ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
സെന്റ് മേരീസ് ആന്റ് ഓൾ സെയ്ന്റ്സ് ദേവാലയത്തിന്റെ സെമിത്തേരിയിലെ അവിശ്വസനീയമായ ആ കണ്ടുപിടുത്തത്തിന് ശേഷം ഏതാണ്ട് ഒരു വർഷം ആകുന്ന സമയത്താണ് ഞാൻ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ തിരിച്ചെത്തുന്നത്. ഫാദർ ഫിലിപ്പ് വെറേക്കറുടെ നേരിട്ടുള്ള ക്ഷണമനുസരിച്ചാണ് ഇത്തവണ ഞാൻ എത്തിയിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. ഐറിഷ് ചുവയോടെ സംസാരിക്കുന്ന ചെറുപ്പക്കാരനായ ഒരു വൈദികനാണ് എന്നെ സ്വീകരിച്ചത്.
(അവസാനിച്ചു)
സെന്റ് മേരീസ് ആന്റ് ഓൾ സെയ്ന്റ്സ് ദേവാലയത്തിന്റെ സെമിത്തേരിയിലെ അവിശ്വസനീയമായ ആ കണ്ടുപിടുത്തത്തിന് ശേഷം ഏതാണ്ട് ഒരു വർഷം ആകുന്ന സമയത്താണ് ഞാൻ സ്റ്റഡ്‌ലി കോൺസ്റ്റബിളിൽ തിരിച്ചെത്തുന്നത്. ഫാദർ ഫിലിപ്പ് വെറേക്കറുടെ നേരിട്ടുള്ള ക്ഷണമനുസരിച്ചാണ് ഇത്തവണ ഞാൻ എത്തിയിരിക്കുന്നത് എന്നതാണ് അതിന്റെ പ്രത്യേകത. ഐറിഷ് ചുവയോടെ സംസാരിക്കുന്ന ചെറുപ്പക്കാരനായ ഒരു വൈദികനാണ് എന്നെ സ്വീകരിച്ചത്.
റീഡിങ്ങ് റൂമിലെ നെരിപ്പോടിനരികിൽ
ഇട്ടിരിക്കുന്ന ചാരുകസേരയിൽ ഫാദർ വെറേക്കർ ഇരിക്കുന്നുണ്ടായിരുന്നു. ഒരു സാധാരണ കമ്പിളിയാൽ
കാൽമുട്ടിന് മുകൾ വരെ പുതച്ചിരിക്കുന്നു. തീർത്തും അവശനായ അദ്ദേഹത്തിന്റെ മുഖത്തെ ചർമ്മം
ചുക്കിച്ചുളിഞ്ഞ് കവിളെല്ലുകൾ ഉന്തി നിൽക്കുന്നു. കണ്ണുകളിൽ പറഞ്ഞറിയിക്കാനാവാത്ത വേദന.
അത്രയും മരണാസന്നനായ ഒരു വ്യക്തിയെ ഒരു പക്ഷേ, ആദ്യമായിട്ടായിരിക്കും ഞാൻ നേരിൽ കാണുന്നത്.
“എന്റെ ക്ഷണം സ്വീകരിച്ചെത്തിയതിൽ
വളരെ സന്തോഷം…” ആയാസപ്പെട്ട് അദ്ദേഹം പറഞ്ഞു.
“ഇത്രയും അവശനിലയിൽ താങ്കളെ
കാണുവാനായതിൽ വേദനയുണ്ട്…” ഞാൻ പറഞ്ഞു.
“കുടലിൽ കാൻസർ ബാധിച്ചിരിക്കുകയാണെനിക്ക്… ഒന്നും തന്നെ ചെയ്യാനില്ല…
അന്ത്യം ഇവിടെത്തന്നെയാവണമെന്ന എന്റെ ആഗ്രഹം നല്ലവനായ ബിഷപ്പ് സമ്മതിച്ചു തന്നു. ദേവാലയത്തിലെ
കാര്യങ്ങളൊക്കെ നോക്കി നടത്തുവാനായി ഫാദർ ഡാമിയനെ വിട്ടു തന്നു അദ്ദേഹം… അത് പോട്ടെ… ഞാൻ വിളിപ്പിച്ചത് മറ്റ് ചില കാര്യങ്ങൾ പറയുവാനാണ്… കഴിഞ്ഞ ഒരു വർഷമായി താങ്കൾ നല്ല തിരക്കിലായിരുന്നു എന്ന് കേട്ടു…”
“മനസ്സിലായില്ല… കഴിഞ്ഞ വർഷം ആദ്യമായി ഞാൻ ഇവിടെ വന്നപ്പോൾ താങ്കൾ അതിനെക്കുറിച്ച്
ഒരു വാക്ക് പോലും മിണ്ടിയില്ല… മറിച്ച് എന്നെ ഇവിടെ നിന്നും ആട്ടിയോടിക്കുകയായിരുന്നു…” ഞാൻ പറഞ്ഞു.
