മദ്ധ്യാഹ്നമാകുന്നതേയുള്ളൂ.
തന്റെ വസതിയിലെ ഹാളിന്റെ അറ്റത്തുള്ള വാതിൽ തുറന്ന് ഫാദർ ഫിലിപ്പ് വെറേക്കർ താഴോട്ടുള്ള
പടികളിറങ്ങി നിലവറയിലേക്ക് നടന്നു. കാലിൽ കടുത്ത വേദന അനുഭവപ്പെടുന്നുണ്ട്. അതിനാൽ
തന്നെ കഴിഞ്ഞ രാത്രി അൽപ്പം പോലും ഉറങ്ങുവാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, അത് തന്റെ മാത്രം
തെറ്റാണ്. വേദന സംഹാരിയായി ഡോക്ടർ ആവശ്യത്തിലധികം മോർഫിൻ ഗുളികകൾ നൽകിയിട്ടുണ്ടെങ്കിലും
അതിന് അടിമപ്പെട്ടു പോകുമോ എന്ന ഭയത്താൽ കഴിയുന്നതും അത് ഉപയോഗിക്കാതിരിക്കുകയാണ് അദ്ദേഹം.
അതുകൊണ്ട് വേദന സഹിക്കുക
തന്നെ… പാംഗ്ബേണിൽ നിന്നും അവളെ കൊണ്ടുവരുവാനായി ഹാരി
കെയ്ൻ ചെല്ലുന്നുണ്ടെന്ന് അവൾ രാവിലെ ഫോൺ ചെയ്ത് പറഞ്ഞിരുന്നു. അതിനാൽ തന്റെ ഒരു ഗ്യാലൻ
പെട്രോൾ ലാഭമായി. ഇന്നത്തെ കാലത്ത് അതൊരു വലിയ കാര്യം തന്നെയാണ്… മാത്രമല്ല, ഹാരി കെയ്ൻ എന്ന യുവ സൈനികനെക്കുറിച്ച് നല്ല മതിപ്പും തോന്നുന്നു.
സാധാരണ ഒരു വ്യക്തിയെ അത്ര പെട്ടെന്നൊന്നും താൻ അംഗീകരിക്കാത്തതാണ്. എന്തായാലും ഒടുവിൽ
പമേല ഒരു യുവാവുമായി ബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത് തന്നെ നല്ല കാര്യം.
നിലവറയിലേക്കുള്ള അവസാനത്തെ
പടിയുടെ സമീപം ചുമരിൽ നീളമുള്ള ഒരു ടോർച്ച് കൊളുത്തിയിട്ടിരുന്നു. വെറേക്കർ ആ ടോർച്ച്
എടുത്തിട്ട് എതിരെ കണ്ട ചുവരലമാരയുടെ വാതിൽ തുറന്നു. ശേഷം പതുക്കെ അതിനുള്ളിലേക്ക്
കയറി കതകടച്ചു. പിന്നെ ടോർച്ച് തെളിയിച്ച് അലമാരയുടെ പിൻഭാഗത്തുള്ള രഹസ്യ വാതിൽ തള്ളിത്തുറന്നു.
നീളമേറിയ ഒരു ടണലിന്റെ ആരംഭമായിരുന്നു ആ വാതിൽ. നോർഫോക്ക് ശൈലിയിൽ പണിത ചുവരുകളിൽ എമ്പാടും ഈർപ്പം നിറഞ്ഞിരുന്നു.
ബ്രിട്ടണിൽ അത്തരത്തിലുള്ള
നിർമ്മിതിയുടെ അപൂർവ്വം ശേഷിപ്പുകളിൽ ഒന്നായിരുന്നു അത്. പുരോഹിതന്റെ വസതിയും ദേവാലയവുമായി
ബന്ധിപ്പിച്ചുകൊണ്ട് പണ്ടെങ്ങോ പണി കഴിപ്പിച്ച ഗുഹാമാർഗ്ഗം. തലമുറകളായി ഈ രഹസ്യം ദേവാലയത്തിലെ
പുരോഹിതരിൽ നിന്നും പുരോഹിതരിലേക്ക് കൈമാറി വന്നുകൊണ്ടിരിക്കുന്നു. എന്തായാലും ഫാദർ
വെറേക്കറെ സംബന്ധിച്ചിടത്തോളം ഈ ടണൽ വളരെ സൌകര്യപ്രദമായിട്ടാണ് അനുഭവപ്പെട്ടത്.
