ്പോൾ. മുസ്സോളിനി പ്രയാസപ്പെട്ട് മുഖത്ത് പുഞ്ചിരി വരുത്തുവാൻ ശ്രമിച്ചു.

അഭിനന്ദനസൂചകമായി കരഘോഷം നടത്തിയതിന് ശേഷം ഹിറ്റ്ലർ സംഭാഷണം ആരംഭിച്ചു.

വെൽ ജെന്റിൽമെൻ ഇറ്റലിയിൽ നമ്മുടെ അടുത്ത നീക്കം എന്തായിരിക്കണം...? ഇറ്റലിയുടെ ഭാവി എന്താണ്? താങ്കളുടെ അഭിപ്രായം എന്താണ് റെയ്ഫ്യൂറർ*?”  (റെയ്ഫ്യൂറർ* - നാസി ജർമ്മനിയുടെ രഹസ്യപോലീസ് മേധാവി ഹെൻട്രിച്ച് ഹിംലർ)

ഹിംലർ മുഖത്ത് നിന്ന് തന്റെ കണ്ണാടി എടുത്ത് ചില്ലുകൾ ശ്രദ്ധാപൂർവ്വം തുടച്ചിട്ട് പ്രതിവചിച്ചു.

സമ്പൂർണ്ണ വിജയം, ഫ്യൂറർ* അല്ലാതെന്ത്? (ഫ്യൂറർ* - നാസി ജർമ്മനിയുടെ നായകൻ - അഡോൾഫ് ഹിറ്റ്ലർ).

അദ്ദേഹം തുടർന്നു. “മിസ്റ്റർ മുസ്സോളിനിയുടെ സാന്നിദ്ധ്യം തന്നെ അതിന്റെ തെളിവാണ് രാജ്യദ്രോഹി ബഡോഗ്ലിയോ സഖ്യസേനയുമയി ചേർന്നുണ്ടാക്കിയ കെണിയിൽ നിന്നും ഇദ്ദേഹത്തെ രക്ഷിച്ച് കൊണ്ടുവന്നത് തന്നെ നമ്മുടെ സാമർത്ഥ്യത്തിന്റെ ഉദാഹരണമല്ലേ?”

ഹിറ്റ്ലർ തല കുലുക്കി. ഗൌരവഭാവത്തോടെ അദ്ദേഹം ഗീബൽസിന് നേർക്ക് തിരിഞ്ഞു.  “എന്താണ് നിങ്ങളുടെ അഭിപ്രായം ജോസഫ്…?

ഗീബൽസിന്റെ കണ്ണുകളിൽ ഉത്സാഹത്തിളക്കം പ്രകടമായി.

ഞാൻ പിന്തുണക്കുന്നു ഫ്യൂറർ മുസ്സോളിനിയുടെ മോചനം രാജ്യത്തിനകത്തും പുറത്തും വലിയൊരു സെൻസേഷനാണ് സൃഷ്ടിച്ചിരിക്കുന്നത്. ശത്രുമിത്ര ഭേദമെന്യേ മിക്കവരും പ്രകീർത്തിച്ചിരിക്കുന്നു ദൌത്യത്തെ. ധാർമ്മിക വിജയം ആഘോഷിക്കുവാൻ എന്തുകൊണ്ടും നമുക്ക് അവകാശമുണ്ട്. താങ്കളുടെ ധിഷണാപരമായ മാർഗ്ഗനിർദ്ദേശങ്ങൾക്ക് ഞങ്ങൾ എന്നും കടപ്പെട്ടവരായിരിക്കും

അപ്പോൾ എന്റെ ജനറൽമാർക്ക് നന്ദി പറയുന്നില്ല?” ഹിറ്റ്ലർ, അഡ്മിറൽ കാനറിസിന് നേർക്ക് തിരിഞ്ഞു. മേശമേൽ വിരിച്ചിരിക്കുന്ന ഭൂപടത്തിൽ നോക്കിക്കൊണ്ട് നിന്നിരുന്ന കാനറിസിന്റെ മുഖത്ത് വിപരീതാർത്ഥത്തിലുള്ള ഒരു പുഞ്ചിരിയുണ്ടായിരുന്നു.