“കാരണം വളരെ ലളിതമാണ്… വർഷങ്ങളോളം ഈ കഥയുടെ പാതി ഭാഗം മാത്രമേ എനിക്കറിയുമായിരുന്നുള്ളൂ… ഈ കഥയുടെ ബാക്കി കൂടി അറിഞ്ഞിരിക്കണമെന്ന അടക്കാനാവാത്ത ആഗ്രഹം എന്നെ
ഗ്രസിച്ചിരിക്കുന്നുവെന്ന് പെട്ടെന്നാണ് ഞാൻ തിരിച്ചറിഞ്ഞത് … മരണത്തിലേക്ക് അധിക ദൂരം ഇനിയില്ലാത്ത ഈ വൈകിയ വേളയിൽ…” അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാൻ അദ്ദേഹത്തിന്
മുന്നിൽ ആ കഥയുടെ ആദ്യഭാഗത്തിന്റെ കെട്ടഴിക്കുവാൻ തീരുമാനിച്ചു. അദ്ദേഹത്തോട് അത് പറയാതിരിക്കുന്നത്
കൊണ്ട് എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഉണ്ടാകാനും പോകുന്നില്ലായിരുന്നു. എല്ലാം
പറഞ്ഞ് അവസാനിക്കുമ്പോൾ മുറ്റത്തെ പുൽവിരിപ്പിൽ നിഴലുകൾ ചാഞ്ഞു തുടങ്ങിയിരുന്നു. വിടചൊല്ലുവാനൊരുങ്ങുന്ന
സായാഹ്നം ഞങ്ങളുടെ മുറിയിൽ ഇരുട്ടിനെ വരവേൽക്കാൻ തുടങ്ങിയിരിക്കുന്നു.
“പ്രശംസനീയം…” അദ്ദേഹം മൊഴിഞ്ഞു. “ഇത്രയും വിവരങ്ങളെല്ലാം താങ്കൾക്ക് എവിടെ നിന്ന്
ലഭിച്ചു…?”
“ഒന്നും ഔദ്യോഗിക ഉറവിടങ്ങളിൽ
നിന്നല്ല… ആളുകളുമായി സംസാരിച്ചതിൽ നിന്നും… ഇപ്പോഴും ജീവിച്ചിരിക്കുന്ന, ഇതേക്കുറിച്ച് സംസാരിക്കുവാൻ തയ്യാറായ
അപൂർവ്വം വ്യക്തികളിൽ നിന്നും… ആ ദൌത്യത്തിന് ചുക്കാൻ പിടിച്ചിരുന്ന വ്യക്തിയുടെ… അതായത് കേണൽ മാക്സ് റാഡ്‌ലിന്റെ ഡയറിക്കുറിപ്പുകൾ വായിക്കുവാൻ കഴിഞ്ഞതാണ്
എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം എന്ന് പറയാം… അദ്ദേഹത്തിന്റെ
വിധവ ഇപ്പോഴും ജർമ്മനിയിലെ ബവേറിയയിൽ ജീവിച്ചിരിപ്പുണ്ട്… ഇനി എനിക്കറിയേണ്ടത് അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്നതാണ്…”
“കനത്ത സെക്യൂരിറ്റി റെയ്ഡ്
ആയിരുന്നു അതിന് ശേഷം… ആ സംഭവത്തിൽ ഉൾപ്പെട്ട എല്ലാ ഗ്രാമീണരെയും ഇന്റലിജൻസ്
ബ്യൂറോയും സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റും ചേർന്ന് ചോദ്യം ചെയ്തു. ഈ പ്രദേശത്ത് ഒഫിഷ്യൽ
സീക്രറ്റ് ആക്ട് ഏർപ്പെടുത്തി. സത്യത്തിൽ അതിന്റെയൊന്നും ആവശ്യമുണ്ടായിരുന്നില്ല… ഒരു പ്രത്യേക സ്വഭാവത്തിന് ഉടമകളാണ് ഈ നാട്ടുകാർ… ആപത്തിൽ ഒറ്റക്കെട്ടായി നിൽക്കുന്നവർ… അപരിചിതരോട് ശത്രുതാമനോഭാവം വച്ചുപുലർത്തുന്നവർ… താങ്കൾ അത് കണ്ടതാണല്ലോ… അത് തങ്ങളുടെ മാത്രം കാര്യമാണെന്ന് ചിന്താഗതിയാണവർക്ക്… മറ്റുള്ളവർ അതിൽ തലയിടേണ്ട കാര്യം ഇല്ലെന്ന മട്ട്…”
“പക്ഷേ, അവരിൽ നിന്നും
ഒറ്റപ്പെട്ടവനായിരുന്നു ആർതർ സെയ്മൂർ… അയാൾക്കെന്ത് സംഭവിച്ചു…?”
