സ്റ്റെയ്നർ ആ ഫാം ഹൌസിലെ
പഴയ ലിവിങ്ങ് റൂം തങ്ങളുടെ ദൌത്യത്തിന്റെ സിരാകേന്ദ്രമാക്കി മാറ്റി. റൂമിന്റെ അറ്റത്തുണ്ടായിരുന്ന
രണ്ട് കട്ടിലുകൾ അദ്ദേഹവും ന്യുമാനും പൊടിതട്ടിയെടുത്തു. പിന്നെ അവിടെയുണ്ടായിരുന്നത്
വലിയ രണ്ട് മേശകളായിരുന്നു. സ്റ്റഡ്ലി കോൺസ്റ്റബിളിന്റെയും ഹോബ്സ് എന്റിന്റെയും വിവിധ
ഫോട്ടോകളും ഭൂപടങ്ങളും ആദ്യത്തെ മേശമേൽ നിരത്തിയിരിക്കുന്നു. രണ്ടാമത്തെ മേശപ്പുറത്ത്
ഹോബ്സ് എന്റ് പ്രദേശത്തിന്റെ ത്രിമാന മോഡലിന്റെ
നിർമ്മാണം പാതി വഴിയിൽ എത്തി നിൽക്കുന്നു.
ഒരു കൈയിൽ ബ്രാൻഡി ഗ്ലാസുമായി
കേണൽ റാഡ്‌ൽ കൌതുകത്തോടെ ആ മോഡൽ വീക്ഷിച്ചു. മേശയുടെ മറുഭാഗത്ത് അദ്ദേഹത്തിന്റെ മുഖഭാവം
ശ്രദ്ധിച്ചു കൊണ്ട് ന്യുമാൻ നിന്നു. സ്റ്റെയ്നറാകട്ടെ പുകവലിച്ചുകൊണ്ട് ജാലകത്തിനരികിലൂടെ
അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു.
“മനോഹരമായിരിക്കുന്നു
ഈ മോഡൽ … ആരാണിതിന് പിന്നിൽ...?” റാഡ്‌ൽ ആരാഞ്ഞു.
“പ്രൈവറ്റ് ക്ലൂഗൽ… യുദ്ധത്തിന് മുമ്പ് അയാൾ ഒരു ആർട്ടിസ്റ്റ് ആയിരുന്നു…” ന്യുമാൻ പ്രതിവചിച്ചു.
സ്റ്റെയ്നർ നടത്തം നിർത്തി
റാഡ്‌ലിന് നേർക്ക് തിരിഞ്ഞു. “നമുക്ക് കാര്യത്തിലേക്ക് വരാം മാക്സ്… നോർഫോക്കിലേക്ക് പോകുമ്പോൾ
ആ… ആ സാധനത്തിനെ ഞാൻ കൂടെ കൂട്ടുമെന്നാണോ താങ്കൾ ശരിക്കും
വിചാരിച്ചിരിക്കുന്നത്…?”
“അത് എന്റെ ആശയമല്ല… റൈ ഫ്യൂററുടേതാണ്…” റാഡ്‌ൽ സൌമ്യതയോടെ പറഞ്ഞു. “മൈ ഡിയർ കുർട്ട്… ഇതുപോലുള്ള കാര്യങ്ങളിൽ ഞാൻ ആജ്ഞകൾ സ്വീകരിക്കാറേയുള്ളൂ… ആജ്ഞാപിക്കാറില്ല…”
“അങ്ങേർക്ക് ശരിക്കും
വട്ടാണെന്നാണ് തോന്നുന്നത്…”
സ്റ്റെയ്നറുടെ അഭിപ്രായം
ശരി വയ്ക്കുന്ന മട്ടിൽ തല കുലുക്കിയിട്ട് റാഡ്‌ൽ അലമാരയിലെ കുപ്പിയിൽ നിന്നും അല്പം
കൂടി കോഞ്ഞ്യാക്ക് ഗ്ലാസിലേക്ക് പകർന്നു. “ഇതിപ്പോൾ ഒരു പുതിയ അറിവൊന്നുമല്ലല്ലോ നമുക്ക്…”
“ഓൾ റൈറ്റ്… ഇനി നമുക്കിതിന്റെ പ്രായോഗിക വശത്തെക്കുറിച്ച് ചിന്തിക്കാം… ഈ പദ്ധതി നാം വിചാരിച്ചത് പോലെ മുന്നോട്ട് പോകുകയാണെങ്കിൽ… വളരെ അച്ചടക്കവും കെട്ടുറപ്പുമുള്ള ഒരു സംഘത്തെയാണ് നമുക്കാവശ്യം… ഒരു പോലെ ചലിക്കുന്ന, ഒരു പോലെ ചിന്തിക്കുന്ന, ഒരു പോലെ പ്രവർത്തിക്കുന്ന
ഒരു സംഘം… അങ്ങനെയൊന്നാണ് നമുക്കിപ്പോൾ ഉള്ളതും… എന്റെയൊപ്പമുള്ള കുട്ടികൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിച്ച
ചരിത്രമുള്ളവരാണ്… ഗ്രീസിൽ… ലെനിൻഗ്രാഡിൽ… സ്റ്റാലിൻഗ്രാഡിൽ… അങ്ങനെ എത്രയോ സ്ഥലങ്ങളിൽ… ഓരോ മുക്കിലും മൂലയിലും അവരോടൊപ്പം ഞാനുമുണ്ടായിരുന്നു… മാക്സ്… താങ്കൾക്കറിയുമോ… പല അവസരങ്ങളിലും എനിക്ക് ഒരു ഓർഡർ പോലും കൊടുക്കേണ്ടി വന്നിട്ടില്ല… സന്ദർഭത്തിന് അനുസരിച്ച് ഏകകണ്ഠമായ തീരുമാനമെടുക്കുവാൻ എന്റെ സംഘത്തിനാകുമായിരുന്നു…” സ്റ്റെയ്നർ പറഞ്ഞു.