ഹെർ അഡ്മിറൽ നിങ്ങളുടെ അഭിപ്രായവും ഇത് തന്നെയാണോ? ഇതൊരു ഉത്തമ ധാർമ്മിക വിജയമാണോ?”

ചില സന്ദർഭങ്ങളിൽ സത്യം പറയുന്നതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും. മറ്റ് ചിലപ്പോൾ സത്യം പറയാത്തതിന്റെയും. ഹിറ്റ്ലറുടെ മുന്നിലാകുമ്പോൾ അത് ഏത് തരത്തിലുള്ള അവസരമാണെന്ന് ഗ്രഹിക്കുവാൻ തികച്ചും ബുദ്ധിമുട്ടായിരുന്നു.

ഫ്യൂറർ ഇറ്റാലിയൻ നാവിക വ്യൂഹം ഇപ്പോൾ മാൾട്ട തുറമുഖത്ത് ശത്രുക്കളുടെ തോക്കിൻ മുനയ്ക്ക് കീഴിൽ നങ്കൂരമിട്ടിരിക്കുകയാണ് കോർസിക്കയും സർദീനിയയും ഉപേക്ഷിക്കാൻ നാം നിർബന്ധിതരായി പുറത്ത് വന്നുകൊണ്ടിരിക്കുന്ന വാർത്തകൾ പ്രകാരം നമ്മുടെ പഴയ കൂട്ടുകക്ഷി ഇപ്പോൾ മറുഭാഗത്ത് യുദ്ധത്തിനുള്ള തയ്യാറെടുപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്

ഹിറ്റലറുടെ മുഖം വിളറി വെളുത്തു. കണ്ണുകളിൽ ശൌര്യം നിറഞ്ഞു. ഇഷ്ടപ്പെടാത്ത വാർത്ത കേട്ടതിലുള്ള ഈർഷ്യയിൽ പുരികം വരിഞ്ഞു മുറുകി. പക്ഷേ, കാനറിസ് തുടർന്നു.

മിസ്റ്റർ മുസ്സോളിനി പറയുന്ന പുതിയ ഇറ്റാലിയൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്ക് ഒരു നിഷ്പക്ഷ രാഷ്ട്രം പോലും ഇതുവരെ എന്തിന് സ്പെയിൻ പോലും അവരുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ കൂട്ടാക്കിയിട്ടില്ല പറയേണ്ടി വന്നതിൽ ഖേദിക്കുന്നു പക്ഷേ, ഇതാണ് എന്റെ അഭിപ്രായം ഫ്യൂറർ

നിങ്ങളുടെ അഭിപ്രായം?” ഹിറ്റ്ലർ പൊട്ടിത്തെറിച്ചു. “നിങ്ങളുടെ അഭിപ്രായം? എന്റെ മറ്റെല്ലാ ജനറലുകളേയും പോലെ തന്നെ പറയുന്നു നിങ്ങളും എന്നിട്ടെന്താണ് സാധാരണ സംഭവിക്കുന്നത്? ഞാൻ എപ്പോഴൊക്കെ അവർക്ക് ചെവി കൊടുത്തിട്ടുണ്ടോ അപ്പോഴെല്ലാം പരാജയം രുചിച്ചിട്ടുമുണ്ട്

അദ്ദേഹം മുസ്സോളിനിയുടെ അരികിൽ ചെന്നു. അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹത്തിന്റെ ചുമലിൽ കൈ ചുറ്റിയിട്ട് അവരോട് ചോദിച്ചു.

ഹൈക്കമാന്റിന്റെ കഴിവു കൊണ്ടാണോ ഇദ്ദേഹം ഇപ്പോൾ ഇവിടെ നിൽക്കുന്നത്? അല്ലേയല്ല ഞാൻ രൂപീകരിച്ച കമാന്റോ യൂണിറ്റിന്റെ കഴിവ് കൊണ്ട് മാത്രമാണ് ഇദ്ദേഹമിപ്പോൾ നമ്മോടൊപ്പം നിൽക്കുന്നത്. എന്റെ മനസ് പറഞ്ഞിരുന്നു ഇങ്ങനെയൊരു കമാന്റോ യൂണിറ്റിന്റെ ആവശ്യകതയെക്കുറിച്ച്. അത് ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിയുകയും ചെയ്തു

ഗീബൽസ് ആകാംക്ഷയോടെ അദ്ദേഹത്തെ നോക്കി. ഹിംലർ പതിവ് പോലെ സംശയാലുവും ശാന്തനുമായി കാണപ്പെട്ടു.

