ഒരു ഏപ്രൺ ധരിച്ച് ആ ഹാളിലേക്ക് എത്തിയ വനിതയുടെ മുടി മുഴുവനും നരച്ചിരുന്നു. ഷർട്ടിന്റെ കൈകൾ രണ്ടും മുട്ടറ്റം തെറുത്ത് വച്ചിരിക്കുന്നു. കൈമുട്ടുകൾ വരെ പുരണ്ടിരിക്കുന്ന ധാന്യപ്പൊടി…
“മോളി പ്രിയോർ…?” തെല്ല് സംശയത്തോടെ ഞാൻ ചോദിച്ചു.
അവരുടെ മുഖം അത്ഭുതം കൊണ്ട്
വിടർന്നു. “1944 ന് ശേഷം ആ പേര് പോലും ഞാൻ മറന്നു… ആ വർഷമാണ്
ഞാൻ ഹോവാർഡ് എന്ന പേരിലേക്ക് മാറിയത്…” അവർ മന്ദഹസിച്ചു. “ആട്ടെ, താങ്കളുടെ സന്ദർശനത്തിന്റെ
ഉദ്ദേശ്യം എന്താണാവോ…?”
പേഴ്സ് തുറന്ന് ഞാൻ അന്ന്
ഗെറിക്ക് എന്നെ കാണിച്ചത് പോലെയുള്ള ഒരു ന്യൂസ്പേപ്പർ കട്ടിങ്ങ് എടുത്ത് അവൾക്ക് നീട്ടി.
“ഈ പേപ്പർ കട്ടിങ്ങ് ചിലപ്പോൾ നിങ്ങൾക്ക് പ്രിയതരമായേക്കാം…”
അവരുടെ കണ്ണുകൾ വികസിച്ചത്
പെട്ടെന്നായിരുന്നു. കൈകൾ ഏപ്രണിൽ തുടച്ചിട്ട് അവർ എന്റെ കരം കവർന്നു. “കമിൻ… പ്ലീസ് ഡൂ കമിൻ…”
സ്വീകരണമുറിയിൽ ഇരുന്നു
കൊണ്ട് ഞങ്ങൾ സംസാരം തുടങ്ങി. ആ പേപ്പർ കട്ടിങ്ങിലേക്ക് വീണ്ടും വീണ്ടും അവൾ നോക്കി.
“തികച്ചും വിചിത്രം…” അവർ പറഞ്ഞു. “പലപ്പോഴും ഈ പേര് ഞാൻ കേട്ടിട്ടുണ്ട്… പക്ഷേ, ഒരിക്കലും വിചാരിച്ചിരുന്നില്ല അത് ലിയാം ആയിരിക്കുമെന്ന്…”
“അദ്ദേഹത്തിന്റെ ചിത്രം
ഒരിക്കൽ പോലും നിങ്ങൾ ന്യൂസ് പേപ്പറുകളിൽ കണ്ടില്ലെന്നോ…?”
“ഇവിടെ ലോക്കൽ ന്യൂസ്
പേപ്പറുകൾ മാത്രമേ ലഭിക്കാറുള്ളൂ… അതാണെങ്കിൽ ഞാനൊട്ട് വായിക്കാറുമില്ല… എപ്പോഴും നല്ല തിരക്കിലായിരിക്കും…”
“അപ്പോൾ പിന്നെ ഇത് അദ്ദേഹമാണെന്ന്
എങ്ങനെ പറയാൻ കഴിയും നിങ്ങൾക്ക്…? അദ്ദേഹം ജീവിച്ചിരിക്കുന്നു എന്ന് പോലും നിങ്ങൾക്കെങ്ങനെ
ഉറപ്പ് പറയാൻ കഴിയും…?”
“അദ്ദേഹത്തിന്റെ കത്ത്
വന്നിരുന്നു…” അവർ പറഞ്ഞു. “1945 ൽ അമേരിക്കയിൽ നിന്നും… ഒരേയൊരു തവണ മാത്രം… അത്രയും നാൾ എന്നെ സസ്പെൻസിൽ നിർത്തിയതിൽ ക്ഷമ ചോദിച്ചു കൊണ്ട്… അമേരിക്കയിലേക്ക് ചെല്ലുവാനും അദ്ദേഹത്തെ വിവാഹം കഴിക്കുവാനും ആവശ്യപ്പെട്ടുകൊണ്ട്…”
തികച്ചും ശാന്തതയോടെ പറഞ്ഞ
അവരുടെ ആ വാക്കുകൾ കേട്ട് ഞാൻ ഞെട്ടിപ്പോയി. “എന്നിട്ട് നിങ്ങൾ മറുപടി അയച്ചില്ലേ…?”
