Friday, July 8, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 3

തിരിഞ്ഞ്‌ നോക്കിയപ്പോള്‍ ഞാന്‍ കണ്ടത്‌ ചാപ്പലിന്റെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഒരു പുരോഹിതനെയാണ്‌. നരച്ച്‌ തുടങ്ങിയ കറുത്ത ളോഹ ധരിച്ച അദ്ദേഹത്തിന്റെ മുഖത്ത്‌ പരുക്കന്‍ ഭാവമായിരുന്നു. പറ്റെ ചേര്‍ത്ത്‌ വെട്ടിയ നരച്ച മുടി. കുഴിയിലാണ്ടിരിക്കുന്ന കണ്ണുകളില്‍ നിന്നും അദ്ദേഹം അടുത്ത കാലത്തായി രോഗാതുരനാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. കവിളെല്ലുകളില്‍ വരിഞ്ഞ്‌ മുറുകിയ ചര്‍മ്മം. തികച്ചും ഒരു പ്രത്യേക മുഖമായിരുന്നു അദ്ദേഹത്തിന്റേത്‌. ഒരു സൈനികന്റെയോ വിദ്യാഭ്യാസ വിചക്ഷണന്റെയോ പോലുള്ള മുഖഭാവം. എന്തോ കഠിന വേദന സന്തത സഹചാരിയാണെന്ന് തോന്നും അദ്ദേഹത്തിന്റെ ഭാവത്തില്‍ നിന്നും. അദ്ദേഹം മുന്നോട്ട്‌ നടന്നപ്പോഴാണ്‌ ഞാനത്‌ ശ്രദ്ധിച്ചത്‌. ഒരു കറുത്ത ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന അദ്ദേഹത്തിന്റെ ഇടത്‌ കാലിന്‌ മുടന്തുണ്ട്‌.

"ഫാദര്‍ വെറേക്കര്‍ ...?"

"അതേ..."

"അവിടെ കുഴി വെട്ടുന്ന ആ വൃദ്ധനോട്‌ സംസാരിക്കുകയായിരുന്നു ഞാന്‍ ..."

"ഓ... അയാള്‍ ... ലെയ്‌ക്കര്‍ ആംസ്ബി..."

"ആയിരിക്കാം ... താങ്കള്‍ക്ക്‌ ചിലപ്പോള്‍ എന്നെ സഹായിക്കാന്‍ കഴിയുമെന്ന് അയാള്‍ പറഞ്ഞു..." ഹസ്തദാനം നല്‍കുവാനായി ഞാന്‍ കൈ നീട്ടീ. "ഞാന്‍ ഹിഗ്ഗിന്‍സ്‌... ജാക്ക്‌ ഹിഗ്ഗിന്‍സ്‌... ഒരു എഴുത്തുകാരനാണ്‌..."

ഹസ്തദാനം നല്‍കുവാനായി അദ്ദേഹം ഒന്ന് സംശയിച്ചു. മറ്റൊന്നും കൊണ്ടായിരുന്നില്ല. വലത്‌ കൈയിലിരുന്ന ഊന്നുവടി ഇടത്‌ കൈയിലേക്ക്‌ മാറ്റുവാന്‍ വേണ്ടിയായിരുന്നുവത്‌. എങ്കിലും അദ്ദേഹം പരിചയപ്പെടുവാന്‍ വൈമുഖ്യം കാണിക്കുന്നത്‌ പോലെ എനിക്ക്‌ തോന്നാതിരുന്നില്ല.

"ഞാന്‍ എന്ത്‌ സഹായമാണ്‌ ചെയ്യേണ്ടത്‌ മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌...?"

"ഒരു അമേരിക്കന്‍ മാഗസിന്‌ വേണ്ടി ലേഖന പരമ്പര എഴുതിക്കൊണ്ടിരിക്കുകയാണ്‌ ഞാന്‍ ... ചരിത്രവുമായി ബന്ധപ്പെട്ടതാണ്‌... ഇന്നലെ ഞാന്‍ ക്ലേയിലുള്ള സെന്റ്‌ മാര്‍ഗരറ്റ്‌ ദേവാലയം സന്ദര്‍ശിച്ചിരുന്നു..."

"വളരെ മനോഹരമായ ഒരു ദേവാലയം ... " അടുത്തു കണ്ട ചാരുബെഞ്ചില്‍ അദ്ദേഹം ഇരുന്നു. "ക്ഷമിക്കണം ... കുറച്ച്‌ നാളുകളായി പെട്ടെന്ന് ക്ഷീണിതനാകുന്നു..."

