ജനറൽ കാൾ സ്റ്റെയ്നർ,
പ്രിൻസ് ആൽബസ്ട്രേസിന്റെ രണ്ടാം നിലയിലെ തന്റെ റൂമിൽ അത്താഴം കഴിച്ചു കഴിഞ്ഞപ്പോഴേക്കും
എട്ടു മണിയായിരുന്നു. ചിക്കൻ ലെഗ്, ഫ്രഞ്ച് ഫ്രൈസ്, സലാഡ്, അരക്കുപ്പി ചിൽഡ് റെയ്സ്‌ലിങ്ങ്
അടക്കം വിഭവ സമൃദ്ധം. ഏറ്റവുമൊടുവിൽ സുഗന്ധമൂറുന്ന ചുടു കാപ്പിയും… എല്ലാം ഒരു സ്വപ്നം പോലെ അവിശ്വസനീയമായി തോന്നി അദ്ദേഹത്തിന്.
കഴിഞ്ഞ തവണത്തെ ഷോക്ക്
ട്രീറ്റ്മെന്റിനെ തുടർന്ന് ബോധരഹിതനായി കുഴഞ്ഞ് വീണതിന് ശേഷം സ്ഥിതിഗതികളിൽ മാറ്റങ്ങൾ
സംഭവിച്ചിരുന്നു. അടുത്ത പ്രഭാതത്തിൽ കണ്ണ് തുറന്നതും സുഖപ്രദമായ കിടക്കയിൽ വൃത്തിയുള്ള
വിരിയുടെ പുറത്ത് താൻ കിടക്കുന്നതാണ് അദ്ദേഹം കണ്ടത്. ക്രൂരനായ റോസ്മാനെയോ അയാളുടെ
അനുചരന്മാരായ ഗെസ്റ്റപ്പോ ഭടന്മാരെയോ അവിടെങ്ങും കാണുവാൻ കഴിഞ്ഞില്ല. പകരം, സെയ്ഡ്ലർ
എന്ന് പേരുള്ള ഒരു ഭടനെയാണ് അരികിൽ കണ്ടത്. എസ്. എസ്. കമാന്റോ ആണെങ്കിലും അവന്റെ പെരുമാറ്റം
അങ്ങേയറ്റം മാന്യമായിരുന്നു.
ഇത്രയും നാളും അദ്ദേഹത്തിന്
ഏൽക്കേണ്ടി വന്ന പീഡനങ്ങൾക്ക് അവൻ ക്ഷമാപണം നടത്തി. ആരുടെയോ ഭാഗത്തും നിന്നും സംഭവിച്ച
ഗുരുതരമായ ഒരു തെറ്റ്… കരുതിക്കൂട്ടിയുള്ള തേജോവധം… അതേക്കുറിച്ച് വിശദമായ ഒരു അന്വേഷണത്തിന് ഹിമ്‌ലർ ഉത്തരവിട്ടിട്ടുണ്ടെന്നും
കാരണക്കാരായവർക്ക് കടുത്ത ശിക്ഷ ഉറപ്പ് വരുത്തുണ്ടെന്നും അവൻ അദ്ദേഹത്തെ അറിയിച്ചു.
എങ്കിലും സുരക്ഷാകാരണങ്ങളാൽ കുറച്ച് ദിവസത്തേക്ക് കൂടി ജനറൽ സ്റ്റെയ്നർക്ക് അവിടെത്തന്നെ
കഴിച്ചുകൂട്ടേണ്ടി വരുമെന്നുള്ള യാഥാർത്ഥ്യം അംഗീകരിക്കണമെന്നും അപേക്ഷിച്ചിട്ട് അവൻ
കതകടച്ച് പുറത്തിറങ്ങി.
ജനറൽ സ്റ്റെയ്നർക്ക് മനസ്സിലാക്കാൻ
കഴിയുന്നതായിരുന്നു ആ അവസ്ഥ. തനിക്കെതിരെ ഉന്നയിച്ച
ദേശദ്രോഹക്കുറ്റങ്ങൾക്കൊന്നിനും തന്നെ യാതൊരു തെളിവും നിരത്തുവാൻ അവർക്ക് സാധിച്ചിട്ടില്ല.