“ഇല്ല…” അവർ പറഞ്ഞു.
“അതെന്താ…?”
“എന്ത് കാര്യം…? വൈകിപ്പോയിരുന്നു… വളരെ നല്ലവനും മാന്യനുമായ ഒരു വ്യക്തിയുമായി എന്റെ
വിവാഹം കഴിഞ്ഞിരുന്നു അപ്പോഴേക്കും… എന്നെക്കാളും ഇരുപത് വയസ്സിന് മൂപ്പുള്ള അദ്ദേഹത്തിന് ചീത്തയായിപ്പോയ
എന്നെ സ്വീകരിക്കുന്നതിൽ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല…” അവരുടെ മാനസിക നില എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു.
“അതെ… ദാറ്റ് വാസ് ദി വേ ഓഫ് ഇറ്റ്…” അവർ പറഞ്ഞു.
അവർ എഴുന്നേറ്റ് അലമാര
തുറന്ന് ഒരു പഴയ ആഭരണപ്പെട്ടി പുറത്തെടുത്തു. എന്നിട്ട് ക്ലോക്കിന്റെ പിന്നിൽ ഒളിപ്പിച്ച്
വച്ചിരുന്ന താക്കോൽ എടുത്ത് അതു തുറന്നു. അതിനുള്ളിൽ നിന്നും എടുത്ത സാധനങ്ങൾ ഓരോന്നായി
പരിശോധിക്കുവാനായി അവർ എനിക്ക് തന്നു. നിറയെ കവിതകൾ എഴുതിയ ഒരു നോട്ട് ബുക്ക്… അന്ന് ആ നിർണ്ണായക ദിനത്തിൽ ഡെവ്‌ലിൻ അവർക്ക് എഴുതി വച്ചിട്ട് പോയ
ആ കത്ത്… പിന്നെ, അമേരിക്കയിൽ നിന്നും അവർക്ക് അയച്ച കത്ത്… പിന്നെ കുറേ ഫോട്ടോകൾ…
മറ്റൊരു ഫോട്ടോ അവർ എന്റെ
നേർക്ക് നീട്ടി. “ബോക്സ് ബ്രൗണി ക്യാമറ വച്ച് എടുത്തതാണ്…” ഡെവ്‌ലിന്റെ ഫോട്ടോ ആയിരുന്നുവത്. ക്യാപ്പും കണ്ണടയും റെയിൻകോട്ടും
ധരിച്ച് അദ്ദേഹം തന്റെ BSA മോട്ടോർ സൈക്കിളിനരികിൽ നിൽക്കുന്ന ചിത്രം.
മറ്റൊരു ഫോട്ടോ കൂടി അവർ
എന്റെ നേർക്ക് നീട്ടി. വീണ്ടും ഡെവ്‌ലിൻ തന്നെ. ഒരു ട്രാക്ടർ ഓടിച്ചു കൊണ്ടിരിക്കുന്നു.
എങ്കിലും എന്തോ ചെറിയൊരു വ്യത്യാസം എനിക്ക് അനുഭവപ്പെട്ടു.
“എന്റെ മകൻ വില്യം…” അവർ പറഞ്ഞു.
“സത്യാവസ്ഥ അവന് അറിയാമോ…?” ഞാൻ ചോദിച്ചു.
“അറിയേണ്ടതെല്ലാം അവനറിയാം… ഏഴു വർഷം മുമ്പ് എന്റെ ഭർത്താവ് മരണമടഞ്ഞു. അതിന് ശേഷമാണ് അവനോട് ഞാൻ
എല്ലാം പറഞ്ഞത്… ആട്ടെ, താങ്കൾ ലിയാമിനെ കാണുമോ…?”
“കാണുമെന്ന് തന്നെയാണ്
ഞാൻ കരുതുന്നത്…”
“ആ ഫോട്ടോ അദ്ദേഹത്തിന്
കൊടുത്തേക്കൂ…” അവർ നെടുവീർപ്പിട്ടു. “സുന്ദരനായിരുന്നു അദ്ദേഹം… എവിടെയാണ് അദ്ദേഹമെന്നും എന്താണദ്ദേഹത്തിന്
സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നും ഓർത്ത് ഉത്ക്കണ്ഠപ്പെടാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നിട്ടില്ല
എന്റെ ജീവിതത്തിൽ…”
പുറത്തേക്കുള്ള വാതിൽക്കൽ
വച്ച് ഹസ്തദാനം നൽകി അവർ എന്നെ യാത്രയാക്കി.
