Thursday, June 6, 2013

ഈഗിൾ ഹാസ് ലാന്റഡ് – 85



നേരം പുലർന്നതും ഡെവ്‌ലിൻ തന്റെ മോട്ടോർ സൈക്കിളിൽ ജോവന്നയുടെ കോട്ടേജിലേക്ക് തിരിച്ചു. ഇടമുറിയാതെ പെയ്തുകൊണ്ടിരിക്കുന്ന മഴ. തോരാനുള്ള ലക്ഷണമൊന്നും കാണുന്നില്ല.

ഗ്യാരേജിനരികിൽ ബൈക്ക് പാർക്ക് ചെയ്തിട്ട് ഡെവ്‌ലിൻ പിൻ‌‌ഭാഗത്തെ വാതിലിന് നേർക്ക് നടന്നു.  ഒട്ടും വൈകാതെ തന്നെ കതക് തുറന്ന് ജോവന്ന അദ്ദേഹത്തെ അകത്തേക്ക് പിടിച്ച് കയറ്റി. അപ്പോഴും നിശാവസ്ത്രത്തിലായിരുന്ന അവരുടെ മുഖം അങ്ങേയറ്റം ആകാക്ഷാഭരിതമായിരുന്നു.

“താങ്ക് ഗോഡ്, ലിയാം” ഇരുകൈകളാൽ ഡെവ്‌ലിന്റെ മുഖം കൂട്ടിപ്പിടിച്ച് അവർ ഉലച്ചു. “ഇന്നലെ രാത്രി ഒരു പോള കണ്ണടിച്ചിട്ടില്ല ഞാൻ അറിയുമോ? അഞ്ചുമണിക്കേ എഴുന്നേറ്റിരുന്ന് വിസ്കിയും ചായയും മാറി മാറി അകത്താക്കിക്കൊണ്ടിരിക്കുകയാണ് രാവിലെ തന്നെ കഴിക്കാൻ പറ്റിയ സാധനങ്ങൾ എന്നായിരിക്കും ചിന്തിക്കുന്നത് അല്ലേ? തെമ്മാടിനിങ്ങളെ കണ്ടപ്പോൾ എന്ത് ആശ്വാസമായെന്നറിയുമോ?” അവർ അദ്ദേഹത്തിന്റെ നിറുകയിൽ വാത്സല്യത്തോടെ ചുംബിച്ചു.

വളർത്തുനായ പാച്ച് അക്ഷമയോടെ പിൻ‌കാലുകൾ കൊണ്ട് തറയിൽ മാന്തി. ജോവന്ന സ്റ്റവിൽ വച്ചിരുന്ന പാത്രത്തിൽ ഇളക്കിക്കൊണ്ട് നിൽക്കവേ ഡെവ്‌ലിൻ നെരിപ്പോടിന് മുന്നിൽ ചെന്ന് തീ കായുവാൻ തുടങ്ങി.

“എങ്ങനെയുണ്ടായിരുന്നു ഇന്നലെ?” അവർ ചോദിച്ചു.

“കുഴപ്പമില്ലായിരുന്നു

വാക്കുകളിൽ മിതത്വം പാലിക്കുവാൻ ഡെവ്‌ലിൻ പ്രത്യേകം ശ്രദ്ധിച്ചു. നടന്ന കാര്യങ്ങൾ മുഴുവനും അറിയാനിടയായാൽ ഒരു പക്ഷേ അവരുടെ അപ്രീതിയ്ക്ക് പാത്രമാകേണ്ടി വരുമെന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു.

“അപകടപ്പെടുത്തുവാനുള്ള ശ്രമങ്ങളൊന്നും അവർ നടത്തിയില്ലെന്നാണോ പറയുന്നത്?” അത്രയ്ക്കങ്ങ് വിശ്വാസം വരാത്ത മട്ടിൽ അവർ ചോദിച്ചു.

“ചെറുതായി ഒന്ന് കളിക്കാൻ നോക്കി പക്ഷേ, മുളയിലേ ഞാനത് നുള്ളി

“വെടിവെപ്പ് വല്ലതുമുണ്ടായോ?”

