ബിഗ് ബെൻ ഘടികാരത്തിന്റെ
ഗാംഭീര്യമാർന്ന മണിനാദം മൂന്ന് വട്ടം മുഴങ്ങി. ലണ്ടനിലെ റോയൽ കോർട്ട്സ് ഓഫ് ജസ്റ്റിസിൽ
നിന്നും പുറത്തിറങ്ങി ചീഫ് ഇൻസ്പെക്ടർ റോഗൻ ഫുട്ട്‌പാത്തിലൂടെ വേഗം നടന്നു. അധികമകലെയല്ലാതെ
തന്നെ പാർക്ക് ചെയ്തിരുന്ന ഹംബർ കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ ഫെർഗസ് ഗ്രാന്റ് അദ്ദേഹത്തെ
കാത്തിരിക്കുന്നുണ്ടായിരുന്നു. കനത്ത മഴയെ അവണിച്ച് പെട്ടെന്ന് തന്നെ കാറിന് സമീപമെത്തി
ആവേശത്തോടെ അദ്ദേഹം ഡോർ തുറന്നു.
“എല്ലാം വിചാരിച്ചത് പോലെ
തന്നെ നടന്നുകാണുമല്ലോ സർ…?” ഫെർഗസ് ചോദിച്ചു.
“ആ ഹാലോറന് ഒരു പത്ത്
വർഷത്തിലും കുറഞ്ഞ ശിക്ഷയാണ് ലഭിക്കുന്നതെങ്കിൽ എന്നെ കുരങ്ങന്റെ അമ്മാവാ എന്ന് വിളിച്ചോളൂ…” റോഗൻ മനോഹരമായി പുഞ്ചിരിച്ചു. “പിന്നെ ഞാൻ പറഞ്ഞ ആയുധങ്ങളൊക്കെ കിട്ടിയോ…?”
“ഇതാ, ഇതിനകത്തുണ്ട് സർ…”
ഗ്ലൌ കമ്പാർട്ട്മെന്റ്
തുറന്ന് റോഗൻ ആ ബ്രൌണിങ്ങ് ഹൈ പവർ ഓട്ടോമാറ്റിക്ക് ഗൺ പുറത്തെടുത്തു. ഇത്തരം തോക്ക്
കൈയിൽ ഇരിക്കുന്നത് തന്നെ ആത്മവിശ്വാസം പകരുന്നു… മൊത്തത്തിൽ
ഒന്ന് പരിശോധിച്ചതിന് ശേഷം അദ്ദേഹം അത് തന്റെ കോട്ടിന്റെ ഉൾപ്പോക്കറ്റിലേക്ക് നിക്ഷേപിച്ചു.
“ഓൾ റൈറ്റ് ഫെർഗസ്… ഇനി നമ്മുടെ സ്നേഹിതൻ ഡെവ്‌ലിന്റെയടുത്തേക്ക്…”
* * * * * * * * * * * * * * * * * * * * * * *
* * *
ആ സമയം അങ്ങ് നോർഫോക്കിൽ
പാടത്തെ ഒറ്റയടിപ്പാതയിലൂടെ തന്റെ കുതിരപ്പുറത്ത് സെന്റ് മേരീസ് ദേവാലയത്തിലേക്ക് നീങ്ങുകയായിരുന്നു
മോളി പ്രിയോർ. ചെറിയ മഴച്ചാറൽ ഉള്ളതിനാൽ അവൾ തന്റെ പഴയ ട്രെഞ്ച് കോട്ട് ധരിച്ചിരുന്നു.
തലയിൽ ഒരു സ്കാർഫ് ചുറ്റിയിരിക്കുന്നു.
