ചാനൽ ഐലന്റ്സിന്റെ വടക്കേ അറ്റത്തായി ഫ്രഞ്ച് തീരത്തോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ആൽഡെർനീ. 1940 ലെ ഗ്രീഷ്മകാലത്ത് ജർമ്മൻ സൈന്യം പടിഞ്ഞാറോട്ട് യുദ്ധകാഹളവുമായി നീങ്ങിത്തുടങ്ങിയതിനെ തുടർന്ന് ദ്വീപ് നിവാസികൾ അവിടം വിട്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. 1940 ജൂലൈ രണ്ടിന് ലുഫ്ത്വെയ്ഫിന്റെ (ജർമ്മൻ എയർഫോഴ്സ്) ആദ്യവിമാനം ആൽഡെർനീയിലെ പുൽമൈതാനത്തിൽ ഇറങ്ങുമ്പോൾ അവിടെങ്ങും വിജനമായിരുന്നു.
എന്നാൽ 1942 ലെ വസന്തകാലം ആയപ്പോഴേക്കും ആർമി, നേവി, എയർഫോഴ്സ് എന്നീ മൂന്ന് വിഭാഗങ്ങളിലുമായി ഏതാണ്ട് മുവ്വായിരത്തോളം ജർമ്മൻ സൈനികർ അവിടെ കുടിയേറിക്കഴിഞ്ഞിരുന്നു. സൈന്യവുമായി ബന്ധപ്പെട്ട് വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി യൂറോപ്പിൽ നിന്നുള്ള നിരവധി കൂലിത്തൊഴിലാളികളെയും അവിടേയ്ക്ക് കൊണ്ടുവരപ്പെട്ടു. ഗെസ്റ്റപ്പോയുടെ മേൽനോട്ടത്തിൽ ബ്രിട്ടന്റെ മണ്ണിൽ പ്രവർത്തിച്ച ഒരേയൊരു കോൺസൻട്രേഷൻ ക്യാമ്പും ആൽഡെർനീയിലായിരുന്നു.
ഞായറാഴ്ച്ച ഉച്ചതിരിഞ്ഞാണ് റാഡ്ലും ഡെവ്ലിനും കൂടി ഒരു സ്റ്റോർക്ക് വിമാനത്തിൽ ജെഴ്സിയിൽ നിന്ന് പറന്നുയർന്നത്. വെറും അരമണിക്കൂർ യാത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാലും സായുധവിമാനമല്ലാത്തിതിനാലും മുഴുവൻ സമയവും കടൽ നിരപ്പിലൂടെയാണ് പൈലറ്റ് വിമാനം പറത്തിയത്. ലാന്റിങ്ങിന് തയ്യാറെടുക്കുവാൻ വേണ്ടി മാത്രമാണ് എഴുനൂറ് അടിയെങ്കിലും ഉയരത്തിലേക്ക് അദ്ദേഹം കയറിയത്.
ലാന്റിങ്ങിനായി താഴുമ്പോൾ ആൽഡെർനീ ഒരു ഭൂപടത്തിൽ എന്നപോലെ കാണപ്പെട്ടു. ബ്രേ ഉൾക്കടൽ, ഹാർബർ, സെന്റ് ആൻ, എന്തിന് എതാണ്ട് മൂന്ന് മൈൽ നീളവും അര മൈൽ വീതിയുമുള്ള ആ ദ്വീപിന്റെ തന്നെ ഒരു വ്യക്തമായ വീക്ഷണം അവർക്ക് ലഭിച്ചു. പച്ച പുതച്ച കുന്നുകൾ ഒരു വശത്ത്… അതിന്റെ ചെരിവിൽ നിന്ന് തുടങ്ങുന്ന മണൽത്തീരത്തിന് അതിരിടുന്ന ഉൾക്കടൽ മറുവശത്ത്…
കുന്നിൻമുകളിലെ എയർഫീൽഡിലുള്ള പുല്ല് നിറഞ്ഞ റൺവേയിലേക്ക് വിമാനം പറന്നിറങ്ങി. കേണൽ റാഡ്ൽ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ചെറിയ റൺവേ ആയിരുന്നു അത്. ഒരു റൺവേ എന്ന് അതിനെ വിളിക്കാമോ എന്നുവരെ സംശയം തോന്നിപ്പോയി അദ്ദേഹത്തിന്. വളരെ ചെറിയ ഒരു കൺട്രോൾ ടവറും അങ്ങിങ്ങായി ഒന്നു രണ്ട് കെട്ടിടങ്ങളും മാത്രമാണ് അതിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നത്.
