Friday, August 26, 2011

ദി ഈഗിള്‍ ഹാസ്‌ ലാന്റഡ്‌ - 10

അദ്ധ്യായം - രണ്ട്‌

1943 സെപ്റ്റംബര്‍ 12 ഞായറാഴ്ച. ഒരര്‍ത്ഥത്തില്‍ രണ്ടാം ലോകമഹായുദ്ധത്തിലെ ഏറ്റവും സമര്‍ത്ഥവും ധീരവുമായ കമാന്റോ ദൗത്യം ആയിരുന്നു അത്‌. അഡോള്‍ഫ്‌ ഹിറ്റ്‌ലറുടെ അകമഴിഞ്ഞ സംപ്രീതിയാണ്‌ ഓട്ടോ സ്കോര്‍സെനി അതിലൂടെ നേടിയെടുത്തത്‌. പതിവ്‌ പോലെ താന്‍ തന്നെയാണ്‌ ശരി എന്നും ആംഡ്‌ ഫോഴ്‌സ്‌ ഹൈക്കമാന്റിന്റെ ചിന്താഗതികള്‍ തെറ്റാണെന്നും അദ്ദേഹം ഒരിക്കല്‍ കൂടി തെളിയിച്ചു.

യുദ്ധാരംഭം മുതലേ വളരെ വിജയകരമായി പ്രവര്‍ത്തിച്ച്‌ വരുന്ന ബ്രിട്ടീഷ്‌ കമാന്റോ യൂണിറ്റുകളെ പോലെ ജര്‍മ്മന്‍ ആര്‍മിക്ക്‌ കമാന്റോ യൂണിറ്റുകള്‍ എന്താണില്ലാത്തതെന്ന് ഹിറ്റ്‌ലര്‍ ആരാഞ്ഞത്‌ പെട്ടെന്നായിരുന്നു. അദ്ദേഹത്തെ തൃപ്തിപ്പെടുത്തുവാനായി ഹൈക്കമാന്റ്‌ ഉടന്‍ തന്നെ അത്തരമൊരു യൂണിറ്റ്‌ സംഘടിപ്പിച്ചു. ജര്‍മ്മന്‍ പ്രൊട്ടക്ഷന്‍ സ്ക്വാഡ്രണില്‍ നിന്നും അയോഗ്യത കല്‍പ്പിക്കപ്പെട്ട്‌ ബെര്‍ലിന്‍ തെരുവുകളിലൂടെ തൊഴിലൊന്നുമില്ലാതെ നടക്കുകയായിരുന്നു ലെഫ്റ്റനന്റ്‌ ഓട്ടോ സ്കോര്‍സെനി അപ്പോള്‍. അദ്ദേഹത്തെ തിരികെ വിളിച്ച്‌ ക്യാപ്റ്റന്‍ പദവിയും നല്‍കി അപ്പോള്‍ രൂപീകരിച്ച ജെര്‍മ്മന്‍ സ്പെഷല്‍ ഫോഴ്‌സസ്‌ എന്ന യൂണിറ്റിന്റെ ചീഫ്‌ ആയി ഹൈക്കമാന്റ്‌ നിയമിച്ചു. ഹിറ്റ്‌ലറുടെ അപ്രീതിയില്‍ നിന്ന് രക്ഷപെടുവാനുള്ള ഒരു ചെപ്പടി വിദ്യ. അതില്‍ കൂടുതലൊന്നും ഹൈക്കമാന്റ്‌ ഉദ്ദേശിച്ചിരുന്നുമില്ല ആ നിയമനത്തിലൂടെ.

എന്നാല്‍ അവരുടെ നിര്‍ഭാഗ്യമെന്ന് പറയട്ടെ, സ്കോര്‍സെനി, തനിക്ക്‌ ലഭിച്ച ദൗത്യം അനന്യമായ കഴിവിനാല്‍ നിറവേറ്റി താനൊരു സമര്‍ത്ഥനായ സൈനികനാണെന്ന് തെളിയിക്കുകയാണുണ്ടായത്‌. നടന്ന സംഭവങ്ങളെല്ലാം തന്നെ തന്റെ കഴിവ്‌ അവരെ ബോദ്ധ്യപ്പെടുത്തുവാന്‍ ഉതകുന്നതായിരുന്നു.