"അവിടുത്തെ സെമിത്തേരിയില്‍ ഒരു കല്ലറ കണ്ടു..." ഞാന്‍ തുടര്‍ന്നു. "ചിലപ്പോള്‍ താങ്കള്‍ക്കറിയാമായിരിക്കും... ഒരു ജെയിംസ്‌ ഗ്രീവ്‌..."

അദ്ദേഹം എന്നെ മുഴുമിപ്പിക്കാന്‍ സമ്മതിച്ചില്ല. "1676 ജനുവരി 14 ന്‌ ബാര്‍ബറിയിലെ ട്രിപ്പൊളി തുറമുഖത്ത്‌ വച്ച്‌ കപ്പലുകള്‍ അഗ്നിക്കിരയാക്കിയ സര്‍ ക്ലൂഡ്‌സ്‌ലി ഷോവലിന്റെ അസിസ്റ്റന്റ്‌ ആയിരുന്നു..." തനിക്ക്‌ മന്ദഹസിക്കാനും അറിയാമെന്ന് അദ്ദേഹം തെളിയിച്ചു. "അങ്ങനെയല്ലേ അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌...?"

"എന്റെ ഗവേഷണങ്ങള്‍ പ്രകാരം ജെയിംസ്‌ ഗ്രീവ്‌, ഓറഞ്ച്‌ ട്രീ എന്ന കപ്പലിന്റെ ക്യാപ്റ്റന്‍ ആയിരുന്ന സമയത്ത്‌ അദ്ദേഹത്തിന്‌ ഒരു സഹപ്രവര്‍ത്തകനുണ്ടായിരുന്നു. ചാള്‍സ്‌ ഗാസ്കോയ്‌ന്‍ ... പിന്നീടദ്ദേഹം നേവിയുടെ ക്യാപ്റ്റനായി. എന്തോ അസുഖം ബാധിച്ച്‌ 1683 ല്‍ അദ്ദേഹം മരണമടഞ്ഞപ്പോള്‍ ജെയിംസ്‌ ഗ്രീവ്‌ അദ്ദേഹത്തെ ക്ലേയില്‍ കൊണ്ടു വന്ന് അടക്കം ചെയ്തു..."

"അത്‌ ശരി..." അദ്ദേഹം സൗമ്യനായി, എന്നാല്‍ യാതൊരു താല്‍പ്പര്യവും പ്രകടിപ്പിക്കാതെ മൊഴിഞ്ഞു. ഒപ്പം തികഞ്ഞ അക്ഷമയും പ്രകടമായിരുന്നു അദ്ദേഹത്തിന്റെ സ്വരത്തില്‍ .

"ക്ലേ സെമിത്തേരിയില്‍ അദ്ദേഹത്തിന്റെ കല്ലറ കണ്ടെത്താനായില്ല എനിക്ക്‌... ദേവാലയത്തിലെ രേഖകളിലും ഒന്നുമുണ്ടായിരുന്നില്ല... വൈവ്‌ടണ്‍ , ഗ്ലാന്‍ഫോര്‍ഡ്‌, ബ്ലാന്‍കെനി എന്നീ ദേവാലയങ്ങളിലും ഞാന്‍ അന്വേഷിച്ചു. നിരാശയായിരുന്നു ഫലം..." ഞാന്‍ പറഞ്ഞു.

"അപ്പോള്‍ അദ്ദേഹത്തിന്റെ കല്ലറ ഇവിടെയുണ്ടാകുമെന്നാണോ താങ്കള്‍ കരുതുന്നത്‌...?"

"എന്റെ കൈവശമുള്ള രേഖകള്‍ പരിശോധിച്ചപ്പോള്‍ അദ്ദേഹം ഒരു കത്തോലിക്കനായിരുന്നുവെന്ന് കണ്ടെത്താനായി. അപ്പോള്‍ അദ്ദേഹത്തിന്റെ സംസ്കാരം മതവിശ്വാസങ്ങള്‍ക്ക്‌ അനുസൃതമായിട്ടായിരിക്കണം നടത്തിയിട്ടുണ്ടാകുക... ബ്ലാന്‍കെനിയില്‍ ഞാന്‍ തങ്ങുന്ന ഹോട്ടലിലെ ബാര്‍മാനാണ്‌ പറഞ്ഞത്‌ ഇവിടെ സ്റ്റഡ്‌ലി കോണ്‍സ്റ്റബിളില്‍ ഒരു കത്തോലിക്കാ ദേവാലയമുണ്ടെന്ന്... ഇവിടം എന്റെ സന്ദര്‍ശന ലിസ്റ്റില്‍ ഉണ്ടായിരുന്നതല്ല. ഈ സ്ഥലം കണ്ടു പിടിക്കാന്‍ ഏതാണ്ട്‌ ഒരു മണിക്കൂറോളം വേണ്ടി വന്നു..."