കൺട്രോൾ ടവറിന് അരികിലായി പാർക്ക് ചെയ്തിരുന്ന കറുത്ത വോൾസ്ലേ കാറിന് സമീപത്തേക്ക് റാഡ്ലും ഡെവ്ലിനും നടന്നു. അവരെ കണ്ടതും കാറിൽ നിന്ന് പുറത്തിറങ്ങിയ ഒരു സർജന്റ് അവർക്കായി പിറകിലെ ഡോർ തുറന്നു കൊടുത്തിട്ട് സല്യൂട്ട് ചെയ്തു.
“കേണൽ റാഡ്ൽ…? ഫീൽഡ് കമാൻഡർ സ്വാഗതമോതുവാൻ ഏൽപ്പിച്ചിരിക്കുന്നു… നേരെ അങ്ങോട്ട് കൊണ്ടുചെല്ലുവാനാണ് പറഞ്ഞിരിക്കുന്നത്…” സർജന്റ് ഉപചാരപൂർവ്വം പറഞ്ഞു.
“വെരി വെൽ…” കേണൽ റാഡ്ൽ തല കുലുക്കി.
റൺവേയിൽ നിന്നും പുറത്ത് കടന്ന കാർ ആൽഡെർനീ തെരുവുകളിലൂടെ മുന്നോട്ട് നീങ്ങി. അധികം തണുപ്പില്ലാത്ത തെളിഞ്ഞ അന്തരീക്ഷം. ശരത്കാലം വിട്ടുപോകാൻ മടിച്ചു നിൽക്കുന്നതുപോലെ.
“ഈ പ്രദേശം തരക്കേടില്ലല്ലോ…” റാഡ്ൽ അഭിപ്രായപ്പെട്ടു.
“ങ്ഹാ… എന്ന് പറയാം…” പാതയുടെ ഇടത് ഭാഗത്തായി അല്പം ദൂരെ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ വീക്ഷിച്ചുകൊണ്ട് ഡെവ്ലിൻ പറഞ്ഞു.
ആ പ്രദേശത്തെ ഗൃഹങ്ങളെല്ലാം ബ്രിട്ടീഷ്-ഫ്രഞ്ച് മിശ്ര രീതിയിലുള്ളതായിരുന്നു. കല്ല് പാകിയ നിരത്തുകൾ. നിരന്തരമായി കടലിൽ നിന്ന് വീശുന്ന കാറ്റിനെ ചെറുക്കുവാനായി ഉയർത്തിക്കെട്ടിയ മതിലുകൾ. യുദ്ധം നടന്നുകൊണ്ടിരിക്കുന്നതിന്റെ അടയാളങ്ങൾ അവിടവിടെയായി കാണാൻ സാധിക്കുന്നുണ്ട്. തകർന്ന കോൺക്രീറ്റ് പില്ലറുകൾ, ചുരുളുകളായുള്ള കമ്പി വേലികൾ, മെഷീൻഗൺ പോസ്റ്റുകൾ… ബോംബിങ്ങിൽ നാശനഷ്ടങ്ങൾ സംഭവിച്ച ഹാർബർ… എങ്കിലും എല്ലാത്തിനും ഉപരിയായി റാഡ്ലിനെ അതിശയിപ്പിച്ചത് ഒരു കാര്യമായിരുന്നു. അവിടെങ്ങും തെളിഞ്ഞ് കാണുന്ന ഇംഗ്ലീഷ് തനിമ… ഇവയ്ക്കെല്ലാം ഇടയിൽ കൊണാട്ട് സ്ക്വയറിൽ പാർക്ക് ചെയ്തിരിക്കുന്ന കാറിൽ ഇരിക്കുന്ന രണ്ട് ജർമ്മൻ സുരക്ഷാഭടന്മാർ ഒരു ചേരാത്ത കാഴ്ച്ചയായി അദ്ദേഹത്തിന് തോന്നി. “റോയൽ മെയിൽ” എന്നെഴുതിയിരിക്കുന്ന ആ വാഹനത്തിനരികിലായി ഒരു ജർമ്മൻ വൈമാനികൻ സിഗരററ്റ് പുകച്ചു കൊണ്ട് നിൽക്കുന്നു.