കാറിനരികിലെത്തിയ ഞാൻ അവരുടെ പിൻവിളി കേട്ട് തിരിഞ്ഞു. ആകാശത്ത് മേഘപാളികൾക്കിടയിൽ
നിന്നും സൂര്യൻ പുറത്തേക്ക് എത്തി നോക്കി. ഒരു നിമിഷനേരത്തേക്ക് കാലചക്രം പിറകോട്ട്
ഉരുണ്ടതു പോലെ… പാതി വെയിലിലും പാതി നിഴലിലും ആ മുറ്റത്ത് നിൽക്കവെ
ഒരു നിമിഷം അവളെ ഞാൻ ദർശിച്ചു… ഒരേ സമയം സുന്ദരിയും വിരൂപയും ആയ ആ പഴയ മോളിയെ… ഡെവ്‌ലിന്റെ ആ കൊച്ചു കർഷക പെൺകൊടിയെ…
“മിസ്റ്റർ ഹിഗ്ഗിൻസ്,
അദ്ദേഹത്തോട് പറഞ്ഞേക്കൂ…” അവർ വിളിച്ചു പറഞ്ഞു. “അദ്ദേഹത്തോട് പറഞ്ഞേക്കൂ,
എന്നും തേടിക്കൊണ്ടിരുന്ന മെയോവിലെ ആ പുൽമേടുകൾ… ഒടുവിൽ
അദ്ദേഹം അത് കണ്ടെത്തിക്കാണുമെന്ന് ഞാൻ കരുതുന്നുവെന്ന്…”
അവർ വാതിൽ അടച്ചു. കാർ
സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്ത് ഞാൻ റോഡിലേക്ക് തിരിഞ്ഞു.
***
ബെൽഫാസ്റ്റിലെ യൂറോപ്പാ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ഉടൻ ഞാൻ ആദ്യം ചെയ്തത് വേണ്ടപ്പെട്ട ആളുകൾക്ക് ഫോൺ ചെയ്യുക എന്നതായിരുന്നു. എന്താണ് എന്റെ ആവശ്യം എന്ന് അവരെ അറിയച്ചതിനു ശേഷമുള്ള എന്റെ ഉത്കണ്ഠാകുലമായ കാത്തിരിപ്പ് രണ്ട് ദിവസം നീണ്ടു. ആ രണ്ട് ദിവസങ്ങളിലായി പതിനെട്ട് ഇടങ്ങളിലായിരുന്നു ബോംബ് സ്ഫോടനങ്ങൾ നടന്നത്. മൂന്ന് സൈനികർ വെടിയേറ്റ് കൊല്ലപ്പെട്ടു. മരണമടഞ്ഞ സിവിലിയന്മാരുടെ കണക്കുകൾ വേറെ…
രണ്ടാമത്തെ ദിവസം വൈകുന്നേരമാണ്
ആ ഫോൺ കോൾ എത്തുന്നത്. ഒരു ടാക്സി പിടിച്ച് ഞാൻ റോയൽ ഹോസ്പിറ്റലിന് മുന്നിൽ ഇറങ്ങി.
ഒരു ബ്രെഡ് വാനിലാണ് അവിടെ നിന്നും അവർ എന്നെ കൂട്ടിക്കൊണ്ടു പോയത്. ഏതാണ്ട് അഞ്ച് മിനിറ്റ് യാത്രയ്ക്ക് ശേഷം
ഫാൾസ് റോഡിന് സമീപമുള്ള തെരുവിലെ ഒരു ടെറസ് വീടിന് മുന്നിലാണ് അവർ എന്നെ ഇറക്കി വിട്ടത്.
ആ കെട്ടിടത്തിനുള്ളിൽ വച്ച് എന്റെ ദേഹപരിശോധന നടത്തപ്പെട്ടു. രൗദ്രഭാവമുള്ള ആ രണ്ട്
ചെറുപ്പക്കാരുടെ കർശന പരിശോധനക്ക് ശേഷമാണ്
ആ ചെറിയ ലിവിങ്ങ് റൂമിലേക്ക് എന്നെ അവർ കടത്തി
വിട്ടത്.
