റാഡ്‌ൽ ഓഫീസിലെത്തിയപ്പോൾ മേശപ്പുറത്തുള്ള പേപ്പറുകൾ ക്രമീകരിച്ചുകൊണ്ടിരിക്കുകയായിരുന്നു കാൾ ഹോഫർ. ആകാംക്ഷയോടെ അയാൾ റാഡ്‌ലിന്റെ മുഖത്തേക്ക് നോക്കി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടതും ഹോഫറിന് കാര്യം മനസ്സിലായി.
“അഡ്മിറലിന് അത്ര താൽപ്പര്യമില്ല അല്ലേ ഇക്കാര്യത്തിൽ, ഹെർ ഓബർസ്റ്റ്…?”
“ഇക്കാര്യത്തെ മൊത്തത്തിൽ ഒരു തമാശയായി കാണുവാനാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്… ഒരു ലോജിക്കുമില്ലാത്ത പ്രോജക്റ്റ് ആണത്രേ ഇത്…”
“എന്താണിനി അടുത്ത നീക്കം, ഹെർ ഓബർസ്റ്റ്… ?”
“ഒന്നുമില്ല കാൾ…” റാഡ്‌ൽ ക്ഷീണിതനായി കസേരയിലേക്ക് ചാഞ്ഞു.
“ഇത് കടലാസിൽ മാത്രമായി ഒതുങ്ങും… വെറുമൊരു ഫീസിബിലിറ്റി സ്റ്റഡി ആയിരുന്നു അവർക്ക് വേണ്ടിയിരുന്നത്… ഒരു പക്ഷേ, ഇക്കാര്യത്തെക്കുറിച്ച് ഇനി അവർ അന്വേഷിക്കുക പോലുമില്ല… ഒരു റിപ്പോർട്ട് ഉണ്ടാക്കുക മാത്രമായിരുന്നു നമ്മുടെ കടമ… ഇനി വേറെന്തെങ്കിലും പ്രോജക്റ്റ് ആയിരിക്കും നമ്മെ തേടിയെത്തുക…” റാഡ്‌ൽ പറഞ്ഞു.
റഷ്യൻ നിർമ്മിത സിഗരറ്റിൽ ഒന്നെടുത്ത് അദ്ദേഹം ചുണ്ടിൽ വച്ചു. ഹോഫർ അതിന് തീ കൊളുത്തി കൊടുത്തു.
“ഞാനെന്തെങ്കിലും കഴിക്കാൻ കൊണ്ടുവരട്ടെ ഹെർ ഓബർസ്റ്റ്…?” സഹതാപത്തോടെയാണെങ്കിലും കരുതലോടെ ഹോഫർ ചോദിച്ചു.
“നോ… താങ്ക് യൂ കാൾ… നിങ്ങൾ പോയ്ക്കൊളൂ… നാളെ രാവിലെ കാണാം…”
“ഹെർ ഓബർസ്റ്റ്…” അറ്റൻഷനായി നിന്നിട്ട് അല്പം സംശയത്തോടെ ഹോഫർ പറഞ്ഞു.
“പോയ്ക്കോളൂ കാൾ… നിങ്ങളുടെ നല്ല മനസ്സിന് നന്ദി…”
ഹോഫർ പുറത്തേക്ക് നടന്നു. റാഡ്‌ൽ തന്റെ മുഖത്ത് കൂടി വിരലോടിച്ചു. പാച്ചിനടിയിലുള്ള ഒഴിഞ്ഞ കൺകുഴി നീറുന്നു… സ്വാധീനമില്ലാത്ത കൈ വേദനിക്കുന്നത് പോലെ… അപകടത്തിന് ശേഷം തന്നെ സൈന്യത്തിൽ തുടരാൻ അവർ അനുവദിച്ചത് തന്നെ തെറ്റായിപ്പോയി എന്ന് അദ്ദേഹത്തിന് തോന്നി. അത്രമാത്രം നിരാശത അനുഭവപ്പെട്ടു അദ്ദേഹത്തിന്. തികച്ചും സ്വന്തമായ എന്തോ നഷ്ടപ്പെട്ട പ്രതീതി.
“ഒരു പക്ഷേ, ഇങ്ങനെയൊക്കെത്തന്നെ ആയിരിക്കും വരേണ്ടിയിരുന്നത്… വെറുതെ ഞാൻ ആവശ്യത്തിലധികം പ്രാധാന്യം ഇക്കാര്യത്തിന് കൊടുത്തു… ” അദ്ദേഹം മന്ത്രിച്ചു.
അദ്ദേഹം ജോവന്ന ഗ്രേയുടെ റിപ്പോർട്ട് എടുത്ത് പേജുകൾ മറിച്ചു. പിന്നെ ഓർഡ്‌നൻസ് സർവ്വേ മാപ്പ് എടുത്ത് ചുരുൾ നിവർത്തി. അടുത്ത നിമിഷം അദ്ദേഹം അതവിടെ തന്നെ വച്ചു. വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. മതി… ഇന്ന് ഇത്രത്തോളം മതി… മേശയുടെ അടിയിൽ നിന്ന് ബ്രീഫ് കെയ്സ് എടുത്ത് ഫയലുകളും മാപ്പും എല്ലാം അതിൽ അടുക്കി വച്ചു. പിന്നെ എഴുന്നേറ്റ് കതകിന് പിന്നിൽ കൊളുത്തിയിട്ടിരുന്ന ലെതർ കോട്ട് എടുത്തണിഞ്ഞ് ബ്രീഫ്‌കെയ്സുമായി പുറത്തേക്ക് നടന്നു.