ടണലിന്റെ മറുഭാഗത്തെ പടികൾ
കയറവേ ഫാദർ വെറേക്കർ ഒരു നിമിഷം ആശ്ചര്യത്തോടെ നിന്നു. അതെ… തന്റെ സംശയം ശരിയാണ്… ആരോ ഓർഗൻ വായിക്കുന്ന സ്വരം വളരെ വ്യക്തമായി ഒഴുകിയെത്തുന്നു.
ശേഷിക്കുന്ന പടികൾ കൂടി കയറി അദ്ദേഹം വാതിൽ തുറന്നു. ദേവാലയത്തിന്റെ ചുമരിലെ പാനലിങ്ങിന്റെ
പിന്നിൽ ചെറിയ ഷെൽഫ് പോലുള്ള അറയിലേക്കാണ് അദ്ദേഹം എത്തിയത്. ആ വാതിൽ അടച്ചിട്ട് അദ്ദേഹം
എതിർവശത്തുള്ള കതക് തുറന്ന് ദേവാലയത്തിനുള്ളിലേക്ക് കാലെടുത്തു വച്ചു.
ഇടനാഴിയിലൂടെ നടന്ന് ഹാളിൽ
പ്രവേശിച്ച അദ്ദേഹം തന്റെ മുന്നിൽ കണ്ട ദൃശ്യത്തിൽ വിസ്മയം കൊണ്ടു. ഓർഗൻ വായിച്ചുകൊണ്ടിരിക്കുന്ന
ഒരു പാരാട്രൂപ്പർ. കാമുഫ്ലാഷ് ജമ്പ് യൂണിഫോം ധരിച്ചിരിക്കുന്ന അയാൾ തന്റെ ചുവന്ന ക്യാപ്പ്
അരികിലെ കസേരയിൽ വച്ചിരിക്കുന്നു. കാലഘട്ടത്തിന് അനുയോജ്യമായ, എല്ലാവർക്കും സുപരിചിതമായ
ഒരു ഗാനമാണ് അയാൾ വായിച്ചു കൊണ്ടിരിക്കുന്നത്.
ഹാൻസ് ആൾട്ട്മാൻ ശരിക്കും
ആസ്വദിച്ചുകൊണ്ടായിരുന്നു ആ ഗാനം വായിച്ചുകൊണ്ടിരുന്നത്. മനോഹരമായ ദേവാലയം. ഉന്നത നിലവാരമുള്ള
ഓർഗൻ. അതിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ദർപ്പണത്തിൽ പ്രത്യക്ഷപ്പെട്ട ഫാദർ വെറേക്കറുടെ
രൂപം പെട്ടെന്നാണ് അയാൾ കണ്ടത്. വായന നിർത്തി പെട്ടെന്ന് അയാൾ തിരിഞ്ഞു.
“ഐ ആം സോറി ഫാദർ… ഇത് കണ്ടപ്പോൾ വായിക്കാതിരിക്കാൻ കഴിഞ്ഞില്ല…” ആൾട്ട്മാൻ നിസ്സഹായനായി കൈകൾ ഉയർത്തി. “വൺ ഡസ്‌ന്റ് ഓഫൺ ഗെറ്റ് ദി
ചാൻസ് ഇൻ മൈ പ്രസന്റ് ഓക്യുപ്പേഷൻ…” അയാളുടെ ഇംഗ്ലീഷ് വളരെ മികച്ചതായിരുന്നുവെങ്കിലും
ഒരു പ്രത്യേക ശൈലിയിലായിരുന്നു.
“ഹൂ ആർ യൂ…?” വെറേക്കർ ചോദിച്ചു.
“സർജന്റ് എമിൽ ജനോവ്സ്കി,
ഫാദർ…”
“പോളിഷ്…?”