“ഞാനത് പൂർണ്ണമായും അംഗീകരിക്കുന്നു…”
“അപ്പോൾ പിന്നെ ഇങ്ങനെയൊരു
അപരിചിതനോടൊപ്പം എന്റെ സംഘത്തിന് പ്രവർത്തിക്കാൻ കഴിയുമെന്ന് താങ്കൾ കരുതുന്നുണ്ടോ…? അതും പ്രെസ്റ്റണെപ്പോലെ ഒരാളോടൊപ്പം…?” റാഡ്‌ൽ കൊടുത്തിരുന്ന ഫയൽ ഉയർത്തിക്കാണിച്ചിട്ട് സ്റ്റെയ്നർ തുടർന്നു.
“കറ തീർന്ന ഒരു ക്രിമിനൽ… ജനിച്ച അന്ന് തൊട്ട് തട്ടിപ്പും കൊണ്ട് ഇറങ്ങിയിരിക്കുന്നവൻ… അയാൾക്ക് തന്നോട് പോലും ആത്മാർത്ഥതയുണ്ടോ എന്ന കാര്യം സംശയമാണ്… സൈനികവൃത്തി എന്നാൽ എന്താണെന്ന് പോലും അയാൾക്ക് അറിയുമോ എന്ന കാര്യം
സംശയമാണ്…” നിരാശയോടെ സ്റ്റെയ്നർ ആ ഫയൽ മേശപ്പുറത്തേക്ക്
വലിച്ചെറിഞ്ഞു.
“അത് മാത്രമല്ല… അയാൾ തന്റെ ജീവിതത്തിൽ ഒരിക്കൽപ്പോലും വിമാനത്തിൽ നിന്ന് ചാടിയിട്ടില്ല…” റിട്ടർ ന്യുമാൻ തന്റെ ആശങ്ക പങ്ക് വച്ചു.
റാഡ്‌ൽ തന്റെ സിഗരറ്റ്
പാക്കറ്റ് തുറന്ന് ഒരെണ്ണമെടുത്ത് ചുണ്ടിൽ വച്ചു. ന്യുമാൻ അതിന് തീ കൊളുത്തിക്കൊടുത്തു.
“കുർട്ട്… എനിക്ക് തോന്നിയ ഒരു കാര്യം ഞാൻ പറയട്ടെ…? നിങ്ങൾ നിങ്ങളുടെ വികാരവിക്ഷോഭങ്ങളെ കെട്ടഴിച്ച് വിട്ടിരിക്കുകയാണ്…” റാഡ്‌ൽ പറഞ്ഞു.
“ഓൾ റൈറ്റ്…” സ്റ്റെയ്നർ പറഞ്ഞു. “എന്തോ… എന്നിലുള്ള അമേരിക്കൻ പകുതിയ്ക്ക് ഇതുപോലുള്ള ഒരു ദേശദ്രോഹിയെ ഉൾക്കൊള്ളാനാവുന്നില്ല… അതുപോലെ തന്നെ എന്നിലുള്ള ജർമ്മൻ പകുതിയ്ക്കും അയാളിൽ തീരെ താല്പര്യമില്ല
എന്നതാണ് വാസ്തവം…” അദ്ദേഹം അസ്വസ്ഥതയോടെ തലയാട്ടി. “നോക്കൂ മാക്സ്… പാരച്യൂട്ട്
ജമ്പ് ട്രെയിനിങ്ങ് എന്നത് എങ്ങനെയായിരിക്കുമെന്നതിനെക്കുറിച്ച് താങ്കൾക്ക് വല്ല ധാരണയുമുണ്ടോ…? വിശദീകരിച്ച് കൊടുക്കൂ റിട്ടർ…” അദ്ദേഹം
ന്യുമാന്റെ നേർക്ക് തിരിഞ്ഞു.
