Thursday, December 29, 2011

ഈഗിൾ ഹാസ് ലാന്റഡ് – 26

അടുത്ത നിമിഷം ടോർപ്പിഡോകളിൽ ഒന്ന് കപ്പലിന്റെ പിൻഭാഗത്ത് നേരിട്ട് ചെന്നിടിച്ചു. ബ്രിട്ടനിൽ പ്രവർത്തിക്കുന്ന അമേരിക്കൻ എയർഫോഴ്സിന്റെ എട്ടാം ഡിവിഷന് ഉപയോഗിക്കുവാനായി കൊണ്ടുപോകുന്ന ടൺ കണക്കിന് ബോംബുകളായിരുന്നു കപ്പലിന്റെ പിൻഭാഗത്ത് ശേഖരിച്ചിരുന്നത്.  മഞ്ഞിന്റെ ആവരണത്തിൽ നിന്നും ഭയാനകമായ സ്ഫോടന ശബ്ദം ഉയർന്നു. ജോസഫ് ജോൺസൻ പൊട്ടിച്ചിതറുന്ന ശബ്ദത്തിന്റെ പ്രതിധ്വനി ചുറ്റുമുള്ള ദ്വീപുകളിൽ നിന്നും കേൾക്കാറായി. സ്ഫോടനത്തിന്റെ അലകളിൽ നിന്ന് രക്ഷനേടാനായി സ്റ്റെയ്നർ തന്റെ ടോർപ്പിഡോ ക്യാരിയറിൽ കഴിയുന്നത്ര കുനിഞ്ഞ് ഇരുന്നു. പെട്ടെന്നാണ് വളരെ വലിയ ഒരു ലോഹപാളി പറന്ന് വന്ന് അദ്ദേഹത്തിന്റെ മുന്നിൽ പതിച്ചത്.

കപ്പലിന്റെ അവശിഷ്ടങ്ങൾ എമ്പാടും വന്ന് പതിച്ചുകൊണ്ടേയിരുന്നു. അവയിൽ എന്തോ ഒന്ന് ന്യുമാന്റെ തലയിൽ വന്ന് പതിച്ചതും അദ്ദേഹം വേദനയാൽ അലറി. അതിന്റെ ആഘാതത്തിൽ അദ്ദേഹം തന്റെ ടോർപ്പിഡോ ക്യാരിയറിൽ നിന്ന് പിറകോട്ട് തെറിച്ച് പോയി. നിയന്ത്രണം നഷ്ടമായ ക്യാരിയർ മുന്നോട്ട് കുതിച്ച് ഒരു തിരമാലയുടെ മുകളിലൂടെ അപ്രത്യക്ഷമായി.

അബോധാ‍വസ്ഥയിലായിരുന്നുവെങ്കിലും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാൽ ന്യൂമാൻ വെള്ളത്തിൽ പൊന്തിക്കിടന്നു. അദ്ദേഹത്തിന്റെ നെറ്റിയിലെ മുറിവിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. സ്റ്റെയ്നർ തന്റെ ക്യാരിയറുമായി അദ്ദേഹത്തിനരികിൽ കുതിച്ചെത്തി. ലൈഫ് ലൈനിന്റെ ഒരറ്റം ന്യൂമാന്റെ ലൈഫ് ജാക്കറ്റുമായി ബന്ധിപ്പിച്ച് അദ്ദേഹം ബ്രേ ഹാർബർ ലക്ഷ്യമാക്കി നീങ്ങി. കനത്ത മൂടൽ മഞ്ഞ് അപ്പോഴേക്കും ഹാർബറിനെ അദൃശ്യമാക്കി.