“കഴിഞ്ഞ ഫെബ്രുവരിയിൽ
അയാൾ മരണമടഞ്ഞ കാര്യം താങ്കൾ അറിഞ്ഞു കാണാൻ വഴിയില്ല…”
“ഇല്ല…”
“ഒരു രാത്രിയിൽ കണക്കിലധികം
മദ്യപിച്ച് ഹോൾട്ടിൽ നിന്നും ഡ്രൈവ് ചെയ്ത് വരികയായിരുന്നു… കോസ്റ്റൽ റോഡിൽ വച്ച് നിയന്ത്രണം വിട്ട വാൻ ചതുപ്പിനുള്ളിലേക്ക് ഓടിയിറങ്ങി…”
“അന്ന് പ്രെസ്റ്റണെ തൂക്കിലേറ്റിയതിന്
എന്തെങ്കിലും ശിക്ഷ ലഭിച്ചിരുന്നുവോ അയാൾക്ക്…?”
“മാനസികാസ്വാസ്ഥ്യമുള്ള
വ്യക്തിയാണെന്ന് ഒരു സർട്ടിഫിക്കറ്റ് എല്ലാവരും കൂടി സംഘടിപ്പിച്ചതിന്റെ ആനുകൂല്യത്തിൽ
കൊലക്കുറ്റത്തിൽ നിന്നും രക്ഷപെട്ടു… പതിനെട്ട് വർഷം മെന്റൽ അസൈലത്തിൽ കഴിച്ചുകൂട്ടി.
പിന്നീട് മാനസികാരോഗ്യ നിയമങ്ങൾ ലഘൂകരിക്കപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങി…”
“അയാളെപ്പോലുള്ള ഒരാളോടൊപ്പം
ഗ്രാമീണർക്ക് എങ്ങനെ ഒത്തുപോകുവാൻ കഴിഞ്ഞു…?”
“ഗ്രാമത്തിലെ പകുതി കുടുംബങ്ങളോടെങ്കിലും
അയാൾക്ക് രക്തബന്ധമുണ്ടായിരുന്നു… ജോർജ് വൈൽഡിന്റെ ഭാര്യ ബെറ്റി അയാളുടെ സഹോദരി ആയിരുന്നു…”
“മൈ ഗോഡ്… എനിക്കതറിയില്ലായിരുന്നു…” ഞാൻ പറഞ്ഞു.
“മറ്റൊരു തരത്തിൽ പറഞ്ഞാൽ
ഇത്രയും കാലത്തെ മൌനം സെയ്മൂറിനുള്ള പരിരക്ഷയായിരുന്നു…”
“മറ്റൊരു വിധത്തിൽ ചിന്തിച്ചു
കൂടേ…? അന്ന് രാത്രി അയാൾ ചെയ്ത ആ കൊടും പാതകം നാട്ടുകാരെ
ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു എന്ന്… സത്യം വെളിപ്പെടുത്തുന്നതിലും നല്ലത് അത് മൂടി
വയ്ക്കുന്നതായിരിക്കും എന്ന്…?” ഞാൻ ചോദിച്ചു.
“അതും ശരിയാണ്…”
“പിന്നെ ആ കുഴിമാടത്തിന്
മുകളിലെ ശിലാഫലകം…?”
“ഏറ്റുമുട്ടലിൽ ഉണ്ടായ
കേടുപാടുകൾ തീർക്കുന്നതിനായി മിലിട്ടറി എൻജിനീയർമാരെ ഇങ്ങോട്ട് അയച്ചിരുന്നു… മൃതദേഹങ്ങൾ എല്ലാം കൂടി ഒരു കുഴിയിൽ ഇട്ട് മൂടിയത് അവരാണ്… ആരുടെ കുഴിമാടം ആണെന്ന് അറിയിക്കുന്ന ഫലകങ്ങൾ ഒന്നും സ്ഥാപിച്ചില്ല
അവർ… അത് പാടില്ലെന്നായിരുന്നു ഞങ്ങൾക്ക് ലഭിച്ച കർശന
നിർദ്ദേശം…”
“പക്ഷേ, താങ്കൾ വ്യത്യസ്തമായി
ചിന്തിച്ചു…?”