“ദാറ്റ്സ് റൈറ്റ്…” ആൾട്ട്മാൻ തല കുലുക്കി. “ഞാനും എന്റെ മേലുദ്യോഗസ്ഥനും കൂടി താങ്കളെ
കാണുവാനായി വന്നതാണ്… പക്ഷേ, കാണാത്തതുകൊണ്ട് അദ്ദേഹം താങ്കളുടെ വസതിയിലേക്ക്
പോയിരിക്കുകയാണ്… എന്നോട് ഇവിടെ വെയ്റ്റ് ചെയ്യുവാൻ പറഞ്ഞു…”
“നിങ്ങൾ ഓർഗൻ വളരെ നന്നായി
വായിക്കുന്നുവല്ലോ… നല്ല നൈപുണ്യമുണ്ടെങ്കിൽ മാത്രമേ അതിന് സാധിക്കുകയുള്ളൂ… ഓരോ തവണയും ഇതിന് മുന്നിലിരിക്കുമ്പോൾ എന്റെ കഴിവുകേട് ഓർത്ത് ഞാൻ
സ്വയം ശപിക്കും…”
“ഓഹോ… അപ്പോൾ താങ്കളും ഇത് വായിക്കാറുണ്ടല്ലേ ഫാദർ…?” ആൾട്ട്മാൻ ചോദിച്ചു.
“തീർച്ചയായും… നിങ്ങൾ ഇപ്പോൾ വായിച്ചുകൊണ്ടിരുന്ന ആ ഗാനം എന്റെയും ഇഷ്ടഗാനങ്ങളിലൊന്നാണ്…” വെറേക്കർ പറഞ്ഞു.
“എനിക്കേറ്റവും ഇഷ്ടമുള്ള
ഗാനമാണത്…” ആൾട്ട്മാൻ വീണ്ടും ഓർഗൻ വായിക്കുവാൻ ആരംഭിച്ചു.
ആ നിമിഷമാണ് ഹാളിന്റെ
വലിയ വാതിൽ തുറന്ന് സ്റ്റെയ്നർ ഉള്ളിലേക്ക് പ്രവേശിച്ചത്. ഒരു കൈയിൽ ബാറ്റണും മറുകൈയിൽ
തന്റെ ചുവന്ന ക്യാപ്പുമായി അദ്ദേഹം അവരുടെ നേർക്ക് നടന്നടുത്തു. ജാലകങ്ങളിലൂടെ ചരിഞ്ഞ്
കടന്നുവന്ന സൂര്യപ്രകാശം അദ്ദേഹത്തിന്റെ ചെമ്പൻ മുടിയിഴകളിൽ പതിച്ചപ്പോൾ ജ്വാല കണക്കെ
തിളങ്ങി.
“ഫാദർ വെറേക്കർ…?”
“ദാറ്റ്സ് റൈറ്റ്…”
“ഐ ആം ഹോവാർഡ് കാർട്ടർ,
ഇൻ കമാൻഡ് ഇൻഡിപെൻഡന്റ് പോളിഷ് പാരച്യൂട്ട് സ്ക്വാഡ്രൺ ഓഫ് ദി സ്പെഷൽ എയർ സർവീസ് റജിമെന്റ്…” സ്റ്റെയ്നർ ആൾട്ട്മാന്റെ നേർക്ക് തിരിഞ്ഞു. “ജനോവ്സ്കി… നിങ്ങൾ ഇവിടെ അപമര്യാദയായിട്ടൊന്നും പ്രവർത്തിച്ചില്ലല്ലോ അല്ലേ…?”
“കേണലിന് അറിയാമല്ലോ,
ഓർഗൻ എന്റെ ഒരു ദൌർബല്യമാണെന്ന്…”
സ്റ്റെയ്നർ പുഞ്ചിരിച്ചു.