റോസ്മാന്റെ ക്രൂര പീഡനങ്ങൾക്ക് ശേഷവും തന്നെക്കൊണ്ട് വ്യാജ കുറ്റസമ്മതത്തിൽ ഒപ്പിടുവിക്കാൻ
അവർക്കായിട്ടില്ല എന്നതാണ് വാസ്തവം. മോശമല്ലാത്ത ആരോഗ്യ നിലയിൽ എത്തിയതിന് ശേഷം തന്നെ
മോചിപ്പിക്കുവാനാണ് അവർ ഇപ്പോൾ കിണഞ്ഞ് പരിശ്രമിക്കുന്നത്. മുറിവേറ്റ അടയാളങ്ങളൊക്കെ
ഉണങ്ങിത്തുടങ്ങിയിരിക്കുന്നു. അൽപ്പം മുമ്പാണ് പുത്തൻ യൂണിഫോം അദ്ദേഹത്തിന് അവർ നൽകിയത്.
അത്യന്തം രുചികരമായിരുന്നു
കാപ്പി. രണ്ടാമതൊരു കപ്പ് കൂടി പകർന്നുകൊണ്ടിരിക്കെ പിന്നിൽ കതകിലെ ലോക്ക് തിരിയുന്ന
ശബ്ദം കേട്ടു. അടുത്ത നിമിഷം വാതിൽ തുറക്കപ്പെട്ടു. ആരുടെയും കാലനക്കം കേൾക്കാഞ്ഞ്
തിരിഞ്ഞ് നോക്കിയ ജനറൽ സ്റ്റെയ്നർക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
കാൾ റോസ്മാൻ വാതിൽക്കൽ
നിലയുറപ്പിച്ചിരുന്നു. ചരിഞ്ഞ ക്യാപ്പ്. ഭീതിദായകമായ ലെതർ കോട്ട്. ചുണ്ടിൽ എരിയുന്ന
സിഗരറ്റ്. അയാളുടെ ഇരു വശങ്ങളിലും ആജ്ഞാനുവർത്തികളായി നിൽക്കുന്ന രണ്ട് ഗെസ്റ്റപ്പോ
ഭടന്മാർ.
“ഹലോ ജനറൽ… ഞങ്ങൾ നിങ്ങളെ മറന്നു എന്നാണോ കരുതിയത്…?” റോസ്മാൻ ചോദിച്ചു.
ജനറൽ സ്റ്റെയ്നറുടെ തലയ്ക്കകത്ത്
കൂടി ഒരു മിന്നൽപ്പിണർ പാഞ്ഞു. എല്ലാം വ്യക്തമാകുന്നു ഇപ്പോൾ…
“യൂ ബാസ്റ്റർഡ്….” അലറിക്കൊണ്ട് അദ്ദേഹം കോഫി നിറച്ച കപ്പ് റോസ്മാന്റെ തല നോക്കി എറിഞ്ഞു.
“അതൽപ്പം കൂടിപ്പോയി… ഒരിക്കലും ചെയ്യാൻ പാടില്ലാത്തതായിരുന്നു ജനറൽ, ഇത്…” ഒഴിഞ്ഞ് മാറിക്കൊണ്ട് റോസ്മാൻ പറഞ്ഞു.
അയാൾക്കൊപ്പമുണ്ടായിരുന്ന
ഗെസ്റ്റപ്പോ ഭടന്മാരിലൊരുവാൻ മുന്നോട്ട് ചാടി വീണ് കയ്യിലെ ലാത്തി കൊണ്ട് ജനറൽ സ്റ്റെയ്നറുടെ
അടിവയറ്റിൽ ആഞ്ഞ് കുത്തി. അസഹ്യമായ വേദനയാൽ അദ്ദേഹം നിലവിളിച്ചുകൊണ്ട് മുട്ടുകുത്തി
മുന്നോട്ട് ഇരുന്നു. തൊട്ട് പിറകെ തലയ്ക്കേറ്റ ശക്തിയായ താഡനത്തോടെ അദ്ദേഹം കമഴ്ന്ന്
വീണു.