“വിജയകരാമായ ആറ് ജമ്പുകൾക്ക്
ശേഷമാണ് പാരട്രൂപ്പേഴ്സ് ക്വാളിഫിക്കേഷൻ ബാഡ്ജ് ലഭിക്കുന്നത് തന്നെ… അതിന് ശേഷം വർഷത്തിൽ ചുരുങ്ങിയത് ആറ് ജമ്പ് എങ്കിലും വേണം അത് നിലനിർത്തുവാൻ… ഈ നിയമം പ്രൈവറ്റ് മുതൽ ജനറൽ ഓഫീസർ വരെയുള്ളവർക്ക് ബാധകമാണ്… വിവിധ റാങ്കുകൾ അനുസരിച്ച് 65 മുതൽ 120 റൈ മാർക്കാണ് പാരച്യൂട്ട് ജമ്പിങ്ങിനുള്ള
പ്രതിമാസ വേതനം...” ന്യുമാൻ പറഞ്ഞു.
“അതുകൊണ്ട്…?” റാഡ്‌ൽ ചോദിച്ചു.
“പാരച്യൂട്ട് ജമ്പിങ്ങിന്
മുന്നോടിയായി രണ്ട് മാസത്തെ ഗ്രൌണ്ട് പരിശീലനം നിർബന്ധമാണ്… ശേഷം ആദ്യത്തെ ജമ്പിങ്ങ് 600 അടി ഉയരത്തിൽ നിന്നും തനിച്ച്… പിന്നത്തെ അഞ്ചെണ്ണം ഗ്രൂപ്പ് ജമ്പിങ്ങ് ആണ്… വിവിധ കാലാവസ്ഥകളിൽ പകലും രാത്രിയിലും… വിവിധ ഉയരങ്ങളിൽ നിന്ന്… പിന്നെയാണ് ഗ്രാന്റ് ഫിനാലെ… ഒമ്പത് വിമാനങ്ങളിലായി കൂട്ടത്തോടെയുള്ള ഡ്രോപ്പിങ്ങ്… നാനൂറ് അടി ഉയരത്തിൽ നിന്ന് യുദ്ധസമാനമായ ഗ്രൌണ്ടിലേക്ക്…”
“വെരി ഇംപ്രസ്സിവ്…” റാഡ്‌ൽ പറഞ്ഞു. “ഇനി ഞാനൊരു കാര്യം പറയട്ടെ…? നമ്മുടെ കാര്യത്തിൽ പ്രെസ്റ്റണ് ഒരേയൊരു തവണ മാത്രമേ ചാടേണ്ടതുള്ളൂ… അതും രാത്രിയിൽ, വിജനവും വിശാലവുമായ ബീച്ചിലേക്ക്… അത് ഒരു പെർഫെക്റ്റ് ഡ്രോപ്പിങ്ങ് സോൺ ആണെന്ന് നിങ്ങൾ തന്നെ പറഞ്ഞുവല്ലോ… ഒരേയൊരു പ്രാവശ്യത്തേക്ക് മാത്രമായിട്ടുള്ള ജമ്പിന് വേണ്ടി എന്തിനാണയാൾക്ക്
ഒരു ട്രെയിനിങ്ങിന്റെ തന്നെ ആവശ്യം…?”
ന്യുമാൻ നിരാശയോടെ സ്റ്റെയനറുടെ
നേരെ നോക്കി. “ഇതിൽ കൂടുതൽ ഞാൻ എന്താണ് പറയേണ്ടത്…?”
“കൂടുതൽ ഒന്നും തന്നെ
പറയേണ്ട ആവശ്യമില്ല…” റാഡ്‌ൽ പറഞ്ഞു. “ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും
ശരി, അയാൾ നിങ്ങളോടൊപ്പം ഉണ്ടാകും… കാരണം, അതാണ് റൈ ഫ്യൂററുടെ തീരുമാനം എന്നത് തന്നെ…”
“ദൈവത്തെയോർത്ത്, മാക്സ്… അസാദ്ധ്യം… തീർത്തും അസാദ്ധ്യം… താങ്കൾക്കെന്താണത് മനസ്സിലാവാത്തത്…?” സ്റ്റെയ്നർ
ചോദിച്ചു.