“ഞാൻ മാത്രമല്ല… ഗ്രാമീണർ ഒന്നടങ്കം… യുദ്ധകാലത്തെ പ്രചരണങ്ങൾ പലപ്പോഴും ഭീകരമായിരുന്നു… യുദ്ധത്തെക്കുറിച്ച് ഞങ്ങൾ കണ്ട സിനിമകളിലും വായിച്ച പുസ്തകങ്ങളിലും
വർത്തമാന പത്രങ്ങളിലും ഒക്കെ ഒരു ശരാശരി ജർമ്മൻ സൈനികനെ അങ്ങേയറ്റം കിരാതനും ദുഷ്ടനുമായിട്ടായിരുന്നു
ചിത്രീകരിച്ചിരുന്നത്… പക്ഷേ, ഞങ്ങൾ നേരിൽ കണ്ട ആ ജർമ്മൻകാർ അങ്ങനെയായിരുന്നില്ല… ഗ്രഹാം വൈൽഡ് ഇന്നും ജീവിച്ചിരിക്കുന്നത്… വിവാഹിതയായി ഭർത്താവിനോടും മൂന്ന് കുഞ്ഞുങ്ങളോടൊപ്പം സന്തോഷത്തോടെ
സൂസൻ ടെർണർ കഴിയുന്നത്…
സ്റ്റെയ്നറുടെ സംഘത്തിലെ ഒരു വ്യക്തി
തന്റെ ജീവൻ ബലി കൊടുത്ത് അവരെ രക്ഷിച്ചത് കൊണ്ട് മാത്രമാണ്… പിന്നെ അന്ന് ദേവാലയത്തിൽ തടവിലാക്കപ്പെട്ട എല്ലാ ഗ്രാമീണരെയും പോകുവാൻ
സ്റ്റെയ്നർ അനുവദിച്ചു എന്നതും മറക്കാൻ പാടില്ല…”
“അതിനാൽ അവരുടെ ഓർമ്മക്കായി
ഒരു സ്മാരകം തയ്യാറാക്കുവാൻ എല്ലാവരും കൂടി തീരുമാനിച്ചു…?”
“അതെ… അത് തയ്യാറാക്കുന്നത് വളരെ എളുപ്പമായിരുന്നു… പോസ്റ്റ് ഓഫീസ് നടത്തിയിരുന്ന ടെഡ് ടെർണർ സ്മാരക ശിലകൾ നിർമ്മിക്കുന്ന
ജോലിയിൽ നിന്നും വിരമിച്ച ആളായിരുന്നു… അതീവ രഹസ്യമായി നടത്തിയ ചടങ്ങുകൾക്ക് ശേഷം ഞാനത്
അവർക്കായി സമർപ്പിച്ചു… ഒറ്റ നോട്ടത്തിൽ ആർക്കും കണ്ടുപിടിക്കാനാവാത്ത
വിധം… പ്രെസ്റ്റണും ആ കുഴിമാടത്തിൽ തന്നെ അന്ത്യവിശ്രമം
കൊള്ളുന്നു… പക്ഷേ, ശിലാഫലകത്തിൽ പേര് ഉൾപ്പെടുത്തിയിട്ടില്ല
എന്ന് മാത്രം…”
“ഇക്കാര്യത്തിൽ നിങ്ങൾ
എല്ലാവരും ഏകാഭിപ്രായക്കാരായിരുന്നു…?”
വളരെ അപൂർവ്വം മാത്രം
കാണാറുള്ള തണുത്ത പുഞ്ചിരി അദ്ദേഹത്തിന്റെ മുഖത്ത് വിരിഞ്ഞു. “എന്റെ വ്യക്തിപരമായ പശ്ചാത്താപം
എന്ന് വേണമെങ്കിൽ പറയാം… നിങ്ങൾ
എന്റെ കുഴിമാടത്തിൽ നൃത്തമാടുമല്ലോ എന്നായിരുന്നു
സ്റ്റെയ്നർ അന്ന് എന്നോട് പറഞ്ഞ വാക്യം… അദ്ദേഹം പറഞ്ഞത് അക്ഷരം പ്രതി ശരിയുമായിരുന്നു… അത്രയ്ക്കും ഞാനദ്ദേഹത്തെ വെറുത്തിരുന്നു… ഒരു പക്ഷേ, സൌകര്യം ലഭിച്ചിരുന്നുവെങ്കിൽ ഞാനദ്ദേഹത്തെ കൊല്ലുക പോലും
ചെയ്യുമായിരുന്നു അന്ന്…”
“എന്തുകൊണ്ട്…? നിങ്ങളുടെ കാൽപാദം തകർത്തത് ഒരു ജർമ്മൻ ബുള്ളറ്റ് ആയതുകൊണ്ടോ…?”