എന്നാൽ അപ്പോഴേക്കും വേലിയിറക്കം ആരംഭിച്ചു കഴിഞ്ഞിരുന്നു. കടലിലേക്കുള്ള ശക്തമായ ഒഴുക്കിനെതിരെ പൊരുതുക ശ്രമകരമായിരുന്നു. ഹാർബറിലേക്കെത്തിച്ചേരാമെന്നുള്ള പ്രതീക്ഷ ഇനി വേണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ശക്തമായ ഒഴുക്കിൽ പെട്ട് അദ്ദേഹവും ന്യൂമാനും ആശയ്ക്കിടയില്ലാത്ത വിധം ദൂരെ കപ്പൽ ചാലിലേക്ക് നീങ്ങിക്കൊണ്ടിരുന്നു.

തന്നോടൊപ്പം ഒഴുകിക്കൊണ്ടിരിക്കുന്ന റിട്ടർ ന്യൂമാൻ ബോധാവസ്ഥയിലേക്ക് തിരിച്ചെത്തിയത് പെട്ടെന്നാണ് അദ്ദേഹം ശ്രദ്ധിച്ചത്. സ്റ്റെയ്നറെ തന്നെ ഉറ്റു നോക്കിക്കൊണ്ട് കിടക്കുകയാ‍യിരുന്നു അദ്ദേഹം.

“എന്റെ കാര്യം വിട്ടുകളയൂ…!” ക്ഷീണിത സ്വരത്തിൽ അദ്ദേഹം പുലമ്പി. “ഈ ലൈഫ് ലൈൻ മുറിച്ച് മാറ്റൂ എന്നിട്ട് രക്ഷപെടാൻ നോക്കൂ ഞാൻ താങ്കൾക്കൊരു ഭാരമാണ്

സ്റ്റെയനർ അതിന് മറുപടി പറയാൻ തുനിഞ്ഞില്ല. തന്റെ ക്യാരിയറിനെ വലത് ഭാഗത്തേക്ക് വളച്ചെടുക്കുന്നതിൽ അദ്ദേഹം ശ്രദ്ധ ചെലുത്തി. ഭേദിക്കാൻ കഴിയാത്ത കനത്ത മൂടൽ മഞ്ഞിനുള്ളിൽ അവിടെ അടുത്തെവിടെയോ ആയിരിക്കും ബർഹൂ ഐലണ്ട് എന്ന് അദ്ദേഹം ഊഹിച്ചു. വേലിയിറക്കത്തിന്റെ ഒഴുക്കിൽപ്പെട്ട് ഒരു വേള ആ ദ്വീപിൽ എത്തിപ്പെടാനുള്ള നേരിയ സാദ്ധ്യത തള്ളിക്കളയാനാവില്ല.  ഒന്നുമില്ലെങ്കിലും പ്രതീക്ഷിക്കുന്നതിൽ നഷ്ടമൊന്നുമില്ലല്ലോ

“നമ്മൾ എത്രകാലമായി ഒരുമിച്ച് ജോലി നോക്കുന്നു റിട്ടർ?” അദ്ദേഹം ചോദിച്ചു.

“യൂ നോ ഡാംൻ വെൽ” ന്യൂമാൻ പറഞ്ഞു. “നാർവിക്കിൽ വച്ചാണ് ഞാൻ താങ്കളെ ആദ്യമായി കാണുന്നത് അന്ന് വിമാനത്തിൽ നിന്ന് ചാടുവാൻ എനിക്ക് ഭയമായിരുന്നു

“ഞാൻ ഓർക്കുന്നു പാരച്യൂട്ടുമായി ചാടുവാൻ ഞാൻ നിങ്ങളെ വളരെ നിർബ്ബന്ധിച്ചു” സ്റ്റെയ്നർ പറഞ്ഞു.

“അങ്ങനെ വേണമെങ്കിലും പറയാം സത്യത്തിൽ അന്ന് താങ്കൾ എന്നെ വിമാനത്തിൽ നിന്നും എടുത്തെറിയുകയായിരുന്നു

കൊടും തണുപ്പിൽ റിട്ടർ ന്യൂമാന്റെ പല്ലുകൾ കൂട്ടിയിടിക്കുന്നുണ്ടായിരുന്നു. സ്റ്റെയ്നർ, ന്യൂമാനുമായി  ബന്ധിപ്പിച്ചിരിക്കുന്ന ലൈഫ് ലൈൻ ഒന്നു കൂടി പരിശോധിച്ചു.