ലിയാം ഡെവ്‌ലിൻ എന്ന്
പേരുള്ള ആ മനുഷ്യൻ അവിടെ ഇരിക്കുന്നുണ്ടായിരുന്നു… മുഖത്ത്
റീഡിങ്ങ് ഗ്ലാസുമായി ഒരു നോട്ട് ബുക്കിൽ എന്തൊക്കെയോ
എഴുതിക്കൊണ്ട്… തന്റെ കൈ എത്തുന്ന ഇടത്ത് മേശപ്പുറത്ത് ഒരു സ്മിത്ത്
& വെസ്സൺ 0.38 റിവോൾവർ വിശ്രമിക്കുന്നുണ്ട്. പേന താഴെ വച്ച് മുഖത്തു നിന്നും കണ്ണട
ഊരി മാറ്റി അദ്ദേഹം തിരിഞ്ഞു. ആ മുഖത്തേക്ക്
ഞാൻ സൂക്ഷിച്ച് നോക്കി. വർഷങ്ങൾക്കിപ്പുറവും അന്നത്തെ ആ പഴയ ഡെവ്‌ലിന്റെ എന്തെങ്കിലും
ഛായ കണ്ടെത്തുവാനാകുമോ എന്ന പ്രതീക്ഷയോടെ… അതെ… അതുണ്ടായിരുന്നു അവിടെ, അദ്ദേഹത്തിന്റെ ആ നീലക്കണ്ണുകളിൽ…
“അടുത്ത തവണ കാണുമ്പോഴേക്കും
നിങ്ങൾക്കെന്നെ നല്ല പരിചയമാകും…” അദ്ദേഹം എന്നെ നോക്കി.
“തീർച്ചയായും…” ഞാൻ പറഞ്ഞു.
“നിങ്ങൾ എഴുതിയ ഒരു പുസ്തകം
ഞാൻ വായിച്ചിട്ടുണ്ട്. മോശമില്ല… പ്രതിജ്ഞയെടുത്ത് എന്തു കൊണ്ട് നിങ്ങൾക്ക് ഞങ്ങളുടെ
പ്രസ്ഥാനത്തിൽ ചേർന്നു കൂടാ…? വൂൾഫ് ടോണിന് ചേരാമെങ്കിൽ പിന്നെ എന്തുകൊണ്ട്
നിങ്ങൾക്കായിക്കൂടാ…?” ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ തിരുകിയിട്ട് അദ്ദേഹം
തീ കൊളുത്തി. “ഈ സന്ദർശനത്തിന്റെ ഉദ്ദേശ്യമെന്താണ്…? വളരെ
അർജന്റ് എന്നാണല്ലോ നിങ്ങൾ അറിയിച്ചത്… ഒരു ഇന്റർവ്യൂവിനോ
മറ്റോ ആയിട്ടാണ് എന്റെ പിറകെ കൂടിയിരിക്കുന്നതെങ്കിൽ ഐ വിൽ ഹാവ് യുവർ ബാൾസ് ഫോർ വെയ്സ്റ്റിങ്ങ്
മൈ ടൈം…”
മോളി എന്നെ ഏൽപ്പിച്ച
ആ ഫോട്ടോ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ ഡെസ്കിൽ വച്ചു. “താങ്കളുടെ മകനാണ്… താങ്കൾക്ക് തരാൻ പറഞ്ഞ് മോളി തന്നയച്ചതാണ്…”
അപ്രതീക്ഷിതമായി ഒരു പ്രഹരമേറ്റത്
പോലെ അദ്ദേഹം ഒന്ന് ഞെട്ടി. ആ മുഖം വിളറി വെളുത്തു. ആ ഫോട്ടോയിലേക്ക് നോക്കി കുറേ നേരം
അദ്ദേഹം അങ്ങനെ ഇരുന്നു. പിന്നെ പറഞ്ഞു. “പറയൂ, എന്താണിതിന്റെയെല്ലാം അർത്ഥം…?”
ഞാൻ പറയുവാനാരംഭിച്ചു.
പലയിടത്തും അദ്ദേഹം ഇടപെട്ട് വിട്ടു പോയ വസ്തുതകൾ ചേർക്കുകയും തിരുത്തുകയും ചെയ്യുന്നുണ്ടായിരുന്നു.