“അങ്ങനെയായിരുന്നു ഞാൻ
നടിച്ചിരുന്നത്… ദൈവത്തിന് മുന്നിൽ മുട്ടുകുത്തി സത്യത്തെ നേരിടുവാനുള്ള
കരുത്ത് നൽകൂ എന്ന് കേണപേക്ഷിച്ച ആ ദിനം വരെയും…”
“ജോവന്ന ഗ്രേയുടെ കാര്യം…?” പതിഞ്ഞ സ്വരത്തിൽ ഞാൻ ചോദിച്ചു.
അദ്ദേഹത്തിന്റെ മുഖത്ത്
വിഷാദം പടർന്നു. അദ്ദേഹത്തിന്റെ മുഖഭാവം വിവരണാതീതമായിരുന്നു.
“കുമ്പസരിക്കുന്നതിനേക്കാൾ
കുമ്പസാരം കേൾക്കുക എന്നതായിരുന്നുവല്ലോ എന്റെ പഴക്കം… അതെ… താങ്കൾ ഉദ്ദേശിച്ചത് ശരിയാണ്… ഞാൻ അവരെ ആരാധിച്ചിരുന്നു… ഒരു വിധത്തിലുമുള്ള ഉപരിപ്ലവമായ അഭിനിവേശമായിരുന്നില്ല
അത്… ഷീ വാസ് ദി മോസ്റ്റ് വണ്ടർഫുൾ വുമൺ ഐ ഹാഡ് എവർ
നോൺ… അവരുടെ യഥാർത്ഥ റോൾ എന്താണെന്ന് വെളിപ്പെട്ടപ്പോൾ
എനിക്കുണ്ടായ ഷോക്ക് പറഞ്ഞറിയിക്കാൻ കഴിയില്ല…”
“അതിനാൽ താങ്കളുടെ മനസ്സ്
ആ കുറ്റം സ്റ്റെയ്നറുടെ മേൽ ആരോപിച്ചു...”
“അതെ… അതായിരുന്നു അതിന്റെ മനഃശാസ്ത്രം എന്ന് തോന്നുന്നു...” അദ്ദേഹം നെടുവീർപ്പിട്ടു.
“എത്രയോ വർഷങ്ങൾക്ക് മുമ്പായിരുന്നു അത്… എന്ത് പ്രായമുണ്ടായിരുന്നിരിക്കും താങ്കൾക്ക്
1943 ൽ? പന്ത്രണ്ടോ പതിമൂന്നോ…? അന്നത്തെ
അവസ്ഥ എന്തായിരുന്നുവെന്ന് താങ്കൾക്ക് ഓർമ്മയുണ്ടോ…?”
“സത്യം പറഞ്ഞാൽ, ഇല്ല…”
“അനന്തമായി നീളുന്ന യുദ്ധത്തിൽ
ജനങ്ങൾ മടുത്ത് കഴിഞ്ഞിരുന്നു… സ്റ്റെയ്നറും സംഘവും ഇവിടെയെത്തി നടത്തിയ സാഹസങ്ങൾ
വെളിയിലറിഞ്ഞാൽ രാജ്യത്തിന്റെ മനോവീര്യത്തിന് ഏൽക്കുമായിരുന്ന ആഘാതത്തെക്കുറിച്ച് താങ്കൾക്ക്
സങ്കൽപ്പിക്കുവാൻ കഴിയുമോ…? ജർമ്മൻ പാരാട്രൂപ്പേഴ്സ് ഇംഗ്ലണ്ടിൽ വന്നിറങ്ങി
പ്രധാനമന്ത്രിയുടെ തൊട്ടടുത്ത് എത്തുക…?”
“തൊട്ടടുത്ത്… തോക്കിന്റെ കാഞ്ചിയിൽ വിരൽ ഒന്ന് അമർന്നാൽ അദ്ദേഹത്തിന്റെ തല ചിതറിത്തെറിക്കുമായിരുന്ന
അത്രയും അടുത്ത്…”
വെറേക്കർ തല കുലുക്കി.
“അതെ… എന്നിട്ടും ഈ കഥ പ്രസിദ്ധീകരിക്കുവാൻ തന്നെയാണോ
താങ്കളുടെ തീരുമാനം…?”
“പ്രസിദ്ധീകരിക്കാതിരിക്കുവാൻ
പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല… വർഷങ്ങൾ ഇത്രയും കഴിഞ്ഞില്ലേ…?”