1943 സെപ്റ്റംബര്‍ 3 നാണ്‌ ഇറ്റലി പരാജയം സമ്മതിച്ച്‌ കീഴടങ്ങുന്നത്‌. മുസ്സോളിനിയെ സ്ഥാനഭ്രഷ്ടനാക്കുകയും മാര്‍ഷല്‍ ബഡോഗ്ലിയോ അദ്ദേഹത്തെ അറസ്റ്റ്‌ ചെയ്ത്‌ അജ്ഞാത കേന്ദ്രത്തിലേക്ക്‌ കൊണ്ടുപോകുകയും ചെയ്തു. യുദ്ധത്തില്‍ തന്റെ പക്ഷത്തായിരുന്ന ഇറ്റാലിയന്‍ നേതാവിനെ സ്വതന്ത്രനായി കാണുവാന്‍ ഹിറ്റ്‌ലര്‍ ആഗ്രഹിച്ചു. പക്ഷേ, അത്‌ തീര്‍ത്തു അസാദ്ധ്യം എന്നായിരുന്നു വിദഗ്ദ്ധാഭിപ്രായം. പ്രഗല്‍ഭനായ ഇര്‍വിന്‍ റോമല്‍ പോലും അഭിപ്രായപ്പെട്ടത്‌ അചിന്തനീയവും ബുദ്ധിശൂന്യവുമായ ആശയം എന്നായിരുന്നു.

പക്ഷേ, ഹിറ്റ്‌ലറുടെ പുസ്തകത്തില്‍ അത്‌ അസാദ്ധ്യമായ ഒന്നായിരുന്നില്ല. നേരിട്ട്‌ ചെന്ന് അദ്ദേഹം ആ ദൗത്യം സ്കോര്‍സെനിയെ ഏല്‍പ്പിച്ചു. സ്കോര്‍സെനിയാവട്ടെ, തന്റെ തനതായ ശൈലിയിലുള്ള അന്വേഷണങ്ങളിലൂടെ മുസ്സോളിനിയെ തടവിലിട്ടിരിക്കുന്ന സങ്കേതത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്വായത്തമാക്കുക തന്നെ ചെയ്തു. ഇറ്റലിയിലെ ഗ്രാന്‍ സാസോ പര്‍വ്വതത്തിന്‌ മുകളിലെ സ്പോര്‍ട്‌സ്‌ ഹോട്ടലിലായിരുന്നു അദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ചിരുന്നത്‌. പതിനായിരം അടി ഉയരം വരുന്ന പര്‍വ്വതത്തിന്‌ മുകളില്‍ ഏതാണ്ട്‌ ഇരുനൂറ്റിയമ്പതോളം ഭടന്മാരുടെ കാവലില്‍ .

അന്‍പത്‌ പാരാട്രൂപ്പേഴ്‌സ്‌ അടങ്ങുന്ന സംഘവുമായി ഗ്ലൈഡറുകളിലാണ്‌ സ്കോര്‍സെനി അവിടെയെത്തിയത്‌. അപ്രതീക്ഷിതമായി ഹോട്ടലില്‍ ആക്രമണം നടത്തിയ സ്കോര്‍സെനിയും സംഘവും മുസ്സോളിനിയെ അവിടെ നിന്നും മോചിപ്പിച്ചു. പിന്നീട്‌ ഒരു ചെറിയ സ്റ്റോര്‍ക്ക്‌ സ്പോട്ടര്‍ വിമാനത്തില്‍ അദ്ദേഹത്തെ റോമില്‍ എത്തിച്ചു. അവിടെ നിന്നും ഒരു ഡോര്‍ണിയര്‍ വിമാനത്തില്‍ റാസ്റ്റന്‍ബര്‍ഗിലെ ഹിറ്റ്‌ലറുടെ ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലും. ഇരുളടഞ്ഞ വനമേഖലയായിരുന്നു റാസ്റ്റന്‍ബര്‍ഗ്‌.

ആ ദൗത്യം സ്കോര്‍സെനിയുടെ തൊപ്പിയില്‍ Knight's Cross ഉള്‍പ്പെടെ മെഡലുകളുടെ ഒരു ഘോഷയാത്ര തന്നെ തീര്‍ത്തു. അവിടെ നിന്നങ്ങോട്ട്‌ തുടങ്ങിയതാണ്‌ അദ്ദേഹത്തിന്റെ ജൈത്രയാത്ര. സമാനമായ പല ദൗത്യങ്ങളും വിജയകരമായി പൂര്‍ത്തീകരിച്ച അദ്ദേഹം തന്റെ കാലഘട്ടത്തിലെ ധീരയോദ്ധാവായി മാറി. പക്ഷേ, ഇതിലൊന്നും ഹൈക്കമാന്റ്‌ സന്തുഷ്ടരായിരുന്നില്ല.