“നാളെ രാവിലെ ഞാൻ ബെർലിനിലേക്ക്
തിരിച്ച് പോകുകയാണ്…” റാഡ്‌ൽ പറഞ്ഞു. “ഒരു കാര്യം ചെയ്യൂ… നിങ്ങളും പോരൂ എന്റെയൊപ്പം… എന്നിട്ട് ഇത് നടക്കാത്ത കാര്യമാണെന്ന് നിങ്ങൾ
തന്നെ പറഞ്ഞോളൂ ഹിമ്‌ലറോട്… അല്ലാതെ ഞാനിപ്പോൾ എന്താണ് ചെയ്യുക…?”
സ്റ്റെയ്നറുടെ മുഖം വിളറി
വെളുത്തിരുന്നു. “ഡാംൻ യൂ റ്റു ഹെൽ, മാക്സ്… താങ്കൾക്കറിയാം എനിക്കതിന് കഴിയില്ല എന്ന്… അതിന്റെ കാരണവും താങ്കൾക്കറിയുന്നതാണ്...” അദ്ദേഹം സംസാരിക്കുവാൻ വിഷമിക്കുന്നത് പോലെ തോന്നി.
“എന്റെ പിതാവ്… അദ്ദേഹത്തിനിപ്പോൾ എങ്ങനെയുണ്ട്…? താങ്കളദ്ദേഹത്തെ കണ്ടിരുന്നുവോ…?”
“ഇല്ല… പക്ഷേ, റൈ ഫ്യൂറർ ഒരു കാര്യം പറഞ്ഞിരുന്നു… അദ്ദേഹത്തിന്റെ വ്യക്തിപരമായ ഉറപ്പ് ഇക്കാര്യത്തിൽ താങ്കൾക്കുണ്ട്
എന്ന്...” റാഡ്‌ൽ പറഞ്ഞു.
“എന്ന് വച്ചാൽ ഞാൻ എന്താണ്
മനസ്സിലാക്കേണ്ടത്…?” സ്റ്റെയ്നർ നെടുവീർപ്പിട്ടു. “ഒരു കാര്യം ഞാൻ
പറയാം… വ്യക്തിപരമായി പറഞ്ഞാൽ വിൻസ്റ്റൺ ചർച്ചിലിനെ ഞാൻ
ആരാധിക്കുന്നു… ഞങ്ങളുടെ രണ്ട് പേരുടെയും അമ്മമാർ അമേരിക്കക്കാരായതുകൊണ്ട്
മാത്രമല്ല… അദ്ദേഹത്തെ ഇംഗ്ലണ്ടിൽ ചെന്ന് റാഞ്ചിക്കൊണ്ടുവരാൻ
നമുക്ക് കഴിയുമെങ്കിൽ ഒരു സുപ്രഭാതത്തിൽ പ്രിൻസ്
ആൽബഹ്സ്ട്രേയ്സിലെ ഗെസ്റ്റപ്പോ ഹെഡ്ക്വാർട്ടേഴ്സിലും പാരച്യൂട്ടിലിറങ്ങി ആ ദുഷ്ടൻ ഹിമ്‌ലറെയും
തട്ടിക്കൊണ്ടുവരാൻ നമുക്ക് കഴിയും… ചിന്തിക്കാവുന്നതേയുള്ളൂ ഇക്കാര്യം… എന്തു പറയുന്നു റിട്ടർ…?” അദ്ദേഹം തമാശമട്ടിൽ പുഞ്ചിരിച്ചു.
“അപ്പോൾ നിങ്ങൾ പ്രെസ്റ്റണെ
കൊണ്ടുപോകാൻ തീരുമാനിച്ചോ…?” റാഡ്‌ൽ ജിജ്ഞാസയോടെ ചോദിച്ചു.
“തീരുമാനിച്ചു… അയാൾ വരട്ടെ ഞങ്ങളോടൊപ്പം…” സ്റ്റെയനർ പറഞ്ഞു. “പക്ഷേ, ഒന്നുണ്ട്… എന്റെയൊപ്പമുള്ള പരിശീലനം കഴിയുന്നതോടെ അയാൾ ആത്മാർത്ഥമായും ആഗ്രഹിച്ചു
പോകും… ഈ ലോകത്ത് ജനിക്കേണ്ടതേയില്ലായിരുന്നുവെന്ന്…” അദ്ദേഹം ന്യുമാന്റെ നേർക്ക് തിരിഞ്ഞു. “ഓൾ റൈറ്റ് റിട്ടർ… അയാളെ കൊണ്ടുവരൂ… ഞാനയാൾക്ക് മനസ്സിലാക്കിക്കൊടുക്കാം, ഈ വിനോദയാത്ര
എങ്ങനെ ഇരിക്കുമെന്നത്…”