“എന്നാൽ കേട്ടോളൂ… അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല… ആ ശിലാഫലകം
ഇപ്പോൾ അവിടെയൊട്ടില്ല താനും… അങ്ങനെയൊന്ന് അവിടെയുണ്ടായിരുന്നുവെന്ന് ആർക്കാണ്
തെളിയിക്കാൻ കഴിയുക…? മാത്രമല്ല, ഇങ്ങനെയൊരു സംഭവം നടന്നു എന്നുള്ളതിന്
ഉപോദ്ബലകമായ ഒരു ഔദ്യോഗിക രേഖയെങ്കിലും താങ്കൾക്ക് കണ്ടുപിടിക്കുവാൻ കഴിഞ്ഞിട്ടുണ്ടോ…?”
“അങ്ങനെ ചോദിച്ചാൽ ഇല്ല
എന്നായിരിക്കും ഉത്തരം… പക്ഷേ, ഒരുപാട് പേരോട് ഞാൻ സംസാരിച്ചു… അവർ പറഞ്ഞ കാര്യങ്ങളും സംഭവങ്ങളും എല്ലാം കോർത്തിണക്കിയാൽ തികച്ചും
വിശ്വസനീയമായ ഒരു കഥ തന്നെയാണിത്…”
“വിശ്വസനീയമായ കഥ ആകുമായിരുന്നു…” ഫാദർ വെറേക്കറുടെ മുഖത്ത് ഒരു ചെറുപുഞ്ചിരി വിരിഞ്ഞു. “വളരെ പ്രധാനപ്പെട്ട
ഒരു വസ്തുത നാം കാണാതെ പോയിരുന്നെങ്കിൽ…”
“എന്തായിരുന്നു അത്…?”
“രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ച്
എഴുതപ്പെട്ടിട്ടുള്ള രണ്ട് ഡസനോളം വരുന്ന പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ ഏടുകൾ
മറിച്ചുനോക്കുക… എന്നിട്ട്, ഈ പറയുന്ന വാരാന്ത്യത്തിൽ വിൻസ്റ്റൺ
ചർച്ചിൽ എന്ത് ചെയ്യുകയായിരുന്നു എന്ന് പരിശോധിക്കുക… ഒരു പക്ഷേ, അതായിരുന്നിരിക്കും താങ്കൾക്ക് ചെയ്യാൻ കഴിയുമായിരുന്ന
ഏറ്റവും ലളിതവും വ്യക്തവുമായ കാര്യം…”
“ഓൾ റൈറ്റ്… എങ്കിൽ താങ്കൾ തന്നെ പറയൂ…” ഞാൻ പറഞ്ഞു.
“ടെഹ്‌റാൻ കോൺഫറൻസിൽ
പങ്കെടുക്കുവാൻ വേണ്ടി HMS റിനൌൺ എന്ന കപ്പലിൽ യാത്ര പുറപ്പെടാൻ തയ്യാറെടുക്കുകയായിരുന്നു
അദ്ദേഹമപ്പോൾ… പോകുന്ന വഴിയിൽ അൾജിയേഴ്സിൽ ഇറങ്ങി ജനറൽ ഐസൻഹോവറും
ജനറൽ അലക്സാണ്ടറുമായി നോർത്ത് ആഫ്രിക്കൻ കരാറിനെക്കുറിച്ച് ചർച്ച നടത്തിയ ശേഷം മാൾട്ടയിൽ
എത്തിച്ചേർന്നു… എന്റെ ഓർമ്മ ശരിയാണെങ്കിൽ നവംബർ പതിനേഴിന്…”
കാലം ഒരു നിമിഷം നിശ്ചലമായത്
പോലെ... ഘനീഭവിച്ച് നിന്ന നിശ്ശബ്ദതയെ ഞാൻ തന്നെ ഭഞ്ജിച്ചു.
“അപ്പോൾ ആരായിരുന്നു അത്…?”
“ജോർജ് ഹോവാർഡ് ഫോസ്റ്റർ
എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്… ദി ഗ്രേറ്റ് ഫോസ്റ്റർ എന്നായിരുന്നു തന്റെ പ്രൊഫഷനിൽ
അദ്ദേഹം അറിയപ്പെട്ടിരുന്നത്…”
“പ്രൊഫഷനിലോ…?”
“അതെ മിസ്റ്റർ ഹിഗ്ഗിൻസ്… നാടകരംഗത്ത്… ചരിത്ര സംഗീത നാടകങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്നു
അദ്ദേഹം… യുദ്ധം അദ്ദേഹത്തിന്റെ ജീവിതോപാധിയായിരുന്നു…”
“അതെങ്ങനെ…?”
