അടുത്ത നിമിഷം ആ പെൺകുട്ടി സാവധാനം നീങ്ങിക്കൊണ്ടിരുന്ന വാഗണുകളിലൊന്നിൽ ചാടിപ്പിടിച്ചു. അല്പം ബുദ്ധിമുട്ടിയാണെങ്കിലും അവൾ അതിനുള്ളിലേക്ക് കയറി. ചൂളം വിളിച്ച് കൊണ്ട് ആ ഗുഡ്സ് ട്രെയിൻ സ്റ്റേഷൻ വിട്ട് അകലുന്നത് നോക്കി എല്ലാവരും നിശബ്ദരായി നിന്നു.
മേജർ ഫ്രാങ്ക് തന്നെയായിരുന്നു മൌനം ഭഞ്ജിച്ചത്.
“അടുത്ത സ്റ്റേഷനിൽ വച്ച് തന്നെ അവളെ ഞങ്ങൾ പൊക്കിയിരിക്കും… അക്കാര്യത്തിൽ യാതൊരു സംശയവും വേണ്ട…”
അയാളെ തള്ളി മാറ്റിയിട്ട് സ്റ്റെയ്നർ തന്റെ പിസ്റ്റൾ പോക്കറ്റിലേക്ക് തിരുകി. അതോടെ മിലിട്ടറി പോലീസുകാരൻ അദ്ദേഹത്തിനടുത്തേക്ക് ചാടി വീണു.
“അദ്ദേഹത്തെ തൊട്ടുപോകരുത്…” റിട്ടർ ന്യുമാൻ അലറി.
തിരിഞ്ഞ് നോക്കിയ സ്റ്റെയ്നർ കണ്ടത് പോലീസുകാരന് നേർക്ക് ഉന്നം പിടിച്ച MP-40 മെഷീൻ ഗണ്ണുമായി നിൽക്കുന്ന ന്യുമാനെയാണ്. ഒപ്പം സായുധരായ തന്റെ സഹപ്രവർത്തകരെയും.
എന്തും തന്നെ സംഭവിക്കാവുന്ന നിമിഷങ്ങൾ… പെട്ടെന്നാണ് മെയിൻ ഗെയ്റ്റിലേക്ക് എല്ലാവരുടെയും ശ്രദ്ധ തിരിഞ്ഞത്. സുരക്ഷാസേനയുടെ ഒരു സായുധ സംഘം പുറത്ത് നിന്നും പ്ലാറ്റ്ഫോമിലേക്ക് ഇരച്ച് കയറി. അവർ തീർത്ത സുരക്ഷാവലയത്തിലൂടെ മേജർ ജനറൽ ഓഫ് പോലീസ് ബ്രിഗേഡ്‌ഫ്യൂറർ ജർഗൻ സ്ട്രൂപ് പ്ലാറ്റ്ഫോമിൽ പ്രവേശിച്ചു. ഉന്നത റാങ്കിലുള്ള മൂന്നോ നാലോ ഓഫീസർമാരും പിസ്റ്റളുകളുമായി അദ്ദേഹത്തെ അകമ്പടി സേവിച്ചിരുന്നു. ഫീൽഡ് ക്യാപ്പും സർവീസ് യൂണിഫോമും ധരിച്ച അദ്ദേഹം അക്ഷോഭ്യനായി കാണപ്പെട്ടു.
“എന്താണിവിടെ നടക്കുന്നത് ഫ്രാങ്ക്…?” അദ്ദേഹം ആരാഞ്ഞു.
“ഇദ്ദേഹത്തോട് ചോദിക്കൂ, ഹെർ ബ്രിഗേഡ്‌ഫ്യൂറർ…” അടക്കാനാവാത്ത രോഷത്തോടെ ഫ്രാങ്ക് പറഞ്ഞു. “ഇയാൾ… ജർമ്മൻ ആർമിയിലെ ഓഫീസർ… അല്പം മുമ്പ്… ഒരു ജൂത തീവ്രവാദിയെ രക്ഷപെടാൻ അനുവദിച്ചിരിക്കുന്നു !...”
സ്ട്രൂപ്, സ്റ്റെയ്നറെ ഒറ്റ നോട്ടത്തിൽ അവലോകനം ചെയ്തു. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ബാഡ്ജുകൾ… Knight’s Cross ഉം Oak Leaves ഉം ശ്രദ്ധയിൽ പെട്ടതോടെ ഇയാൾ നിസ്സാരനല്ല എന്ന് അദ്ദേഹത്തിന് മനസ്സിലായി.
“ആരാണ് നിങ്ങൾ…?” അദ്ദേഹം ആരാഞ്ഞു.