പ്രധാന കവാടത്തിലൂടെ പുറത്ത് കടന്നപ്പോൾ നഗരം വളരെ ശാന്തമായി കാണപ്പെട്ടു. റോയൽ എയർഫോഴ്സ് അവരുടെ ബോംബിങ്ങ് തുടങ്ങാൻ സമയമാകുന്നതേയുള്ളൂ. ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നതിന് പകരം ആ ശാന്തത ആസ്വദിച്ചുകൊണ്ട് അപ്പാർട്ട്മെന്റിലേക്ക് നടന്ന് പോകുവാൻ അദ്ദേഹം തീരുമാനിച്ചു. തല പിളരുന്ന പ്രതീതി. കാവൽക്കാരന്റെ സല്യൂട്ടിന് പ്രത്യഭിവാദ്യം നൽകി അദ്ദേഹം പടവുകളിറങ്ങി. ചെറു ചാറ്റൽ മഴ ഏറ്റുകൊണ്ടുള്ള ആ നടപ്പ് അദ്ദേഹത്തിന് ഉന്മേഷം പകരുന്നത് പോലെ തോന്നി. അടുത്തെവിടെയോ ഒരു കാർ സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടുവെങ്കിലും അദ്ദേഹമത് ഗൌനിച്ചില്ല. അടുത്ത നിമിഷം ആ കാർ അദ്ദേഹത്തിനരികിൽ വന്ന് നിന്നു.
ഒരു കറുത്ത മെഴ്സിഡിസ് കാർ ആയിരുന്നു അത്. കറുത്ത യൂണിഫോം ധരിച്ച രണ്ട് ഭടന്മാർ ഫ്രണ്ട് ഡോർ തുറന്ന് ഇറങ്ങി അദ്ദേഹത്തിന്റെ മുന്നിൽ വന്ന് നിന്നു. അവരുടെ യൂണിഫോമിന്റെ കൈയിലെ ബാഡ്ജ് അപ്പോഴാണ് അദ്ദേഹം ശ്രദ്ധിച്ചത്. ഒരു നിമിഷം അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചത് പോലെ തോന്നി. RFSS. (Reichsfuhrer der SS). എന്ന് വച്ചാൽ ഹെൻട്രിച്ച് ഹിംലറുടെ പേഴ്സണൽ സ്റ്റാഫിലെ അംഗങ്ങൾ… !
പിൻവാതിൽ തുറന്ന് പുറത്തിറങ്ങിയ ചെറുപ്പക്കാരൻ ഒരു കറുത്ത ലെതർ കോട്ടും പതിഞ്ഞ ഹാറ്റുമായിരുന്നു ധരിച്ചിരുന്നത്.
“കേണൽ റാഡ്‌ൽ…?” ഒട്ടും ആത്മാർത്ഥതയില്ലാത്ത ഒരു മന്ദഹാസത്തോടെ അയാൾ ചോദിച്ചു.
“താങ്കൾ പോകുന്നതിന് മുമ്പ് തന്നെ തേടിപ്പിടിക്കുവാൻ കഴിഞ്ഞതിൽ സന്തോഷം… റെയ്ഫ്യൂറർ തന്റെ അഭിനന്ദനങ്ങൾ അറിയിക്കുവാൻ പറഞ്ഞിരിക്കുന്നു… സമയമുണ്ടെങ്കിൽ അദ്ദേഹത്തിന് താങ്കളെ നേരിൽ കാണാൻ താല്പര്യമുണ്ടെന്ന് അറിയിച്ചിരിക്കുന്നു...” റാഡ്‌ലിന്റെ കൈയിൽ നിന്ന് അയാൾ ബ്രീഫ്കെയ്സ് വാങ്ങി. “ഇത് ഞാൻ പിടിയ്ക്കാം…”
കേണൽ റാഡ്‌ൽ പരിഭ്രമത്തോടെ ചുണ്ടുകൾ നനച്ചു. പിന്നെ ബുദ്ധിമുട്ടി ഒരു പുഞ്ചിരി മുഖത്ത് വരുത്തി.
“തീർച്ചയായും…” അദ്ദേഹം പിൻസീറ്റിലേക്ക് കയറിയിരുന്നു.
ചെറുപ്പക്കാരൻ അദ്ദേഹത്തിനൊപ്പം കയറി. മറ്റ് രണ്ട് പേർ മുൻസീറ്റിലും. കാർ മുന്നോട്ട് നീങ്ങുമ്പോൾ ഡ്രൈവറുടെ ഒപ്പം ഇരിക്കുന്ന ഭടന്റെ മുട്ടുകൾക്കിടയിൽ ഒരു എർമ മെഷീൻ ഗൺ വിശ്രമിക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചു. തന്റെയുള്ളിൽ രൂപം കൊണ്ടു വരുന്ന ഭീതി നിയന്ത്രിക്കുവാനായി അദ്ദേഹം ദീർഘശ്വാസമെടുത്തു.
“സിഗരറ്റ്, ഹെർ ഓബർസ്റ്റ്…?”
“താങ്ക് യൂ… ആട്ടെ, നമ്മൾ എങ്ങോട്ടാണ് പോകുന്നത്….?” റാഡ്‌ൽ ചോദിച്ചു.
“പ്രിൻസ് ആൽബ്രസ്ട്രെയ്സ്.... ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സ്….” അദ്ദേഹത്തിന്റെ ചുണ്ടിലെ സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തുകൊണ്ട് ചെറുപ്പക്കാരൻ പുഞ്ചിരിച്ചു.
(തുടരും)