“പ്രധാനമന്ത്രിയെ വളരെ
നന്നായി അനുകരിക്കുമായിരുന്നു അദ്ദേഹം… മാത്രമല്ല, കാഴ്ച്ചയിൽ മിസ്റ്റർ ചർച്ചിലുമായി അസാമാന്യ
സാദൃശ്യവും ഉണ്ടായിരുന്നു അദ്ദേഹത്തിന്… ഡൺകിർക്ക് പോരാട്ടത്തിന് ശേഷം എല്ലാ വേദികളിലും
ഗ്രാന്റ് ഫിനാലെ എന്ന പോലെ പ്രധാനമന്ത്രിയുടെ വേഷത്തിൽ ഒരു പ്രത്യേക ഇനം അവതരിപ്പിക്കുമായിരുന്നു… രക്തവും വിയർപ്പും കണ്ണീരുമല്ലാതെ മറ്റൊരു വാഗ്ദാനവുമില്ല എന്റെ പക്കൽ…
നമ്മൾ
അവരോട് പൊരുതുക തന്നെ ചെയ്യും… ആ പ്രകടനം കാണികൾ അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നു…”
“അത് കണ്ട ഇന്റലിജൻസ് ബ്യൂറോ അദ്ദേഹത്തെ ഉപയോഗിക്കുവാൻ
തുടങ്ങി…?”
“ചില പ്രത്യേക സന്ദർഭങ്ങളിൽ… ജർമ്മൻ നേവിയുടെ അന്തർവാഹിനികൾ വിഹരിക്കുന്ന കടലിലൂടെ യാത്ര ചെയ്യേണ്ടി
വരുന്ന അവസരങ്ങളിൽ പ്രധാനമന്ത്രി മറ്റൊരിടത്തായിരുന്നു എന്ന് പുറംലോകത്തെ തെറ്റിദ്ധരിപ്പിക്കുവാൻ
കഴിയുക എന്നത് അത്ര നിസ്സാര കാര്യമല്ലല്ലോ…” വെറേക്കർ
പുഞ്ചിരിച്ചു. “തന്റെ ജീവിതത്തിലെ മഹത്തായ പ്രകടനമായിരുന്നു ഫോസ്റ്റർ ആ രാത്രിയിൽ കാഴ്ച്ച
വച്ചത്… അത് പ്രധാനമന്ത്രി തന്നെയാണെന്ന് അവർ എല്ലാവരും
വിശ്വസിച്ചു… കൊർകൊറാന് മാത്രമേ സത്യം അറിയുമായിരുന്നുള്ളൂ…”
“ഓൾ റൈറ്റ്… ഈ ഫോസ്റ്റർ ഇപ്പോൾ എവിടെയാണ്…?”
“കൊല്ലപ്പെട്ടു… 1944 ഫെബ്രുവരിയിൽ ഐലിങ്ടണിലെ ഒരു നാടകശാലയുടെ മേൽ വന്ന് പതിച്ച ബോംബ്
മറ്റ് നൂറ്റിയെട്ട് പേരോടൊപ്പം അദ്ദേഹത്തിന്റെയും ജീവൻ കവർന്നു… അതുകൊണ്ടാണ് പറയുന്നത്… ഇതെല്ലാം വെറുതെയാണ്… ഈ സംഭവത്തിന് പ്രധാനമന്ത്രിയുമായി യാതൊരു ബന്ധവുമില്ല… ഇതൊരു രഹസ്യമായി തന്നെ തുടരുന്നതാണ് ഇതിൽ ഭാഗഭാക്കായവർക്കും നല്ലത്…”
നിയന്ത്രിക്കാനാവാത്ത
ചുമ അദ്ദേഹത്തെ ഗ്രസിച്ചു. കതക് തുറന്ന് ഒരു കന്യാസ്ത്രീ അദ്ദേഹത്തിനരികിലെത്തി ചെവിയിൽ
എന്തോ മന്ത്രിച്ചു.
“അയാം സോറി…” ക്ഷീണിത സ്വരത്തിൽ വെറേക്കർ പറഞ്ഞു. “കുറച്ചധിക നേരമായി ഈ ഇരിപ്പ്
തുടങ്ങിയിട്ട്… ഇനി അല്പം കിടക്കണം… താങ്ക് യൂ ഫോർ കമിങ്ങ് ആന്റ് ഫില്ലിങ്ങ് ദി ഗ്യാപ്‌സ്…”
അദ്ദേഹം വീണ്ടും ചുമയ്ക്കുവാൻ
തുടങ്ങവെ ഞാൻ തിരിഞ്ഞ് നടന്നു. പുറത്ത് വാതിലിനരികിൽ ഫാദർ ഡാമിയൻ നിൽക്കുന്നുണ്ടായിരുന്നു.