എന്നാൽ കാനറിസ്  ചാടിയെഴുന്നേറ്റു. “താങ്കളെ വ്യക്തിപരമായി വിമർശിക്കുകയെന്ന യാതൊരു ഉദ്ദേശ്യവും എനിക്കില്ല ഫ്യൂറർ”  

ഹിറ്റ്ലർ ജാലകത്തിനരികിലേക്ക് നീങ്ങി കൈകൾ പിറകിൽ കെട്ടി പുറത്തേക്ക് നോക്കി നിന്നു. “ഇത്തരം കാര്യങ്ങളെക്കുറിച്ച് സ്വതവേ തന്നെ എനിക്കൊരു ധാരണയുണ്ട് പണ്ട് മുതലേ ഇത് വിജയകരമാകുമെന്ന് തുടക്കം മുതലേ എനിക്കറിയാമായിരുന്നു. എന്തിനേയും നേരിടാൻ തയ്യാറുള്ള  ധീരരായ കുറച്ച് ചുണക്കുട്ടികൾഅദ്ദേഹം അവർക്ക് നേരെ വെട്ടിത്തിരിഞ്ഞു. “ഞാനില്ലായിരുന്നുവെങ്കിൽ ഗ്രാൻ സാസോ ഉണ്ടാകുമായിരുന്നില്ല കാരണം ഞാനില്ലായിരുന്നുവെങ്കിൽ സ്കോർസെനി ഉണ്ടാകുമായിരുന്നില്ല എന്നത് തന്നെഒരു ബൈബിൾ വചനം വായിക്കുന്നത് പോലെ അദ്ദേഹം പറഞ്ഞു. “നിങ്ങളെ അധികം ബുദ്ധിമുട്ടിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല അഡ്മിറൽ പക്ഷേ, ഒരു കാര്യം നിങ്ങളും നിങ്ങളുടെ അബ്വെറിന്* കീഴിലുള്ള ഉദ്യോഗസ്ഥരും  കൂടി അടുത്ത കാലത്തായി എന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയിട്ടുണ്ടോ ജർമ്മനിക്ക്? ആകെക്കൂടിയുണ്ടാക്കിയ നേട്ടം ഇത്ര മാത്രം ദോഹ്നാനിയെ പോലെ കുറേ രാജ്യദ്രോഹികളെ സൃഷ്ടിച്ചു” (അബ്ഫെർ* - ജർമ്മൻ മിലിട്ടറി ഇന്റലിജൻസ്).

അബ്ഫെറിന് വേണ്ടി പ്രവർത്തിച്ചിരുന്ന ഹാൻസ് വോൺ ദോഹ്നാനിയെ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്തത് ഏപ്രിലിലാണ്.

കാനറിസ് വിളറി വെളുത്തു. അദ്ദേഹത്തിന്റെ നില വളരെ പരുങ്ങലിലായെന്ന് വ്യക്തമായിരുന്നു.  “ഫ്യൂറർ താങ്കളെ അപകീർത്തിപ്പെടുത്തണമെന്ന ഒരുദ്ദേശ്യവും ”  വിഷമത്തോടെ അദ്ദേഹം പറയാൻ ശ്രമിച്ചു.

അഡ്മിറൽ കാനറീസിനെ അവഗണിച്ച് അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “താങ്കളോ ഹെർ റെയ്ഫ്യൂറർ? എന്താണ് താങ്കളുടെ അഭിപ്രായം?”