ആ ദൗത്യത്തിന്റെ അവസാന ഘട്ടത്തിൽ മെൽറ്റ്‌ഹാം ഹൗസിന്റെ ടെറസിൽ സ്റ്റെയ്നർ എത്തിയ ഭാഗം
വന്നപ്പോഴേക്കും അദ്ദേഹം സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റു. അലമാരയിൽ നിന്നും ഒരു ബോട്ട്‌ൽ
ബുഷ്മില്ലും രണ്ട് ഗ്ലാസുകളും എടുത്ത് മേശപ്പുറത്ത് വച്ചു. “അദ്ദേഹം അത്രയും അരികിൽ
എത്തിയിരുന്നു അല്ലേ…? മൈ ഗോഡ്… ഹീ വാസ്
എ മാൻ…” അദ്ദേഹം ഗ്ലാസുകളിലേക്ക് വിസ്കി പകർന്നു. “വീ
വിൽ ഡ്രിങ്ക് റ്റു ഹിം…”
ഞങ്ങൾ ഗ്ലാസുകൾ ചുണ്ടോട്
ചേർത്തു. “യുദ്ധാനന്തരം താങ്കൾ സ്റ്റേറ്റ്സിലേക്ക് പോകുകയും അവിടെ അദ്ധ്യാപകവൃത്തിയിൽ
ചേർന്നുവെന്നുമാണല്ലോ ഞാൻ കേട്ടത്…?”
“ശരിയാണ്… മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല എനിക്കിവിടെ…” ഡെവ്‌ലിൻ പറഞ്ഞു.
“പിന്നെ, ആ ചർച്ചിൽ ദൗത്യം… അതിന്റെ സത്യാവസ്ഥ ലോകത്തോട് വിളിച്ചു പറയണമെന്ന് താങ്കൾക്കൊരിക്കലും
തോന്നിയിട്ടില്ലേ…?” ഞാൻ ചോദിച്ചു.
“സത്യാവസ്ഥ…?” അദ്ദേഹം എന്നെ ഒന്ന് നോക്കി. “IRA യിലെ മോസ്റ്റ് വാണ്ടഡ് വ്യക്തിയായ
എന്നിൽ നിന്നും…? ഞാൻ പറയുന്ന കഥ ഈ ലോകത്തിൽ ആരാണ് വിശ്വസിക്കുക…?”
തികച്ചും ന്യായമായിരുന്നു
അത്. “റ്റെൽ മീ…” ഞാൻ പറഞ്ഞു. “1947 ൽ താങ്കൾ മാക്സ് റാഡ്‌ലിനോട്
പറയുകയുണ്ടായി… നിരപരാധികളെ കൊല്ലുന്ന സോഫ്റ്റ് ടാർഗറ്റ് ബോംബിങ്ങിനെ
താങ്കൾ അനുകൂലിക്കുന്നില്ല എന്ന്… എന്നിട്ടിപ്പോൾ IRA യുടെ മുഖ്യ ആയുധവും ആക്രമണ
മാർഗ്ഗവും അതാണല്ലോ…”
അദ്ദേഹത്തിന്റെ കണ്ണുകളിൽ
വേദന നിഴലിക്കുന്നത് എനിക്ക് കാണാമായിരുന്നു. പിന്നെ ആ മുഖത്ത് രൗദ്രഭാവത്തിലുള്ള ഒരു
പുഞ്ചിരി വിടർന്നു. “കാലം മാറുന്നതിനൊപ്പം മനുഷ്യരും മാറുന്നു… അങ്ങനെയല്ലേ ഏതോ ഒരു വിഡ്ഢി പറഞ്ഞത്…? ആരാണെന്ന്
ഞാൻ മറന്നു പോയി…”
“എന്നിട്ടെന്തെങ്കിലും
ഗുണമുണ്ടായോ…?” ഞാൻ ചോദിച്ചു. “ഇത്രയും വർഷങ്ങൾ… ഈ കലാപം… ഇക്കണ്ട കൊലപാതകങ്ങൾ…?”
“ഞാൻ പ്രതിനിധീകരിക്കുന്ന
പ്രസ്ഥാനത്തിന്റെ ലക്ഷ്യം ഒന്ന് മാത്രമാണ്…” അദ്ദേഹം പറഞ്ഞു. “അയർലണ്ടിന്റെ പരിപൂർണ്ണ സ്വാതന്ത്ര്യം… അതിന് വേണ്ടിയാണ് ഞാൻ പോരാടുന്നത്…” പൊടുന്നനെ
കസേരയിലേക്ക് ചാഞ്ഞ് ഇരുന്ന് തല പിറകോട്ട് വെട്ടിച്ച അദ്ദേഹത്തിന്റെ ചുമൽ ഇളകി വിറയ്ക്കുന്നുണ്ടായിരുന്നു.