“നേരെ തടവറയിലേക്ക്…” നിർവികാരനായി പറഞ്ഞിട്ട്
റോസ്മാൻ നടന്നകന്നു.
ഗെസ്റ്റപ്പോ ഭടന്മാർ ഇരുവരും
അദ്ദേഹത്തിന്റെ ഓരോ കാലുകളിലും പിടുത്തമിട്ട് നിലത്തുകൂടി വലിച്ചിഴച്ച് ഇടനാഴിയിലൂടെ
പട്ടാളച്ചിട്ടയിൽ നടന്നു. സ്റ്റെയർകെയ്സിലൂടെ താഴോട്ടിറങ്ങുമ്പോഴും അദ്ദേഹത്തിന്റെ
മുഖം തറയിൽ ഉരഞ്ഞുകൊണ്ടിരുന്നു…
*** *** *** *** *** *** *** *** ***
ഹെൻട്രിച്ച് ഹിമ്‌ലറുടെ
ഓഫീസിന്റെ വാതിലിൽ മുട്ടിയിട്ട് കേണൽ മാക്സ് റാഡ്‌ൽ ഉള്ളിൽ കടന്നു. നെരിപ്പോടിനരികിൽ
കോഫി നുകർന്നുകൊണ്ട് നിൽക്കുകയാണ് ഹിമ്‌ലർ. റാഡ്‌ലിനെ കണ്ടതും തിരികെ വന്ന് കപ്പ് മേശമേൽ
വച്ചു.
“നിങ്ങൾ പോയിക്കാണുമെന്നാണ്
ഞാൻ കരുതിയത്…” ഹിമ്‌ലർ നീരസത്തോടെ പറഞ്ഞു.
“ഇന്ന് രാത്രിയാണ് പാരീസിലേക്കുള്ള
ഫ്ലൈറ്റ്… പിന്നെ അഡ്‌മിറൽ കാനറീസ് ഇന്ന് രാവിലെ മാത്രമാണ്
ഇറ്റലിയിലേക്ക് പറന്നത്… താങ്കൾക്കറിയാവുന്നതാണല്ലോ അക്കാര്യം…” റാഡ്‌ൽ പറഞ്ഞു.
“അത് നിർഭാഗ്യകരമായിപ്പോയി… സാരമില്ല… ഇനിയും സമയമുണ്ട് നിങ്ങൾക്ക്… ഇന്ന് രാവിലെ നിങ്ങൾ റോസ്‌മാന് സമർപ്പിച്ച റിപ്പോർട്ട് ഞാൻ കണ്ടു… നോർഫോക്കിൽ നമ്മൾ പറയുന്ന സ്ഥലത്ത് വന്നിട്ടുള്ള ആ അമേരിക്കൻ റെയ്ഞ്ചേഴ്സിനെക്കുറിച്ച്
എന്ത് പറയുന്നു…? പ്രശ്നമാകുമോ…?” ഹിമ്‌ലർ
മുഖത്ത് നിന്നും തന്റെ കണ്ണട എടുത്ത് ശ്രദ്ധാപൂർവ്വം തുടച്ചു.
ഹിമ്‌ലർ മേശപ്പുറത്ത്
നിവർത്തിയ ഓർഡ്‌നൻസ് സർവേ മാപ്പിൽ റാഡ്‌ൽ വിരലോടിച്ചു. “ഹെർ റൈഫ്യൂറർ… ഈ കാണുന്നതാണ് മെൽറ്റ്‌ഹാം ഹൌസ്… സ്റ്റഡ്ലി
കോൺസ്റ്റബിളിൽ നിന്നും തീരദേശപാതയിലൂടെ എട്ട് മൈൽ വടക്ക്… ഹോബ്സ് എന്റിൽ നിന്നും പന്ത്രണ്ടോ പതിമൂന്നോ മൈൽ ദൂരെ… മിസ്സിസ് ഗ്രേയുടെ ഏറ്റവും ഒടുവിലത്തെ റേഡിയോ സന്ദേശമനുസരിച്ച് അമേരിക്കൻ
ട്രൂപ്പിന്റെ സാന്നിദ്ധ്യം നമുക്കൊരു ഭീഷണിയാകുമെന്ന് കരുതുന്നില്ല…”
ഹിമ്‌ലർ തലകുലുക്കി.