“അതേ മൂക്കൊലിപ്പിച്ച് നടക്കുന്ന പതിനെട്ട്കാരൻ ബെർലിൻ‌കാരൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പുറത്തിറങ്ങിയതേയുണ്ടായിരുന്നുള്ളൂ എപ്പോഴും കീശയിൽ കവിതാപുസ്തകവുമായി നടക്കുന്നവൻ പ്രൊഫസറുടെ മകൻ ആൽബർട്ട് കനാലിലെ പോരാട്ടത്തിനിടയിൽ മുറിവേറ്റ് കിടന്ന എനിക്ക് മെഡിക്കൽ കിറ്റുമായി തീ തുപ്പുന്ന തോക്കിൻ കുഴലുകൾക്ക് മുന്നിലൂടെ അമ്പത് വാര നിലത്ത്കൂടി ഇഴഞ്ഞിഴഞ്ഞ് വന്നവൻ...”

“ഹെ ഓബർസ്റ്റ് ദയവ് ചെയ്ത് ഈ കയർ മുറിച്ച് മാറ്റൂ എന്നിട്ട് രക്ഷപെടൂ” ന്യൂമാൻ പറഞ്ഞു.  “എവിടെയെല്ലാം എന്നെ കൊണ്ടുപോയി താങ്കൾ ഗ്രീസ് പിന്നെ എനിക്ക് താല്പര്യമില്ലാതിരുന്ന മിലിട്ടറി റാങ്ക് റഷ്യൻ യുദ്ധം ഇപ്പോൾ ഇതാ ഇതും ഞാൻ എന്ത് പാപം ചെയ്തു ഇതിനെല്ലാം” അദ്ദേഹം കണ്ണുകളടച്ചു.  പിന്നെ പതുക്കെ പറഞ്ഞു. “സോറി കുർട്ട് ഇതൊന്നും ശരിയല്ല

അപ്രതീക്ഷിതമായിട്ടാണ് അവർ വേലിയിറക്കത്തിന്റെ ശക്തിയേറിയ കുത്തൊഴുക്കിൽ പെട്ടത്. ആ ഒഴുക്കിൽ പെട്ട് ബർഹൂ ദ്വീപിന് സമീപമുള്ള പാറക്കെട്ടുകളുടെ അരികിലേക്ക് അവർ അതിവേഗം നീങ്ങി. ഒരു വർഷം മുമ്പ് കൊടുങ്കാറ്റിൽ പെട്ട് ആ പാറക്കെട്ടുകളിൽ ഇടിച്ച് തകർന്ന ഒരു ഫ്രഞ്ച് കപ്പൽ അവിടെ പാതി മുങ്ങിക്കിടപ്പുണ്ടായിരുന്നു. മുൻഭാഗം വെള്ളത്തിനു മുകളിലും ഡെക്കിന്റെ പിൻഭാഗം വെള്ളത്തിനടിയിലേക്ക് ചരിഞ്ഞും ആയിരുന്നു കപ്പലിന്റെ കിടപ്പ്. വലിയൊരു തിരമാല സ്റ്റെയ്നറെ തന്റെ ടോർപ്പിഡോ ക്യാരിയറിൽ നിന്നും തെറിപ്പിച്ച് കളഞ്ഞു. പക്ഷേ, അപ്പോഴേക്കും ആ പാതി മുങ്ങിയ കപ്പലിന്റെ റെയിലിൽ അദ്ദേഹത്തിന് പിടി കിട്ടിയിരുന്നു. മറുകൈ കൊണ്ട് ന്യൂമാനെ ബന്ധിപ്പിച്ചിരിക്കുന്ന കയറിൽ അദ്ദേഹം മുറുകെ പിടിച്ചു.