ചാനൽ ഐലന്റ്സിലെ ജർമ്മൻ സിവിലിയൻ ഭരണകൂടത്തിന്റെ സിരാകേന്ദ്രമാണ് ഫീൽഡ് കമാൻഡർ-515. വിക്ടോറിയ സ്ട്രീറ്റിലെ ലോയ്ഡ്സ് ബാങ്ക് സമുച്ചയത്തിലാണ് അതിന്റെ ഹെഡ്ക്വാർട്ടേഴ്സ് സ്ഥിതി ചെയ്യുന്നത്. കോമ്പൌണ്ടിന് വെളിയിൽ കാർ എത്തിയപ്പോഴേക്കും ഹാൻസ് ന്യുഹോഫ് ഗെയ്റ്റിന് സമീപം എത്തിക്കഴിഞ്ഞിരുന്നു.
“കേണൽ റാഡ്ൽ…? ഞാൻ ഹാൻസ് ന്യുഹോഫ്… ഈ ദ്വീപിന്റെ താൽക്കാലിക ചുമതല എനിക്കാണ്… കാണുവാൻ കഴിഞ്ഞതിൽ വളരെ സന്തോഷം…” ഹസ്തദാനത്തിനായി കൈകൾ നീട്ടിക്കൊണ്ട് ന്യുഹോഫ് സ്വയം പരിചയപ്പെടുത്തി.
“ഇദ്ദേഹം എന്റെ സഹപ്രവർത്തകനാണ്…” ഡെവ്ലിനെ ചൂണ്ടിക്കൊണ്ട് റാഡ്ൽ പറഞ്ഞു.
ഡെവ്ലിനെ പരിചയപ്പെടുത്തുമ്പോൾ മറ്റൊന്നും തന്നെ പറയാതിരിക്കാൻ റാഡ്ൽ പ്രത്യേകം ശ്രദ്ധിച്ചു. റാഡ്ൽ കൊടുത്ത കറുത്ത മിലിട്ടറി ലെതർ കോട്ട് ആയിരുന്നു സിവിലിയൻ വേഷത്തിന് മുകളിൽ ഡെവ്ലിൻ ധരിച്ചിരുന്നത്. അതിനാൽ തന്നെ ന്യുഹോഫിന്റെ കണ്ണുകളിൽ അൽപ്പം അങ്കലാപ്പ് കാണാനുണ്ടായിരുന്നു. സാമാന്യബുദ്ധിയുള്ള ആർക്കും ഡെവ്ലിനെ ഒരു ഗെസ്റ്റപ്പോ ഉദ്യോഗസ്ഥനായിട്ടേ കരുതുവാൻ മാർഗ്ഗമുണ്ടായിരുന്നുള്ളൂ. ബെർലിനിൽ നിന്നും ബ്രിട്ടനിയിലേക്കും പിന്നെ ഗെർൺസിയിലേക്കുമുള്ള യാത്രക്കിടയിൽ പലമുഖങ്ങളിൽ നിന്നും ഇത്തരം സംശയാസ്പദമായ നോട്ടം തന്റെ നേർക്ക് വരുന്നത് ഡെവ്ലിൻ ശ്രദ്ധിച്ചിരുന്നു. അതിൽ അദ്ദേഹം നിഗൂഢമായ ഒരു ആനന്ദം കണ്ടെത്തുകയും ചെയ്യാതിരുന്നില്ല.