“ഹേയ് അതിന്റെയൊന്നും ആവശ്യം വന്നില്ല ഞാൻ എന്റെ കൈയിലെ മോസറിലേക്ക് ഒന്ന് നോക്കിയപ്പോഴേക്കും അവർ നല്ല കുട്ടികളായി ഈ ബ്രിട്ടീഷ് ക്രിമിനലുകൾക്കൊന്നും തോക്കുകൾ കൊണ്ടുള്ള കളി അത്ര പരിചയമില്ലെന്ന് തോന്നുന്നു കത്തിയും മറ്റുമാണ് അവർക്ക് കൂടുതൽ താല്പര്യം” ഡെവ്‌ലിൻ പറഞ്ഞു.

“മൈ ഗോഡ് ഈ ഇംഗ്ലീഷുകാരുടെ കാര്യമോർത്താൽ പലപ്പോഴും സഹതാപം തോന്നും” ചായപ്പാത്രവും ഗ്ലാസുകളും ട്രേയിൽ എടുത്ത് വച്ച് ജോവന്ന മേശയുടെ നേർക്ക് നടന്നു.

“വിസ്കി എവിടെയാണ് വച്ചിരിക്കുന്നത്? നേരം വെളുത്തതേയുള്ളൂ എന്നൊന്നും നോക്കുന്നില്ല എനിക്ക് അല്പം കിട്ടിയേ തീരൂ” ഡെവ്‌ലിൻ പറഞ്ഞു.

ചുവരലമാരയിൽ നിന്ന് ബോട്ട്‌ലും ഗ്ലാസുകളുമെടുത്ത് അവർ തിരിഞ്ഞു. “ഞാനും കൂടുന്നു നിങ്ങളുടെയൊപ്പം ഇത്ര രാവിലെ തന്നെ പാടില്ലാത്തതാണ് എങ്കിലുംഎന്തെങ്കിലുമാവട്ടെ അപ്പോൾ, പറയൂ എന്താണിനി അടുത്ത നീക്കം?”

“ജീപ്പിന് അൽപ്പം പണി ബാക്കിയുണ്ട് എനിക്ക് തന്നെ തീർക്കാവുന്നതേയുള്ളൂ സർ ഹെൻ‌ട്രിയെ  അവസാന നിമിഷം വരെ ആ ഭാഗത്തേക്ക് വിടാതിരിക്കുകയെന്നതാണ് നിങ്ങൾ ശ്രദ്ധിക്കേണ്ട കാര്യം അതൊഴിച്ചാൽ വേറൊന്നുമില്ല വരുന്ന ആറ് ദിവസത്തേക്ക് പ്രത്യേകിച്ചൊരു പണിയുമില്ല

“എന്തോ എനിക്കറിയില്ല സ്വയം ഭാഗ്യം ആശംസിക്കാൻ മാത്രമേ കഴിയൂ തൽക്കാലം നമുക്ക് ഗോഡ് ബ്ലെസ് യൂ ലിയാം ദീർഘായുസ്സായിരിക്കട്ടെ” അവർ ഗ്ലാസ് ഉയർത്തി.

“നിങ്ങൾക്കും

ഒരു നിമിഷം ഡെവ്‌ലിന്റെ മനസ്സ് അസ്വസ്ഥമായി. എവിടെയോ ഒരു പാകപ്പിഴ അദ്ദേഹം മണത്തു. ഈ ദൌത്യം അപ്പാടെ പരാജയപ്പെടുവാൻ പോകുന്നുവോ എന്നൊരു സന്ദേഹം.

                 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

വാരാന്ത്യത്തിലെ ഒന്നര ദിവസത്തെ ഓഫ് പ്രമാണിച്ച് എത്തുന്ന തന്റെ സഹോദരി പമീല വെറേക്കറെ കൊണ്ടുവരുവാൻ വേണ്ടി ഫാദർ വെറേക്കർ രാവിലെ ഏഴുമണിക്ക് തന്നെ പാംഗ്ബോണിൽ എത്തി.