സ്റ്റെയ്നറുടെ ടോർപ്പിഡോ ക്യാരിയർ ആ തിരമാലയോടൊപ്പം ദൂരെയ്ക്ക് മറഞ്ഞു. സ്റ്റെയ്നർ എഴുന്നേറ്റ് കപ്പലിന്റെ ചരിഞ്ഞ ഡെക്കിലൂടെ മുന്നോട്ട് നടന്ന് വീൽഹൌസിൽ എത്തി. തകർന്ന് കിടക്കുന്ന ഇടനാഴിയിൽ തന്റെ സ്ഥാനം സുരക്ഷിതമാക്കിയതിന് ശേഷം അദ്ദേഹം സാവധാനം ലൈഫ് ലൈൻ വലിച്ച് അടുപ്പിച്ച് ന്യൂമാനെയും ഡെക്കിൽ എത്തിച്ചു. മേൽക്കൂരയില്ലാത്ത വീൽഹൌസിൽ അവർ തണുത്ത് വിറച്ചിരിക്കുമ്പോൾ  മഴ കിനിയുവാൻ തുടങ്ങി.

“ഇനിയെന്ത്…?”  ക്ഷീണിത സ്വരത്തിൽ ന്യൂമാൻ ആരാഞ്ഞു.

“ഇവിടെ ഇരിക്കുക തന്നെ മൂടൽ മഞ്ഞ് അല്പം ശമിക്കുന്നതോടെ റിക്കവറി ബോട്ടുമായി ബ്രാൻഡ്ട് ഇറങ്ങാതിരിക്കില്ല...”  സ്റ്റെയ്നർ ആശ്വസിപ്പിച്ചു.

 “എന്നാൽ പിന്നെ ഒരു സിഗരറ്റിന് തീ കൊളുത്താമോ എന്ന് നോക്കാം”  ന്യൂമാൻ പറഞ്ഞു. പിന്നെ മുന്നോട്ടാഞ്ഞ് പുറത്തേക്ക് നോക്കി ആവേശം കൊണ്ടു. “ദാ, അങ്ങോട്ട് നോക്കൂ

സ്റ്റെയ്നർ റെയിലിനരികിലേക്ക് ചെന്നു. പാറക്കെട്ടുകൾക്കിടയിലൂടെ തിരമാലകൾ തലങ്ങും വിലങ്ങും ആഞ്ഞടിക്കുന്നുണ്ടായിരുന്നു. യുദ്ധത്തിന്റെ അവശിഷ്ടങ്ങൾ അതേ, ജോസഫ് ജോൺസൻ എന്ന കപ്പലിന്റെ ചിന്നിച്ചിതറിയ അവശിഷ്ടങ്ങൾ വെള്ളത്തിൽ എമ്പാടും അലക്ഷ്യമായി പരന്ന് കിടന്നു.

“അങ്ങനെ നമ്മൾ ലക്ഷ്യം കണ്ടു”   പതുക്കെ എഴുന്നേൽക്കാൻ ശ്രമം നടത്തിക്കൊണ്ട് ന്യൂമാൻ പറഞ്ഞു.  പെട്ടെന്നാണ് അദ്ദേഹത്തിന്റെ ശ്രദ്ധ തിരിഞ്ഞത്.  “കുർട്ട് അങ്ങോട്ട് നോക്കൂ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന ഡെക്കിൽ ഒരു മഞ്ഞ ലൈഫ് ജാക്കറ്റ് ആരോ ഒരാൾ അവിടെ കിടക്കുന്നുണ്ട്