വൈദികമന്ദിരത്തിന്റെ പിന്നിലെ
മരങ്ങളിലൊന്നിൽ കുതിരയെ കെട്ടിയിട്ട് അവൾ സെമിത്തേരിയുടെ കവാടം കടന്ന് പോർച്ചിനെ ലക്ഷ്യമാക്കി
നീങ്ങി. കാർ പോർച്ചിന് അരികിലെത്തിയപ്പോഴാണ് ദൂരെ നിന്നും ഉയരുന്ന മിലിട്ടറി കമാന്റുകൾ
അവൾ ശ്രദ്ധിച്ചത്. അവിടെ നിന്ന് അവൾ താഴ്വാരത്തിലേക്ക് കണ്ണ് ഓടിച്ചു. അരുവിയുടെ കരയിലുള്ള
പഴയ വാട്ടർ മില്ലിനരികിലേക്ക് ഒരു ഏറ്റുമുട്ടലിലെന്ന പോലെ പരസ്പരം പൊരുതിക്കൊണ്ട് നീങ്ങുന്ന
പാരാട്രൂപ്പ് സംഘത്തെയാണ് അവൾക്ക് കാണാൻ കഴിഞ്ഞത്. പച്ച പുതച്ച കുന്നിൻ ചെരുവിലൂടെ
നീങ്ങിക്കൊണ്ടിരിക്കുന്ന അവരുടെ ചുവന്ന തൊപ്പികൾ വളരെ വ്യക്തമായി കാണാമായിരുന്നു. അരുവിയുടെ
കുറുകെ കെട്ടിയിട്ടുള്ള തടയണയുടെ അല്പമകലെ മുകളിലായി നിർമ്മിച്ചിരിക്കുന്ന ചെറിയ നടപ്പാലത്തിൽ
നിന്നുകൊണ്ട് അവരുടെ സൈനിക പരിശീലനം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ഫാദർ വെറേക്കറെയും ജോർജ്ജ്
വൈൽഡിന്റെ മകൻ ഗ്രഹാമിനെയും സൂസൻ ടെർണർ എന്ന കൊച്ചുപെൺകുട്ടിയെയും അവൾ കണ്ടു. അടുത്ത
നിമിഷം ഉയർന്ന കമാന്റ് കേട്ടതും ആ സൈനികർ ഒന്നടങ്കം നിലത്ത് കമിഴ്ന്ന് കിടന്നു.
അവൾ ദേവാലയത്തിനുള്ളിലേക്ക്
കടന്നു. അൾത്താരയിൽ മുട്ടുകുത്തി നിന്നുകൊണ്ട് പിച്ചള കൈവരികൾ പോളിഷ് ചെയ്യുകയയിരുന്നു
പമേല വെറേക്കർ.
“ഹലോ മോളി… എന്നെ സഹായിക്കാനാണോ…?” അവൾ
ചോദിച്ചു.
“സത്യത്തിൽ ഈ ആഴ്ച്ച എന്റെ
അമ്മയുടെ ഊഴമാണ്… ജലദോഷവും പനിയും പിടിപെട്ടത് കൊണ്ട് വിശ്രമം എടുക്കുകയാണ്…” മോളി പറഞ്ഞു.
പാരാട്രൂപ്പേഴ്സിന്റെ
ഉച്ചത്തിലുള്ള കമാന്റുകളുടെ അലയടികൾ ദൂരെ വീണ്ടും പ്രതിധ്വനിച്ചു.
“അവർ ഇപ്പോഴും അവിടെത്തന്നെയുണ്ടോ…?” പമേല അത്ഭുതം കൊണ്ടു. “അങ്ങകലെ നഗരങ്ങളിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്ന
ഈ സമയത്ത് ഇവിടെ ഇങ്ങനെ വിഡ്ഢിവേഷം കെട്ടുന്നതെന്തിനാണെന്നാണ് എനിക്ക് മനസ്സിലാകാത്തത്… അത് കാണാൻ എന്റെ സഹോദരനും കൂടിയിട്ടുണ്ടോ അവിടെ…?”