“ഓ.കെ, ഹെർ ഓബർസ്റ്റ്…” ന്യുഹോഫ് ഹസ്തദാനം നൽകുവാൻ മുതിരാതെ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്തെ പരിഭ്രമം വളരെ വ്യക്തമായിരുന്നു. “ദിസ് വേ, ജെന്റ്ൽമെൻ പ്ലീസ്…”
ഓഫീസിനുള്ളിലെ കൌണ്ടറിന് പിറകിൽ മൂന്ന് ക്ലർക്കുമാർ തങ്ങളുടെ ജോലികളിൽ മുഴുകിയിരിക്കുന്നു. അവർക്ക് പിന്നിലെ ചുമരിൽ പരുന്തും സ്വസ്തികയും ഉൾപ്പെട്ട ജർമ്മൻ ലോഗോ പതിച്ചിട്ടുണ്ട്. അതിന് മുകളിലായി ജർമ്മൻ ഭാഷയിൽ എഴുതിയിരിക്കുന്ന ആപ്തവാക്യം… “Am ende steht der Sieg!…” അതിന്റെ അർത്ഥം ഇതായിരുന്നു… “ഏറ്റവുമൊടുവിൽ വിജയം…”
“മൈ ഗോഡ്…” ഡെവ്ലിൻ പതുക്കെ പറഞ്ഞു. “ചില മനുഷ്യർ എന്തും വിശ്വസിക്കും…”
മാനേജരുടെ ഓഫീസ് എന്ന് തോന്നിപ്പിക്കുന്ന റൂമിന് മുന്നിൽ ഒരു മിലിട്ടറി പോലീസുകാരൻ കാവൽ നിൽക്കുന്നു. അയാളെ കടന്ന് ന്യുഹോഫ് അവരെ ഉള്ളിലേക്ക് നയിച്ചു. അധികം ഫർണിച്ചറുകളൊന്നും ഇല്ലാത്ത ഒരു സാധാരണ ഓഫീസായിരുന്നു അത്. അവർക്കിരിക്കുവാൻ ന്യുഹോഫ് മുന്നോട്ട് നീക്കിയിട്ട കസേരകളിലൊന്നിൽ റാഡ്ൽ ഇരുന്നു. എന്നാൽ ഡെവ്ലിനാകട്ടെ ഒരു സിഗരറ്റിന് തീ കൊളുത്തി ജാലകത്തിനരികിൽ പോയി നിലയുറപ്പിച്ചു.
ന്യുഹോഫ് അദ്ദേഹത്തെ അസ്വസ്ഥതയോടെ വീക്ഷിച്ചു. പിന്നെ പുഞ്ചിരിക്കുവാൻ ഒരു ശ്രമം നടത്തി. “ജെന്റ്ൽമെൻ… ഹോട്ട്ഡ്രിങ്ക്സ് എന്തെങ്കിലും എടുക്കട്ടെ…? ഷ്നാപ്സ്… കോഗ്ഞ്ഞ്യാക്ക്… എന്താണ് വേണ്ടത്…?”
“നോ… താങ്ക്സ്… നേരിട്ട് കാര്യത്തിലേക്ക് കടക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു…” റാഡ്ൽ ഗൌരവം വിടാതെ പറഞ്ഞു.
“ശരി, ഹെർ ഓബർസ്റ്റ്…”
റാഡ്ൽ തന്റെ കോട്ടിന്റെ ഉള്ളിലെ പോക്കറ്റിൽ നിന്ന് മനില എൻവലപ്പ് എടുത്ത് അതിലെ കത്ത് ന്യുഹോഫിന് നേർക്ക് നീട്ടി. “ഇതൊന്ന് വായിക്കൂ…”
ന്യുഹോഫ് അത് വാങ്ങി കത്തിലൂടെ കണ്ണ് ഓടിച്ചു. അദ്ദേഹത്തിന്റെ മുഖത്തെ ഭാവം വിവരണാതീതമായിരുന്നു. “ഇത് ഫ്യൂറർ നേരിട്ട് ആജ്ഞാപിച്ചിരിക്കുകയാണല്ലോ… പറഞ്ഞാലും, ഹെർ ഓബർസ്റ്റ്… ഞാൻ എന്താണ് ചെയ്തു തരേണ്ടത്…?”