ചരിഞ്ഞ് കിടക്കുന്ന ഡെക്കിലൂടെ സ്റ്റെയ്നർ കപ്പലിന്റെ പിൻഭാഗത്തേക്ക് ഇഴഞ്ഞിറങ്ങി. ചിതറി പരന്ന് കിടക്കുന്ന പലകക്കഷണങ്ങളെ വകഞ്ഞ് മാറ്റി അദ്ദേഹം വെള്ളത്തിലൂടെ അയാളുടെ അടുത്തേക്ക് നീങ്ങി. വെള്ളത്തിൽ മലർന്ന് കിടന്നിരുന്ന ആ ചെറുപ്പക്കാരന്റെ കണ്ണുകൾ അടഞ്ഞിരുന്നു.  അവന്റെ  ബ്രൌൺ നിറത്തിലുള്ള തലമുടി തലയോട്ടിയിൽ നനഞ്ഞൊട്ടിക്കിടക്കുന്നു. സ്റ്റെയ്നർ അവന്റെ ലൈഫ് ജാക്കറ്റിൽ പിടിച്ച് സുരക്ഷിത സ്ഥാനത്തേക്ക് പതുക്കെ വലിച്ച് കൊണ്ടുവരുവാൻ ശ്രമിച്ചു. ആരോ തന്നെ പിടിക്കുന്നത് മനസ്സിലാക്കിയ അവൻ കണ്ണ് തുറന്ന് അദ്ദേഹത്തെ തുറിച്ച് നോക്കി. പിന്നെ തലയിളക്കി എന്തോ പറയുവാൻ ശ്രമിച്ചു.

സ്റ്റെയനർ അവനെ ജലപ്പരപ്പിൽ താങ്ങി നിർത്തിയിട്ട് ഇംഗ്ലീഷിൽ ചോദിച്ചു. “ വാട്ട് ഈസ് ഇറ്റ്?”

“പ്ലീസ് ലെറ്റ് മി ഗോ” അവൻ മന്ത്രിച്ചു.

വീണ്ടും കണ്ണുകൾ അടച്ച അവനെയും കൊണ്ട് സ്റ്റെയ്നർ ഡെക്കിന് നേർക്കി നീന്തി. ചരിഞ്ഞ് കിടക്കുന്ന ഡെക്കിലൂടെ അവനെ മുകളിലേക്ക് വലിച്ച് കയറ്റുവാൻ പരിശ്രമിക്കുന്ന സ്റ്റെയ്നറെ  വീൽ ഹൌസിൽ ഇരുന്നുകൊണ്ട് ന്യൂമാൻ വീക്ഷിച്ചു. 

സ്റ്റെയ്നർ ഒരു നിമിഷം അവിടെ നിന്ന് വിഷാദത്തോടെ അവനെ നോക്കി നെടുവീർപ്പിട്ടു. പിന്നെ  അവനെ വെള്ളത്തിലേക്ക് തന്നെ പതുക്കെ പോകുവാൻ അനുവദിച്ചു. അടുത്ത നിമിഷം ഒരു തിരമാല അവനെ പാറക്കെട്ടുകളുടെ അപ്പുറത്തേക്ക് ഏറ്റുവാങ്ങിക്കൊണ്ടു പോയി. പരിക്ഷീണിതനായ സ്റ്റെയ്നർ വീണ്ടും വീൽഹൌസിന് നേർക്ക് കയറുവാൻ തുടങ്ങി.

“എന്തായിരുന്നു സംഭവം?”   അവശതയോടെ ന്യൂമാൻ ചോദിച്ചു.

“അവന്റെ ഇരു കാലുകളും മുട്ടിന് താഴെ വച്ച് അറ്റു പോയിരുന്നു”  അദ്ദേഹം ശ്രദ്ധാപൂർവ്വം ഇരുന്നിട്ട് കാലുകൾ റെയിലിനിടയിലേക്ക് നീട്ടി വച്ചു.  “സ്റ്റാലിൻ ഗ്രാഡിൽ ആയിരുന്നപ്പോൾ നിങ്ങൾ എപ്പോഴും എലിയട്ടിന്റെ ഒരു കവിത ചൊല്ലുമായിരുന്നല്ലോ എനിക്ക് തീരെ പിടിക്കാത്ത ഒന്ന് എന്തായിരുന്നു അത്?”