"പക്ഷേ, വെറുതെയായിപ്പോയല്ലോ..." അദ്ദേഹം എഴുന്നേറ്റു. "കഴിഞ്ഞ ഇരുപത്തിയെട്ട്‌ വര്‍ഷമായി ഞാന്‍ ഈ ദേവാലയത്തിലാണ്‌... ഞാന്‍ ഉറപ്പിച്ചു പറയുന്നു... ചാള്‍സ്‌ ഗാസ്കോയ്‌ന്‍ എന്ന പേരിലൊരു കല്ലറ ഇവിടെ ഇല്ലേയില്ല..."

പ്രതീക്ഷയുടെ അവസാന കണ്ണിയും അറ്റു പോകുന്നതിലെ വിഷമം എന്റെ മുഖത്ത്‌ പ്രതിഫലിച്ചിട്ടുണ്ടാകണം. എങ്കിലും വിട്ടുകൊടുക്കുവാന്‍ ഞാന്‍ തയ്യാറായിരുന്നില്ല.

"അത്ര ഉറപ്പ്‌ പറയാന്‍ പറ്റുമോ?... ആ കാലഘട്ടത്തിലെ റെക്കോര്‍ഡുകള്‍ പരിശോധിച്ചാല്‍ എന്തെങ്കിലും വിവരം ലഭിക്കാന്‍ സാദ്ധ്യതയില്ലേ..? മരണ രജിസ്റ്ററില്‍ ചിലപ്പോള്‍ കണ്ടെങ്കിലോ...?"

"ഈ പ്രദേശത്തിന്റെ ചരിത്രം എന്റെ ഇഷ്ട വിഷയമായിരുന്നു എന്നും..." അദ്ദേഹത്തിന്റെ സ്വരം പരുഷമായി. "ഈ ദേവാലയത്തിലെ ഓരോ റെക്കോര്‍ഡും എനിക്ക്‌ മന:പാഠമാണ്‌... അതുകൊണ്ടാണ്‌ ഞാന്‍ പറയുന്നത്‌, ചാള്‍സ്‌ ഗാസ്കോയ്‌ന്‍ എന്ന നാമം ഇവിടുത്തെ ഒരു രേഖകളിലുമില്ല... വിരോധമില്ലെങ്കില്‍, ഞാന്‍ ഇറങ്ങട്ടെ, ഭക്ഷണത്തിനുള്ള സമയമായി..."

അദ്ദേഹം മുന്നോട്ട്‌ പോകാന്‍ ശ്രമിക്കുന്നതിനിടെ ഊന്നുവടി തെന്നി വീഴാന്‍ ഭാവിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ അദ്ദേഹത്തിന്റെ കൈകളില്‍ പിടിച്ച്‌ വീഴാതെ താങ്ങി നിര്‍ത്തി.

"അയാം സോറി... ബുദ്ധിമുട്ടിച്ചതില്‍ ക്ഷമിക്കണം... ഞാന്‍ കാരണമാണ്‌..." ഞാന്‍ പറഞ്ഞു.

അദ്ദേഹം രണ്ടാമതൊരു വട്ടം പുഞ്ചിരിച്ചത്‌ ഇപ്പോഴാണ്‌. "സാരമില്ല... ഇടക്കൊക്കെ ഈ വീഴ്ച പതിവുള്ളതാണ്‌..." ഊന്നുവടി കൊണ്ട്‌ അദ്ദേഹം മുടന്തുള്ള ഇടത്‌ കാലില്‍ പതുക്കെ തട്ടി. "ഈ കാലൊരു ശല്യം തന്നെ... പക്ഷേ, ഞാനതുമായി പൊരുത്തപ്പെട്ടിരിക്കുന്നു..."

ആ പരാമര്‍ശത്തിന്‌ പ്രത്യേകിച്ചൊരു മറുപടിയുടെ ആവശ്യമുണ്ടായിരുന്നില്ല. അദ്ദേഹം ഒരു മറുപടി പ്രതീക്ഷിച്ചിരുന്നുമില്ലെന്ന് തോന്നുന്നു. ഞങ്ങള്‍ ആ ഇടനാഴിയിലൂടെ പതുക്കെ മുന്നോട്ട്‌ നടന്നു.

"മനോഹരമാണ്‌ ഈ ദേവാലയം ... പറയാതിരിക്കാന്‍ കഴിയില്ല..." ഞാന്‍ പറഞ്ഞു.