“നിങ്ങളുടെ ആ ഐറിഷ്കാരൻ അയാളുടെ ചുമതല നിർവ്വഹിച്ചു കഴിഞ്ഞുവെന്ന് സാരം… ഇനി ബാക്കി കാര്യങ്ങളെല്ലാം സ്റ്റെയ്നറുടെ കൈയിൽ…”
“അദ്ദേഹം നമ്മെ നിരാശപ്പെടുത്തുമെന്ന്
തോന്നുന്നില്ല…” റാഡ്‌ൽ പറഞ്ഞു.
“അതേ… അയാൾക്ക് ഇക്കാര്യത്തിൽ നിന്നും വിട്ട് നിൽക്കാനാവില്ലല്ലോ…”
“മേജർ സ്റ്റെയ്നറുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്
ചോദിക്കുവാനുള്ള അനുവാദമുണ്ടോ എനിക്ക്, ഹെർ റൈഫ്യൂറർ…?”
“ഇന്നലെ വൈകുന്നേരം കണ്ടിരുന്നു
ഞാൻ… ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു
അയാൾ… പക്ഷേ, എന്നെ കണ്ടില്ല… റോസ്റ്റ് പൊട്ടറ്റോ, മിക്സഡ് വെജിറ്റബിൾസ്, പിന്നെ തരക്കേടില്ലാത്ത
അളവ് മാംസവും…
ഈ മാംസഭുക്കുകൾ അറിയുന്നുണ്ടോ ആവോ ഇതിന്റെയെല്ലാം ദൂഷ്യഫലങ്ങൾ...!” അദ്ദേഹം നെടുവീർപ്പിട്ടു.
“നിങ്ങൾ
മാംസം കഴിക്കാറുണ്ടോ ഹെർ ഓബർസ്റ്റ്…?”
“ഉണ്ട്…” റാഡ്‌ൽ ജാള്യതയോടെ പറഞ്ഞു.
“കൂടാതെ ദിവസവും അറുപതോ
എഴുപതോ റഷ്യൻ സിഗരറ്റും… പോരാത്തതിന് മദ്യവും… എത്രത്തോളം ബ്രാണ്ടി അകത്താക്കാറുണ്ട് നിങ്ങളിപ്പോൾ…?” അദ്ദേഹം തന്റെ കൈയിലെ പേപ്പറുകൾ മേശമേൽ വൃത്തിയായി അടുക്കി വച്ചിട്ട്
തലയാട്ടി. “എന്തായാലും നിങ്ങളുടെ കാര്യത്തിൽ അതൊന്നും അത്ര ഏശില്ല എന്ന് തോന്നുന്നു…”
“ഈ പന്നിക്ക് അറിയാത്തതായി എന്തെങ്കിലുമുണ്ടോ…?” റാഡ്‌ൽ മനസ്സിൽ പറഞ്ഞു.
“വെള്ളിയാഴ്ച്ച എത്ര മണിക്കാണ്
അവർ പുറപ്പെടുന്നത്…?” ഹിമ്‌ലർ ചോദിച്ചു.