പടികളിറങ്ങവെ എന്റെ കാർഡ് അദ്ദേഹത്തിന്റെ കൈയിൽ വച്ചു കൊടുത്തു. “അദ്ദേഹത്തിന്റെ നില
മോശമാവുകയാണെങ്കിൽ…” ഞാൻ ഒന്ന് നിർത്തി. “ഞാൻ എന്താണ്
ഉദ്ദേശിച്ചതെന്ന് മനസ്സിലാകുന്നുണ്ടല്ലോ…? എന്നെ ഒന്ന് അറിയിച്ചാൽ നന്നായിരുന്നു…”
* * * * * * * * * * * *
* * * * * * * * * * * * * * * *
ഒരു സിഗരറ്റിന് തീ കൊളുത്തി
സെമിത്തേരിയുടെ കവാടത്തിനരികിലെ മതിൽ ചാരി ഞാൻ നിന്നു. ഫാദർ വെറേക്കർ പറഞ്ഞ കാര്യങ്ങളുടെ
നിജഃസ്ഥിതി എന്തായാലും ഞാൻ പരിശോധിക്കാതെ വിടില്ല എന്നത് തീർച്ച... എങ്കിലും അദ്ദേഹം
പറഞ്ഞത് നൂറ് ശതമാനവും സത്യം തന്നെ ആയിരിക്കുമെന്നതിൽ എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല.
പക്ഷേ, അതു കൊണ്ട് ഇവിടെ അന്ന് നടന്ന സംഭവങ്ങൾക്ക് യാതൊരു മാറ്റവും ഉണ്ടാകുവാൻ പോകുന്നില്ലല്ലോ… വർഷങ്ങൾക്ക് മുമ്പ് ആ സായാഹ്നത്തിൽ ഹാരി കെയ്നുമായി ഏറ്റുമുട്ടുവാൻ
തയ്യാറായി സ്റ്റെയ്നർ നിന്നിരുന്ന പോർച്ചിലേക്ക് ഞാൻ കണ്ണോടിച്ചു. പിന്നെ മെൽറ്റ്‌ഹാം
ഹൌസിന്റെ മട്ടുപ്പാവിൽ…
അദ്ദേഹത്തിന്റെ അന്ത്യ നിമിഷങ്ങളെക്കുറിച്ചോർത്തു.
വിരൽ മോസറിന്റെ ട്രിഗറിൽ സ്പർശിച്ചിരിക്കുമ്പോഴും അത് വലിക്കുവാൻ കാണിച്ച ആ വൈമനസ്യം… അതിനദ്ദേഹം ബലി കൊടുത്തത് തന്റെ ജീവൻ തന്നെയായിരുന്നു… ഇനി അഥവാ കാഞ്ചി വലിച്ചിരുന്നുവെങ്കിൽ തന്നെ യാതൊരു നേട്ടവും ഉണ്ടാകുമായിരുന്നില്ല
താനും…
ഡെവ്‌ലിൻ പറയാറുള്ളത്
പോലെ ഒരു പക്ഷേ, ഒരു വിരോധാഭാസമായിരിക്കാം ഇത്… അദ്ദേഹത്തിന്റെ
പൊട്ടിച്ചിരി അവിടെ മുഴങ്ങുന്നത് പോലെ എനിക്ക് തോന്നി. എത്രയൊക്കെ കൂട്ടിക്കിഴിച്ചിട്ടും
ആ രാത്രിയിൽ തന്റെ റോൾ മനോഹരമായി അഭിനയിച്ച് ഫലിപ്പിച്ച ഫോസ്റ്റർ പറഞ്ഞ വാക്കുകളെക്കാൾ
മെച്ചപ്പെട്ട ഒന്നും തന്നെ സ്റ്റെയ്നറെ വിശേഷിപ്പിക്കാൻ എനിക്ക് ലഭിച്ചില്ല.
“വാട്ട് എവർ എൽസ് മേ ബീ സെഡ്, ഹീ വാസ് എ ഫൈൻ സോൾജർ
ആന്റ് എ ബ്രേവ് മാൻ…” ഇത് ഇവിടം കൊണ്ട് അവസാനിക്കട്ടെ… ഇടമുറിയാതെ പെയ്യുന്ന മഴയെ ഏറ്റുവാങ്ങി ഞാൻ തിരിഞ്ഞു നടന്നു.
(അവസാനിച്ചു)