എന്നാല്‍ അതായിരുന്നില്ല ഹിറ്റ്‌ലറുടെ മാനസികാവസ്ഥ. അദ്ദേഹം ഏഴാം സ്വര്‍ഗ്ഗത്തിലായിരുന്നു. ജര്‍മനിയുടെ പാരീസ്‌ അധിനിവേശത്തിന്‌ ശേഷം അദ്ദേഹം ആഹ്ലാദ നൃത്തമാടുന്നത്‌ ഇപ്പോഴാണ്‌. വൈകുന്നേരം റാസ്റ്റന്‍ബര്‍ഗില്‍ മുസ്സോളിനി വന്നെത്തിയതിന്‌ ശേഷം നടത്താനിരിക്കുന്ന മീറ്റിങ്ങിനായി തയ്യാറെറെടുക്കുമ്പോഴും അദ്ദേഹം തന്റെ ആഹ്ലാദം മറച്ചുവച്ചില്ല. ഇറ്റലിയിലെ സംഭവവികാസങ്ങളും മുസ്സോളിനിയുടെ ഭാവി പരിപാടികളുമായിരുന്നു മുഖ്യ ചര്‍ച്ചാവിഷയമായി അദ്ദേഹം തീരുമാനിച്ചത്‌.

വളരെ പ്രസന്നമായ അന്തരീക്ഷമായിരുന്നു കോണ്‍ഫറന്‍സ്‌ റൂമില്‍. പൈന്‍ മരത്തിന്റെ പലകയാല്‍ പാനല്‍ ചെയ്ത ചുമരുകളും സീലിങ്ങും. ഹാളിന്റെ ഒരറ്റത്ത്‌ വൃത്താകൃതിയിലുള്ള മേശ. അതിനു ചുറ്റും പതിനൊന്ന് കസേരകള്‍. മേശയുടെ മദ്ധ്യഭാഗത്തയി ഒരു ഫ്ലവര്‍ വെയ്‌സ്‌. ഹാളിന്റെ മറുവശത്ത്‌ ഒരു മാപ്പ്‌ ടേബിള്‍ ഇട്ടിരിക്കുന്നു. അതിനു ചുറ്റും കൂടി നിന്ന് ഇറ്റലിയിലെ സംഭവ വികാസങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുന്നവരില്‍ പ്രമുഖര്‍ ഇവരൊക്കെയാണ്‌. മുസ്സോളിനി,  പ്രതിരോധവകുപ്പ്‌ മന്ത്രി ജോസഫ്‌ ഗീബല്‍സ്‌, ജര്‍മ്മന്‍ രഹസ്യ പോലീസ്‌ മേധാവി ഹെന്‍ട്രിച്ച്‌ ഹിംലര്‍ , മിലിട്ടറി ഇന്റലിജന്‍സ്‌ വിഭാഗമായ അബ്ഫെറിന്റെ മേധാവി വില്‍ഹെം കാനറിസ്‌.

ഹിറ്റ്‌ലര്‍ മുറിയില്‍ പ്രവേശിച്ചതും എല്ലാവരും അറ്റന്‍ഷനായി നിന്നു. അദ്ദേഹം അപ്പോഴും ആഹ്ലാദഭരിതനായിരുന്നു. തിളങ്ങുന്ന കണ്ണുകള്‍ . അപൂര്‍വ്വമായി മാത്രം ദര്‍ശിക്കാന്‍ കഴിയുന്ന പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു അപ്പോള്‍ . മുസ്സോളിനിയുടെ നേര്‍ക്ക്‌ ചെന്ന് ഇരുകരങ്ങളും കവര്‍ന്ന് ഊഷ്മളമായ ഹസ്തദാനം നല്‍കി അദ്ദേഹം പറഞ്ഞു.

"യൂ ലുക്ക്‌ ബെറ്റര്‍ റ്റുനൈറ്റ്‌ ... ഡിസൈഡഡ്‌ലി ബെറ്റര്‍ ..."


* * * * * * * * * * * * * * * * * * * * * * * * * * * *

(തുടരും)

19 comments:

  1. അങ്ങനെ കഥ തുടങ്ങുന്നു... രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിലേക്ക്...

    ReplyDelete
  2. ആ കഥ വായിക്കുവാനായി കാത്തിരിക്കുന്നു.
    സ്കോർസെനിയുടെ ധീര പരാക്രമം കൊള്ളാം.
    ആശംസകൾ...

    ReplyDelete
  3. പഠിച്ചിരുന്ന കാലത്ത് ചരിത്രം എന്ന് കേള്‍ക്കുന്നതെ ചതുര്‍ദ്ധി ആയിരുന്നു
    ഇന്ന് വായിക്കാന് കൗതുകം തുടരുക

    ഓണാശംസകള്‍

    ReplyDelete
  4. മികവോടെ മുന്നേറട്ടെ..