ബോംബർ സ്റ്റേഷനിലെ മടുപ്പിക്കുന്ന ദൈനംദിന ജോലിക്കിടയിൽ ലഭിക്കുന്ന വാരാന്ത്യ അവധി ആസ്വദിക്കുക എന്നതാണ് അവളുടെ ഏക ലക്ഷ്യം. ദേവാലയത്തിനരികിലെ വസതിയിലെത്തിയതും യൂണിഫോം പോലും അഴിച്ച് മാറ്റാതെ അവൾ തന്റെ  റൈഡിങ്ങ് ബൂട്ട്സും സ്വെറ്ററും എടുത്തണിഞ്ഞു.

ഭക്ഷണത്തിന് ശേഷം ഏകദേശം ആറ് മൈൽ ദൂരെയുള്ള മെൽറ്റ്‌ഹാം ഫാമിലേക്ക് അവൾ സൈക്കിളിൽ യാത്രയായി. ഫാദർ വെറേക്കറുടെ ഇടവകയിലെ ഒരു ആശ്രിതന്റെ വീട്ടിലെ കുതിരയാണ് അവളുടെ ലക്ഷ്യം.

                 * * * * * * * * * * * * * * * * * * * * * * * * * * * * * * * * * * *

ഫാമിന് പിറകിലെ മണൽക്കുന്നുകൾ താണ്ടിയതും പമീല കടിഞ്ഞാൺ ഇളക്കി കുതിരയെ പ്രോത്സാഹിപ്പിച്ചു. കുറ്റിക്കാടുകൾക്കിടയിലൂടെ അവൻ മുന്നോട്ട് കുതിച്ച് ചെറുമരങ്ങൾ നിറഞ്ഞ ഉയർന്ന പ്രതലത്തിലേക്ക് കയറി. മുഖത്ത് ആഞ്ഞ് പതിക്കുന്ന മഴത്തുള്ളികളോടൊപ്പമുള്ള ആ യാത്ര ശരിക്കും ആസ്വദിക്കുകയായിരുന്നു അവൾ.

മരങ്ങൾക്കിടയിലെ ഒറ്റയടിപ്പാതയിലൂടെ അവൾ കുതിരയെ കുന്നിൻ മുകളിലേക്ക് നയിച്ചു. കാറ്റിൽ കടപുഴകി ഏകദേശം മൂന്നടി ഉയരത്തിൽ കുറുകേ വീണുകിടന്നിരുന്ന മരത്തിന് മുകളിലൂടെ വിദഗ്ദ്ധമായി അപ്പുറം ചാടിക്കടന്ന കുതിര പെട്ടെന്നാണ് തൊട്ടുമുന്നിലെ പൊന്തക്കാട്ടിൽ നിന്ന് ഉയർന്നുവന്ന എന്തോ കണ്ട് വിരണ്ടലറിക്കൊണ്ട് നിന്നത്. നിയന്ത്രണം വിട്ട പമീല കുതിരപ്പുറത്ത് നിന്ന് എടുത്തെറിയപ്പെട്ടു. കുറ്റിച്ചെടികൾക്ക് മുകളിലേക്ക് വീണ അവൾ എന്താണ് സംഭവിച്ചതെന്നറിയാതെ അല്പനേരം ശ്വാസമെടുക്കുവാൻ ആയാസപ്പെട്ട് അവിടെത്തന്നെ കിടന്നു. ആരുടെയൊക്കെയോ ശബ്ദം ചുറ്റും മുഴങ്ങുന്നത് അവ്യക്തമായി അവൾ കേട്ടു.

“യൂ, സ്റ്റുപ്പിഡ് ബാസ്റ്റർഡ്, കുർക്കോവ്സ്കി  നീ എന്തിനുള്ള പുറപ്പാടായിരുന്നു…? അവളെ കൊന്നേനെയല്ലോ ഇപ്പോൾ  ആരോ വിളിച്ചു ചോദിച്ചു.