“വരുന്ന വഴിയ്ക്ക് അദ്ദേഹത്തെ
ഞാൻ അവിടെ കണ്ടിരുന്നു …”
പമേലയുടെ മുഖത്തെ വിഷാദം
നിഴലടിച്ചു. “എനിക്ക് മനസ്സിലാകാത്തതും അതാണ്… സൈന്യത്തിൽ
നിന്നും വിരമിച്ചതിൽ ജ്യേഷ്ഠൻ പശ്ചാത്തപിക്കുന്നുണ്ടോ ആവോ…! മനസ്സിലാക്കാൻ സാധിക്കാത്ത ജന്മങ്ങൾ തന്നെ ഈ പുരുഷന്മാർ…” അവൾ തലയാട്ടി.
* * * * * * * * * * * * * * * * * * * * * * *
* * *
അങ്ങിങ്ങായി കാണപ്പെടുന്ന
പുകക്കുഴലുകളിൽ നിന്നും ബഹിർഗ്ഗമിക്കുന്ന പുക മാത്രമായിരുന്നു ആ ഗ്രാമത്തിൽ ആൾത്താമസമുണ്ടെന്നുള്ളതിന്റെ
ഏക ദൃഷ്ടാന്തം. പ്രവൃത്തിദിനമായതിനാൽ തദ്ദേശവാസികളിൽ അധികവും ഗ്രാമത്തിന് പുറത്തായിരുന്നു.
റിട്ടർ ന്യുമാൻ ആ പാരാട്രൂപ്പ് സംഘത്തെ അഞ്ച് പേരടങ്ങുന്ന മൂന്ന് ഗ്രൂപ്പുകളായി വിഭജിച്ചു.
അത്യാവശ്യ ഘട്ടത്തിൽ ഗ്രൂപ്പുകൾ തമ്മിൽ പരസ്പരം ബന്ധപ്പെടുവാനായി ഫീൽഡ് ടെലിഫോൺ സൌകര്യവും
ഒരുക്കി. അദ്ദേഹത്തിന്റെയും ഹാർവി പ്രെസ്റ്റൺന്റെയും ഗ്രൂപ്പുകളെ ഗ്രാമത്തിലെ കോട്ടേജുകൾക്കിടയിലായിരുന്നു
വിന്യസിച്ചിരുന്നത്. പ്രെസ്റ്റണാകട്ടെ തനിക്ക് ലഭിച്ച അവസരം ശരിക്കും ആസ്വദിക്കുകയായിരുന്നു.
ഒരു കൈയിൽ റിവോൾവറുമായി സ്റ്റഡ്ലി ആംസിനരികിലെ മതിൽ കയറി ഇരുന്ന് തന്റെ ഗ്രുപ്പിന്
മുന്നോട്ട് നീങ്ങുവാൻ ആംഗ്യ ആജ്ഞകൾ നൽകുകയാണ് അയാൾ. തന്റെ കോമ്പൌണ്ട് മതിലിന് മുകളിലൂടെ
അവരുടെ പ്രകടനങ്ങൾ കൌതുകത്തോടെ വീക്ഷിച്ചുകൊണ്ട് നിൽക്കുകയാണ് ജോർജ്ജ് വൈൽഡ്. ഏപ്രണിൽ
കൈ തുടച്ചുകൊണ്ട് അയാളുടെ ഭാര്യ ബെറ്റി വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്നു.
“തിരികെ മിലിട്ടറിയിൽ
പോകണമെന്ന് തോന്നുന്നുണ്ടോ…?” അവൾ ചോദിച്ചു.
“”ആലോചിക്കാതിരുന്നില്ല…” ജോർജ്ജ് വൈൽഡ് തോൾ വെട്ടിച്ചു.
“ഹൊ… ! ഈ പുരുഷമാരുടെ കാര്യം… മനസ്സിലാക്കാൻ ബുദ്ധിമുട്ട് തന്നെ…” നിരാശയോടെ അവൾ പറഞ്ഞു.