“നിങ്ങളുടെ പൂർണ്ണ സഹകരണം, കേണൽ ന്യുഹോഫ്…” റാഡ്ൽ പറഞ്ഞു. “പിന്നെ, ഇങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട… ഇവിടെ ഒരു പെനൽ യൂണിറ്റ് ഇല്ലേ…? ഓപ്പറേഷൻ സ്വോർഡ് ഫിഷ് എന്ന പേരിൽ…?”
ന്യുഹോഫിന്റെ കണ്ണുകളിൽ പരിഭ്രമം അതിന്റെ പാരമ്യതയിൽ എത്തിക്കഴിഞ്ഞിരുന്നു. ഡെവ്ലിൻ പെട്ടെന്ന് തന്നെ അത് കണ്ടുപിടിക്കുകയും ചെയ്തു. കേണൽ റാഡ്ൽ തന്റെ ഗൌരവത്തിൽ അൽപ്പം പോലും അയവ് വരുത്തിയില്ല.
“യെസ്, ഹെർ ഓബർസ്റ്റ്… പാരച്യൂട്ട് റജിമെന്റിലെ കേണൽ സ്റ്റെയ്നറുടെ നേതൃത്വത്തിൽ…”
“അതെ… കേണൽ സ്റ്റെയ്നറും ലെഫ്റ്റനന്റ് ന്യുമാനും പിന്നെ ഇരുപത്തിയൊമ്പത് പാരാട്രൂപ്പേഴ്സും…” റാഡ്ൽ പറഞ്ഞു.
“കേണൽ സ്റ്റെയ്നറും ലെഫ്റ്റനന്റ് ന്യുമാനും പതിനാല് പാരാട്രൂപ്പേഴ്സും…” ന്യുഹോഫ് അദ്ദേഹത്തെ തിരുത്തി.
“എന്താണീ പറയുന്നത്…? ബാക്കിയുള്ളവർ എവിടെ…?” റാഡ്ൽ അവിശ്വസീനയതയോടെ ചോദിച്ചു.
“കൊല്ലപ്പെട്ടു, ഹെർ ഓബർസ്റ്റ്…” ന്യുഹോഫ് ലാഘവത്തോടെ പറഞ്ഞു. “ഈ ഓപ്പറേഷൻ സ്വോർഡ് ഫിഷ് എന്നാൽ എന്താണെന്ന് താങ്കൾക്കറിയുമോ...? ആ മനുഷ്യർ ചെയ്യുന്നത് എന്താണെന്ന് അറിയുമോ…? ചാർജ് ചെയ്ത ടോർപ്പിഡോയുടെ മുകളിൽ ഇരുന്ന് കടലിലൂടെ…”
“എനിക്കറിയാം അതേക്കുറിച്ച്…” റാഡ്ൽ എഴുന്നേറ്റ് ഹിറ്റ്ലറുടെ അധികാരപത്രം തിരികെ വാങ്ങി എൻവലപ്പിൽ നിക്ഷേപിച്ചു. “ഇന്ന് എന്തെങ്കിലും ഓപ്പറേഷനുകൾ പ്ലാൻ ചെയ്തിട്ടുണ്ടോ അവർ…?”
“അത് റഡാറിൽ ഏതെങ്കിലും കപ്പൽ എത്തിപ്പെടുന്നത് പോലിരിക്കും… മുൻകൂട്ടി പറയാനാവില്ല…”
“നോ മോർ… ഇറ്റ് സ്റ്റോപ്സ് നൌ… ഈ നിമിഷം മുതൽ…” കേണൽ റാഡ്ൽ ആ എൻവലപ്പ് ഉയർത്തിക്കാണിച്ചു. “മൈ ഫസ്റ്റ് ഓർഡർ അണ്ടർ ദിസ് ഡയറക്ടീവ്…”
ന്യുഹോഫ് പുഞ്ചിരിച്ചു. “ഈ ആജ്ഞ അനുസരിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ…”
“വെരി ഗുഡ്… ഇനി പറയൂ… കേണൽ സ്റ്റെയ്നർ നിങ്ങളുടെ സുഹൃത്താണോ…?” റാഡ്ൽ ചോദിച്ചു.