“അർദ്ധരാത്രിക്ക് തൊട്ട്
മുമ്പ്… കാലാവസ്ഥ അനുകൂലമാണെങ്കിൽ… ഒരു മണിക്കൂർ നേരമുള്ള യാത്ര…”
ഹിമ്‌ലർ തലയുയർത്തി. അദ്ദേഹത്തിന്റെ
കണ്ണുകൾ നിർവികാരമായിരുന്നു. “കേണൽ റാഡ്‌ൽ… ഒരു കാര്യം ഞാൻ വ്യക്തമാക്കാം… നമ്മുടെ പ്ലാൻ പോലെ തന്നെ കേണൽ സ്റ്റെയ്നറും സംഘവും കൃത്യസമയത്ത് തന്നെ
പുറപ്പെടുന്നു… കാലാവസ്ഥ അനുകൂലമായാലും ഇല്ലെങ്കിലും… അടുത്ത ദിവസം രാത്രിയിലേക്ക് നീട്ടി വയ്ക്കാവുന്ന ഒരു സംഗതിയല്ല ഇത്… ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അമൂല്യ അവസരം… വെള്ളിയാഴ്ച്ച രാവിലെ മുതൽ നിങ്ങൾ ഈ ഓഫീസുമായി ഓരോ മണിക്കൂറിലും ഫോണിൽ
ബന്ധപ്പെട്ടുകൊണ്ടിരിക്കും… നമ്മുടെ ദൌത്യം വിജയകരമായി പര്യവസാനിക്കുന്നത്
വരെയും അത് തുടർന്നുകൊണ്ടിരിക്കും…”
“തീർച്ചയായും ഹെർ റൈഫ്യൂറർ…”
റാഡ്‌ൽ വാതിലിന് നേർക്ക്
നടക്കവേ ഹിമ്‌ലർ തുടർന്നു. “ഒരു കാര്യം കൂടി… പല കാരണങ്ങളാലും ഈ ദൌത്യത്തിന്റെ പുരോഗതിയെക്കുറിച്ച്
ഞാൻ ഫ്യൂററോട് പറഞ്ഞിട്ടില്ല… അത്യന്തം ദുർഘടമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്നു
പോയ്ക്കൊണ്ടിരിക്കുന്നത്… സാമ്രാജ്യത്തിന്റെ ഭാവി അദ്ദേഹത്തിന്റെ ചുമലിലാണ്… അതുകൊണ്ട് തന്നെ മിസ്റ്റർ ചർച്ചിലിനെ അദ്ദേഹത്തിന് മുന്നിൽ ഒരു സർപ്രൈസ്
ആയി കൊണ്ടുവന്ന് നിർത്തുവാൻ ഞാനാഗ്രഹിക്കുന്നു...”
ഹിമ്‌ലർ സ്വപ്നലോകത്ത്
വളരെയധികം സഞ്ചരിച്ചു കഴിഞ്ഞിരിക്കുന്നുവെന്ന് ഒരു നിമിഷം കേണൽ റാഡ്‌ലിന് തോന്നി. എന്നാൽ
അദ്ദേഹം കാര്യമായിട്ട് തന്നെയാണ് അത് പറഞ്ഞതെന്ന് അടുത്ത നിമിഷം റാഡ്‌ൽ മനസ്സിലാക്കി.
“ഈ സമയത്ത് നാം അദ്ദേഹത്തെ
നിരാശപ്പെടുത്തരുത്… നാമെല്ലാം ഇനി സ്റ്റെയ്നറുടെ കൈകളിലാണ്… അക്കാര്യം അദ്ദേഹത്തെ പറഞ്ഞ് മനസ്സിലാക്കൂ…” ഹിമ്‌ലർ പറഞ്ഞു.
“തീർച്ചയായും, ഹെർ റൈഫ്യൂറർ…” ഉള്ളിലുരുണ്ടു കൂടിയ ചിരി പുറമേ കാണിക്കാതിരിക്കാൻ ശ്രമിക്കവേ അദ്ദേഹത്തിന്റെ സ്വരം തടസ്സപ്പെട്ടു.
ഹിമ്‌ലർ തന്റെ വലത് കൈ
ഉയർത്തി നാസി സല്യൂട്ട് നൽകി. “ഹിറ്റ്ലർ നീണാൾ വാഴട്ടെ…”
അറ്റൻഷനായി നിന്ന് റാഡ്‌ൽ
പ്രത്യഭിവാദ്യം നൽകി. പിന്നെ ധൃതിയിൽ കതക് തുറന്ന് പുറത്തിറങ്ങി.