“I think we are in rat’s alley
 Where the dead men lost their bones”   ന്യൂമാൻ പറഞ്ഞു.

“എനിക്കിപ്പോൾ മനസ്സിലാകുന്നു അതിന്റെ അർത്ഥം” സ്റ്റെയനർ മന്ത്രിച്ചു. “അദ്ദേഹം എന്താണ് യഥാർത്ഥത്തിൽ ഉദ്ദേശിച്ചത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലാകുന്നു

ഒന്നും ഉരിയാടാനാവാതെ അവർ മുഖത്തോട് മുഖം നോക്കി ഇരുന്നു. തണുപ്പിന്റെ കാഠിന്യമേറിക്കൊണ്ടിരുന്നു. മഴ ശക്തി പ്രാപിച്ചതോടെ ഞൊടിയിടയിൽ മൂടൽ മഞ്ഞ് അപ്രത്യക്ഷമായി. ഏതാണ്ട് ഇരുപത് മിനിറ്റ് കഴിഞ്ഞപ്പോൾ അധികം അകലെയല്ലാതെ ഒരു എൻ‌ജിന്റെ ശബ്ദം അവർക്ക് കേൾക്കാറായി. സ്റ്റെയ്നർ തന്റെ വലത് കാലിലെ പോക്കറ്റിൽ നിന്ന് സിഗ്നലിങ്ങ് പിസ്റ്റൾ എടുത്ത് വാട്ടർപ്രൂഫ് കാർട്രിഡ്ജ് ലോഡ് ചെയ്ത് അടയാളം കാണിക്കുവാനായി ഫയർ ചെയ്തു.

(തുടരും)

22 comments:

  1. യുദ്ധം ... ആർക്ക് എന്ത് നേട്ടമാണ് അതുണ്ടാക്കുന്നത്...? എത്രയോ ജന്മങ്ങൾ ഈ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകുന്നു അതുകൊണ്ട്... എന്നിട്ടും ആരുടെയൊക്കെയോ സ്വാർത്ഥത മൂലം ഇന്നും അത് തുടർന്നുകൊണ്ടേയിരിക്കുന്നു...

    ശാന്തിയും സമാധാനവും നിറഞ്ഞ ഒരു വർഷമായിരിക്കട്ടെ വരാൻ പോകുന്നത് എന്ന് നമുക്ക് ആശിക്കാം...

    ReplyDelete
  2. ശരിയാണ് വിനുവേട്ടാ... ആരുടെയൊക്കെയോ സ്വാർത്ഥതാല്പര്യങ്ങളുടെ പുറത്ത് നടക്കുന്ന യുദ്ധങ്ങളിൽ എത്രയോ മനുഷ്യജീവിതങ്ങളാണ് ഇല്ലാതാകുന്നത്. എത്രയോ പേരാണ് മരിച്ചതിനു തുല്യം ജീവിച്ചിരിക്കുന്നത്. അത്യാഗ്രിഹികളായ മനുഷ്യരില്ലാത്ത ഒരു കാലത്ത് മാത്രമേ ശാന്തിയും സമാധാനവും കൈവരികയുള്ളു. അങ്ങനെ ഒരു നാളേക്കായി നമുക്കും കാത്തിരിക്കാം. അടുത്തതിനായി കാത്തിരിക്കുന്നു. “ശാന്തിയുടേയും സമാധാനത്തിന്റേയും ഒരു പുതുവർഷം ആശംസിക്കുന്നു.”