ചുറ്റും കേൾക്കുന്ന ശബ്ദം അമേരിക്കക്കാരുടേതാണെന്ന് അവൾ തിരിച്ചറിഞ്ഞു. പതുക്കെ കണ്ണുകൾ തുറന്ന് അവൾ ചുറ്റും നോക്കി. തനിക്ക് ചുറ്റും കൂടി നിൽക്കുന്ന ഒരു പറ്റം സൈനികരെയാണ് അവൾ കണ്ടത്. കോംബാറ്റ് ജാക്കറ്റും സ്റ്റീൽ ഹെൽമറ്റും ധരിച്ചിരുന്ന അവർ എല്ലാവരും സായുധരായിരുന്നു. എല്ലാവരുടെയും മുഖത്ത് കാമുഫ്ലാഷ് ക്രീം പൂശിയിരിക്കുന്നു. തന്റെയരികിൽ മുട്ടുകുത്തി അങ്കലാപ്പോടെ ഇരിക്കുന്ന നീഗ്രോ വംശജന്റെ യൂണിഫോമിൽ സർജന്റ് എന്ന് സൂചിപ്പിക്കുന്ന അടയാളം ഉണ്ടായിരുന്നു.

“ആർ യൂ ഓൾ റൈറ്റ് മിസ്സ്?” അയാൾ പരിഭ്രമത്തോടെ ചോദിച്ചു.

അമ്പരപ്പോടെ അവൾ തല കുടഞ്ഞു. അല്പം ആശ്വാസം തോന്നിയതും അവൾ ചോദിച്ചു. “ഹൂ ആർ യൂ?”

അയാൾ കൈപ്പടം ഹെൽമറ്റിൽ ചേർത്ത് വച്ച് സല്യൂട്ട് ചെയ്തു. “ഐ ആം മാസ്റ്റർ സർജന്റ് ഗാർവി ഫ്രം ട്വന്റിഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സ് മെൽറ്റ്‌ഹാമിൽ ഫീൽഡ് ട്രെയ്‌നിങ്ങിനായി എത്തിയിരിക്കുകയാണ് ഒന്ന് രണ്ട് ആഴ്ച്ച ഇവിടെത്തന്നെയുണ്ടാകും

ആ നിമിഷം ഒരു ജീപ്പ് അവിടെയെത്തി പൊടിമണ്ണിൽ സഡൻ ബ്രെയ്ക്കിട്ടു നിന്നു. അതോടിച്ചിരുന്നയാളുടെ യൂണിഫോമിൽ നിന്നും അയാളൊരു ഓഫീസർ ആണെന്നതിൽ കവിഞ്ഞ് അവൾക്ക്  കൂടുതലൊന്നും മനസ്സിലായില്ല. തന്റെ സൈനിക ജീവിതത്തിൽ ഇതുവരെ അമേരിക്കൻ മിലിട്ടറിയുമായി ഇടപഴകേണ്ട ആവശ്യം അവൾക്ക് വന്നിട്ടില്ലായിരുന്നു. ഒരു സാധാരണ തൊപ്പിയും യൂണിഫോമും ധരിച്ച അയാൾ എന്തായാലും പരിശീലനത്തിനായി വന്നതാണെന്ന് പറയാൻ പറ്റില്ല.

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ ഹിയർ?” അയാൾ തിരക്കി.

“ഈ വനിത കുതിരപ്പുറത്ത് നിന്നു വീണു, മേജർ പൊന്തക്കാട്ടിൽ മറഞ്ഞിരുന്ന കുർക്കോവ്സ്കി അപ്രതീക്ഷിതമായാണ് എഴുന്നേറ്റത്  ഗാർവി പറഞ്ഞു.

മേജറോ ഇയാളോ? ഇത്ര ചെറുപ്പത്തിൽ? അവൾ മനസ്സിൽ കരുതി.

“ഐ ആം ഓൾ റൈറ്റ് കുഴപ്പമൊന്നുമില്ല” പതുക്കെ എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞു.