    ReplyDelete
  5. കഥ തുടരൂ... ഒപ്പമുണ്ട് .

    ReplyDelete
  6. കഥ തുടരുക, വായിക്കാൻ നല്ല രസം. പിന്നെ എല്ലാം സെയ്‌വ് ചെയ്തിട്ടുണ്ട്. ഒന്നിച്ച് വായിക്കാൻ.

    ReplyDelete
  7. ശരി ശരി... തുടരട്ടെ!

    ReplyDelete
  8. ഇവിടൊക്കെത്തന്നെ ഉണ്ട്..ഗ്രിപ്പ് ഇതുവരെ കിട്ടിയില്ല

    ReplyDelete
  9. ഇങ്ങനെ ഒരു സംഭവം ശരിക്കും നടന്നിട്ടുണ്ടോ ? അതൊ പൂർണ്ണമായും ഫിക്ഷൻ ആണോ ?

    ReplyDelete
  10. കഥയുടെ ഗതി മാറി. ചരിത്രപുരുഷന്മാര്‍ രംഗത്തെത്തി. ആകാംക്ഷയും കൂടി.

    ReplyDelete
  11. വി.കെ, മാണിക്യം, സിദ്ധീക്ക, ലിപി ... നന്ദി...

    മിനി ടീച്ചർ... സന്തോഷമേയുള്ളൂ...
    ശ്രീ... ഇനി വരാൻ പോകുന്ന ലക്കങ്ങൾ ശ്രദ്ധിച്ച് വായിക്കണം... അല്ലെങ്കിൽ ചാർളിയുടെ പോലെ ഗ്രിപ്പ് കിട്ടാതെ പോകും...

    ചാർളി... ഞാൻ തന്നെ രണ്ട് മൂന്ന് തവണ വായിച്ചിട്ടാണ് ഗ്രൂവിൽ വീണത്...

    പഥികൻ... ഇതുവരെ പ്രതിപാദിച്ചിരിക്കുന്ന സംഭവങ്ങളെല്ലാം നടന്നിട്ടുള്ളതാണ്... ഇനി വരാനിരിക്കുന്നവയിൽ പകുതിയും ചരിത്രസത്യങ്ങളാണെന്നാണ് ജാക്ക് ഹിഗ്ഗിൻസ് മുഖവുരയിൽ പറഞ്ഞിരിക്കുന്നത്...

    സുകന്യാജി... അതാണ് ഈ നോവലിന്റെ വ്യത്യസ്ഥത. നമുക്ക് കേട്ടറിവുള്ള മഹാരഥന്മാരാണ് കഥാപാത്രങ്ങൾ...

    ReplyDelete
  12. ഹിറ്റ്‌ലര്‍, മുസ്സോളിനി.. കൂടെ സ്കോര്‍സനിയും.. 'വമ്പന്‍ സ്രാവുകളുടെ' നിര തന്നെയുണ്ടല്ലോ.. കഥ തുടരട്ടെ..

    ഹിറ്റ്‌ ലറുടെ പുഞ്ചിരി മായുന്നതിന് മുന്നേ തന്നെ മീറ്റിംഗ് തുടങ്ങാം.. എല്ലാവരും റെഡിയല്ലേ?

    ReplyDelete
  13. ചാര്ളിച്ചാ.. കാലില്‍ 'പാരഗണ്‍' അല്ലേ?? ചുമ്മാതല്ല ഗ്രിപ്പ് കിട്ടാത്തത്.. :)

    ReplyDelete
  14. ചരിത്രത്തിന്റെ ചക്രം തിരിച്ച തുറുപ്പുഗുലാന്മാർ അങ്ങിനെ രംഗത്തെത്തി അല്ലേ...

    ReplyDelete
  15. സ്കോര്‍സെനി കര്‍ണ്ണന്‍ പോലെ... (ഞാന്‍ ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും വന്നു ചേര്‍ന്നു)

    ReplyDelete
  16. ചരിത്രത്തിൽ വളരെ ഹീനപുരുഷനായി ചിത്രീകരിയ്ക്കപ്പെട്ടിരിക്കുന്ന ഹിറ്റ്‌ലർ എനിയ്ക്കെന്നും പ്രിയപ്പെട്ടവൻ തന്നെ.

    ReplyDelete
    Replies
    1. ആഹാ... അപ്പോള്‍ ഇങ്ങള് കൊള്ളാല്ലോ...

      Delete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...