“അതേ എന്ന് പറയുന്നതിൽ തികഞ്ഞ അഭിമാനമുണ്ടെനിക്ക്…” ന്യുഹോഫ് പറഞ്ഞു. “താങ്കൾക്കദ്ദേഹത്തെക്കുറിച്ച് അറിയാത്തതുകൊണ്ടാണ്… അസാധാരണ വൈഭവങ്ങളുള്ള അദ്ദേഹത്തിന്റെ കഴിവുകൾ നമ്മുടെ സാമ്രാജ്യത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്നായിരുന്നു ചിന്തിക്കേണ്ടിയിരുന്നത്… അല്ലാതെ ഈ ഓപ്പറേഷന് നിയോഗിച്ച് മരണത്തിന്
വിട്ടുകൊടുക്കുകയല്ല ചെയ്യേണ്ടത്…”
“അത് തന്നെയാണ് ഞാൻ ഇവിടെയെത്താനുള്ള കാരണവും… അദ്ദേഹത്തെ എവിടെ കാണാൻ പറ്റും…?” റാഡ്ൽ ചോദിച്ചു.
“ഹാർബറിലേക്കെത്തുന്നതിന് തൊട്ടുമുമ്പ് ഒരു സത്രമുണ്ട്. സ്റ്റെയ്നറും കൂട്ടരും അവരുടെ ഹെഡ്ക്വാർട്ടേഴ്സ് ആയി ഉപയോഗിക്കുന്നത് ആ കെട്ടിടമാണ്… താങ്കളെ ഞാൻ കൂട്ടിക്കൊണ്ടുപോകാം അങ്ങോട്ട്…”
“അതിന്റെ ആവശ്യമില്ല… എനിക്കദ്ദേഹത്തെ തനിയെ കിട്ടണം… വളരെ ദൂരമുണ്ടോ അങ്ങോട്ട്…?” റാഡ്ൽ ചോദിച്ചു.
“ഏതാണ്ട് കാൽ മൈൽ ദൂരം…”
“ഗുഡ്… എങ്കിൽ ഞങ്ങൾ നടന്ന് പൊയ്ക്കൊള്ളാം…”
ന്യുഹോഫ് എഴുന്നേറ്റു. “താങ്കൾക്കിവിടെ എത്ര ദിവസത്തെ താമസമുണ്ടാകും ഹെർ ഓബർസ്റ്റ്…?”
“നാളെ രാവിലെ തന്നെ തിരികെ പോകാനായി വിമാനം അറേഞ്ച് ചെയ്തിട്ടുണ്ട്… പതിനൊന്ന് മണിക്ക് മുമ്പായി ജെഴ്സി എയർഫീൽഡിൽ എത്തേണ്ടത് അത്യാവശ്യമാണ്… ബ്രിട്ടനിയിലേക്കുള്ള വിമാനം അപ്പോഴാണ് അവിടെ നിന്ന് പുറപ്പെടുന്നത്…” റാഡ്ൽ പറഞ്ഞു.
“ഓ.കെ… താങ്കൾക്കും താങ്കളുടെ… താങ്കളുടെ സ്നേഹിതനുമുള്ള താമസ സൌകര്യം ഞാൻ ഏർപ്പാടാക്കാം…” ന്യുഹോഫ്, ഡെവ്ലിന് നേർക്ക് കണ്ണ് ഓടിച്ചിട്ട് പറഞ്ഞു. “മാത്രമല്ല… രാത്രി എന്റെ വീട്ടിൽ അത്താഴത്തിന് വരുന്നതിൽ വിരോധമില്ലെങ്കിൽ എന്റെ പത്നിയ്ക്ക് അതൊരു ബഹുമതിയും ആയിരിക്കും… ഒരു പക്ഷേ, കേണൽ സ്റ്റെയ്നറെയും നമ്മോടൊപ്പം പ്രതീക്ഷിക്കാം…”
“എക്സലന്റ് ഐഡിയ… ഞാൻ റെഡി…” റാഡ്ൽ പറഞ്ഞു.