അദ്ദേഹം കരയുകയാണെന്നാണ്
ആദ്യം ഞാൻ കരുതിയത്. എന്നാൽ രണ്ട് നിമിഷം കഴിഞ്ഞ് തലയുയർത്തിയ അദ്ദേഹത്തിന്റെ മുഖം
കണ്ടപ്പോഴായിരുന്നു എനിക്ക് മനസ്സിലായത് അദ്ദേഹം ചിരിച്ചു മറിയുകയായിരുന്നുവെന്ന്.
“ദൈവം നമ്മെ രക്ഷിക്കട്ടെ… മകനേ, ഞാൻ പറയുന്നു… നീ ഞങ്ങളോടൊപ്പം ഒന്ന് ചേർന്ന് നോക്കൂ… ഗംഭീര അനുഭവമായിരിക്കും…” അദ്ദേഹം വീണ്ടും ഗ്ലാസിലേക്ക് വിസ്കി പകർന്നു.
“സ്റ്റെയ്നറായിരുന്നു ശരി… ഇറ്റ്സ് ജസ്റ്റ് എ ബ്ലഡി സെൻസ്‌ലെസ് ഗെയിം ആഫ്റ്റർ
ഓൾ… പിടി വീണു കഴിഞ്ഞാൽ പിന്നെ ഊരിപ്പോരാൻ പാടാണ്…”
“മോളിയെ കാണുമ്പോൾ എന്തെങ്കിലും
പറയണോ ഞാൻ…?” ഞാൻ ആരാഞ്ഞു.
“ഇത്രയും വർഷങ്ങൾക്ക്
ശേഷം…? എന്നെപ്പോലെ ഒരു ജീവച്ഛവത്തിന് എന്ത് സന്ദേശമാണിനി
അവൾക്ക് നൽകാനുള്ളത്…? പ്രായത്തിന്റെ പക്വത കാണിക്കൂ മകനേ… തൽക്കാലം പോകാൻ നോക്ക്… ധാരാളം ജോലിയുണ്ടെനിക്ക്…”
അധികം അകലെയല്ലാതെ എവിടെയോ
തോക്കുകൾ ഗർജ്ജിക്കുന്ന ശബ്ദം… തുടർന്ന് ചെറുതല്ലാത്ത ഒരു സ്ഫോടനം… വാതിൽക്കൽ എത്തിയ ഞാൻ ഒരു നിമിഷം നിന്നു. “സോറി, ഞാൻ ഇപ്പോൾ മറന്നു
പോയേനെ… താങ്കൾക്കായി മോളിയുടെ ഒരു സന്ദേശമുണ്ട്…”
നിർവ്വികാര മുഖത്തോടെ
അദ്ദേഹം തലയുയർത്തി. “മോളിയുടെയോ…?”
“അതെ… മോളിയുടെ തന്നെ… ഒടുവിൽ താങ്കൾ മെയോവിലെ പുൽമേടുകൾ കണ്ടെത്തിക്കാണുമെന്ന് അവർ വിശ്വസിക്കുന്നുവെന്ന്…”
അദ്ദേഹത്തിന്റെ മുഖത്ത്
ഒരു ചെറു പുഞ്ചിരി വിരിഞ്ഞു. അനന്തമായ മനോവേദന
നിറഞ്ഞ് വിഷാദച്ഛവി പടർന്ന പുഞ്ചിരി… ഇത്തവണ അദ്ദേഹത്തിന്റെ കണ്ണുകളിലെ അശ്രുകണങ്ങൾ
ഞാൻ കാണുക തന്നെ ചെയ്തു. “മകനേ, അവളെ നീ കാണുകയാണെങ്കിൽ…” അദ്ദേഹം ഒന്ന് നിർത്തി. “ഗിവ് ഹെർ മൈ ലവ്… ഷീ ഹാഡ് ഇറ്റ് ദെൻ… ഷീ ഹാസ് ഇറ്റ് നൗ…” മുന്നോട്ടാഞ്ഞ് അദ്ദേഹം തന്റെ ഗ്ലാസ് കൈയ്യിലെടുത്തു. “നൗ ഗെറ്റ്
റ്റു ഹെൽ ഔട്ട് ഓഫ് ഹിയർ…”
(അവസാനിച്ചു)