"അതെ... അതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു... " അദ്ദേഹം പുറത്തേക്കുള്ള വാതില്‍ എനിക്കായി തുറന്നു തന്നു. "താങ്കളെ സഹായിക്കാന്‍ സാധിക്കാത്തതില്‍ ഖേദമുണ്ട്‌..."

"സാരമില്ല ഫാദര്‍ ... ഞാന്‍ ആ സെമിത്തേരിയില്‍ കുറച്ച്‌ നേരം കൂടി ചെലവഴിക്കുന്നതില്‍ താങ്കള്‍ക്ക്‌ വിരോധമുണ്ടോ...?" ഞാന്‍ ചോദിച്ചു.

"താങ്കളെ പറഞ്ഞ്‌ മനസ്സിലാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടാണ്‌..." അദ്ദേഹം അസ്വസ്ഥനായെങ്കിലും പിന്നെ പറഞ്ഞതിങ്ങനെയായിരുന്നു. "പിന്നെന്താ...? ചില പ്രത്യേക തരം കല്ലറകളുണ്ടവിടെ... പടിഞ്ഞാറെ അറ്റത്ത്‌... പതിനെട്ടാം ശതകത്തിന്റെ ആദ്യഘട്ടങ്ങളില്‍ നിര്‍മ്മിച്ചത്‌... ക്ലേ സെമിത്തേരിയില്‍ കാണുന്ന അതേ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടവ..."

ഇത്തവണ ഹസ്തദാനത്തിനായി അദ്ദേഹമാണ്‌ കൈകള്‍ നീട്ടിയത്‌. "താങ്കളുടെ പേര്‍ പരിചിതമാണെന്ന് ഞാനിപ്പോഴാണ്‌ ഓര്‍ത്തത്‌... അള്‍സ്റ്റര്‍ പ്രക്ഷോഭത്തെക്കുറിച്ച്‌ കഴിഞ്ഞ വര്‍ഷം താങ്കള്‍ ഒരു പുസ്തകം എഴുതിയിട്ടില്ലേ...?"

"ശരിയാണ്‌... 'എ നാസ്റ്റി ബിസിനസ്‌' എന്ന പേരില്‍ ..." ഞാന്‍ പറഞ്ഞു.

"അതേ, മിസ്റ്റര്‍ ഹിഗ്ഗിന്‍സ്‌... യുദ്ധം എപ്പോഴും ഒരു ദുരിതം തന്നെ..." അദ്ദേഹത്തിന്റെ മുഖം വലിഞ്ഞു മുറുകി. "മനുഷ്യന്‍ അവന്റെ ക്രൂരതകള്‍ മുഴുവന്‍ പുറത്തെടുക്കുന്ന സമയം ... ങ്‌ഹ്‌ ... അതൊക്കെ പോട്ടെ... താങ്കള്‍ക്ക്‌ നല്ലൊരു ദിനം ആശംസിക്കുന്നു..."

അദ്ദേഹം കതക്‌ അടച്ചു. ഞാന്‍ പോര്‍ച്ചിലേക്കിറങ്ങി. പിന്നെ ഒരു സിഗരറ്റിന്‌ തീ കൊളുത്തി മഴയത്തേക്കിറങ്ങി നടന്നു. കുഴി വെട്ടിക്കൊണ്ടിരുന്നയാള്‍ പോയ്‌ക്കഴിഞ്ഞിരുന്നു. ഇപ്പോള്‍ ഈ സെമിത്തേരിയില്‍ ഞാനും ആ കാക്കകളും മാത്രം. ലെനിന്‍ഗ്രാഡില്‍ നിന്നും വന്ന കാക്കകള്‍ ... അതേക്കുറിച്ചുള്ള അതിശയം വീണ്ടും എന്റെ മനസ്സിലേക്കോടിയെത്തി. പക്ഷേ, തല്‍ക്കാലം അത്‌ മറന്നേ പറ്റൂ. എന്റെ ജോലി ഇനിയും ബാക്കി കിടക്കുന്നു. ഫാദര്‍ വെറേക്കറുമായി സംസാരിച്ചതിന്‌ ശേഷം ചാള്‍സ്‌ ഗാസ്കോയ്‌ന്റെ ശവകുടീരം കണ്ടെത്താമെന്ന പ്രതീക്ഷ അല്‍പ്പം പോലുമില്ലാതായിരിക്കുന്നു. പക്ഷേ, വേറെ എവിടെയും ഇനി തിരയാന്‍ ബാക്കിയില്ല എന്നതാണ്‌ സത്യം. അത്‌ എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു.


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

21 comments:

  1. നോവലിസ്റ്റ്‌ തന്റെ അന്വേഷണം തുടരുന്നു...