“സാരമില്ല… തൽക്കാലം ഇതവസാനിപ്പിച്ചിട്ട് പുറത്ത് പോയി മറ്റുള്ളവർക്കൊപ്പം
വെയ്റ്റ് ചെയ്യൂ…”
ആൾട്ട്മാൻ പുറത്തേക്ക്
നടക്കവേ സ്റ്റെയ്നർ ആ ദേവാലയത്തിന്റെ ഉൾഭാഗം മൊത്തത്തിൽ ഒന്ന് വീക്ഷിച്ചു. “മനോഹരമായിരിക്കുന്നു…”
വെറേക്കർ അദ്ദേഹത്തെ ആകാംക്ഷാപൂർവ്വം
വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജമ്പ് ജാക്കറ്റിൽ അണിഞ്ഞിരിക്കുന്ന ക്രൌൺ ബാഡ്ജിൽ
നിന്നും അദ്ദേഹം ലെഫ്റ്റനന്റ് കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ഫാദർ വെറേക്കറിന്
മനസ്സിലായി.
“അതേ… ഞങ്ങൾ അതിൽ അഭിമാനിക്കുന്നു…” വെറേക്കർ പറഞ്ഞു. “നിങ്ങളും നിങ്ങളുടെ സഹപ്രവർത്തകനും
പതിവ് താവളങ്ങളിൽ നിന്നും വളരെ ദൂരെയാണ് ഇത്തവണ എത്തിയിരിക്കുന്നതെന്ന് തോന്നുന്നു…? ഗ്രീക്ക് ദ്വീപുകളും യൂഗോസ്ലാവിയയും ഒക്കെയല്ലേ നിങ്ങളുടെ വിഹാര കേന്ദ്രങ്ങൾ…?”
“അതേ… ഏതാണ്ട് കഴിഞ്ഞ ഒരു മാസക്കാലമായി ഞങ്ങൾ അവിടെത്തന്നെ ആയിരുന്നു… പെട്ടെന്നാണ് മുകളിൽ ഇരിക്കുന്നവർക്ക്
ഞങ്ങളെ തിരികെ സ്വദേശത്ത് കൊണ്ടുവന്ന് സ്പെഷൽ ട്രെയ്നിങ്ങിനായി അയക്കണമെന്ന് ബോധോദയമുണ്ടായത്… എന്റെ സഹപ്രവർത്തകർ എല്ലാം പോളണ്ടുകാരായത് കൊണ്ട് സ്വദേശം എന്ന് വിശേഷിപ്പിക്കുന്നത്
ഒരു പക്ഷേ അത്ര ഉചിതമായിരിക്കില്ല...”
“ജനോവ്സ്കിയെപ്പോലെ…?”
“എല്ലാവരും അല്ല… അയാൾ വളരെ നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യും… മറ്റുള്ളവരിൽ അധികവും പേർക്ക് ഏറി വന്നാൽ ഹലോ.. അല്ലെങ്കിൽ വിൽ യൂ കം ഔട്ട് വിത് മീ റ്റുനൈറ്റ് എന്നൊക്കെ ചോദിക്കാനേ
അറിയൂ… അതിൽ കൂടുതൽ അറിയണമെന്നും പഠിക്കണമെന്നും ആഗ്രഹവുമില്ല
അവർക്കൊന്നും…” സ്റ്റെയ്നർ പുഞ്ചിരിച്ചു. “ഈ പാരാട്രൂപ്പേഴ്സിൽ അധികവും പരുഷ സ്വഭാവത്തിനുടമകളാണ്
ഫാദർ… എപ്പോഴും റിസ്ക് നിറഞ്ഞ ജീവിതമല്ലേ…”
“എനിക്കറിയാം കേണൽ… ഞാനും അവരിൽ ഒരുവനായിരുന്നു ഒരു കാലത്ത്… ഫസ്റ്റ് പാരച്യൂട്ട് ബ്രിഗേഡിൽ…” വെറേക്കർ പറഞ്ഞു.
“മൈ ഗോഡ്…! സത്യമാണോ ഈ പറയുന്നത്…? അപ്പോൾ താങ്കൾ ടുണീഷ്യയിൽ സേവനമനുഷ്ടിച്ചിരിക്കണമല്ലോ…” സ്റ്റെയ്നർ അത്ഭുതഭാവം പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു.