താങ്കളുടെ ആശയങ്ങളെ ഞാൻ പൂർണ്ണമായും അംഗീകരിക്കുന്നു ഫ്യൂറർ പൂർണ്ണമായും പക്ഷേ, ചെറിയ ഒരു ഭിന്നാഭിപ്രായമുണ്ട് സ്കോർസെനി എന്ന് പറയുന്നയാൾ ഒരു വെറുമൊരു SS ഓഫീസർ മാത്രമാണ്. ഗ്രാൻ സാസോ പോലുള്ള മിഷനുകൾ ഏറ്റെടുക്കേണ്ടിയിരുന്നത് ബ്രാൻഡൻബർഗേഴ്സ് ആയിരുന്നു

യുദ്ധം തുടങ്ങിയ കാലഘട്ടത്തിൽ ഇതുപോലുള്ള ദൌത്യങ്ങൾക്കായി രൂപീകരിച്ച പ്രത്യേക യൂണിറ്റായ ബ്രാൻഡൻബർഗ് ഡിവിഷനെയാണ് ഹിംലർ ഉദ്ദേശിച്ചത്. അബ്വെറിന് കീഴിൽ അട്ടിമറികൾക്കായി പരിശീലനം സിദ്ധിച്ച ഡിപ്പാർട്ട്മെന്റ്-2 ആയിരുന്നു ഇത്തരം ദൌത്യങ്ങൾ ഏറ്റെടുക്കാറുള്ളത്. കാനറിസിന്റെ ചുമതലയിലുള്ള സംഘത്തിന് റഷ്യൻ നിരയെ ആക്രമിക്കാനുള്ള പല ദൌത്യങ്ങളും ലഭിച്ചെങ്കിലും വളരെയൊന്നും നേടുവാനായില്ലെന്നതായിരുന്നു വാസ്തവം.

തീർച്ചയായുംഹിറ്റ്ലർ പറഞ്ഞു. “പക്ഷേ, മഹത്തായ ബ്രാൻഡൻബർഗേഴ്സ് എന്തൊക്കെ നേട്ടങ്ങളാണ് ഇത്രയും കാലമായി ഉണ്ടാക്കിയത്? ഒരു നിമിഷത്തെ ചർച്ചക്കുള്ള വക പോലുമുണ്ടോ അതിൽ?”

അദ്ദേഹം ദ്വേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു. അത്തരം സന്ദർഭങ്ങളിൽ അദ്ദേഹത്തിന്റെ ഓർമ്മശക്തി അപാരമായിരുന്നുവെന്നത് അദ്ദേഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നവർക്ക് ഒരു പേടിസ്വപ്നമായിരുന്നു.

ആദ്യമായി ബ്രാൻഡൻബർഗ് എന്ന യൂണിറ്റ് രൂപീകരിച്ചപ്പോൾ എന്തൊക്കെയായിരുന്നു വീമ്പിളക്കിയത് പ്രത്യേക ദൌത്യങ്ങൾക്കായുള്ള ഒരു കമ്പനി അതിന്റെ പ്രഥമ കമാൻഡർ പറഞ്ഞതെന്തായിരുന്നു? വേണമെങ്കിൽ നരകത്തിൽ ചെന്ന് ചെകുത്താനെ വരെ പിടിച്ച് കൊണ്ട് വരാമെന്ന് എന്നിട്ടെന്തായി? മുസ്സോളിനിയെ കൊണ്ടുവരുവാൻ അവർക്ക് കഴിഞ്ഞോ?... അവസാനം ഞാൻ തന്നെ അറേഞ്ച് ചെയ്യേണ്ടി വന്നു

അദ്ദേഹത്തിന്റെ സ്വരം ഉച്ചസ്ഥായിയിലെത്തിയിരുന്നു. കണ്ണുകളിൽ നിന്ന് തീ പാറി. “ഒന്നും ചെയ്തില്ല നിങ്ങളുടെ ആൾക്കാർക്ക് ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞില്ല നിങ്ങളുടെ പക്കലുള്ള സൌകര്യങ്ങളും ആൾക്കാരും വച്ച് നോക്കുമ്പോൾ ഇംഗ്ലണ്ടിൽ നിന്ന് വിൻസ്റ്റൺ ചർച്ചിലിനെ വരെ തട്ടിക്കൊണ്ടു വരേണ്ടതായിരുന്നു

ഒരു നിമിഷം അവിടെങ്ങും പൂർണ്ണ നിശ്ശബ്ദത നിറഞ്ഞു. ഹിറ്റ്ലർ ഓരോരുത്തരുടെയും മുഖത്തേക്ക് മാറി മാറി നോക്കി. “എന്താ ശരിയല്ലേ ?”