അരുവിയുടെ സമീപം പുൽമേട്ടിലേക്ക്
പോയ മൂന്നാമത്തെ സംഘത്തിൽ ഉണ്ടായിരുന്നത് ബ്രാൺഡ്റ്റ്, സർജന്റ് സ്റ്റേം, കോർപ്പറൽ
ബെക്കർ, ജൻസൻ, ഹേഗൽ എന്നിവരായിരുന്നു. പഴയ വാട്ടർ മില്ലിന്റെ എതിർവശത്തായിട്ടായിരുന്നു
അവർ വിന്യസിച്ചിരുന്നത്. ഏതാണ്ട് മുപ്പതോ അതിലധികമോ വർഷങ്ങളായി പ്രവർത്തനരഹിതമാണ് ആ
ജലധാരാ യന്ത്രം. മേൽക്കൂരയിലെ ലോഹഷീറ്റുകളിൽ പലതും അപ്രത്യക്ഷമാകുകയോ ദ്വാരം വീഴുകയോ
ചെയ്തതായിരുന്നു.
ജലധാരായന്ത്രത്തിന്റെ
ചക്രം സാധാരണയായി നിശ്ചലാവസ്ഥയിലാണ് കാണാപ്പെടാറുള്ളത്. പക്ഷേ, കഴിഞ്ഞ കുറേ ദിവസങ്ങളായുള്ള
കനത്ത മഴയെത്തുടർന്ന് ഒഴുകിയെത്തിയ വെള്ളം തുരുമ്പ് പിടിച്ചിരുന്ന ലോക്കിങ്ങ് ബാർ തകർത്തുകളഞ്ഞു.
അസഹനീയമായ മുരൾച്ചയോടെ കറങ്ങുവാൻ തുടങ്ങിയിരിക്കുകയാണ് ആ ജലചക്രം ഇപ്പോൾ. അതിൽ തട്ടി
ചിതറി താഴെയെത്തുന്ന ജലപാതം നുരയും പതയും നിറഞ്ഞ് യാത്ര തുടരുന്നു.
ജലചക്രത്തിന്റെ ചലനം ജീപ്പിലിരുന്ന്
ആകാംക്ഷയോടെ വീക്ഷിച്ചു കൊണ്ടിരുന്ന സ്റ്റെയ്നർ, ബ്രാൺഡ്റ്റിന്റെ നേതൃത്വത്തിലുള്ള
ഗ്രൂപ്പിന്റെ പരിശീലന പരിപാടി വിലയിരുത്തുവാനായി തിരിഞ്ഞു. പ്രോൺ ഫയറിങ്ങ് ടെക്നിക്ക്
പരിശീലിച്ചുകൊണ്ടിരിക്കുന്ന ജൻസന് ചില നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ് ബ്രാൺഡ്റ്റ്.
അരുവിയുടെ കുറുകെയുള്ള നടപ്പാലത്തിൽ നിന്ന് ഫാദർ വെറേക്കറോടൊപ്പം കൌതുകപൂർവ്വം അവരുടെ
പരിശീലനം വീക്ഷിക്കുകയാണ് ജോർജ്ജ് വൈൽഡിന്റെ മകൻ ഗ്രഹാമും മറ്റൊരു ബാലികയും. പതിനൊന്ന്
വയസ്സുകാരനായ ഗ്രഹാമിന് തന്റെ ആവേശം അടക്കാനായില്ല.
“അവർ എന്താണ് ചെയ്യുന്നത്
ഫാദർ…?” അവൻ ചോദിച്ചു.