    ReplyDelete
  2. സംഗതി ഉഷാറാകുന്നു, നോവലിസ്റ്റിനൊപ്പം ഞങ്ങളും!!!

    ReplyDelete
  3. കഥ നന്നായി പുരോഗമിക്കുന്നു.
    പിന്നെ,ഈ ഇം‌ഗ്ലീഷ് പേരുകളായതു കൊണ്ട് ഒരു പേരും മനസ്സിൽ തങ്ങുന്നില്ല. വല്ല ഗോപാലൻ, നാരായണൻ, വർഗ്ഗീസ് എന്നൊക്കെ ആണെങ്കിൽ വേഗം പിടുത്തം കിട്ടിയേനെ. പോകെ പോകെ ശരിയാകുമായിരിക്കും...

    ആശംസകൾ...

    ReplyDelete
  4. manglishil ezhuthane nivruthiyullu. Jack Higgins aa kallara kandethunnathil vijayikkum alle? akamkshayode kathirikkunnu.

    ReplyDelete
  5. ഞാനും വായിച്ചു, ഇന്ന് പഴയ രണ്ടു അധ്യായവും കൂടി ചേർത്തു വായിച്ചു.തുടർന്നു വായിയ്ക്കാൻ കാത്തിരിയ്ക്കുന്നു.

    ReplyDelete
  6. വീ കെ പറഞ്ഞതുപോലെ ഞാനും ചിന്തിച്ചിട്ടുണ്ട്. വല്ല മലയാളം പേരുമാണെങ്കില്‍ ഓര്‍ക്കാനെന്തെളുപ്പമായിരിക്കും.

    ReplyDelete
  7. ദപ്പോ ദങ്ങനെയാണ് കാര്യങ്ങള്‍ .
    ഏറെക്കുറെ കാര്യങ്ങളുടെ ഒരു കിടപ്പുവശം പുടികിട്ടി.
    ഇനി കാത്തിരിക്കാം അടുത്ത ലക്കങ്ങള്‍ക്കായി...

    പേരൊക്കെ മലയാളികരിക്കാന്‍ തുടങ്ങിയോ?
    ഗസ്കൊയിന്‍ നായരെ തേടി ഹിഗ്ഗിന്സച്ചായന്‍... തകര്‍പ്പന്‍

    ReplyDelete
  8. പതിവു പോലെ ഒരു ആകാംക്ഷ ബാക്കി...

    ReplyDelete
  9. സിനിമ ഇതുവരെ തുടങ്ങിയിട്ടില്ല അല്ലേ..

    ഈ ചാര്ളിച്ചന്റെ ഒരു കാര്യം.. :)

    ReplyDelete
  10. ഹാജർ വെച്ച് വായിച്ചുപോ‍കുന്നൂ‍ൂ

    ReplyDelete
  11. അടുത്തതിനായി കാത്തിരിക്കുന്നു ....

    ReplyDelete
  12. “First impression is the best impression “എന്നല്ലെ പഴമൊഴി...

    ഉജ്ജ്വല തുടക്കം വിനുവേട്ടാ.......
    ഈ കഴുകന്‍ സ്റ്റോം വാണിങ്ങിനേയും കടത്തിവെട്ടി ഉയരങ്ങള്‍ താണ്ടുമെന്ന കാര്യത്തില്‍ എനിയ്ക്കൊരു സംശയവുമില്ല....

    പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്നു..

    ReplyDelete
  13. കഥ ഉഷാറായിത്തുടങ്ങി.

    ReplyDelete
  14. വായിക്കുന്നു

    ReplyDelete
  15. ഞാനും ഓര്‍ത്തു.. മലയാളം പേരുകളാണെങ്കില്‍ ഓര്‍ക്കാന്‍ സുഖമുണ്ടാകുമായിരുന്നു....

    ReplyDelete
    Replies
    1. അതിനിപ്പോൾ യാതൊരു നിർവ്വാഹവുമില്ലല്ലോ കല്ലോലിനീ... തൽക്കാലം അഡ്ജസ്റ്റ് ചെയ്യെന്നേ... നാലഞ്ച് ലക്കങ്ങൾ പിന്നിടുന്നതോടെ എല്ലാം ശരിയാവും...

      Delete
  16. ജാക്ക്‌ ഹിഗ്ഗിൻസ്‌ നേരിട്ട്‌ പ്രത്യക്ഷപ്പെട്ട കഥ ആണല്ലെ?!?!?!?!

    ReplyDelete
    Replies
    1. അതെ സുധീ... അതാണതിന്റെ ഹൈലൈറ്റ്...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...