നല്ല ഉയരമുള്ള സുമുഖനായിരുന്നു
ഹാർവി പ്രെസ്റ്റൺ. ഇരുപത്തിയേഴ് വയസ്സ്. ഗ്രേ നിറമുള്ള യൂണിഫോം വൃത്തിയായി ധരിച്ചിരിക്കുന്നു.
അയാളുടെ യൂണിഫോമിൽ അണിഞ്ഞിരിക്കുന്ന ബാഡ്‌ജുകളാണ് കേണൽ റാഡ്‌ലിനെ ആകർഷിച്ചത്. SS ന്റെ
ഡെത്ത് ഹെഡ് ബാഡ്ജ് ആണ് തൊപ്പിയിൽ ധരിച്ചിരിക്കുന്നത്. കോളർ പാച്ചിൽ മൂന്ന് പുലികൾ.
ഷർട്ടിന്റെ ഇടത് കൈയിൽ അണിഞ്ഞിരിക്കുന്ന ഈഗിൾ ബാഡ്‌ജിന് താഴെയായി യൂണിയൻ ജാക്ക് ഷീൽഡ്
ചിഹ്നം. പിന്നെ കറുപ്പും വെള്ളി നിറവും ഇടകലർന്ന കഫ് ടൈറ്റിൽ. അതിൽ ജർമൻ ലിപികളിൽ ഇപ്രകാരം
ആലേഖനം ചെയ്തിരിക്കുന്നു. “Britisches Freikoprs”.
“നല്ല ഭംഗിയുണ്ട്…” ഡെവ്‌ലിൻ പതിയെ പറഞ്ഞു. അതുകൊണ്ട്
തന്നെ റാഡ്‌ലിന് മാത്രമേ അത് കേൾക്കുവാനും കഴിഞ്ഞുള്ളൂ.
ഹിമ്‌ലർ അയാളെ പരിചയപ്പെടുത്തുവാൻ
ആരംഭിച്ചു. “ജെന്റിൽമെൻ… ഇത് അണ്ടർസ്റ്റെംഫ്യൂറർ പ്രെസ്റ്റൺ… പിന്നെ, പ്രെസ്റ്റൺ… ഇത് അബ്ഫെറിൽ നിന്നുള്ള കേണൽ റാഡ്‌ലും ഹെർ ഡെവ്‌ലിനും… ഈ ദൌത്യത്തിൽ ഇവർ രണ്ടുപേരുടെയും റോളുകൾ എന്താണെന്ന് ഞാൻ നിങ്ങൾക്ക്
വായിക്കാൻ തന്നെ ആ ഫയലിൽ നിന്ന് മനസ്സിലാകും…”
പ്രെസ്റ്റൺ റാഡ്‌ലിന്
നേർക്ക് തിരിഞ്ഞ് അറ്റൻഷനായി നിന്ന് തല കുനിച്ചു. തികച്ചും ഒരു സൈനികനെപ്പോലെ.
“അപ്പോൾ… ഇക്കാര്യത്തെക്കുറിച്ച് ഒരു തീരുമാനമെടുക്കുവാൻ നിങ്ങൾ ആവശ്യത്തിലധികം
സമയം ലഭിച്ചു കഴിഞ്ഞു… ഈ ദൌത്യത്തിൽ നിങ്ങളിൽ നിന്ന് എന്താണ് ഞങ്ങൾ പ്രതീക്ഷിക്കുന്നതെന്ന്
മനസ്സിലായോ…?” ഹിമ്‌ലർ
ചോദിച്ചു.
പ്രെസ്റ്റൺ അൽപ്പം ശങ്കയോടെ
തുടങ്ങി. “കേണൽ റാഡ്‌ൽ ഈ മിഷന് വേണ്ടി വളണ്ടിയേഴ്സിനെ അല്ലേ അന്വേഷിക്കുന്നത്…?”
അയാളുടെ ജർമൻ ഭാഷ തരക്കേടില്ലായിരുന്നു.
എങ്കിലും ഉച്ചാരണം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നുവെന്ന് റാഡ്‌ലിന് തോന്നി.
ഹിമ്‌ലർ തന്റെ കണ്ണാടി
മുഖത്ത് നിന്ന് എടുത്ത് മൂക്കിന്റെ മുകൾ ഭാഗം പതുക്കെ ചൊറിഞ്ഞു. പിന്നെ ശ്രദ്ധാപൂർവ്വം
അത് തിരികെ വച്ചു. അദ്ദേഹത്തിന്റെ ആ പ്രവൃത്തിയിൽ എന്തോ ഗൂഢോദ്ദേശ്യം അടങ്ങിയിരിക്കുന്നുവെന്നത്
വ്യക്തമായിരുന്നു. അദ്ദേഹം സംസാരിക്കുവാൻ തുടങ്ങിയപ്പോൾ കരിയിലകൾ കാറ്റിൽ ഇളകുന്ന സ്വരം
പോലെ തോന്നി.