“ഐ ഡോണ്ട് തിങ്ക് സോ നിങ്ങൾ ഇവിടെയടുത്താണോ താമസം, മാഡം?”  നേരെ നിൽക്കുവാൻ ശ്രമിച്ചിട്ടും വേച്ച് വേച്ച് പോകുന്ന അവളുടെ ചുമലിൽ അയാൾ താങ്ങിപ്പിടിച്ചു.

“സ്റ്റഡ്ലി കോൺസ്റ്റബിൾ അവിടുത്തെ ദേവാലയത്തിലെ വികാരിയാണ് എന്റെ സഹോദരൻ

ശ്രദ്ധയോടെ അയാൾ അവളെ തന്റെ ജീപ്പിനരികിലേക്ക് ആനയിച്ചു. “മാഡം ഒരു കാര്യം ചെയ്യൂ എന്റെയൊപ്പം വരൂ മെൽറ്റ്‌ഹാം ഹൌസിൽ ഞങ്ങളുടെ മെഡിക്കൽ ഓഫീസർ ഉണ്ട് അദ്ദേഹത്തെ കാണിച്ച് നിങ്ങൾക്ക് ക്ഷതങ്ങളൊന്നുമില്ല എന്നുറപ്പ് വരുത്തിയതിന് ശേഷം പോകാം

അയാളുടെ ചുമലിലെ ബാഡ്ജ് അപ്പോഴാണവൾ ശ്രദ്ധിച്ചത്. റെയ്ഞ്ചേഴ്സ്... എവിടെയോ വായിച്ച ഓർമ്മ അവളിലേക്കോടിയെത്തി. അതേ അമേരിക്കൻ റെയ്ഞ്ചേഴ്സ് എന്ന് പറഞ്ഞാൽ ബ്രിട്ടീഷ് കമാന്റോസിന് തുല്യമാണ്

“മെൽറ്റ്‌ഹാം ഹൌസിലേക്കോ?”

“ഐ ആം സോറി ഞാൻ പരിചയപ്പെടുത്താൻ മറന്നു പോയി ഞാൻ മേജർ ഹാരി കെയ്ൻ കേണൽ റോബർട്ട് ഇ. ഷഫ്റ്റോയുടെ കമാന്റിൻ കീഴിലുള്ള ട്വന്റിഫസ്റ്റ് സ്പെഷലിസ്റ്റ് റെയ്ഡിങ്ങ് ഫോഴ്സിൽ സേവനമനുഷ്ടിക്കുന്നു ഞങ്ങളിവിടെ ഫീൽഡ് ട്രെയ്നിങ്ങിലാണ്

“ഓ ശരിയാണ് ഞാൻ ഓർക്കുന്നു എന്റെ സഹോദരൻ പറഞ്ഞിരുന്നു ഈയിടെയായി മെൽറ്റ്‌ഹാം പ്രദേശത്ത് സൈനിക പരിശീലനത്തിനായി ധാരാളം ട്രൂപ്പുകൾ എത്തുന്നുണ്ടെന്ന്...”

അവൾ പതിയെ കണ്ണുകൾ അടച്ചു. “സോറി എനിക്ക് ചെറുതായി തല കറങ്ങുന്നു

“യൂ ജസ്റ്റ് റിലാക്സ് പെട്ടെന്ന് തന്നെ നിങ്ങളെ ഞാനവിടെ എത്തിക്കാം ഹാരി പറഞ്ഞു.

പാതി മറയുന്ന ബോധത്തിനിടയിൽ ആ വാക്കുകൾ അവ്യക്തമായി അവൾ കേട്ടു. എങ്കിലും അത് വളരെ മധുരതരമായി അവൾക്ക് തോന്നി. തനിക്ക് തന്നെ അജ്ഞാതമായ എന്തൊക്കെയോ കാരണങ്ങളാൽ ആ സ്വരത്തിലേക്ക് താൻ ആകർഷിക്കപ്പെടുന്നത് പോലെ ഒരു നിമിഷം ശ്വാസം നിലച്ചത് പോലെ അയാളുടെ മാറിലേക്ക് അവൾ കുഴഞ്ഞുവീണു.

(തുടരും)


അടുത്ത ലക്കം ഇവിടെ...