“അതേ… അവിടെ വച്ചാണ് എന്റെ കാലിന് ഇത് സംഭവിച്ചത്…” വെറേക്കർ വാക്കിങ്ങ് സ്റ്റിക്ക് കൊണ്ട് തന്റെ കൃത്രിമ കാലിൽ തട്ടിക്കാണിച്ചു.
“അങ്ങനെ അവസാനം ഞാൻ ഇവിടെയെത്തി…”
സ്റ്റെയ്നർ മുന്നോട്ട്
വന്ന് അദ്ദേഹത്തിന് ഹസ്തദാനം നൽകി. “ഇറ്റ്സ് എ പ്ലഷർ റ്റു മീറ്റ് യൂ… ഇതുപോലൊന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ഫാദർ…”
വളരെ അപൂർവ്വം മാത്രം
ഉത്ഭവിക്കാറുള്ള മന്ദഹാസം ഫാദർ വെറേക്കറുടെ മുഖത്ത് പ്രത്യക്ഷപ്പെട്ടു. “വാട്ട് ക്യാൻ
ഐ ഡൂ ഫോർ യൂ നൌ…?”
“കഴിയുമെങ്കിൽ രാത്രിയിൽ
തങ്ങാൻ ഒരിടം… അധികമകലെയല്ലാതെ ഒരു ധാന്യപ്പുരയുണ്ടല്ലോ… ഇതിന് മുമ്പും അത് ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നുവെന്നാണ്
ഞാൻ മനസ്സിലാക്കിയത്…”
“അപ്പോൾ നിങ്ങൾ സൈനിക
പരിശീലനത്തിലാണല്ലേ…?”
സ്റ്റെയനർ ചെറുതായി പുഞ്ചിരിച്ചു.
“യെസ്… അങ്ങനെയും പറയാം… എന്നോടൊപ്പം കുറച്ച് പേർ മാത്രമേയുള്ളു ഇവിടെ… ബാക്കിയുള്ളവരെയെല്ലാം നോർത്ത് നോർഫോക്കിൽ അങ്ങിങ്ങായി വിന്യസിച്ചിരിക്കുകയാണ്… നാളെ ഒരു പ്രത്യേക സമയത്ത് ഒരു പ്രത്യേക സ്ഥലം കേന്ദ്രമാക്കി ഞങ്ങൾ എല്ലാവരും
ദ്രുതഗതിയിലുള്ള ചില നീക്കങ്ങൾ നടത്തും… ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ ഒരു മീറ്റിങ്ങ്
പോയിന്റിൽ എല്ലാവർക്കും എങ്ങനെ ഒത്തുകൂടാമെന്ന് പരിശീലിക്കുന്നതിന് വേണ്ടി…”
“അപ്പോൾ നിങ്ങൾ ഇന്ന്
ഉച്ച കഴിഞ്ഞും രാത്രിയും മാത്രമേ ഇവിടെ ഉണ്ടായിരിക്കുകയുള്ളൂ…?”
“എക്സാക്റ്റ്‌ലി… കഴിയുന്നതും ഒരു ശല്യമാകാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കുന്നതാണ്… എന്റെയൊപ്പം വന്നിരിക്കുന്നവർക്ക് ഇവിടെ ഗ്രാമത്തിനകത്ത് ചില പരിശീലന
പരിപാടികൾ ഞാൻ കൊടുക്കുന്നുണ്ട്… വെറുതെയിരിക്കേണ്ട എന്ന് കരുതി മാത്രം… ഗ്രാമീണർക്ക് അതൊരു ബുദ്ധിമുട്ടാവില്ല എന്ന് കരുതട്ടെ…?”
ഡെവ്‌ലിൻ നേരത്തെ പ്രവചിച്ചത്
പോലെ ആ വാക്യം കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടു. ഫാദർ വെറേക്കർ മന്ദഹസിച്ചു. “സ്റ്റഡ്‌ലി
കോൺസ്റ്റബിളിൽ ഒന്നല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇതിന് മുമ്പും പല തവണ സൈനിക അഭ്യാസങ്ങൾ നടന്നിട്ടുണ്ട് കേണൽ… തീർച്ചയായും ഞങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്ത് തരുവാൻ സന്തോഷമേയുള്ളൂ…”