“നിങ്ങൾ എന്താണ് ശരിക്കും
പറഞ്ഞുകൊണ്ട് വരുന്നത് പ്രെസ്റ്റൺ…?”
“ഇത്രയേ ഉള്ളൂ… എനിക്കിവിടെ തുടർന്നു പോകാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്… താങ്കൾക്കറിയാമല്ലോ… ബ്രിട്ടീഷ് ഫ്രീ കോർപ്സിലെ അംഗങ്ങൾ എന്ന നിലയിൽ
ഞങ്ങൾക്ക് ഒരു ഉറപ്പ് തന്നിട്ടുണ്ടായിരുന്നു… ഒരിക്കൽ പോലും ഞങ്ങളെ ബ്രിട്ടീഷ് സാമ്രാജ്യത്തിനോ
രാജവംശത്തിനോ ജനതയ്ക്കോ എതിരായുള്ള യുദ്ധത്തിലോ സായുധകലാപത്തിലോ പങ്കെടുക്കുവാൻ നിർബന്ധിക്കില്ല
എന്ന്…”
റാഡ്‌ൽ ആണ് അതിന് മറുപടി
പറഞ്ഞത്. “ഹെർ റൈ ഫ്യൂറർ… എനിക്ക് തോന്നുന്നത് ഇയാളെ കിഴക്കൻ നിരകളിൽ യുദ്ധം
ചെയ്യുവാൻ വിടുകയായിരിക്കും നല്ലതെന്നാണ്… ഫീൽഡ് മാർഷൽ വോൺ മാൻസ്റ്റെയ്നിന്റെ ആർമി ഗ്രൂപ്പ് സൌത്തിൽ… ഇവരെപ്പോലുള്ളവർക്ക് പറ്റിയ സ്ഥലമായിരിക്കും അത്…”
താൻ വലിയൊരു മണ്ടത്തരമാണ്
പറഞ്ഞ് വച്ചതെന്ന് അടുത്ത നിമിഷം തന്നെ പ്രെസ്റ്റണ് മനസ്സിലായി. “ഹെർ റൈ ഫ്യൂറർ… ഞാനുറപ്പ് തരാം… അതായത്………”
അത് മുഴുമിപ്പിക്കുവാൻ
ഹിമ്‌ലർ അനുവദിച്ചില്ല. “നിങ്ങൾ വളണ്ടിയറിങ്ങിനെക്കുറിച്ച് പറഞ്ഞല്ലോ… ജർമ്മനിയോടുള്ള ആത്മാർത്ഥത… അത് മാത്രമേ അതിൽ ഉണ്ടാവാൻ പാടുള്ളൂ… ഫ്യൂറർ അഡോൾഫ് ഹിറ്റ്‌ലറെ സേവിക്കുവാനുള്ള അവസരം… ജർമ്മൻ സാമ്രാജ്യത്തെ സേവിക്കുവാനുള്ള അവസരം… അത്ര മാത്രം…”
അത് കേട്ടതും പ്രെസ്റ്റൺ
കാലുകൾ ഉറക്കെ ചവിട്ടി അറ്റൻഷനായി. അത് കണ്ട് രസിക്കുകയായിരുന്നു ഡെവ്‌ലിൻ.
“തീർച്ചയായും ഹെർ റൈ ഫ്യൂറർ… അത് തന്നെയാണ് എന്റെ ലക്ഷ്യവും…” പ്രെസ്റ്റൺ
പറഞ്ഞു.
“ഇതിൽ ചേരുമ്പോൾ നിങ്ങൾ
ഒരു പ്രതിജ്ഞയെടുത്തിരുന്നത് ഓർമ്മയില്ലേ…?”
“യെസ്, ഹെർ റൈ ഫ്യൂറർ…”
“എന്നാൽ പിന്നെ അധികം
സംസാരിക്കണമെന്നില്ല… ഈ നിമിഷം മുതൽ നിങ്ങൾ കേണൽ റാഡ്‌ലിന്റെ കീഴിലായിരിക്കും…”
“ശരി, ഹെർ റൈ ഫ്യൂറർ…”
“കേണൽ റാഡ്‌ൽ… സ്വകാര്യമായി നിങ്ങളോട് ഒരു കാര്യം സംസാരിക്കുവാനുണ്ട്…” ഹിമ്‌ലർ ഡെവ്‌ലിന് നേർക്ക്
മുഖമുയർത്തി. “ഹെർ ഡെവ്‌ലിൻ… പ്രെസ്റ്റണെയും കൂട്ടി പുറത്ത് വെയ്റ്റ് ചെയ്യാൻ
കനിവുണ്ടാകുമോ…?” പരിഹാസധ്വനിയോടെ ഹിമ്‌ലർ ചോദിച്ചു.