വിക്ടോറിയ സ്ട്രീറ്റിലെ അടഞ്ഞ കടകളുടെയും ഒഴിഞ്ഞ ഗൃഹങ്ങളുടെയും മുന്നിലൂടെ നടക്കുമ്പോൾ ഡെവ്ലിൻ ചോദിച്ചു. “താങ്കൾക്ക് എന്ത് പറ്റി…? ഇത്രയും നേരം വളരെ പരുക്കനായിട്ടായിരുന്നല്ലോ താങ്കളുടെ പ്രകടനം… ശരിയല്ലേ…? ഭക്ഷണത്തിന്റെ കാര്യം വന്നപ്പോഴേക്കും എല്ലാം മറന്നുവോ…?”
റാഡ്ൽ പൊട്ടിച്ചിരിച്ചെങ്കിലും മുഖത്ത് അൽപ്പം ജാള്യതയുണ്ടായിരുന്നു. “ആ അധികാരപത്രം എപ്പോഴെല്ലാം ഞാൻ കൈയിലെടുക്കുന്നുവോ, അപ്പോഴെല്ലാം എനിക്ക് തന്നെ അപരിചിതമാകുന്നു എന്റെ സ്വഭാവം… അമാനുഷികമായ ഒരു ശക്തി എന്നിലേക്ക് പടരുന്നത് പോലെ… ബൈബിളിലെ സെഞ്ചുറിയനെപോലെ… ആജ്ഞാപിക്കുമ്പോൾ അനുസരിക്കുന്ന അനുയായികൾ… അതൊരു ഹരമാണ്…”
അവർ ബ്രേ റോഡിലേക്ക് തിരിഞ്ഞപ്പോൾ ഒരു കാർ അവരെ കടന്ന് പാഞ്ഞുപോയി. എയർഫീൽഡിൽ നിന്ന് അവരെ കൂട്ടിക്കൊണ്ടു വന്ന ആ സർജന്റ് ആയിരുന്നു അത് ഡ്രൈവ് ചെയ്തിരുന്നത്.
“നമ്മുടെ സന്ദർശനത്തെക്കുറിച്ച് ഒരു മുന്നറിയിപ്പ് കൊടുക്കാനായി കേണൽ ന്യുഹോഫ് വിട്ടിരിക്കുകയാണയാളെ… അദ്ദേഹമത് ചെയ്യുമെന്നെനിക്കുറപ്പുണ്ടായിരുന്നു…” റാഡ്ൽ പറഞ്ഞു.
“ഞാൻ ഒരു ഗെസ്റ്റപ്പോ ഉദ്യോഗസ്ഥനാണെന്നാണ് അദ്ദേഹം വിചാരിച്ചിരിക്കുന്നത്… അതിന്റെ ഭയം അദ്ദേഹത്തിന്റെ മുഖത്ത് കാണാമായിരുന്നു…” ഡെവ്ലിൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“ശരിയാണ്…” റാഡ്ൽ പറഞ്ഞു. “നിങ്ങളെന്ത് പറയുന്നു ഡെവ്ലിൻ… നിങ്ങൾക്കൊരിക്കലും ഭയം തോന്നിയിട്ടില്ലേ…?”
“ഭയം തോന്നിയ നിമിഷങ്ങൾ എനിക്കോർമ്മയില്ല കേണൽ…” ഡെവ്ലിൻ പൊട്ടിച്ചിരിച്ചു. “മറ്റാരോടും ഇതുവരെ പറയാത്ത ഒരു കാര്യം ഞാൻ പറയാം… മരണം മുന്നിൽക്കണ്ട പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്… എനിക്ക് തന്നെ അപരിചിതമായ മാനസികനിലയായിരുന്നു അപ്പോഴെല്ലാം എനിക്ക്… അവിടെ നിന്ന് എത്രയും പെട്ടെന്ന് ദൈവത്തിന്റെ കൈകളിൽ എത്തിപ്പിടിക്കുവാനുള്ള അടങ്ങാത്ത ആഗ്രഹം… കേട്ടിട്ട് എനിക്ക് വട്ടാണെന്ന് തോന്നുന്നുണ്ടോ…?”
(തുടരും)