“ഗ്രഹാം… അതെന്താണെന്ന് വച്ചാൽ… ഉന്നം പിടിക്കുമ്പോൾ കൈമുട്ടുകൾ ശരിയായ വിധത്തിൽ
പിടിക്കുവാൻ പഠിപ്പിക്കുകയാണ് അദ്ദേഹം…
അല്ലെങ്കിൽ ഒരിക്കലും കൃത്യമായ ഉന്നം
ലഭിക്കുകയില്ല… അതാ… അത് കണ്ടോ…? ഒരു
പുലിയെപ്പോലെ പതുങ്ങി നീങ്ങിക്കൊണ്ട് എങ്ങനെ ഫയറിങ്ങ് നടത്താം എന്നാണ് ഇപ്പോൾ കാണിച്ചു
കൊടുത്തുകൊണ്ടിരിക്കുന്നത്…” വെറേക്കർ വിശദീകരിച്ചു.
എന്നാൽ അഞ്ച് വയസ്സുകാരിയായ
സൂസൻ ടെർണർക്ക് സ്വാഭാവികമായും അതിലൊന്നും യാതൊരു താല്പര്യവും തോന്നിയില്ല. കഴിഞ്ഞ
ദിവസം മുത്തച്ഛൻ സമ്മാനിച്ച മരപ്പാവയിലായിരുന്നു അവളുടെ ശ്രദ്ധയത്രയും. സ്വർണ്ണമുടിയുള്ള
ഒരു കൊച്ചു സുന്ദരി. ബർമ്മിങ്ങ്ഹാം സ്വദേശിയായ അവൾ മുത്തച്ഛൻ റ്റെഡ്ഡിനോടും മുത്തശ്ശി
ആഗ്നസ് ടെർണറോടുമൊപ്പം കഴിഞ്ഞ ഒരു വർഷമായി ഗ്രാമത്തിൽ താമസിച്ചുവരികയാണ്. ഗ്രാമത്തിലെ
പലചരക്ക് കടയോടൊപ്പം പോസ്റ്റ് ഓഫീസിന്റെയും ടെലിഫോൺ എക്സ്ചേഞ്ചിന്റെയും നടത്തിപ്പും
റ്റെഡ്ഡും ആഗ്നസും കൂടിയാണ് നിർവ്വഹിച്ചു വരുന്നത്.
തന്റെ മരപ്പാവയുമായി അവൾ
പാലത്തിന്റെ മറുഭാഗത്തേക്ക് പതുക്കെ നടന്നു. പിന്നെ കൈവരിയുടെ അടിയിലേക്ക് കുനിഞ്ഞിറങ്ങി
പാലത്തിന്റെ അറ്റത്ത് താഴേക്ക് കാലും നീട്ടി ഇരുന്നു. നുരയും പതയും നിറഞ്ഞ വെള്ളം പാലത്തിന്
ഒന്നോ രണ്ടോ അടി താഴെ അവളുടെ കാൽപ്പാദങ്ങളെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒഴുകുന്നുണ്ടായിരുന്നു.
പാവയുടെ ഒരു കൈയിൽ തൂക്കിപ്പിടിച്ച് അവൾ അതിനെ താഴെ ഒഴുകുന്ന വെള്ളത്തിൽ മുട്ടിക്കാൻ
ഒരു ശ്രമം നടത്തി. പാവയുടെ കാലിൽ വെള്ളം തട്ടിത്തെറിക്കുന്ന
കാഴ്ച്ച അവളെ രസിപ്പിക്കുക തന്നെ ചെയ്തു. ഒരു കൈയാൽ മുകളിൽ പാലത്തിന്റെ കൈവരിയിൽ മുറുകെപ്പിടിച്ച്
അവൾ ഒന്നുകൂടി മുന്നോട്ടാഞ്ഞ് പാവയുടെ കാലുകൾ വെള്ളത്തിലേക്ക് നന്നായി മുക്കി. പെട്ടെന്നാണത്
സംഭവിച്ചത്… പഴകി ദ്രവിച്ചിരുന്ന കൈവരി അടർന്ന് ഒരു നിലവിളിയോടെ
അവൾ തലകുത്തി താഴെ വെള്ളത്തിലേക്ക് പതിച്ചു.