മുസ്സോളിനി അസ്വസ്ഥനായി കാണപ്പെട്ടു. ഗീബൽസ് ആകാംക്ഷയോടെ തല കുലുക്കി. ഹിംലർ ആകട്ടെ, എരി തീയിൽ എണ്ണയൊഴിച്ച് കൊണ്ട് ഇങ്ങനെ പറഞ്ഞു.

തീർച്ചയായും ഫ്യൂറർ അസാദ്ധ്യമായി ഒന്നും തന്നെയില്ലഅത് എങ്ങനെ സാധിക്കാം എന്നുള്ളത് ഒരു പ്രശ്നമല്ല ഗ്രാൻ സാസോയിൽ നിന്ന് ഇദ്ദേഹത്തെ ഇവിടെയെത്തിച്ചത് തന്നെ അതിന് ഉദാഹരണമല്ലേ

അതേഹിറ്റ്ലർ അൽപ്പം ശാന്തനായി.

അബ്ഫെറിന് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ച് കൊടുക്കാൻ പറ്റിയ അവസരം ശരിയല്ലേ അഡ്മിറൽ?”

ഫ്യൂറർ താങ്കൾ പറയുന്നത്.?” കാനറിസ് അമ്പരന്ന് പോയി.

ഒന്നുമില്ലെങ്കിൽ, ഇംഗ്ലീഷ് കമാന്റോ യൂണിറ്റ് ആഫ്രിക്കയിൽ പോയി റോമലിന്റെ ഹെഡ്ക്വാർട്ടേഴ്സ് ആക്രമിച്ചത് കണ്ടില്ലേ? അത് പോലുള്ള യൂണിറ്റുകൾ ഫ്രഞ്ച് തീരത്ത് പല തവണ നടത്തിയ ഓപ്പറേഷനുകൾ ഓർമ്മയില്ലേ? ജർമ്മൻ കുട്ടികൾക്ക് അത്രപോലും ചെയ്യാനുള്ള കഴിവില്ലെന്നാണോ ഞാൻ മനസ്സിലാക്കേണ്ടത്?” അദ്ദേഹം കാനറിസിന്റെ ചുമലിൽ തട്ടി. “ഇതേക്കുറിച്ച് ചിന്തിക്കൂ അഡ്മിറൽ എവിടെയെങ്കിലും ഒരു തുടക്കമിടൂ എന്തെങ്കിലും ഒരു പോംവഴി നിങ്ങൾ കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്

അദ്ദേഹം ഹിംലറുടെ നേർക്ക് തിരിഞ്ഞു. “ എന്നോട് യോജിക്കുന്നുവോ ഹേർ റെയ്ഫ്യൂറർ?”

തീർച്ചയായും സംശയലേശമെന്യേ ഹിംലർ പറഞ്ഞു.

കുറഞ്ഞത് ഒരു സാദ്ധ്യതാ പഠനമെങ്കിലും നടത്താൻ അബ്ഫെറിന് സാധിക്കില്ലേ?” ഇടിവെട്ട് കൊണ്ടവനെ പോലെ നിന്നിരുന്ന അഡ്മിറൽ കാനറിസിന് നേർക്ക് നോക്കി ഹിംലർ പുഞ്ചിരിച്ചു.

താങ്കളുടെ കൽപ്പന പോലെ ഫ്യൂറവരണ്ട് പോയ ചുണ്ടുകൾ നനച്ച് കൊണ്ട് കാനറിസ് പറഞ്ഞു.

ഹിറ്റ്ലർ അദ്ദേഹത്തിന്റെ ചുമലിൽ കൈ ചുറ്റി. “ഗുഡ് ന്യൂ  കുഡ് റിലൈ ഓൺ യൂ ആസ് ഓൾവേയ്സ്അദ്ദേഹം കൈകൾ വിടർത്തി മുന്നോട്ട് ചെന്ന് മേശപ്പുറത്തെ മാപ്പിലേക്ക് നോക്കി.

ആന്റ് നൌ, ജെന്റിൽ മെൻ ഇറ്റലിയുടെ ഭാവി

(തുടരും)