പ്രെസ്റ്റൺ അറ്റൻഷനായി
നാസി സല്യൂട്ട് നൽകിയിട്ട് വെട്ടിത്തിരിഞ്ഞ് പുറത്തേക്ക് നടന്നു. പിന്നാലെ വാതിൽ ചാരിയിട്ട്
ഡെവ്‌ലിനും.
റോസ്മാനെ അവിടെ കാണുവാനുണ്ടായിരുന്നില്ല.
അവിടെ കണ്ട കസേരയുടെ കാലിൽ ആഞ്ഞൊരു ചവിട്ട് കൊടുത്തിട്ട് പ്രെസ്റ്റൺ തന്റെ ക്യാപ് മേശപ്പുറത്തേക്ക്
വലിച്ചെറിഞ്ഞു. അയാളുടെ മുഖം രോഷം കൊണ്ട് ചുവന്നിരുന്നു. സിഗരറ്റ് പാക്കറ്റ് തുറന്ന്
ഒരെണ്ണമെടുക്കുമ്പോൾ അയാളുടെ വിരലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അയാൾക്ക് സിഗരറ്റ് പാക്കറ്റ്
അടയ്ക്കുവാൻ കഴിയുന്നതിന് മുമ്പ് തന്നെ ഡെവ്‌ലിൻ മുന്നോട്ടാഞ്ഞ് അതിൽ നിന്ന് ഒരെണ്ണം
കരസ്ഥമാക്കിക്കഴിഞ്ഞിരുന്നു. അയാൾ നീരസത്തോടെ ഡെവ്‌ലിനെ നോക്കി.
“ബൈ ഗോഡ്, ദി ഓൾഡ് ബഗ്ഗർ
ഹാസ് ഗോട്ട് യൂ ബൈ ദി ബാൾസ്…” ഡെവ്‌ലിൻ ഇംഗ്ലീഷിലാണ് അത് പറഞ്ഞത്.
പ്രെസ്റ്റൺ അദ്ദേഹത്തെ
തുറിച്ച് നോക്കി. പിന്നെ ഇംഗ്ലീഷിൽ തന്നെ മറുപടിയും പറഞ്ഞു. “വാട്ട് ഇൻ ദി ഹെൽ ഡൂ യൂ
മീൻ…?”
“നിന്റെ ചരിത്രം ഞാൻ വായിച്ചു … ബ്രിട്ടീഷ് ഫ്രീ കോർപ്സിൽ സുഖിച്ച് നടക്കുകയായിരുന്നുവല്ലേ...?
എന്തൊക്കെ സൌകര്യങ്ങളായിരുന്നു… ഇഷ്ടം പോലെ മദ്യം… ആവശ്യത്തിലധികം തരുണീമണികൾ… ഒന്നിനും ഒരു ക്ഷാമവുമില്ലായിരുന്നുവല്ലേ… അതിന്റെയൊക്കെ വില നീ ഇനി കൊടുക്കുവാൻ പോകുന്നതേയുള്ളൂ...” ഡെവ്‌ലിൻ
പരിഹാസത്തോടെ പറഞ്ഞു.
ആറടിയിലേറെ ഉയരമുള്ള പ്രെസ്റ്റൺ
ഉയരം കുറഞ്ഞ ഡെവ്‌ലിനെ അവജ്ഞയോടെ നോക്കി. ഒരു ബ്രിട്ടീഷ്കാരന് അയർലണ്ട്കാരനോട് തോന്നുന്ന
സ്വാഭാവിക വിദ്വേഷം. അയാൾ മൂക്ക് ചുളിച്ചു.
“മൈ ഗോഡ്… ആരുടെയൊക്കെ കൂടെയാണ് ജോലി
ചെയ്യേണ്ടി വരുന്നത്… ചതുപ്പിൽ നിന്ന് നേരെ കയറി വന്നിരിക്കുകയാണ്… എന്തൊരു ദുർഗന്ധം… ഗോ എവേ മാൻ… എന്റെ കൈയ്ക്ക് പണിയുണ്ടാക്കാതെ പോകാൻ നോക്ക്... കുള്ളൻ...”
ഡെവ്‌ലിൻ സിഗരറ്റിന് തീ
കൊളുത്തി. പിന്നെ വളരെ സൂക്ഷ്മതയോടെ ആഞ്ഞൊരു ചവിട്ട്… പ്രെസ്റ്റൺന്റെ വലത് കാൽമുട്ടിന് തൊട്ട് താഴെ…
(തുടരും)