    ReplyDelete
  3. ശാന്തിയും അശാന്തിയും അല്ലെങ്കില്‍ ദുഖവും സന്തൊഷവും ഒരു നാണയത്തിന്റെ രണ്ടു വശങള്‍ ആണെന്നൊക്കെ ആരൊക്കെയോ പറഞിട്ടുണ്ട് . പക്ഷെ എനിക്കത് മുഴുവനും  മനസ്സിലായിട്ടില്ല. ശാന്തിയും സമാധനവും മാത്ര്മുള്ള ലോകം നിലനില്ക്കില്ലെ..!! എനിക്ക് ഒരു ഉത്തരമേയുള്ളു.. മലയാളത്തിലേ രണ്ടാമത്തെ അക്ഷരം .".ആ ".....

    ReplyDelete
  4. യുദ്ധത്തിന്റെ ഭീകരതയുടെ അശാന്തികൾ മനുഷ്യനുള്ളകാലം മുതലേ ആരംഭിച്ചതാണല്ലോ...
    ആയത് അവരുടെ കുലം മുടിയുന്നവരെ ഇത്തരം അശാന്തികൾ തീർത്ത് തുടരുക തന്നെ ചെയ്യും...

    അത് പഴയവർഷമായാലും,ഇക്കൊല്ലമായാലും.പുതുവർഷമായാലും മാറ്റമില്ലാതെ തന്നെ തുടരും...!

    അശൊക് ഭായ് പറഞ്ഞപോലെ ‘ആ’ എന്നതിനേക്കാൾ ...
    ആ നാണയം കുത്തനെ നിന്നാലെങ്കിലും എന്ന ഒരു പ്രതീക്ഷ എനിക്കുണ്ട് കേട്ടൊ വിനുവേട്ടാ

    ReplyDelete
  5. സൃഷ്ടിപരമായി തന്നെ മനുഷ്യന്‍ അത്യാഗ്രഹിയും അസൂയാലുവും ആണ്. യുദ്ധങ്ങളുടെ കാരണങ്ങളും മറ്റൊന്നുമല്ല. ശാന്തിയും സമാധാനവും സ്വയം കണ്ടെത്തുകയെ നിവൃത്തിയുള്ളൂ. പുതു വത്സരം അതിനായി നമ്മെ പ്രേരിപ്പിക്കട്ടെ.

    ReplyDelete
  6. യുദ്ധ രംഗത്തെ സംഭവങ്ങള്‍ നേരിട്ട് കാണുന്നതുപോലെ തോന്നി. ഒന്നാന്തരം വിവരണം.

    ഐശ്വര്യവും സന്തോഷവും നിറഞ്ഞ 2012 നേരുന്നു.

    ReplyDelete
  7. ശരിയാണ് വിനുവേട്ടാ യുദ്ധങ്ങളിൽ എത്രയോ മനുഷ്യരുടെ ജീവിതങ്ങളാണ് മരിച്ചതിനു തുല്യം ജീവിച്ചിരിക്കുന്നത്....ഒരു യുദ്ധ രംഗം കണ്ടതായി തന്നെ തോന്നണു ...വിവരണം നന്നായിട്ടുണ്ട് ...ഇനിയെങ്കിലും ഇതേപോലുള്ള യുദ്ധങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കട്ടെ !!
    പുതുവത്സരാശംസകള്‍

    ReplyDelete
  8. യുദ്ധത്തിന്റെ ഭയപ്പെടുത്തുന്ന മുഖം കണ്ടു തുടങ്ങി.

    ഒന്നുമില്ലെങ്കിലും പ്രതീക്ഷിക്കുന്നതിൽ നഷ്ടമൊന്നുമില്ലല്ലോ. ഒരു നല്ല നാളേക്ക് വേണ്ടി പ്രതീക്ഷയോടെ, പ്രത്യാശയോടെ ഇരിക്കാം.

    ReplyDelete
  9. യുദ്ധമുഖം എന്നും ഭയപ്പെടുത്തുന്നത് തന്നെയാണ്. നോവല്‍ തുടരട്ടെ. വിനുവേട്ടനും കുടുംബത്തിനും സമസ്തബ്ലോഗര്‍മാര്‍ക്കും എന്തിന് സമസ്തചരാചരങ്ങള്‍ക്ക് തന്നെയും ഐശ്വര്യം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു..