“കുർട്ട് സ്റ്റെയ്നർ… പാരച്യൂട്ട് റെജിമെന്റ്…” സ്റ്റെയ്നർ പറഞ്ഞു. “നിങ്ങളാരാണെന്ന് പറഞ്ഞില്ല…?”
സമചിത്തത കൈവെടിയാതിരിക്കാൻ ജർഗൻ സ്ട്രൂപ് ശ്രമിച്ചു. എന്നിട്ട് ശാന്ത സ്വരത്തിൽ പറഞ്ഞു. “എന്നോട് ഇത്തരത്തിൽ സംസാരിക്കാൻ പാടില്ല ഹെർ ഓബർസ്റ്റ്… ഞാൻ മേജർ ജനറലാണ്… അക്കാര്യം നിങ്ങൾക്കറിയാവുന്നതല്ലേ…?”
“എന്റെ പിതാവും ഒരു മേജർ ജനറലാണ്…” സ്റ്റെയ്നർ പറഞ്ഞു. “അതുകൊണ്ട് അക്കാര്യത്തിൽ പ്രത്യേകിച്ചൊരു പുതുമയും എനിക്ക് തോന്നുന്നില്ല… എന്തായാലും പറഞ്ഞ സ്ഥിതിക്ക് ഒരു കാര്യം ചോദിച്ചോട്ടെ… താങ്കളാണോ ബ്രിഗേഡ്‌ഫ്യൂറർ സ്ട്രൂപ്…? അവിടെ നടക്കുന്ന കൂട്ടക്കൊലയ്ക്ക് നേതൃത്വം നൽകുന്നയാൾ…?”
“അതെ… ഇവിടുത്തെ ഓപ്പറേഷന്റെ നേതൃത്വം എനിക്കാണ്…”
സ്റ്റെയ്നർ മൂക്ക് ചുളിച്ചു. “എനിക്ക് തോന്നി… താങ്കളെ കാണുമ്പോൾ എന്താണെനിക്ക് ഓർമ്മ വരുന്നതെന്ന് അറിയുമോ…?”
“ഇല്ല, ഹെർ ഓബർസ്റ്റ്… പറയൂ…” സ്ട്രൂപ് പറഞ്ഞു.
“അറിയാതെ അഴുക്ക് ചാലിൽ ചവിട്ടുമ്പോൾ ഷൂവിൽ പറ്റിപ്പിടിക്കുന്ന വസ്തുവില്ലേ… അസഹ്യമായ ദുർഗന്ധമുള്ള ആ വസ്തു… അത് തന്നെ…”
ജർഗൻ സ്ട്രൂപ് അക്ഷോഭ്യനായിത്തന്നെ നിന്നിട്ട് കൈകൾ നീട്ടി. ഒരു നെടുവീർപ്പിട്ട്, സ്റ്റെയ്നർ തന്റെ ല്യൂഗർ പിസ്റ്റൾ പോക്കറ്റിൽ നിന്നെടുത്ത് അദ്ദേഹത്തിന് കൈമാറി. എന്നിട്ട് തന്റെ സഹപ്രവർത്തകരോടായി ഇപ്രകാരം പറഞ്ഞു.
“ദാറ്റ്സ് ഇറ്റ് ബോയ്സ്… നൌ സ്റ്റാൻഡ് അറ്റ് ഈസ്…”
വീണ്ടും സ്ട്രൂപ്പിന് നേർക്ക് തിരിഞ്ഞ് അദ്ദേഹം പറഞ്ഞു. “എന്തോ, എനിക്ക് ഇത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല… ഇവർക്ക് ഞാനെന്ന് വച്ചാൽ ജീവനാണ്… അതുകൊണ്ടാണ് ഏത് കാര്യത്തിനും ഒന്നും നോക്കാതെ ഇവർ എനിക്കൊപ്പം നിൽക്കുന്നത്… ഇക്കാര്യത്തിൽ തെറ്റ് എന്റേത് മാത്രമാണ്… ഇതിൽ നിന്ന് ഇവരെ ഒഴിവാക്കിക്കൂടേ…?”
“അക്കാര്യത്തെക്കുറിച്ച് ആലോചിക്കുകയേ വേണ്ട…” ജർഗൻ സ്ട്രൂപ് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറഞ്ഞു.
“ഞാൻ പ്രതീക്ഷിച്ചതും ഇത് തന്നെയായിരുന്നു… ഞാൻ അഭിമാനിക്കുന്നു… തന്തയില്ലായ്മ കാണിക്കുമ്പോൾ അയാളെ തന്തയില്ലാത്തവനേ എന്ന് വിളിക്കാനുള്ള എന്റെ ധൈര്യത്തെയോർത്ത്…” സ്റ്റെയ്നർ പറഞ്ഞു.
(തുടരും)