    ReplyDelete
  10. ഹൊ! എത്ര ഭയാനകം!


    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
  11. അധികമാരും അറിയപ്പെടാതെ പോകുന്ന, യുദ്ധരംഗത്തെ ഇത്തരം സംഭവങ്ങളുടെ വിശദവിവരണങ്ങളിലൂടെ ജാക്ക് ഹിഗ്ഗിൻസും, ആ തീവ്രത ഒട്ടും കുറയാതെ മനോഹരമായ വിവർത്തനത്തിലൂടെ വിനുവേട്ടനും അത്ഭുതപ്പെടുത്തുന്നു..

    യുദ്ധവും പോർവിളികളുമില്ലാത്ത, ശാന്തിയും സമാധാനവും നിറഞ്ഞ നല്ല നാളുകളെ പ്രതീക്ഷിച്ചുകൊണ്ട്, വിനുവേട്ടനും മറ്റെല്ലാ വായക്കാർക്കും പുതുവത്സരാശംസകൾ നേർന്നുകൊണ്ട്.. 2011-ന് വിട ചൊല്ലുന്നു..

    ReplyDelete
  12. യുദ്ധം എന്തിന് വേണ്ടിയാണെങ്കിലും എത്ര ഭീകരമാണത്...

    ബാക്കി വായിക്കാന് വീണ്ടും വരാം.. ..

    ReplyDelete
  13. എന്തു കെടുതിയുണ്ടാക്കിയാലും മനുഷ്യൻ യുദ്ധത്തെ എപ്പോഴും ഇഷ്ടപ്പെടുന്നു. അധീശത്വം കിട്ടുന്നതിന്റെ ലഹരിയും ഒടുങ്ങാത്ത ആർത്തിയുമാണ് എന്നും യുദ്ധത്തിനുള്ള പ്രേരണയായി നിലനിൽക്കുന്നത്......
    ഒന്നും കിട്ടാതെ വേദനിച്ചു മരിയ്ക്കുന്ന എല്ലാവരേയും ഓർമ്മപ്പെടുത്തുന്നു കാലില്ലാതായ ആ നിർഭാഗ്യവാൻ.

    ReplyDelete
  14. വിവരണം നന്നായിരിക്കുന്നു. യുദ്ധത്തിനു വേണ്ടി ഉണ്ടാക്കിയെടുക്കുന്ന കാര്യ കാരണങ്ങള്‍ കേവലം അധികാര ദുര്‍വിനിയോഗത്തിന് വേണ്ടിത്തന്നെ. പുതു വര്‍ഷത്തില്‍ സമാധാനത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന അവസ്തയെങ്കിലും ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രത്യാശിക്കാം. അഭിനന്ദനങ്ങള്‍..

    ReplyDelete
  15. പുതു വത്സര ആശംസകള്‍ .. ശാന്തിയും സമാധാനവും നിറഞ്ഞ ഒരു വർഷമായിരിക്കും വരാൻ പോകുന്നത് എന്ന് ആശിക്കുന്നു... നന്നായിരിക്കുന്നു വിവരണം. അഭിനന്ദനങ്ങള്‍..

    ReplyDelete
  16. വൈകിയാനെതിയതെങ്കിലും ഒറ്റയിരിപ്പിനു വായിച്ചു തീര്‍ത്തു.
    വളരെ നന്നാവുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  17. ഇപ്പൊ കൂടുതല്‍ വായിച്ചു തീര്‍ക്കാന്‍
    തോന്നുന്നു...

    ReplyDelete
  18. കടലിലെ ദൃശ്യങ്ങൾ അതേ പടി മനസ്സിൽ കാണാൻ സാധിച്ചു.

    ReplyDelete

എന്തെങ്കിലും പറഞ്ഞിട്ട് പോയാൽ സന്തോഷമായി...